- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ എത്തിയ നഴ്‌സുമാർ വന്ന വേഗത്തിൽ മടങ്ങുന്നു; ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാർ വന്നതിനേക്കാൾ വേഗത്തിൽ രാജ്യം വിടുന്നതായി കണക്കുകൾ; മികച്ച ശമ്പളമുള്ള ആദ്യ പത്തിൽ ബ്രിട്ടണില്ല; വരവിനേക്കാൾ വലിയ ചെലവ് വന്നതോടെ യുകെയുടെ പ്രതാപം മലയാളികൾക്കിടയിൽ നഷ്ടമാകുന്നു
ലണ്ടൻ: ഇരുപതാണ്ടു മുൻപ് യുകെയിലേക്ക് മോഹിച്ചു മോഹിച്ചു വന്ന മലയാളി നഴ്‌സുമാരെ പോലെയാണോ ഇപ്പോൾ എത്തുന്നവർ? മില്യൺ ഡോളർ ചോദ്യം ഒന്നും അല്ലെങ്കിലും നിശ്ചയമായും ഉത്തരം നൽകാനാകും, അല്ലേയല്ല. കാരണങ്ങൾ പലതാണ്. ബ്രിട്ടനും യുകെയും ലണ്ടനും ഒക്കെ മോഹവാക്കുകൾ മാത്രമായി പൊതുവിൽ മലയാളികൾ കേട്ടിരുന്ന ഒരു കാലം കൂടി ആയിരുന്നു 2000 ന്റെ തുടക്കം. എത്ര യോഗ്യതകൾ ഉണ്ടായാലും ഭാഗ്യം കൂടി ചേർന്ന് നിന്നാൽ മാത്രം എത്താനാകുന്ന രാജ്യം. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് അന്നും ആയിരങ്ങൾ പറന്നു കൊണ്ടിരുന്നപ്പോഴും യുകെ അപൂർവം ചിലർക്ക് മാത്രം ചേക്കേറാനാകുന്ന സ്വപ്ന രാജ്യമായി അവശേഷിച്ചു. അതിനാൽ അക്കാലത്തു വന്നവർ കാലങ്ങളായി കാത്തിരുന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിലാണ് യുകെയിലെ വിമാനത്താവളങ്ങളിൽ എത്തികൊണ്ടിരുന്നത്.
യുകെ ഇനിയൊരു മോഹഭൂമിയല്ല
എന്നാൽ നഴ്‌സിങ് ജോലിയിൽ അരലക്ഷത്തോളം പേരുടെ ഒഴിവുകൾ വര്ഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ യുകെയിൽ എത്താനുള്ള വഴികൾ താരതമന്യേ എളുപ്പമാക്കാൻ ബ്രിട്ടൻ തയ്യാറായി. മാത്രമല്ല അങ്ങോട്ട് ചെന്ന് വിളിച്ചു കൊണ്ട് വരുന്ന പതിവും തുടങ്ങി . ഇതിനായി ഒരു മലയാളി നഴ്‌സിന് വേണ്ടി പതിനായിരം പൗണ്ട് വരെ ചെലവിടാനും മിക്ക ട്രസ്റ്റുകളും തയ്യാറായി. യുകെയിൽ ജീവിക്കുന്ന ഒരു സാധാരണ നഴ്‌സിന് ഇത്രയും പണം ചെലവ് കഴിഞ്ഞു ഒരു കാരണവശാലും മിച്ചം വയ്ക്കാനാകാത്ത സാഹചര്യത്തിലാണ് വിദേശ നഴ്‌സുമാരെ എത്തിക്കാൻ ബ്രിട്ടൻ പണം ചെലവിടുന്നത് എന്നത് പലർക്കും അത്ഭുത വാർത്തയായി. ഇത്തരത്തിൽ താരതമെന്യേ എളുപ്പ വഴിയിൽ എത്തിയവരുടെ സന്തോഷത്തിന്റെ മാപിനിയും കുറഞ്ഞു കൊണ്ടിരുന്നു. ഇതോടെ യുകെ അവർക്കൊരു മോഹഭൂമി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യം മുന്നിൽ നിൽക്കെയാണ് കഴിഞ്ഞ വര്ഷം യുകെയിൽ നിന്നും നഴ്‌സിങ് ഉപേക്ഷിച്ചവരുടെ കണക്കുകൾ പുറത്തു വന്നത്. ഏകദേശം 40,000 നഴ്‌സുമാർ ഒറ്റവർഷം കൊണ്ട് ജോലി ഉപേക്ഷിച്ചു എന്ന കണക്കിൽ നിശ്ചയമായും മലയാളി നഴ്‌സുമാരുടെ എണ്ണവും പതിവിലും ഏറെയാണ്. അടുത്തകാലത്തായി എത്തുന്നവരിൽ അനേകമാളുകൾ മാസങ്ങൾ കൊണ്ട് നാട് ഉപേക്ഷിക്കുകയാണ്.
ജോലിയിൽ ഉള്ള സമ്മർദവും ജീവിത സാഹചര്യവും പങ്കാളിക്ക് ജോലി ലഭിക്കാനുള്ള പ്രയാസവും കുഞ്ഞുങ്ങളെ നോക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും അടക്കം ഒരു പിടി കാരണങ്ങളാണ് ബ്രിട്ടൻ ഉപേക്ഷിക്കാൻ പലരുടെയും കാരണങ്ങൾ. അതിനിടെ വർഷങ്ങളായുള്ള വേതന വർധന ഇപ്പോൾ നഴ്‌സുമാരെ സമര മുഖം വരെ എത്തിച്ച സാഹചര്യവും മലയാളി നഴ്‌സുമാർ അടക്കമുള്ള വിദേശ നഴ്‌സുമാരുടെ മനം മടുപ്പിക്കാൻ കാരണമായ പ്രധാന ഘടകമാണ്.
''കേട്ടതല്ല കണ്ടറിഞ്ഞ സത്യം''
ഉയർന്ന വീട് വിലയും ബ്രക്സിറ്റിനും കോവിഡിനും ശേഷം എത്തിയ വമ്പൻ നാണയപ്പെരുപ്പവും അതുവഴിയുള്ള വിലക്കയറ്റവും തുടർന്ന് ഭൂകമ്പ സമാനമായി രൂപപ്പെട്ട മാന്ദ്യവും കൂടി ചേർന്നതോടെ കിട്ടുന്ന വരുമാനത്തേക്കാൾ ചെലവ് കൂടിയ രാജ്യമായി അതിവേഗം മാറിയിരിക്കുകയാണ് യുകെ. ഗൾഫിലും മറ്റും മിച്ചം പിടിച്ച പണത്തിന്റെ നാലിൽ ഒന്നു പോലും ചിലവേറിയ യുകെയിൽ മിച്ചം വയ്ക്കാനാകില്ല എന്ന് പുതു തലമുറ മലയാളികൾ തിരിച്ചറിഞ്ഞത് വളരെ വേഗത്തിലാണ്. സിനിമ ഡയലോഗ് പോലെ കേട്ടതല്ല കണ്ടറിഞ്ഞ യുകെ എന്ന സത്യം പുതിയ തലമുറക്കാർ വളരെ വേഗം തിരിച്ചറിഞ്ഞു തുടങ്ങി എന്നതും വാസ്തവമാണ്. മികച്ച ഭാഷയും ആശയ വിനിമയ പാടവവും കൈവശമുള്ള പുതിയ തലമുറയ്ക്ക് ഏതു രാജ്യവും ഒരു പോലെ സ്വീകാര്യവുമാണ്.
യുകെയിൽ നിന്നും കാനഡ, ന്യുസിലാൻഡ് ഓസ്‌ട്രേലിയ തുടങ്ങി ഏതു രാജ്യത്തേക്കും നിഷ്പ്രയാസം കൂടുമാറാമെന്ന സാഹചര്യവും പോസ്റ്റ് കോവിഡ് ലോകത്തിൽ രൂപപ്പെട്ടതും അവസരമാക്കിയത് മലയാളി നഴ്‌സുമാർ തന്നെയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ആസ്‌ട്രേലിയയിൽ നിന്നും യുകെയിൽ മലയാളി നഴ്‌സുമാരെ തേടി എത്തിയ റിക്രൂട്ടിങ് സ്ഥാപനത്തിന് ആയിരത്തോളം പേരുടെ അപേക്ഷയാണ് ലഭിച്ചത്. ഒടുവിൽ അപേക്ഷകരുടെ എണ്ണം കൂടിയതോടെ മുൻകൂട്ടി പ്രഖ്യാപിച്ച ചില സ്ഥലങ്ങൾ ഒഴിവാക്കാൻ നിർബന്ധിതരായാണ് സ്ഥാപനം മടങ്ങിയത്. ഇത്ര വേഗത്തിൽ യുകെ മടുത്തോ എന്ന ചോദ്യത്തിന് ഇവിടെ ഇഷ്ടപ്പെടാൻ വലുതായി ഒന്നുമില്ല എന്ന് പറയുന്നവരും കുറവല്ല.
ആദ്യ പത്തിലൊന്നും യുകെയില്ല
ജോലി ചെയ്യുന്നത് ശമ്പളത്തിനും ആനുകൂല്യത്തിനും മാത്രമല്ല ആ പണം തങ്ങളുടെ ജീവിത സന്തോഷം വർധിപ്പിക്കുന്നതിനു കൂടിയാകണം എന്ന് ചിന്തിക്കുന്നവരാണ് പുതു തലമുറക്കാർ. ഈ സാധ്യതയിൽ അന്വേഷിക്കുമ്പോൾ മികച്ച വേതനം നൽകുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കാൻ യുകെ ഇല്ല എന്നതും നഴ്‌സുമാർക്ക് ബ്രിട്ടനോടുള്ള പ്രിയം കുറയാൻ പ്രധാന കാരണമാണ്.
പ്രതിവർഷം 91,000 ഡോളർ നൽകുന്ന ലക്സംബർഗ്, 87,000 ഡോളർ നൽകുന്ന ഡെന്മാർക്ക്, 75,000 ഡോളർ ലഭിക്കുന്ന കാനഡ, 72,000 ഡോളർ നൽകുന്ന വിർജിൻ ദ്വീപുകൾ, 69,000 ഡോളർ കിട്ടുന്ന ഓസ്‌ട്രേലിയ, 64,000 ഡോളർ വരുമാനമുള്ള സ്വിട്സർലാൻഡ്, 46,000 ഡോളർ നൽകാൻ തയ്യാറുള്ള നോർവെ, 40,000 ഡോളർ നൽകുന്ന അയർലണ്ട് എന്നിവയുടെ കൂട്ടത്തിൽ ഒന്നും ബ്രിട്ടനെ കാണാനില്ല. ജോലി ആരംഭിക്കുന്ന ഒരു പുതിയ നഴ്‌സിന് 27,000 പൗണ്ട് ശമ്പളം നൽകുന്ന ബ്രിട്ടനിൽ അതിനൊത്ത ചിലവും കൂടി വരുന്നതോടെയാണ് മികച്ച ശമ്പളം കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തു ബ്രിട്ടൻ എത്താനാകാതെ പോകുന്നത്.
ആയിരം പൗണ്ടിലേക്ക് കുതിച്ചുയർന്ന വാടക നിരക്കുകൾ, വർഷം ശരാശരി മൂവായിരം പൗണ്ടിലേക്കു കയറിയ എനർജി ബില്ലുകൾ, തൊട്ടാൽ പൊള്ളുന്ന വിലയുമായി കടകളിൽ എത്തുന്ന ഭക്ഷ്യ സാധനങ്ങൾ, ലിറ്ററിന് രണ്ടു പൗണ്ടിൽ തൊടാൻ തയ്യാറെടുത്തു നിൽക്കുന്ന പെട്രോൾ, ഡീസൽ വില, തുടങ്ങി വീട്ടു ചെലവിനു കടം വാങ്ങേണ്ട ഗതികേടിലൂടെ നീങ്ങുന്ന സാധാരണക്കാരുടെ ഇടയിലേക്കാണ് അടുത്തകാലത്തായി എത്തിയ മലയാളികൾ വിമാനമിറങ്ങി വന്നത്. ഇത്രയും ഉയർന്ന ചിലവുകളെ പറ്റി ഒരിക്കലും ശരിയായ ധാരണ ഇല്ലാതിരുന്നതും പലരുടെയും നേരനുഭവമാണ്. ഇതോടെ ഈ രാജ്യത്തു എന്ത് ഭാവി എന്ന വലിയ ചോദ്യമാണ് പലരുടെയും ഉറക്കം കെടുത്തിയത്.
കയ്യിൽ പണം ഉണ്ടായിട്ടു പോലും വാടക കൊടുത്തു നശിക്കുന്നതിനേക്കാൾ നല്ലതാണല്ലോ വീട് വാങ്ങുന്നതെന്നു കരുതി മോർട്ട്ഗേജ് തേടി ബാങ്കിൽ എത്തിയപ്പോൾ കടുത്ത നിബന്ധനകൾ മൂലം വെറും കയ്യോടെ മടങ്ങേണ്ടി വന്നതോടെയാണ് ബ്രിട്ടനിൽ കാര്യങ്ങൾ കരുതിയ പോലെ എളുപ്പമല്ല എന്ന് പലരും തിരിച്ചറിഞ്ഞത്. ക്രെഡിറ്റ് സ്‌കോർ ചെക്ക് ചെയ്യുമ്പോൾ ഒരു പുതിയ ഫോൺ ലഭിക്കാൻ മൂന്നു വർഷം കാത്തിരിക്കണം എന്ന് കമ്പനികൾ പറയുന്നത് സഹിക്കാവുന്നതിലും അപ്പുറം ആണെന്ന് പറയുന്നവരാണ് അധികം മലയാളികളും. ഇക്കാരണത്താൽ മാസങ്ങളായിട്ടും ഡാറ്റ ഉപയോഗത്തിന് ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന ഫോണും സിം കാർഡും ഉപയോഗിക്കുന്ന മലയാളികളും ഏറെയാണ്.
ഇത്തരത്തിൽ പല കാര്യങ്ങളിലും പുതുതായി എത്തുന്ന ഒരാളെ മനസ് മടുപ്പിക്കാൻ ബ്രിട്ടനിൽ കാരണങ്ങൾ അനേകം ആണെങ്കിലും അത്യാവശ്യത്തിനും പോലും ഡോക്ടറെ കാണാൻ നേരിടുന്ന പ്രയാസവും മൂന്നു മക്കളുള്ള കുടുംബം ഓരോ കുട്ടിക്കും വേണ്ടി ഓരോ സ്‌കൂളിലും പോകേണ്ടി വരുന്ന ദുരനുഭവവും ഒക്കെ പുതുതായി എത്തുന്നവർ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ്. പിടിച്ചു നിൽക്കണം എന്ന് കരുതിയാൽ പോലും വനത്തിനേക്കാൾ വേഗത്തിൽ ഓടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾക്ക് മുൻതൂക്കം ലഭിക്കുമ്പോൾ യുകെ സ്വപ്ന ഭൂമിയല്ല, വെറുമൊരു കുടിയേറ്റ രാജ്യം എന്ന് പറയാനേ കഴിയൂ എന്ന അനുഭവത്തിലേക്ക് എത്തപ്പെടുകയാണ് പുതുതായി എത്തുന്ന ഓരോ വിദേശ നഴ്‌സും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.