ലണ്ടന്‍: അനധികൃതമായി ബ്രിട്ടനില്‍ തങ്ങുന്നവരെ നാടുകടത്തുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് നാടുകടത്തപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാര്യയെയും ഭര്‍ത്താവിനെയും തമ്മില്‍ വേര്‍പിരിയാന്‍ നിര്‍ബന്ധിതരാക്കി കൊണ്ട് കഴിഞ്ഞ ദിവസമാണ് ഒരു പാകിസ്ഥാന്‍കാരനെ നാടുകടത്തിയത്. അയാളുടെ ഭാര്യ ഇപ്പോഴും ബ്രിട്ടനില്‍ തന്നെ തുടരുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ 10,000 പേരെ നാടുകടത്തിയിട്ടുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍, സ്വമേധയാല്‍ തിരികെ പോയവരും, അഭയാര്‍ത്ഥി അപേക്ഷ നിഷേധിക്കപ്പെട്ടവരും അതുപോലെ ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും ഉള്‍പ്പെടും.

2020 ഫെബ്രുവരിക്ക് ശേഷം നാടുകടത്തപ്പെടുന്നവരെ കൊണ്ടുപോകാന്‍ പാകിസ്ഥാനിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഉണ്ടായിട്ടില്ല.അതിനു ശേഷം പാകിസ്ഥാനിലേക്ക് പറക്കാന്‍ തയ്യാറാക്കിയ മൂന്ന് ചാര്‍ട്ടര്‍ സര്‍വ്വീസുകള്‍ 2020 ലും 2021 ലും ഹോം ഓഫീസ് റദ്ദാക്കിയിരുന്നു. ഇപ്പോള്‍ നാടുകടത്തപ്പെട്ട വ്യക്തിയും ഭാര്യയും കഴിഞ്ഞ 14 വര്‍ഷങ്ങളായി യു കെയില്‍ താമസമായിരുന്നു. ഇവിടെ വെച്ചു തന്നെയാണ് അവര്‍ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും.

കുടുംബക്കാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും ഒളിച്ചോടി യു കെയില്‍ എത്തിയതാണ് ഇപ്പോള്‍ 37 വയസ്സുള്ള ഈ വ്യക്തി. വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ഇയാളുടെ പ്രതിശ്രുത വധു ആത്മഹത്യ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ പാകിസ്ഥാനില്‍ എത്തിയാല്‍ ഒളിവില്‍ പോകേണ്ട സാഹചര്യമാണ് ഇയാള്‍ക്കുള്ളതെന്ന് ഭാര്യ പറഞ്ഞു. അതുകൊണ്ടു തന്നെ ഇയാളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പുറത്തു പോകാതെ നോക്കുകയാണ് ഇവര്‍.തങ്ങള്‍ രണ്ടുപേരുമോ, ആരെങ്കിലും ഒരാളോ പാകിസ്ഥാനിലേക്ക് മടങ്ങിയാല്‍, ആ പുരുഷന്റെയും പ്രതിശ്രുത വധുവിന്റെയും കുടുംബങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നേരെ കടുത്ത നടപടികള്‍ ഉണ്ടായേക്കാം എന്നും അവര്‍ ഭയക്കുന്നു.

ഇത് ചൂണ്ടിക്കാട്ടി ഇവര്‍ ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിച്ചെങ്കിലും, ആ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. നവംബര്‍ 14 ന് സാധാരണയായുള്ള റിപ്പോര്‍ട്ടിംഗിനായി ഹോം ഓഫീസ് സെന്ററില്‍ എത്തിയ ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ആക്കുകയായിരുന്നു. പിന്നീട് ഇയാളെ യാള്‍സ് വുഡ് ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്ക് മാറ്റി.

പതിമൂന്ന് പാസ്സ്‌പോര്‍ട്ടുകള്‍ക്ക് അപേക്ഷിച്ച കുടിയേറ്റക്കാരന്‍ പിടിയില്‍

യു കെയില്‍ താമസിക്കുന്നതിന് അവകാശം നേടിയ (റൈറ്റ് ടു റിമെയ്ന്‍) ഒരു കൊസോവന്‍ പൗരന്‍ ഹോം ഓഫീസിന്റെ റെയ്ഡില്‍ പിടിയിലായി. 13 പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഇയാള്‍ അപേക്ഷിച്ചിരുന്നത്. തന്റെ മക്കള്‍ക്ക് എന്ന വ്യാജേനയാണ് ഇയാള്‍ അപേക്ഷിച്ചത്. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായിട്ടായിരുന്നു ഇയാള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. വിദേശ പൗരന്മാര്‍ക്കുള്ള 13 പാസ്സ്‌പോര്‍ട്ടുകള്‍ക്കായിരുന്നു ഇയാള്‍ അപേക്ഷിച്ചത്. ആള്‍മാറാട്ടം നടത്തി തട്ടിപ്പിനുള്ള ശ്രമമാണിതെന്ന സംശയത്തിലാണ് റെയ്ഡില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍ ശേഖരിച്ച്, യു കെയില്‍ താമസിക്കുന്നതിനുള്ള അര്‍ഹതയില്ലാത്തവര്‍ക്ക് വലിയ വിലയ്ക്ക് മറിച്ചു നല്‍കുന്ന സംഘടിത ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാണ് ഇയാള്‍ എന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയിലാണ് ഇയാള്‍ ഇത്രയും അപേക്ഷകള്‍ സമര്‍പ്പിച്ചത് എന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ ഇമിഗ്രേഷന്‍ ഓഫീസര്‍ പറഞ്ഞു. ഈ കുട്ടികളില്‍ ആരും തന്നെ ഇയാളുടേതല്ല എന്ന് സംശയിക്കുന്നതായും ഓഫീസര്‍ അറിയിച്ചു. മറ്റൊരു വിധത്തിലും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയില്ലാത്ത വിദേശ പൗരന്മാരാണ് ഈ കുട്ടികള്‍.