കണ്ണൂര്‍ : പാണപ്പുഴയില്‍ മകന്റെ അടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ ഐസക്കാണ്(75) ബുധനാഴ്ച്ച രാവിലെ ഒന്‍പതരയോടെ വീട്ടില്‍ വെച്ച് മരിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് രാവിലെ 11.30 നാണ് മകന്‍ സന്തോഷ ്( 48)മരവടികൊണ്ട് ഐസക്കിന്റെ തലക്കടിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

അമിത മദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിനാണ് ഇതിന് കാരണക്കാരനെന്ന് കരുതി അച്ഛന്റെ തലക്ക് സന്തോഷ് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.

സംഭവത്തില്‍ ഡിസംബര്‍ 11 ന് പരിയാരം പോലീസ് മകന്‍ സന്തോഷിന്റെ പേരില്‍ വധശ്രമക്കേസ് എടുത്തിരുന്നു. അറസ്റ്റിലായ സന്തോഷ് ഇപ്പോഴും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്.

തലച്ചോറില്‍ രക്തശ്രാവം ബാധിച്ച് ഒരുമാസത്തിലേറെ ചികില്‍സയില്‍ കഴിഞ്ഞ ഐസക്ക് രണ്ടാഴ്ച്ച മുമ്പാണ് വീട്ടിലെത്തിയത്. ഭാര്യ: എല്‍സി(മറിയാമ്മ) മുരിങ്ങോത്ത്. മകള്‍ സീമ ഐസക്.

മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുകയുള്ളുവെന്ന് പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാര്‍ പറഞ്ഞു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.