ലണ്ടൻ: യു കെ വിസ അപ്പോയിന്റ്മെന്റുകൾ ബ്രോക്കർമാർ മുൻകൂട്ടി ബുക്ക് ചെയ്തശേഷം, യു കെയിൽ കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്ക് വൻതുക വാങ്ങി നിയമവിരുദ്ധമായി മറിച്ചു വിൽക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഒബ്സർവർ പത്രം നടത്തിയ അന്വേഷണത്തിൽ ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഏജന്റുമാർ ഇതിനായി 800 പൗണ്ട് വരെ വാങ്ങുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. ഈ ബയോമെട്രിക് അപ്പോയിന്റ്മെന്റിനു വേണി സമൂഹ മാധ്യമങ്ങളിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്.

''നിങ്ങൾ യു കെ യിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിക്കുകയാണോ? വിസ അപ്പോയിന്റ്മെന്റിന്റെ ലഭ്യത നിങ്ങളെ അതിൽ നിന്നും പിന്തിരിപ്പിക്കില്ല.'' എന്നാണ് സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റ് തുടങ്ങുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, സൗകര്യത്തിനനുസരിച്ചുള്ള സമയവും ഇവർ വാഗ്ദാനം ചെയ്യുന്നു. മറ്റു ചിലരാകട്ടെ, കാത്തുകിടക്കുന്ന അപേക്ഷകൾ തീർക്കുന്നതിനു തൊട്ടുമുൻപായി തന്നെ സാമാന്യം ഭേദപ്പെട്ട തുകക്ക് തൊട്ടടുത്ത ദിവസം തന്നെ അപ്പോയിന്റ്മെന്റ് തരപ്പെടുത്തുന്നു.

വിദേശ വിദ്യാർത്ഥികളിൽ നിന്നും, ഹെൽത്ത്കെയർവർക്കർമാരിൽ നിന്നുമുള്ള വിസ അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതോടെ ചില വിദേശ കോൺസുലാർ സർവ്വീസുകൾക്ക് മേൽ വന്നുചേർന്ന സമ്മർദ്ദം ദുരുപയോഗപ്പെടുത്തിയാണ് ഇവിടെ കരിഞ്ചന്ത വളരുന്നത്. യു കെയിൽ ആറു മാസത്തിൽ അധികം താമസിക്കാൻ ആഗ്രഹിക്കുന്നവരും, ചില രാജ്യങ്ങളിൽ നിന്നുള്ള ഹ്രസ്വകാല സന്ദർശകരും, വ്യക്തിപരമായി തന്നെ, അവരുടെ മാതൃരാജ്യത്ത് അപ്പോയിന്റ്മെന്റിന് എത്തി വിരലടയാളങ്ങളും ഫോട്ടോയും നൽകേണ്ടതുണ്ട്.

സാധാരണ രീതിയിൽ തികച്ചും സൗജന്യമാണ് ഈ അപ്പോയിന്റ്മെന്റുകൾ. അല്ലെങ്കിൽ 30 പൗണ്ടും, 85 പൗണ്ടും മുൻഗണന സേവനത്തിന് ഫീസായി ഈടാക്കി നേരത്തെ അപ്പോയിന്റ്മെന്റ് നൽകുന്നുമുണ്ട്. എന്നാൽ, ഇത്വഴി അപേക്ഷിക്കുന്ന, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അത് ലഭിക്കാൻ ഏറെ ക്ലേശിക്കേണ്ടതായി വരുന്നു. ഈ മേഖലയിലെ വിസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഹോം ഓഫീസ് നിയോഗിച്ചിട്ടുള്ള ഔട്ട്സോഴ്സിങ് കമ്പനിയായ വി എഫ് എസ് ഗ്ലോബൽ എന്ന കമ്പനി വഴിയാണ് അപേക്ഷിക്കേണ്ടത്.

ഇവിടെ അപ്പോയിന്റ്മെന്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ വ്യത്യസ്ത വഴികളാണ് ഏജന്റുമാർ പിന്തുടരുന്നത്. ചിലർ ഓട്ടോമേറ്റഡ് ബോട്ടുകൾ ഉപയോഗിച്ച് പുതിയതായി റിലീസ് ചെയ്ത സ്ലോട്ടുകൾ കണ്ടെത്തുമ്പോൾ മറ്റു ചിലർ വി എഫ് എസ്സിന്റെ ബുക്കിങ് പോർട്ടലിൽ നിന്നും അത് കണ്ടെത്തുന്നു. ആവശ്യമില്ലെങ്കിൽ കൂടി അവർ ഈ സ്ലോട്ടുകൾ ബുക്ക് ചെയ്യും. പിന്നീട് അത് കാൻസൽ ചെയ്ത്, പണംനൽകുന്ന കക്ഷികളുടെ പേരിൽ ബുക്ക് ചെയ്ത് നൽകും.

ഈ പ്രശ്നം വളരെയേറെ ഗുരുതരമായിട്ടുള്ളത് പാക്കിസ്ഥാനിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള ദുരുപയോഗം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും വിസക്ക് അപേക്ഷിക്കുന്നവർ പറയുന്നത്, ഏജന്റിന് പണം നൽകി അപ്പോയിന്റ്മെന്റ് വാങ്ങുക എന്നതല്ലാതെ തങ്ങൾക്ക് മുൻപിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ല എന്നാണ്.