- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയില്‍ പത്തു തലയുള്ള രാവണന്‍; വക്കീല്‍ വേഷം അഴിച്ചാല്‍ പിന്നെ സ്വാതികനും മൃദുഭാഷിയും അല്‍പ്പം ലജ്ജാലുവും; പോളക്കുളത്തില്‍ കത്തികയറി; ടിപി കേസില്‍ ആര്‍ത്തവ വാദവുമായി സിപിഎമ്മിന്റെ മാനം കാത്തു; ചാനല്‍ അഭിമുഖ ബുദ്ധി ഫ്രാങ്കോയ്ക്കും തുണയായി; കാവ്യയുടെ ആദ്യ ഭര്‍ത്താവിന്റെ വക്കീല്‍ രണ്ടാം ഭര്‍ത്താവിനെ രക്ഷിച്ചു! ഇത് മള്ളൂര്‍ രണ്ടാമന്; ദിലീപിന്റെ മുഖത്ത് വീണ്ടും ചിരിയെത്തിച്ച അഡ്വ ബി രാമന്‍പിള്ളയുടെ കഥ
കൊച്ചി: വര്‍ഷങ്ങളായി കേരളം ഉറ്റുനോക്കിയിരുന്ന കേസില്‍ വിധിവരുമ്പോള്‍ അത് ദിലീപിന് ആശ്വാസമെങ്കില്‍ രാമന്‍പിള്ളയുടെ അഭിഭാഷക ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ലാണ് ഈ കേസ്. പ്രോസിക്യൂഷന്‍ തെളിവുകള്‍ പൊളിക്കാനും പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതിയില്‍ ശക്തമായി അവതരിപ്പിക്കാനും രാമന്‍ പിള്ള നേരിട്ടു തന്നെ വിചാരണ വേളയിലുടനീളം ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായി. സാക്ഷിമൊഴികള്‍ പൊളിച്ചടുക്കാന്‍ ക്രോസ് വിസ്താരത്തില്‍ രാമന്‍ പിള്ളയുടെ കൂര്‍മ ബുദ്ധി പല തവണ പ്രയോഗിച്ചു. വിചാരണ കോടതി മുതല്‍ സുപ്രിം കോടതി വരെ ദിലീപിന് വേണ്ടി നിരവധി ഹര്‍ജികളും , തടസ ഹര്‍ജികളും രാമന്‍ പിള്ള അസോസിയേറ്റ്‌സ് നിരവധി തവണ ഫയല്‍ ചെയ്തു.
ആദ്യഘട്ടത്തില്‍ കെ രാംകുമാറിനെ ഏല്‍പ്പിച്ച കേസ് രാമന്‍ പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസത്തെ ജയിലില്‍ കഴിഞ്ഞ ദിലീപിന് ജാമ്യം പോലും കിട്ടിയത്. ദിലീപിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാമന്‍പിളള ഉയര്‍ത്തിയ വാദങ്ങള്‍ എല്ലാം ഫലം കണ്ടു. മള്ളൂര്‍ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നും, കോടതിയില്‍ മള്ളൂര്‍ വാദിച്ചാല്‍ പുഷ്പം പോലെ ഇറങ്ങിവരാമെന്നുമുള്ള മള്ളൂര്‍ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷകന്റെ പുതു പതിപ്പാണ് കെ രാമന്‍പിള്ള. ജാമ്യം ലഭിക്കാതെ തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞതോടെയാണ് 2017 ഓഗസ്റ്റ് നാലിന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായത്. ദിലീപ് ജയില്‍ മോചിതനായത് ഇതിന് ശേഷമാണ്. ഇപ്പോള്‍ കേസ് വിചാരണയിലും രാമന്‍പിള്ള താരമായി. വിചാരണ മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോകാനുള്ള ഇടപെടലുകളെന്ന് വിമര്‍ശനവും രാമന്‍ പിള്ളക്കെതിരെ ഉയര്‍ന്നു. ഒടുവില്‍ കേസില്‍ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് രാമന്‍ പിള്ള തന്നെ പ്രതിയാകുമെന്ന ഘട്ടമെത്തി. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളിലെ തെളിവുകള്‍ രാമന്‍ പിള്ളയും കൂട്ടരും സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്റെ സാന്നിധ്യത്തില്‍ നശിപ്പിച്ചെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആരോപണം. പക്ഷേ അതൊന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ദിലീപിനെതിരായ ഗൂഡാലോചന കേസ് പൊളിഞ്ഞു.
ആയിരം രൂപയും മള്ളൂര്‍ വക്കീലുമുണ്ടങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന് പണ്ടൊരു ചൊല്ലുണ്ടായിരുന്നു. മള്ളൂര്‍ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷകന്‍ വാദിച്ചാല്‍ ഏത് കേസില്‍ നിന്നും പുഷ്പംപോലെ രക്ഷപ്പെടാമെന്നായിരുന്നു ഒരു കാലത്ത് ജനം വിശ്വസിച്ചിരുന്നത്. കോടതിയില്‍ വെടിയുണ്ട വിഴുങ്ങി പ്രതിയെ രക്ഷിച്ചത് അടക്കമുള്ള മുള്ളൂര്‍ കഥകള്‍ ശരിയായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള കേസ് ഹിസ്റ്ററി നോക്കിയാല്‍ വിജയകഥകള്‍ തന്നെയാണ് ഏറെയും. അതുകൊണ്ടായിരിക്കണം, ആയിരം രൂപയും മള്ളൂര്‍ വക്കീലുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നത് ഒരു ചൊല്ലുപോലെ ആയത്. പക്ഷേ മള്ളൂര്‍ വക്കീലൊക്കെ പ്രാകീടീസ് ചെയ്തത് 1904 മുതലുള്ള കാലമായിരുന്നു. അന്ന് കേരളത്തില്‍ നല്ല ക്രിമിനല്‍ അഭിഭാഷകര്‍ പോലും കുറവായിരുന്നു. കേസുകള്‍ക്ക് മാധ്യമ ശ്രദ്ധയും ഉണ്ടായിരുന്നില്ല. പക്ഷേ ഇക്കാലത്ത് ഈ ചൊല്ല് 'ലക്ഷങ്ങളും രാമന്‍പിള്ള വക്കീലും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം' എന്ന രീതിയില്‍ മാറിയിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ടിപി വധക്കേസില്‍ സിപിഎം നേതാക്കളെ രക്ഷിച്ചെടുത്ത രാമന്‍പിള്ള, എല്ലാവരും ശിക്ഷ കിട്ടുമെന്ന് കരുതിയിരുന്നു ബിഷ്പ്പ് ഫ്രാങ്കോമുളയ്ക്കനെ ഊരിയെടുത്തതോടെ നിയമവൃത്തങ്ങളെയും അമ്പരപ്പിച്ചു. ഇപ്പോള്‍ നടന്‍ ദിലീപിനും ആശ്വാസം. ഇതോടെ രാമന്‍പിള്ള വക്കീലിന് ശരിക്കും ഒരു അമാനുഷിക പ്രതിഛായായാണ് ഉണ്ടായിരിക്കുന്നത്. ആധുനിക കാലത്തെ മള്ളൂര്‍ വക്കീല്‍ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്.
എന്നാല്‍ സരസനും കവിയും പ്രഭാഷകനുമൊക്കെയായ മള്ളൂര്‍ ഗോവിന്ദപ്പിള്ളയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് വ്യക്തി ജീവിതത്തില്‍ രാമന്‍പിള്ള. മാധ്യമങ്ങളോട് അധികം സമ്പര്‍ക്കം പുലര്‍ത്താത്ത അദ്ദേഹത്തിന്റെ, ഒരു ബയോഡാറ്റ പോലും പബ്ലിക്ക് ഡൊമൈനില്‍ കിട്ടാനില്ല. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയ ദിവസം പോലുള്ള അപൂര്‍വ സന്ദര്‍ഭങ്ങളിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക. അതും ഏതാനും മിനിട്ടുകള്‍ മാത്രം. കോടതി ഹിയറിങ്ങും, കേസ് പഠനവും, ചര്‍ച്ചയുമായി ദിവസവും 18 മണിക്കൂര്‍ ജോലിചെയ്യുകയാണ്. ഈ കഠിനാധ്വാനവും അര്‍പ്പണബോധവും തന്നെയാണ് രാമന്‍പിള്ളയെ മറ്റ് അഭിഭാഷകരില്‍നിന്ന് വ്യത്യസ്തനാക്കുന്നതും.
ബ്രേക്ക് നല്‍കിയത് പോളക്കുളം കേസ്
അഭിഭാഷകവൃത്തിയുമായി പറയത്തക്ക ബന്ധമൊന്നുമില്ലാത്ത കുടംബത്തിലാണ് രാമന്‍പിള്ള ജനിക്കുന്നത്. മാവേലിക്കരയിലെ ചെട്ടികുളങ്ങര ഗ്രാമത്തിലാണ് ബാല്യം. കര്‍ഷകനായ പിതാവ് എസ് മാധവന്‍പിള്ളയുടെ ആഗ്രഹമായിരുന്നു മകനെ ഒരു വലിയ വക്കീലായി കാണണം എന്നത്. അമ്മ എ അംബിക ഡിഇഒ ആയിട്ടാണ് റിട്ടയര്‍ ചെയ്തത്. അവര്‍ക്ക് മകനെ ഉദ്യോഗസ്ഥന്‍ ആക്കാനായിരുന്നു താല്‍പ്പര്യം. മാവേലിക്കര ഗവണ്‍മെന്റ് ഹൈസ്‌ക്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പന്തളം എന്‍.എസ്.എസ് കോളജില്‍ നിന്ന് പ്രീഡിഗ്രിയും, തുടര്‍ന്ന് ബിരുദവും നേടി. 1972ലാണ് അദ്ദേഹം എറണാകുളം ലോ കോളജില്‍നിന്ന് പാസാകുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ എന്റോള്‍ ചെയ്ത് പ്രാക്റ്റീസ് ചെയ്യാന്‍ തുടങ്ങി.
പ്രഗല്‍ഭനായ ക്രിമിനല്‍ അഭിഭാഷകന്‍ എം.എന്‍ സുകുമാരന്‍ നായരുടെ ജൂനിയര്‍ ആയിട്ടാണ് ആ യുവാവ് പ്രാക്ടീസ് തുടങ്ങിയത്. എറണാകുളം മുല്ലശ്ശേരി കനാല്‍ റോഡിലെ ചെറിയൊരു ഓഫീസിലായിരുന്നു തുടക്കം. തന്നെ മോള്‍ഡ് ചെയ്ത് എടുത്തത്, എം.എന്‍ സുകുമാരന്‍ നായര്‍ ആണെന്ന് രാമന്‍പിള്ള പറയാറുണ്ട്. മറ്റുള്ളവരെപ്പോലെ ജൂനിയേഴ്‌സിനെ തളച്ചിടമെന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നില്ല സുകുമാരന്‍ നായര്‍. രാമന്‍പിള്ളയുടെ കഴിവും താല്‍പ്പര്യവും അര്‍പ്പണ മനോഭാവവും കണ്ട് പരമാവധി അവസരങ്ങള്‍ അദ്ദേഹം നല്‍കി. രാമന്‍പിള്ള ആദ്യമായി ഒരു കേസ് ജയിച്ചത് സിവില്‍ കേസ് ആയിരുന്നു. പക്ഷേ പില്‍ക്കാലത്ത് അദ്ദേഹം ക്രിമിനല്‍ കേസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കാസര്‍കോട്മുതല്‍ തിരുവനന്തപുരം വരെയുള്ള വിചാരണക്കോടതിയില്‍ പോയി കേസ് നടത്തിയ ആ കാലമാണ്, രാമന്‍പിള്ളയെ തൊഴിലിന്റെ മര്‍മ്മം പഠിപ്പിച്ചത്. പ്രധാന കേസുകളില്‍പോലും സാക്ഷി വിസ്താരമൊക്കെ രാമന്‍പിള്ളയെ എല്‍പ്പിച്ച്, ഫൈനല്‍ ഹിയറിങ്ങിന് എത്തുക എന്നതായിരുന്നു പല കേസുകളിലും എം.എന്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ചിരുന്നത്.
അങ്ങനെയാണ് പില്‍ക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് എന്ന ചലച്ചിത്രത്തിന് നിമിത്തമായ പോളക്കുളം കേസില്‍, രാമന്‍പിള്ളക്ക് ഹാജരാവാന്‍ കഴിയുന്നത്. ഇതിലെ വാദങ്ങളിലൂടെയാണ് പൊതുസമൂഹം അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. വൈകാതെ അദ്ദേഹം സ്വതന്ത്ര അഭിഭാഷകനായി. ആദ്യമായി കേസ് ഹൈക്കോടതിയില്‍ വിജയിച്ചപ്പോള്‍ അദ്ദേഹം തന്റെ പിതാവിനെ പോയി കണ്ട് വിവരം അറിയിക്കുകയും ആശീര്‍വാദം വാങ്ങുകയും ചെയ്്തിരുന്നു. ഒരു അഭിഭാഷകന്‍ ആവുകയെന്നത് ശ്രമകരമായ ജോലിയാണെന്നും, അതിനായി കഠിനമായി യത്‌നിക്കണമെന്നും രാമന്‍പിള്ളയെ ഉപദേശിച്ചിരുന്നത് കര്‍ഷകനായ അച്ഛനായിരുന്നു. പിന്നീടങ്ങോട്ട് രാമന്‍പിള്ള യുഗം തുടങ്ങുകയായി. വിചാരണക്കോടതികളിലാണ് അദ്ദേഹം തന്റെ പ്രാഗല്‍ഭ്യം ഏറെ തെളിയിച്ചത്. ഹൈക്കോടതിയിലും സിബിഐ കോടതിയിലുമായി അഭയകേസ്, ചേകന്നൂര്‍ കേസ് അടക്കമുള്ള ഒട്ടനവധി കേസുകള്‍ അദ്ദേഹത്തിന്റെ കൈയിലൂടെ കടന്നുപോയി. ടി ജനാര്‍ദ്ദനക്കുറുപ്പ്, എം.കെ ദാമോദരന്‍, ടി.വി പ്രഭാകരന്‍ തുടങ്ങിയ അന്നത്തെ പ്രമുഖരായ അഭിഭാഷകര്‍ക്ക് ഒപ്പം രാമന്‍പിള്ളയും തന്‍േറതായ ഒരു ഇടം ഉണ്ടാക്കി.
രാമന്‍പിള്ളയുടെ ക്രോസ് വിസ്താരവും ഏറെ ശ്രദ്ധേയമായിരുന്നു. ഉച്ചത്തില്‍ സംസാരിച്ച് ബഹളം ഉണ്ടാക്കുന്ന രീതിയല്ല അദ്ദേഹത്തിന്റെത്. സാക്ഷിയെ കണ്ണൂരുട്ടി പേടിപ്പിക്കാതെ തീര്‍ത്തും ശാന്തനായി, ലക്ഷ്യവേധിയായ ചോദ്യമാണ് ചോദിക്കുക. തുടക്കത്തില്‍ തന്നെ ഒരു മാനസിക മേധാവിത്വം നേടിയെടുത്താണ് അദ്ദേഹത്തിന്റെ ക്രോസിങ്ങ്. സൈലന്റ് ടോര്‍ച്ചറിങ്ങ് എന്നാണ് ഇതിനെ പലരും പറയുന്നത്. കേസ് പഠിപ്പിച്ചുവിട്ട വ്യാജ സാക്ഷികളൊക്കെ അതോടെ ആവിയാവും. അതുപോലെ തന്നെ കേസ് എത് അറ്റംവരെ പോയി പഠിക്കുക അദ്ദേഹത്തിന്റെ ഒരു രീതിയാണെന്ന് കൂടെ ജോലി ചെയ്തവര്‍ പറയുന്നു. ഒരു കേസ് കിട്ടിയാല്‍ അതിന്റെ സമാനമായ കേസുകളും വിധികളുമൊക്കെ പഠിച്ചാണ് അദ്ദേഹം ഡിഫന്‍സ് തയ്യാറാക്കുക. അതുപോലെ തന്നെ പ്രോസിക്യൂഷന്‍ വാദങ്ങളില്‍ എവിടെയെങ്കിലും ലൂപ്പ് ഹോളുകള്‍ ഉണ്ടാവും. ചിലപ്പോള്‍ ഒന്നോ രണ്ടോ തെളിവുകള്‍ ഫ്രെയിം ചെയ്തതാവും. സൂക്ഷമായ പഠനത്തിലൂടെ രാമന്‍പിള്ള അത് കണ്ടെത്തും. ഒരു തെളിവ് പൊട്ടിച്ചാല്‍ മതി ചങ്ങലപോലെ മറ്റുള്ളവയും പൊട്ടും. അതാണ് രാമന്‍പിള്ളയുടെ രീതിയെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
ടിപി കേസിലെ ആര്‍ത്തവവാദം
സിപിഎമ്മിനെ സംബദ്ധിച്ചിടത്തോളം പ്രസ്റ്റീജ് കേസുകളില്‍ ഒന്നായിരുന്നു ടിപി ചന്ദ്രശേഖരന്‍ വധക്കേസ്. ഈ കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായത് രാമന്‍പിള്ളയാണ്. ഒരു ബെന്‍സ്‌കാറില്‍ എറണാകളുത്ത് നിന്ന് കോഴിക്കോട് എത്തി, വിചാരണ കഴിഞ്ഞ് മാധ്യമങ്ങളുമായി ഒന്നും സംസാരിക്കാതെ നേരെ ഹോട്ടലിലേക്ക് പോവുകയായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്ന്, ഈ കേസ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. പി. മോഹനനെ രക്ഷിച്ച് എടുക്കണം എന്നതായിരുന്നു കേസില്‍ സിപിഎമ്മിന്റെ എറ്റവും വലിയ ആവശ്യം. രാമന്‍പിള്ളയിലൂടെ അത് സാധിച്ചു.
രാമന്‍പിള്ളയുടെ ബ്രില്ല്യന്‍സ് ബോധ്യപ്പെട്ട കേസായിരുന്നു അത്. പി.മോഹനന്‍ അടക്കമുള്ള പ്രതികളെ കേസുമായി ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഇറക്കിയ തുറുപ്പ് ചീട്ട് ഓര്‍ക്കാട്ടേരി പൂക്കടയിലെ ഗൂഢാലോചനയായിരുന്നു. ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ 14ാംപ്രതി പി.മോഹനനും കൂട്ടുപ്രതികളായ സി.എച്ച്. അശോകനും കെ.കെ. കൃഷ്ണനും കെ.സി.രാമചന്ദ്രനും ചേര്‍ന്ന് 30ാം പ്രതി പടയങ്കണ്ടി രവീന്ദ്രന്റെ ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ 2012 ഏപ്രില്‍ രണ്ടിനു ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ആ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ പ്രതികളുണ്ടായിരുന്നെന്നു സ്ഥാപിക്കാന്‍ മൊബൈല്‍ രേഖകളും ഗൂഢാലോചന നടക്കുന്നതു കണ്ടെന്ന പേരില്‍ ഒരു സാക്ഷിയേയും പ്രോസിക്യൂഷന്‍ ഹാജരാക്കി. ടിപിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കിയതായി വെള്ളികുളങ്ങര പാല്‍ സൊസൈറ്റിയില്‍ പ്ലാന്റ് ഓപ്പറേറ്ററായ 126ാം സാക്ഷി സുരേഷ് ബാബു കോടതിയില്‍ മൊഴി നല്‍കി.
രാമന്‍പിള്ള തന്റെ വാദങ്ങളുമായി എണീറ്റു. ''കുറ്റകൃത്യം നടന്ന സ്ഥലത്തെ ടവര്‍ ലൊക്കേഷനു കീഴില്‍ എന്റെ കക്ഷികള്‍ വന്നാല്‍ അവര്‍ എങ്ങനെ ഗൂഢാലോചനയില്‍ പങ്കാളിയാകും? ''- രാമന്‍ പിള്ള ചോദിച്ചു. പിന്നീട് അദ്ദേഹം അനുബന്ധമായി ചില കാര്യങ്ങള്‍ വിവരിച്ചു. കോഴിക്കോടു നടന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ദീപശിഖാ പ്രയാണങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. പൂക്കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ദീപശിഖാപ്രയാണം നടന്ന ദിവസമാണു ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. എന്റെ കക്ഷികള്‍ പൂക്കടയില്‍നിന്ന് അല്‍പം അകലെയുള്ള ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാനെത്തിയതാണ്. അതിനാല്‍ ആ ടവര്‍ ലൊക്കേഷനു കീഴിലെത്തി. ഇതിലെന്താണു പ്രശ്നം? - രാമന്‍പിള്ള ചോദിച്ചു.
ചടങ്ങില്‍ പി. മോഹനന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. കണ്ണൂക്കര ഗീത സ്റ്റുഡിയോ ഉടമ പി.എം. ഭാസ്‌കരന്‍ എടുത്ത ഫോട്ടോകള്‍ കോടതിയില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ പ്രധാനമായിരുന്നു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് പി.മോഹനനു ദീപശിഖ കൈമാറുന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിയുടെ വാച്ചിലെ സമയം. അത് 3.35 ആണ് കാണിച്ചത്. പൂക്കടയില്‍ ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന സമയത്തോട് അടുത്ത സമയത്താണു ചിത്രം എടുത്തിരിക്കുന്നത്. ആ സമയത്ത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ എങ്ങനെ ഗൂഢാലോചനയില്‍ പങ്കെടുക്കും? - രാമന്‍പിള്ള വാദിച്ചു. പ്രോസിക്യൂഷന്റെ എല്ലാ തെളിവുകളും ഒറ്റയടിക്ക് തകര്‍ന്നുവീണു. വാദങ്ങള്‍ക്കൊടുവില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ അംഗീകരിക്കാതെ കോടതി നിക്ഷ്പക്ഷത പാലിച്ചു. പല സിപിഎം നേതാക്കളെയും കേസില്‍നിന്ന് രക്ഷിച്ചത് ഈ വാദമാണെന്നു നിയമവിദഗ്ദ്ധര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നു. കെ.സി. രാമചന്ദ്രനെ മാത്രമാണു കോടതി ശിക്ഷിച്ചത്.
ക്രിമിനല്‍ കേസുകളില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രയാസമാണ്. തെളിവുകള്‍ ഉണ്ടാകാറില്ലെന്നതാണു കാരണം. അങ്ങനെ വരുമ്പോള്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള ആധുനികമാര്‍ഗങ്ങളാകും പൊലീസും പ്രോസിക്യൂഷനും സ്വീകരിക്കുക. പ്രതി ആ ടവര്‍ ലൊക്കേഷനു കീഴില്‍ ഉണ്ടായിരുന്നെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുമ്പോള്‍, തന്റെ കക്ഷി ആ സമയം മറ്റൊരിടത്തായിരുന്നു എന്നു തെളിയിക്കാനാകും പ്രതിഭാഗം ശ്രമിക്കുക. നിയമരംഗത്ത് 'അലിബി' എന്നാണ് ഈ രക്ഷാമാര്‍ഗം അറിയപ്പെടുന്നത്. ഈ അലിബി ഇദ്ദേഹത്തിന്റെ ഒരു തുറുപ്പു ചീട്ടാണ്.
രാമന്‍പിള്ളയുടെ വാദത്തിന്റെ മൂര്‍ച്ചയറിയാന്‍ ഒരു സംഭവം കൂടി മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ടിപിയെ വധിച്ചശേഷം പ്രതികളിലൊരാളായ കിര്‍മാണി മനോജിന്റെ വീട്ടിലെ വാഷിങ് മെഷീനില്‍ പ്രതികള്‍ ചോരപുരണ്ട വസ്ത്രങ്ങള്‍ കഴുകിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. വാഷിങ്മെഷീന്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ ചോരയുടെ അംശം സ്ഥിരീകരിച്ചു. ആരുടെ ചോരയാണെന്നു കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോഴിയേയോ മറ്റു മൃഗങ്ങളേയോ കൊല്ലുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വാഷിങ് മെഷീനില്‍ കഴുകിയാലും രക്തക്കറ വരില്ലേ? ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വസ്ത്രം കഴുകിയാലും രക്തത്തിന്റെ അംശം വരില്ലേ? - രാമന്‍പിള്ള ചോദിച്ചു. വരാം എന്നായിരുന്നു ഫൊറന്‍സിക് വിദഗ്ധരുടെ മറുപടി. അതോടെ ആ തെളിവുകളും തകര്‍ന്നു വീണു. അതാണ് രാമന്‍പിള്ള.
ചാനല്‍ അഭിമുഖം തുണയായ ഫ്രാങ്കോ കേസ്
പ്രോസിക്യൂഷന്‍ തെളിവുകളിലെ ഒരു കണ്ണി പൊട്ടിക്കുക. ആ ചങ്ങല തകര്‍ക്കുക എന്ന തന്ത്രമാണ് രാമന്‍പിള്ള ഫ്രാങ്കോ കേസിലും അവലംബിച്ചത്. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴി വിശ്വാസയോഗ്യമല്ല എന്ന് സ്ഥാപിക്കുന്നതിനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. മൊഴികളിലെ വൈരുധ്യങ്ങള്‍ എടുത്തിട്ടാണ് ഇവിടെയും പിടിച്ചുകയറിയത്.
മുഖ്യ സാക്ഷി സിസ്റ്റര്‍ അനുപമയുമായി, റിപ്പോര്‍ട്ടര്‍ ടീവിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ നടത്തിയ അഭിമുഖവും രാമന്‍പിള്ള സമര്‍ഥമായി ഉപയോഗിച്ചു. സിസ്റ്റര്‍ അനുപമ പറഞ്ഞ ഒറ്റ വാചകത്തിലായിരുന്നു പ്രതിഭാഗത്തിന്റെ ഊന്നല്‍. പൊലീസില്‍ നല്‍കിയ പരാതിക്ക് ശേഷമാണ് സംഭവം ഞങ്ങള്‍ അറിഞ്ഞത് എന്നായിരുന്നു അഭിമുഖത്തിലെ ഒരു പരാമര്‍ശം. എന്നാല്‍ താന്‍ അനുഭവിക്കുന്ന പീഡനം വളരെ രഹസ്യമായി 'അതിജീവിത' മറ്റ് കന്യാസ്ത്രീകളുമായി പങ്കുവച്ചിരുന്നുവെന്ന് അനുപമ മറ്റൊരിടത്ത് പറയുന്നു. ഈ വൈരുധ്യം രാമന്‍പിള്ള ചൂണ്ടിക്കാട്ടി. എന്നാല്‍ പൊലീസ് പരാതിക്ക് ശേഷമാണ് ഞങ്ങള്‍ ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത് എന്നായിരുന്നു അനുപമ ഉദ്ദേശിച്ചിരുന്നത്.
അഭിലാഷ് മോഹനുമായുള്ള അഭിമുഖത്തെ കുറിച്ച് രാമന്‍പിള്ള ചോദിച്ചപ്പോള്‍, വിശേഷിച്ചും ചില വരികള്‍ ഉദ്ധരിച്ച് ചോദിച്ചപ്പോള്‍, 'കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് താന്‍ കൃത്യമായി ഓര്‍ക്കുന്നില്ല' എന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ മറുപടി. അഭിമുഖത്തില്‍ പരാമര്‍ശിച്ച ചില കാര്യങ്ങള്‍ രാമന്‍പിള്ള കുത്തി കുത്തി വക്കീല്‍ ബുദ്ധിയോടെ ചോദിച്ചപ്പോള്‍ അവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ ആയില്ല. വിശ്വസിക്കാവുന്ന സാക്ഷിയല്ല അനുപമ എന്ന് ഇതോടെ സ്ഥാപിക്കാനായി. തീക്ഷ്ണമായ ക്രോസ് എക്സാമിനേഷനിടെ, സിസ്റ്റര്‍ പൊട്ടിക്കരയുക പോലും ചെയ്തു.
പൊലീസിന് കൊടുത്ത മൊഴിയില്‍, കോടതിയില്‍ കൊടുത്ത മൊഴിയില്‍, ഡോക്ടര്‍ എഴുതിയ മൊഴിയില്‍ ഒക്കെ ചില വ്യത്യാസങ്ങള്‍ എടുത്താണ് പ്രതിഭാഗം ഇരയുടെ വിശ്വാസ്യത തകര്‍ത്തത്. മഠത്തില്‍ രണ്ട് ഗ്രൂപ്പുകളായി അധികാര തര്‍ക്കമുണ്ടായിരുന്നു. ബിഷപ്പും പരാതിക്കാരിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായി രൂപപ്പെട്ടതാണ് ഈ കേസ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ ഈ വാദത്തെ ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുമ്പേ പരാതിക്കാരിയുടെ ഒരു ബന്ധു തന്നെ അവര്‍ക്കെതിരെ പരാതിയുമായി വന്നിരുന്നു. ലിംഗം യോനിയില്‍ കടത്തി പീഡിപ്പിച്ചു എന്ന മൊഴി ആദ്യം പലരോടും പറഞ്ഞപ്പോള്‍ വ്യക്തമായി പറഞ്ഞില്ല എന്ന് കോടതിവിധിയിലും ചൂണ്ടിക്കാട്ടുന്നു. ഫ്രാങ്കോയും ഇരയും തമ്മില്‍ നടന്നത് ഉഭയകക്ഷി ലൈംഗികബന്ധം മാണെന്ന പ്രതിഭാഗത്തിന്റെ വാധം വിധിയിലും സാധൂകരിക്കുന്നുണ്ട്ം. പീഡനം കഴിഞ്ഞും കാറില്‍ ഒരുമിച്ചു സഞ്ചരിച്ചതും ഇമെയില്‍ അയച്ചതും ഒക്കെ പ്രണയബന്ധം കൊണ്ടെന്നും കോടതിയും അഗീകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നന്നായി വിയര്‍പ്പൊഴുക്കിയാണ് രാമന്‍പിള്ള ഫ്രാങ്കേയെ രക്ഷിച്ചെടുത്തത്. ഇതോടൊപ്പം ജഡ്ജിയുടെ ചില മുന്‍വിധികളും, പ്രോസിക്യൂഷന്റെ വീഴ്ചകളും കേസില്‍ തുണയായിട്ടുണ്ട്.
നിശാലിന്റെ വക്കീല്‍ ദിലീപിന്റെ വക്കീലാവുന്നു
ദിലീപ് അറസ്റ്റിലായപ്പോള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ ആദ്യം സമീപിച്ചത് അഡ്വ. ബി രാമന്‍പിള്ളയെ ആയിരുന്നു. എന്നാല്‍ കാവ്യ മാധവനും നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തില്‍ കാവ്യയുടെ എതിര്‍ഭാഗം വക്കീല്‍ ആയിരുന്നു രാമന്‍പിള്ള. എന്നിട്ടും ദിലീപ് കേസ് വന്നപ്പോള്‍ സുഹൃത്തുക്കള്‍ എന്തുകൊണ്ട് ആദ്യം രാമന്‍പിള്ളയെ സന്ദര്‍ശിച്ചുവെന്നത് പലര്‍ക്കും അമ്പരപ്പുണ്ടാക്കി.
എന്നാല്‍, ഈ ആവശ്യം രാമന്‍പിള്ള തള്ളുകയായിരുന്നു. കാവ്യയുടെ വിവാഹമോചന കേസില്‍ നിഷാലിന്റെ വക്കീലായിരുന്നു താനെന്നും അതിനാല്‍ ഈ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത് എന്നാണ് കേട്ടത്. അങ്ങനെയാണ് കേസ് അഡ്വ. രാംകുമാറില്‍ എത്തുന്നത്. എന്നാല്‍, ഹൈക്കോടതിയില്‍ രാംകുമാറിന് പിഴച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ രാമന്‍പിള്ളയെ തേടി വീണ്ടും എത്തിയത്. അവരുടെ നിര്‍ബന്ധവും കുടുംബത്തിന്റെ കണ്ണീരും കണ്ടിട്ടാണ് രാമന്‍പിള്ള കേസ് ഏറ്റെടുക്കാന്‍ തയ്യാറായത് എന്നാണ് പറയുന്നത്. കേസില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ രാമന്‍പിള്ളക്കും ഉറപ്പുണ്ടായിരുന്നന്നില്ല.
ടി പി കേസില്‍ മോഹനന്‍ മാസ്റ്ററെ രക്ഷിച്ച അലിബി തെളിവ് തന്നെയാണ് രാമന്‍പിള്ള ഇവിടെയും എടുത്തിട്ടത്. ദിലീപ് ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവര്‍ ലൊക്കേഷനു കീഴില്‍വന്നതുകൊണ്ട് ദിലീപ് എങ്ങനെ ഗൂഢാലോചനയില്‍ പങ്കാളിയാകും. നടന്‍ ദിലീപിന്റെ നമ്പര്‍ തേടിയാണ് സുനി, വിഷ്ണുവെന്ന പ്രതിയെ സംവിധായകന്‍ നാദിര്‍ഷായുടേയും ദിലീപിന്റ ഡ്രൈവര്‍ അപ്പുണ്ണിയുടേയും അടുത്തേക്ക് അയയ്ക്കുന്നത്. ക്വട്ടേഷന്‍ കൊടുക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍പോലും അറിയാതെയാണോ ഒരാള്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് എന്നതായിരുന്നു രാമന്‍പിള്ളയുടെ ചോദ്യം. ഇതോടെ ദിലീപിന് ജാമ്യം കിട്ടി. ഇപ്പോള്‍ കുറ്റവിമുക്തിയും.
വ്യക്തി ജീവിതത്തില്‍ സ്വാത്വികനും മൃദുഭാഷിയും
രാമന്‍പിള്ള വക്കീലുമായി ഇപ്പോള്‍ താരതമ്യം ചെയ്യുപ്പെടുന്ന മള്ളൂര്‍ ഗോവിന്ദപ്പിള്ളയൊക്കെ പൊതുരംഗത്തും ഏറെ സജീവമായിരുന്നു. 'ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ആരെയും കൊല്ലാമേ രാമനാരായണ' എന്ന കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള ആലപിക്കുമ്പോള്‍ ആ യോഗത്തിന്റെ അധ്യക്ഷന്‍ സാക്ഷാല്‍ മള്ളൂര്‍ ആയിരുന്നു. കൊതുകിനെ അടിച്ചുകൊന്ന് കവി കൊലയാളിയായി മാറുന്നതിനെക്കുറിച്ചൊരു വിനോദകവിതയാണ് അവിടെ ചങ്ങമ്പുഴ അവതരിപ്പിച്ചത്. തിരുവനന്തപുരം ആര്‍ട്‌സ് കോളജ് മലയാളസമാജം യോഗത്തില്‍ അധ്യക്ഷനായിരുന്ന മള്ളൂര്‍ അപ്പോള്‍ ഊറിച്ചിരിക്കയായിരുന്നു. അതിസങ്കീര്‍ണമായ കേസുകളില്‍ വാദം കഴിഞ്ഞ് ശ്രീമൂലം ക്ലബ്ബില്‍ പോയി ടെന്നിസ് കളിച്ചും, തിയറ്ററില്‍ സിനിമ കണ്ടും, രാത്രി കഥകളി ആസ്വദിച്ചും ജീവിച്ചിരുന്ന മള്ളൂരില്‍നിന്ന് ഏറെ വ്യത്യസ്തനാണ് രാമന്‍പിള്ള.
ഒരു പബ്ലിക്ക് ഫിഗര്‍ അല്ല അദ്ദേഹം. മാത്രമല്ല വ്യവഹാരലോകത്ത്‌നിന്ന് മാറി നില്‍ക്കാന്‍ അദ്ദേഹത്തിന് സമയവുമില്ല. കോടതിയില്‍ പത്തുതലയുള്ള രാവണന്‍ ആകുന്ന അദ്ദേഹം വക്കീല്‍ വേഷം അഴിച്ചാല്‍ പിന്നെ സ്വാതികനും മൃദുഭാഷിയും അല്‍പ്പം ലജ്ജാലുവുമാണ്. വ്യക്തിജീവിതത്തിലും തീര്‍ത്തും ശാന്ത പ്രകൃതമാണ് രാമന്‍പിള്ളയുടേത്. ഗുരു നിത്യചൈതന്യ യതിയുടെ സെക്രട്ടറിയായിരുന്ന വിജയലക്ഷ്മിയാണ് ഭാര്യ. സഹോദരന്‍ പുരുഷോത്തമന്‍ പിള്ള കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ആയിരുന്നു.




