- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലായാല്‍ ഏറ്റവും വലിയ തിരിച്ചടി കെയര്‍ ഹോമുകള്‍ക്ക്; 50000 നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും; ബാധിക്കുക അനേകം മലയാളികളെ; എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ്; നിലവിലുള്ളവരുടെ അവകാശം കാക്കാന്‍ കോടതി എത്തുമോ?
യുകെയില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലായാല്‍ ഏറ്റവും വലിയ തിരിച്ചടി കെയര്‍ ഹോമുകള്‍ക്ക്
ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവാധി, ഇപ്പോഴത്തെ നിര്‍ദ്ദേശപ്രകാരം നീട്ടുകയാണെങ്കില്‍ 50,000 വരെ വിദേശ നഴ്സുമാര്‍ ബ്രിട്ടന്‍ വിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് റോയല്‍ കോളേജ് ഫോര്‍ നഴ്സിംഗ് (ആര്‍ സി എന്‍) ചൂണ്ടിക്കാട്ടുന്നു. ഐ എല്‍ ആര്‍ ലഭിക്കുന്നതിനുള്ള കാലപരിധി 5 വര്‍ഷം എന്നതില്‍ നിന്നും 10 വര്‍ഷമായി വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് മേല്‍ കണ്‍സള്‍ട്ടേഷന് ഹോം സെക്രട്ടറി തയ്യാറെടുക്കുന്നതിനിടയിലാണ് ആര്‍ സി എന്‍ ഈ പരാമര്‍ശവുമായി എത്തുന്നത്. ആരോഗ്യ സംരക്ഷണ മേഖലയില്‍ അനിശ്ചിതത്വമുണ്ടാക്കുകയും നഴ്സിംഗ് രംഗത്ത് കനത്ത പ്രതിസന്ധിക്ക് കാരണമാവുകയും, രോഗികളുടെ ശുശ്രൂഷ അവതാളത്തിലാക്കുകയും ചെയ്യുന്ന ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇത്തരം പദ്ധതികള്‍ എന്‍ എച്ച് എസ് പരിഷ്‌കരണത്തിനുള്ള സര്‍ക്കാര്‍ ഉദ്യമങ്ങളെ പരാജയപ്പെടുത്തുമെന്നും ആര്‍ സി എന്‍ പറയുന്നു. മാത്രമല്ല, കോവിഡ് 19 തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും ബ്രിട്ടീഷ് ആരോഗ്യ മേഖലയെ കരകയറ്റുവാന്‍ 2020 ല്‍ ഇവിടെയെത്തിയ നിരവധി വിദേശ നഴ്സുമാരോട് കാണിക്കുന്ന കൊടിയ വഞ്ചനയാണിതെന്നും അവര്‍ പറയുന്നു. വിദേശ നഴ്സുമാര്‍ക്ക് അവരുടെ ഭാവിയെ കുറിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. മാത്രമല്ല, രാഷ്ട്രീയ നേതാക്കള്‍ അവരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനും പാടില്ല. പൊതുസേവന രംഗത്ത് പ്രവര്‍ത്തിക്കുകയും, നികുതികള്‍ നല്‍കുകയും ചെയ്തതിനു ശേഷവും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആവില്ല എന്ന് പറയുന്നതും സമ്മതിക്കാന്‍ കഴിയില്ല.
ഐ എല്‍ ആര്‍ ലഭിച്ചില്ലെങ്കില്‍ നഴ്സുമാര്‍ക്ക് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറി തൊഴില്‍ എടുക്കാന്‍ കഴിയില്ല. അവര്‍ക്ക് വിസ നല്‍കിയ തൊഴിലുടമക്കായി മാത്രം തൊഴിലെടുക്കേണ്ട സാഹചര്യം ഉണ്ടാകും. ഇത് സോഷ്യല്‍ കെയര്‍ സിസ്റ്റത്തില്‍ ചൂഷണങ്ങള്‍ക്ക് വഴി തെളിക്കുമെന്നും ആര്‍ സി എന്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, യു കെയില്‍ ആവശ്യമായ നികുതികള്‍ നല്‍കിയിട്ടും ചൈല്‍ഡ് കെയര്‍ ബെനെഫിറ്റ്, ഡിസെബിലിറ്റി സപ്പോര്‍ട്ട് പേയ്‌മെന്റ്‌സ് എന്നിവ ഇവര്‍ക്ക് ലഭിക്കാതെ പോവുകയും ചെയ്യും. ഇത് ഇവര്‍ക്ക് കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.
അതിനു പകരമായി ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളതുപോലെ നഴ്സിംഗ് ജീവനക്കാര്‍ക്ക് ബ്രിട്ടനില്‍ എത്തുമ്പോള്‍ തന്നെ സെറ്റില്‍ദ് സ്റ്റാറ്റസ് നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആര്‍ സി എന്‍ ആവശ്യപ്പെടുന്നു. ഐ എല്‍ ആര്‍ ഇല്ലാത്ത 5000 ല്‍ അധികം നഴ്സുമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 60 ശതമാനം പേരും പറഞ്ഞത്, ഐ എല്‍ ആറിനുള്ള കാലപരിധി നീട്ടുന്നത് അവരെ പ്രതികൂലമായി ബാധിക്കും എന്നാണ്. ഇത് നിലവില്‍ വന്നാല്‍, ചുരുങ്ങിയത് 46,000 വിദേശ നഴ്സിംഗ് ജീവനക്കാര്‍ക്കെങ്കിലും യു കെ വിട്ട് പോകേണ്ടതായും വരും.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനം പേര്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി തങ്ങളുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കും എന്ന് ആശങ്കപ്പെടുമ്പോള്‍ 52 ശതമാനം പേര്‍ അത് തങ്ങളുടെ കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആശങ്കപ്പെടുന്നത്. 49 ശതമാനം പേര്‍ ഈ പദ്ധതി തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും എന്നും ആശങ്കപ്പെടുന്നതായി തങ്ങളുടെ പഠനങ്ങളില്‍ കണ്ടെത്തി എന്നാണ് ആര്‍ സി എന്‍ അവകാശപ്പെടുന്നത്. മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ പരിശീലനം ലഭിച്ച നഴ്സുമാര്‍ ബ്രിട്ടനിലേക്ക് വരാന്‍ ഭാവിയില്‍ മടിക്കുകയും ചെയ്യും. വിദേശ നഴ്സുമാരെ ധാരാളമായി ആശ്രയിക്കുന്ന എന്‍ എച്ച് എസ്സിന് ഇത് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.
ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കണ്‍സള്‍ട്ടേഷനായി വിടുന്ന പുതിയ പദ്ധതി അനുസരിച്ച് നിയമപരമായി യു കെയില്‍ എത്തുന്ന ഒരു വ്യക്തിക്ക് സ്ഥിരതാമസത്തിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കാന്‍ 10 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. നിലവിലത് 5 വര്‍ഷമാണ്. ബ്രിട്ടീഷ് സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും കാര്യമായ സംഭാവനകള്‍ ചെയ്യുന്നവര്‍ക്ക് ഇതില്‍ ചില ഇളവുകള്‍ പ്രതീക്ഷിക്കാം. 2021 മുതല്‍ ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാര്‍ക്ക് ബാധകമാകും വിധം മുന്‍കാല പ്രാബല്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഇതിലെ മറ്റു നിര്‍ദ്ദേശങ്ങള്‍ താഴെ പറയും വിധമാന്.
* സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിച്ചാലും കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സോഷ്യല്‍ ഹൗസിംഗിനും അര്‍ഹത ഉണ്ടാകില്ല. പൗരത്വം നേടിയതിനു ശേഷം മാത്രമെ അതിനുള്ള അര്‍ഹത കൈവരിക്കുകയുള്ളു.
* 2022 നും 2024നും ഇടയില്‍ ബ്രിട്ടനില്‍, സോഷ്യല്‍ കെയര്‍ വിസയിലും ഹെല്‍ത്ത് കെയര്‍ വിസയിലും എത്തിയ 6,16,000 പേര്‍ ഉള്‍പ്പടെ താഴ്ന്ന വരുമാനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഐ എല്‍ ആര്‍ ലഭിക്കുന്നതിന് 15 വര്‍ഷം കാത്തിരിക്കേണ്ടതായി വരും.
* ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്ക് ഐ എല്‍ ആര്‍ ലഭിക്കാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും.
* പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം ഐ എല്‍ ആര്‍ ലഭിച്ചേക്കാം.
* സാമൂഹികമായും സാമ്പത്തികമായും ബ്രിട്ടീഷ് സമൂഹത്തിന് കാര്യമായ സംഭവനകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനകം ഐ എല്‍ ആര്‍ കിട്ടിയേക്കും.
* അനധികൃതമായി ബ്രിട്ടനിലെത്തി അഭയം നേടിയവര്‍ക്ക് ഐ എല്‍ ആര്‍ ലഭിക്കാന്‍ 15 വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും. ഒരു വര്‍ഷത്തിലധികം സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങല്‍ കൈപ്പറ്റി ജീവിച്ചവരാണെങ്കില്‍ ഐ എല്‍ ആര്‍ ലഭിക്കാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും.




