- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
ലണ്ടൻ: ലോകമെമ്പാടു നിന്നും മലവെള്ളം പോലെ ഒലിച്ചെത്തിയ യുകെ കെയർ വർക്കർ വിസക്കാരുടെ കാര്യത്തിൽ ബ്രിട്ടീഷ് സർക്കാർ നിയന്ത്രണം കടുപ്പിക്കുമ്പോൾ തന്നെ ഇനിയും വരാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ കൂടുതൽ കടമ്പകൾ തയാറാകുന്നു. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ നിന്നും 18000 കെയർ വർക്കർമാർ യുകെയിൽ എത്തി എന്ന കണക്കുകൾ വന്നതിനു പിന്നാലെ ആരോഗ്യ മേഖലയിൽ ഇന്ത്യയിൽ നിന്നും കൂട്ടത്തോടെ ആരോഗ്യ പ്രവർത്തകർ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നതിൽ ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചതാണ് ഇപ്പോൾ കെയർ വിസയിൽ യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ വീണ്ടും കടമ്പകൾ സൃഷ്ടിക്കുന്നത്.
ലോകാരോഗ്യ സംഘടനാ നടത്തിയ മുന്നറിയിപ്പുകൾ ബ്രിട്ടനും ഇന്ത്യക്കും പാടേ കണ്ടില്ലെന്നു നടിച്ചു കുടിയേറ്റ നയം രൂപപ്പെടുത്താനാകില്ല എന്നതിനാൽ വിസ നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടി വരും എന്നാണ് സൂചന. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും 18000 പേര് കെയർ വിസ സ്വന്തമാക്കി എന്ന വിവര ശേഖരം അടങ്ങിയ റിപ്പോർട്ട് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി തയാറാക്കി പ്രസിദ്ധീകരണത്തിന് നൽകിയിരിക്കുന്നത്.
മുന്നറിയിപ്പ് നൽകുന്നവർ ഏറെ, സർക്കാരിന് കണ്ടില്ലെന്നു നടിക്കാനാകില്ല
ഇന്ത്യക്കൊപ്പം നൈജീരിയയും 18000 പേരെ കെയർ വിസയിൽ എത്തിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. ആരോഗ്യ മേഖലയിൽ ആകെ 140000 വിസകൾ നൽകിയപ്പോൾ അതിൽ 89000 എണ്ണവും കെയർ വിസ ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഈ വിസയിൽ നല്ലപങ്കും കച്ചവട ലോബി ദുരുപയോഗം ചെയ്തു എന്ന വെളിപ്പെടുത്തലും കൂടി ആയതോടെ പുതിയ വിസ അനുവദിക്കുന്ന കാര്യത്തിൽ ശക്തമായ നിയന്ത്രണം എത്തും എന്നുറപ്പാണ്. മാത്രമല്ല വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും ആരോഗ്യ മേഖലയെ കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലാത്തവർ കെയർ വിസ സ്വന്തമാക്കി എത്തിയത് സേവന ഗുണനിലവാരത്തെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഓക്സോഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രെഷൻ ഒബ്‌സർവേറ്ററി ഉപദേശക മാഡ്‌ലെയ്ൻ സംപ്ഷൻ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏതാനും വർഷത്തെ കണക്കുകളിൽ റെക്കോർഡ് സൃഷ്ടിക്കുന്ന വിധം വിസകളാണ് ആരോഗ്യ മേഖലയിൽ അനുവദിക്കപ്പെട്ടത്. തൊട്ടു മുൻ വർഷത്തേക്കാൾ 25 ശതമാനം അധിക വിസകളാണ് ആകെ നൽകിയിരിക്കുന്നത്. ആരോഗ്യ മേഖലയിൽ അനുവദിക്കപ്പെട്ട വിസകളിൽ 91 ശതമാനം വർധന ഉണ്ടായതും സർക്കാർ ഗൗരവമായി കാണുകയാണ്. കുറഞ്ഞ ശമ്പളത്തിലും മറ്റും ജോലി ചെയ്യാൻ കുടിയേറ്റക്കാർ തയാറാകുന്നത് ആരോഗ്യ മേഖലയിൽ തദ്ദേശീയർ ആയവരുടെ ജോലി സാധ്യത ഇടിച്ചു കളയും എന്ന മുന്നറിയിപ്പും സർക്കാരിന് അവഗണിക്കാനാകില്ല. എൻഎച്എസ് ഫണ്ടിങ് വെട്ടികുറച്ചതും ആരോഗ്യ മേഖലയിൽ സ്വകാര്യ വത്കരണം പിടിമുറുകിയതും യുകെയിലെ തദ്ദേശീയരായ ആളുകൾക്ക് ഈ ജോലി രംഗത്ത് സാദ്ധ്യതകൾ ഇല്ലാതാക്കുകയാണ് എന്ന മുന്നറിയിപ്പും എത്തിക്കഴിഞ്ഞു.
കുടിയേറ്റ ജീവനക്കാരുടെ എണ്ണം ഉയരുന്നത് പരാതികളുടെ എണ്ണവും കൂട്ടുന്നു ,പല കെയർ ഹോമുകളിലും തുടർച്ചയായ പരിശോധനകൾ
പല കെയർ ഹോമുകളിലും ഇന്ത്യക്കാരും ആഫ്രിക്കൻ വംശജരും തിങ്ങി നിറഞ്ഞു ജോലി ചെയ്യുന്ന സാഹചര്യം പരാതികൾക്കും ഇടയാക്കുകയാണ്. കെയർ ഹോമിൽ താമസിക്കുന്നവരെ കാണാൻ എത്തുന്ന ബന്ധുക്കൾ കുടിയേറ്റ ജീവനക്കാരുടെ ബാഹുല്യം കണ്ടു തൊട്ടതിനൊക്കെ പരാതി ഉയർത്തുന്ന സാഹചര്യം വളരുകയാണ്. കെയർ ക്വളിറ്റി കമ്മീഷൻ അടക്കം ഉള്ള നിയന്ത്രണ ഏജൻസികളിൽ പരാതി കൂടിയതോടെ ഇപ്പോൾ കെയർ ഹോമുകളിലും നിരന്തര പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. പരാതിക്ക് ഉള്ള കാരണം കുടിയേറ്റ ജീവനക്കാരുടെ ബാഹുല്യം ആണെങ്കിലും അത് മറച്ചു വച്ച് നിസാര കാരണം ചൂണ്ടിക്കാട്ടിയാണ് തദ്ദേശീയ ജനത സി ക്യൂ സിയെ ആവലാതിയുമായി സമീപിക്കുന്നത്.
പലപ്പോഴും പരാതികളിൽ കഴമ്പു ഒന്നും കണ്ടെത്തുന്നില്ലെങ്കിലും ഗുണനിലവാരം ഉയർത്തണം എന്ന നിർദേശവുമായി പരിശോധകർ മടങ്ങുന്നത് കെയർ ഹോം മാനേജ്‌മെന്റുകൾക്ക് സമ്മർദം ഉയർത്തുകയാണ്. പലയിടത്തും മാനേജർമാർ രാജി ഭീക്ഷണിയും ഉയർത്തിയിട്ടുണ്ട്. ശക്തമായ സമ്മർദം നേരിട്ട് ജോലി തുടരാനാകില്ല എന്നാണ് മാനേജർമാർ പറയുന്നത്. പണം നൽകി വിസ സ്വന്തമാക്കിയ കുടിയേറ്റ ജീവനക്കാരാക്കട്ടെ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നില്ല എന്ന പരാതിയും ശക്തമാണ്. ജീവനക്കാർ നിർദേശങ്ങൾ അനുസരിക്കാത്തതു തലവേദനയായി മാറുന്നത് മാനേജർമാർക്കാണ്. കെയർ ഹോം ജീവനക്കാരുടെ ബന്ധുക്കൾ ഉയർത്തുന്ന പരാതികളെ തുടർന്ന് മണിക്കൂറുകൾ അധികമായി ജോലി ചെയ്യേണ്ട സാഹചര്യം ഓരോ കെയർ ഹോം മാനേജര്മാരെയും സമ്മർദത്തിൽ എത്തിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
ആഫ്രിക്കൻ രാജ്യക്കാർക്കു കൂടുതൽ നിയന്ത്രണം, തൊഴിൽ ഉടമകളും ചൂഷണത്തിന്
ഇന്ത്യക്കൊപ്പം കെയറർമാരെ യുകെയിൽ എത്തിച്ച രാജ്യമാണ് നൈജീരിയ. അവിടെ നിന്നും 18000 കെയറർമാരാണ് കഴിഞ്ഞ വർഷം യുകെയിൽ എത്തിയത്. മറ്റൊരു ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ നിന്നും 15000 പേരെത്തി. ഇത്തരത്തിൽ കണക്കില്ലാത്ത വിധം ആളുകൾ വന്നെത്തിയതോടെയാണ് ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ് നൽകുന്നത് .സംഘടനയുടെ ലിസ്റ്റിൽ ഇന്ത്യ ആരോഗ്യ പ്രവർത്തകരുടെ കുറവ് അനുഭവപ്പെടുന്ന നാട് അല്ലെങ്കിലും സിംബാബ്വെയും നൈജീരിയയും ഒക്കെ ആരോഗ്യ പ്രവർത്തകരുടെ കുറവ് നേരിടുന്ന രാജ്യങ്ങളാണ്. ഇക്കാരണത്താൽ മാത്രം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ യുകെയിലേക്കുള്ള വരവിനു പെട്ടെന്ന് ഇടിവ് ഉണ്ടാകാൻ സാധ്യത ഏറെയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കെയർ വിസയിൽ റിക്രൂട്മെന്റ് നടത്തുന്നതിന് ത്വാതികമായി ബ്രിട്ടൻ വിലക്കിനു സമാനമായ നിയന്ത്രണം ആണ് ഇപ്പോൾ നടത്തുന്നത്.
അതിനിടെ കുടിയേറ്റ ജീവനക്കാർ കൂടിയതോടെ വ്യാപകമായി തൊഴിൽ ചൂഷണവും ഈ മേഖലയിൽ ഉണ്ടെന്ന പരാതിയും സജീവമാണ്. മാധ്യമ വാർത്തകളെ മാത്രം ആശ്രയിച്ചാൽ ചൂഷണം എത്ര വലുതാണ് എന്നും ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി പഠനം വ്യക്തമാക്കുന്നു. ഇടനിലക്കാരായ ഏജന്റുമാർ മാത്രമല്ല തൊഴിൽ ഉടമകളും പല തരത്തിൽ കുടിയേറ്റ ജീവനക്കാരെ ചൂഷണം ചെയ്യുകയാണ്. വിസ നഷ്ടമാകും എന്ന ഭയത്തിൽ ആരും റിപ്പോർട്ട് ചെയ്യുകയുമില്ല. 15000 പൗണ്ട് വരെ വിസ ലഭിക്കാൻ മുടക്കിയവർ യുകെയിൽ എത്തുമ്പോൾ ദുരിത സമാന സാഹചര്യത്തിലാണ് കഴിയുന്നത് എന്ന് യൂനിസൺ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിലെ ക്വളിറ്റി ഓഫ് ലൈഫ് താഴെക്കിടിയുന്നു എന്ന പരാതിയും കുടിയേറ്റ ജീവനക്കാരുടെ എണ്ണം കൂടിയതോടെ വ്യാപകമായിട്ടുണ്ട്.