തൃശൂര്‍: ഒല്ലൂരില്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ ഒല്ലൂര്‍ സിഐ ടി പി ഫര്‍ഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്.

കാപ്പാ പ്രതിയെ വിട്ടയച്ചില്ലെങ്കില്‍ സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാന്‍ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. മാരിമുത്തു അടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.