- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സുഖോയ് വിമാനം വെടിവെച്ചിട്ടത് ഒരു വൃദ്ധൻ; പ്രെടോൾ ബോബ് എറിഞ്ഞ് ടാങ്കുകൾ തകർക്കുന്ന നാട്ടുകാർ; ഒളിയുദ്ധത്തിലുടെ സൈനിക ഓഫീസർമാരെ കൊന്നൊടുക്കുന്ന സ്നൈപ്പറുകൾ; വെള്ളം ഭക്ഷണവുമില്ലാെത വലഞ്ഞ് പിന്തിരിഞ്ഞോടുന്ന റഷ്യ സൈന്യം; യുദ്ധം ഇരുനൂറ് ദിവസം പിന്നിടുമ്പോൾ തോറ്റോടിയ പടയായി പുടിന്റെ സേന; യുക്രൈനിൽ റഷ്യക്ക് പിഴച്ചത് എവിടെ?
ഈജിപ്തും, ജോർദാനും, സിറിയയും നിരവധി അറബി രാഷ്ട്രങ്ങളുടെ പിന്തുണയോടെ വളഞ്ഞിട്ട് ആക്രമിച്ചിപ്പോൾ, ഇസ്രയേൽ എന്ന കുഞ്ഞൻ രാഷ്ട്രം ജയിക്കുമെന്നും, വെറും ആറുദിവസത്തെ യുദ്ധംകൊണ്ട്, എതിരാളികൾ തവിടുപൊടിയാക്കുമെന്നും ലോകം കരുതിയിരുന്നില്ല. യുദ്ധങ്ങളുടെ ചരിത്രം പലപ്പോഴും ആമയും മുയലും പന്തയം വെച്ചതുപോലെയാണ്. പുറമെ കാണുന്ന സ്റ്റാറ്റിറ്റിക്സുകൾ ആയിരിക്കില്ല ആഭ്യന്തര യാഥാർഥ്യം. അമേരിക്കയുടെ വിയറ്റ്നാം യുദ്ധംപോലെ, സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശംപോലെ, വൻ ശക്തികൾ തോറ്റോടേണ്ടി വന്ന ഒരു പാട് യുദ്ധങ്ങളുടെ കഥ ലോകത്തിന് പറയാറുണ്ട്.
അലക്സാണ്ടർ ദ ഗ്രേറ്റിനെ മലമ്പനിയും, നെപ്പോളിയനെ മഞ്ഞുവീഴ്ചയും ചതിച്ചതുപോലെ, കാലാവസ്ഥ തൊട്ട് രാഷ്ട്രീയ സാഹചര്യങ്ങൾവരെ പടയാട്ടത്തെ സ്വാധീനിക്കും. അതുപോലെ ഒരു വൻ വാർ ട്വിസ്റ്റിലൂടെയാണ് ഇപ്പോൾ ലോകം കടന്നുപോകുന്നത്. ലോക രാഷ്ട്രങ്ങളെ വെല്ലുവിളിച്ച്, യുക്രൈനിലേക്ക് ഇരച്ചുകയറിയ പുട്ടിന്റെ റഷ്യൻ സൈന്യം അവിടെ കിടന്ന് വെള്ളം കുടിക്കുക മാത്രമല്ല, പിറകോട്ട് ഓടുകയുമാണ്. കുഞ്ചൻ നമ്പ്യാരുടെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും തോറ്റോടിയ പട!
യുക്രൈൻ യുദ്ധത്തിന് ഇരുനൂറ് ദിവസം പിന്നിടുമ്പോൾ, ആയുധബലം കൊണ്ട് വൻ ശക്തിയായ റഷ്യ യുക്രൈൻ എന്ന കുഞ്ഞൻ രാഷ്ത്ത്രിന് മുന്നിൽ മുട്ടിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ഫെബ്രുവരി 24ന് യുക്രൈൻ ആക്രമണം തുടങ്ങുമ്പോൾ, ഏതാനും ദിവങ്ങൾക്കുള്ളിൽ ഈ രാജ്യം തവിട് പൊടിയാവുമെന്നും, പ്രസിൻഡ് സെലൻസ്‌ക്കിയുടെ തല ഉരുളുമെന്നുമായിരുന്നു ഏവരും കരുതിയത്. റഷ്യ ലോകത്തിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയും, യുക്രൈൻ വെറും 22ാം സ്ഥാനത്തുമായിരുന്നെ് ഓർക്കണം.
അമേരിക്കയുടെ ഇന്റലിജൻസ് കണക്ക് പ്രകാരം 25,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെ മൂന്ന് മടങ്ങ് സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. 1979-1989 കാലഘട്ടത്തിൽ അഫ്ഗാനിൽ ഉണ്ടായിതിനെക്കാളും ഉയർന്ന കണക്കാണിത്. എന്നാൽ കൊല്ലപ്പെട്ട യുക്രൈൻ സൈനികരുടെ എണ്ണം റഷ്യൻ സൈനികരേക്കാൾ കുറവാണെന്നാണ് അമേരിക്കൻ ഇന്റലിജൻസിന്റെ റിപ്പോർട്ട്. ആയിരത്തോടളം ടാങ്കുകളും 40 വിമാനങ്ങളും 34 ഹെലിക്കോപ്റ്ററുകളും തകർത്തു. എഴ് സൈനിക ജനറൽമാർ അടക്കം 15ഓളം ഉന്നത ഉദ്യോഗ്ഥർ കൊല്ലപ്പെട്ടതും റഷ്യയെ ഞെട്ടിച്ചിട്ടുണ്ട്.
എന്നാൽ സൈന്യത്തിന്റെ 30 ശതമാനവും റഷ്യക്ക് ഇതിനകം നഷ്ടമായെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ബ്രിട്ടൻ പുറത്തുവിട്ടത്. 50,000 സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തു. റഷ്യയുടെ സേനയുടെ 30 ശതമാനം യുക്രൈൻ യുദ്ധത്തിൽ നഷ്ടപ്പെട്ടു. പുടിന്റെ സൈന്യത്തിന്റെ ഭാഗമായിരുന്ന 1,700 ടാങ്കുകളും 4,000 കവചിത യുദ്ധ വാഹനങ്ങളും നശിച്ചെന്നും യുകെയുടെ ചീഫ് ഓഫ് ദി ഡിഫൻസ് സ്റ്റാഫ് പറയുയുന്നു. റഷ്യ ഇത് അംഗീകരിച്ചിട്ടില്ല. പക്ഷേ മൂന്ന് ദിവസം കൊണ്ട് കാൽക്കീഴിലാക്കാമെന്ന് റഷ്യ കരുതിയ അതേ കീവിലാണ്, തകർന്നു തരിപ്പണമായ റഷ്യൻ ടാങ്കറുകളുടെ പ്രദർശനം ആഴ്ചകൾക്ക് മുമ്പ് യുക്രൈൻ നടത്തിയത്!
ഖാർഖീവിൽനിന്ന് പിന്തിരിഞ്ഞോടുന്നു.
അപ്രതീക്ഷിതമായ യുക്രൈൻ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ റഷ്യൻ സൈന്യം അവർ നേരത്തെ പിടിച്ചടക്കിയ ഖാർഖീവിൽനിന്ന് പിന്തിരിഞ്ഞോടുകയാണ്. ആൾനാശമൊഴിവാക്കാൻ കാർഖീവിലെ ബാലാക്ലിയ, ഇസിയം എന്നിവിടങ്ങളിൽ നിന്ന് തങ്ങളുടെ സൈന്യത്തോട് പിൻവാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. റീഗ്രൂപ്പ് ചെയ്തു പൂർവാധികം ശക്തിയോടെ തിരിച്ചടിക്കാനാണ് ഈ പിന്മടക്കം എന്നാണ് റഷ്യയുടെ നിലപാട്.
ശനിയാഴ്ചയോടെ കാർഖീവിലെ റഷ്യയുടെ സുപ്രധാന സപ്ലൈ ഹബ്ബുകളിൽ ഒന്നായ കുപ്പിയാൻസ്‌ക് യുക്രൈൻ സൈന്യം പിടിച്ചെടുത്തിരുന്നു. ഈ മാസം ഇതുവരെ റഷ്യയിൽ നിന്ന് രണ്ടായിരം ചതുരശ്ര കിലോമീറ്റർ യുക്രൈൻ ഭൂമി മോചിപ്പിച്ചെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി പറയുന്നത് പലയിടങ്ങളിലും പടക്കോപ്പുകളും മറ്റു യുദ്ധസംവിധാനങ്ങളും ഉപേക്ഷിച്ചാണ് റഷ്യൻ സൈന്യത്തിന്റെ പലായനം. ഈ ആയുധങ്ങൾ പിടിച്ചെടുത്ത് റഷ്യക്ക് നേർക്കുതന്നെ പ്രയോഗിക്കുകയാണ് നിലവിൽ യുക്രൈൻ സൈനികർ. ഡോൺബാസ് പ്രവിശ്യയെ നിലനിർത്തുന്ന നിർണായകമായ മൂന്നു ലോജിസ്റ്റിക് ബസുകളാണ് റഷ്യക്ക് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കീവിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തി ഓടിച്ച ശേഷം യുക്രൈൻ നടത്തുന്ന ഏറ്റവും ശക്തമായ തിരിച്ചടികളിൽ ഒന്നാണ് കാർഖീവിലേത്. യുക്രെയ്ൻ സേന തിരിച്ചുപിടിച്ച ഗ്രാമങ്ങളിൽ പലയിടത്തും റഷ്യൻ ടാങ്കുകളും കവചിതവാഹനങ്ങളും കത്തിയെരിയുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഹർകീവിലും ഹഴ്‌സനിലുംവൻ മുന്നേറ്റം നടത്തിയ സൈനികരെ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അഭിനന്ദിച്ചിട്ടുണ്ട്.
190,000 സൈനികരേയാണ് യുക്രൈനിൽ റഷ്യൻ വിന്യസിച്ചിട്ടുള്ളത്. ഇത് കൂടാതെ ചെചെൻ, സിറിയൻ സൈനികരും റഷ്യയെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും അവർക്ക് കനത്ത തിരിച്ചടിയേൽക്കുകയാണ്. എവിടെയാണ് റഷ്യക്ക് പിഴച്ചത്?
സുഖോയ് വിമാനം വെടിവെച്ചിട്ട വൃദ്ധൻ
റഷ്യ ആക്രമിച്ചപ്പോൾ, ഒട്ടും പതറാതെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌ക്കി എടുത്ത ചില തീരുമാനങ്ങൾ ആണ് നിർണ്ണയാകം ആയത്. ഹിറ്റലറുടെ ആക്രമണത്തിന് തടയിടാൻ സ്റ്റാലിൻ സോവിയറ്റ് ചെമ്പടക്ക് ഒപ്പം ജനങ്ങളെ അണിനിരത്തിയതുപോലെ, നാട്ടുകാരാേട് ആയുധം എടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വലിയ പ്രതികരണമാണ് ഇതിനുണ്ടായത്. 18 വയസ്സു കഴിഞ്ഞ ഒരാളും രാജ്യം വിട്ട് പോകരുതെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു. തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാൻ സന്നദ്ധരായ സാധാരണക്കാർക്ക് ആദ്യ ദിവസം തന്നെ നൽകിയത്. മൊത്തം രണ്ടുലക്ഷത്തിലേറെ ആളുകൾ രാജ്യം കാക്കാൻ തോക്കുമായി രംഗത്ത് എത്തിയത്.
രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കെടുത്ത 98 വയസ്സുള്ള ഒൽഹ ത്വെർഡോഖ്‌ലിബോവ താൻ വീണ്ടും യുദ്ധത്തിന് തയ്യാറാണെന്ന് ട്വീറ്റ് ചെത്തത് ലോക മാധ്യമങ്ങളുടെ തലക്കെട്ട് ആകർഷിച്ചു. യുക്രൈൻ വനിതാ എംപിയായ കിറ റുദിക് കലാഷ്നികോവിന്റെ തോക്കുമായി പിടിച്ച് നിൽക്കുന്ന ചിത്രവും ഇതിനിടെ പുറത്തുവന്നു. പുരുഷന്മാരെ പോലെതന്നെ വനിതകളും നമ്മുടെ മണ്ണിനെ സംരക്ഷിക്കും. ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി കിറ റുദിക് കുറിച്ചു. ഇതും ജനം ഏറ്റെടുത്തു. നാടുകാക്കാൻ മരണ ഭീതിയില്ലാതെ അവർ രംഗത്തിറങ്ങി.
ഒരു തരം ജനകീയ ഗറില്ലാ ഗറില്ലാ യുദ്ധമായിയിരുന്നു യുക്രൈൻ ആസുത്രണം ചെയതത്. പതിയിരുന്ന് തക്ക സമയത്ത് ആക്രമിക്കുന്ന രീതിയാണിത്. തെക്കൻ യുക്രെനിലെ ഹഴ്‌സൻ മേഖലയിൽ ഉണ്ടായിരുന്ന റഷ്യൻ സേനയുടെ രണ്ട് ആയുധപ്പുരകൾ തകർത്തത് ഇങ്ങനെയാണ്. ഹഴ്‌സനിലെ സാധനസാമഗ്രികൾ എത്തിച്ചിരുന്ന റെയിൽ പാതയിലെ ഡിനിപ്രോ നദിക്കു കുറുകെയുള്ള പാലം തകർത്തതോടെ റഷ്യൻ സേന ഒറ്റപ്പെടുകയായിരുന്നു. തുടർന്ന് മിസൈൽ ആക്രമണത്തിൽ ആയുധപ്പുര തകർത്തതിനൊപ്പം അവിടെയുണ്ടായിരുന്ന നൂറിലറെ പേരെ വധിച്ചു. ഏഴ് ടാങ്കുകളും തകർത്തു. പാശ്ചാത്യ രാജ്യങ്ങൾ നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് ഈ വിജയം നേടിയത്. അതുപോലെ ജനം സംഘടിച്ച് ടാങ്കുകൾ വെടിവെച്ച് ഇടുന്നതിന്റെയും മറ്റും ചിത്രങ്ങൾ ഇപ്പോൾ ധാരളമായി പുറത്തുവരുന്നുണ്ട്.
എന്തിനധികം റഷ്യയുടെ അഭിമാനമായ സുഖോയ് വിമാനം ജനം വെടിവെച്ച് വീഴ്‌ത്തിയപ്പോൾ അവർ ശരിക്കും ഞെട്ടി. കൊലകൊല്ലിയായ റഷ്യയുടെ സുഖോയ് 34നെ വെടിവെച്ച് വീഴ്‌ത്തിയത് വലേറി ഫെഡോറോവിച്ച് എന്ന പെൻഷൻപറ്റി വാർധക്യ ജീവിതം നയിക്കുന്ന യുക്രൈൻ പൗരനാണ്. തന്റെ തലക്കുമുകളിൽ പറന്ന വിമാനത്തെ ഇയാൾ ഒളിച്ചിരുന്ന് വെടിവെക്കുകയാണ് ഉണ്ടായത്. 74 മില്യൻ പൗണ്ട് വിലമതിക്കുന്ന വിമാനമാണ് തകർന്നത്. ഈ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ ചിലത് തന്റെ ഗ്യാരേജിൽ സൂക്ഷിച്ചിരക്കയാണ് വലേറി. വീഡിയോ പുറത്തുവന്നതോടെ ദേശീയ ഹീറോ ആയി മാറിയ ഇദ്ദേഹത്തെ രാജ്യം മെഡൽ നൽകിയും ആദരിച്ചു. അതായത് വന്നുവന്ന് റഷ്യൻ സേനയെ യുക്രൈനിലെ ആർക്കും നേരിടാൻ കഴിയും എന്ന അവസ്ഥയുണ്ടാവുകയാണ്.
പ്രധാന ആയുധം മൊളാട്ടോവ് കോക്ടെയിൽ
റഷ്യൻ പടയെ തുരത്താൻ യുക്രെനിലെ സാധാരണക്കാരുടെ കൈയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധത്തിൻെ പേര് 'മോളാട്ടോവ് കോക്ടെയിൽ എന്നാണ്.
പേരുകേട്ടാൽ ഒന്നാന്തരം മദ്യമാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും നമ്മുടെ പെട്രോൾ ബോംബ് തന്നെയാണ് സാധനം. ഒഴിഞ്ഞ മദ്യക്കുപ്പിയിൽ പെട്രോളോ മറ്റ് എളുപ്പം തീപിടിക്കുന്ന വസ്തുവോ നിറച്ച് കോർക്കിന്റെ സ്ഥാനത്ത് തുണി തിരുകിയാണ് നിർമ്മാണം. തുണിക്ക് തീകൊളുത്തി ശത്രുവിന് നേരെ എറിയും. ആയിരിക്കണക്കിന് ജനങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ വൻ ഇംപാക്ടാണ് ഉണ്ടാവുന്നത്. റഷ്യൻ സേനക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. പല ടാങ്കുകളും ഇങ്ങനെ ജനം തകർത്തത്തായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. യുക്രൈൻ പ്രതിരോധ വകുപ്പ് മോളോട്ടോവ് കോക്ടെയിൽ ഉണ്ടാക്കി ശത്രുവിനെ നേരിടാൻ ആഹ്വാനം ചെയ്തിരുന്നു. ഇത് എങ്ങനെയുണ്ടാക്കാമെന്നതിന്റെ മാർഗനിർദ്ദേശങ്ങളും നൽകി. എളുപ്പം നിർമ്മിക്കാവുന്ന ഇത് ഉപയോഗിച്ച് ജനം റഷ്യൻ സൈന്യത്തെ ആക്രമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റേഡിയോ നിലയങ്ങളും ടി.വി ചാനലുകളും ഇത് നിർമ്മിക്കാൻ ജനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
പെട്രോൾ ബോംബിന് മോളാട്ടോവ് കോക്ടെയിൽ എന്ന് പേര് വന്നതിന് പിന്നിലൊരു കഥയുണ്ട്. രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സോവിയറ്റ് യൂണിയനും ഫിൻലൻഡും തമ്മിൽ 1939-40 കാലത്ത് നടന്ന കടുത്ത പോരാട്ടമാണ് വിന്റർ വാർ എന്നറിയപ്പെടുന്നത്. സോവിയറ്റിനായിരുന്നു യുദ്ധത്തിൽ ജയം. അന്ന് സോവിയറ്റ് വിദേശകാര്യ മന്ത്രിയായിരുന്നു വ്യേചെസ്ലാവ് മൊളോട്ടോവ്. യുദ്ധത്തിനിടെ സോവിയറ്റ് യൂണിയൻ ഫിൻലൻഡിൽ വ്യാപകമായി പെട്രോൾ ബോംബുകൾ പ്രയോഗിച്ചു. എന്നാൽ, അവിടെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയാണെന്നായിരുന്നു മൊളോട്ടോവിൻന്റെ പ്രസ്താവന. ഇതിനെ പരിഹസിച്ചുകൊണ്ട് ഫിൻലൻഡുകാരാണ് പെട്രോൾ ബോംബിനെ മോളാട്ടോവ് കോക്ടെയിൽ എന്ന് വിളിച്ചു തുടങ്ങിയത്. ഇപ്പോഴിതാ യുക്രൈനിന്റെ ചെറുത്തുനിൽപ്പിൽ അത് നിർണ്ണാകയമായി.
ഹീറോകളായി സ്നൈപ്പറുകൾ
കിഴക്കൻ മേഖലയിൽ ഒളിയുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സ്നൈപ്പർമാരാണ് ശരിക്കും യുക്രൈനിന്റെ കരുത്ത്. സ്വന്തം രാജ്യത്ത് ശ്വാസം അടക്കി പിടിച്ച് ശത്രുവിനെ ലക്ഷ്യം വച്ച് അവർ മണിക്കൂറുകളോളം ഇരിക്കുന്നു. ഒത്ത ഒരു നിമിഷത്തിനായി. റഷ്യൻ സൈന്യത്തിന്റെ മനോവീര്യം നശിപ്പിക്കുന്നതിലും വിവരങ്ങൾ ശേഖരിക്കുന്നതിലും അവരുടെ മുന്നേറ്റ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിലും അവർ പ്രധാന പങ്ക് വഹിക്കുന്നു. സോവിയറ്റ് സൈനിക ചരിത്രത്തിൽ സ്നൈപ്പർമാർ നാസികൾക്കെതിരായ പോരാട്ടത്തിൽ ധീരതയുടെ പ്രതീകങ്ങളായി വിഗ്രഹവൽക്കരിക്കപ്പെട്ടിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ റഷ്യൻ സൈന്യത്തിന്റെ തുടർച്ച തന്നെയാണ് യുക്രൈൻ സൈന്യത്തിലെ സ്നൈപ്പർമാരും.
യുക്രൈൻ സ്‌നൈപ്പർമാരുടെ പ്രധാന ലക്ഷ്യം വെടിവെപ്പ് മാത്രമല്ല. വിവരങ്ങൾ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്യുക എന്നത് കൂടിയാണ്. നല്ല സ്നൈപ്പർ ഒരാളെ കൊല്ലുന്ന സൈനികൻ മാത്രമല്ല, ശത്രുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ യൂണിറ്റിലേക്ക് കൈമാറുന്ന ആൾ കൂടിയാണെന്നാണ് പറയുക.
രഹസ്യമായി ശത്രു പ്രദേശങ്ങളിൽ നുഴഞ്ഞുകയറുക, ശത്രുക്കളുടെ നിരീക്ഷണങ്ങൾ തിരികെ അയയ്ക്കുക. കാലാൾപ്പടയ്ക്ക് നേരെ കൃത്യമായ ആക്രമണം നടത്തുക. രാജ്യത്തെ മുൻനിര സ്‌നൈപ്പർമാർ തങ്ങളുടെ റഷ്യൻ എതിരാളികളേക്കാൾ കൂടുതൽ കാര്യക്ഷമതയുള്ളവരാണെന്ന് തെളിയിക്കുന്നതായി യുക്രൈനിയൻ ആർമി സ്‌നിപ്പിങ് ഇൻസ്ട്രക്ടറായ റസ്ലാൻ ഷ്പാക്കോവിച്ച് അവകാശപ്പെടുന്നു. ഇങ്ങനെ ഈ സൈനപ്പറുകളിലൂടെയാണ് നിരവധി റഷ്യൻ ജനറൽമാരെ അടക്കം യുക്രൈയിൽ കാലപുരിക്ക് അയച്ചത്.
റഷ്യയുടെ സൈനിക ഓഫീസർ വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു മിലിട്ടറി ഇന്റലിജൻസ് ടീം തങ്ങൾക്കുണ്ടെന്ന് യുക്രൈനിയൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയുടെ അടുത്ത വൃത്തത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞിരുന്നു. പത്തോളം സൈനിക ജനറൽമാർ റഷ്യയ്ക്ക് ഇതിനകം നഷ്ടമായെത്. റഷ്യൻ സൈനികരുടെ മനോവീര്യം തകർന്നതോടെയാണ് സീനിയർ ഉദ്യോഗസ്ഥർ യുദ്ധത്തിന്റെ മുൻനിരയിലേക്ക് എത്താൻ നിർബന്ധിതരായയ്. ശക്തമായ യുക്രൈനിയൻ പ്രതിരോധം റഷ്യയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവ്, റഷ്യൻ സൈനികർക്കിടയിലെ ഉയർന്ന മരണസംഖ്യ എന്നിവയെല്ലാം റഷ്യൻ സൈനികർക്കിടയിൽ മനോവീര്യം താഴാൻ കാരണമായി.
റെഡി ടു ഈറ്റ് ഭക്ഷണപ്പൊതികൾ മാത്രം
യുക്രൈനിൽ നിന്ന് ഇത്രയധികം പ്രതിരോധം റഷ്യൻ പ്രതീക്ഷിച്ചിട്ടില്ലെന്നാണ് വാസ്തവം. വെറും നാലുദിവസംകൊണ്ട് യുക്രൈനെ അടിച്ചിടാം എന്നായിരുന്നു യുദ്ധം തുടങ്ങുമ്പോൾ അവർ കരുതിയത്. അതിനാൽ മതിയായ ഭക്ഷണം പോലും അവർ കരുതിയിരുന്നില്ല. റഷ്യൻ സൈനികർ ഒരു ചെറിയകാലത്തേക്കുള്ള തയ്യാറെടുപ്പുകൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് അവരുടെ വേഷങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. യുക്രൈനിലെ കനത്ത മഞ്ഞുവീഴ്ചയിൽ സംരക്ഷണത്തിനുള്ള വസ്ത്രങ്ങളായിരുന്നില്ല അവരുടേതെന്ന് മരിച്ചുവീണ റഷ്യൻ സൈനികരെ കൊണ്ടുപോകുമ്പോൾ യുക്രൈൻ അധികൃതർ പറയുന്നു. മോശം റേഷനാണ് അവർക്ക് ലഭിച്ചത്.
സൈനികർക്ക് ടെന്റുകളും ബോഡി കവചങ്ങളും പോലുള്ള അടിസ്ഥാനകാര്യങ്ങൾ ഇല്ല. കൂടാതെ തണുത്തുറഞ്ഞ നിലങ്ങളിൽ കിടങ്ങുകൾ കുഴിച്ചാണ് റഷ്യൻ സൈനികർ ഉറങ്ങുന്നതെന്നും ബിബിസി റിപ്പോർട്ടർ വെളിപ്പെടുത്തുന്നു. റെഡി ടു ഈറ്റ് ഭക്ഷണ പൊതികളാണ് അവരുടെ പക്കൽ ഏറെയുമുള്ളത്. അതും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് യുക്രൈൻ പിടികൂടിയ റഷ്യൻ സൈനികൾ പറയുന്നത്. യുക്രൈനിന്റെ ഗറില്ലാ യുദ്ധ തന്ത്രത്തിൽപെട്ട്, ഫുഡ് സപ്ലൈ ചെയിനുകൾ മുറഞ്ഞതാണ്, അവർക്ക് ഏറെ വിനയായത്.
യുക്രൈൻ സൈന്യത്തിന് അവട്ടെ ഹോംഗ്രൗണ്ടിന്റെ നേട്ടവും കിട്ടി. കൂടാതെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയും. യുക്രൈൻ സൈനികർക്ക് എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. സംഘർഷത്തിൽ സൈനികർക്ക് പരിക്കേൽക്കുകയാണെങ്കിൽ മിനിറ്റുകൾക്കകം ആംബുലൻസ് എത്തുകയും അപകടത്തിൽപ്പെട്ടയാളെ ഹീറ്റ് ബ്ലാങ്കറ്റ് കൊണ്ട് മൂടുകയും ചെയ്യുന്നു. പിന്നീട് അവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റേഡിയോയിൽ വിവരങ്ങൾ പരസ്പരം കൈമാറുന്നുണ്ട് സൈനികർ. ഇഷ്ടംപോലെ റേഷനുണ്ട്. ചായയും കാപ്പിയും ലഭിക്കുന്നു. അതിന് വേണ്ട സൗകര്യങ്ങളുണ്ട്. വാഹനങ്ങളിൽ ആവശ്യമായ സിഗരറ്റുകളുണ്ട്. യുക്രൈൻ സൈന്യത്തിലെ ഒട്ടുമിക്ക പുരുഷന്മാരും ചെയിൻ സ്‌മോക്കർമാരാണ്.
പക്ഷേ റഷ്യൻ സൈനികർക്ക് ഇതൊന്നും കിട്ടുന്നില്ല. മഞ്ഞിൽ ടാങ്കുകൾ ഉറച്ചുപോലയതോടെ ഫുഡ് സപ്ലൈ മുറിച്ചു. മാത്രമല്ല ഈ യുദ്ധം അനാവശ്യമാണെന്ന ചിന്ത റഷ്യൻ സൈനികരിൽ പലർക്കും ഉണ്ട്. അതിനാൽ അവർ റിസ്‌ക്ക് എടുക്കുന്നില്ല. ഇതുകൊണ്ടാണ് ജനറൽമാർ നേരിട്ട് വാർ ഫ്രണ്ടിലേക്ക് എത്തുന്നതും അവർ കൊല്ലപ്പെടുന്നതും. യുദ്ധ ആസൂത്രണത്തിലെ പിഴവും ലോജിസ്റ്റിക്കൽ പിഴവുകളും മൂലം റഷ്യയുടെ വൻ വാഹനവ്യൂഹമടക്കമുള്ളവ റോഡുകളിൽ നിശ്ചലമായി. കടുത്ത ശൈത്യവും ചെളിയും മഞ്ഞും വാഹനങ്ങളുടെ യാത്ര മുടക്കി. ഇന്ധനം തീർന്നതും ഭക്ഷ്യ ശൃംഖല തകർക്കപ്പെട്ടതും റഷ്യൻ സൈനികരെ നിരായുധരാക്കി തീർത്തു.
2014-ൽ നിന്ന് ഉയർത്തെഴുന്നേറ്റ യുക്രൈൻ
യുക്രൈന്റെ പ്രതിരോധ ശേഷിയെ മനസ്സിലാക്കുന്നതിൽ റഷ്യയും പുടിനും പരാജയപ്പെട്ടുവെന്നാണ് യുഎസ് ഇന്റലിജൻസ് അധികൃതർ ആദ്യം മുതലേ പറയുന്നത്. ക്രീമിയ പിടിച്ചെടുക്കുന്നത് പ്രതിരോധിച്ച് പരാജയപ്പെട്ട് യുക്രൈൻ സൈന്യം 2014-ൽ ആകെ തളർന്നുപോയിരുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിൽ അഴിമതികളും കൂടി വന്നതോടെ യുക്രൈൻ സൈന്യം കൂടുതൽ തളർന്നു. പരിശീലനവും മറ്റു മുടങ്ങി.ഉപകരണങ്ങൾക്ക് ക്ഷാമമായി.
ഇവിടെ നിന്നാണ് റഷ്യയുമായി അടുത്ത യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ട് ഒരു ഉയർത്തെഴുന്നേൽപ്പുണ്ടായത്. വിഘടനവാദ പ്രദേശങ്ങളിൽ കഴിഞ്ഞ എട്ടുവർഷമായി യുക്രൈൻ സൈന്യം യുദ്ധപരിശീലനം നടത്തി വരികയായിരുന്നു. റഷ്യ ക്രീമിയ പിടിച്ചെടുത്തതോടെയാണ് നാളെ മറ്റു പ്രദേശങ്ങളിലേക്കും അവരുടെ കടന്നുകയറ്റമുണ്ടാകുമെന്ന മുൻകരുതലിൽ സൈന്യത്തെ ഈ രീതിയിൽ മാറ്റിയെടുക്കാൻ യുക്രൈനെ പ്രേരിപ്പിച്ചത്.
മിസൈലുകളും, തോക്കുകളുമായി കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് നാറ്റോ രാജ്യങ്ങൾ യുക്രൈനിന് നൽകിയത്. 5.4 ലക്ഷം പൗണ്ട് സഹായമാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയാരിക്കെ നൽകിയത്. ഇപ്പോൾ പുടിന്റെ കടുത്ത എതിരാളിയായ ലിസ് ട്രസ് ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇതോടെ യുക്രൈയിന് കുടുതൽ സഹായം കിട്ടുമെന്ന് ഉറപ്പാണ്. ബ്രിട്ടൻ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചാണ് റഷ്യൻ അധിനിവേശത്തെ യുക്രൈൻ പ്രതിരോധിച്ചതെന്നും യുകെ വിദേശകാര്യ സെക്രട്ടറിയായിരിക്കേ ലിസ് ട്രസ് പറഞ്ഞത് വിവാദമായിരുന്നു.
500 ദശലക്ഷം യൂറോയിലധികം സഹായമാണ് ജർമ്മനി നൽകയിയത്്. റോക്കറ്റ് ലോഞ്ചറുകൾ, ആന്റി ഡ്രോൺ ഉപകരണങ്ങൾ, കവചിത വീണ്ടെടുക്കൽ വാഹനങ്ങൾ, കൂടാതെ മൂന്ന് അധിക ലോംഗ് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റങ്ങൾ എന്നിവയും ജർമ്മനി നൽകി. പീസ് ആൻഡ് സ്റ്റബിലൈസേഷൻ ഓപ്പറേഷൻസ് പ്രോഗ്രാമിലൂടെ രണ്ട് ഉക്രെയ്ൻ പദ്ധതികൾക്കായി 3.85 മില്യൺ ഡോളർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രഖ്യാപിച്ചു. ദേശീയ പൊലീസ് സേനയുടെയും മറ്റ് അടിയന്തര സേവനങ്ങളുടെയും വികസനത്തിനായി ഏകദേശം 2.9 ദശലക്ഷം യുഎസ് ഡോളറും പ്രതിരോധ മന്ത്രാലയത്തിനായി ഏകദേശം 950,000 യുഎസ് ഡോളറും ഇതിൽ ഉൾപ്പെടുന്നു. അമേരിക്ക 7.6 ബില്യൺ ഡോളർ സഹായമാണ് യുക്രൈന് ഇതുവരെ നൽകിയത്. അത്യാധുനിക യുദ്ധസംവിധാനങ്ങളും എത്തിച്ചുനൽകി.
നാറ്റോസഖ്യത്തിൽ കയറാനുള്ള ശ്രമത്തിനിടെയാണ് റഷ്യ യുക്രൈനെ ആക്രമിച്ചത്. അന്ന് നാറ്റോ കൈയും കെട്ടി നോക്കി നിന്നുവെന്നാണ് ആരോപണം ഉയർന്നത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ നോക്കിയാൽ മനസ്സിലാവും, യുക്രൈനിന്റെ വിജയത്തിന് പിന്നിൽ ആളും അർത്ഥവും കൊടുക്കുന്നത് അമേരിക്ക അടക്കമുള്ള നാറ്റോ ശക്തികൾ തന്നെയാണെന്ന്.
യുദ്ധം ഉണ്ടാകുമ്പോൾ നാടുവിട്ട ഓടാതെ മുന്നിൽനിന്ന് നയിച്ച പ്രസിഡന്റ് സെലൻസ്‌ക്കി ഇപ്പോൾ ലോകത്തിന്റെ തന്നെ ഹീറോയാണ്. യുദ്ധം ആരംഭിച്ച സമയത്ത് യുക്രൈനിൽ നിന്ന് രക്ഷപ്പെടാൻ യു എസ് വഴിയൊരുക്കിയിരുന്നു. എന്നാൽ ആ വാഗ്ദാനം സെലെൻസ്‌കി നിഷേധിക്കയായിരുന്നു. തന്റെ സുരക്ഷാ സംഘത്തിനും അടുത്ത സഹായികൾക്കുമൊപ്പം കീവിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. റഷ്യയുടെയും പുടിന്റെയും കൊലയാളി സംഘം പലതവണയാണ് സെലൻസ്‌ക്കിയെ ലക്ഷ്യമിട്ടത്. യുക്രൈനിയൻ രക്ഷാ സേനയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലുകൾ മൂലമാണ് സെലൻസ്‌കിയെ വധിക്കാനുള്ള ശ്രമം പാളിയതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തത്.
വാർ ടൂറിസവുമായി യുക്രൈൻ
ആകെ മുങ്ങിയാൽ കുളിരില്ല എന്നാണെല്ലോ പറയുക. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന യൂറോപ്പിനേക്കാൾ മോശമാണ് യുക്രൈന്റെ റഷ്യൻ അധിനിവേശ ഭാഗങ്ങൾ. കമ്പോട് കമ്പ് തകർന്ന് കിടക്കയാണ് അവിടം. യുദ്ധം കൊണ്ട് എല്ലാം തകർന്ന ഒരു രാജ്യം വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നുവെന്ന് കേട്ടാൽ അവിശ്വസനീയമായി തോന്നാം. എന്നാൽ സത്യമാണ്. ടൂറിസത്തിന്റെ ഏറ്റവും പുതിയ 'സാധ്യത'യായ വാർ ടൂറിസത്തിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ് യുക്രൈനിലെ ഒരു ട്രാവൽ ഏജൻസി.
യുക്രൈനിലെ റഷ്യൻ കടന്നുകയറ്റത്തിലേക്ക് ലോക ശ്രദ്ധയെ തിരിച്ചെത്തിക്കാനും യുദ്ധമില്ലാത്ത ഒരു ലോകത്തിന്റെ പ്രസക്തി മനസ്സിലാക്കാനുമാണ് ഇത്തരത്തിലൊരു വിനോദ സഞ്ചാരം ഒരുക്കുന്നതെന്നുമാണ് സംഘാടകരുടെ വിശദീകരണം. റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്ന യുക്രൈൻ പട്ടണങ്ങൾ ലോകം കാണണമെന്നും സംഘാടകർ അഭിപ്രായപ്പെടുന്നു. റഷ്യയിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെയും ടാങ്കുകളുടെയും പ്രദർശനവും ഇതോടൊപ്പം ഉണ്ടാവും.
വിസിറ്റ് യുക്രൈൻ ടുഡെ എന്ന ട്രാവൽ ഏജൻസിയുടെ വെബ്‌സൈറ്റിലാണ് വാർ ടൂറിസം സംബന്ധിച്ച പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാർ ടൂറിസത്തിലൂടെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയല്ല മറിച്ച് യുദ്ധവിരുദ്ധത ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്ന് ഏജൻസി സ്ഥാപകൻ ആന്റൺ തരാനെങ്കോ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണ ജനങ്ങൾ എങ്ങനെ യുദ്ധവുമായി സഹകരിക്കുന്നുവെന്ന് നിങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാം. ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് പുനരാരംഭിച്ച ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് കാണാം. വാർ ടൂറിസം എന്നത് പ്രതീക്ഷയും സ്‌നേഹം ഉയർത്തിപ്പിടിക്കുന്നത് കൂടിയാണെന്നും ആന്റൺ പറഞ്ഞു. ഇത് പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും എന്നാൽ കഴിയാവുന്ന എല്ലാ സുരക്ഷയും യാത്രികർക്കായി ഒരുക്കുമെന്നും ട്രാവൽ ഏജൻസി വ്യക്തമാക്കുന്നു.
അതേമസയം വാർ ടൂറിസത്തിനെതിരെ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു. ദരിദ്ര രാജ്യങ്ങളിലെ ചേരികളിലും മറ്റുമുള്ള ദാരിദ്ര വിനോദസഞ്ചാരം പോലുള്ള മനുഷ്യത്വ വിരുദ്ധമായ ഒന്നാണ് വാർ ടൂറിസമെന്നാണ് ചിലർ ഉയർത്തുന്ന വിമർശനം.
പുട്ടിൻ എന്തുനേടി?
അതേസമയം പുറമേനിന്ന് വാഴ്‌ത്തുന്നപോലെ അല്ല, റഷ്യൻ കരസേനയുടെ കാര്യക്ഷമതയിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും, അത് ഒരു വൃദ്ധസേനയായി മാറുന്നുവെന്നും വിമർശനം വരുന്നുണ്ട്. അതിനാൽ സൈന്യത്തിലേക്ക് അടക്കം കൂടുതൽ ചെറുപ്പക്കാർ കടുന്നുവരണം എന്ന് ലക്ഷ്യമിട്ട്, സോവിയറ്റ് കാലഘട്ടത്തിലെ മദർ ഹീറോ പദ്ധതി പൊടിത്തട്ടിയെടുത്തിരിക്കയാണ് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ജനസംഖ്യാ കുറവ് നികത്താനായിട്ടാണ് 1944-ൽ സ്ത്രീകൾക്ക് ഓണററി പദവി ആദ്യമായി പ്രഖ്യാപിച്ചത്. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഈ പദവി നൽകുന്നത് നിർത്തി. പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്ന സ്ത്രീകൾക്കാണ് സോവിയറ്റ് കാലഘട്ടത്തിലെ സ്ഥാനപ്പേരിന് സമാനമായ 'മദർ ഹീറോയിൻ' പദവി നൽകുക.
ഇത് പ്രകാരം, ജീവിച്ചിരിക്കുന്ന 10-ാമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോൾ, യോഗ്യതയുള്ള അമ്മമാർക്ക് 10 ലക്ഷം റൂബിൾസ് (ഏകദേശം 13,12,000 ലക്ഷം രൂപ) സമ്മാനമായി നൽകും. യുദ്ധത്തിലോ തീവ്രവാദ വിരുദ്ധ നീക്കത്തിലോ അടിയന്തര സാഹചര്യത്തിലോ തങ്ങളുടെ മക്കളിൽ ആരെയെങ്കിലും നഷ്ടപ്പെട്ടാലും അമ്മയ്ക്ക് മദർ ഹീറോ യോഗ്യതയുണ്ടാകും. ഹീറോ ഓഫ് റഷ്യ, ഹീറോ ഓഫ് ലേബർ തുടങ്ങിയ ഉയർന്ന റാങ്കിങ് സ്റ്റേറ്റ് ഓർഡറുകളുടെ അതേ പദവിയുള്ളതാണ് മദർ ഹീറോയിൻ ടൈറ്റിൽ പരിഗണിക്കുന്നത്. സൈന്യത്തിൽ കൂടതൽപേരെ ചേർക്കാൻ കൂടിയാണ് ഈ പദ്ധതി.
ഈ യുദ്ധം കൊണ്ട് പുടിൻ എന്ത് നേടിയെന്ന് ചോദിച്ചാൽ, കുറേ ദുഷ്പേരും ചോരക്കറയും എന്ന് മാത്രമാവും മറുപടി. നാറ്റോ ശക്തികളുടെ സാമ്പത്തിക ഉപരോധത്തിൽ റഷ്യ പിറകോട്ട് അടിച്ചു. നാറ്റോ വികസനം തടയാനും പുടിന് കഴിഞ്ഞില്ല. ഇപ്പോൾ സ്വീഡനും ഫിൻലൻഡും നാറ്റോയിലേക്ക് നീങ്ങുകയാണ്. റൂബിളിന്റെ വില കുത്തനെ ഇടിഞ്ഞു. വൻ വിലക്കയറ്റത്തിലാണ് റഷ്യ ഇപ്പോൾ. അതുപോലെ ലോക വ്യാപകമായി സാമ്പത്തിക മാന്ദ്യത്തിന് യുക്രൈൻ യുദ്ധം ഇടയാക്കി. റഷ്യയിൽനിന്നുള്ള ഗ്യാസ് കിട്ടായതതോടെ യൂറോപ്പ് ദുരിതത്തിലാണ്. കേരളത്തിൽ വരെ മാന്ദ്യത്തിന്റെ അലകൾ എത്തുന്നു.
റഷ്യയിലും ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ട്. പുടിന്റെ വിശ്വസ്തനും ബുദ്ധികേന്ദ്രമെന്നും വിശേഷിപ്പിക്കപ്പെടുന്ന, അലക്‌സാണ്ടർ ദൂഗിനെ ലക്ഷ്യമിട്ട് കാർ ബോംബ് സ്ഫോടനം നടന്നത് റഷ്യയെ ഞെട്ടിച്ചിരുന്നു. മോസ്‌കോയിൽ നടന്ന സ്‌ഫോടനത്തിൽ അലക്‌സാണ്ടർ ദൂഗിന്റെ മകൾ ദാരിയ ദൂഗിൻ കൊല്ലപ്പെടുകയും ചെയ്തു. യുക്രൈൻ തീവ്രവാദികൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു. ഈ യുക്രൈൻ തീവ്രവാദികൾ റഷ്യയെ കലാപഭുമിയാക്കുമെന്ന ഭീതി ഇപ്പോഴേ ഉയർന്നു കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ പുടിന്റെ യുദ്ധക്കൊതിമൂലം ആർക്കും ഒരു ഗുണവും ഉണ്ടായിട്ടില്ല. എവിടെയും നഷ്ടങ്ങൾ മാത്രം.
വാൽക്കഷ്ണം: റഷ്യക്ക് കിട്ടിയ ഈ അടി ഇന്ത്യൻ സൈന്യവും കാര്യമായി പരിശോധിക്കുന്നുണ്ട്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ടാങ്കുകളെ ആശ്രയിക്കുന്ന ഇന്ത്യക്ക് തങ്ങളുടെ തന്ത്രങ്ങൾ ഉൾപ്പെടെ പുനഃപരിശോധിക്കേണ്ടി വരും. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ പല ആയുധശേഖരങ്ങളും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. യുക്രൈൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ, റഷ്യൻ ആയുധങ്ങളുടെ പ്രഹരശേഷിയും കാര്യക്ഷമതും പഠിക്കുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ