- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽനട യാത്ര തടഞ്ഞു കാർ പാർക്ക് ചെയ്തു, ശേഷം നാട്ടുകാരുമായി തർക്കവും; മലയാളി ചെറുപ്പക്കാരുടെ കേരള സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു സോഷ്യൽ മീഡിയയിൽ ബ്രിട്ടീഷുകാരും യുകെ മലയാളികളും; കാർ ഡ്രൈവർക്കെതിരെ നടപടിയെത്താൻ സാധ്യത
ലണ്ടൻ: യുകെയിൽ അടുത്തകാലത്തായി എത്തികൊണ്ടിരിക്കുന്ന മലയാളി ചെറുപ്പക്കാരും വിദ്യാർത്ഥികളും സാമാന്യ മര്യാദകൾ പാലിക്കാതെ ജീവിക്കുന്നതിനെ പറ്റി വിമർശം ഉയർന്നപ്പോൾ അമ്മാവന്മാരുടെ കണ്ണിൽകടി എന്നതായിരുന്നു മറുപടി. എന്നാൽ മൂത്തവർ ചൊല്ലും വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന ചൊല്ല് ശരിവച്ചു യുകെ മലയാളികളായ ചെറുപ്പക്കാർ പിടിച്ച പുലിവാലാണ് ഇന്നലെ സോഷ്യൽ മീഡിയ ചർച്ച ചെയ്തത്.
കാൽ നട യാത്രക്കാർക്കുള്ള സ്ഥലം കയ്യേറി പാർക്ക് ചെയ്തത് ചോദ്യം ചെയ്ത തദ്ദേശീയരെ തെറ്റ് തിരിച്ചറിഞ്ഞു ക്ഷമ ചോദിച്ചു സ്ഥലം കാലിയാക്കുന്നതിനു പകരം തിരിച്ചു അധിക്ഷേപ വാക്കുകളുമായി നേരിടാൻ തയ്യാറായ മലയാളി ചെറുപ്പക്കാർക്ക് തിരികെ ലഭിച്ചത് സോഷ്യൽ മീഡിയ പൊങ്കാല. ഇത്തരം നിയമ ലംഘനങ്ങൾ തുടർച്ചയായി സമൂഹത്തിൽ എത്തിക്കുന്ന കൂട്ടായ്മയായ ക്രൈം വാച്ച് പുറത്തു വിട്ട വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കടുത്ത വിമർശവുമായി തദ്ദേശീയരും യുകെ മലയാളികളും ഒന്നിച്ചെത്തി എന്നതും ശ്രദ്ധേയമായി. കേരളത്തിലെ ജീവിതം അതേപടി യുകെയിൽ പറിച്ചു നട്ടാൽ നാട്ടുകാർ കയ്യും കെട്ടി നോക്കി നിൽക്കില്ല എന്ന ഗുണപാഠവും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
തെറ്റ് അംഗീകരിക്കാതെ നാട്ടുകാരനുമായി വാഗ്വാദം
ഒരു യുവതിയും ഏതാനും യുവാക്കളും ചേർന്നാണ് അനധികൃത പാർക്കിങ് ചോദ്യം ചെയുന്ന ബ്രിട്ടീഷുകാരനോട് വാഗ്വാദത്തിനു മുതിരുന്നത്. ഒന്നിലേറെ കാറുകളിൽ എത്തിയ ചെറുപ്പക്കാർ നിരയായി കിടന്ന മറ്റു കാറുകൾക്കൊപ്പമാണ് കാൽനട യാത്രക്കാർക്ക് തടസം ഉണ്ടാകും വിധം പാർക്ക് ചെയ്തത്. ഇത് നിരീക്ഷിച്ച സമീപ വാസികൾ തെറ്റായ പാർക്കിങ് ആണ് നടത്തിയിരിക്കുന്നതെന്നു കാർ ഉടമയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും തെറ്റ് മനസിലാക്കാതെ വാഗ്വാദം തുടരുകയായിരുന്നു ചെറുപ്പക്കാർ.
ഇത് വിഡിയോ റെക്കോർഡ് ചെയ്ത യുവതി ക്രൈം വാച്ച് ടീമിന് കൈമാറിയതാണ് മനസിലാക്കാനാകുന്നത്. ചെറുപ്പക്കാരെ ചോദ്യം ചെയ്യാൻ തയ്യാറായ ബ്രിട്ടീഷ് യുവാവ് തെറ്റായ പാർക്കിങ് മൂലം കാൽനട യാത്രക്കാർക്കും മോട്ടോ വീൽച്ചെയറിൽ വരുന്നവർക്കും റോഡിൽ ഇറങ്ങി അപകടകരമായി യാത്ര തുടരേണ്ടി വരും എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ സമയം തന്നെ ഏതാനും കാൽനട യാത്രക്കാർ തെറ്റായി പാർക്ക് ചെയ്ത കാറിനെ മറികടന്നു റോഡിലൂടെ നടക്കുന്നുമുണ്ട്. ഈ സമയം ഒരപകടം സംഭവിച്ചാൽ തെറ്റായ പാർക്കിങ് നടത്തിയ കാർ ഉടമയും കേസിൽ പ്രതിയായി മാറിയെന്നു വരാം.
അതിനിടെ ക്രൈം വാച്ച് പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകൾക്കകം വൈറലായിരിക്കുകയാണ്. മണിക്കൂറുകൾ കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് കാർ തെറ്റായി പാർക്ക് ചെയ്ത മലയാളികൾക്ക് എതിരെ കമന്റ് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ വിഡിയോ ഷെയറിങ് ചെയ്തിട്ടുമുണ്ട്. ഇതോടെ ഹൈവേ കോഡ് റൂൾ തെറ്റിച്ചതിനു ഡിവിഎൽഎയുടെ ശ്രദ്ധയിൽ വിഡിയോ എത്തിയാൽ കാർ ഉടമക്ക് ഡ്രൈവിങ് ലൈസൻസിൽ പോയിന്റ് നഷ്ടപ്പെടാനും ഫൈൻ ലഭിക്കാനും കാരണമാകും.
വിഡിയോ മലയാളി സമൂഹത്തിലും വൈറലാവുകയാണ്. ബ്രിട്ടീഷ് മലയാളി കമ്മ്യുണിറ്റി ഗ്രൂപ്പിൽ എത്തിയ വീഡിയോയിൽ കമന്റുമായി എത്തിയവരും കാർ തെറ്റായി പാർക്ക് ചെയ്യുകയും അതിനെ ന്യായീകരിക്കാൻ ശ്രമം നടത്തുകയും ചെയ്തതും ചോദ്യം ചെയ്യുകയാണ്. വംശീയത കൊണ്ടാണ് ഇത്തരം അധിക്ഷേപം നേരിടേണ്ടി വന്നതെന്ന് വീഡിയോയിൽ കാറിൽ വന്നവർ ഒരു ഘട്ടത്തിൽ പറയുന്നതും ചോദ്യം ചെയ്യുകയാണ് വീഡിയോ കണ്ട കാണികൾ.
എന്തിനും ഏതിനും വംശീയത എന്ന് പറയുന്നവർ യഥാർത്ഥ വംശീയത ബ്രിട്ടീഷുകാർ പുറത്തെടുത്താൽ ഒരു മലയാളിക്കും സ്വസ്ഥതയുള്ള ജീവിതമായിരിക്കില്ല ബ്രിട്ടനിൽ എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. സ്കൂൾ സമയത്തു തെറ്റായ പാർക്കിങ് നടത്തി എന്ന ആക്ഷേപം മുന്നിൽ നിർത്തി അടുത്തകാലത്താണ് സോൾസ്ബറിയിൽ മലയാളികൾക്ക് നേരെ അക്രമമുണ്ടായത്. കഴിഞ്ഞ വർഷം മെയിൽ ഉണ്ടായ ആക്രമണത്തിൽ പൊലീസും പ്രാദേശിക കൗൺസിലും മലയാളികൾക്കൊപ്പം നിന്നതു പ്രദേശവാസികളായ മലയാളികൾ തദ്ദേശീയരുമായി വളരെ അടുത്ത് ഇടപഴകിയിരുന്നതുകൊണ്ടു കൂടിയാണ്. സ്കൂളിൽ കുട്ടികളുമായി എത്തുന്നവർ നടത്തുന്ന തെറ്റായ പാർക്കിങ് യുകെയിൽ പലയിടത്തും കശപിശയിൽ എത്തുന്നതും സാധാരണമാണ്.
പട്ടി ഷോയെന്നു പറഞ്ഞ് തള്ളിക്കളയാനാകുമോ?
പട്ടി ഷോയെന്ന് ആക്ഷേപം ഉയരുമ്പോൾ തെളിവുകൾ സൂചിപ്പിക്കുന്നത് വർഷങ്ങളായി യുകെയിൽ ജീവിക്കുന്നവർ തന്നെയാണ് നിയമ ലംഘനം നടത്തിയത് എന്നാണ്. യുകെയിൽ വന്ന ഉടനെ ട്രാഫിക് നിയമങ്ങൾ മനസിലാക്കാതെ കാർ വാങ്ങി ഓടിക്കുന്നത് വഴി അപകടം ക്ഷണിച്ചു വരുത്തുന്നവരും കുറവല്ല. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് പട്ടി ഷോ നടത്തിയതാണ് എന്ന ആക്ഷേപം എത്തിയിരിക്കുന്നത്. എന്നാൽ നമ്പർ പ്ലേറ്റ് വ്യക്തമായ വീഡിയോയിൽ കാണുന്ന കാറിന്റെ ഉടമ കഴിഞ്ഞ രണ്ടര വർഷമായി യുകെയിൽ ജീവിക്കുന്ന ആളാണെന്നു ഡിവിഎൽഎ രേഖകൾ തെളിയിക്കുന്നു.
കാർ അവസാനമായി കൈമാറ്റം ചെയ്തിരിക്കുന്നത് 2020 ജൂലൈയിലാണ്. ഇതോടെ ആവശ്യത്തിന് യുകെ ജീവിതാനുഭവം ഉള്ള ആളായിരിക്കണം കാർ ഡ്രൈവർ എന്ന് വ്യക്തമാണ്. എന്നിട്ടും ഇത്തരം തെറ്റ് ചെയ്യുകയും അതിനെ ന്യായീകരിക്കാൻ മുതിർന്നതും സ്വത സിദ്ധമായ മലയാളി തണ്ടൂക്ക് തന്നെയാണ് വ്യക്തമാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയുള്ള കമന്റുകളും വീഡിയോക്ക് കീഴെ എത്തുന്നുണ്ട്.
മഹാപരാധമാണോ തെറ്റായ പാർക്കിങ്?
പൊറുക്കാനാകാത്ത തെറ്റാണ് എന്ന് വിധി കൽപിക്കും മുൻപേ മര്യാദയോടെയുള്ള ഡ്രൈവിങ് യുകെയിൽ കാർ ഓടിക്കുന്ന ഏതു മലയാളിക്കും സ്വന്തം അനുഭവം കൂടിയാണ്. അതിനാൽ തന്നെ റോഡ് അപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണവും വളരെ കുറവുമാണ്. നല്ല ശീലങ്ങളുടെ ഭാഗമായും കാൽ നടയാത്രകകർ റോഡിൽ ഇറങ്ങി നടക്കാതിരിക്കാനും കൂടിയാണ് ഇത്തരം തെറ്റായ പാർക്കിങ് നിയമം മൂലം തെറ്റായി വ്യാഖ്യാനിക്കുന്നത്.
ഇന്ത്യയിൽ ഡ്രൈവിങ് അപകടം പിടിച്ചതാണ് എന്ന് ഡ്രൈവിങ് പരിശീലകർക്ക് പോലും ബോധ്യം ഉള്ളതിനാൽ ഏഷ്യൻ വംശജർ ഡ്രൈവിങ് ലൈസൻസ് തേടി എത്തുമ്പോൾ ചെറിയ പിഴവിന് പോലും തോൽപ്പിക്കപ്പെടുന്നതും സാധാരണമാണ്. പെർഫെക്റ്റ് ഡ്രൈവിങ് നടത്തുന്നവർക്കുള്ളതാണ് യുകെയിലെ ഡ്രൈവിങ് ലൈസൻസ് എന്നതാണ് പൊതു ധാരണ. മാത്രമല്ല യുകെയിൽ ലൈസൻസ് വളരെ ഗൗരവത്തോടെ കാണുന്ന ഔദ്യോഗിക രേഖ കൂടിയാണ്. പ്രായമോ ഐഡന്റിറ്റിയോ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് പാസ്പോർട്ടിന് തുല്യമായ തെളിവായി സ്വീകരിക്കപ്പെടുന്നതും ഡ്രൈവിങ് ലൈസൻസുള്ള ആൾക്ക് ലഭിക്കുന്ന അംഗീകാരമാണ്.
കാർ മൊത്തമായല്ലാതെ ഒരു വീൽ മാത്രം കയറ്റി നടപ്പാതയിൽ പാർക്ക് ചെയ്താലും ഫൈൻ ലഭിക്കാവുന്ന കുറ്റമാണ്. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ ഇരട്ട മഞ്ഞ വരയുള്ള പ്രദേശത്താണ് മലയാളികൾ കാർ പാർക്ക് ചെയ്തത് എന്നത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. ഹൈവേ കോഡ് 242, 244 എന്നിവ പ്രകാരം അപകടകരമായ രീതിയിൽ ഉള്ള പാർക്കിങ് തെറ്റാണെന്നു കൃത്യമായ നിർവചനമുണ്ട്.
ആരാണ് ക്രൈം വാച്ചിന് പിന്നിൽ?
മലയാളികളുടെ തെറ്റായ കാർ പാർക്കിങ് പ്രചരിപ്പിച്ച ക്രൈം വാച്ച് ഇത്തരത്തിൽ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ എത്തിക്കുന്ന സംഘമാണ്. നിയമ രംഗത്ത് പ്രവർത്തിക്കുന്നവരും മാധ്യമ രംഗത്തുള്ളവരും ഒക്കെ ചേർന്ന ടീം ആണ് ക്രൈം വാച്ച്. നിയമം എല്ലാവരും പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന കാര്യങ്ങളാണ് ഇവരുടെ പ്രവർത്തന മേഖല. നിയമ വിദഗ്ധനായ എഡ്വേഡ് കൗത്തോൺ, ഹൈ ടെക്ക് ക്രൈം വിദഗ്ധ ജെസീക്ക ബ്രൗൺ, സോഷ്യൽ വർക്കർ മിഷേൽ റൗളിൻസ്, സ്വതന്ത്ര മാധ്യമ പ്രവർത്തകൻ പീറ്റർ തോമസ്, മാധ്യമ പ്രവർത്തനത്തിൽ ബിരുദധാരിയായ സ്റ്റീവ് റൗളിങ് എന്നിവരൊക്കെയാണ് ക്രൈം വാച്ചിലെ പ്രധാനികൾ.