- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
അഞ്ചൂറ്റിയിലെ മൈക്കിളപ്പനെ ഓർമ്മയില്ലേ. ഭീഷ്മപർവം സിനിമയിൽ മമ്മൂട്ടി തകർത്ത അഭിനയിച്ച കഥാപാത്രം. പ്രായം കൊണ്ട് കുടുംബത്തിലെ കാരണവർ അല്ലാതിരുന്നിട്ടും പക്വതകൊണ്ടും കഴിവുകൊണ്ടും തൻേറടം കൊണ്ടും ആ ബിസിനിസ് ഫാമിലിയുടെ നായകൻ ആവുകയാണ് മൈക്കിൾ. ഗൗതം ശാന്തിലാൽ അദാനിയെന്ന, വെറും ഒരു തൊഴിലാളിയിൽനിന്ന്, ലോകത്തിലെ രണ്ടാമത്തെ കോടീശ്വരനിലേക്ക് ഉയർന്ന ആ കോളജ് ഡ്രോപ്പ് ഔട്ടും അയാളുടെ വലിയ കൂട്ടുകുടുംബത്തിൽ അങ്ങനെയാണ്. ഏഴു സഹോദരന്മാരും, ഉന്നത വിദ്യാഭ്യാസം നേടിയ അവരുടെ മക്കളും ഭാര്യമാരും അടക്കം നാൽപ്പതോളം വരുന്ന ആ വലിയ ഗുജറാത്തി ജൈന കച്ചവട കുടുംബത്തിന്റെ ഗോഡ്ഫാദർ, പക്ഷേ പ്രായം കൊണ്ട് മുന്നാമനായ ഗൗതമാണ്. അമേരിക്കൽ സർവകലാശാലകളിൽനിന്ന് ബിസിനസ് അഡ്‌മിസ്ട്രേഷൻ പഠിച്ച അനന്തരിവന്മാരും, മക്കളും, കസിൻസുമൊക്കെ വെറും പത്താംക്ലാസും ഗുസ്തിയുമായി കച്ചവടത്തിനിറങ്ങിയ ഗൗതമിന്റെ ബുദ്ധിക്ക് മുന്നിൽ ഒന്നുമല്ല!
ഇത്രയും കാലവും അദാനിയെന്നാൽ അത് ഗൗതം മാത്രമായിരുന്നു. ടാറ്റാ, ബിർലാ, അംബാനി കുടുംബങ്ങളപ്പോലെ അദാനി കുടുംബത്തിലെ മറ്റ് അംഗങ്ങൾ അത്രയെന്നും പ്രശസ്തർ അല്ലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എൻആർഐ കോടീശ്വരരിൽ ഒരാളായ, വ്യവസായിയും ഗൗതം അദാനിയുടെ തൊട്ട് മുതിർന്ന ജ്യേഷ്ഠനുമായി വിനോദ് അദാനിയെയും, അദാനി ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ അധ്യക്ഷയായ ഭാര്യ പ്രീതി അദാനിയുമാണ്, നേരത്തെ ഈ കുടുംബത്തിൽ്നിന്ന് വാർത്തകളിൽ ഇടംപടിക്കാറുള്ളത്. പക്ഷേ വിനോദ് അദാനിയൊക്കെ ഒറ്റ അഭിമുഖംപോലും മാധ്യമങ്ങൾക്ക് നൽകാതെ, തീർത്തും പിടിതരാത്ത വ്യക്തിത്വം എന്നാണ് വിലയിരുത്തപ്പെട്ടത്.
അദാനി ഗ്രൂപ്പിന് ശതകോടികളുടെ നഷടമുണ്ടാക്കിയ, ന്യുയോർക്ക് ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡെൻബർഗിന്റെ റിപ്പോർട്ടിനെ തുടർന്ന് ഈ കുടുംബവും വാർത്തകളിലേക്ക് വരികയാണ്. ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉൾപ്പെട്ട കൂട്ടുകുടുംബ വ്യവസായം, കൃത്രിമ കണക്കുകളിലൂടെ വൻ കോർപറേറ്റ് സാമ്രാജ്യമായി മാറിയത് എങ്ങനെയാണെന്നാണ് ഹിൻഡൻബർഗ് അക്കമിട്ട് നിരത്തുന്നത്. അതിൽ ഷെൽ കമ്പനികൾ ഉണ്ടാക്കിയും മറ്റും ഗൗതം അദാനിയെ സഹായിച്ചത് അദ്ദേഹത്തിന്റെ സഹോദരങ്ങളും ബന്ധുക്കളുമാണെന്ന് പറയുന്നു. ഇതോടെ ഇത്രയും കാലം 'ഒളിവിൽ' കഴിഞ്ഞിരുന്ന അദാനികുടുംബവും വെള്ളിവെളിച്ചത്തിലേക്ക് വരികയാണ്.
പഞ്ചപാണ്ഡവരെപ്പോലെ അവർ
ഗുജറാത്തികൾക്ക് എന്നും പ്രിയപ്പെട്ടതാണ് കുടുംബ ബിസിനസുകൾ. രഹസ്യങ്ങൾ ചോരാതിരിക്കാനും തർക്കങ്ങൾ കുറയാനും ഇതാണ് നല്ലത് എന്നാണ് അവർ പറയുന്നത്. മാത്രമല്ല അൺഡിവൈഡഡ് ഫാമിലി ബിസിനസുകൾക്ക് കൊടുക്കുന്ന നികുതി ഇളവും ഇവർ പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഗുജറാത്തികളുടെ ബിസിനസ് നോക്കിയാൽ അവയിൽ മിക്കതിന്റെയും ഹെഡ് ഓഫ് അക്കൗണ്ട് പോകുന്നത് ജോയിന്റ് ഫാമിലി ബിസിനസിലേക്ക് ആയിരിക്കും. അദാനി കുടുംബവും അടിസ്ഥാപരമായി അങ്ങനെയാണ്.
കമ്പനികളുടെ ഓഹരി മൂല്യം വ്യാജമായി ഉയർത്തി അവയിന്മേൽ വൻതോതിൽ കടമെടുത്ത്, വൻ ഏറ്റെടുക്കലുകൾക്ക് നേതൃത്വം നൽകിയെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിലെ പ്രധാന ആരോപണം.ഇതിന് വ്യാജകമ്പനിയുണ്ടാക്കിയത് മൊത്തമായി അദാനിയുടെ സഹോദരങ്ങളുടെ പേരിലാണ്.
പൊതുവെ മെറിറ്റ് അട്ടിമറിയുമെന്നതിനാൽ കുടുംബ ബിസിനസകളെ ഒരു നല്ല കോർപ്പറേറ്റ് രീതിയായി, ബിസിനസ് മാനേജ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നില്ല. കാരണം ഒരു കുടുംബ ബിസിനസിൽ ഉടമയുടെ മകൻ എത്രമോശക്കാരൻ ആയാലും അയാളാണ് അടുത്ത മുതലാളി. അയാൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ കമ്പനിയെ മൊത്തം ബാധിക്കും. എന്നാൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന കമ്പനിയിൽ ഇങ്ങനെ കുടുംബ വാഴ്ച നടക്കില്ല.
ഇവിടെ അദാനിയുടെ കമ്പനികളിൽ ഉന്നതരെല്ലാം കുടുംബാംഗങ്ങളാണ്. 22 പ്രധാന ഉദ്യോഗസ്ഥരിൽ എട്ടുപേരും കുടുംബത്തിൽപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെയുള്ള തീരുമാനങ്ങൾ കുറച്ചുപേരിൽ മാത്രമൊതുങ്ങുന്നു. അദാനി ഗ്രൂപ്പിൽ നേരത്തെ ഉന്നത സ്ഥാനംവഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഇവരെ കുടുംബ ബിസിനസ് എന്നാണ് വിശേഷിപ്പിച്ചത്.
1962 ജൂൺ 24 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ചെറുകിട വ്യാപാരിയായ ശാന്തിലാലിൻെയും ശാന്തി അദാനിയുടെയും മകനായി ഇടത്തരം ജൈന കുടുംബത്തിലാണ് ഗൗതം ജനിച്ചത്. മാതാപിതാക്കൾ ഗുജറാത്തിന്റെ വടക്കൻ ഭാഗത്തുള്ള താരദ് പട്ടണത്തിൽ നിന്ന് കുടിയേറിയിവരാണ്. പിതാവ് ഒരു തുണി വ്യാപാരിയായിരുന്നു. ഗൗതമിന് ഏഴ് സഹാദരങ്ങളുണ്ട്, അതിൽ പഞ്ചപാണ്ഡവരെപ്പോലെ തിളങ്ങി നിൽക്കുന്ന അഞ്ച് ബിസിനസ് സഹോദരങ്ങളാണ് കടുംബത്തിന്റ നട്ടെല്ല്. ഒരു സഹോദരിയും സഹോദരനും ഇതുവരെ മീഡിയിൽ വന്നിട്ടില്ല. വിവാഹിതായി അവർ സന്തോഷത്തോടെ കഴിയുന്നു. പക്ഷേ സഹോദരിയുടെ പുത്രൻ അദാനിക്കൊപ്പം ബിസിനസിൽ സജീവമാണ്.
മൻസുഖ്ഭായ് അദാനിയാണ് മൂത്ത സഹോദരൻ. വിനോദ് അദാനി രണ്ടാമൻ. മൂന്നാമത്തെ മകനാണ് ആ കുടുംബത്തിന്റെ ജാതകം തിരുത്തിയ ഗൗതം. വസന്ത് അദാനി, മഹാസുഖ് എന്നിങ്ങനെ രണ്ടുപർ ഉണ്ട് തൊട്ട് താഴെ. ഇതിൽ മഹാസുഖ് ചിത്രത്തിലില്ല. എറ്റവും ഇളയ സഹോദരനാണ് രാജേഷ് അദാനി. ഗൗതം അദാനിക്ക് ഏറ്റവും സ്നേഹവും അടുപ്പവും ഇദ്ദേഹത്തോടാണ്. അദാനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് രാജേഷ് അറിയപ്പെടുന്നതെന്നാണ് ഇക്കണോമിക്ക് ടൈംസിലെ ഒരു ലേഖനം പറയുന്നത്.
16ാം വയസ്സിൽ ബിസിനസിലേക്ക്
പഠനത്തിൽ ഒരുകാലത്തും ആവറേജിന് ഒപ്പുറം പോയിട്ടില്ല ഗൗതം അദാനി. കുട്ടിക്കാലം തൊട്ടുതന്നെ ഒരു സംരഭകൻ ആവുക എന്നതായിരുന്നു അയാളുടെ ആഗ്രഹം. കൈയിൽകിട്ടുന്ന ചില്ലറത്തുട്ടുകൾ മിഠായി വാങ്ങാൻ പോലും കൂട്ടാക്കാതെ എടുത്തുവെച്ച്, സഹോദരങ്ങൾക്കും കൂട്ടുകാർക്കും 'പലിശക്ക്' കൊടുക്കുമായിരുന്നത്രേ ആ ബാലൻ. പിതാവിന്റെ തുണിക്കച്ചവടം അദാനിയെ ആകർഷിച്ചിരുന്നില്ല. അവന്റെ മനസ്സിൽ വലിയ വലിയ സ്വപ്നങ്ങൾ ആയിരുന്നു.
ഗുജറാത്ത് സർവകലാശാലയിൽ കൊമേഴ്‌സിൽ ബിരുദത്തിന് ചേർന്ന ഗൗതം പക്ഷേ രണ്ടാം വർഷമായപ്പോൾ തന്നെ പഠനം ഉപേക്ഷിച്ചു.അക്കാലത്തും തന്റെ മനസ്സിൽ ബിസിനസ് ആയിരുന്നുവെന്നാണ് ദ വീക്കിന് നൽകിയ അഭിമുഖത്തിൽ അദാനി പറയുന്നത്. പഠനം ഉപേക്ഷിച്ച് അന്നത്തെ ബോംബെ മഹാനഗരത്തിൽ എത്തിയതിന് പിന്നിൽ ഒരു വ്യവസായി ആവുക എന്ന സ്വപനം മാത്രമായിരുന്നു. (പിൽക്കാലത്ത് ജീവിത്തിലെ ഏറ്റവും മോശമായ കാര്യം എന്താണെന്ന ചോദ്യത്തിന് തന്റെ കോളജ് വിദ്യാഭ്യാസം മുടങ്ങിയത് എന്നാണ് അദാനി മറുപടി നൽകിയത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പിന്നീടാണ് മനസ്സിലായതെന്നും ഇക്കാര്യത്തിൽ തന്നെ മാതൃകയാക്കരുതെന്നും അദാനി ദ മിന്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. )
1978 ൽ കൗമാരപ്രായത്തിൽ, തന്റെ സമപ്രായക്കാർ ഉല്ലസിച്ച് നടക്കുന്ന സമയത്ത് ഗൗതം മുംബൈയിലെ മഹേന്ദ്ര ബ്രദേഴ്‌സിന്റെ ഡയമണ്ട് സോർട്ടറായി ജോലി ചെയ്യുകയായിരുന്നു. മുംബൈയിലെ സവേരി ബസാറിൽ സ്വന്തമായി ഡയമണ്ട് ബ്രോക്കറേജ് സ്ഥാപനം സ്ഥാപിക്കുന്നതിനുമുമ്പ് അദ്ദേഹം മൂന്നു വർഷം അവിടെ ജോലി ചെയ്തു. ഡയമണ്ട് ബ്രോക്കറായി ഒരു ജപ്പാൻകാരനിൽനിന്ന് അദാനി അക്കാലത്തെ പതിനായിരം രൂപ സമ്പാദിച്ചു. അന്നുണ്ടായ സന്തോഷത്തിന് അതിരില്ലെന്ന് പിൽക്കാലത്ത് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. വജ്ര വ്യാപാരത്തിലേക്ക് ഇറങ്ങണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ അതിനുള്ള വലിയ മുടക്കുമുതൽ വിഘാതമായി. അങ്ങനെ നിൽക്കുമ്പോൾ സ്വന്തം സഹോദരനാണ് അദ്ദേഹത്തിന് ആദ്യ ബ്രേക്ക് നൽകുന്നത്.
1981 ൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൻസുഖ്ഭായ് അദാനി അഹമ്മദാബാദിൽ ഒരു പ്ലാസ്റ്റിക് യൂണിറ്റ് വാങ്ങി. ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അയാൾ ഗൗതമിനെ ക്ഷണിച്ചു. പക്ഷേ അവിടെ ഗൗതം കളം മാറ്റി ചവിട്ടി. പ്ലാസ്റ്റിക്കിന്റെ സാധ്യതകൾ നന്നായി പഠിച്ച അദ്ദേഹം പോളി വിനൈൽ ക്ലോറൈഡ് (പിവിസി) ഇറക്കുമതിയിലേക്ക് മാറി. ആഗോള വ്യാപാരത്തിലേക്കുള്ള അദാനിയുടെ കവാടമായിരുന്നു ഇത്. പിവിസി ബിസിനസ് പെട്ടന്ന് വളർന്നു. 1985 ൽ ചെറുകിട വ്യവസായങ്ങൾക്കായി പ്രാഥമിക പോളിമറുകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങി. 1988ൽ അദാനി എക്‌സ്‌പോർട്ട്‌സ് ആൻഡ് ഇംപോർട്‌സ് എന്ന സ്ഥാപനം തുടങ്ങി. തൊണ്ണൂറുകളിൽ പിവിസി ഇറക്കുമതി ചെയ്യുമ്പോൾ അദാനി സാക്ഷാൽ റിലയൻസിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വിൽപന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.
പിന്നീട് അദ്ദേഹം തന്റെ ബിസിനസ്സ് വിഭവങ്ങൾ, ലോജിസ്റ്റിക്സ്, കൃഷി, പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവയിൽ വൈവിധ്യവത്കരിച്ചു.അപ്പോഴെക്കെ ഗുജറാത്തിൽ മാത്രം അറിയപ്പെടുന്ന ഒരു സംരംഭകൻ മാത്രമായിരുന്നു അദാനി. പക്ഷേ മന്മോഹൻസിങ്ങിന്റെ 91ലെ ഉദാരവത്ക്കരണം അദാനിയുടെ തലവരമാറ്റി. പിന്നെ മോദിക്കൊപ്പം വളർന്നു. ഒരുകാലത്ത് തരിശ്കിടന്നിരുന്നു മുന്ദ്ര തുറമുഖം ഏറ്റെടുത്ത് അയാൾ പൊന്ന് വിളിയിച്ചു. പണമെറിഞ്ഞ് പണം വാരി വളർന്നു. ഇപ്പോൾ മോദി പ്രധാനമന്ത്രിയായതോടെ യുഎസിനും, ഓസ്ട്രേലിയയിലും , ആഫ്രിക്കയിലുമൊക്കെ ബിസിനസ് ഉള്ള മൾട്ട് നാഷണൽ ടൈക്കുൺ ആയും അദാനി വളർന്നു. 20 വർഷം മുമ്പ് ആ പേരുപോലും ആരും കേട്ടിട്ടില്ല എന്നോർക്കണം. ഒന്നുമില്ലായ്മയിൽനിന്ന് വളർന്ന ധീരുബായ് അംബാനിക്ക് സമാനമായിരുന്നു, ഗൗതം അദാനിയുടെ ജീവിതം.
അദാനിയുടെ ഫാമിലി- ബിസിനസ് ട്രീ
ആഗോള ബ്രാൻഡായി വളരുമ്പോഴും അദാനി തന്റെ കുടുംബത്തെ മറന്നില്ല. എല്ലാം
കുടുംബാംഗങ്ങൾക്കും റോളും ഉത്തരവാദിത്തവും നൽകിയാണ് അദാനി തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്. പക്ഷേ തൻേറത് വെറും കുടുംബ ബിസിനിസ് മാത്രമല്ല, അവിടെ പ്രൊഫഷണലുകൾക്കും വലിയ സ്ഥാനമുണ്ടെന്ന് അയാൾ ഒരു അഭിമുഖത്തിൽ പറയുന്നു. ''എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായി തോന്നുന്ന കാര്യം സംരംഭകത്വം, കുടുംബം, പ്രൊഫഷണലുകൾ എന്നിവയുടെ ഒരു കൃത്യമായ ചേരുവയാണ് എപ്പോഴും മികച്ചതായിരിക്കുക എന്നാണ്. പക്ഷേ ഏത് തീരുമാനപ്രക്രിയയിൽ ഇടപെടണം അല്ലെങ്കിൽ ഇടപെടാതിരിക്കണം എന്നതിനെ കുറിച്ച് കുടുംബത്തിന് കൃത്യമായ ധാരണയും വേണം'- അദാനി പറയുന്നു.
അദാനി കുടുംബത്തിന് ഭരണഘടനയും ഫാമിലി ബിസിനസ് ഓഫീസുമുണ്ട്. ജൈനന്മാരുടെ പതിവ് ശൈലയിൽ ചമ്രം പടിഞ്ഞ് നിലത്തിരുന്ന് കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കണമെന്ന്വരെ ഈ ഭരണഘടനയിൽ പറയുന്നുണ്ടെന്ന്, സ്ഥിരീകരിക്കാത്ത വാർത്തകൾ ഉണ്ട്. കുടുംബാംഗങ്ങൾക്ക് മാത്രമായി മുബൈയിൽ അദാനി ഒരു ഓഫീസും തുറന്നിട്ടുണ്ട്. നിലവിൽ കുടുംബത്തിലെ ആദ്യത്തെയും രണ്ടാമത്തെയും തലമുറയാണ് ബിസിനസിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ''എല്ലാം കുടുംബാഗങ്ങൾക്കും അവരുടെ കഴിവുകൾ അനുസരിച്ച് അവസരങ്ങളും തുല്യതയും നൽകുക. ഒരു കൈയിലുള്ള അഞ്ച് വിരലുകൾ ഒരിക്കലും ഒരുപോലുള്ളതല്ലല്ലോ, പക്ഷേ, അവ കൂടി ചേരുമ്പോഴാണ് ശക്തി ലഭിക്കുക,'' ഗൗതം അദാനി അഭിപ്രായപ്പെടുന്നു. അദാനി ഗ്രൂപ്പിലെ പ്രമുഖർ ഇരാണ്.
1.രാജേഷ് അദാനി, എംഡി, അദാനി എന്റർപ്രൈസസ്
ഗൗതം അദാനിയുടെ ഇളയസഹോദരൻ. ഗ്രൂപ്പിന്റെ തുടക്കകാലം മുതൽ കൂടെയുണ്ട്. ഓപ്പറേഷൻസ് വിഭാഗത്തിന് നേതൃത്വം നൽകുന്നു. ബിസിനസ് ബന്ധങ്ങൾ വികസിപ്പിക്കുന്നതിന്റെ കാര്യത്തിലും ഉത്തരവാദിത്തം.
2. പ്രണവ് അദാനി, എംഡി, ആഗ്രോ, ഓയ്ൽ & ഗ്യാസ്
ഗൗതം അദാനിയുടെ അനന്തിരവൻ. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം. കൽക്കരി ഖനനം, ഇന്റഗ്രേറ്റഡ് കോൾ മാനേജ്‌മെന്റ്, അഗ്രി, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നിവയുടെ മേൽനോട്ടം.
3. കരൺ അദാനി, സി ഇ ഒ, അദാനി പോർട്‌സ് & അദാനി പോർട്‌സ് സെസ്
ഗൗതം അദാനിയുടെ മൂത്തമകൻ. യുഎസിലെ പ്രൂഡ്യു യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം. 2009 മുതൽ അദാനി പോർട്‌സുകളുടെ പ്രവർത്തനത്തിൽ സജീവം
4. സാഗർ അദാനി, എക്‌സിക്യൂട്ടിവ് ഡയറക്റ്റർ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്
രാജേഷ് അദാനിയുടെ മകൻ. ഗ്രൂപ്പിന്റെ റിന്യൂവബ്ൾ എനർജി വിഭാഗത്തിന് നേതൃത്വം നൽകുന്നു. യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ പഠനശേഷം 2015 മുതൽ അദാനി ഗ്രീൻ എനർജിയോടൊപ്പം പ്രവർത്തിക്കുന്നു.
5. ജീത് അദാനി, വൈസ് പ്രസിഡന്റ്, ഗ്രൂപ്പ് ഫിനാൻസ്
ഗൗതം അദാനിയുടെ ഇളയമകൻ. പെൻസിൽവാനിയ സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 2019ൽ ഗ്രൂപ്പ് സി എഫ് ഒയുടെ ഓഫീസുമായി ചേർന്ന് പ്രവർത്തനം. സ്ട്രാറ്റജിക് ഫിനാൻസ്, കാപ്പിറ്റൽ മാർക്കറ്റ് തുടങ്ങിയ നോക്കുന്നു. ഗ്രൂപ്പിലെ എല്ലാ ലിസ്റ്റഡ് കമ്പനികളൊടൊപ്പം പ്രവർത്തനം. ഒപ്പം എയർപോർട്‌സ് ബിസിനസ്, ഡിജിറ്റൽ ലാബ് എന്നിവയുടെയെല്ലാം കാര്യങ്ങളിലും ശ്രദ്ധ. ബിസിനസിൽ അദാനിയുടെ യഥാർഥ പിൻഗാമി ജീത് ആണെന്നാണ് പറയപ്പെടുന്നത്.
ഇതിനെല്ലാം പിന്നാലെ അദാനിയുടെ ഭാര്യ പ്രീതി അദാനിയും, ഭാര്യാ സഹോദരൻ സമീർ വോറയും ബിസിനസിൽ സജീവമായി ഇടപെടുന്നുണ്ട്. ഗൗതമിന്റെ ചേട്ടൻ വിനോദ് ശാന്തിലാൽ അദാനിയും ഇന്ന് മില്യണർ ആണ്. അയാൾ വളർന്നതും അനിയന്റെ തണലിലാണ്.
വിനോദ് അദാനി എന്ന ടൈക്കൂൺ
മമ്പൊക്കെ അദാനി എന്ന് പറഞ്ഞാൽ അത് ഗൗതം അദാനിമാത്രയിരുന്നു. പക്ഷേ ഇപ്പോൾ വിനോദ് അദാനിയുടെ പേരും അറിയപ്പെട്ടുകഴിഞ്ഞു. രാജ്യത്തിനകത്ത് ഗൗതം അദാനിയുടെ ചേട്ടൻ വിനോദ് അദാനി അത്ര പരിചിതനല്ല, എന്നാൽ പ്രവാസികൾക്കിടയിൽ സ്റ്റാർ ആണ് അദ്ദേഹം.
ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ വിനോദ് അദാനി 1,69,000 കോടി രൂപയുടെ ആസ്തിയുള്ള ഏറ്റവും ധനികനായ എൻആർഐയും, ആറാമത്തെ സമ്പന്നനായ ഇന്ത്യക്കാരനുമായി മാറിയെന്ന് ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 വ്യക്തമാക്കിയതോടെയാണ് ഈ പേരും സേർച്ചിൽ വരുന്നത്. ദുബായ്, സിംഗപ്പൂർ, ജക്കാർത്ത എന്നിവിടങ്ങളിലാണ് വിനോദ് ശാന്തിലാൽ അദാനി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്. ഒറ്റ വർഷം കൊണ്ട് വിനോദ് അദാനിയുടെ സമ്പത്തിലുണ്ടായ വർധന 28 ശതമാനം അല്ലെങ്കിൽ 37,400 കോടി രൂപയാണ്. ഇതോടെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.രണ്ട് അദാനി സഹോദരന്മാരുടെയും ആകെ സമ്പത്ത് 12,63,400 കോടി രൂപയായിരുന്നു. ഇത് 2022 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ പത്തു പേരുടെ മൊത്തം ആസ്തിയുടെ 40 ശതമാനത്തോളം വരും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായ വർധന 850 ശതമാനം അല്ലെങ്കിൽ 1,51,200 കോടി രൂപയാണെന്നു ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 പറയുന്നു. ഗൗതത്തിനൊത്ത ജ്യേഷ്ഠൻ തന്നെയാണ് വിനോദെന്നു സാരം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിനോദിന്റെ ആസ്തി 9.5 മടങ്ങ് വർധിച്ചപ്പോൾ, സഹോദരൻ ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായ വർധന 15.4 മടങ്ങാണെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് അനുസരിച്ച് പട്ടികയിൽ വിനോദ് അദാനി 2018- ൽ 49- ാം സ്ഥാനത്ത് ആയിരുന്നു. ഈ വർഷം അദ്ദേഹം അറാമതെത്തി. പ്രതിദിനം അദ്ദേഹം 102 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഗൗതമിന് മുമ്പേ തന്നെ ബിസിനസിൽ ഇറങ്ങിയ വ്യകത്താണ് വിനോദ്. 1976 ൽ മുംബൈയിലെ ഭിവണ്ടിയിൽ പവർ ലൂം ഉപയോഗിച്ചാണ് വിനോദ് ശാന്തിലാൽ അദാനി തന്റെ കരിയർ ആരംഭിച്ചത്. തുടർന്നു സിംഗപ്പൂരിൽ ഒരു ഓഫീസ് തുറന്ന് രാജ്യാന്തര വിപണിയിൽ ചരക്ക് പോർട്‌ഫോളിയോയുടെ ബിസിനസ് വിപുലീകരിച്ചു. ബിസിനസിന്റെ ഭാഗമായി താമസം വിദേശത്തേയ്ക്കു മാറ്റി. നിലവിൽ ദുബായിലാണ്. ഇന്ന് പ്രധാനമായും പഞ്ചസാര, എണ്ണ, അലുമിനിയം, ചെമ്പ്, ഇരുമ്പ് എന്നിവയുടെ ബിസിനസ് കൈകാര്യം ചെയ്യുന്നു.
ഗൗതം അദാനിയുടെ ബിനാമിയാണ് വിനോദ് എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പക്ഷേ ഇത് ശരിയല്ലെന്നും വിനോദിന് സ്വന്തമായ ബിസിനസുകൾ ആണുള്ളതെന്നും ഇക്കണോമിക്ക് ടൈംസിൽ വന്ന ഒരു ലേഖനം പറയുന്നു. പക്ഷേ എന്തൊക്കെപ്പറഞ്ഞാലും ഗൗതം അദാനി വളരാൻ തുടങ്ങിയതോടെയാണ് വിനോദും ഇന്ത്യവിട്ട് പുറത്തേക്ക് വളർന്നത്. അയാളുടെ ഏറ്റവും വലിയ മൂലധനം പേരിന് പിറകിലുള്ള ആ കുടുംബപേര് തന്നെയാണ്! അധികം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാതെ ഒരുമാതിരി രഹസ്യ ജീവിതമാണ് വിനോദ് അദാനി നയിക്കുന്നത്. ഇതിലെ ദൂരൂഹതകളും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്.
സഹോദരങ്ങൾ ബിനാമികളോ?
വിനോദ് അദാനി അടക്കമുള്ള സഹോദരങ്ങളുടെയാണ് അദാനിയുടെ ഷെൽ കമ്പികൾ എന്ന് ഹിൻഡൻ ബർഗ് ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ, നികുതിദായകരുടെ പണം തട്ടിയെടുക്കൽ, അഴിമതി എന്നീ നാല് മേഖലകളിലായി 1,38,000 കോടി രൂപ(17 ബില്യൺ ഡോളർ)യുടെ ഇടപാട് നടന്നതായുള്ള ആരോപണം നേരത്തെ അദാനി ഗ്രൂപ്പുനുനേരെ ഉണ്ടായിരുന്നു. നികുതി വെട്ടിപ്പിന്റെ ഭാഗമായി കരീബിയൻ ദ്വീപുകൾ, മൗറീഷ്യസ്, യുഎഇ എന്നി രാജ്യങ്ങളിൽ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഷെൽ കമ്പനികളുണ്ടാക്കി. വ്യാജ ഇറക്കുമതി, കയറ്റുമതി രേഖകളുണ്ടാക്കി രാജ്യത്തെ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ കൃത്രിമം കാണിക്കാനും നികുതിവെട്ടിക്കാനും ഷെൽ കമ്പനികളെ ഉപയോഗിച്ചുവെന്നും ഹിൻഡൻ ബർഗ് ചൂണ്ടിക്കാട്ടുന്നു.
2004-2005 കാലയളവിൽ ഡയമണ്ട് ഇറക്കുമതിക്ക് ഗൗതം അദാനിയുടെ സഹോദരനായ രാജേഷ് അദാനി നേതൃത്വം നൽകിയിരുന്നതായി ഡിആർഐ ആരോപിച്ചിരുന്നു. വ്യാജരേഖ ചമയ്ക്കൽ, നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി രണ്ടുതവണ രാജേഷിനെ അറസ്റ്റു ചെയ്തു. ഇതിനുശേഷമാണ് രാജേഷ് അദാനി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാകുന്നത്.
ഗൗതം അദാനിയുടെ ഭാര്യാ സഹോദരൻ സമീർ വോറയും വജ്ര വ്യാപാര അഴിമതിയിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ടെന്ന് ഡിആർഐ നേരത്തെതന്നെ ആരോപിച്ചിരുന്നു. അതിനുശേഷമാണ് അദാനിയുടെ ഓസ്‌ട്രേലിയ ഡിവിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം നിയമിതനാകുന്നത്. ഇതെല്ലാം ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ട്.
ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയെ 'പിടികിട്ടാത്ത വ്യക്തിത്വ'മായാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിട്ടുള്ളത്. തട്ടിപ്പ് സുഗമമായി നടത്താൻ ഉപയോഗിച്ചിരുന്ന ഓഫ്‌ഷോർ കമ്പനികളുടെ ശൃംഖല കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മൗറീഷ്യസിലെ കോർപറേറ്റ് രേഖകൾ പരിശോധിച്ചും അതിൽ ഗവേഷണം നടത്തിയുമാണ് വിനോദ് അദാനിയുടെ ഇടപാടുകൾ കണ്ടെത്തിയതെന്ന് ഹിൻഡെൻബെർഗ് വിശദീകരിക്കുന്നു.
വിനോദ് അദാനിയുടെയോ കൂട്ടാളികളുടെയോ നിയന്ത്രണത്തിൽ മൗറീഷ്യസിലുള്ള 38 ഷെൽ കമ്പനികൾ കണ്ടെത്താനായി. സൈപ്രസ്, യുഎഇ, സിംഗപുർ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ വിനോദ് അദാനി രഹസ്യമായി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുണ്ട്.വിനോദ് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തന വിവരങ്ങൾ ലഭ്യമല്ല. ജീവനക്കാരുണ്ടോയെന്നുപോലും അറിയില്ല. സ്ഥാപനങ്ങൾക്ക് വിലാസമോ ഫോൺ നമ്പറുകളോ ഓൺലൈൻ സാന്നിധ്യമോ ഇല്ല. എന്നിരുന്നാലും ബില്യൺ കണക്കിന് ഡോളറിന്റെ ഇടപാടുകൾ ഇന്ത്യയിലെ അദാനി കമ്പനികളുമായുണ്ടായി. ഇടപാടുകളുടെ അനുബന്ധ രേഖകളൊന്നുമില്ലാതെതന്നെ.
വിവരാവകാശ നിയമപ്രകാരം സെബിക്ക് ലഭിച്ച അപേക്ഷകളിൽ ഒന്നര വർഷമായി അന്വേഷണം നടന്നുവരികയാണെന്നും അറിയാൻ കഴിഞ്ഞു. മാധ്യമങ്ങളും എംപിമാരും ഇതുസംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു.അദാനി ഓഹരികളിൽ മൂന്ന് ബില്യൺ ഡോളറിലേറെ നിക്ഷേപമുള്ള വിദേശ നിക്ഷേപ സ്ഥാപനമായ എലോറയുടെ വെളിപ്പെടുത്തലുകളും ഹിൻഡൻബെർഗ് എടുത്തുകാണിക്കുന്നു. ഉടമസ്ഥാവകാശം മറച്ചുവെയ്ക്കാൻ ഫണ്ടുകൾ ബോധപൂർവം വിന്യസിച്ചതായി എലോറ വെളിപ്പെടുത്തുന്നു. ഇങ്ങനെ നോക്കുമ്പോൾ അദാനിയുടെ ക്രമക്കേട് കുടുംബ ബിസിനസിലുടെ മൂടിവെച്ചിരിക്കയാണെന്ന് വ്യക്തമാവും.
അദാനിക്കുശേഷം ആര്?
ഇപ്പോൾ ഹിൻഡൻ ബർഗിന്റെ റിപ്പോർട്ട് വന്നതിനെ തുടർന്ന് മൊത്തം ശതകോടികളുടെ നഷ്ടമാണ് ഓഹരി വിലകൾ ഇടിഞ്ഞ് അദാനിക്ക് ഉണ്ടായത്. പക്ഷേ ഇതുസംബന്ധിച്ച ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളിക്കളയുന്നു. നിക്ഷേപകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനും അവരുടെ താൽപര്യത്തെ ഹനിക്കാനും ലക്ഷ്യമിട്ട് വിദേശ സ്ഥാപനം നടത്തിയ ബോധപൂർവമായ ശ്രമമാണിതെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിങ് വ്യക്തമാക്കി. അദാനി എന്റർ പ്രൈസസിന്റെ ഓഹരി വിൽപന അട്ടിമറിക്കാനുള്ള ശ്രമം ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
വിശദമായ റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡെൻബർഗിനെതിരെ നിയമ നടപടി എടെുക്കുമെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട്. ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിച്ചാലും അതിനെ സ്വാഗതം ചെയ്യുന്നതായി ഹിൻഡെൻബെർഗും മറുപടി നൽകി. അദാനി ഗൗരവമായാണ് നിയമനടപടിയെക്കുറിച്ച് പറയുന്നതെങ്കിൽ ഞങ്ങളുടെ പ്രവർത്തന മേഖലയായ യുഎസിലും കേസ് ഫയൽ ചെയ്യണമെന്നും കൃത്യമായ രേഖകൾ കൈവശമുണ്ടെന്നും ഹിൻഡെൻബെർഗ് വെല്ലുവിളിക്കുന്നു. പക്ഷേ അദാനി പറയുന്നത് തങ്ങൾ ഇത്തരം കളികൾ കണ്ടിട്ട് കാലം കുറേ ആയി എന്നാണ്. 16ാം വയസ്സിൽ തുടങ്ങിയ അദാനിയുടെ അധ്വാനമാണ് ഈ രീതിയിൽ കതിരെടുത്ത് നിൽക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് അത്ര എളുപ്പത്തിലൊന്നും അദാനിയെ തകർക്കാനാവില്ല.
അദാനി കുടുംബം ഒറ്റക്കെട്ടായാണ് ആരോപണങ്ങൾ നേരിടുന്നത്. ഇന്ത്യയുടെ ബിസിനിസ് കുടുംബങ്ങളുടെ ശാപമാണ് ആഭ്യന്തരമായ ശൈഥല്യങ്ങളും പരസ്പര മത്സരവും. മകേഷ്-അനിൽ അംബാനിമാർ പരസ്പരം പോരടിച്ച് ഒടുവിൽ അനിൽ പാപ്പാരായ അനുഭവം നാ കണ്ടു. വിൽപ്പത്രം എഴുതുന്നതിന് മുമ്പ് ധീരുബായി മരിച്ചുപോയതിന്റെ ദുരന്തം റിലയൻസ് ഇന്നും അനുഭവിക്കുന്നു. എന്നാൽ അദാനി കുടുംബത്തിൽ സമാനമായ ഒരു അവസ്ഥ ഇവിടെയില്ല. ഗൗതം അദാനിക്ക് ഇപ്പോൾ 63 വയസായിട്ടേയുള്ളൂ. ഇനിയും വർഷങ്ങൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഒരു പിൻഗാമിയെ പ്രഖാപിക്കേണ്ട കാര്യം തൽക്കാലം ഇല്ല. ഇപ്പോൾ എന്തിനും ഏതിനും അവസാന വാക്ക് ഗൗതം അദാനി തന്നെയാണ്.
പക്ഷേ കുടുംബത്തിൽ അസ്വാരസ്യങ്ങൾ തീരെയില്ല എന്ന് പറയുന്നതും ശരിയല്ലെന്നാണ് ഗുജറാത്ത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കാരണം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ സഹോദരൻ സമീർ വോറ ശക്തനായി വരുന്നതിൽ മറ്റ് സഹോദരന്മാർക്കും മക്കൾക്കും അതൃപ്തിയുണ്ട്. അദാനിയുടെ ഏറ്റവും വിശ്വസ്തനായ ഇളയ സഹോദരൻ രാജേഷിനും ഇതിൽ അതൃപ്തിയുണ്ടെത്ര. അതുകൊണ്ടുതന്നെ ഗൗതം അദാനിയുടെ കാലശേഷം ഈ ബിസിനസ് കുടുംബത്തിൽ വലിയ വിള്ളലുകൾ ഉണ്ടാവാനും സാധ്യത ഏറെയാണ്.
പക്ഷേ അത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്, തന്റെ നൂറായിരം വരുന്ന പ്രൊജക്റ്റുകളിൽ ഓരോന്നും ആരൊക്കെ നയിക്കണം എന്ന് വേറെ െേവറ അദാനി എഴുതിവെച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കുടുംബത്തിന് ഒരു ഭരണഘടനപോലും കൊണ്ടുവന്നത് അതിന്റെ അടിസ്ഥാനത്തിലാണെന്നും പറയുന്നു.
വാൽക്കഷ്ണം: അദാനി തകരുകയാണെങ്കിൽ അത് ഇന്ത്യക്കും വൻ തിരിച്ചടിയായിരിക്കും. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളരുന്ന ഈ നാടിന് എടുത്തുകാണിക്കാൻ കഴിയുന്ന ലോകോത്തര ബ്രാൻഡ് ആണ് അദാനി. മാത്രമല്ല. ഗൗതം അദാനിക്ക് 60 വയസ്സ് തികയുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 60,000 കോടി രൂപയാണ് ജീവകാരുണ്യത്തിനും സാമൂഹിക ക്ഷേമത്തിനും നീക്കിവെച്ചത്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചാരിറ്റി നടത്തുന്ന ഗ്രൂപ്പും അദാനി തന്നെയാണ്. നേരത്തെ ടാറ്റയെപ്പോലെ നാഷണൽ ബിൽഡിങ്ങിൽ ശ്രദ്ധിക്കുന്നില്ല എന്ന പരാതി വന്നതോയൊണ് അദാനി മുഖം മിനുക്കിയത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ