ലണ്ടൻ: കേരളത്തിലെ സകല തരികിടയും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ യുകെ ജീവിതത്തിലും പ്രയോഗിക്കാൻ വെമ്പൽ കൊള്ളുന്ന ശീലം ഉപേക്ഷിക്കാൻ പലർക്കും മടിയുള്ളത് പിന്തുടർന്ന ശീലം കൊണ്ടും ബ്രിട്ടീഷുകാരേക്കാൾ മിടുക്കരാണെന്ന ഭാവം ഉള്ളിൽ ഉള്ളതുകൊണ്ടുമാണ്. മീൻ പിടിക്കാൻ പോകുന്നിടത്തു മൂത്രം ഒഴിച്ചത് വഴി ഡെവണിൽ എത്തിയവരെകൊണ്ടുള്ള ശല്യം കാരണം കൗൺസിൽ ആ പ്രദേശത്തേക്ക് പ്രവേശനം നിഷേധിച്ചത് മലയാളികൾ കൂടി ഉൾപ്പെടുന്ന കുടിയേറ്റ സമൂഹത്തിന്റെ തോന്ന്യാസ സ്വഭാവം കൊണ്ട് കൂടിയായിരുന്നു.

ദുഃഖ വെള്ളിയാഴ്ചക്ക് കുരിശിന്റെ വഴി നടക്കാൻ പോയ മിഡ്ലാൻഡ്സിലെ പ്രസിദ്ധമായ മാൽവേൻ മല മലയാളികൾക്ക് നഷ്ടമായതും പരിസ്ഥിതി സൗഹൃദമല്ലാത്ത പെരുമാറ്റം കൊണ്ട് തന്നെയാണ്. ഇപ്പോൾ ഇത്തരത്തിൽ ഏറ്റവും ഒടുവിൽ മലയാളിത്തം വഴി നടപടി നേരിടേണ്ടി വന്ന അനുഭവം കേൾക്കേണ്ടി വന്നത് വിദ്യാർത്ഥികൾക്കിടയിൽ നിന്നുമാണ്. എന്നാൽ അത് ഒരുപക്ഷെ നടപടി നേരിടുന്നവരുടെ ജീവിതം തന്നെ കുഴപ്പത്തിലാക്കാൻ പോകുന്ന തരത്തിൽ ഗുരുതര സ്വഭാവം നിറഞ്ഞതായിരിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

യൂണിവേഴ്സിറ്റിയിൽ എത്തുന്നത് പഠിക്കാൻ ആണെന്നത് മറന്നു ജോലിക്ക് പോകാൻ ശ്രമിക്കുന്ന ഒരു വിഭാഗം വിദ്യാർത്ഥികൾ മൂലം യൂണിവേഴ്സിറ്റി കർശന നിരീക്ഷണം ഏർപ്പെടുത്തിയതാണ് ആറു വിദ്യാർത്ഥികളുടെ ഭാവി ഇരുളിൽ ആക്കിയിരിക്കുന്നത്. ദിവസങ്ങളോളം ക്ലാസിൽ എത്താതെ ഹാജർ ലഭിക്കാൻ സഹപാഠികളുടെ കൈവശം സ്റ്റുഡന്റ് ഐ ഡി കാർഡ് കൊടുത്തു വിട്ടു അധികൃതരെ കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് ഇപ്പോൾ ഊരാക്കുടുക്ക് ആയിരിക്കുന്നത്. ക്ലാസിൽ പതിവായി വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് റിപ്പോർട്ട് ചെയ്ത കോഴ്‌സ് ഡിറക്ടറുടെ ശ്രമഫലമായി തുടർച്ചയായി നിരീക്ഷണം നടത്തിയ യൂണിവേഴ്സിറ്റി അധികൃതർ മലയാളി വിദ്യാർത്ഥിനികൾ പല കാർഡുകൾ ഒരേ സമയം സ്വൈപ് ചെയ്തത് കയ്യോടെ പിടികൂടുക ആയിരുന്നു. ഇതോടെ കള്ളി വെളിച്ചത്താകുകയും ചെയ്തു.

കോഡ് ഓഫ് കണ്ടക്ട് അനുസരിക്കാൻ ഉള്ളത് തന്നെ

പിടിയിലായ വിദ്യാർത്ഥിനികൾ സുഹൃത്തുക്കൾ പറഞ്ഞതുകൊണ്ടാണെന്നും അവർ വൈകി ക്ലാസിൽ എത്തുന്നതുകൊണ്ട് ആണെന്നുമൊക്കെ പറഞ്ഞു നിൽക്കാൻ ശ്രമിച്ചെങ്കിലും കടുത്ത അച്ചടക്ക നടപടിക്കു തയ്യാറാവുകയാണ് യൂണിവേഴ്സിറ്റി. മലയാളി വിദ്യാർത്ഥികൾ അടക്കം സ്റ്റുഡന്റ് കൗൺസിലിൽ ഉള്ള യൂണിവേഴ്സിറ്റിയിൽ ഇക്കാര്യം ബ്രിട്ടീഷ് മലയാളിയിൽ നിന്നും ബന്ധപ്പെട്ടപ്പോൾ ഇതുവരെ ശ്രദ്ധയിൽ എത്തിയില്ല എന്നാണ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചത്.

എന്നാൽ കോഡ് ഓഫ് കണ്ടക്ട് ലംഘനം കണ്ടെത്തിയ യൂണിവേഴ്സിറ്റിയാകട്ടെ കോഴ്‌സ് തുടരാൻ കാർഡിന്റെ യഥാർത്ഥ ഉടമകളെയും കാർഡ് ദുരുപയോഗം ചെയ്യാൻ കൂട്ട് നിന്ന വിദ്യാർത്ഥിനികളെയും അനുവദിക്കില്ല എന്നാണ് ലഭ്യമാകുന്ന സൂചന. എന്നാൽ കോഴ്സിസിൽ നിന്നും മാറ്റി നിർത്തപ്പെട്ടാലും അപ്പീൽ നൽകാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. പക്ഷെ സാധാരണ ഗതിയിൽ ഇത്തരം അപ്പീലുകൾ പൊതുവെ തള്ളപ്പെടുകയാണ് പതിവും. ക്ലാസുകളിൽ മികച്ച ട്രാക്ക് റെക്കോർഡ് ഇല്ലാത്ത വിദ്യാർത്ഥികൾ ആണെങ്കിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കാനും വകയില്ല.

കോവിഡ് കാലത്തും തുടർന്നും പല യൂണിവേഴ്‌സിറ്റികളും അറ്റൻഡൻസ് നിർബന്ധം ഇല്ലാതെയാണ് പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഹോം ഓഫിസ് നേരിട്ട ബാക്ക് ലോഗ് എന്ന് അറിയപ്പെട്ട ജോലി തടസം മൂലവും വിദ്യാർത്ഥികളുടെ ബി ആർ പി കാർഡുകളും ലോഗ് ഇൻ കാർഡുകളും ലഭ്യമാക്കുന്നതിന് ആഴ്ചകളുടെയും മാസങ്ങളുടെയും കാത്തിരിപ്പ് വേണ്ടി വന്നിരുന്നു.

ഇക്കാലയളവിൽ സഹപാഠികളുടെ കാർഡ് ഉപയോഗിച്ച് ക്ലാസിൽ എത്താൻ വിദ്യാർത്ഥികൾക്ക് അവസരവും നൽകിയിരുന്നു. ഇതിനു തെറ്റായ വ്യാഖ്യാനം നൽകി അറ്റൻഡൻസ് ഒന്നും നിർബന്ധമല്ല എന്നൊരു പ്രചാരം അടുത്തിടെ വിദ്യാർത്ഥികൾക്കിടയിൽ പടരുകയും ചെയ്തിരുന്നു. പല ഇൻടേക്കിൽ എത്തുന്നവർ ആയതിനാൽ പുതുതായി വരുന്നവർ കാമ്പസിൽ പറഞ്ഞു കേൾക്കുന്ന കഥകൾ വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങൾ കാണിക്കുന്നത് എന്നും പറയപ്പെടുന്നു.

യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ലഭ്യമാകാത്ത സാഹചര്യമാണ് യുകെയിൽ ഉള്ളതെന്ന് പല വിദ്യാർത്ഥികളും തിരിച്ചറിയുന്നില്ല. പരീക്ഷയിൽ തോൽവി നേരിട്ട കവൻട്രി യൂണിവേഴ്സിറ്റി വിദ്യാർത്ഥി വിസ കാലാവധി അവസാനിക്കും എന്ന കാരണത്താൽ റിസൾട്ട് കയ്യിൽ കിട്ടും മുൻപേ പോസ്റ്റ് സ്റ്റഡി വിസക്ക് അപേക്ഷിച്ചതിലൂടെ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്.

ഒടുവിൽ മലയാളി അഭിഭാഷകൻ മുഖേനെ പോസ്റ്റ് സ്റ്റഡിക്കു മുൻകൂർ അപേക്ഷിച്ചത് അറിവില്ലായ്മ കൊണ്ട് ആണെന്ന കത്ത് നൽകിയിരിക്കുകയാണ്. ഈ കത്ത് ഹോം ഓഫിസ് സ്വീകരിച്ചാൽ മാത്രമേ ഈ യുവാവിന് വീണ്ടും പോസ്റ്റ് സ്റ്റഡി വിസക്ക് അപേക്ഷിക്കാനാകൂ. ഇത്തരത്തിൽ കേട്ടുകേൾവിയും വ്യക്തമായ ധാരണ ഇല്ലാതെയും പ്രശ്നത്തിൽ ചെന്ന് ചാടുന്ന വിദ്യാർത്ഥികളും കുറവല്ല.

ലെസ്റ്റർ യൂണിവേഴ്സിറ്റിയും കണ്ണുരുട്ടുന്നു

അതേസമയം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാർഡ് സ്വൈപ് സംഭവം അറിവില്ലായ്മയല്ല മറിച്ചു കുബുദ്ധി കൊണ്ട് സംഭവിച്ചത് ആന്നെന്നാണ് മനസിലാക്കാനാകുന്നത്. ക്ലാസ് ഹാജർ അടക്കം വിദ്യാർത്ഥികൾ പാലിക്കേണ്ട ഒട്ടേറെ മര്യാദകൾ അടങ്ങിയ ലിസ്റ്റ് ഇതുവരെ വായിച്ചു പോലും നോക്കാതെ കോഴ്‌സ് പൂർത്തിയാക്കുന്നവരാണ് പലരും എന്നതും ഇത്തരം സംഭവങ്ങളിലൂടെ ഓർമ്മിപ്പിക്കപ്പെടുകയാണ്.

കഴിഞ്ഞ ദിവസം ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥി സംഘം ലിവർപൂളിലേക്ക് താമസം മാറ്റിയത് വിദ്യാർത്ഥികൾ തന്നെ മറ്റൊരാവശ്യത്തിനു രേഖകൾ ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കത്തെഴുതിയപ്പോൾ മാത്രമാണ്. ഇവർ മെയിൽ അഡ്രസ്സ് ലിവർപൂൾ എന്ന് കാണിച്ചിരുന്നതുകൊണ്ട് യൂണിവേഴ്സിറ്റി നടത്തിയ അന്വേഷണത്തിലാണ് ലെസ്റ്ററിൽ ജോലി കിട്ടാനുള്ള പ്രയാസം മൂലം ഒരു പറ്റം വിദ്യാർത്ഥികൾ മറ്റു നഗരങ്ങളിൽ താമസം തുടങ്ങിയതായി വ്യക്തമായത്.

ഇതോടെ യൂണിവേഴ്സിറ്റിക്ക് നാൽപതു മൈൽ ചുറ്റളവിൽ താമസിക്കാതെ മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ടീസ് അയക്കാനുള്ള തയ്യാറെടുപ്പിലാണ് യൂണിവേഴ്സിറ്റി എന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇങ്ങനെ മാറി താമസിക്കുന്നവർ എത്രയും വേഗം യൂണിവേഴ്സിറ്റിയുടെ പരിസരത്തേക്ക് മാറിത്താമസിക്കാൻ തയ്യാറായില്ലെങ്കിൽ നടപടി നേരിടേണ്ടി വന്നേക്കും എന്നാണ് ലഭ്യമാകുന്ന സൂചന. ചുരുക്കത്തിൽ പാർട്ട് ടൈം ജോലി പോലും ലഭിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ യൂണിവേഴ്സിറ്റികൾ കൂടി നടപടികൾ കടിപ്പിക്കുക ആണെങ്കിൽ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലാകും സാധാരണ ചുറ്റുപാടിൽ നിന്നും യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾ.