- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു. കെ സ്വപ്നവുമായെത്തിയ കെയറർക്ക് ജോലി നഷ്ടമായി തിരിച്ചുപോകേണ്ടി വന്നു എന്ന് മാത്രമല്ല, പത്ത് ലക്ഷം കടബാദ്ധ്യതയും; സ്പോൺസർഷിപ് സ്ഥാപനം വിസ ക്യാൻസൽ ചെയ്ത് തിരിച്ചു പോകേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നു; റഫറൻസ് നൽകാതെ വിസയുടെ കുടുക്കിൽപെട്ട് ചൂഷണത്തിൽ പെടുന്നവരുടെ കഥയുമായി ദ ഗാർഡിയൻ ദിനപ്പത്രം
ലണ്ടൻ: കഴിഞ്ഞ നവംബറിലെ ശൈത്യകാലം. തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലയായ വിൽറ്റ്ഷയറിലെ തെരുവിൽ, 3 ഡിഗ്രി സെൽഷ്യസിൽ തന്റെ കാറിലിരുന്ന് കോച്ചി വിറയ്ക്കുകയാണ് ആന്റണി എംബേർ എന്ന കെനിയൻ സ്വദേശി. കാർ ഹീറ്റർ ഓൺ ചെയ്താൽ ഒരുപക്ഷെ കാറിന്റെ ബാറ്ററി തീരും. പെട്രോൾ സ്റ്റേഷനിൽ എത്തി ഒരു ചുടുകാപ്പി കുടിക്കാനുള്ള 3 പൗണ്ട് ആണെങ്കിൽ കൈവശം ഇല്ലതാനും. കൈയിലുള്ള കമ്പിളി തരുന്ന ചെറു ചൂടിനെ നിഷ്പ്രഭമാക്കുന്ന തണുപ്പിൽ ആ പാവം.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യു കെയിലെ സോഷ്യൽ കെയർ സെക്ടറിൽ ജീവനക്കാരുടെ ക്ഷാമം നേരിട്ടപ്പോൾ അത് പരിഹരിക്കുന്നതിനായി ബ്രിട്ടനിലേക്ക് വരുത്തിയ ആയിരക്കണക്കിന് വിദേശ കെയറർമാരിൽ ഒരാളാണ് ആന്റണി. 2023 മാർച്ച് വരെയുള്ള ഒരു വർഷക്കാലത്തിൽ മൊത്തം 57,693 പേരെയാണ് ഈ മേഖലയിലേക്ക് സ്‌കിൽഡ് വർക്കർ വിസക്ക് കീഴിൽ ബ്രിട്ടനിൽ എത്തിച്ചത്. അവരിൽ ഭൂരിഭാഗവും യൂറോപ്യൻ യൂണിയന് വെളിയിലുള്ള അവികസിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
യു കെയിൽ ഒരു തൊഴിൽ അവസരം കൈവന്നു ചേർന്നപ്പോൾ, അത് ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള അവസരമായിട്ടായിരുന്നു അയാൾ കണ്ടത്. മൂന്ന് മക്കളുടെ പിതാവായ ഇയാൾ തന്റെ സ്വത്തുക്കൾ വിറ്റും, കെനിയയിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചുമായിരുന്നു ബ്രിട്ടനിൽ എത്തിയത്. അതിനായി ഒരു എജന്റിന് 2,500 പൗണ്ട് ഫീസ് നൽകുകയും ചെയ്തു. കെനിയയിൽ അയാൾക്ക് ലഭിച്ചിരുന്ന വേതനത്തിന്റെ പത്തിരട്ടി വേതനം ലഭിക്കുന്ന സ്ഥിരം ജോലിയായിരുന്നു ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ, ബ്രിട്ടനിലെത്തി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ, കഴിഞ്ഞയാഴ്‌ച്ച സ്വദേശത്തേക്ക് തിരികെപ്പോകാൻ ഇയാളോട് അധികൃതർ ആവശ്യപ്പെട്ടു. ജോലിയില്ലാതെ, 10,000 പൗണ്ടിന്റെ (പത്ത് ലക്ഷം രൂപയോളം) കടവുമായി അയാൾക്ക് ഇനി തിരികെ പോകണം. ബ്രിട്ടനിലെ എത്തി ജോലിക്ക് കയറിയ ഇയാളെ, തൊഴിലിടത്തെ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്ക അറിയിച്ചതിന്റെ പേരിൽ സ്പോൺസർ, ജോലിയിൽ നിന്നും പിരിച്ചുവിടുകയും സ്പോൺസർഷിപ്പ് റദ്ദ് ചെയ്യുകയുമായിരുന്നു.
മറ്റൊരു സ്പോൺസറെ കണ്ടെത്താനാകാതെ ദുരിതത്തിലാവുകയായിരുന്നു ആന്റണി. 2022 സെപ്റ്റംബറിൽ യു കെയിൽ ജോലിക്ക് കയറുമ്പോൾ അത് ക്ലേശമേറിയ ജോലി ആയിരുന്നെങ്കിലും നല്ല പ്രതിഫലം ലഭിക്കുമെന്ന് അയാൾ മനസ്സിലാക്കി. തന്റെ ക്ലൈന്റുകളുമായി അയാൾ നല്ല ബന്ധം സ്ഥാപിച്ചു എന്നാണ് ആന്റണി അവകാശപ്പെടുന്നത്. എന്നാൽ, തുടർന്നുള്ള സാഹചര്യം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല.
കെനിയയിൽ നിന്നും പുറപ്പെടുമ്പോൾ ആന്റണിയുടെ സ്പോൺസർ മെറിറ്റ് ഹെൽത്ത് കെയർ പറഞ്ഞിരുന്നത് ആന്റണി പ്രതിവാരം 40 മണിക്കൂർ ജോലി ചെയ്യണം എന്നായിരുന്നു. അതിന് മണിക്കൂറിൽ 10.20 പൗണ്ട് വേതനവും വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, യു കെയിൽ എത്തിയ അയാൾക്ക് പറഞ്ഞതിലും കുറവ് മണിക്കൂറുകൾ മാത്രമായിരുന്നു ജോലി ചെയ്യാൻ ലഭിച്ചത്. അടിസ്ഥാനജീവിത ചെലവുകൾക്കുള്ള പണം കണ്ടെത്താനുള്ള മാർഗ്ഗം പോലും ഉണ്ടായിരുന്നില്ല.
പല ദിവസങ്ങളിലും രാവിലെ ഏഴ് മണിക്ക് യാത്ര തിരിക്കുന്ന ഇയാൾ മടങ്ങിയെത്തുക രാത്രി 11മണിക്കാകും. എന്നാൽ, അര മണിക്കൂർ ഷിഫ്റ്റുകളായി രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരിക്കും ജോലി. ഓരോ അപ്പോയിന്റ്മെന്റുകൾക്ക് ഇടയിലും ദീർഘമായ ഇടവേളകൾ ഉണ്ടായിരിക്കും. അതുപോലെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള യാത്രാ സമയം ജോലി സമയത്തിൽ ഉൾപ്പെടുത്താത്തതിനാൽ ആ സമയത്തേക്ക് വേതനം ലഭിക്കുകയില്ല.
ചുരുക്കത്തിൽ, വാർഷിക ശമ്പളം 21,200 പൗണ്ട് എന്ന് പറഞ്ഞതിൽ ഇയാൾക്ക്‌ലഭിക്കുന്നത് 12,000 പൗണ്ട് മാത്രമായി ചുരുങ്ങി. കടം വീട്ടുന്നതിനോ കുട്ടികളുടെ സ്‌കൂൾ ഫീസ് കെട്ടുന്നതിനോ പോലുമാകാത്ത അവസ്ഥ. നാല് മാസത്തോളം ജോലി ചെയ്ത് കഴിഞ്ഞപ്പോൾ കൂനിന്മേൽ കുരു എന്നപോലെ പുതിയൊരു നിർദ്ദേശം കൂടി വച്ചു. കമ്പനിയുടെ വാഹനം ഉപയോഗിക്കാതെ, ആന്റണി സ്വന്തം കാർ ഉപയോഗിക്കണം എന്നതായിരുന്നു ആ നിർദ്ദേശം.
അതിനായി കമ്പനി കാർ വാങ്ങി നൽകുമെന്നും, തുക മാസത്തവണകളായി ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും കമ്പനി അറിയിച്ചു. കിട്ടുന്ന വേതനം, ജീവിത ചെലവുകൾക്ക് തികയാത്ത സാഹചര്യത്തിൽ വീണ്ടും അതിൽ നിന്നും പണം തിരികെ പിടിക്കുന്നത് അയാൾക്ക് സമ്മതിക്കാൻ ആയില്ല. ഇതുമായി ബന്ധപ്പെട്ട ആശങ്ക അയാൾ മാനേജ്മെന്റിനെ അറിയിച്ചു. അയാളെ പിരിച്ചുവിടുകയും, സ്പോൺസർഷിപ്പ് റദ്ദാക്കുകയും ചെയ്തുകൊണ്ടായിരുന്നു കമ്പനി പ്രതികരിച്ചത്.
കമ്പനിയുടെ പുതിയ വെഹിക്കിൾ പോളിസി അനുസരിക്കാൻ തയ്യാറാകാത്തതിനാലാണ് പിരിച്ചു വിടുന്നത് എന്നായിരുന്നു കമ്പനിയുടെ ഔദ്യോഗിക ഭാഷ്യം. ആന്റണി അതിനെതിരെ അപ്പീൽ നൽകുകയും സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഹോം ഡിപ്പാർട്ട്മെന്റിന് കത്തെഴുതുകയും ചെയ്തു. അതിന് മറുപടി ഒന്നും ലഭിച്ചില്ല. മറിച്ച് ഓഗസ്റ്റ് 1 ന് അയാൾക്ക് ഹോം ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചത് 60 ദിവസങ്ങൾക്കുള്ളിൽ മറ്റൊരു സ്പോൺസറെ കണ്ടെത്തിയില്ലെങ്കിൽ രാജ്യം വിടണമെന്ന അറിയിപ്പായിരുന്നു.
പലയിടങ്ങളിലും അയാൾ ജോലിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു യു കെ റെഫറൻസ് ഇല്ല എന്നത് അയാൾക്ക് ജോലി ലഭിക്കാൻ തടസ്സമാകുന്നു. ഇപ്പോൾ, ബ്രിട്ടനിലേക്ക് വരാനുള്ള ചെലവ്ക്കായി ഇയാൾ നാട്ടിൽ വാങ്ങിയ 10,000 പൗണ്ട് എങ്ങനെ തിരികെ കൊടുക്കും എന്നറിയാതെ ഇയാൾ വിഷമിക്കുകയാണ്.
കെയർ വർക്കർമാരായി എത്തിയ നിരവധി പേരാൺ' സമാന സാഹചര്യത്തിൽ ഇപ്പോൾ ബ്രിട്ടനിൽ കഷ്ടതകൾ അനുഭവിക്കുന്നത് എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. 8000 പൗണ്ട് വരെ ഏജൻസി ഫീസ് നൽകി എത്തുന്ന പലരും പ്രതിമാസം 700 പൗണ്ട് മാത്രം കൈപ്പറ്റി ജോലി ചെയ്യുന്ന സാഹചര്യമുണ്ടത്രെ. പലരും വൻ കടബാദ്ധ്യതകൾ നാട്ടിൽ അവശേഷിപ്പിച്ചായിരിക്കും ബ്രിട്ടനിൽ എത്തിയിരിക്കുക എന്നത് കാര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതോടെ ടൈഡ് വിസ സിസ്റ്റം നിർത്തണമെന്ന മുറവിളികൾ ശക്തമാകുന്നുമുണ്ട്.
നിലവിലെ രീതി അനുസരിച്ച്, ഹെൽത്ത് കെയർ വിസക്ക് ഒരു തൊഴിലുടമ സ്പോൺസർ ചെയ്യണം. ഇത് തൊഴിലാളികളെ തൊഴിലുടമക്ക് പൂർണ്ണമായും അടിമപ്പെട്ട് കഴിയാൻ നിർബന്ധിതമാക്കുന്നു. ഈ തൊഴിലുടമയുടെ ദയവില്ലാതെ മറ്റൊരു തൊഴിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അവർ പലവിധ ചൂഷണങ്ങൾക്കും വിധേയരാവുകയാൺ'.
മറുനാടന് ഡെസ്ക്