- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സ്‌കിൽഡ് വർക്കർ വിസയ്ക്ക് അർഹത ലഭിക്കുന്നതിനുള്ള മിനിമം വേതന പരിധി ഉയർത്തി
ലണ്ടൻ: നെറ്റ് ഇമിഗ്രേഷൻ ഏഴ് ലക്ഷത്തിലധികമാവുകയും, കുടിയേറ്റം ഒരു പ്രധാന രാഷ്ട്രീയ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിൽ, നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കുന്നതിന് ബ്രിട്ടനിലെ ഋഷി സുനക് സർക്കാർ പുതിയ നയങ്ങൾ കൊണ്ടു വന്നിരിക്കുകയാണ്. ഗവേഷണവുമായ ബന്ധപ്പെട്ടല്ലാത്ത പഠനങ്ങൾക്കായി വരുന്നവർക്ക് ആശ്രിതരെ കൊണ്ടുവരുന്നതിൽ വിലക്ക് ഏർപ്പെടുത്തിയത് അതിൽ ഒന്നായിരുന്നു. തൊട്ടു പിന്നാലെ, കുടുംബത്തെ യു കെയിലേക്ക് കൊണ്ടു വരുന്നതിനുള്ള ഫാമിലി വിസയ്ക്കുള്ള മിനിമം വേതനവും ഉയർത്തി.
ഇപ്പോഴിതാ സ്‌കിൽഡ് വർക്കർ വിസയിൽ, യു കെയിലേക്ക് വരണമെങ്കിൽ, ആവശ്യമായ കുറഞ്ഞ വേതനവും ഏപ്രിൽ 4 മുതൽ സർക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്. പുതിയ നയമനുസരിച്ച്, ബ്രിട്ടനിൽ ജോലിചെയ്യുന്നതിനായി, സ്‌കിൽഡ് വർക്കർ വിസയിൽ എത്തുന്നവർക്ക് ചുരുങ്ങിയത് പ്രതിവർഷം 38,700 പൗണ്ട് (ഏകദേശം 40,85,597 രൂപ) എങ്കിലും ശമ്പളം വേണം. നേരത്തെ ഇത് 26,200 പൗണ്ട് (ഏകദേശം 27,65,960 രൂപ) ആയിരുന്നു. അതായത്, മിനിമം വേതന പരിധി ഒറ്റയടിക്ക് ഉയർത്തിയിരിക്കുന്നത് 48 ശതമാനം.
പങ്കാളിയേയോ മറ്റ് കുടുംബാംഗങ്ങളെയോ ബ്രിട്ടനിലേക്ക് കൊണ്ടു വരണമെങ്കിൽ ഇപ്പോൾ ചുരുങ്ങിയത് പ്രതിവർഷം 18,600 പൗണ്ട് (ഏകദേശം 19,63,620 രൂപ) ശമ്പളം ആവശ്യമാണ്. അത് 29,000 പൗണ്ട് (ഏകദേശം 30,61,559 രൂപ) ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വർദ്ധനവ് ഏപ്രിൽ 11 മുതലായിരിക്കും നിലവിൽ വരിക.
കുടിയേറ്റ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുന്നതിനും അതോടൊപ്പം 2023 അവസാനമാകുമ്പോഴേക്കും നെറ്റ് ഇമിഗ്രേഷൻ നിരക്ക് കുറക്കുന്നതിനുമാണ് ഈ മാറ്റം എന്ന് ബ്രിട്ടീഷ് ഹൈക്കീഷൻ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ്സ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഏറ്റവും അധികം നൈപുണികൾ ഉള്ളവരെ മാത്രം ബ്രിട്ടനിലേക്ക് കൊണ്ടു വരിക എന്നൊരു ഉദ്ദേശ്യം കൂടി ഈ പുതിയ വർദ്ധനവിന് പിന്നിലുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
വിദേശത്തു നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ധാരാളമായി ആശ്രയിക്കുന്ന പല മേഖലകളെയും ഈ വർദ്ധനവ് പ്രതികൂലമായി ബാധിക്കും. ഹെൽത്ത് കെയർ വർക്കർമാർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. അതേസമയം, ജോലി തേടി ബ്രിട്ടനിലെത്താൻ ആഗ്രഹിക്കുന്ന നിരവധി ഇന്ത്യാക്കാർ ഉൾപ്പടെയുള്ള വിദേശ തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കും. വിദേശികൾക്കുള്ള തൊഴിൽ അവസരങ്ങളും ഇതോടെ കുറയും എന്നാണ് കരുതുന്നത്.
വിസ അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡമായ മിനിമം വേജസ് പരിധി ഉയരുമ്പോൾ, ആ പരിധിയിലോ അതിനേക്കാൾ കൂടുതലോ വേതനം ലഭിക്കുന്ന തൊഴിലുകൾക്ക് മാത്രമായിരിക്കും വിദേശികൾക്ക് അപേക്ഷിക്കാൻ കഴിയുക. അതുകൊണ്ടു തന്നെ സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള അപേക്ഷകരുടെ എണ്ണത്ഥിൽ വൻ കുറവ് ഉണ്ടാകും എന്നാണ് കണക്കുകൂട്ടുന്നത്.
അതേസമയം, ഹെൽത്ത് ആൻഡ് കെയർ വിസയിൽ വരുന്നവർക്കുള്ള ശമ്പള പരിധിയിൽ നാമമാത്ര വർദ്ധനവേ ഉണ്ടാവുകയുള്ളു. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദേശ തൊഴിലാളികൾ ബ്രിടനിൽ ചെയ്യുന്ന അതിപ്രധാന ജോലികളുടെ അടിസ്ഥാനത്തിലാണ് ഈ മേഖലയിലുള്ളവർക്ക് നാമമാത്ര വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. പ്രതിവർഷം ചുരുങ്ങിയത് 29,000 പൗണ്ട് എങ്കിലും ശമ്പളം ലഭിക്കുമെങ്കിൽ വിസക്ക് അപേക്ഷിക്കാവുന്നതാണ്. ഇതേ മേഖലയിലെ ചില തൊഴിലുകൾക്ക് മിനിമം വേതനം 23,200 പൗണ്ട് എന്നും നിശ്ചയിച്ചിട്ടുണ്ട്.
നിലവിൽ യു കെയിൽ ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കുകയാണെങ്കിലോ, പുതിയ കമ്പനിയിൽ ജോലിക്ക്കയറുകയാണെങ്കിലോ 29,000 പൗണ്ട് എന്ന പരിധി ബാധകമാകും. ഇതും നിരവധി ഇന്ത്യൻ തൊഴിലാളികളെ, പ്രത്യേകിച്ചും താഴത്തെ തട്ടിലും, ഇടത്തരം തസ്തികകളിലുമൊക്കെ ജോലിചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കും.അവർക്ക് ഈ വരുമാന പരിധിയിൽ എത്താൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്ക് തൊഴിൽ ചെയ്യാവുന്ന തസ്തികകളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യും.
മാത്രമല്ല, ഉയർന്ന ശമ്പളം നൽകേണ്ടി വരും എന്നതിനാൽ പല തൊഴിലുടമകളും വിദേശികളെ റിക്രൂട്ട് ചെയ്യാൻ മടിക്കും. ഇതും, ബ്രി്യുട്ടനിൽ വിദേശികൾക്ക് തൊഴിൽ അവസരങ്ങൾ കുറയാൻ ഇടവരുത്തും. ഷെഫ്, കശാപ്പുകാർ, വയിറ്റർമാർ, ്യുറീടെയ്ൽ മാനേജർമാർ എന്നീ തസ്തികകളിൽ നിരവധി ഇന്ത്യാക്കാരാണ് ബ്രിട്ടനിൽ സ്‌കിൽഡ് വിസയിൽ എത്തി ജോലി ചെയ്യുന്നത്. ഈ തസ്തികകളിലെ ശമ്പളം നിശ്ചയിക്കപ്പെട്ട പരിധിയിലും കുറവായതിനാൽ ഇനി ഈ മേഖലകളിലൊന്നും ഇന്ത്യാക്കാർക്ക് തൊഴിൽ സാധ്യത ഉണ്ടാവുകയില്ല.
അതേസമയം, ഐ ടി, എഞ്ചിനീയറിങ് മേഖലകളിൽ ഉള്ളവർക്ക് ഇത് പ്രശ്‌നമാകില്ല. മിനിമം പരിധിയിലും ഏറെ വേതനം ലഭിക്കും എന്നതിനാൽ, ഈ മേഖലകളിലെ തൊഴിൽ അവസരങ്ങൾ കുറയുകയില്ല. എന്നാൽ, ചിലർക്ക്മാത്രം കൂടുതൽ യോഗ്യത നേടി കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിൽ അന്വേഷിക്കേണ്ടതായി വരും. ചുരുക്കി പറഞ്ഞാൽ, എക്‌സിക്യൂട്ടീവ്, സ്റ്റാറ്റസ്സുപോലെ ഉയർന്ന സ്റ്റാറ്റസുള്ള തസ്തികകളിലേക്ക് മാത്രമായിരിക്കും ഇനി ബ്രിട്ടനിലേക്ക് പോകാൻ ഇന്ത്യാക്കാർക്ക് കഴിയുക.