ലണ്ടൻ: യുകെയിലെ ലൂട്ടനിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ചിരുന്ന വീട്ടിൽ ഉണ്ടായ അഗ്‌നിബാധയിൽ സർവ്വതും കത്തി നശിച്ചു. വീടിന്റെ പുറകു വശത്തു നിന്നും പടർന്ന തീ നിമിഷ വേഗത്തിൽ ആളിപ്പടർന്നു മുകൾ നിലയും കത്തിച്ചാമ്പലാക്കുക ആയിരുന്നു. ഈസ്റ്റർ നാളിൽ സംഭവിച്ച ദുരന്തത്തിൽ ആറു പേരടങ്ങുന്ന മലയാളി വിദ്യാർത്ഥി സംഘമാണ് മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലും കയ്യിൽ ഇല്ലാത്ത നിലയിൽ ആയിരിക്കുന്നത്. താൽക്കാലികമായി ഇവർ സുഹൃത്തുക്കൾക്കൊപ്പം കഴിയുക ആണെങ്കിലും ഇവർക്ക് മാറിത്താമസിക്കാൻ അടിയന്തിരമായി വീട് ലഭിക്കുന്നതിന് പ്രാദേശിക മലയാളി സമൂഹത്തിന്റെ സഹായം വേണ്ടി വരും.

സാധ്യമായ എന്ത് സഹായം ചെയ്യുവാനും ഒരുക്കമാണ് എന്ന് ലൂട്ടൻ കേരളൈറ്റ് അസോസിയേഷൻ ഭാരവാഹികൾ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമുണ്ടെങ്കിൽ ലഭ്യമാക്കാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ട്. ഇരു സഹായ വാഗ്ദാനങ്ങളോടും താമസക്കാരായ വിദ്യാർത്ഥികളുടെ പ്രതികരണം ലഭ്യമായിട്ടില്ല എന്നാണറിയുന്നത്. അതിനിടെ അപകട കാരണം സംബന്ധിച്ച് വ്യക്തമായ വിവരം ഇതുവരെ ഫയർ ആൻഡ് സേഫ്റ്റി ടീമിൽ നിന്നും ലഭ്യമായിട്ടില്ല.

എന്നാൽ വൈകുന്നേരം സംഭവിച്ച ദുരന്തത്തിൽ താഴെ നിന്നും തീ പടർന്നത് അറിഞ്ഞ വിദ്യാർത്ഥികൾ ബഹളം വച്ച് മുകൾ നിലയിൽ ഉള്ളവരെ കൂടി അതിവേഗം താഴെ എത്തിക്കുക ആയിരുന്നു. ഭാര്യ ഭർത്താക്കന്മാർ ആയി കഴിഞ്ഞ രണ്ടു പേർക്ക് മാത്രമാണ് പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കൈവശപ്പെടുത്താനായത്. മറ്റു രണ്ടുപേർ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു യാത്രയ്ക്കായി കാത്തിരിക്കുകയാണ്. എന്നാൽ കത്തി നശിച്ച വീട്ടിലേക്ക് ഇവർക്ക് ഇപ്പോൾ പ്രവേശിക്കാൻ കഴിയാത്തതിനാൽ രേഖകൾ സുരക്ഷിതമാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം പ്രാദേശിക മാധ്യമ റിപോർട്ടുകൾ അനുസരിച്ചു വീട് പൂർണമായും കത്തി നശിച്ചെന്ന സൂചനയാണ് ലഭ്യമാകുന്നത്.

കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളിൽ ഒരാളെ പാരാമെഡിക്‌സ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കാര്യമായ പ്രയാസങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് പിന്നീട് ഇവർ ആശുപത്രി വിടുകയും ചെയ്തു. വൈകുന്നേരം ഏഴരയോടെ ഉണ്ടായ അഗ്‌നിബാധ ഏറെ സമയമെടുത്താണ് പൂർണമായും നിയന്ത്രണത്തിലാക്കിയത്. ഇടുക്കിക്കാരായ വിദ്യാർത്ഥികളുടെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.

വീട്ടിൽ പുക വലിക്കുന്ന ശീലം ഉള്ളവർ ഉണ്ടെന്നാണ് ഫയർ ആൻഡ് സേഫ്റ്റി ടീം കണ്ടെത്തിയിരിക്കുന്നത്. കാരണം വീടിനു പുറത്തു നിന്നും കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റികൾ നൽകിയ സൂചന അനുസരിച്ചാണ് ഇവർ ഇക്കാര്യം സ്ഥിരീകരിച്ചത്. വീടിനു പുറത്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന കിടക്കയ്ക്ക് തീപിടിച്ചതാകാം അഗ്‌നിബാധയിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ സംഭവ ദിവസം തങ്ങളാരും പുറത്തിറങ്ങിയിട്ടിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

പക്ഷെ അപകട കാരണം വക്തമാകുന്ന തരത്തിൽ ഫോറൻസിക് പരിശോധനകൾ അടങ്ങിയ റിപ്പോർട്ട് ഏഷ്യൻ വംശജനായ വീട്ടുടമയ്ക്ക് ലഭിക്കുമ്പോൾ മാത്രമേ കാരണമറിയാനാകൂ. ഇക്കാര്യത്തിൽ വിദ്യാര്ധികളെ സമ്മർദ്ദത്തിലാക്കുന്ന നിലപാടാണ് വീട് നൽകിയ ഏഷ്യൻ ഉടമസ്ഥതയിൽ ഉള്ള ഏജൻസിയും സ്വീകരിച്ചിരിക്കുന്നത്. വീട്ടിൽ ആറു പേർ താമസിച്ചിരുന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തരുത് എന്ന ഏജൻസി നിലപാട് സംശയകരമാകുകയാണ്. പക്ഷെ താമസക്കാരിൽ നിന്നും ആളൊന്നുക്ക് 100 പൗണ്ട് വീതം അധിക കമ്മീഷൻ കൂടി വാങ്ങിയാണ് ഏജൻസി താമസ സൗകര്യം അനുവദിച്ചത്.