ലണ്ടൻ: ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകിയ ഒന്നായിരുന്നു കഴിഞ്ഞ ബോറിസ് ജോൺസൺ സർക്കാരിന്റെ കാലത്തെ സ്റ്റുഡന്റ് വിസ നയം. ഇതനുസരിച്ച് പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് പഠനശേഷം രണ്ടു വർഷം കൂടി യു കെയിൽ തുടർന്ന് ജോലിചെയ്യാൻ കഴിയും. പി എച്ച് ഡി കഴിഞ്ഞവർക്കാണെങ്കിൽ മൂന്ന് വർഷം വരെ തുടരാൻ കഴിയുമായിരുന്നു.

ഇന്ത്യ ഉൾപ്പടെയുള്ള പല വിദേശ രാജ്യങ്ങളിലേയും വിദ്യാർത്ഥികൾക്ക് അത്യന്തം ആകർഷകമായിരുന്നു ഈ നയം. ഇതിനെ തുടർന്ന് വൻ കുത്തൊഴുക്ക് തന്നെയായിരുന്നു ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക്. എന്നാൽ, മറ്റു പലകാര്യത്തിലുമെന്ന പോലെ ബോറിസ് ജോൺസൺ സർക്കാരിന്റെയും പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെയും നയങ്ങൾക്ക് എതിരായി നീങ്ങുന്ന ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ, ഈ നയത്തിനും മാറ്റം വരുത്താൻ ഒരുങ്ങുകയാണ്.

നേരത്തേ ഫോറിൻ ട്രേഡ് സെക്രട്ടറി എന്ന നിലയിൽ ലിസ് ട്രസ്സ് പ്രധാന പങ്ക് വഹിച്ച ഒന്നായിരുന്നു ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ രൂപീകരണം. ഇതിന്റെ ഭാഗമായി ഇന്ത്യാക്കാർക്ക് വിസ ചട്ടങ്ങളിൽ ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ, വ്യാപാര കരാറിന്റെ ഭാഗമായി വിസ നയം നടപ്പാക്കേണ്ടതില്ല എന്നാണ് ഇപ്പോൾ ഹോം സെക്രട്ടറിയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇന്ത്യാക്കാർക്കുള്ള പ്രത്യേക ഇളവുകൾ എടുത്തു കളയാൻ ഒരുങ്ങുകയാണിപ്പോൾ.

അതിനു പിന്നാലെയാണ് വിദേശ വിദ്യാർത്ഥികൾക്ക് ഒപ്പം ആശ്രിതരായി എത്തുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടു വരാനുള്ള പദ്ധതി. വിദ്യാർത്ഥികളുടെ ആശ്രിത വിസയിൽ യു കെയിൽ എത്തുന്നവർക്ക് ഇവിടെ, അവരുടെ ചെലവുകൾ കണ്ടെത്തുന്നതിനായി തൊഴിൽ ചെയ്യാനുള്ള അനുവാദമുണ്ട്. പ്രത്യേക നൈപുണികൾ ആവശ്യമില്ലാത്ത മേഖലകളിൽ ഇത്തരത്തിൽ ആശ്രിതരായി എത്തുന്നവർ തൊഴിൽ ചെയ്യുന്നതിനാൽ തദ്ദേശിയർക്ക് അവസരങ്ങൾ കുറയുകയാണ്. ഇത് ഒഴിവാക്കുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം.

കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ ഇനിയും അവസാനിക്കുന്നില്ല. ഏറ്റവും അവസാനമായി സുവെല്ല ബ്രേവർമാൻ ഒരുങ്ങുന്നത് പഠന ശേഷം യു കെയിൽ തുടരാൻ അർഹതയുള്ള വിദ്യാർത്ഥികളുടേ എണ്ണം നിയന്ത്രിക്കുക എന്നതാണ്. ഇവിടെയും കുടിയേറ്റം പരമാവധി നിരുത്സാഹപ്പെടുത്തുക എന്നതു തന്നെയാണ് സുവെല്ലയുടെ അടിസ്ഥാന ലക്ഷ്യം. നിലവിൽ യു കെയിലെ പ്രത്യേക നൈപുണികൾ ആവശ്യമില്ലാത്ത മേഖലകളിൽ 2,39,000 വിദേശ തൊഴിലാളികൾ വന്നെത്തുന്നു എന്നാണ് കണക്ക്. ഇത് പതിനായിരങ്ങളിലേക്ക് താഴ്‌ത്തുക എന്നതാണ് തന്റെ ഉദ്ദേശമെന്ന് അവർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ പഠനാനന്തരം യു കെയിൽ തങ്ങാൻ അർഹതയുള്ളവരുടെ എണ്ണത്തിലും കുറവ് വരുത്താനാണ് അവർ ശ്രമിക്കുന്നത്. വലിയതോതിൽ ആവശ്യകതയുള്ള എഞ്ചിനീയറിങ്, ചില ശാസ്ത്രവിഷയങ്ങൾ എന്നിവ പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പഠന ശേഷം യു കെയിൽ തുടരാനുള്ള അർഹത ഇനി മുതൽ ലഭിക്കുക എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ നയം ഇതുവരെയും പ്രാബല്യത്തിൽ വരുത്തിയിട്ടില്ല. മറിച്ച് ഇത്തരത്തിൽ ആലോചനകൾ നടക്കുകയാണ്.

എന്നാൽ, യൂണിവേഴ്സിറ്റി അധികൃതർ ഈ നീക്കത്തിന് എതിരാണ്. ഇത് വിദേശ വിദ്യാർത്ഥികൾക്കെതിരെയു കെയുടെ ശത്രുതാ മനോഭാവമായി വ്യാഖ്യാനിക്കപ്പെടും എന്നാണ് അവർ പറയുന്നത്. ഫീസും മറ്റു ചെലവുകളുമൊക്കെയായി പ്രതിവർഷം 25.9 ബില്യൺ പൗണ്ടാണ് വിദേശ വിദ്യാർത്ഥികൾ യു കെയിലേക്ക് കൊണ്ടു വരുന്നത് എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

2012- ൽ അന്നത്തെ ഹോം സെക്രട്ടറി ആയിരുന്ന തെരേസ മേ നിർത്തലാക്കിയ ഗ്രാഡ്വേറ്റ് വിസ കഴിഞ്ഞ വർഷം ജൂലായിലായിരുന്നു വീണ്ടും കൊണ്ടുവന്നത്. ഇത് പുനരാവിഷ്‌കരിച്ചതിനു ശേഷം 66,211 വിദേശ വിദ്യാർത്ഥികൾക്കാണ് യു കെയിൽ തുടരാനുള്ള അനുമതി നൽകിയിട്ടുള്ളത്. ഇതിനായി മൊത്തം ലഭിച്ച അപേകൾ 66,787 എണ്ണമായിരുന്നു. ഇതിൽ പകുതിയോളംപേർ ഇന്ത്യാക്കാരാണ്. 28,331 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് പഠനശേഷം യു കെയിൽ തുടരാനുള്ള അനുമതി ലഭിച്ചത്. 7,771 നൈജീരിയൻ വിദ്യാർത്ഥികൾക്കും 6,559 ചൈനീസ് വിദ്യാർത്ഥികൾക്കും ഇവിടെ തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

ഈ വർഷം യു കെയിൽ എത്തിയ വിദേശ വിദ്യാർത്ഥികളിൽ ഇന്ത്യാക്കാരാന് എണ്ണത്തിൽ ഒന്നാമത്. കഴിഞ്ഞ വർഷം മൊത്തം 4,86,000 സ്റ്റുഡന്റ് വിസകളായിരുന്നു നൽകിയത്. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും നിയന്ത്രിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട് എന്നാണ് ഹോം ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, യു കെയിലെ 150 ൽ അധികം വരുന്ന യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റീസ് യു കെ, ഗിൽഡ് എച്ച് ഇ, മില്യൺ പ്ലസ്, യൂണിവേഴ്സിറ്റി അലയൻസ് എന്നീ സംഘടനകളുടെ ചീഫ് എക്സിക്യുട്ടീവുമാർ ഈ നയത്തിനെതിരെ പ്രതിഷേധിച്ച് സുവല്ല ബ്രേവർമാന് തുറന്ന കത്തയച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എഡ്യുക്കേഷൻ എക്സ്പോർട്ടിന്റെ 70 ശതമാനത്തോള വിദേശ വിദ്യാർത്ഥികളാണെന്നും യു കെയിലെ ഓരോ വ്യക്തിക്കും 390 പൗണ്ട് വീതമാണ് വിദെശ വിദ്യാർത്ഥികൾ സംഭാവന ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അത്തരം സാഹചര്യത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുക എന്നത് തനി പിന്തിരിപ്പൻ ആശയമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യു കെയുടെ ഏറ്റവും വിജയകരമായി നടക്കുന്ന കയറ്റുമതി മേഖലകളിൽ ഒന്നിനെ ഇത് തകർക്കും എന്നും അതുവഴി മൊത്തം സമ്പദ്ഘടനയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.