- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിൽ കയറിപ്പറ്റാൻ തിക്കും തിരക്കും; ആശ്രിത വിസ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം വന്നതോടെ യുകെ പഠനം ഉറപ്പാക്കിയതിൽ ഇന്ത്യക്കാർ ഏറെ മുന്നിൽ; മലയാളികളുടെ ആശ്രിത വിസക്കാർ വാടക വീട് ലഭിക്കാതെ നാട്ടിൽ കുടുങ്ങിയ അവസ്ഥയിൽ
ലണ്ടൻ:ബ്രിട്ടനിൽ പഠിക്കാൻ വരുന്ന സാധാരണ വിദ്യാർത്ഥികൾക്ക് ആശ്രിത വിസ അടുത്ത ജനുവരി മുതൽ നൽകേണ്ടതില്ല എന്ന് ബ്രിട്ടൻ തീരുമാനിച്ചത് ഇക്കഴിഞ്ഞ മേയിലാണ്. അന്നേ ഉറപ്പായിരുന്നു ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന അഡ്‌മിഷനിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ തള്ളിക്കയറ്റം ആയിരിക്കുമെന്ന്. ആ ഊഹം ശരിവച്ചു ഇത്തവണത്തെ അഡ്‌മിഷൻ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് ഹോം ഓഫിസ്. ഒട്ടും അതിശയം തോന്നാത്ത വിധത്തിൽ സ്റ്റുഡന്റ് വിസ സ്വന്തമാക്കിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് കണക്കുകൾ കാണിക്കുന്നത്. ഇത്തവണ 142000 ലേറെ ഇന്ത്യക്കാർ സറ്റുഡന്റ് വിസ സ്വന്തമാക്കിയപ്പോൾ ആശ്രിത വിസ സ്വന്തമാക്കിയവരുടെ എണ്ണം 154000 കടന്നിരിക്കുകയാണ്. ഇതിനർത്ഥം പങ്കാളികൾ മാത്രമല്ല കുട്ടികളും കൂടിയാണ് പഠന വിസക്കാരോടൊപ്പം എത്തുന്നത് എന്ന് തന്നെയാണ്. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവർമാൻ ഇത് പഠന വിസയല്ല കുടിയേറ്റത്തിനുള്ള കുറുക്കുവഴിയാണ് എന്ന് സമർഥിച്ചത്.
ഇന്ത്യക്കാർ സ്വന്തമാക്കിയ സ്റ്റുഡന്റ് വിസയിൽ വൻവർധന
സ്റ്റുഡന്റ് വിസക്കാർ ക്രമാതീതമായി വർധിച്ചതോടെ കുടിയേറ്റ കണക്കിൽ കഴിഞ്ഞ തവണ രേഖപ്പെടുത്തിയ ആറു ലക്ഷം എന്ന കണക്കിൽ നിന്നും ഇത്തവണയും എണ്ണം ഉയരും എന്നാണ് സൂചന. ഇതുവരെ അഞ്ചു ലക്ഷം സ്റ്റുഡന്റ് വിസകൾ നൽകിക്കഴിഞ്ഞു എന്നാണ് ഹോം ഓഫിസ് നൽകുന്ന സൂചന. ഇന്ത്യക്കാരാകട്ടെ കഴിഞ്ഞ വർഷം നേടിയതിനേക്കാൾ അധികമായി 54 ശതമാനം വിസ സ്വന്തമാക്കി എന്നാണ് കണക്കുകളിൽ നിന്നും ലഭ്യമാകുന്നത്. നാലു വർഷം മുൻപ് എത്തിയ ഇന്ത്യക്കാരുടെ എണ്ണത്തേക്കാൾ ഏഴു മടങ്ങ അധികമാണ് ഈ വർഷം എത്തുന്നവരുടെ എണ്ണം. ആകെ അനുവദിക്കപ്പെട്ട വിസയിൽ മൂന്നിൽ ഒന്നോളം ഇന്ത്യക്കാർ കയ്യടക്കി എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അകെ ഇന്ത്യക്കാർ നേടിയ 142848 വിസയിൽ കഴിഞ്ഞ വർഷത്തേക്കാൾ അധികമായി നേടിയത് 49883 വിസകളാണ്. ഇതിനർത്ഥം 54 ശതമാനം വർധന എന്നുതന്നെയാണ്. ഈ വിസകൾക്കൊപ്പം 154000 ആശ്രിത വിസയും നൽകേണ്ടി വന്നിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് അനേകായിരം പേരും പങ്കാളിക്കൊപ്പം കുഞ്ഞുങ്ങൾക്കും വിസ സ്വന്തമാക്കിയെന്നാണ് സ്റ്റുഡന്റ് വിസയിൽ വരുന്നവർക്ക് വിസ സ്വിച്ച് ചെയ്തു തൊഴിൽ നേടാനാകില്ലെന്ന നിയമം കൂടി കർശനമാകുന്നതാണ് ഇത്തവണ വലിയ തോതിലുള്ള ഇടിച്ചു കയറ്റത്തിന് കാരണമായത്. മുൻ കാലങ്ങളിൽ വന്നവരിൽ 20 ശതമാനത്തോളം പേർ ഇങ്ങനെ സ്വിച്ച് ചെയ്തു പോയവർ ആണെന്നതും കർക്കശ നിലപാടിലേക്ക് നീങ്ങാൻ കാരണമായി. അടുത്ത വർഷം മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമാണ് ആശ്രിത വിസ അനുവദിക്കുക. ഇതോടെ സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടാകും എന്നാണ് ബ്രിട്ടൻ കണക്കാക്കുന്നത.
്
ബ്രെക്സിറ്റും കാനഡ തർക്കവും കൂട്ടിയിടിച്ചത് സ്റ്റുഡന്റ് വിസയുടെ പേരിൽ
ബ്രെക്സിറ്റ് കച്ചവടത്തിന് ഇരിക്കുമ്പോൾ കൂടുതൽ സ്റ്റുഡന്റ് വിസ നൽകണം എന്ന് പിടിവാശി കാട്ടിയ ഇന്ത്യൻ സർക്കാരിന് മുന്നിൽ കണക്കുകൾ നിരത്തി വാദിച്ചപ്പോൾ സ്യുവേല പറഞ്ഞതിനോട് ഇന്ത്യൻ പക്ഷവും യോജിച്ചെങ്കിലും ഇപ്പോഴും തങ്ങളെ പ്രത്യേകമായി കണക്കിലെടുത്തു കൂടുതൽ വിസ നൽകണം എന്നാണ് ജി 20 സമ്മേളന സമയത്തും ഇന്ത്യൻ പക്ഷം വാദിച്ചത്. എന്നാൽ അതിനോട് അനുകൂലമായി ഒന്നും പ്രതികരിക്കാതെ സമയമെടുത്ത് ബ്രെക്സിറ്റ് ചർച്ച നടത്താം എന്ന് പറഞ്ഞു റിഷി സുനക്ക് മടങ്ങുമ്പോൾ സ്റ്റുഡന്റ് വിസ തർക്കം കടുത്ത വിടവാണ് ഇരു കൂട്ടർക്കും ഇടയിൽ സംഭവിച്ചത് എന്ന് വരികൾക്കിടയിൽ വായിച്ചെടുക്കാനാകും. ഇതിന്റെ പ്രതിഫലനം കാനഡ വിഷയത്തിലും സംഭവിച്ചു. ഇന്ത്യ പ്രതീക്ഷിച്ച നിലയിൽ കാനഡയെ തള്ളിപ്പറയാൻ ബ്രിട്ടൻ തയാറായില്ല എന്നത് സുവ്യക്തമാണ്. ബ്രിട്ടനിൽ നിന്നും കുറേക്കൂടി തുറന്ന പിന്തുണയാണ് ഇന്ത്യ ആഗ്രഹിച്ചിരുന്നതും. ഇരു രാജ്യങ്ങളുടെയും സൗന്ദര്യപ്പിണക്കത്തിനു മൂലകാരണമായത് സ്റ്റുഡന്റ് വിസ തർക്കം തങ്ങനെയെന്നാണ് വ്യക്തമാകുന്നത്.
വിസ കിട്ടിയവർ നാട്ടിൽ കുടുങ്ങിയ നിലയിൽ; വീടുകൾ എവിടെയും കിട്ടാനില്ല
അതിനിടെ കുടുംബവും കുട്ടികളും ഒക്കെയായി എത്താനുള്ള അവസാന ബസെന്ന നിലയിൽ ഇത്തവണ യുകെ അഡ്‌മിഷൻ നേടാൻ മലയാളികളുടെ വലിയ തള്ളിക്കയറ്റം തന്നെ ഉണ്ടായി എന്ന സൂചന ലഭിക്കുന്നത് ബ്രിട്ടീഷ് മലയാളിക്ക് ദിവസവും ലഭിക്കുന്ന വീട് തേടിയുള്ള അന്വേഷണങ്ങളാണ്. ഹെർറ്ഫോഷെയർ, സണ്ടർലൻഡ്, ന്യൂകാസിൽ, മിഡിൽസ്ബറ, സ്പൗതാംപ്ടൺ. ബേൺമൗത്, ബ്രിസ്റ്റോൾ തുടങ്ങിയ മിക്ക നഗരങ്ങളിലും വീട് ലഭിക്കുമോ എന്ന അന്വേഷണമാണ് നാട്ടിൽ നിന്നും എത്തുന്നത്. സ്റ്റുഡന്റ് വിസ ലഭിച്ച ആൾ യുകെയിൽ എത്തിയെങ്കിലും ജീവിത പങ്കാളി നാട്ടിൽ തുടരുന്നത് യുകെയിൽ ഒന്നിച്ചു താമസിക്കാനുള്ള വീട് കിട്ടാത്തതിനാലാണ്. ലണ്ടൻ പ്രദേശത്തു ബേസ്‌മെന്റ് സൗകര്യം ലഭിച്ചിരുന്നത് പോലും ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥ ആണെന്ന് പറയപ്പെടുന്നു. എത്ര തുക വാടക നല്കാൻ തയ്യാറാണെങ്കിലും വീടുകൾ ഒഴിവില്ല എന്നതാണ് അവസ്ഥ .
എന്നാൽ പലയിടത്തും യൂണിവേഴ്‌സിറ്റി താമസ സൗകര്യം ലഭ്യമാണെങ്കിലും അവിടെയൊക്കെ സിംഗിൾ അക്കോമോടെഷൻ സൗകര്യമാണ് ലഭിക്കുന്നത്. മാത്രമല്ല കേരളീയ രീതിയിലുള്ള പാചകമൊന്നും സാധ്യവുമല്ല. അതിനാൽ കഴിവതും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള വീടുകൾ ലഭ്യമാണോ എന്നതാണ് വിസ ലഭിച്ചവരുടെ അന്വേഷണം. മുൻ കാലങ്ങളിൽ പഴയകാല യുകെ മലയാളികൾ സാധ്യമായ തരത്തിൽ ഒക്കെ ഇത്തരം അന്വേഷണങ്ങളോട് പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോൾ കാര്യമായി ആരും ഇത്തരം സഹായ അഭ്യർത്ഥനകളോട് പ്രതികരിക്കാൻ പോലും തയാറാകുന്നില്ല എന്നതാണ് അവസ്ഥ. മുൻ കാലങ്ങളിൽ സഹായം നൽകിയ പല വിദ്യാർത്ഥികളിൽ നിന്നും മോശം അനുഭവം ഉണ്ടായ സാഹചര്യത്തിലാണ് ഈ മടുപ്പ് രൂപപ്പെട്ടിരിക്കുന്നത് എന്നും വ്യക്തം. കണക്കു വിട്ട തരത്തിൽ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതിന്റെ പരിണത ഫലമാണ് ഇപ്പോൾ എത്തുന്നവർ അനുഭവിക്കേണ്ടി വരുന്നതെന്നും സുവ്യക്തമാണ് .
വിദ്യാർത്ഥികൾ കൂടിയപ്പോൾ ജോലി കിട്ടി വന്നവർക്കും വീടില്ലാതായി
ലഭ്യമാകുന്ന വീടുകൾ എല്ലാം സംഘം ചേർന്ന് വിദ്യാർത്ഥി വിസക്കാർ കൈക്കലാക്കുന്നതോടെ ഇപ്പോൾ ജോലി തേടി എത്തിയവർക്കും വീട് കിട്ടാനില്ലാത്ത അവസ്ഥയായിട്ടുണ്ട്. ബ്രിസ്റ്റോളിലും മാഞ്ചസ്റ്ററിലും ലെസ്റ്ററിലും ഒക്കെ ഈ രൂക്ഷത ഏറെയാണ് .എൻഎച്എസ് സ്റ്റാഫിനോന്നും കുടുംബത്തെ കൊണ്ടുവന്നു താമസിപ്പിക്കാൻ പറ്റുന്ന നിലയിൽ വീടുകൾ കണ്ടെത്താനാകുന്നില്ല എന്നാണ് പരാതി. മിക്ക എസ്റ്റേറ്റ് ഏജൻസികളും ഒരാളുടെ ശമ്പള ബില്ലിൽ വീടുകൾ നൽകുന്നില്ല എന്നതാണ് മറ്റൊരു ട്രെൻഡ് .യുകെയിൽ എത്തി ജോലി കണ്ടുപിടിക്കും മുൻപേ എങ്ങനെ ശമ്പള ബിൽ നൽകാനാകും എന്ന ചോദ്യമൊന്നും കേൾക്കാൻ സ്വകാര്യ വീട്ടുടമകൾ തയ്യാറുമല്ല. ഉയർന്ന ശമ്പളമുള്ള ആരെങ്കിലും ഗ്യാരണ്ടി നൽകിയാൽ മതിയെന്ന ഇളവുകൾ അടുത്തകാലം വരെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും സ്വീകാര്യമല്ല. ചുരുക്കത്തിൽ ഇപ്പോൾ യുകെയിൽ എത്തുന്നവർക്ക് താമസിക്കാൻ ഒരിടം കണ്ടെത്തണമെങ്കിൽ നക്ഷത്രം എണ്ണണം എന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ.
മറുനാടന് ഡെസ്ക്