- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് അണുബോംബുകളുടെ ഇരട്ടി ശക്തിയുള്ള സുനാമിത്തിരകള്‍; ഇന്തോനേഷ്യയില്‍ 1.65 ലക്ഷം പേരുടെ ജീവനെടുത്ത സുനാമി കേരളത്തില്‍ നിന്നും കവര്‍ന്നത് 236 ജീവനുകള്‍; അഴീക്കല്‍ കടപ്പുറത്ത് മാത്രമായി 143 ജീവനുകള്‍ നഷ്ടം; അന്ന് ആഞ്ഞടിച്ച ആ രാക്ഷസ തിരമാലകള്‍ക്ക് ഇരുപതാണ്ട്
അന്ന് ആഞ്ഞടിച്ച ആ രാക്ഷസ തിരമാലകള്‍ക്ക് ഇരുപതാണ്ട്
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരുപതാണ്ട് തികയുകയാണ്. രണ്ട് പതിറ്റാണ്ട് മുമ്പത്തെ ക്രിസ്മസ് ആഘോഷ രാവ് ഉറങ്ങിയുണര്‍ന്നത് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തിലേക്കായിരുന്നു. സുനാമി എന്ന പേരിലെത്തിയ രാക്ഷസത്തിരകളെ കുറിച്ച് അന്ന് മലയാളികള്‍ അധികം കേട്ടിട്ടുണ്ടായിരുന്നില്ല. 20 വര്‍ഷം മുമ്പ് ഒരു ഡിസംബര്‍ 26നാണ് ആ ദുരന്തം ഉണ്ടായത്. ഇന്തോനേഷ്യയിലെ ഭൂചലനത്തെ തുടര്‍ന്നും ആഞ്ഞുവീശിയ ആ രാക്ഷസ തിരമാലകള്‍ ഇന്നും ലോകത്തിന് പേടിസ്വപ്‌നമായി നില്‍ക്കുകയാണ്. ആ രാക്ഷസ തിരമാല ആഞ്ഞു വീശിയത് കൊച്ചു കേരളത്തിലെ തീരങ്ങളിലേക്കുമായിരുന്നു.
നമ്മുടെ കടലോരഗ്രാമങ്ങളുടെ സ്വപ്നങ്ങളെയെല്ലാം കവര്‍ന്നെടുത്തു. പതിനഞ്ച് രാജ്യങ്ങളെ ബാധിച്ച സുനാമിത്തിരകള്‍ കേരളത്തില്‍ നിന്ന് മാത്രം കവര്‍ന്നത് 236 ജീവനുകളെന്നാണ് ഔദ്യോഗിക കണക്കുകള്‍. തമിഴ്നാട്ടില്‍ ഏഴായിരം ജീവനുകള്‍ സുനാമിത്തിരകളെടുത്തു. ഇവിടെ നിന്ന് മാത്രം അയ്യായിരം പേരെ കാണാതായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ കൊല്ലം ജില്ലയിലെ അഴീക്കല്‍ എന്ന ഗ്രാമത്തിലാണ് സുനാമിത്തിരകള്‍ വലിയ നാശങ്ങളുണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് ഈ കടലോരഗ്രാമത്തിന് നഷ്ടമായത് 143 ജീവനുകളാണ്.
സുമാത്രയിലെ ഭൂചലനത്തോടെ തുടക്കം.
റിക്ടര്‍ സ്‌കെയിലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുനാമിത്തിരകള്‍ക്ക് കാരണമായത്. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ക്രിസ്മസിന് പിറ്റേന്ന് കടല്‍ പിന്‍വാങ്ങുന്ന അപൂര്‍വ കാഴ്ചയാണ് തീരവാസികള്‍ കണ്ടത്. തിരകള്‍ ഉള്ളിലേക്ക് വലിഞ്ഞു പോകുകയും കര തെളിഞ്ഞു വരികയുമായിരുന്നു. ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം കൂറ്റന്‍ തിരകള്‍ ഉയര്‍ന്ന് പൊങ്ങി ആഞ്ഞടിച്ചു.
ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം കടലെടുത്തു. കൊല്ലം ബീച്ച്, തങ്കശേരി, ശക്തികുളങ്ങര മേഖലയെ ബാധിച്ച സുനാമി ആലപ്പാട്ടാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. മൂവായിരത്തിലേറെ വീടുകള്‍ തകര്‍ന്നു. ലോകമെമ്പാടുമായി 226,408 ജീവനുകളാണ് ഈ രാക്ഷസത്തിരകള്‍ കവര്‍ന്നത്.
ലോകമെമ്പാടുമായി 1000 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഈ സുനാമിത്തിരകള്‍ ഉണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. ഇതിന് കാരണമായ ഭൂചലനമാകട്ടെ ലോകത്ത് ഇന്ന് വരെയുണ്ടായതില്‍ ഏറ്റവും വലിയ മൂന്നാമത്തേതാണെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് മിനിറ്റ് വരെ ഭൂചലനം നീണ്ടുനിന്നെന്നും ഇവര്‍ പറയുന്നു. ഭൂമിക്ക് ഒരു സെന്റിമീറ്ററോളം ഇളക്കമുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീശിയടിച്ച സുനാമിത്തിരയില്‍ കരകവര്‍ന്നത്. വടക്കന്‍ സുമാത്രയിലെ പശ്ചിമതീരത്ത് ഇന്ത്യ ബര്‍മ്മ അതിര്‍ത്തിയിലെ ഫലകങ്ങളെ ആയിരം കിലോമീറ്ററോളം നീക്കിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
രണ്ട് അണുബോംബുകളേക്കാള്‍ പ്രഹരശേഷി
രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രയോഗിച്ച രണ്ട് അണുബോംബുകളുടെ ഇരട്ടി ശക്തിയുള്ളതായിരുന്നു ഈ സുനാമിത്തരികളെന്ന് സുനാമി സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ടാഡ് മൂര്‍ത്തി പറയുന്നു. രണ്ട് ഭൂഖണ്ഡങ്ങളിലായി പതിനഞ്ച് രാജ്യങ്ങളിലായി 230,000 ജീവനുകള്‍ ഈ രാക്ഷസത്തിരകള്‍ കവര്‍ന്നു. പതിനെട്ട് ലക്ഷം പേര്‍ക്ക് ജനിച്ച നാടും വീടും നഷ്ടമായി. 460,000 വീടുകള്‍ നശിച്ചു. പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് സുനാമിത്തിരയില്‍ മരിച്ചത്. 40,000 മുതല്‍ 45,000ത്തിലേറെ സ്ത്രീകള്‍ കൊല്ലപ്പെട്ടു. 600,000ലേറെ ജനങ്ങള്‍ക്ക് അവരുടെ ജീവതോപാധികള്‍ നഷ്ടമായി. മീന്‍പിടുത്ത മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മുപ്പത് ശതമാനം നഷ്ടം കാര്‍ഷിക മേഖലയിലുമുണ്ടായി.
ഇന്തോനേഷ്യയിലെ തീരപട്ടണമായ ലഹോക്നഗയില്‍ 100 അടി ഉയരത്തില്‍ വീശിയടിച്ച സുനാമി ഇവിടെയുണ്ടായിരുന്ന ഏഴായിരം ജനങ്ങളെ കേവലം നാനൂറിലേക്ക് ചുരുക്കി. ഹിരോഷിമയില്‍ പതിച്ച ബോംബിനെക്കാള്‍ 23000ത്തിലേറെ ഊര്‍ജ്ജമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന് ഇടയിലുണ്ടായ ഭൂകമ്പം പുറന്തള്ളിയത്. തുറമുഖം എന്ന് അര്‍ത്ഥമാക്കുന്ന ടി എസ് യു എന്ന മൂന്നക്ഷരം സൂചിപ്പിക്കുന്ന സു എന്ന വാക്കും തിരമാല എന്നര്‍ത്ഥം വരുന്ന നാമി എന്ന ജപ്പാന്‍ വാക്കുകളും ചേര്‍ന്നാണ് ഭീമന്‍ തിരമാലകള്‍ക്ക് സുനാമി എന്ന പേര് വന്നത്.
അഞ്ഞൂറ് കിലോമീറ്റര്‍ വേഗത്തിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമിത്തിരകള്‍ വീശിയടിച്ചത്. 11,544.91 കോടി രൂപയുടെ നാശനഷ്ടമാണ് ഇന്ത്യയിലുണ്ടായത്. ഇതില്‍ ആന്ധ്രപ്രദേശ്- 342.67 കോടിരൂപ, കേരളം-2371.02 കോടിരൂപ, തമിഴ്നാട്-8.97 ലക്ഷം, പോണ്ടിച്ചേരി-0.43 ലക്ഷം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 1089 ഗ്രാമങ്ങളിലായി3.56 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ നാശനഷ്ടക്കണക്ക്.
ഇന്തൊനീഷ്യയില്‍ മരണം 1.65 ലക്ഷം
14 രാജ്യങ്ങളിലായി 2.27 ലക്ഷം പേരാണ് സൂനാമിയില്‍ മരിച്ചത്. ഇന്തൊനീഷ്യ (1.65 ലക്ഷം), ശ്രീലങ്ക (35,000), ഇന്ത്യ (10,000) എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ മരണം. ഇന്ത്യയില്‍ കൂടുതല്‍ പേര്‍ മരിച്ചത് ആന്‍ഡമാന്‍ നിക്കോബാറിലാണ് (7,000). കേരളത്തിലെ 190 തീരദേശഗ്രാമങ്ങള്‍ നശിച്ചു. 17,381 വീടുകള്‍ തകര്‍ന്നു. 6 ജില്ലകളിലെ 4 ലക്ഷം കുടുംബങ്ങളെയാണ് സൂനാമി ബാധിച്ചത്.
കന്യാകുമാരി ജില്ലയില്‍ മണക്കുടി, ശൊത്തവിള, കുളച്ചല്‍, കൊട്ടില്‍പ്പാട് ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളെയാണ് സുനാമി തിരകള്‍ വിഴുങ്ങിയത്. ജില്ലയില്‍ സ്ത്രീകളും കുട്ടികളുമടക്കം എണ്ണൂറോളം പേരുടെ ജീവന്‍ പൊലിഞ്ഞു. കുളച്ചല്‍ കൊട്ടില്‍പ്പാടില്‍ മാത്രം കുട്ടികളും സ്ത്രീകളുമടക്കം 199 പേരാണ് ദുരന്തത്തില്‍ മരിച്ചത്. കുളച്ചല്‍ കാണിക്കമാതാ ദേവാലയവളപ്പില്‍ 414 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് അടക്കുകയായിരുന്നു.
തീരങ്ങള്‍ പൂര്‍വ്വസ്ഥിതിലായി, ഉറ്റവരെ നഷ്ടമായവര്‍ക്ക് വിങ്ങും ഓര്‍മ്മകള്‍
സുനാമി തിരകള്‍ താണ്ഡവമാടിയ തീരപ്രദേശങ്ങളെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമാണ് ആവശ്യമായത്. ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളും ഭരണകൂടങ്ങളും ഒറ്റക്കെട്ടായാണ് പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ആ കറുത്ത നാളുകളുടെ ഓര്‍മ്മകള്‍ പേറി നിരവധി ആളുകളാണ് കേരളത്തിലടക്കം ഇന്നും ജീവിതം തള്ളിനീക്കുന്നത്.
അന്ന് ഉറ്റവരെ നഷ്ടമായവര്‍ ഇന്നും വേദന തിന്നു കഴിയുകയാണ്. രണ്ടുവയസ്സുകാരന്‍ ആദിത്യനെ കൈയില്‍ നിന്നും തിരമാലകള്‍ കൊണ്ടുപോയതിന്റെ നടുക്കുന്ന ഓര്‍മ്മയിലാണ് ആലപ്പാട്ടെ പൂമണി. ഒക്കത്തെടുത്ത് കൊഞ്ചിച്ച് കടലുകാണിച്ചും കളിപ്പിച്ചും വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് തിരമാലകളുടെ അലറിവരവ്. അന്ന് 2004 ഡിസംബര്‍ 26 ഉച്ചയ്ക്ക് 12.55, അമ്മ പൂമണി സമയം കൃത്യമായി ഓര്‍ത്തെടുത്തു. എന്റെ 34-ാംവയസ്സിലായിരുന്നു മകനെ തിരമാലകള്‍ കൈയില്‍നിന്നു വലിച്ചെടുത്തു കൊണ്ടുപോയത്.
ചുറ്റുമുള്ള വീട്ടുകാര്‍ രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. മോനേ...,മോനേയെന്ന് അലറിക്കരഞ്ഞതുമാത്രം ഓര്‍മ്മ. പത്ത് മിനിറ്റിലെ സംഭവത്തിനുശേഷം ആര്‍ത്തലച്ച് സമീപത്തെ മുരുകന്‍ക്ഷേത്രത്തിനു മുന്നിലെത്തി. പോലീസുകാരുള്‍പ്പെടെ ആരൊക്കെയോ എത്തി വള്ളത്തില്‍ കയറ്റി പ്രയാര്‍ സ്‌കൂളിലെത്തിച്ചതുമാത്രം ഓര്‍ക്കുന്നു. ഒരാഴ്ചയ്ക്കുശേഷമാണ് മോനും ഭര്‍ത്താവിന്റെ അച്ഛന്‍ യശോധരനും മരിച്ചത് അറിഞ്ഞത്.
അയല്‍വീട്ടിലായിരുന്നു, മൂത്തമകന്‍ നാലുവയസ്സുകാരന്‍ അഖില്‍. അവരോടൊപ്പം രക്ഷപ്പെട്ട അഖിലിന് ഇപ്പോള്‍ 24 വയസ്സായി. പോളിടെക്നിക് പഠിച്ചശേഷം കഴിഞ്ഞയാഴ്ച ജോലിക്കായി വിദേശത്ത് പോയി. അഴീക്കല്‍ കൊച്ചുപറമ്പില്‍ പൂമണി ഒറ്റശ്വാസത്തില്‍ പറയുന്നു. ഭയന്ന് ദുരന്താചരണങ്ങളില്‍ പലപ്പോഴും എത്താറില്ല. 20-ാംവാര്‍ഷികത്തില്‍ സ്മൃതിമണ്ഡപത്തില്‍ എത്തുകയായിരുന്നു. 10 മിനിറ്റോളം നിറകണ്ണുകളോടെ പൂക്കളുമായി നിന്നു.