- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലായ രണ്ടു മലയാളികളെ വെള്ളിയാഴ്ച നാട് കടത്തും; ഒരാൾക്ക് ഇടക്കാല ജാമ്യം; ബ്രിട്ടൻ നടപടി കടുപ്പിക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി വന്നവർ വെറും കയ്യോടെ മടങ്ങുന്നു; ജോലിയുടെ പേരിൽ നടപടിയെന്നത് മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ ആശ്രിത വിസക്കാർക്കും താക്കീതായി മാറുന്നു
ലണ്ടൻ: ആഴ്ചകൾക്ക് മുൻപ് ബ്രിട്ടനിലെ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും അറസ്റ്റിലായ മൂന്നു വിദ്യാർത്ഥികളിൽ രണ്ടു പേരെ നാട് കടത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് നടത്തിയ നിയമ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് യുകെയിൽ തുടരാൻ നിയമം അനുവദിക്കുന്നില്ല എന്ന തീരുമാനമാണ് ഹോം ഓഫിസ് എടുത്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിൽ ക്‌ളാസ് നടക്കുന്ന സമയത്തു വിദ്യാർത്ഥിനി 13 മണിക്കൂർ അധികമായി ജോലി ചെയ്തു എന്നാണ് ഹോം ഓഫിസ് കണ്ടെത്തിയത്. ഇത് നിക്ഷേധിക്കാൻ വിദ്യാർത്ഥിനിക്ക് സാധിക്കാതെ വന്നതോടെയാണ് അതിവേഗ നടപടി ഉണ്ടാകുന്നത്. വിദ്യാർത്ഥിനിയുടെ ആശ്രിത വിസയിൽ എത്തിയ ഭർത്താവിനും ഇതോടെ യുകെയിൽ തുടരാനാകാത്ത സാഹചര്യമാണ്. ഇതോടെയാണ് രണ്ടു പേരെയും ഒന്നിച്ചു നാട് കടത്താൻ തീരുമാനമായത്. എന്നാൽ ഇവർക്കൊപ്പം അറസ്റ്റിലായ യുവാവിന് താത്കാലികമായി യുകെയിൽ തുടരാൻ അനുവദിക്കുകയും ചെയ്തു. മൂന്നു പേരുടെയും കേസ് ഫീസ് പോലും വാങ്ങാതെ നോർത്തപ്റ്റൻ മലയാളിയും ലോക കേരള സഭ അംഗവുമായ അഭിഭാഷകൻ ദിലീപ് കുമാറാണ് ഏറ്റെടുത്തിരുന്നത്.
വെറും 13 മണിക്കൂർ അധിക ജോലി ചെയ്തതിനു നികുതിക്ക് ശേഷം നൂറു പൗണ്ടിൽ താഴെ മാത്രമാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചിരിക്കുക. എന്നാൽ കയ്യിൽ എത്തിയ പണത്തിന്റെ കണക്ക് നോക്കാതെ നിയമ ലംഘനം നടത്തി എന്നതാണ് ഹോം ഓഫിസ് അധികൃതർ ഗൗരവത്തിൽ എടുത്തിരിക്കുന്നത്. ആയിരക്കണക്കിന് പൗണ്ടിന്റെ ബാധ്യതയാണ് തങ്ങൾക്ക് ഉണ്ടായതെന്നും ഒരു തവണത്തേക്ക് മാനുഷിക പരിഗണന നല്കണം എന്നത് ഒക്കെ ഹോം ഓഫിസിന്റെ മുന്നിൽ എത്തിയെങ്കിലും ഇത്തരം നൂറു കണക്കിന് അപേക്ഷകളിലൂടെ കടന്നു പോകുന്ന ഉദ്യോഗസ്ഥർ കണ്ണടച്ചുള്ള തീരുമാനമാണ് വിദ്യാർത്ഥിനിയുടെ കാര്യത്തിൽ എടുത്തിരിക്കുന്നത്.അക്കാര്യത്തിൽ ശരി അധികൃതരുടെ ഭാഗത്തുമാണ്.
എന്നാൽ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും അറസ്റ്റിൽ ആയ മൂവരിൽ അവസാനത്തെയാൾ താൻ യൂണിവേഴ്‌സിറ്റിയിൽ ക്‌ളാസ് ഇല്ലാതിരുന്ന സമയത്താണ് അധിക ജോലി ചെയ്തത് എന്നത് ഹോം ഓഫിസ് മാനുഷിക പരിഗണനയോടെ അംഗീകരിക്കുക ആയിരുന്നു. മാത്രമല്ല ഇയാൾ വെറും രണ്ടു മണിക്കൂർ ആണ് അധികമായി ജോലി ചെയ്തത്. ഇതോടെ ഈ കേസിൽ ജാമ്യം അനുവദിക്കാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു. എങ്കിലും അവസാന തീരുമാനം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ശേഷമേ ഉണ്ടാകൂ എന്നാണ് ലഭ്യമാകുന്ന വിവരം.
ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യത്വമോ കരുണയോ കാട്ടുന്നതല്ല ബ്രിട്ടീഷ് നിയമം എന്നത് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ സംഭവം. വിദ്യാർത്ഥിനി അധിക മണിക്കൂർ ജോലി ചെയ്തത് മലയാളി ഏജൻസിയിൽ ആണെന്നതിനാൽ ഇപ്പോൾ വീഴുന്ന കണ്ണീരിലും ശാപത്തിലും ഒരു പങ്കു അധിക ജോലി ചെയ്യാൻ അനുവദിച്ച സ്ഥാപനത്തിനും കൂടി അർഹതപ്പെട്ടതാണ്. യുകെയിലെ ദുരിത കാലത്തിലേക്ക് എത്തിപ്പെടുന്ന മലയാളി വിദ്യാർത്ഥികളിൽ ധനികരുടെ മക്കൾക്ക് മാത്രമാണ് അധിക സമയം ജോലി ചെയ്യാതെ നിയമ ലംഘനം നടത്താതെയും പഠന കാലം പൂർത്തിയാക്കാനാകൂ .എന്നാൽ സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്നും എത്തുന്നവർ യൂണിവേഴ്‌സിറ്റി ഫീസ് പോലും ജോലി ചെയ്തുണ്ടാക്കാം എന്ന സ്റ്റുഡന്റ് ഏജൻസികളുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങിയാണ് ഒടുവിൽ വന്ന വേഗത്തിൽ മടങ്ങേണ്ടി വരുന്നത്. ഇത്തരക്കാർക്ക് അധിക സമയം ജോലി ചെയ്‌തേ മതിയാകൂ. അനേകായിരം വിദ്യാർത്ഥികളാണ് ഭക്ഷണത്തിനു വഴിയില്ലാതെ സഹായം തേടുന്നത്.
മൂന്നാമത് ഒരു വിഭാഗം വിദ്യാർത്ഥികൾ യുകെയിലെ കാര്യങ്ങൾ ശരിയായി അറിഞ്ഞ ശേഷം മാത്രം എത്തുന്നവരാണ്. ഇവർ ആദ്യ സെമസ്റ്റർ ഫീസ് അടച്ച ശേഷം യുകെയിൽ എത്തുകയും പിന്നീട് ജോലി ലഭിക്കാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും മുങ്ങുകയും ചെയ്യുന്ന വിഭാഗമാണ്. പിടിക്കുമ്പോൾ പിടിക്കട്ടെ അതുവരെ യുകെയിൽ ആവശ്യത്തിന് ജോലി ചെയ്യാമല്ലോ എന്ന ചിന്തയിലാണ് ഇവരുടെ വരവ് തന്നെ. എന്നാൽ അടുത്തിടെയായി ഇത്തരക്കാരെ കുറിച്ച് യൂണിവേഴ്‌സിറ്റികൾ തന്നെ അറിയിപ്പ് നൽകി തുടങ്ങിയതോടെ പിടിയിലായി നാടുകടത്തപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്.
വെയ്ൽസിൽ നിന്നും മാത്രം അൻപതിലേറെ പേരെ നാടുകടത്തിയെന്നു പ്രാദേശിക മാധ്യമം വാർത്ത ചെയ്തതോടെ അക്കാര്യം ഇന്ത്യയിലും ദേശീയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ സഹായ വാഗ്ദാനം നൽകി രംഗത്ത് വന്നിരുന്നെകിലും പിന്നീട് ഒരു വിവരവും ഉണ്ടായില്ല. അതെ സമയം മാധ്യമ റിപ്പോർട്ടിന്റെ പല ഇരട്ടി മലയാളി വിദ്യാർത്ഥികളാണ് ഒരു വർഷത്തിലേറെ ആയി ഡീപോർട് ചെയ്യപ്പെടുന്നത് എന്നതാണ് വാസ്തവം.
മറുനാടന് ഡെസ്ക്