ലണ്ടൻ: നഴ്സിങ് മേഖല ബ്രിട്ടീഷുകാർക്ക് അനാകർഷകമായി തോന്നുന്നുവോ ? അങ്ങനെയന്നാണ് റിപ്പോർട്ടുകൾ വെളിവാക്കുന്നത്. നഴ്സിങ്മാതമല്ല, മിഡ്വൈഫുമാർ ഉൾപ്പടെയുള്ള മുൻനിര ആരോഗ്യ പ്രവർത്തന മേഖലയിൽ പരിശീലനം തേടുന്നവരിൽ പലരും കോഴ്സുകൾ പൂർത്തിയാകുന്നതിന് മുൻപേ വിട്ടു പോകുന്നതായി നഫീൽഡ് ട്രസ്റ്റിന്റെ റിപ്പോർട്ട്. ഇത് തടയുന്നതിനായി സാമ്പത്തിക ഇൻസെന്റീവുകൾ നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ആരോഗ്യ മേഖലയിലെ ചില തസ്തികകളിൽ, 10 വർഷത്തെ എൻ എച്ച് എസ് സേവനം പൂർത്തിയാക്കുന്നവരുടെ വിദ്യാഭ്യാസ വായ്പകൾ എഴുതി തള്ളണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. വലിയൊരു വിഭാഗം വിദ്യാർത്ഥികളും കോഴ്സ് പൂർത്തിയാകുന്നതിന് മുൻപേ വിട്ടു പോകുന്നതായോ അതല്ലെങ്കിൽ, എൻ എച്ച് എസ്സിൽ ജോലിക്ക് കയറി ഏറെ താമസിയാതെ വിട്ടുപോകുന്നതായോ ആണ് കാണുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മന്ത്രിമാർ ഈ ആവശ്യം നിരാകരിക്കുന്നു. കഴിയുന്ന സഹായങ്ങൾ ഇപ്പോൾ തന്നെ ചെയ്യുന്നുണ്ട് എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

എൻ എച്ച് എസ്സിൽ പരിശീലനം നേടി, തൊഴിൽ ജീവിതം ആരംഭിക്കുന്നവർക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ സമഗ്രമായ ഒരു റിപ്പോർട്ടാണ് നഫീൽഡ് ട്രസ്റ്റ്മുൻപോട്ട് വച്ചിരിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, മിഡ്വൈഫുമാർ, ഫിസിയോതെറാപിസ്റ്റുകൾ, ഒക്കുപേഷണൽ തെറാപിസ്റ്റുകൾ, റേഡിയോഗ്രാഫേഴ്സ് എന്നീ അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്കിടയിൽ നടത്തിയ പഠനത്തിനൊടുവിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എൻ എച്ച് എസ്സിലെ ജോലി ഉപേക്ഷിക്കുന്നവരിൽ ചിലർ പൊതു മേഖലയിൽ ചാരിറ്റികൾക്കായും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്നുണ്ടാകാം എന്ന് പറയുന്ന റിപ്പോർട്ടിൽ, പക്ഷെ ആഭ്യന്തരമായി തന്നെ എൻ എച്ച് എസ്സ് ജീവനക്കാരെ വാർത്തെടുക്കുക എന്ന നയം തകർക്കുന്ന പ്രവണതയാണ് കാണുന്നതെന്നും ആശങ്കപ്പെടുന്നുണ്ട്. നിലവിൽ വലിയ തോതിൽ വിദേശങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റിനെ ആശ്രയിച്ചാണ് എൻ എച്ച് എസ് മുൻപോട്ട് പോകുന്നത്. അടുത്ത 15 വർഷത്തിനുള്ളിൽ, ആഭ്യന്തരമായി കൂടുതൽ ജീവനക്കാരെ ആരോഗ്യ മേഖലയിൽ പരിശീലിപ്പിച്ച് എടുക്കുന്നതിനുള്ള ഒരു പദ്ധതി ഇക്കഴിഞ്ഞ വേനലിൽ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഡോക്ടർ ആകാൻ പഠിക്കുന്നവരിൽ ഒരുപാട് പേർ പാതിവഴിയിൽ പഠനം നിർത്തുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജോലിയുടെ ആദ്യ വർഷങ്ങളിൽ ഇവർ ഇടവേള എടുക്കുകയും പിന്നീട് ഒരിക്കലും ഈ മേഖലയിലേക്ക് തിരിച്ചു വരാതിരിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ വായ്പയിൽ ഇളവുകൾ നൽകി ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് വർഷത്തെ ജോലി പൂർത്തിയാക്കുമ്പോൾ 30 ശതമാനം ഇളവും ഏഴ് വർഷത്തെ ജോലി പൂർത്തിയാക്കുമ്പോൾ 70 ശതമാനം ഇളവും നൽകണം, പത്ത് വർഷം പൂർത്തിയാക്കുന്നവരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്നും നിർദ്ദേശമുണ്ട്.