ലണ്ടൻ: കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനം 29,000 പൗണ്ട് ആയി ഉയർത്തിയിരിക്കുകയാണ്. ഏപ്രിൽ 11 മുതൽ ഇത് പ്രാബല്യത്തിൽ വരുമ്പോൾ നിലവിൽ ബ്രിട്ടനിൽ ജോലിചെയ്യുന്നവരിൽ പകുതിയോളം പേർക്ക് വിദേശങ്ങളിലുള്ള ആശ്രിതരെ കൂടെ കൊണ്ടുവരാൻ കഴിയില്ലെന്ന റിപ്പോർട്ട് പുറത്തു വന്നു. മലയാളികൾ അടക്കമുള്ളവർക്ക് വമ്പൻ തിരിച്ചടിയാണ് ഇപ്പോഴത്തെ നിയമമാറ്റം.

നിയമവിധേയമായ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, സ്‌കിൽഡ് വിസയിൽ യു കെയിലെക്ക് വരുന്നതിനുള്ള മിനിമം വേതനവും വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് 26,200 പൗണ്ട് ആയിരുന്നെങ്കിൽ വരുന്ന ഏപ്രിൽ 4 മുതൽ ഇത് 38,700 പൗണ്ട് ആയി ഉയരും. അതിന്റെ കൂടെയാണ് യു കെയിലേക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനവും വർദ്ധിപ്പിച്ചത്.

ഇത് പ്രകാരം, ബ്രിട്ടനിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക്, തന്റെ കുടുംബാംഗങ്ങളേയോ, പങ്കാളിയെയോ കുട്ടികളെയോ ബ്രിട്ടനിലേക്ക് കൊണ്ടു വരണമെങ്കിൽ ചുരുങ്ങിയത് 29,000 പൗണ്ട് ശമ്പളം ആവശ്യമായി വരും. നേരത്തെ ഇത് 18,600 പൗണ്ട് മാത്രമായിരുന്നു. വൻ വർദ്ധനവാണ് ഇതിൽ ഇപ്പോൾ സർക്കാർ കൊണ്ടു വന്നിരിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ് ആസ്ഥാനമാക്കിയുള്ള മൈഗ്രേഷൻ ഒബ്സർവേറ്ററി ഇതുമായി നടത്തിയ ഒരു പഠനത്തിൽ വെളിപ്പെട്ടത് നിലവിൽ യു കെയിൽ ജോലിചെയ്യുന്നവരിൽ 50 ശതമാനത്തോളം പേർക്ക് പുതുക്കിയ മാനദണ്ഡമനുസരിച്ച് ആശ്രിതരെ കൂടെ കൊണ്ടുവരാൻ കഴിയില്ല എന്നാണ്. ഈ വിഭാഗത്തിൽ പെടുന്നവർ 29,000 പൗണ്ടിന്റെ വേതനം കൈപ്പറ്റുന്നവരല്ല എന്നതു തന്നെയാണ് കാരണം.

മറ്റൊരു കാര്യം, കൂടെ ആശ്രിതരെ കൊണ്ടു വരാൻ ആവശ്യമായ മിനിമം വേതനം വീണ്ടും ഉയരും എന്നതാണ്. ഇത് ആദ്യം 34,500 പൗണ്ട് ആയും പിന്നീട് 38,700 പൗണ്ട് ആയും ഉയരും. എന്നാൽ ഈ വർദ്ധനവ് എപ്പോൾ നിലവിൽ വരുമെന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ ഒരു പ്രതികരണം നടത്തിയിട്ടില്ല. മൈഗ്രേഷൻ നടത്തിയ പഠനത്തിൽ വെളിപ്പെട്ടത് ഏകദേശം 70 ശതമാനത്തോളം ജോലിക്കാർ 38,700 പൗണ്ടിന് താഴെ മാത്രം വരുമാനമുള്ളവരാണ് എന്നാണ്.

2025 ആകുമ്പോഴേക്കും ഇത് 38,700 പൗണ്ട് ആക്കും എന്നൊരു സംസാരമുണ്ടെങ്കിലും അക്കാര്യത്തിൽ ഒരു വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. ഫാമിലി വിസയിൽ വരുത്തിയ മാറ്റം നെറ്റ് ഇമിഗ്രേഷൻ റേറ്റിൽ നിർണായക സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ പക്ഷെ ഗവേഷകർക്ക് സംശയമുണ്ട്. അടുത്ത കാലത്തായി ഫാമിലി വിസ എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ദീർഘകാല താമസത്തിനായി ബ്രിട്ടനിൽ എത്തുന്നവരിൽ ചെറിയൊരു ശതമാനം മാത്രമാണ് ഫാമിലി വിസ വഴി എത്തുന്നത്.

ഫാമിലി വിസയ്ക്കുള്ള മിനിമം വേതനം വർദ്ധിപ്പിച്ചത് ഒരുപാട് കുടുംബങ്ങൾക്ക് വേർപാടിന്റെ വേദന വരുത്തിവയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. സ്ത്രീകളെയായിരിക്കും ഇത് കൂടുതലായി ബാധിക്കുക. തെക്ക് കിഴക്കൻ മേഖലക്ക് പുറത്ത് താമസിക്കുന്ന 30 നും 50 നും ഇടയിൽ പ്രായമുള്ളവരായിരിക്കും പുതിയ നിയമത്തിന്റെ വിപരീത ഫലം അനുഭവിക്കുന്നവരിൽ ഏറിയപങ്കും.