ലണ്ടൻ: കഴിഞ്ഞ മാസം ആരംഭിച്ച പ്രോജക്ട് മാനേജ്‌മെന്റ് കോഴ്‌സിലെ വിദ്യാർത്ഥിനി ആയാണ് ആറ്റിങ്ങൽ തോന്നയ്ക്കൽ സ്വദേശിനിയായ ആതിര യുകെയിൽ എത്തുന്നത്. എന്നാൽ മോഹിച്ചെത്തിയ നാട്ടിൽ കണ്ണ് തുറന്നു കാഴ്ചകൾ കാണും മുൻപേ കാത്തിരുന്നെത്തിയ മരണം തട്ടിയെടുത്ത ദുർവിധിയാണ് ആതിരയെന്ന 25കാരിയെ കാത്തിരുന്നത്. രണ്ടുവർഷം മുൻപ് സാഫോക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കെന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി അമൽ പ്രസാദിനും സമാനമായ വിധത്തിൽ യുകെയിൽ എത്തി ആഴ്ചകൾക്കകം മരണത്തിനൊപ്പം യാത്ര തിരിക്കേണ്ട സാഹചര്യമാണ് വിധി കാത്തുവച്ചിരുന്നത്.

കഴിഞ്ഞ വർഷം ഗ്ലോസ്റ്ററിൽ കാർ അപകടത്തിൽ സ്റ്റുഡന്റ് വിസക്കാർ യാത്ര ചെയ്ത കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും രണ്ടു പേർ മരിച്ച സംഭവത്തിലും യുകെയിൽ എത്തി അധികം കഴിയും മുൻപ് തന്നെ മരണം തട്ടിയെടുക്കുന്ന കാഴ്ചയാണ് യുകെ മലയാളി സമൂഹം വേദനയോടെ ഇപ്പോൾ ഓർമ്മിക്കുന്നത്.

രാവിലെ കോളേജിൽ പോകാൻ ഇറങ്ങിയ ആതിര ബസ് സ്റ്റോപ്പിൽ എത്തി അധികം കഴിയും മുന്നേ പാഞ്ഞെത്തിയ കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരണപ്പെടുക ആയിരുന്നു. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ആതിരയോടൊപ്പം മറ്റു രണ്ടു മലയാളി വിദ്യാർത്ഥികൾ ഉണ്ടെന്നാണ് ആദ്യം റിപ്പോർട്ട് വന്നതെങ്കിലും പിന്നീട് അത് ബസ് സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന യാത്രക്കാർ ആയിരുന്നു എന്ന സ്ഥിരീകരണം എത്തിയിട്ടുണ്ട്. ആതിര മറ്റു മലയാളി വിദ്യാർത്ഥികൾക്കൊപ്പം റൂം ഷെയർ ചെയ്താണ് താമസിച്ചിരുന്നത്. ലീഡ്‌സിൽ തന്നെ താമസിക്കുന്ന ആതിരയുടെ ഉറ്റബന്ധു ആയ യുവാവ് സംഭവത്തെ തുടർന്ന് പൊലീസ് നടപടികൾ വേഗത്തിലാക്കാൻ മലയാളി അസോസിയേഷൻ പ്രവർത്തകരുമായി ചേർന്ന് ശ്രമം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ മലയാളി വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചെന്ന വിവരം അറിഞ്ഞു ലണ്ടനിൽ ഇന്ത്യൻ എംബസിയിൽ നിന്നും ഉദ്യോഗസ്ഥർ വിവരം തിരക്കി അപകടം നടന്നു മണിക്കൂറുകൾക്കകം ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡോ. സാബു ഘോഷുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ വിധ തുടർ സഹായവും എംബസി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ന് മറ്റു കാര്യങ്ങൾക്കായി എംബസി ഉദ്യോഗസ്ഥർ വീണ്ടും മലയാളി അസോസിയേഷൻ പ്രവർത്തകരെ ബന്ധപ്പെടും എന്നും അറിയിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നും സഹായങ്ങൾ ഉണ്ടാകും എന്ന സൂചനയും ലഭ്യമാണ്. ആതിരയുടെ സഹപാഠികളും മറ്റും ഇതിനായുള്ള ശ്രമത്തിലാണ് എന്ന വിവരം ലീഡ്‌സിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഒമാനിൽ ജോലി ചെയ്യുന്ന രാഹുൽ ശേഖറിന്റെ പത്നിയാണ് ആതിര. ഇവർക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുമുണ്ട്. കുട്ടിയെ മാതാപിതാക്കളെ ഏൽപിച്ചാണ് ആതിര പഠനത്തിനായി യുകെയിൽ എത്തിയത്. ആതിരയുടെ ആകസ്മിക മരണ വാർത്തയറിഞ്ഞു തകർന്നു നിൽക്കുന്ന കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കും എന്ന പ്രയാസത്തിലാണ് ലീഡ്സ് മലയാളികൾ. പൊലീസും അധികൃതരും നൽകുന്ന വിവരങ്ങൾ അപ്പപ്പോൾ ലീഡ്സ് മലയാളി അസോസിയേഷൻ പ്രവർത്തകർ കുടുംബത്തെ അറിയിക്കുന്നുമുണ്ട്. വാഹനാപകടം ആയതിനാൽ പോസ്റ്റ് മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടാനുള്ള ശ്രമമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. തുടർന്ന് എംബസിയിൽ നിന്നും അതിവേഗം മറ്റു നടപടികളും ഉണ്ടാകും എന്ന ഉറപ്പാണ് ഉദ്യോഗസ്ഥർ ഇപ്പോൾ നൽകുന്നത്.

അതിനിടെ അപകടം നടന്ന റോഡിൽ വേഗ നിയന്ത്രണം ഇല്ലാത്തതിനാൽ കാറുകൾ പായുന്നത് പതിവ് സംഭവം ആണെന്ന് പ്രദേശ വാസികൾ സോഷ്യൽ മീഡിയയിൽ ആരോപണം ഉയർത്തിയിട്ടുണ്ട്. ഇവിടെ സ്പീഡ് കാമറകൾ സ്ഥാപിക്കണം എന്ന ആവശ്യവും ഏറെ പഴക്കമുള്ളതാണ്. ആതിരയ്ക്ക് സംഭവിച്ചത് പോലെ സമാനമായ തരത്തിൽ മറ്റു രണ്ടു അപകടങ്ങൾ കൂടി ഈ പ്രദേശത്തു ഉണ്ടായിട്ടുണ്ടെന്ന് ഇന്നലെ പ്രദേശവാസികളെ ഉദ്ധരിച്ചു സൺ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെറുപ്പക്കാർ അപകടകരമായ വിധത്തിൽ കാറും ബൈക്കും ഒക്കെ ഇവിടെ ഓടിക്കുന്നത് പതിവാണെന്നും അപകടം നടന്ന റോഡിന് എതിർവശം താമസിക്കുന്നവർ പറയുന്നു.

ഫോർമുല വൺ കാർ ട്രാക്കിൽ പായുന്ന വേഗത്തിലാണ് പലരും ഇവിടെ മുൻപിൻ നോക്കാതെ ഡ്രൈവ് ചെയ്യുന്നതെന്നും രോഷാകുലരായ നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നു.