ലണ്ടൻ: ജോലി വാഗ്ദാനം ചെയ്ത് പാവങ്ങളെ പറ്റിക്കുന്ന ഏജൻസികളുടെ ക്രൂരത ഒരിക്കൽ കൂടി വെളിവാകുന്നു. തിരുവനന്തപുരത്തിനടുത്ത് ഒരു കൊച്ചു പട്ടണത്തിൽ താമസിച്ചിരുന്ന അഖിൽ ജെന്നി, കടം കയറി മറ്റ് നിവൃത്തിയില്ലാതെയായപ്പോഴായിരുന്നു യു കെയിൽ എത്തി ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. ചില ചികിത്സകൾക്കായിട്ടായിരുന്നു അയാൾ കടമെടുത്തിരുന്നതെന്നും അത് സമയത്ത് വീട്ടാൻ ആകാതെ വന്നപ്പോൾ പ്രശ്നമായെന്നും ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. നഴ്സിങ് യോഗ്യതയുള്ള ഇയാൾക്ക് നല്ല ശമ്പളമുള്ള കെയർ വർക്കർ ജോലിയായിരുന്നു ഷിന്റോ സെബാസ്റ്റ്യൻ എന്ന വ്യക്തി ഇയാൾക്ക് വാഗ്ദാനം നലകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വന്തം വീട് വരെ വിറ്റായിരുന്നു ഇന്ത്യയിലെ ഏജന്റായ ഷിന്റോ സെബാസ്റ്റ്യൻ അഖിൽ പണം നൽകിയത്. എന്നാൽ, ബ്രിട്ടനിലെത്തിയപ്പോഴാണ്, തന്നെ സ്പോൺസർ ചെയ്ത കമ്പനിക്ക്, വാഗ്ദാനം നൽകിയതുപോലെ ഒരു കെയർ ജോബ് നൽകാൻ ഇല്ലെന്ന് മനാസ്സിലാകുന്നത്. ഇതുപോലെ ഏജന്റുമാരാൽ കബളിക്കപ്പെട്ട് ബ്രിട്ടനീലെത്തുന്ന യുവാക്കളിൽ പലരും അനധികൃതമായി ചെറിയ വരൂമാനം ലഭിക്കുന്ന ജോലികൾ ചെയ്താണ് അന്നന്നത്തേക്കുള്ള ഭക്ഷണത്തിനുള്ള വഴി കണ്ടെത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്പോൺസറെ ഉപേക്ഷിച്ചാൽ ഒരു പക്ഷെ നാടുകടത്തപ്പെടും തിരികെ നാട്ടിലെത്തിയാൽ കാത്തിരിക്കുന്നത് നിരവധി ദുരിതങ്ങളും കടക്കാരുടെ ഭീഷണിയും. കടലിനും ചെകുത്താനും ഇടയിൽ പെട്ട അവസ്ഥയാണ്, ഏജന്റുമാരാൽ കബളിക്കപ്പെട്ട പല യുവാക്കൾക്കും. യു കെയിലേക്ക് കെയർ വർക്കർമാരായി എത്താൻ കഴിയുന്നവരുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഇമിഗ്രേഷൻ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയുവാൻ അത് മതിയാകില്ല എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

നിയമപരമായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പോലും സ്വീകരിക്കാൻ കഴിയാതെ പലരും തീർത്തും ഒറ്റപ്പെട്ടുപോയിരിക്കുന്നു എന്നാണ് വർക്ക് റൈറ്റ്‌സ് സേന്റർ ചീഫ് എക്‌സിക്യൂട്ടീവ് ഡോറ - ഒളീവിയ വികോൾ പറയുന്നത്. അസാധാരണമാം വിധം വെല്ലുവിളികളും മാനസിക സമ്മരദ്ദങ്ങളുമാണ് അവർ നേരിടുന്നതെന്നും ഡോറ പറയുന്നു. സാമ്പത്തിക സുരക്ഷിതത്വം തീരെയില്ല. ഗാർഡിയൻ പ്രതിനിധി നിരവധി കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ചു എന്നും അവരെല്ലാം തന്നെ സമാനാമായ അവസഥയിലൂടെയാണ് കടന്നു പോകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫീസും, യാത്രാക്കൂലിയും ഒരു മാസത്തെ താമസവും ഒക്കെയായി 16 ലക്ഷം രൂപയാണ് അഖിൽ ഷിന്റോ സെബാസ്റ്റ്യന് നൽകിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനു പുറമേ സ്പോൺസർഷിപ് സർട്ടിഫിക്കറ്റിനും വിസയ്ക്കും ഒക്കെയായി പതിനായിരങ്ങൾ വേറെയും വാങ്ങിയെടുത്തത്രെ. സ്വന്തം സഹോദരിയുടെ വിവാഹത്തിനായി മാതാപിതാക്കൾ മാറ്റിവെച്ചിരുന്ന വീട് വിറ്റായിരുന്നു ഇതിനുള്ള പണം കണ്ടെത്തിയത്.

സാധാരണ സംഭവിക്കാറുള്ളതുപോലെ ഏജന്റ് അഖിലിനെ ഒരു ബ്രിട്ടീഷ് ഇടനിലക്കാരനുമായി പരിചയപ്പെടുത്തി. ലണ്ടൻ റേഡിയന്റ് ഗ്രൂപ്പ് എന്ന കമ്പനി നടത്തുന്ന യൂസഫ് ബദറുദ്ദീൻ എന്ന വ്യക്തിയായിരുന്നു ഈ ഇടനിലക്കാരൻ.വിദേശ ജോലിക്കാർക്ക് താമസം, പരിശീലനം എന്നിവയ്ക്കുള്ള സഹയങ്ങൾ നൽകുകയാണ് തന്റെ കമ്പനി ചെയ്യുന്നത് എന്നായിരുന്നു ഇയാൾ ഗാർഡിയൻ പ്രതിനിധിയോട് പറഞ്ഞത്.

പിന്നീട് ഷെഫീൽഡ് ആസ്ഥാനമായുള്ള ഫ്‌ളെയിം ലില്ലി എന്ന സ്ഥാപനത്തിൽ നിന്നും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചു. ആഴ്ചയിൽ 37.5 മണിക്കൂർ ജോലിയും പ്രതിവർഷം 21,580 പൗണ്ടുമായിരുന്നു അവർ വാഗ്ദാനം നൽകിയത്. എന്നാൽ, നേരത്തെ പറഞ്ഞതുപോലെ യാത്രാ ടിക്കറ്റൊ താമസ സൗകര്യമോ ഒന്നും ലഭിച്ചില്ല. സ്വന്തം ചെലവിൽ യു കെയിൽ എത്തിയ അഖിൽ, മഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നും ടാക്സി പിടിച്ച് ഷെഫീൽഡിൽ എത്തി.

അവിടെ എത്തി ഫ്‌ളെയിം ലില്ലിയുടെ ഡയറക്ടർമാരിൽ ഒരാളായ ഷ്യൂ മാത്യൂ എന്ന വ്യക്തിയെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് അവിടെ ജോലി ഒഴിവുകൾ ഇല്ലെന്ന് മനസ്സിലാകുന്നത്. താൻ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നില്ലെന്നും, കെയർ വർക്കർക്ക് വേണ്ട യോഗ്യതയില്ലെന്നുമൊക്കെ അയാൾ പറഞ്ഞു. അഖിലുമായി കോൺട്രാക്റ്റ് ഇല്ലെന്നും അയാൾ പറഞ്ഞു. പിന്നെ ഏറെ തർക്കിച്ചപപോൾ അയാൾ അഖിലിന് ക്ലീനിങ് ജോലി നൽകി. പ്രതിദിനം രണ്ടോ മൂന്നോ മണിക്കൂർ ജോലി, മണിക്കൂറിന് 11 പൗണ്ട് ശമ്പളവും.

മറ്റൊരു മലയാളി കുടുംബത്തിനൊപ്പം ഇപ്പോഴും ഷെഫീൽഡിൽ തന്നെയാണ് അഖിൽ താമസിക്കുന്നത്. ക്ലീനിങ് ജോലിക്ക് പുറമേ ഇടക്കൊക്കെ ഫ്‌ളെയിം ലില്ലിയിൽ ഡ്രൈവറുടെ ജോലിയും ഇയാൾ എടുക്കുമായിരുന്നു. രണ്ട് മാസം മുൻപ് ചില പ്രശ്നങ്ങൾ ഉള്ളതിനാൽ ഇയാളെ പിരിച്ചു വിട്ടതായി കാണിച്ച് ഫ്‌ളെയിം ലില്ലി ഇയാൾക്ക് ഒരു ഈമെയിൽ സന്ദേശവും അയച്ചു. ഇപ്പോൾ അഖിൽ താമസിക്കുന്ന വീട്ടിലെ ജിയോ എന്ന മലയാളിയും സമാനമായ അനുഭവം നേരിട്ട വ്യക്തിയാണ്. കെയർ വർക്കർ ആയി കൊണ്ടുവന്ന ഇയാൾക്ക് ഫ്‌ളെയിം ലില്ലി ഡ്രൈവറുടെ ജോലിയാണ് നൽകിയത്.