ലണ്ടൻ: എങ്ങനെയും കുറച്ചു പേരെ ബ്രിട്ടനിൽ നിന്നും നാട് കടത്തണം എന്ന് സർക്കാർ തീരുമാനിച്ചതോടെ ഇടവേളയിട്ട് നടന്നിരുന്ന ഹോം ഓഫിസ് റെയ്ഡ് നിത്യ സംഭവം എന്ന നിലയിലേക്ക് മാറുന്നു. രണ്ടു നാൾ മുൻപ് സ്റ്റോക് ഓൺ ട്രെന്റിൽ നടന്ന ഇമിഗ്രെഷൻ റെയ്ഡിൽ മൂന്നു മലയാളികൾ പിടിയിലായി. രണ്ടു വിദ്യാർത്ഥി വിസക്കാരും ഒരു ഡിപെൻഡഡ് വിസയിൽ ഉള്ള ആളുമാണ് മാഞ്ചസ്റ്ററിലെ ഡിറ്റെൻഷൻ സെന്ററിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവരെ ഏറ്റവും അടുത്ത ദിവസം തന്നെ കേരളത്തിൽ മടക്കി എത്തിക്കാനാണ് ഹോം ഓഫിസിന്റെ തീരുമാനം. വിവരം അറിഞ്ഞു നാട്ടിലെ ബന്ധുക്കൾ ബന്ധപ്പെട്ടതോടെ യുകെയിൽ നിന്നും മലയാളി അഭിഭാഷകൻ ഇവരുടെ നാടുകടത്തൽ വൈകിക്കുവാൻ ഉള്ള എല്ലാ ശ്രമവും നടത്തുകയാണ്. സ്റ്റോക് ഓൺ ട്രെന്റിലെ മലയാളി കെയർ ഏജൻസിയിൽ ജോലി ചെയ്തിരുന്നവർ ആയതിനാൽ ഏജൻസിയെ തേടിയും ആൾ ഒന്നിന് 20000 പൗണ്ട് വീതം പിഴയും ഉറപ്പായി.

സ്റ്റോക് ഓൺ ട്രെന്റിൽ കഴിഞ്ഞ വർഷം തുടർച്ചയായി ഹോം ഓഫിസ് റെയ്ഡുകൾ നടന്നിരുന്നതിനെ തുടർന്ന് ഇവിടെ നിന്നും കൂട്ടമായി വിദ്യാർത്ഥികൾ നാട് വിട്ടിരുന്നു. എന്നാൽ കുറഞ്ഞ വാടകയും ജോലി ലഭിക്കാനുള്ള സാഹചര്യവും കണക്കിലെടുത്തു വീണ്ടും വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെയാണ് ഹോം ഓഫിസ് റെയ്ഡുകൾ സ്റ്റോക് ഓൺ ട്രെന്റിലേക്ക് മടങ്ങിയെത്തിയത്. ഇവിടെ ഒരു ഡസനിൽ അധികം ചെറുതും വലുതുമായ നഴ്‌സിങ് ഏജൻസികൾ ഉള്ളതിനാൽ തമ്മിൽ തമ്മിലുള്ള പാരകളും തുടർച്ചയായ റെയ്ഡുകൾക്ക് കാരണമാകുന്നുണ്ട്. ഒരു ഏജൻസി കൂടുതൽ ബിസിനസ് കണ്ടെത്തുമ്പോൾ ഷിഫ്റ്റും വരുമാനവും കുറയുന്ന മറ്റൊരു ഏജൻസി പരാതിയുമായി ഹോം ഓഫിസിനെ സമീപിക്കുന്നതും സ്റ്റോക് ഓൺ ട്രെന്റിൽ റെയ്ഡുകൾ തുടർക്കഥയാകാൻ പ്രധാന കാരണമാണ്.

അതേസമയം മുൻപൊക്കെ ഒന്നോ രണ്ടോ മണിക്കൂർ അധിക ജോലി ചെയ്യുന്നതൊക്കെ കണ്ണടച്ച് വിട്ടിരുന്ന ഇമിഗ്രെഷൻ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഹോം സെക്രട്ടറി സ്യുവേല ബ്രെവർമാൻ കടുത്ത നിലപടുകാരിയാണ് എന്ന് മനസ്സിലാക്കിയതോടെ എങ്ങനെയും ആയിരക്കണക്കിന് ആളുകളെ യുകെയിൽ നിന്നും നാട് കടത്തണം എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആഴ്ചയിൽ രണ്ടു മണിക്കൂർ അധികം ജോലി ചെയ്തതിനാണ് ഇപ്പോൾ അറസ്റ്റിലായ യുവാവ് നാട് കടത്തൽ ഭീക്ഷണി നേരിടുന്നത്. ഒരു മാസത്തെ ആകെ ജോലി ചെയ്ത മണിക്കൂറുകൾ ആഴ്ചയിൽ 20 എന്ന കണക്ക് വച്ച് 80 മണിക്കൂറിൽ അധികം ആയിട്ടില്ലെങ്കിലും ഹോം ഓഫിസ് ഈ വാദം അംഗീകരിക്കാൻ തയാറല്ല. ആഴ്ചയിൽ 20 മണിക്കൂർ ജോലി എന്നതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല എന്നതാണ് ഹോം ഓഫിസ് നിലപാട്. എന്നാൽ ഇക്കാര്യം മാനുഷിക പരിഗണന വച്ച് പുനഃപരിശോധിക്കാൻ തയ്യാറാകണം എന്നാണ് മലയാളി അഭിഭാഷകൻ നൽകിയിരിക്കുന്ന അപ്പീൽ. ഇക്കാര്യത്തിൽ ഹോം ഓഫിസ് അനുകൂല നിലപാട് എടുക്കുമോ എന്ന് കണ്ടറിയണം.

എന്നാൽ വിദ്യാർത്ഥി വിസയിൽ ഉള്ള യുവതിയെ അറസ്റ്റ് ചെയ്തപ്പോൾ ഒപ്പമുള്ള ഡിപ്പന്റന്റ് വിസക്കാരനായ ഭർത്താവിനെയും അറസ്റ്റ് ചെയ്തു എന്നത് വിദ്യാർത്ഥി വിസയിൽ എത്തി നിയമ ലംഘനം നടത്തുന്ന അനേകം പേർക്കുള്ള താക്കീതായി മാറുകയാണ്. സ്റ്റുഡന്റ് വിസക്കാരി നിയമം ലംഘിച്ചതോടെ സ്വാഭാവികമായും ഭർത്താവിന്റെ ഡിപെൻഡന്റ് വിസയും ക്യാൻസൽ ആയി എന്നാണ് ഹോം ഓഫിസ് നൽകുന്ന വിശദീകരണം. ഇതോടെയാണ് ഇവർ രണ്ടുപേരെയും ഡിറ്റെൻഷൻ സെന്ററിലേക്ക് നീക്കിയിരിക്കുന്നത്. മൂവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കൈവശമാണ്. ഇവരെ അറസ്റ്റു് ചെയ്തിടത്തു താമസിച്ചിരുന്ന മറ്റു വിദ്യാർത്ഥികളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയതായി സൂചനയുണ്ട്. ഇതോടെ കൂടുതൽ റെയ്ഡുകളും സ്റ്റോക് ഓൺ ട്രെന്റിൽ പ്രതീക്ഷിക്കപ്പെടുകയാണ്.

കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്തവരെ കുറിച്ച് നഴ്‌സിങ് ഹോമുകളിൽ നിന്നും തന്നെ വിവരങ്ങൾ ചോരുന്നുണ്ട് സ്റ്റുഡന്റ് വിസയിൽ എത്തുന്നവർ പൈസയ്ക്ക് വേണ്ടി മാത്രം ജോലി ചെയുന്നു, ജോലിയോട് യാതൊരു വിധ ആത്മാർത്ഥതയും കാട്ടാത്തതിനാൽ ജോലി സ്ഥലങ്ങളിലെ സ്ഥിരം ജീവനക്കാർ തന്നെ പരാതിക്കാരായി മാറുകയാണ്. നല്ല അധ്വാന ശീലരായ ആളുകൾ തന്നെയാണ് കെയറർ ജോലിക്ക് എത്തേണ്ടത് എന്നിടത്തു തികച്ചും അലസരായ മലയാളി ചെറുപ്പക്കാർ എത്തുന്നതോടെയാണ് പരാതികൾ ആരംഭിക്കുന്നത്. വൃദ്ധജന പരിപാലനം തങ്ങളുടെ പ്രവർത്തന മേഖലയല്ലെന്നും തിരിച്ചറിവുള്ള മലയാളി സ്റ്റുഡന്റ് വിസക്കാർ തൽക്കാല ആവശ്യത്തിന് കുറച്ചു പണം ആവശ്യമുണ്ട് എന്ന ലക്ഷ്യത്തോടെ കെയർ ഹോമുകളിൽ എത്തി തുടങ്ങിയതോടെ മിക്ക ഹോമുകളുടെയും റേറ്റിങ് ഇടിഞ്ഞു തുടങ്ങിയതായി സി ക്യൂ സി ഇൻസ്പെസ്‌ക്ഷൻ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഫൈവ് സ്റ്റാർ റേറ്റിങ് ഉണ്ടായിരുന്ന ഹോമുകൾക്ക് പോലും ഇമ്പ്രൂവ്മെന്റ് നോട്ടീസ് കിട്ടിത്തുടങ്ങാൻ കാരണം ജീവനക്കാരുടെ അലംഭാവം ആണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.