ലണ്ടൻ: ബ്രിട്ടനിൽ എത്തിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി കെയറർമാരിൽ ഒട്ടേറെയാളുകൾ തങ്ങൾ ചെയ്യുന്ന ജോലി എന്തെന്ന് മനസിലാക്കാതെ നിസാര കാരണങ്ങൾക്ക് പോലും വന്ന വഴിയേ മടങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. വൂസ്റ്റർ, ബിർമിങ്ഹാം, എയിൽസ്ബറി എന്നിവിടങ്ങളിൽ ജോലി നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന മലയാളി കെയറർമാരുടെ ജീവിതാനുഭവം വാർത്ത ആയതിനെ തുടർന്ന് സമാനമായ ഒട്ടേറെ സംഭവങ്ങളാണ് പുറത്തുവന്നത്. ഇതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി പുറത്തുവന്നു.

എന്നാൽ എന്തിനും രണ്ടു വശം ഉണ്ടാകും എന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിനോട് കൂട്ടിച്ചേർത്തു വായിച്ചിരിക്കേണ്ട അനുഭവങ്ങളാണ് മലയാളികളായ കെയർ ഹോം മാനേജർമാർ ഇപ്പോൾ നടത്തുന്നത്. ഇതിൽ സ്വന്തമായി കെയർ ഹോം ഉള്ള മലയാളി മാനേജരും ഉൾപ്പെടുന്നു. നോർത്ത്വെസ്റ്റ്, മിഡ്ലാൻഡ്സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിൽ നിന്നുള്ള കെയർ ഹോം മാനേജർമാരുമായി നടത്തിയ സുദീർഘ സംഭാഷണത്തിൽ ഏറെക്കുറെ സമാനമായ പരാതികളാണ് ഓരോ മാനേജർമ്മാർക്കും പങ്കുവയ്ക്കാനുള്ളത്. ഇതിൽ നിന്നും ഏറ്റവും വേഗത്തിൽ പുതുതായി എത്തുന്ന മലയാളി കെയറർമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് ഈ അന്വേഷണാത്മക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുളിക്കില്ല, നനയ്ക്കില്ല, മൂക്ക് പൊത്താതെ അടുത്ത് നിൽക്കാനാകില്ല

തന്റെ കെയർ ഹോമിൽ ജോലിക്കെത്തുന്ന മലയാളി കെയർമാരെക്കുറിച്ചു ഹോം ഉടമ കൂടിയായ മാനേജർ നടത്തുന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. 2021ൽ നോർത്ത് വെയ്ൽസിൽ മലയാളികൾ അറസ്റ്റിൽ ആകാൻ കാരണമായ റെയ്ഡിൽ ജി എൽ എ എ നടത്തിയ പരിശോധനക്ക് ശേഷം ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞ തലക്കെട്ടും ചിത്രങ്ങളും ഇത് തന്നെയാണ് വെളിപ്പെടുത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിച്ച ഒൻപതു മലയാളി വിദ്യാർത്ഥികൾ കൂടിയായ കെയർ ജീവനക്കാരെ അന്ന് തന്നെ അവിടെ നിന്നും മാറ്റാൻ കാരണവും വൃത്തിഹീനമായ അന്തരീക്ഷം തന്നെ ആയിരുന്നു.

ലോകത്തേറ്റവും വൃത്തിയുള്ളവർ മലയാളികൾ ആണെന്ന ധാരണയിൽ ജീവിക്കുന്നവരോട് ഇതു എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന ധാർമ്മിക സങ്കടമാണ് ഈ കെയർ ഹോം ഉടമ പങ്കുവച്ചത്. തന്റെ ഹോമിൽ ജോലി ചെയ്യുന്ന ഇംഗ്ലീഷ് കെയറർമാർ ഇതേക്കുറിച്ചു ഹോം ഓഫിസിനോട് പരാതിപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അദ്ദേഹം. മികച്ച ലാഭം നൽകുന്ന ബിസിനസ് ആണെങ്കിലും ഈ സാഹചര്യത്തിൽ മറ്റൊരു കെയർ ഹോം കൂടി വാങ്ങാൻ ഉള്ള ആലോചന തൽക്കാലം കോൾഡ് സ്റ്റോറേജിൽ കയറ്റിയിരിക്കുകയാണ് ഇദ്ദേഹം. ഒരു പക്ഷെ ഇപ്പോൾ പുതിയ തലമുറ ഇങ്ങനെയൊക്കെ ആയിരിക്കുമല്ലേ എന്ന മറുചോദ്യത്തിൽ ആശ്വസിക്കാൻ ശ്രമിക്കുകയാണ് ഈ യുകെ മലയാളി. ഒരുകാര്യം കൂടി ചേർത്താണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്, തൽക്കാലം മലയാളി ചെറുപ്പക്കാരെ ജോലിക്കെടുക്കുന്നില്ല.

മലയാളം പറയരുതെന്ന് കർശന വിലക്ക്, ഫോണിനും അനുവാദമില്ല, പക്ഷെ ഉണക്കമീനിന്റെയും മത്തിക്കറിയുടെയും കാര്യത്തിൽ താൻ എന്ത് ചെയ്യുമെന്ന് വനിതാ മാനേജർ

മിഡ്ലാൻഡ്സിലും ഈസ്റ്റ് മിഡ്ലാൻഡ്സിലും ഒരു ഡസൻ നഴ്സിങ് ഹോമുകൾ ഉള്ള ഗ്രൂപ്പിലെ വനിതാ മലയാളി മാനേജർ രണ്ടു മൂന്നു വർഷമായി എത്തിക്കൊണ്ടിരിക്കുന്ന മലയാളി കെയറർമാരെക്കൊണ്ട് പൊറുതി മുട്ടിയിക്കുകയാണ്. ഇവരുടെ ഹോമിൽ 92 ജീവനക്കാരിൽ സിംഹ ഭാഗവും മലയാളികളാണ്. ഇംഗ്ലീഷ് വേഗത്തിൽ പഠിച്ചെടുക്കട്ടെ എന്ന ധാരണയിൽ മലയാളം പറഞ്ഞാൽ ഷിഫ്റ്റ് റദ്ദാക്കി വീട്ടിൽ പറഞ്ഞു വിടുന്ന പോളിസിയുള്ള കെയർ ഹോമിൽ ജോലി സമയത്തു മൊബൈൽ ഫോണിൽ തൊട്ടാലും നടപടി നേരിടേണ്ടി വരും. ഇത്രയൊക്കെ കർക്കശമായിട്ടും ഉച്ച നേരമായാൽ ഹോമിൽ ഒരിടത്തും നിൽക്കാനാകാത്ത അസഹ്യതയാണ്. കാരണം ഉണക്കമീനും മത്തിക്കറിയും ബീഫും എല്ലാം ചേർന്ന് ഒരു ചെറിയ സ്റ്റാഫ് റൂമിലെ മൈക്രോവേവ് ഓവനിൽ ചൂടാക്കുമ്പോൾ കറികളുടെ രൂക്ഷ ഗന്ധം ആ ഹോമിലാകെ പരക്കും.

റെസിഡന്റ്‌സിന്റെ കുടുംബാംഗങ്ങളും വിവിധ പ്രൊഫഷണലുകളും എല്ലാം സന്ദർശനത്തിന് എത്തുന്ന നേരത്തെ ഈ രൂക്ഷ ഗന്ധം തടയാൻ മാനേജർക്ക് മുന്നിൽ ഒരു വഴിയുമില്ല. ഭക്ഷണം കൊണ്ട് വരരരുത് എന്ന് വിലക്കാനാകില്ലെങ്കിലും ഈ പ്രശ്‌നം പലവട്ടം സ്റ്റാഫ് മീറ്റിങ്ങിൽ അവതരിപ്പിച്ചതാണ്. പക്ഷെ ഒരു സാമാന്യ മര്യാദ കാട്ടണം, സ്വന്തം ജോലി സ്ഥലമാണ് എന്നതൊക്കെ ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമാണോ? നിസ്സഹായതയോടെ അവർ ചോദിക്കുന്നു.

മലയാളി റിക്രൂട്ടിങ് ഏജൻസി ജീവനക്കാരെ നൽകുന്ന ഈ സ്ഥാപനത്തിൽ ഉടൻ പത്തോളം പേരെ ഇനിയും ആവശ്യം ഉണ്ടെങ്കിലും ഇന്റർവ്യൂ നടത്താൻ തയ്യാറല്ല ഈ മാനേജർ. പറഞ്ഞു മടുത്ത ഇവർ ഒരു ലക്ഷം പൗണ്ട് അടുത്ത് അനുകൂല്യമുള്ള ജോലി ഉപേക്ഷിക്കാനുള്ള ഒരുക്കവുമാണ്. ഈ നിലയിൽ പരാതി കേട്ടും ചൂരൽ വടിയുമായി ജോലി ചെയ്യിപ്പിക്കാനും വയ്യ, എന്തിനാണ് ഇത്ര റിസ്‌ക് എടുക്കുന്നതെന്നു സ്വയം ചോദിക്കുകയാണ് അവർ. നടപടി എടുക്കുമ്പോൾ മലയാളി മാനേജർ കരുണ കാട്ടുന്നില്ലെന്നു പള്ളിയിലും മറ്റും എത്തുന്നവരോട് പരദൂഷണം പറഞ്ഞു നാറ്റിക്കുക എന്നതും പുതുതായി ജോലിക്കെത്തുന്നവരുടെ വിനോദമായി മാറിയിട്ടുണ്ട്.

''പാതിരാ വരെ ഫോണിൽ കുത്തികൊണ്ടിരിക്കും, രാവിലെ ജോലിക്കെത്തുന്നത് കഞ്ചാവടിച്ചെന്നു തോന്നിപ്പിക്കും വിധത്തിൽ ''

ചായ കൊടുക്കാൻ പറഞ്ഞപ്പോൾ കേട്ടിട്ടും മനസിലാക്കാതെ നിന്നതു ബ്രിട്ടീഷ് മലയാളിയിൽ റിപ്പോർട്ട് ആയി എത്തിയപ്പോഴാണ് ഈസ്റ്റ് ആംഗ്ലിയയിലെ കടൽ തീര പട്ടണത്തിലെ കെയർ ഹോമിൽ നിന്നും മലയാളി മാനേജർ വിളിക്കുന്നത്. എങ്ങനെ മനസിലാകും എന്നാണ് ഈ മാനേജർ തിരിച്ചു ചോദിക്കുന്നത്. കാരണം അടുത്തിടെ തന്റെ ഹോമിൽ തുടർച്ചയായി പുതുതായി എത്തുന്നവർ ജോലിയിൽ വീഴ്ച കാട്ടിയപ്പോൾ ഓരോരുത്തരെയായി പ്രത്യേകം വിളിച്ചു സംസാരിച്ചപ്പോഴാണ് അവർക്ക് കാര്യം പിടികിട്ടിയത്.

കടവും ബാധ്യതകളും തീർക്കാൻ ലോങ്ങ് ഡേ ഷിഫ്റ്റ് ആണെങ്കിലും ആഴ്ചയിൽ നാലും അഞ്ചും ദിവസം ജോലി ചെയ്യുന്നവരാണ് മിക്കവരും. ഒപ്പം വീട്ടുപണികളും കൊച്ചു കുട്ടികളും. ഒരാൾ തളരാൻ ഇത് ധാരാളം. എന്നാൽ ജോലി കഴിഞ്ഞ് എത്തിയാൽ ഇവരെല്ലാം ഉറക്കം പിടിക്കുന്നത് മിക്കപ്പോഴും ഒരു മണിയോ രണ്ടു മണിയോ കഴിഞ്ഞ ശേഷവും. ചാറ്റിന്റെയും ഇൻസ്റ്റയുടെയും ലോകത്തു ജീവിതത്തിന്റെ നിറം കണ്ടെത്താൻ ശ്രമിക്കുന്ന ഇവർ പിറ്റേന്ന് വീണ്ടും ജോലിക്ക് പോകണം എന്നത് ഓർക്കുന്നേയില്ല. കഷ്ടി നാലു മണിക്കൂർ ഉറങ്ങിയ ശേഷം ഉറക്കച്ചടവുമായി ജോലിക്കെത്തുന്നവർ ഉച്ചവരെ ഉറക്കം തൂങ്ങികളായി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ജോലി കഴിഞ്ഞ് ഇവർ എന്ത് ചെയ്യുന്നു എന്ന് മാനേജർ അന്വേഷിച്ചത്.

ഇതോടെയാണ് ജീവിത രീതിയാണ് പ്രശ്‌നം എന്ന് മനസിലാക്കിയത്. ഇപ്പോൾ ഡ്യൂട്ടിക്കിടയിൽ കോട്ടുവാ ഇട്ടു നിന്നാൽ ഡ്യൂട്ടി റദ്ദാക്കി വീട്ടിൽ പറഞ്ഞു വിട്ടേക്കാനാണ് ഇൻചാർജ് ആയ നഴ്സിന് നൽകിയ നിർദ്ദേശം.

ഡിമെൻഷ്യ ഹോമിൽ അന്തേവാസി ജനൽ തല്ലിപൊട്ടിച്ചു, കണ്ടു നിന്ന് രസിക്കുന്ന മലയാളി ജീവനക്കാർ

ഡിമെൻഷ്യ രോഗികൾ നിറഞ്ഞ നോർത്ത് വെസ്റ്റിലെ കെയർ ഹോമിൽ എന്തോ കാരണത്താൽ അരിശം മൂത്ത രോഗി കയ്യിൽ കിട്ടിയ എന്തോ എടുത്തു ജനൽ ചില്ലുകൾ തവിടു പൊടിയാക്കുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി ജീവനക്കാർ എല്ലാം ചാടി ഇറങ്ങി. അതേ കോമ്പൗണ്ടിൽ തന്നെ രണ്ടു കാരവനിൽ താമസം ഒരുക്കിയിരുന്നതിനാൽ അവിടെ ഉണ്ടായിരുന്നവരും കാഴ്ച കാണാൻ എന്ന മട്ടിൽ അണിനിരന്നു. ഡ്യൂട്ടി നഴ്‌സ് എമർജൻസി സാഹചര്യം കൈകാര്യം ചെയ്യാൻ ആംബുലൻസ് വിളിക്കുന്നു. അവരെത്തുമ്പോൾ കാണുന്ന കാഴ്ച നഴ്സിങ് ഹോമിന് മുന്നിൽ യൂണിഫോമിലും അല്ലാതെയും കാഴ്ച കണ്ടു രസിക്കുന്ന ജീവനക്കാർ.

എന്തുകൊണ്ടോ അവർക്ക് ആ കാഴ്ച അത്ര പിടിച്ചില്ല. ഡ്യൂട്ടി മറന്ന് കാഴ്ച കണ്ടതാണ് പ്രശ്നമായത്. കുഴപ്പക്കാരനായ രോഗിയെ മറന്നതും ന്യായീകരണമില്ലാത്ത എസ്‌ക്യൂസ് ആയി വിലയിരുത്തപ്പെട്ടു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ഉള്ള പരിശീലനം ലഭിച്ചവരാണ് ജീവനക്കാർ എന്നത് ആംബുലൻസ് ജീവനക്കാർ ഉറപ്പാക്കുകയും ചെയ്തിരുന്നു. മടങ്ങിപ്പോയ അവർ നേരെ ഹോം ഓഫിസിൽ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാഴ്ചക്കകം ഹോമിൽ റെയ്ഡും നടന്നു. ഹോമിൽ മാത്രമല്ല കാരവനിലും എത്തിയ റെയ്ഡ് ഓഫിസർമാർ വൃത്തിഹീനമായ കാരവനെക്കുറിച്ചാണ് മാനേജരോട് പരാതി പറഞ്ഞതും. എന്തായാലും ആ കാരവൻ അതോടെ ഒഴിവാക്കി, സൗജന്യമായി കഴിഞ്ഞിരുന്ന ജീവനക്കാർ ഇപ്പോൾ വാടക നൽകി ജീവിക്കുന്നു.

ഞങ്ങൾ പത്തു ലക്ഷം നൽകി വന്നതല്ലേ, എന്ത് സംഭവിക്കാൻ?

മിഡ്ലാൻഡ്സിലെ കെയർ ഹോമിൽ അച്ചടക്ക നടപടിക്ക് വിധേയയായ പെൺകുട്ടി പറഞ്ഞ മറുപടി രസകരമാണ്. നിങ്ങൾ വേണേൽ പറഞ്ഞു വിട്ടോളൂ, എന്റെ കയ്യിൽ നിന്നും വാങ്ങിയ പത്തു ലക്ഷം മടക്കി തന്നാൽ താൻ പൊയ്‌ക്കൊള്ളാം എന്നാണ് മാനേജരോട് വ്യക്തമാക്കിയത്. എന്നാൽ ആര് ആരോട് പണം വാങ്ങി എന്ന മറുചോദ്യം വന്നപ്പോളാണ് പെൺകുട്ടി താൻ നൽകിയ പണം ഏജൻസിയാണ് സ്വന്തമാക്കിയത് എന്ന് വ്യക്തമായി തിരിച്ചറിയുന്നത്. പക്ഷെ ഏജൻസി പറഞ്ഞത് മൂന്നിൽ ഒന്ന് മാനേജർക്കും മറ്റൊരു വിഹിതം ഹോം ഉടമകൾക്കും എന്നാണ്. ഇതുകൊണ്ടാണ് അൽപം തന്റേടത്തോടെ പെൺകുട്ടി പൈസയെക്കുറിച്ചു സംസാരിക്കാൻ തയ്യാറായതും.

ഇത് ഒറ്റപ്പെട്ട സംഭവവും അല്ല. പണം നൽകി ജോലി മേടിച്ച നല്ലൊരു പങ്കു കെയറർമാരും കരുതുന്നത് തങ്ങളെ പിരിച്ചു വിടാനാകില്ല എന്നാണ്. എംബിഎയും ബിസിനസ് സ്റ്റഡീസും ഒക്കെ പഠിച്ചവർ മനസില്ല മനസോടെ വൃദ്ധ പരിചരണം നടത്തുമ്പോൾ ഇത്തരത്തിൽ പരാതികൾ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ യുകെയിൽ എത്താൻ നൽകിയ പണം ദേവാലയത്തിൽ വഴിപാട് ഇട്ടതിനു സമാനമാണ് എന്ന് മനസിലാക്കാതെയാണ് ഉഴപ്പും അലസതയും കൈമുതലാക്കി കുറേപ്പേരെങ്കിലും യുകെയിലേക്കു വിമാനം കയറുന്നത്. ഒടുവിൽ വർഷങ്ങളായി അധ്വാനം വഴി മലയാളി സമൂഹം സംഘടിപ്പിച്ചെടുത്ത സൽപ്പേരും ഇല്ലാതാക്കുകയാണ് ഈ അലസ വിഭാഗം.

എന്തിനും മറുപടി പറയേണ്ടത് മാനേജർ, അവരെങ്ങനെ കണ്ണടയ്ക്കും?

ഒരു നഴ്സിങ് ഹോമിൽ സംഭവിക്കുന്ന ചെറുതാകട്ടെ വലുതാകട്ടെ, ഏതു തരം പരാതിക്കും ഒടുവിൽ ഉത്തരം നൽകേണ്ടത് മാനേജർ മാത്രമാണ് എന്ന് നഴ്സിങ് ഹോം ഉടമയായ മലയാളി വ്യക്തമാക്കുന്നു. നഴ്സിങ് ജോലിയിൽ നിന്നും മാനേജർ ആകുന്നവർക്കു ഗുരുതര പരാതി നേരിടേണ്ടി വന്നാൽ എൻഎംസി വഴിയും ശിക്ഷ നടപടി നേരിടണം. സമയം മോശം ആണെങ്കിൽ കോടതിയും കയറി ഇറങ്ങേണ്ടി വരും. കീഴ് ജീവനക്കാർ കാട്ടുന്ന ഏതു പൊല്ലാപ്പിനും ഒടുവിൽ മറുപടി പറയാൻ ബാധ്യസ്ഥർ മാനേജർ മാത്രമാണ്. ഇതുകൊണ്ടാണ് ഒരു ചായയുടെ പേരിൽ ഉണ്ടായതോ കുളിപ്പിക്കാൻ അൽപം സമയം മാറിപ്പോയതോ ആയ ചെറിയ കാര്യമെന്ന് മറ്റുള്ളവർക്കു തോന്നുന്ന പരാതികൾ മാനേജർമാരുടെ മുന്നിൽ എത്തുമ്പോൾ അച്ചടക്ക നടപടി നേരിടും വിധം ഗൗരവം ഉള്ളതായി മാറുന്നത്.

പരാതി പറഞ്ഞവർ മാനേജർ അവഗണിച്ചുവെന്ന് തോന്നിയാൽ കൗണ്‌സിലിലോ സി ക്യൂ സിയിലോ ഹോം ഓഫീസിലോ സേഫ് ഗാർഡ് ഏജൻസിയിലോ സോഷ്യൽ കെയർ സർവീസിന്റെ ശ്രദ്ധയിലോ പെടുത്തിയാൽ മാനേജർ അകത്താകാൻ വലിയ പ്രയാസം ഉണ്ടാകില്ല. ഇതുകൊണ്ടു തന്നെ സമ്മർദ്ദം ഒഴിവാക്കാൻ അടിക്കടി ജോലി മാറുന്നവരാണ് ഇംഗ്ലീഷുകാരായ മാനേജർമാർ. മിക്കയിടത്തും മലയാളികൾ ഒന്നിച്ചു ജോലി ചെയ്യുമ്പോൾ കണ്ണടച്ച് വിടുന്ന മലയാളി നഴ്സുമാർ കെയർമാർ വരുത്തുന്ന വീഴ്ചകൾക്ക് മറുപടി പറയേണ്ടവർ ആണെങ്കിലും ശിക്ഷ നടപടികൾ മിക്ക സാഹചര്യത്തിലും മാനേജർമാരെ തേടിയാണ് എത്തുന്നത്. ചില ഘട്ടങ്ങളിൽ നഴ്സിങ് ഹോം അടച്ചു പൂട്ടാൻ പോലും ജീവനക്കാരുടെ വീഴ്ചകൾ കാരണമാകാറുണ്ട് താനും.