ലണ്ടൻ: യുകെയിലെ മലയാളി യുവജനത ഇസ്രേയേൽ വിരോധികളാകുന്നോ? ആശങ്കകൾ പങ്കുവെച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തു വരുന്നത്. അടുത്ത ദിവസം മറുനാടൻ മലയാളിയെ തേടി എത്തിയ കുടുംബനാഥന്റെ വാക്കുകളിലും പലവധത്തിലുള്ള ആശങ്കകളായിരുന്നു നിറഞ്ഞത്. തന്റെ പ്രയാസം പങ്കിടുന്നതിനു ഒപ്പം ഫലസ്തീൻ പ്രശ്നം സംസാരിച്ചു വീട്ടിൽ അസ്വസ്ഥത ഉണ്ടാക്കിയ മക്കൾ വീട് വിട്ടിറങ്ങിയ കാര്യം അറിയിക്കവേ അവരുടെ തലയിൽ വെളിവ് വീഴാൻ പറ്റിയ ഇംഗ്ലീഷ് ആർട്ടിക്കിൾ വല്ലതും ശ്രദ്ധയിൽ പെട്ടാൽ അയച്ചു തരണേ എന്ന അപേക്ഷയും ആ പിതാവിന്റെ പിടയ്ക്കുന്ന നെഞ്ചിൽ നിന്നും എത്തി. പിറന്നു വീഴുന്ന നാൾ മുതൽ ഉള്ളം കയ്യിൽ കൊണ്ട് നടന്ന മക്കൾ തലപ്പൊക്കം എത്തുമ്പോൾ കൈവിട്ടു പോകുന്നതോ ശകാരം കൊണ്ട് മുറിപ്പെടുത്തുന്നതോ മാത്രം ആയിരുന്നില്ല ആ പിതാവിന്റെ സങ്കടം.

മതപരമായ കാര്യങ്ങളിൽ വലിയ കാർക്കശ്യം ഒന്നും കാട്ടാതെ വളർത്തിയിട്ടും ആവശ്യത്തിന് ലിബറൽ രീതിയിൽ തന്നെ വീട്ടിൽ കാര്യങ്ങൾ സംവദിച്ചിട്ടും എങ്ങനെയാണു ഒരു പക്ഷത്തിനു വേണ്ടി വീറോടെ വാദിക്കാൻ ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് കഴിയുന്നത് എങ്ങനെ എന്നായിരുന്നു ആ പിതാവിന്റെ ന്യായമായ സംശയം. ഏതൊരു കാര്യത്തിലും രണ്ടു വശത്തും ന്യായം കാണില്ലേ എന്ന് ചിന്തിക്കാൻ ഈ ചെറുപ്പക്കാർക്ക് എങ്ങനെ കഴിയുന്നു? നമ്മൾ എന്തിനാണ് അമിതമായി ഒരു വിഭാഗത്തിന് വേണ്ടി വാശി പിടിക്കുന്നത്? അങ്ങനെ ചെയ്തൽ ബോംബുമായി ജനങ്ങളെ കൊല്ലാൻ നടക്കുന്നവരും തെരുവിൽ കലഹ ശബ്ദം ഉയർത്തി പൊതു സമൂഹത്തെ വെല്ലുവിളിക്കുന്നവരും തമ്മിൽ എന്ത് വ്യത്യാസമാണ് നമ്മുടെ ചിന്തകൾക്ക് ഉള്ളത്? ഇത്തരത്തിൽ വേദനയോടെ കാര്യങ്ങൾ പറയുമ്പോഴും ഒരായിരം സംശയങ്ങൾ ആയിരുന്നു ഈ പിതാവിന്റെ മനസ് മുഴുവൻ.

ഈ സംഭവം അറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒട്ടേറെ മലയാളി വീടുകളിൽ ടീനേജ് പ്രായം പിന്നിട്ട കുട്ടികൾ മതപരമായ കാര്യം സംസാരിക്കുമ്പോൾ വീറും വാശിയും കാട്ടുന്ന ലിബറലുകൾ ആയി മാറുകയാണ് എന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങളാണ് എത്തിയത്. സ്വന്തം മതത്തെ തള്ളിപ്പറയാൻ ഉള്ള വ്യഗ്രത കാട്ടുന്നവരും കുറവല്ല. ചുറ്റുവട്ടത്തെ ഒരു വീട്ടിൽ നടന്ന കാര്യം കേൾക്കുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്ന് കരുതുന്നവർ തിരിച്ചറിയേണ്ടത് ആ ഒറ്റപ്പെട്ട സംഭവം ദേശവ്യാപകമായി മലയാളികളെയും പിടികൂടുക ആണെന്നാണ്. ഇതേതുടർന്ന് എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നു വിവിധ മത വിഭാഗങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന വത്തിക്കാനുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സർവ്വകലാശായിലെ വിദ്യാർത്ഥി കൂടിയായ ഫാ ജിജിമോൻ പുതുവീട്ടിൽകളം നടത്തുന്ന നിരീക്ഷണവും ശ്രദ്ധേയമാണ്.

വളച്ചൊടിക്കപ്പെട്ടതും പക്ഷപാതവും നിറഞ്ഞ വിവരങ്ങളാണ് സമൂഹത്തിൽ പലപ്പോഴും എത്തുന്നത്. ഇതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ട്. മതങ്ങൾക്കും മറ്റും ഇത്തരം കാര്യങ്ങളിൽ നടത്താനാകുന്ന സ്വാധീനത്തിൽ വളരെ പരിമിതികളുമുണ്ട്. ചെറുപ്പക്കാർ ആശയപരമായി ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതൊരു വലിയ ദുരന്തമായി മാനവരാശിയെ പിടിമുറുക്കും എന്നതും സംശയം ഇല്ലാത്ത കാര്യമാണ്.

ബ്രിട്ടനിലെ യുവത്വം ഹൈജാക്ക് ചെയ്യപ്പെട്ടെന്നു ആശങ്കയുമായി കോളമിസറ്റ് ഡഗ്ലസ്

ഫാ ജിജിമോൻ സൂചിപ്പിച്ച വാക്കുകൾ ഓർമ്മപെടുത്തിയാണ് ഇന്നലെ ബ്രിട്ടനിൽ ഏറ്റവും വായനക്കാരുള്ള ഡെയിലി ടെലിഗ്രാഫ് പത്രം പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനിലെ പുതു തലമുറ ഇസ്രയേൽ ഫലസ്തീൻ തർക്കത്തിൽ ആശയപരമായി ഹൈജാക്ക് ചെയ്യപ്പെട്ടു എന്നാണ് പത്രം പറയുന്നത്. ''ബ്രിട്ടൻ ഈസ് ദി ന്യൂ കാപിറ്റൽ ഓഫ് അന്റി ഇസ്രയേൽ ഹേറ്റ് ''എന്ന ലേഖനം എഴുതിയിരിക്കുന്നത് പ്രമുഖ സാഹിത്യകാരനും ടെലിഗ്രാഫിന്റെ കോളമിസ്റ്റുമായ ഡഗ്ലസ് മുറെയാണ്. അദ്ദേഹം ഗസ്സയിൽ ഇസ്രയേൽ പട്ടാളക്കാരുടെ സഹായത്തോടെ നേരിട്ട് എത്തി കണ്ട കാഴ്ചകൾക്ക് ശേഷം എഴുതിയ ലേഖനത്തിലാണ് ബ്രിട്ടനിൽ ചെറുപ്പക്കാരുടെ മസ്തിഷ്‌കം ഹൈജാക് ചെയ്യപ്പെട്ടു എന്ന് ആശങ്കപെടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ താൻ ഗസ്സയിലും ഇസ്രയേലിലും കണ്ട കാഴ്ചകളിൽ അന്നാട്ടുകാർ തന്നോട് ഒരൊറ്റ ചോദ്യമേ ഉന്നയിച്ചുള്ളൂ, ''എന്താണ് ബ്രിട്ടനിൽ സംഭവിക്കുന്നത് എന്നായിരുന്നു ആ ചോദ്യം'. ഈ സൂചനയോടെയാണ് ഡഗ്ലസ് തന്റെ ആകുലതകൾ ലേഖനത്തിൽ തുറന്നിടുന്നത്.

എന്നാൽ ഇസ്രയേലിൽ കണ്ടവരോട് ബ്രിട്ടന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം പറയുമ്പോൾ അന്നാട്ടുകാർ ചോദിച്ചത് ലോകത്തെവിടെയും കാണാത്ത ഫലസ്തീൻ മാർച്ച് എങ്ങനെ സംഭവിക്കുന്നു എന്നാണ്, കൂടെ വരുന്ന തിരഞ്ഞെടുപ്പിലെ വോട്ടിനെ പറ്റിയും ചോദ്യമുയർന്നു. ബ്രിട്ടനിൽ നടന്ന മാർച്ച് ലോകം മുഴുവൻ കണ്ടതിനെ പറ്റിയും ഡഗ്ലസിനു ആശങ്കയുണ്ട്. കാരണം ആന്റി ഇസ്രയേൽ ഒരു കാരണം മാത്രമാണ്. ബ്രിട്ടൻ സാമൂഹ്യമായി മാറിക്കഴിഞ്ഞു എന്ന് ലോകത്തോടുള്ള പ്രഖ്യാപനമാണ് ഈ മാർച്ചുകൾ. ലണ്ടനിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം മാർച്ചുകൾ ബ്രിട്ടന്റെ തദ്ദേശീയർ മാത്രം വസിക്കുന്ന ഗ്രാമങ്ങളിൽ പോലും നാട്ടുകാരെ ഭയപ്പെടുത്താൻ എന്ന വിധം ഫലസ്തീൻ അനുകൂലികൾ എന്ന് വിളിക്കപ്പെടുന്നവർ മൈലുകൾ താണ്ടി പുലർച്ചെ ആറു മണിക്ക് പോലും ആളനക്കം ഇല്ലാത്ത റോഡുകളിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച പോലും മനസ്സിലോർത്താണ് ഡഗ്ലസ് ലേഖനത്തിന്റെ ആഴത്തിലേക്ക് കടക്കുന്നത്.

എന്തിനായിരുന്നു ലണ്ടനിലെ മാർച്ചിന് ഇത്ര തിടുക്കം?

ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് തിരിച്ചടി നല്കാൻ ഇസ്രേയൽ ആലോചിക്കും മുൻപേ ലണ്ടനിൽ പ്രകടനം നടന്നത് നിഷ്‌കളങ്കമായി കാണാമോ എന്നാണ് ഡഗ്ലസിനു ചോദിക്കാനുള്ളത്. ഹമാസ് ആക്രമണം നടന്നു മണിക്കൂറുകൾക്കകം ഇരവാദം ഉയർത്തിയാണ് ലണ്ടനിൽ ആദ്യ മാർച്ച് നടന്നത്.ലണ്ടനിലെ ജൂതരുടെ വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകൾ പോലും അടച്ചിട്ടത് ഈ സാഹചര്യത്തിലാണ് . ഭയപ്പെടുത്തുക എന്നതാണോ ഫലസ്തീൻ മാർച്ചിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഘടകം എന്ന കാര്യവും ലേഖനത്തിന്റെ ഭാഷയിൽ ഡഗ്ലസ് ഒളിച്ചു വച്ചിട്ടുണ്ട്. ഒറ്റയടിക്ക് 1400 പേരെ കൊലപ്പെടുത്തുകയും 240 പേരെ ബന്ദികളാക്കുകയും അനേകരെ മുറിവേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത വേളയിൽ തിരക്കിട്ട് ഫലസ്തീൻ അനുകൂല പ്രകടനം നടന്നത് എന്തിനു വേണ്ടി ആയിരുന്നു? ആക്രമണത്തിൽ മരിച്ചവരുടെ ശവ സംസ്‌കാരം പോലും നടത്താനാകും മുൻപേ ലണ്ടനിലെ തെരുവുകളിൽ ജൂത വിരുദ്ധ ആക്രോശം മുഴങ്ങിയത് എങ്ങനെ?

ഇപ്പോൾ പാക്കിസ്ഥാൻ ലക്ഷകണക്കിന് അഫ്ഗാൻ അഭയാർത്ഥികളെ നാട് കടത്തുന്നു. എന്തെ ആരും പാക്കിസ്ഥാന് എതിരെ പ്രതിഷേധ ജാഥ നടത്തുന്നില്ല ?സിറിയയിൽ കൊല്ലപ്പെട്ട ആയിരകകണക്കിനു മുസ്ലിങ്ങളുടെ കഥക്ക് ഒരു വ്യാഴവട്ടം പഴക്കം ആകുമ്പോൾ ആരും അതേക്കുറിച്ചു ഒരക്ഷരം മിണ്ടാത്തത് എന്തെ? കൊലയും അക്രമവും ആർക്കെതിരെ ആയാലും രണ്ടു താരത്തിലാണോ പ്രതികരണം ഉയരേണ്ടത്? ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ബ്രിട്ടനിലെ രാഷ്ട്രീയക്കാർ അലമുറയിടുന്നത് ഇസ്രേയേൽ ശ്രദ്ധിക്കുന്നുണ്ട്. യൂസഫ് ഹംസ മുതൽ ജെസ് ഫിലിപ്പിന്റെ ശബ്ദം വരെ വളരെ ആഘോഷമാക്കപ്പെടുന്നുമുണ്ട്. ഓരോ ജൂതനെയും ഗസ്സ മുനമ്പിൽ നിന്നും ഒഴിപ്പിച്ചെടുത്തു ഇത്തരം ഒരു വെടിനിർത്താലാണ് 2005 ൽ നടന്നത് എന്ന് ഇപ്പോൾ വീണ്ടും വെടിയൊച്ച അരോചകം ആയി തോന്നുന്നവർ മറന്നു പോകുന്നതെന്തേ?

ഹമാസിന്റെ ഭീകരത എന്തേ ലോകം ചർച്ച ചെയ്യാൻ മടിക്കുന്നു?

അക്കാലത്തൊക്കെ ഓരോ ഇസ്രയേലി പൗരനും ആയുധം എങ്ങനെ പ്രയോഗിക്കണം എന്ന് അറിയുന്നവരായിരുന്നു. എന്നാൽ കാലം മുന്നോട്ട് പോകവേ അവരതൊക്കെ മറക്കാൻ തുടങ്ങുന്ന കാലത്താണ് വീണ്ടും ഒക്ടോബർ ഏഴിന് വെടിയൊച്ചകളും മിസൈലുകളും ചീറിപ്പാഞ്ഞത്.ആ വെടിനിർത്തൽ ലംഘിച്ചു ഹമാസ് എന്ന ഭീകര സംഘടനാ ഒരു സംഗീത നിശയിൽ പങ്കെടുത്ത ചെറുപ്പക്കാരെ ഒന്നടങ്കവും വീടുകളിൽ കയറി കണ്ണിൽ കണ്ടവരെ മുഴുവൻ വെടിവെച്ചും തീയിട്ടും കൊന്നു കളഞ്ഞത് എന്തുകൊണ്ടാണ് ലോകം ചർച്ച ചെയ്യാൻ മടിക്കുന്നത്? ഞാൻ കണ്ട ഗസ്സയിലെയും ഇസ്രയേലി ഗ്രാമങ്ങളിലെയും കാഴ്ചകൾ വേദനിപ്പിക്കുന്നതിൽ ഉപരി ക്രൂരതയുടെ കൂടി അടയാളങ്ങളാണ് അവിടെ അവശേഷിപ്പിക്കുന്നതെന്നും ഡഗ്ലസ് തന്റെ ലേഖനത്തിൽ വരച്ചിടുന്നുണ്ട്. ഒരു ഇസ്രയേലി പൗരനും കരുതുന്നില്ല ഇത് അവസാന ആക്രമണം ആണെന്ന്. ഇരുട്ടിന്റെ മറവിൽ ഏതു നിമിഷവും ഹമാസ് ഭീകരർ തങ്ങളുടെ ചോര തേടി എത്തും എന്ന ഭയ വിഹ്വലതയാണ് അവിടെയുള്ള ജനം പങ്കിടുന്നത്.

വളരെ ശ്രദ്ധയോടെ ഗസ്സയുടെ വടക്കേ മുനമ്പിൽ നിന്നും തെക്കേ മുനമ്പിലേക്ക് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ പട്ടാളം നടത്തുന്ന ശ്രമം തെളിയിക്കുന്നത് അവർ ഹമാസിനെ വേർതിരിച്ചെടുത്തു വക വരുത്താനുള്ള ശ്രമത്തിൽ തന്നെയാണ് എന്നാണ്. ഈ ഘട്ടത്തിൽ ഒരു വെടിനിർത്തൽ എന്നത് ഒരു തരത്തിലും ഇസ്രയേൽ അംഗീകരിക്കാൻ ഇടയില്ല. അവരുടെ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ അവർ അനുവദിക്കില്ല. എത്ര വലിയ വില നൽകിയും അവർ ദൗത്യം പൂർത്തിയാക്കും എന്നാണ് മനസിലാകാനായത്. കുട്ടികൾ ഗസ്സയിലേക്ക് മോഷ്ടിക്കപ്പെട്ട കഥകളും പറഞ്ഞു വിലപിക്കുന്ന അനേകം മാതാപിതാക്കളെ കാണാനായി. അവർക്ക് അവരുടെ കുഞ്ഞുങ്ങളെ തിരികെ ലഭിക്കണ്ടേ? ബ്രിട്ടനിലെ ലേബർ എംപിമാർ എന്താണ് ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനോട് ആവശ്യപ്പെടാത്തതു? ഹമാസ് ആരുപറഞ്ഞാലും കേൾക്കില്ല എന്ന് ഉറപ്പുള്ളതിനാൽ ആകുമോ അവരോടു ആർക്കും ഒന്നും പറയാനില്ലാത്തതു? ഈ എംപിമാർ സ്വന്തം ജനിതക ശേഷി നഷ്ടമായവർ ആണെന്നും രൂക്ഷം ആയ ഭാഷയിലാണ് ഡഗ്ലസ് വിമർശിക്കുന്നത്. തെരുവിൽ എത്തുന്ന സംഘടിത ജനതയ്ക്ക് ഒരു നെത്ര്വതം ഉണ്ടെന്ന കാര്യം കൂടിയാണ് ഈ രാഷ്ട്രീയക്കാർ മനസിലാകാതെ പോകുന്നത്.

യുദ്ധം കഴിഞ്ഞു പൂർവാധികം ഐക്യവും ഒരുമയും ഉള്ള ജനതയുമായി ഇസ്രയേൽ ലോകത്തിനു മുന്നിലേക്ക് മടങ്ങി വരും. എന്നാൽ ബ്രിട്ടന്റെ അവസ്ഥയോ? തെരുവുകളിൽ കേട്ട ആക്രോശങ്ങൾ ഏതു കാലത്തേക്കാണ് ബ്രിട്ടനെ തള്ളിയിട്ടിരിക്കുന്നത്? യുദ്ധ സ്മാരകങ്ങൾ പോലും അനാദരവ് കാട്ടാൻ പ്രയോജനപ്പെടുത്തിയവർ എങ്ങോട്ടേക്കാണ് ഈ രാജ്യത്തേക്ക് എത്തിക്കുന്നത്? നഗര കേന്ദ്രങ്ങളെ ജാഥയെന്ന പേരിട്ടു വിളിച്ചു ശ്വാസം മുട്ടിച്ചവർ എന്ത് പ്രതീക്ഷയാണ് ഈ രാജ്യത്തിന് നൽകുന്നത്?

ഇത്തരത്തിൽ ആശങ്കയുടെ ഒരായിരം ചോദ്യ മുനകൾ ഉയർത്തി തന്റെ ലേഖനം ഡഗ്ളസ് മുറെ അവസാനിപ്പിക്കുമ്പോൾ തീർച്ചയായും ഭയപ്പെടാൻ പലതുണ്ട് ഭാവിയിലേക്ക് എന്നതും വായനക്കാരിലേക്ക് മറയില്ലാതെ വന്നെത്തുകയാണ്. പ്രത്യേകിച്ചും ഒരേ വശത്തിൽ ചിന്തിക്കാൻ മാത്രം പഠിച്ച ചെറുപ്പക്കാർ വീടുകളിൽ അസ്വസ്ഥതയുടെ വേലിക്കെട്ടുകൾ തീർക്കുന്ന സാഹചര്യത്തിലും.