ലണ്ടന്‍: പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ അവഗണിച്ച് കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. മനുഷ്യാവകാശ നിയമങ്ങള്‍ അടിസ്ഥാനമാക്കി വാദമുയര്‍ത്തി നാട് കടത്തല്‍ ഒഴിവാക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള പെര്‍മനന്റ് ലീവ് ടു സ്റ്റേ ലഭിക്കണമെങ്കില്‍ ഇനി 30 വര്‍ഷക്കാലം കാത്തിരിക്കേണ്ടതായി വരും. അതുപോലെ അധികം നൈപുണികള്‍ (സ്‌കില്‍) ആവശ്യമില്ലാത്ത ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, അതേസമയം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വിദേശ തൊഴിലാളികള്‍ക്ക് 'ഇന്‍ഡെഫെനിറ്റ് ലീവ് ടു റെമെയ്ന്‍' (ഐ എല്‍ ആര്‍) ലഭിക്കാന്‍ 25 വര്‍ഷം വരെയും കാത്തിരിക്കേണ്ടതായി വരും. അതേസമയം, എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് പിആര്‍ ലഭിക്കുവാന്‍ അഞ്ചു വര്‍ഷം തന്നെ മതി. എന്നാല്‍ നഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

ഐ എല്‍ ആറുമായി ബന്ധപ്പെട്ട വന്‍ മാറ്റങ്ങളുമായാണ് ഷബാന മഹ്‌മൂദ് കുടിയേറ്റ നിയമം കര്‍ക്കശമാക്കാന്‍ ഒരുങ്ങുന്നത്. 2021 മുതല്‍ യുകെയില്‍ കുടിയേറിയവര്‍ക്കു കൂടി ബാധകമാകുന്ന രീതിയില്‍ പിന്‍കാല പ്രാബല്യത്തോടെയായിരിക്കും ഇത് നടപ്പിലാക്കുക. അതിനു പുറമെ ബോട്ടുകളില്‍ ചാനല്‍ കടന്നോ, മറ്റ് മാര്‍ഗങ്ങളിലൂടെയോ അനധികൃതമായി ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും, വിസ കാലാവധി തീര്‍ന്നതിന് ശേഷവും ഇവിടെ കഴിയുന്നവര്‍ക്കും പിഴയും ഒടുക്കേണ്ടതായി വരും. ഒരു അഭയാര്‍ത്ഥി യുകെയില്‍ എത്തിയ ദിവസം, അതല്ലെങ്കില്‍ ഒരു സന്ദര്‍ശകന്‍ യുകെയില്‍ എത്തിയ ദിവസം മുതലായിരിക്കും വര്‍ദ്ധിപ്പിച്ച യോഗ്യതാ കാലാവധി ബാധകമാവുക എന്നും കണ്‍സള്‍ട്ടേഷനായി ഹോം ഓഫീസ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

അഭയാര്‍ത്ഥികള്‍ക്ക് പിആര്‍ കിട്ടാന്‍ 30 വര്‍ഷം

അനധികൃതമായി യുകെയില്‍ എത്തുകയും അഭയാപേക്ഷ നിരസിക്കപ്പെടുകയും പിന്നീട് യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്സിലെ കുടുംബ ജീവിതം നയിക്കാനുള്ള അവകാശം ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 8 ഉപയോഗിച്ച് അപ്പീല്‍ നല്‍കി നാട് കടത്തല്‍ ഒഴിവാക്കുകയും ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കായിരിക്കും ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാന്‍ 30 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരിക. നിലവില്‍ ഒട്ടുമിക്ക കുടിയേറ്റക്കാര്‍ക്കും യുകെയില്‍ നിയമവിധേയമായി എത്തി അഞ്ച് വര്‍ഷക്കാലത്തോളം ഇവിടെ കഴിഞ്ഞാല്‍ ഐ എല്‍ ആറിനുള്ള യോഗ്യത നേടാനാകും. എന്നാല്‍, പുതിയ നിര്‍ദ്ദേശത്തില്‍ ഇത് പത്ത് വര്‍ഷമായി ഇരട്ടിപ്പിച്ചിട്ടുണ്ട്.

കെയര്‍ അസിസ്റ്റന്റുമാരടക്കം ലോ സ്‌കില്‍ വര്‍ക്കേഴ്‌സ് കാത്തിരിക്കേണ്ടത് 15 വര്‍ഷം

അതേസമയം, അധികം നൈപുണികള്‍ ആവശ്യമില്ലാത്ത കെയര്‍ അസിസ്റ്റന്റ്സ് പോലുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും സെറ്റില്‍ഡ് സ്റ്റാറ്റസ് എന്നു കൂടി അറിയപ്പെടുന്ന ഐഎല്‍ആര്‍ ലഭിക്കാന്‍. ബാച്ചിലേഴ്‌സ് ബിരുദത്തേക്കാള്‍ കുറഞ്ഞ യോഗ്യത ആവശ്യമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കായിരിക്കും 15 വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരിക. അതേസമയം, ഇക്കൂട്ടത്തില്‍ പെട്ടവര്‍ സര്‍ക്കാര്‍ ക്ഷേമ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കും. ഒരു വര്‍ഷത്തില്‍ താഴെ മാത്രം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് അഞ്ച് വര്‍ഷം കൂടി കൂടുതലായി കാത്തിരിക്കേണ്ടി വരും. ഒരു വര്‍ഷത്തില്‍ അധികമായി ഈ ആനുകൂല്യങ്ങളില്‍ എതെങ്കിലും കൈപ്പറ്റുന്നവരാണെങ്കില്‍ ഐഎല്‍ആര്‍ ലഭിക്കാന്‍ പത്ത് വര്‍ഷം കൂടുതല്‍, അതായത് 25 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഐ എല്‍ ആറിനുള്ള യോഗ്യത നേടുകയുള്ളൂ.

ഹൈ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് 10 വര്‍ഷം കഴിഞ്ഞാല്‍ പിആര്‍; ക്രിമിനല്‍ കേസും പാടില്ല

എന്നാല്‍, ഉയര്‍ന്ന യോഗ്യത ആവശ്യമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്, ബ്രിട്ടനിലെത്തി 10 വര്‍ഷം കഴിഞ്ഞാല്‍ സ്ഥിരതാമസത്തിനുള്ള യോഗ്യത നേടാം അതിനുപുറമെ, ഐ എല്‍ ആറിനായി അപേക്ഷിക്കുന്നവര്‍ക്ക്, അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും തന്നെ ഉണ്ടാകാന്‍ പാടില്ല എന്നും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. മാത്രമല്ല, കുറഞ്ഞത് മൂന്ന് വര്‍ഷക്കാലമെങ്കിലും നാഷണല്‍ ഇന്‍ഷൂറന്‍സ് വിഹിതം നല്‍കിയിരിക്കണം. അതുപോലെ, വിസ ഫീസ് ആയോ എന്‍എച്ച്എസ് ചെലവുകളായോ സര്‍ക്കാരിന് നല്‍കാനുള്ള പണത്തില്‍ ഒരു കുടിശ്ശികയും ഉണ്ടായിരിക്കരുത്. എ - ലെവലിന് തത്തുല്യമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കുകയും വേണം.

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍, ആശ്രിതരെ കൊണ്ടുവരികയാണെങ്കില്‍, അത് യു കെ സര്‍ക്കാരിന് മേല്‍ അധിക ബാധ്യത ഉണ്ടാക്കും. അതിനാല്‍ തന്നെ അത്തരത്തിലുള്ളവര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭ്യമാക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മഹ്‌മൂദ് അവതരിപ്പിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ പറയുന്നുണ്ട്. നിലവിലെ നിയമമനുസരിച്ച് ബ്രിട്ടനിലെത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ഹൗസിംഗിനും സ്വാഭാവികമായി അര്‍ഹത നേടും. ഇത്തരത്തില്‍ പെട്ടവര്‍ അധികമായും എത്തിയിരിക്കുന്നത് 2022ന് ശേഷമായതിനാല്‍, 2027 മുതല്‍ സര്‍ക്കാരിന് അധിക ഭാരം അനുഭവപ്പെടും. അതുകൊണ്ടാണ് ഇവര്‍ക്ക് ഐ എല്‍ ആര്‍ ലഭിക്കുന്നതിനുള്ള കാലാവധി 15 വര്‍ഷമാക്കാന്‍ നിര്‍ദ്ദേശിക്കുന്നതെന്നും അതില്‍ പറയുന്നു.

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഐഎല്‍ആറിന് അപേക്ഷിക്കാം

അതേസമയം, പൊതുമേഖലാ ഉദ്യോഗസ്ഥര്‍ക്കും ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്നവര്‍ക്കും ഐ ഐല്‍ ആറിനുള്ള കാത്തിരിപ്പ് സമയത്തില്‍ ചില ഇളവുകള്‍ ലഭിക്കും. എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഐ എല്‍ ആറിനായി അപേക്ഷിക്കാം. അതുപോലെ 45 ശതമാനം നിരക്കില്‍ നികുതി നല്‍കുന്നവരുടെ കാത്തിരിപ്പ് സമയം ഏഴു വര്‍ഷമാക്കി കുറയ്ക്കും. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ കുടിയേറ്റ നിയമങ്ങളില്‍ വരുത്തുന്ന ഏറ്റവും വലിയ മാറ്റങ്ങളാണിതെന്നാണ് ഹോം ഓഫീസ് അവകാശപ്പെടുന്നത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടിയുടെ സമ്മേളനത്തിലാണ് ഈ പരിഷ്‌കരണങ്ങളെ കുറിച്ചുള്ള ആദ്യ സൂചനകള്‍ ഹോം സെക്രട്ടറി നല്‍കിയത്. കുടിയേറ്റം ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമാണെന്നായിരുന്നു ഇന്നലെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഷബാന മഹ്‌മൂദ് പറഞ്ഞത്. എന്നാല്‍ അടുത്ത കാലത്തായി ഇത് മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഈ രാജ്യത്ത് എക്കാലവും താമസിക്കാം എന്നത് കുടിയേറ്റക്കാര്‍ക്കുള്ള ഒരു അവകാശമല്ലെന്നും ഒരു പരിഗണനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതുകൊണ്ട് ബ്രിട്ടീഷ് സമൂഹത്തിനും പ്രയോജനം ഉണ്ടാകണം. അതുകൊണ്ടാണ് താറുമാറായ ഇമിഗ്രേഷന്‍ സിസ്റ്റം പുനര്‍നിര്‍മ്മിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കുടിയേറ്റക്കാരെ ബ്രിട്ടീഷ് സമൂഹവുമായി ഇഴകി ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നയമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അതുപോലെ സമൂഹത്തിനായി സേവനങ്ങളും ചെയ്യുന്നവര്‍ക്കും പുതിയ കുടിയേറ്റ നിയമങ്ങളില്‍ ചില ഇളവുകള്‍ ലഭിക്കും. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒരു മാസം മുന്‍പ് തങ്ങള്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഐ എല്‍ ആറിനുള്ള കാലപരിധി അഞ്ചു വര്‍ഷത്തില്‍ നിന്നും 10 വര്‍ഷം ആക്കണമെന്നത് എന്നായിരുന്നു ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പ്രതികരിച്ചത്. അന്ന് അതിനെതിരെ വോട്ട് ചെയ്ത ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ അതേ നയം സ്വന്തം പേരില്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, തങ്ങളുടെ നയം അതേപടി ഹോം സെക്രട്ടറി പകര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അര്‍ഹത ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വര്‍ദ്ധിപ്പിച്ചത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയായി എന്ന് വിമര്‍ശിച്ച വര്‍ക്ക്സ് റൈറ്റ്സ് സെന്റര്‍ എന്ന ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോറ ഒലിവിയ വികോള്‍, ഇത് കുടിയേറ്റ സമൂഹത്തോടുള്ള വന്‍ ചതിയാണെന്നും പറഞ്ഞു. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അഭയാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന അധിക കാലാവാധി ഏകാധിപത്യ സര്‍ക്കാരുകളുടെ ഭരണ രീതിയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബ്രക്‌സിറ്റാനന്തര ഉടമ്പടിയുടെ ഭാഗമായി യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിച്ച യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാവുകയില്ല. അതുപോലെ ഹോങ്കോംഗ് പദ്ധതിയുടെ ഭാഗമായി എത്തിയവര്‍ക്കും ബ്രിട്ടീഷ് പൗരന്മാരുടെ ആശ്രിതര്‍ക്കും ഇത് ബാധകമാവുകയില്ല.