ലണ്ടൻ: അയൽവീടുകളിലെയും പരിചയക്കാരുടെയും ഒക്കെ മക്കൾ തുടർ പഠനവും ജോലിയും തേടി യുകെയിലേക്കു പറന്നു തുടങ്ങിയതോടെ യുകെ ജീവിതം സ്വപ്നം കാണാത്തവർ കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി കേരളത്തിൽ ഇല്ലെന്നു പറയാവുന്ന തരത്തിലാണ് വിദ്യാർത്ഥി വിസക്കാരുടെ ഒഴുക്ക്. എങ്ങനെയും വിദേശത്ത് എത്തണം എന്ന ആഗ്രഹത്തിൽ വിദേശ തൊഴിൽ അവസരം എന്ന ബോർഡും വച്ചിരിക്കുന്ന താപ്പാനകളെ തേടി ഇറങ്ങുന്ന മലയാളികളുടെ മനോനില തകരും വരെ കാര്യങ്ങൾ എത്തി നിൽക്കുക ആണെന്നാണ് ഇന്നലെ കൊച്ചിയിൽ ഉണ്ടായ ദുരന്തം വ്യക്തമാക്കുന്നത്.

പള്ളുരുത്തിക്കാരനായ ജോളിയെ യൂറോപ്പിൽ എത്തിക്കാം എന്ന മോഹന വാഗ്ദാനം നൽകിയ ആലുവ സ്വദേശി മുഹമ്മദ് അലിയുടെ സ്ഥാപനമായ റെയ്‌സ് ട്രാവൽസിൽ ഇയാളെ തേടിയെത്തിയ ജോളിയുടെ കയ്യിൽ കിട്ടിയത് ഓഫിസ് ജീവനക്കാരിയായ സൂര്യയെന്ന യുവതിയെയാണ്. കലിപ്പ് തീരാതെ വ്യാജ ഏജന്റിന്റെ ഭാഷ പകർത്തി അതേവിധം സംസാരിച്ച ജീവനക്കാരിയുടെ കഴുത്തറുക്കാൻ ജോളി ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് യുവതി അപകട നില തരണം ചെയ്തു എന്നാണ് കേരളത്തിൽ നിന്നും എത്തുന്ന റിപ്പോർട്ടുകൾ പറയുന്നത്.

വിദേശ തൊഴിൽ, പഠന ഏജൻസി തുടങ്ങാൻ നിക്ഷേപമായി വേണ്ടത് ചതിയും വഞ്ചനയും മാത്രം

ചതിയും വഞ്ചനയും മുതൽ മുടക്കാക്കി വിദേശ ജോലി, പഠനം എന്ന ബോർഡും തൂക്കിയിരിക്കുന്ന വ്യാജ സ്ഥാപനങ്ങൾ വഴി ഇതിനകം പതിനായിരക്കണക്കിന് യുവതീ യുവാക്കളാണ് യുകെയിൽ എത്തി ജീവിതം തുലച്ചിരിക്കുന്നത്. യുകെയിലെ ജീവിത സാഹചര്യങ്ങളും ഉയർന്ന ചിലവുകളും കൃത്യമായി പറഞ്ഞു മനസിലാക്കിയാൽ നല്ല പങ്കു തൊഴിൽ അന്വേഷകരും വിദ്യാർത്ഥികളും ആ ഉദ്യമത്തിൽ നിന്നും പിൻവാങ്ങും എന്നുറപ്പാണ്.

എന്നാൽ മധുരം പുരട്ടിയ വാക്കുകളും ലക്ഷക്കണക്കിന് രൂപയുടെ ശമ്പളവും പറയുന്നവർ ജീവിക്കാനായി ചിലവും ലക്ഷക്കണക്കിന് വേണ്ടി വരും എന്ന വസ്തുതയാണ് മറച്ചു പിടിക്കുന്നത്. രജിസ്ട്രേഷൻ വകയിലും കമ്മീഷൻ വകയിലും ഒരാൾ തൊഴിൽ തേടിയും വിദ്യാർത്ഥിയായും യുകെയിൽ എത്തുമ്പോൾ ലക്ഷങ്ങളാണ് ഏജൻസിയുടെ കൈകളിലേക്ക് മറിയുന്നത്. ഇതിലൊരു നക്കാപ്പിച്ച പങ്കു കൂടുതൽ വരിക്കാരും ഫ്‌ളോവേഴ്സുമുള്ള യൂട്ഊബർമാരുടെയും വോളോഗർമാരുടെയും ഒക്കെ പോക്കറ്റിൽ എത്തുമ്പോൾ അവരും യുകെയെ പാലും തേനും ഒഴുകുന്ന നാടാക്കി മാറ്റും.

ആയിരക്കണക്കിന് വിസ പ്രോസസ് ചെയ്യുന്ന ഏജൻസികളുടെ ചെലവിൽ സൗജന്യ വിമാനടിക്കറ്റ് ലഭിച്ച സെലിബ്രിറ്റി സ്റ്റാറ്റസുള്ള വ്ലോഗർമാർ കൂടി ചേരുമ്പോൾ പുട്ടും പഴവും ചേർന്ന മട്ടിൽ കുഴച്ചുണ്ണാൻ പാകത്തിലാകുകയാണ് യുകെ റിക്രൂട്ടിങ് രംഗം. എന്നാൽ ഇത്തരം ചതിയിൽ പെട്ട് യുകെയിൽ തൊഴിൽ തേടിയും വിദ്യാർത്ഥിയായും എത്തിയവർ ബെന്യാമിന്റെ ആടുജീവിതത്തെക്കാൾ കഷ്ടമായാണ് യുകെയിൽ കഴിയുന്നത് എന്ന സ്തോഭജനകമായ വാർത്തയാണ് ഇപ്പോൾ ബ്രിട്ടീഷ് മലയാളി പുറത്തു വിടുന്നത്. കഷ്ടപ്പാട് ഉണ്ടെന്നൊക്കെ പലർക്കും അറിയാമെങ്കിലും സ്വപ്നത്തിൽ ചിന്തിക്കാനാകാത്ത വിധം പട്ടിണി കിടക്കുന്ന മലയാളി യുവതി യുവാക്കളുടെ കഥകളാണ് ഇപ്പോൾ യുകെ മലയാളികളെ തേടി എത്തുന്നത്.

പലയിടത്തും മലയാളി ചെറുപ്പക്കാർ വിശപ്പടക്കുന്നത് ഗുരുദ്ധ്വാരകളിൽ

ഇത്തരത്തിൽ കഴിഞ്ഞ ആഴ്ചകളിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ പെൺകുട്ടികൾ ഇപ്പോൾ ലൂട്ടനിൽ വൈകുന്നേരങ്ങളിൽ പ്രാർത്ഥന സമയത്തു ഗുരുദ്വാരകളിൽ നൽകുന്ന റൊട്ടി കഴിച്ചാണ് വിശപ്പടക്കുന്നത്. ഇക്കാര്യം ഇന്നലെ മല്ലു യുകെ എന്ന യുകെ മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ യുകെ മലയാളികളുടെ കഥാ ലോകത്തു പരിചിതനായ മുരുകേഷ് പനയറ ജീവിതാനുഭവമായി വിവരിക്കുമ്പോൾ കേട്ടവർക്ക് അത് അവിശ്വസനീയമായി തോന്നുക ആയിരുന്നു.

എന്നാൽ തുടർന്ന് ബ്രിട്ടീഷ് മലയാളി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ അന്വേഷണത്തിൽ ഇതൊരു പുതിയ സംഭവമേ അല്ലെന്ന മറുപടിയാണ് ഒട്ടേറെ വിദ്യാർത്ഥികൾ പങ്കുവച്ചത്. ഇന്ത്യക്കാർക്ക് ഭൂരിപക്ഷം ഉള്ള നഗരങ്ങളിൽ ഒട്ടേറെ ഗുരുദ്വാരകളും സജീവമാണ്. ഇവിടെ പലയിടത്തും രണ്ടു നേരം സൗജന്യ ഭോജന സൗകര്യമുണ്ട്. ഇക്കാര്യം അറിഞ്ഞ വിദ്യാർത്ഥികൾ വിവരം പരസ്പരം പങ്കുവച്ചതോടെ മലയാളി ചെറുപ്പക്കാരുടെ വലിയ കൂട്ടമാണ് ഗുരുദ്വാരകളിൽ എത്തുന്നത്. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം എത്തുന്നവരാണ് എന്ന് ഗുരുദ്വാര നടത്തിപ്പുകാർ അറിയുന്നുമില്ല.

ബിർമിൻഹാമിൽ ഉള്ളവരാകട്ടെ കൂട്ടമായി എത്തുന്നത് ഡെഡ്‌ലിക്കടുത്ത ബാലാജി ക്ഷേത്രത്തിലാണ്. ഇവിടെ എത്തിയാൽ ചോറും കറിയും മധുരവും ലഭിക്കും, ആവശ്യത്തിന് എടുത്തു കഴിക്കുകയും ആകാം. ഭക്തർ അന്നദാനമായി നൽകുന്ന ഭക്ഷണമാണ് ഇത്തരത്തിൽ യുകെയിൽ പഠിക്കാൻ എത്തിയ മലയാളി ചെറുപ്പക്കാരുടെ പട്ടിണി മാറ്റുന്നത് എന്നതാണ് പുറത്തു വരുന്ന വിവരം.

യുകെയിൽ എത്തിയാൽ ഉടൻ ജോലി എന്ന് പറഞ്ഞു കയറ്റി വിട്ട ഏജൻസിക്കിപ്പോൾ അങ്ങനെയൊരു കാര്യം പറഞ്ഞതേ ഓർമ്മയില്ല. ലൂട്ടൻ പോലെ ചെലവ് കുറഞ്ഞ നഗരവും യൂണിവേഴ്‌സിറ്റിയും ഒക്കെ കണ്ടുപിടിക്കുന്നത് പോലും കേരളത്തിലെ ഏജൻസികളാണ്. യുകെ മോഹവും ആയി എത്തുന്ന ചെറുപ്പക്കാർക്ക് കോഴ്സ് നിശ്ചയിക്കുന്നതും യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കുന്നതും യുകെയിലെ ഇടനിലക്കാരെ ഉപയോഗിച്ച് അന്യായ വാടകക്ക് വീട് തരപ്പെടുത്തുന്നതും അടക്കം ഹോൾസെയിൽ പാക്കേജാണ് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്.

അരി കയ്യിലിരിക്കെ പട്ടിണിയായ അവസ്ഥ

കഴിഞ്ഞ ദിവസം എത്തിയ പെൺകുട്ടികളിൽ ഒരാൾ യുകെയിൽ വന്നാൽ അരിയൊക്കെ കിട്ടുമോ എന്ന ആശങ്കയിൽ അമ്മ കൊടുത്തു വിട്ട അഞ്ചു കിലോ കുത്തരി നോക്കി സങ്കടപ്പെടുകയാണ്. കാരണം ഷെയർ ചെയ്തു താമസിക്കാൻ ഇടം കിട്ടിയത് പാക്കിസ്ഥാൻ വംശജരുടെ വീട്ടിലാണ്. താമസത്തിനും ബില്ലും ചേർത്താണ് വാടക നൽകുന്നത്. വിശപ്പ് തോന്നിയപ്പോൾ അമ്മ കൊടുത്തു വിട്ട അരി പാചകം ചെയ്യാൻ ഒരു മണിക്കൂറോളം ഗ്യാസ് കത്തിക്കേണ്ടി വന്നതോടെ ഈ പരിപാടി ഇവിടെ നടക്കില്ല, ഇത്രയും നേരം പാചകം ചെയ്യണമെങ്കിൽ ബിൽ തുക വേറെ നൽകണം എന്ന് വ്യക്തമാക്കുക ആയിരുന്നു.

കാരണം യുകെയിൽ ലഭിക്കുന്ന അഞ്ചു മിനിറ്റിൽ വേവുന്ന ഈസി കുക്ക് അരിമാത്രം കണ്ടിട്ടുള്ള പാക് കുടുംബത്തിന് കുത്തരി ഒരു പുതിയ കാഴ്ച ആയിരുന്നു. കയ്യിൽ കാശും തീർന്നു, ജോലിയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈ വിദ്യാർത്ഥിനിയും അരി മുറിയിൽ ഇരിക്കെ ഗുരുദ്വാര തേടി ഇറങ്ങിയിരിക്കുകയാണ് പട്ടിണി മാറ്റാൻ. യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾ പട്ടിണിയിലാണ് എന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ നെഗറ്റീവ് വാർത്ത പ്രചരിക്കുകയാണ് എന്ന് ചന്ദ്രഹാസം മുഴക്കുന്നവർ കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ ചതിക്കപ്പെടാൻ ഉള്ള അവസരത്തിനാണ് ഒത്താശ ചെയ്തു കൊടുക്കുന്നത്.

അമ്മേ, ഇവിടെ റോഡിൽ ഇറങ്ങി നിന്നാൽ പാലും ബ്രെഡുമൊക്കെ ഫ്രീ കിട്ടും

കഴിഞ്ഞ വർഷം ലണ്ടനിൽ എത്തിയ കിടങ്ങൂർക്കാരനായ വിദ്യാർത്ഥി നഗര കാഴ്ചകൾ കാണാൻ ഇറങ്ങിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. നഗരത്തിൽ ആളുകൾ നിരനിരയായി നിൽക്കുന്നു. ഒരു വാഹനത്തിൽ എത്തിയവർ പാലും ബ്രെഡും മുട്ടയും ഒക്കെ ഓരോരുത്തർക്കും നൽകുന്നു. പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഫുഡ് ബാങ്ക് പ്രവർത്തനം ആയിരുന്നു അതെന്നു യുവാവിന് മനസിലായില്ല. അമ്മയെ വിളിച്ച വീഡിയോ കോൾ ദൃശ്യങ്ങൾ ഉടനെ തനിക്കും കിട്ടിയ പാൽക്കുപ്പി പൊക്കി പിടിച്ചു കൊണ്ട്, അമ്മേ ഇവിടെ റോഡിൽ ഇറങ്ങിയാൽ എല്ലാം വെറുതെ കിട്ടും എന്ന് തള്ളി വിടുക ആയിരുന്നു.

പിന്നീട് നാട്ടുകാരായ യുകെ മലയാളിയുടെ വീട്ടിൽ എത്തി ഇതെല്ലം സൗജന്യമായി കിട്ടുകയാണല്ലോ എന്ന് പറഞ്ഞപ്പോൾ അവരാണ് വിദ്യാർത്ഥിയെ സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. യുകെയെ സംബന്ധിച്ച് കിടങ്ങൂർക്കാരനായ വിദ്യാർത്ഥി പൊട്ടൻ ആനയെ കണ്ടത് പോലെ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ വൈറസ് പോലെ പടർന്നു പിടിക്കുന്നത്.

ഇതിന് ഉദാഹരണമാണ് യുകെയിലേക്കു പുറപ്പെടുന്നതിനു മണിക്കൂറുകൾ മുൻപ് മാത്രം താമസ സൗകര്യം തേടിയെത്തുന്ന ഫോൺ കോളുകൾ. ഇത്ര നേരത്തെ വിളിച്ചത് എന്തിനാണ് എന്ന് കളിയാക്കാൻ ചോദിച്ചാലും ഏജൻസി പറഞ്ഞത് യുകെയിൽ എത്തി ''റ്റു ലെറ്റ്'' എന്ന് കാണുന്ന ബോർഡിൽ നോക്കി ഫോൺ വിളിച്ചാൽ അപ്പോൾ തന്നെ റൂം ലഭിക്കും എന്ന മണ്ടത്തരം പറയുന്നവരാണ് ഇപ്പോൾ എത്തുന്ന ചെറുപ്പക്കാരിൽ നല്ല പങ്കും. പരിചയക്കാരായ ആരോടെങ്കിലും യുകെയിൽ വിളിച്ചു ഒന്ന് തിരക്കണ്ടേ എന്ന് ചോദിച്ചാൽ എന്തിനാണ് അതിന്റെ ആവശ്യം എന്ന മറുപടിയാണ് തിരികെ ലഭിക്കുന്നത്.

ഒരാഴ്ച കഴിയാൻ പത്തു പൗണ്ട് മാത്രം, ആശ്രയം ഒരു പായ്ക്ക് ബ്രെഡും ഒരു ട്രേ മുട്ടയും

ഒരാഴ്ച കഴിയാൻ പത്തു പൗണ്ട് മാത്രം ചെലവാക്കുന്നവരാണ് ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ രമ്യയും മായയും. ഇരുവരും ഗ്രാമപ്രദേശങ്ങളിൽ നിന്നും ഇടത്തരം കർഷക കുടുംബത്തിൽ നിന്നും വന്നവർ ആയതുകൊണ്ട് ഇപ്പോഴും പൂർണമായും ന്യു ജെൻ തലമുറയുടെ കെട്ടുകാഴ്ചകൾ എടുത്തണിഞ്ഞിട്ടുമില്ല. ഏകദേശം ധാരണയുമായിട്ടാണ് യുകെയിൽ പഠിക്കാൻ എത്തിയത്. എന്നാൽ ഇത്രയും കഠിനം ആണെന്നൊന്നും കരുതിയതേയില്ല. പ്രയാസങ്ങൾ അതേവിധം വീട്ടിൽ പറഞ്ഞിട്ടുമില്ല. ഇരുവരും ഫീസ് അടയ്ക്കാൻ ഉള്ള പണവുമായി എത്തിയതിനാൽ പിടിച്ചു നിൽക്കുന്നു എന്നുമാത്രം.

അതായത് ഒരാഴ്ച കഴിയാൻ ഇരുവരും പത്തു പൗണ്ട് മാത്രമാണ് ചെലവാക്കുന്നത്. ഭാഗ്യത്തിന് കയ്യിലൊതുങ്ങുന്ന വിധം താമസത്തിനു സൗകര്യം ലഭിച്ചു. അടുത്തുള്ള ഒരു പായ്ക്കിങ് സെന്ററിൽ ജോലി ചെയ്യുന്ന വകയിൽ വാടക കൊടുക്കാനും ഒരാഴ്ചത്തേക്ക് ആവശ്യമായ മുട്ടയും ബ്രെഡും വാങ്ങാനുള്ള പണം ലഭിക്കും. പാൽ പോലും വാങ്ങാൻ പറ്റുന്നില്ല, പകരം കട്ടൻ ചായ മധുരം ചേർക്കാതെ കഴിക്കും. രാവിലെ ഒരു കഷ്ണം ബ്രെഡ് ടോസ്റ്റ് ചെയ്തു കഴിക്കും.

ഉച്ചക്ക് ക്ലാസിൽ ആയതിനാൽ കഴിക്കാറില്ല. വൈകിട്ടും മുട്ടയും പൊരിച്ചു ബ്രെഡ് തന്നെ ശരണം. കോഴ്സ് കഴിയാറാകുമ്പോഴേക്കും ലെസ്റ്റർ ടൗൺ പോലും കണ്ടിട്ടില്ല. മുടങ്ങാതെ മദർ ഓഫ് ഗോഡ് പള്ളിയിൽ എത്തുന്നുണ്ടെങ്കിലും പള്ളി നിറഞ്ഞിരിക്കുന്ന ഒരു മലയാളി പോലും ഈ കുട്ടികളോട് മിണ്ടിയിട്ടില്ല. അവരാകട്ടെ ചെറിയ ചമ്മലും പേടിയും കാരണം അങ്ങോട്ട് പോയി മിണ്ടാനും ശ്രമിച്ചിട്ടില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും തങ്ങൾ അറിയുന്നവരൊക്കെ ഇത്തരത്തിലാണ് കഴിയുന്നതെന്നും രമ്യയും മായയും പറയുന്നു. വാടക വീട്ടിൽ മഞ്ഞുവീഴ്‌ച്ച ഉണ്ടായപ്പോൾ മൂന്നു ദിനരാത്രങ്ങൾ ഹീറ്റിങ് പ്രവർത്തിക്കാതെ ഒരു പുതപ്പു പുതച്ചിരുന്ന കാര്യവും ഈ കുട്ടികൾ പറയുന്നു. അയൽവാസികൾ യുകെയിൽ ഉണ്ടെങ്കിലും അവരോടു കഷ്ടപ്പാടൊക്കെ പറയാൻ മടി. തിരികെ നാട്ടിൽ ചെന്ന് ഇതൊക്കെ പറയുമ്പോൾ അപ്പച്ചനും അമ്മച്ചിയും പോലും വിശ്വസിക്കുമോ എന്നാണ് ഈ പെൺകിടാങ്ങൾ ചിരിച്ചു കൊണ്ട് പറഞ്ഞത്. എന്തായാലും ജീവിതം എന്തെന്ന് അറിയാൻ യുകെയിൽ എത്തിയ ഒരു വർഷം കൊണ്ട് സാധിച്ചു എന്നതിൽ ഈ പെൺകുട്ടികൾക്ക് സങ്കടവും ഇല്ല.

യുകെയെന്നു കേട്ട് ഇളകി നിൽക്കുന്ന നാട്ടിലെ ചെറുപ്പക്കാരും മക്കൾ അങ്ങ് ലണ്ടനിലാ പഠിക്കുന്നെ എന്ന് സിനിമ ശൈലിയിൽ പറയുന്ന അപ്പനും അമ്മയും ഒക്കെ കേൾക്കേണ്ടതാണ് രമ്യമാരുടെയും മായമാരുടെയും ജീവിതാനുഭവങ്ങൾ. നാട്ടിൽ ഒരു നേരം പട്ടിണി ഇരിക്കേണ്ടി വന്നിട്ടില്ലാത്ത യുവത്വമാണ് പലപ്പോഴും ദിവസം ഒരു നേരം, ആഹാരം കഴിച്ചു യുകെയിൽ പഠനകാലം പൂർത്തിയാക്കുന്നത്. ഒരു പക്ഷെ പഴയൊരു തലമുറ സ്വന്തം നാട്ടിൽ അനുഭവിച്ച ദുരിതം പുതിയ കാലത്തു പുതിയ തലമുറയ്ക്ക് അന്യനാട്ടിൽ വന്നു അനുഭവിക്കാനായിരിക്കും വിധി അവസരം ഒരുക്കിവച്ചിരിക്കുന്നത്. എന്തിനെന്നറിയാതെ ഇടിച്ചു കയറുന്ന മലയാളി ചെറുപ്പക്കാരുടെ അവസ്ഥ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ വിവരിക്കാനാണ്.