87 വയസ്സ് പഴക്കമുള്ള മലയാള സിനിമയിൽ 60 വർഷവും പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരാൾ. അതും നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, എന്നീ പ്രധാന മേഖലകളിലൊക്കെ പ്രവർത്തിക്കാൻ കഴിയുക. സത്യൻ, നസീർ കാലഘട്ടം തൊട്ട് ജയൻ, സോമൻ, സുകുമാരനിലുടെ കടന്ന് മമ്മൂട്ടിയും, മോഹൻലാലിനെയും പിന്നിട്ട് ന്യൂജൻ താരങ്ങളായ ഫഹദിനും, ശ്രീനാഥ് ഭാസിക്കും ആസിഫലിക്കുക്കുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞ നടൻ. ഇന്ന് നവതിയിലെത്തിനിൽക്കുന്ന മലയാള സിനിമയുടെ കാരണവരായ നടൻ മധു, ശരിക്കും ഒരു ലോകമഹാത്ഭുതം തന്നെയാണ്. ലോക ചരിത്രത്തിൽ ഒരു നടനും ഇതുപോലെ ഒരു കരിയർ ഹിസ്റ്ററി പറയാനുണ്ടാവില്ല!

60 വർഷങ്ങൾക്ക് കൊണ്ട് നാനൂറോളം സിനിമകളിലാണ്, മധുസാർ വേഷമിട്ടത്.
ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേയ്ക്ക് നീളുന്ന നാലു തലമുറയുടെ ദൈർഘ്യമുണ്ട് ഈ കരിയറിന്. മുഖ്യധാരയിലും സമാന്തരപാതയിലുമായി ഒരുപാട് ശൈലികൾ, നിരവധി പരീക്ഷണങ്ങൾ, പലതരംഗങ്ങൾ. ഇവയിലോരോന്നിലും പല കാലങ്ങളിലായി മധുവെന്ന ചലച്ചിത്രകാരൻ തന്റെ സാന്നിധ്യം അടയാളപ്പെടുത്തി. ആറ് അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. മൂന്ന് ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴും. പ്രശസ്ത സാഹിത്യകാരൻ കെ എ അബ്ബാസ് സംവിധാനം ചെയ്ത 'സാത് ഹിന്ദുസ്ഥാനി'യാണ് അതിൽ പ്രധാനം. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമാണത്. ചിത്രത്തിന്റെ ടൈറ്റിൽ കാണിക്കുമ്പോൾ ആദ്യപേര് മധുവിന്റെതായിരുന്നു.

ഇന്ന് മലയാള സിനിമയുടെ ഈ കാരണവർക്ക് 90 വയസ്സ് തികയുകയാണ്. പതിവ് പോലെ വൈകി ഉറങ്ങി വൈകി എഴുനേൽക്കുന്ന അദ്ദേഹത്തിന് ഇത് ആഘോഷങ്ങൾ ഒന്നുമില്ലാത്ത ഒരു ദിവസമാണ്. പക്ഷേ മലയാള ചലച്ചിത്രലോകത്തിന് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസവും.

രാഷ്ട്രീയ-കാർഷിക കുടുംബത്തിൽ ജനനം

1933 സപ്റ്റംബർ 23, തിരുവനന്തപുരം ഗൗരീശപട്ടത്തായിരുന്നു മധുവിന്റെ ജനനം. തിരുവനന്തപുരം മേയറായിരുന്ന കീഴതിൽ ആർ.പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനാണ്. മധു ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു.''രാഷ്ട്രീയം, സമരം, പാർട്ടിപ്രവർത്തനം. ഇതൊക്കെ കുട്ടിക്കാലത്തെ അച്ഛനിലൂടെ ഞാൻ കണ്ടറിഞ്ഞതാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരു രാത്രിയിൽ അച്ഛനെ പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. അന്നെനിക്ക് ആറുവയസ്സാണ്. ഞാൻ സ്‌കൂളിലും കോളേജിലുമൊക്ക പഠിക്കുന്ന കാലത്തും അച്ഛൻ രാഷ്ട്രീയ പവർത്തനത്തിൽ സജീവമാണ്. രാഷ്ട്രീയപരമായി വിയോജിപ്പുള്ളവർവരെ അച്ഛനെ കാണാൻ വീട്ടിൽവരും. വ്യക്തിബന്ധങ്ങൾക്ക് അച്ഛൻ വലിയ പ്രാധാന്യം നൽകിയിരുന്നു. പക്ഷേ, അച്ഛന്റെ രാഷ്ട്രീയ പാതകളിലൂടെ സഞ്ചരിക്കാനോ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ നിൽക്കാനോ എനിക്ക് താത്പര്യമില്ലായിരുന്നു. കാരണം അത് എനിക്ക് ചേർന്ന പണിയല്ലെന്ന് ചെറുപ്പത്തിലേ ഞാൻ തിരിച്ചറിഞ്ഞിരുന്നു''.

മികച്ച കർഷകനുള്ള അവാർഡ് ഒരിക്കൽ നേടിയ മധു, ജനിച്ചതും കർഷകുടുംബത്തിലാണ്. ''ഗൗരീശപട്ടത്തുള്ള ഒരു കർഷക ുടുംബത്തിലാണ് ഞാൻ ജനിച്ചത്. കൃഷിയോടുള്ള താത്പര്യം രക്തത്തിലുണ്ട്. വയലുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞതാണ് അന്നത്തെ ഗൗരീശപട്ടം. അമ്മൂമ്മയുടെ മേൽനോട്ടത്തിലാണ് കൃഷിയൊക്ക നടക്കുന്നത്. കൃഷിയിടങ്ങളിലേക്ക് എന്നെ കൊണ്ടുപോയിരുന്നതും അമ്മൂമ്മയാണ്. അന്നുമുതലേ ഞാൻ ഭൂമിയെ സ്‌നേഹിച്ചു തുടങ്ങിയിട്ടുണ്ടാവും. അന്നത്തെ കൃഷിസ്ഥലമെല്ലാം ഇന്ന് പൊന്നുംവിലയുള്ള പറമ്പുകളായി മാറി. ആ ഭാഗത്തൊക്കെ ആയിരത്തിലേറെ വീടുകളായി. പുളിയറക്കോണത്ത് സ്റ്റുഡിയോ നിർമ്മിക്കാൻ സ്ഥലം വാങ്ങിയപ്പോൾത്തന്നെ അവിടെ കുറ്റിമുല്ലയും ഓർക്കിഡുമൊക്കെ െവച്ചുപിടിപ്പിച്ചു. സിനിമയുടെ തിരക്കിനിടയിലും കൃഷി എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മൂന്നാംമൂടിൽ അഞ്ചേക്കർ സ്ഥലത്ത് തെങ്ങ്, കവുങ്ങ്, മാവ്, കപ്പ, വാഴ, കുറ്റിമുല്ല, ഓർക്കിഡ് തുടങ്ങി മിക്കവാറും എല്ലാ കൃഷികളുമുണ്ടായിരുന്നു.''- മധു പറയുന്നു.

വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. ഒരിക്കൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.

മാധവൻ നായർ മധുവാവുന്നു

സ്‌കുൾ ഓഫ് ഡ്രാമയിൽവച്ചാണ് പ്രശസ്ത സംവിധായകൻ രാമുകാര്യട്ടിനെ പരിചയപ്പെടുന്നത്. 1963ൽ കാര്യാട്ടിന്റെ മൂടുപടത്തിൽ മുഖം കാണിക്കുമ്പോൾ വയസ് മുപ്പതാണ് മധുവിന്. എന്നാൽ, ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമ്മിച്ച് എൻ എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാൽപ്പാടുകളാണ്. മധുവിന്റെ യഥാർത്ഥ പേര് മാധവൻ നായരെന്നാണ്. എന്നാൽ സിനിമയിൽ എത്തിയതോടെ പേര് മാറ്റുകയായിരുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ മധു ഇങ്ങനെ പറയുന്നു.

'പ്രേം നസീർ അവതരിപ്പിച്ച തങ്കപ്പൻ എന്ന പട്ടാളക്കാരന്റെ സ്നേഹിതനായ സ്റ്റീഫൻ എന്ന പട്ടാളക്കാന്റെ വേഷമായിരുന്നു എനിക്ക്. യഥാർത്ഥത്തിൽ ഈ കഥാപാത്രത്തെ സത്യൻ മാസ്റ്റർക്ക് വേണ്ടി മാറ്റി വെച്ചതായിരുന്നു. പക്ഷേ, പ്രേം നസീറിന്റെ താഴെ നിൽക്കുന്ന വേഷം ഏറ്റെടുക്കാൻ സത്യൻ മാസ്റ്റർ തയാറാകാത്തതുകൊണ്ടാണ് ആ വേഷം എനിക്ക് ലഭിച്ചത്. ഇതെല്ലാം ഞാൻ പിന്നീട് അറിഞ്ഞ കാര്യങ്ങളാണ്,' മധു പറയുന്നു. നിണമണിഞ്ഞ കാൽപ്പാടുകൾ പ്രദർശനത്തിനെത്തിയ ദിവസം തിരുവനന്തപുരം ചിത്ര തിയറ്ററിൽ മധുവും എത്തി. സിനിമ തുടങ്ങി ടൈറ്റിലിൽ എന്റെ പേര് കാണാഞ്ഞപ്പോൾ വല്ലാതെ വിഷമം തോന്നി. സിനിമ തീർന്നപ്പോൾ ശോഭന പരമേശ്വരൻ നായരെ ഫോണിൽ വിളിച്ച് ടൈറ്റിലിൽ പേര് ചേർക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചു. മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു.

''മിസ്റ്റർ മാധവൻ നായർ നിങ്ങളോട് ചോദിച്ചാൽ ചിലപ്പോൾ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി പറഞ്ഞില്ലന്നേയുള്ളു. സിനിമക്ക് വേണ്ടി ഞാനും ഭാസ്‌കരൻ മാഷും ചേർന്ന് നിങ്ങളുടെ പേര് മധു എന്നാക്കി. പ്രേം നസീറിന്റെ പേരിന്റെ തൊട്ടുതാഴെ നിങ്ങളുടെ പേരാണ്. ഇനി മുതൽ നിങ്ങൾ മധുവാണ്'. അങ്ങനെ മാധവൻ നായർ എന്ന ഞാൻ മധുവായി. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. പേരിലെ രാശിയിലൊന്നും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും മധു എന്ന രണ്ടക്ഷരം ഏറക്കാലം മലയാള സിനിമയുടെ രാശിയായി. മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി.

പരീക്കുട്ടി തീർത്ത തരംഗം

താരഭാരമൊന്നുമില്ലാതിരുന്ന, ജനങ്ങളിൽ ഒരാളായ നടനെ തേടി പിന്നീട് അവസരങ്ങളുടെ പ്രവാഹമായിരുന്നു. മലയാളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ ബോക്‌സ്ഓഫീസ് ഹിറ്റായ കുട്ടിക്കുപ്പായത്തിലെ മധുവിന്റെ വേഷവും ശ്രദ്ധേയമായി. ഭാസ്‌ക്കരൻ മാഷിന്റെ ആദ്യ കിരണങ്ങളിലെ പാപ്പച്ചനും, മുറപ്പെണ്ണിലെ ചന്ദ്രനും, കാട്ടുപൂക്കളിലെ ജോണിയും, സുബൈദയിലെ മമ്മുവും വഴി മധു നസീറിനും സത്യനുമിടയിൽ തന്റേതായ ഒരു സ്ഥാനം ഒരുക്കിയെടുത്തു. എന്നാൽ, മലയാളി പ്രേക്ഷകൻ മധുവിനെ എല്ലാ അർഥത്തിലും ഇഷ്ടപ്പെട്ട് തുടങ്ങിയത് ചെമ്മീനോടെയാണ്. മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസ്സുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്.

മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ.... ' എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ഒരുകാലത്ത് ജനം വിശ്വസിച്ചു.പതിറ്റാണ്ടുകൾക്കു ശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷണങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത്. മിമിക്രി താരങ്ങൾ ഈ നടനെ അനുകരിക്കാൻ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്. ദേശീയതലം വരെയെത്തിയ പരീക്കുട്ടിയുടെ പെരുമക്കൊപ്പം മധു നായകനിരയിലേയ്ക്കും മെല്ലെ ചുവടുവച്ചു.

ഇന്നും ഒരു ആഖ്യാനവിസ്മയമായി നിലകൊള്ളുന്ന ഭാർഗവീനിലയത്തിൽ മധു വിസ്മയിപ്പിക്കുന്നുണ്ട്. മിനിറ്റുകളോളം ഫ്രെയിമിൽ തനിച്ചുനിന്ന് ഭാർഗവിക്കുട്ടിയോട് സംസാരിക്കുന്ന രംഗം, ദൃശ്യാവിഷ്‌കാരത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും ഇന്നും ഒരു അത്ഭുതമാണ്. മധുവിലെ അഭിനേതാവിനെ മലയാളം ശരിക്കും തിരിച്ചറിയുന്നത് സങ്കീർണമായ ഈ കഥാപാത്രാവിഷ്‌കാരത്തോടെയാണ്. എന്തിനധികം ഈ ആധുനിക കാലത്ത് എല്ലാവിധ സാങ്കേതിക സംവിധാനങ്ങളോടെ ആഷിക്ക് അബു, ഭാർവീനിലയം നിലവെളിച്ചമായി പുനർ സൃഷടിച്ചിപ്പോഴും, അതിലെ നായകനായ ടൊവീനോയുടെ തട്ട് മധുവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് കഥാപാത്രത്തിനുമുന്നിൽ താണിരിക്കയാണെന്ന് പല നിരൂപകരും എഴുതി.

മൂന്നാമത്തെ സൂപ്പർ താരം

പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ അദ്ദേഹം തിളങ്ങി. സത്യനും നസീറിനും ഇടയിൽ മൂന്നാമാതൊരു സൂപ്പർ താരം കൂടി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടു. സത്യനും നസീറും കിരീടംവച്ച രാജാക്കന്മാരായി നിറഞ്ഞുനിന്നിട്ടും മധുവെന്നൊരു നായകനെ കൂടി താരമായി. സത്യന്റെ പരുക്കൻ ഭാവങ്ങൾക്കും, നസീറിന്റെ കോമളരൂപത്തിനുമിടയിൽ, ഒരു കട്ട ലോക്കൽ വേഷത്തിലായിരുന്നു മധുവിന്റെ വരവ്. അയൽപക്കത്തും ആൾത്തിരക്കിലുമെല്ലാം നമുക്ക് കണ്ടുപരിചിതമായ മുഖം. ഒരു മൂന്നാം നായകന് കൂടി മലയാള സിനിമയിൽ ഇടമുണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞത് മധുവിന്റെ വരവോടുകൂടിയാണ്.

കഥാപാത്രങ്ങൾ തന്നെ തേടിയെത്തുന്നതും കാത്തിരിക്കാതെ തനിക്കിണങ്ങുന്ന കാമ്പുള്ള കഥാപാത്രങ്ങളെ തേടി ഇറങ്ങുകയായിരുന്നു മധുവിലെ നടൻ. ആരാധകരുടെ വെറുപ്പു വിളിച്ചുവരുത്തുമെന്ന ഉറപ്പുണ്ടായിട്ടും മധു അവയെയെല്ലാം വാരിപ്പുണർന്നു. ഓളവും തീരത്തിലും ബാപ്പുട്ടിയും, ഉമ്മാച്ചുവിലെ മായനും, ഇതാ ഇവിടെ വരെയിലെ പൈലിയും, കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണും, ഉദയത്തിലെ രാഷ്ട്രീയക്കാരനും, തീക്കനലിലെ കള്ളക്കടത്തുകാരനും, യുദ്ധകാണ്ഠത്തിലെ കലാകരാനുമെല്ലാം വ്യത്യസ്തത കൊണ്ട് വിസ്മയിപ്പിച്ച മധുവിന്റെ കഥാപാത്രങ്ങളാണ്. ഇതിൽ ഇതാ ഇവിടെ വരെയിലെ പൈലിയെ വില്ലന്മാർ പോലും രണ്ടാമതൊന്നാലോചിച്ചേ സ്വീകരിക്കൂ. മധുവിന് പക്ഷേ, ഒരു മടിയുമുണ്ടായില്ല ആ കഥാപാത്രത്തെ അവതരിപ്പിക്കൻ. ഒരു അഭിമുഖത്തിൽ അദ്ദേഹം പറയു്നനുണ്ട്. കഥാപാത്രങ്ങൾ പകർന്നു നൽകുന്ന ഗ്ലാമറല്ല. അത് അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന നിർവൃതിയാണ് യഥാർഥ ആനന്ദമെന്ന്.

മലയാള സിനിമ സാഹിത്യത്തിനൊപ്പം നിന്ന കാലത്ത് സിനിമയിൽ സജീവമാകാൻ കഴിഞ്ഞതിന്റെ ഗുണം അദ്ദേഹത്തിനേറെ ലഭിച്ചു. തകഴി, ബഷീർ, എംടി, പത്മരാജൻ, സി.രാധാകൃഷ്ണൻ, ജി.വിവേകാനന്ദൻ എന്നിവരുടെയെല്ലാം സാഹിത്യ സൃഷ്ടികൾ ചലച്ചിത്രങ്ങളായപ്പോൾ അതിൽ പ്രധാനവേഷം ചെയ്യാൻ കഴിഞ്ഞു. മലയാള സിനിമയെ പൂർണമായും ഔട്ട്‌ഡോർ ഷൂട്ടിങ്ങിന്റെ മനോഹാരിത പഠിപ്പിച്ച പി.എൻ.മേനോന്റെ ഓളവും തീരവും എന്ന ചിത്രത്തിലെ നായകവേഷവും മധുവിനു ലഭിച്ചു. മലയാള സിനിമയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലും മധുവിനെ അല്ലാതെ മറ്റൊരാളെ നായകനാക്കാൻ അടൂരിനും തോന്നിയില്ല.

മധു- ശ്രീവിദ്യ ഭാഗ്യ ജോടി

സൂപ്പർനായക പദവിയിൽ ഏറെക്കാലം വിരാജിച്ചു. പിന്നെ നായകനായി നിൽക്കുമ്പോൾ തന്നെ സംവിധായകന്റെയും നിർമ്മാതാവിന്റെയും മേലങ്കിയണിഞ്ഞു. വിതരണക്കാരനായി. സ്റ്റുഡിയോ തുടങ്ങി. ഒടുക്കം മൂന്നു വർഷം സിനിമാസംഘടനയുടെ അമരക്കാരന്റെ വേഷവുമാടി. എല്ലാ അർഥത്തിലും സമഗ്രമായിരുന്നു മലയാള സിനിമയ്ക്ക് മധു നൽകിയ സംഭാവനകൾ.

മധുവിന് ഭാഗ്യജോഡിയായി ശ്രീവിദ്യയായിരുന്നു. മറ്റ് പല താരജോഡികൾക്കുമില്ലാതിരുന്ന ഒരു സവിശേഷത കൂടി ഇവർക്കുണ്ടായിരുന്നു. പ്രണയിച്ചു ജോഡികൾ എന്നതിലുപരി, ഭാര്യാ ഭർത്താക്കന്മാരായും, മുത്തച്ഛനും മുത്തശ്ശിയുമായാണ് അവരെ മലയാളം കൂടുതലായി കണ്ട് ഇഷ്ടപ്പെട്ടത്. ശാരദയായിരുന്നു മധുവിന് ചേർച്ചയുണ്ടായിരുന്ന മറ്റൊരു നായിക. അംബികയും നിർമലയും ദേവികയും കെ.ആർ .വിജയയുമെല്ലാമായിരുന്നു മധുവിന്റെ ആദ്യകാല നായികമാർ. നസീറിന്റെ ഭാഗ്യജോഡിയായിരുന്നെങ്കിലും ചരിത്രം സൃഷ്ടിച്ച ചെമ്മീനിൽ മധുവിന്റെ നായികയാവുനുുള്ള ഭാഗ്യം ഷീലക്കായിരുന്നു. ചെമ്മീനിലെ കറുത്തമ്മക്ക് പുറമെ ഷീല തകർത്താടിയ മറ്റൊരു ചിത്രമായ കള്ളിച്ചെല്ലമ്മയിലും മധുവുണ്ടായിരുന്നു ഒപ്പം.

കാമറയ്ക്കുമുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല മധുവിന്റെ സർഗാത്മക ജീവിതം. നാടകക്കാരൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വിതരണക്കാരൻ, സംഘാടകൻ... മധുവിന് മലയാള സിനിമ നൽകിയ മേൽവിലാസങ്ങൾ പലതാണ്. എല്ലാ അർഥത്തിലും സിനിമയിലെ ഒരു ഓൾറൗണ്ടർ. ഇന്ത്യൻ സിനിമയിൽ ഇതുപോലൊരാൾ ഒരുപക്ഷേ, രാജ്കപുറും കമൽഹാസനും മാത്രമായിരിക്കും. മലയാള സിനിമയെ ചെന്നൈയിൽനിന്നും കേരളത്തിലേക്ക് പറിച്ചുനടുന്ന കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. മറ്റു പല സിനിമാ നിർമ്മാതാക്കൾക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി.

1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. മികച്ച കഥ കണ്ടെത്താൻ അസാധാരണമായ കഴിവുള്ള ഒരു സംവിധായകനായിരുന്നു മധു. തിരക്കഥയിലെ സൂക്ഷാംശങ്ങളിലേയ്ക്ക് പോലും ഇറങ്ങിച്ചെല്ലുന്ന അപൂർവം നിർമ്മാതാക്കളിൽ ഒരാളായിരുന്നു. 12 ചിത്രങ്ങൾ മധു സംവിധാനം ചെയതു. മിക്കതും പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളായിരുന്നു.

രജനിയെപ്പോലും 'തല്ലാൻ' കഴിയുന്ന ഏക നടൻ

സത്യനും നസീറിനുമൊപ്പം ഉപനായക വേഷങ്ങൾ മികവുറ്റതാക്കിയ മധുവിന്, അടുത്ത തലമുറയിൽ സോമനും സുകുമാരനും ജയനുമൊപ്പം അതേ കോമ്പോ റോളിൽ അഭിനയിക്കാൻ യാതൊരു മടിയുമുണ്ടായില്ല. അത് പിന്നീട് മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പവും ഇപ്പോൾ അത് ന്യുജൻ നടന്മാരിലും എത്തിനിൽക്കുന്നു. കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ-സിനിമയിലും സമാന്തര-സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു.

സിനിമയിൽ രജനീകാന്തിനെവരെ 'തല്ലാനുള്ള' അധികാരമുള്ള കാരണവരാണ് മധു. 1991ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രമാണ് ധർമ്മദുരൈയിൽ ഇതുപോലെ ഒരു പ്രതിസന്ധിയുണ്ടായിരുന്നു. രാജശേഖർ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക ഗൗതമിയായിരുന്നു. 1989ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ദേവയുടെ തമിഴ് റീമേക്ക് ആയിരുന്നു ധർമ്മദുരൈ. ചിത്രത്തിൽ രജനിയുടെ അച്ഛനായി എത്തിയത് മധുവായിരുന്നു. അക്കാലത്തും സൂപ്പർ സ്റ്റാറായിരുന്ന രജനിയെ മധു തല്ലുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നു. രജനിയുടെ ആരാധകർ ഇത് അംഗീകരിച്ചതുതന്നെ മധുവാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നതുകൊണ്ട് മാത്രമായിരുന്നു. ഥാർത്ഥത്തിൽ ശിവാജി ഗണേശനിലേക്കാണ് പാണ്ഡിദുരൈ തേവർ എന്ന കഥാപാത്രം ആദ്യം എത്തിയത്. എന്നാൽ മധു ചെയ്യട്ടെ എന്ന് ശിവാജി തന്നെ നിർദ്ദേശിക്കുകയായിരുന്നു.

കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.ൃമധുവിന്റെ വാക്കുകൾ ഇങ്ങനെ-''ഞാൻ തന്നെ ചെയ്യണമെന്ന പ്രത്യേക ആവശ്യവുമായി അവർ വന്നതുകൊണ്ടാണ് ധർമ്മദുരൈ ചെയ്തത്. ആ റോൾ ശിവാജി ഗണേശൻ ചെയ്യേണ്ടതായിരുന്നു. അദ്ദേഹത്തിന് സുഖമില്ലാതെ മദ്രാസിൽ പോകേണ്ടി വന്നു. ഇനി പറയുന്നത് അവർ പറഞ്ഞതാണ്, ഞാൻ പറഞ്ഞതല്ല. ശിവാജി ഗണേശൻ രജനികാന്തിന് തല്ല് കൊടുത്താൽ ഫാൻസ് സഹിച്ചുവെന്ന് വരും. പക്ഷേ വേറൊരു ആർട്ടിസ്റ്റ് ചെയ്താൽ ശരിയാവില്ല. ശിവാജി ഗണേശനാണ് മധുവിന് വിളിച്ച് കൊടുത്താൽ മതിയെന്ന് പറഞ്ഞത്. രജനിയെ തല്ലുന്നതിന് വേണ്ടിയാണ് എന്നെ അതിൽ കൊണ്ടുവന്നത്''.- മധു പറയുന്നു.

കഴിഞ്ഞ അറുപതു കൊല്ലത്തിനിടയ്ക്ക് മധു ഒരിക്കലും പൂർണമായി സിനിമയിൽ നിന്ന് ഒഴിഞ്ഞുനിന്നില്ല. എൺപതുവയസ് കഴിഞ്ഞട്ടും മുത്തച്ഛനും മുഖ്യമന്ത്രിയും ഐ.ജിയുമൊക്കെയായി മലയാള സിനിമയിൽ അദ്ദേഹം നിറഞഞു നിന്നു. ജാതകം, നാടുവാഴികൾ, കുടുംബസമേതം, ചമ്പക്കുളം തച്ചൻ, ഏകലവ്യൻ, മലപ്പുറം ഹാജി മഹാനായ ജോജി, സിംഹവാലൻ മേനോൻ, പ്രായിക്കര പാപ്പൻ, വർണപ്പകിട്ട്, നരൻ, ട്വന്റി ട്വന്റി, കാര്യസ്ഥൻ, സ്പിരിറ്റ്... മധു പകർന്നാടിയ എത്രതെത്ര വേഷങ്ങൾ. ഇതിൽ കുടുംബസമേതത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.ഇതിന് പുറമെ സമഗ്ര സംഭാവനയ്ക്ക് 2004ൽ സംസ്ഥാന സർക്കാർ ജെ സി ഡാനിയൽ പുരസ്‌കാരം നൽകി ആദരിച്ചു.

വംശീയ അധിക്ഷേപ വിവാദം

പൊതുവേ ഗോസിപ്പുകളിൽനിന്നും, വിവാദങ്ങളിൽനിന്നും എന്നും അകന്നു നിൽക്കുന്ന വ്യക്തിത്വമാണ് മധു. പക്ഷേ ഈ ജീവിതസായന്തനത്തിൽ ഇന്ത്യൻ എക്പ്രസിന്റെ ഒരു അഭിമുഖത്തിലുടെ അദ്ദേഹം വലിയ വിവാദത്തിപെട്ടു.
നാടാർ സമുദായത്തെ മധു വംശീയമായി അധിക്ഷേപിച്ചു എന്നാണ് ആരോപണം. ''പണ്ട് പനയിൽ കയറാൻ മലയാളിക്ക് കഴിവില്ലാത്തതു കൊണ്ട് തിരുന്നൽവേലിയിൽ നിന്ന് വന്ന നാടാന്മാരാണ് ഇന്ന് കന്യാകുമാരി ഭരിക്കുന്നത്. നാളെ ബംഗാളികൾ കേരളം ഭരിക്കും. അവർ ഇവിടെ സെറ്റിലാകുകയാണ്. കന്യാകുമാരിയിലെ നാടാന്മാരെ പോലെയാണ് കേരളത്തിൽ ബംഗാളികളും''-

മധുവിന്റെ ഈ പരാമർശത്തിനെതിരെ നാടാർ സർവീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ നാടാർ രംഗത്തെത്തി. മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയേൽ നാടാരെയും , സഹപ്രവർത്തകൻ ആയിരുന്ന അനശ്വര നടൻ അഭിനയ സമ്രാട്ട് സത്യനെയും ( സത്യനേശൻ നാടാർ ) മധു അപമാനിച്ചിരിക്കുകയാണ്. മധു മാപ്പ് പറയുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നാടാർ സർവീസ് ഫെഡറേഷൻ നേതാവ് അറിയിച്ചിരുന്നു. ഇതുസംബദ്ധിച്ച് മധു പിന്നീട് പ്രതികരിച്ചിട്ടില്ല. പക്ഷേ മധുവിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നാണ്, അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്.

ജ്യോതിഷ പ്രവചനനത്തെ തെറ്റിച്ചു

തന്റെ 85ാം പിറന്നാൾ ദിനത്തിൽ മധു ഒരു ജാതക രഹസ്യം വെളിപ്പെടുത്തിയതും കൗതുകമായിരുന്നു.'' 79ാം വയസ്സിൽ എനിക്ക് മരണം സംഭവിക്കുമെന്നായിരുന്നു ജാതകത്തിൽ പറഞ്ഞിരുന്നത്. അതിനാൽ തന്നെ 79 പിറന്നാൾ വലിയ സന്തോഷത്തോടെയായിരുന്നു കാത്തിരുന്നത്. എന്നാൽ ജാതകം പകുതി തെറ്റിപ്പോകുമെന്നല്ലേ ഭഗവാൻ പറഞ്ഞിരിക്കുന്നത്.
''- അദ്ദേഹം തമാശരൂപേണെ പറഞ്ഞു.

ഇപ്പോൾ ജീവിതത്തിൽ ഒരു ആഗ്രഹവും ലക്ഷ്യവും ബാക്കിയില്ലെന്നും താരം വ്യക്തമാക്കി. തിരുവനന്തപുരത്തെ കണ്ണംമൂലയിലെ വസതിയിൽവെച്ച് വലിയ ആഘോഷങ്ങളില്ലാതെയായിരുന്നു മധുസാറിന്റെ നവതിയും. ആഘേഷവേളയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഭാര്യയെയാണെന്നും അദ്ദേഹം പറഞ്ഞു. 2014 ൽ ജനുവരിയിൽ അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. അതിനു ശേഷം അധികം അഘോഷങ്ങൾക്കൊന്നും ഇരുന്ന് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരോ ദിവസവും അവസാനിക്കുമ്പോഴും അടുത്ത ദിവസം തുടങ്ങുമ്പോഴും സിനിമ കാണും. രാത്രി 10നു തുടങ്ങും. ചിലപ്പോൾ രണ്ട് സിനിമ വരെ കാണും. എന്നിട്ടുറങ്ങും. ഉച്ചയ്ക്കുണരും. അങ്ങനെയാണ് മധുവിന്റെ ദിനചര്യ. കുട്ടിക്കാലത്തെ തുടങ്ങിയ വൈകി ഉറങ്ങുന്ന ശീലം അദ്ദേഹം ഇപ്പോഴും തുടരുന്നു. നേരത്ത തന്റെ ഡേറ്റ് ചോദിച്ച് എത്തുന്നവരോടും അദ്ദേഹം, അതിരാവിലെ തനിക്ക് അഭിനയിക്കാൻ എത്തുക ബുദ്ധിമുട്ടാണെന്ന് പറയാറുണ്ട്.

നവതിയുടെ തലേന്നും മാധ്യമ പ്രവർത്തകർ അദ്ദേഹത്തെ വന്ന് കണ്ടിരുന്നു.
ഇന്നലെ രാത്രി ഏത് സിനിമ കണ്ടു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മധുവിന്റെ ഉത്തരം മറു ചോദ്യമായിരുന്നു. ''എന്റെ മുഖത്തൊരു ക്ഷീണമുണ്ടോ? ജയിലർ കണ്ടതിന്റെ ക്ഷീണമാണ്!ഏതുനാട്ടിലാണ് ഇങ്ങനെ അടിയും വെടിയും വെട്ടും കുത്തും. ഇപ്പോഴത്തെ ജനറേഷന് ഇതൊക്കെ ഇഷ്ടമായിരിക്കും അല്ലേ? കൂടം വച്ച് തലയ്ക്കടിക്കുന്നു. എന്നിട്ട് ആസിഡിലിടുന്നു....'രജനികാന്തിനെ സമ്മതിക്കണം. ഇപ്പോഴും സ്റ്റൈലായി അഭിനയിക്കുകയല്ലേ, ക്ലാസ് പടമൊന്നും വേണ്ടെന്ന് അയാൾ പറഞ്ഞിട്ടുണ്ട്്.'

90ാം പിറന്നാളിലും മധു പറയുന്നത് ഇങ്ങനെ. ''തൊണ്ണൂറായി. പലരും ചോദിക്കുന്നു എന്തു തോന്നുന്നുവെന്ന്. 'കുറച്ചു കൂടിപ്പോയെന്നു തോന്നുന്നു' എന്നാണ് മറുപടികൊടുത്തത്. അഭിനയിച്ച് കൊതി തീർന്നു. ഇനി ഒന്നും ചെയ്യാനില്ല. പക്ഷേ അഭിനയം അവസാനിപ്പിച്ചിട്ടില്ല. എന്റെ പ്രായത്തിനുസരിച്ചുള്ള കഥാപാത്രം വരണം. സ്‌ക്രിപ്റ്റ് കൊള്ളാമെന്ന് തോന്നിയാൽ അഭിനയിക്കും.''- അതാണ് മധുസാർ. 90ലും യൗവനം!

വാൽക്കഷ്ണം: മമ്മൂട്ടി പറയുന്നു. -''എന്നും എന്റെ സൂപ്പർ സ്റ്റാറാണ് മധു സാർ. ജീവിതത്തിൽ ആദ്യം കണ്ട നടനും അദ്ദേഹമാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ ആദ്യം കത്തെഴുതുന്ന നടനും മധു സാറാണ്. പണ്ടേ ഞാൻ സ്വപ്നം കാണുന്ന ആളായിരുന്നു മധുസാർ. നമ്മൾക്ക് ഏറെ അടുപ്പമുള്ളവരെയാണല്ലോ സ്വപ്നം കാണുക.''. മോഹൻലാൽ പറയുന്നത് നോക്കുക.-''ഞാൻ സിനിമ കണ്ടു തുടങ്ങുന്ന കാലം മുതൽ സ്‌ക്രീനിൽ അങ്ങനെ നിറഞ്ഞു നിൽക്കുന്ന മഹാമേരുവാണു മധു സാർ. നമ്മുടെയൊക്കെ ബാല്യകൗമാരങ്ങളെയും യൗവനത്തെയും ത്രസിപ്പിച്ച് എത്രയെത്ര സിനിമകളാണ്, എത്രയെത്ര മനോഹരവേഷങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്''. ശത്രുക്കളില്ലാത്ത ജീവിതമാണ് മധുസാറിന്റെത്. എല്ലായിടത്തും സ്നേഹം മാത്രം. ഇതിൽ കൂടുതൽ അംഗീകാരം ഒരു നടന് മറ്റെന്തുവേണം.