ലണ്ടൻ: വെയ്ൽസ്, ക്ലാനിക്കി, കർമാന്തൻഷയറിലെ ആഷ്‌ലി കോർട്ട് കെയർ ഹോം ഉടമകൾ പറയുന്നത് ജീവനക്കാരുടെ കുറവ് രൂക്ഷമായതോടെ അന്തേവാസികളുടെ എണ്ണം കുറക്കേണ്ടതായി വന്നു എന്നാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടകളിൽ ഒന്നായതോടെ സർക്കാർ എടുത്ത കർശന നിലപാടുകൾ കല കെയർ ഹോമുകളെയിം പ്രശ്നത്തിലാക്കിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ഈ മേഖല മുൻപോട്ട് പോകുന്നത്.

ഈ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം തീവ്രമായതോടെ 2022- ൽ കെയർ വർക്കർമാരെയും സർക്കാർ സ്‌കിൽഡ് വർക്കർ വിസക്ക് കീഴിൽ ഉൾപ്പെടുത്തിയിരുന്നു. അതോടെ, കെയർ ഹോം ഉടമകൾക്ക് വിദേശ കെയർ വർക്കർമാരെ സ്പോൺസർ ചെയ്യാനും യു കെയിലേക്ക് കൊണ്ടുവരാനും കഴിയുമായിരുന്നു. അതിനു മുൻപും ഈ മേഖലയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകുമായിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ലഭിക്കാറില്ല എന്നാണ് കെയർ ഹോം ഉടമകളായ ഫിലിപ്പും ലക്ഷ്മിയും പറയുന്നത്.

സ്‌കിൽഡ് വിസക്ക് കീഴിൽ കെയർ വർക്കർ ജോലികൂടി വന്നതോടെ സ്ഥിതിഗതികൾ മാറാൻ തുടങ്ങി. 2022-23 കാലഘട്ടത്തിൽ 78,000 വിദേശ കെയർ വർക്കർമാരാണ് ദീർഘകാലം യു കെയിൽ തങ്ങുന്നതിനുള്ള വിസയുമായി ഇവിടെ എത്തിയത്. കുടിയേറ്റം റെക്കോർഡ് ഉയരത്തിലെത്തിയ സമയമായിരുന്നു അത്. ഈ മേഖല, വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നു എന്ന് പറയുമ്പോഴും, സർക്കാർ കർക്കശമാക്കിയ കുടിയേറ്റ നിയമങ്ങൾ, ഈ മേഖലയിൽ തൊഴിലാളി ചൂഷണത്തിന് വഴി തെളിക്കുന്നതായി ആർ സി എൻ കുറ്റപ്പെടുത്തുന്നു.

പലരേയും വളരെ കുറഞ്ഞ വേതനത്തിൽ, കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിതമാക്കുന്നതായി വിവിധയിടങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് ആർ സി എൻ വെയ്ൽസിലെ ഹെലെൻ വെയ്ലി പറയുന്നു.മതിയായ താമസ സൗകര്യം പോലും പലരും നൽകുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചൂഷണത്തിന്റെ പേരിൽ ഏതാണ് 200 ഓളം സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പ് ലൈസൻസ് എടുത്തു കളയുകയും ചെയ്തു. വിദേശ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടാതിരിക്കാനാണ് കർശന നടപടികൾ കൈക്കൊള്ളുന്നത് എന്നാണ് സർക്കാർ ഭാഷ്യം.

സർക്കാരിന്റെ കർശനമായ കുടിയേറ്റ നയങ്ങൾ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി വെൽഷ് നാഷണലിസ്റ്റ് പർട്ടിയായ പ്ലേ കമരി ആരോപിക്കുന്നു. വെയ്ൽസിലെ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ വിദെശ കെയറർമാർ വരുന്നതിനെ സ്വാഗതം ചെയ്യുന്നതാണ് പാർട്ടിയുടെ നിലപാട്. വംശമോ, ജന്മസ്ഥലമോ പരിഗണിക്കാതെ, ഈ മേഖലയിലെ വിദഗ്ധരായ തൊഴിലാളികൾ നൽകുന്ന സേവനത്തെ അംഗീകരിക്കാൻ യു കെ തയ്യാറാകണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. അതേസമയം, ബ്രിട്ടനിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ കുടിയേറ്റ നിരക്ക് കുറയ്ക്കണമെന്ന അഭിപ്രായക്കാരാണ്.