- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ചാവേർ ബോംബാക്രമണത്തിൽ 500 ശതമാനം വർധന; പ്രതികൾ ഏറെയും അഫ്ഗാനികൾ; രാജ്യം സാമ്പത്തികമായി തകർന്നതും വിനയായി; 22 ലക്ഷം വരുന്ന അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ; 4 ബില്യൺ യുഎസ് ഡോളറിന്റെ സ്വത്ത് പിടിച്ചെടുത്തു; ഇന്ത്യ സിഎഎ കൊണ്ടുവന്നപ്പോൾ അപലപിച്ചവർ പാക്കിസ്ഥാനിലെ അവസ്ഥ കാണുക!
ഒന്നും രണ്ടുമല്ല, 132 സ്‌കുൾ കുട്ടികളെയാണ് ആ ഭീകരർ വെടിവെച്ചിട്ടത്! 2014ന് ഡിസംബർ 14ന് പാക്കിസ്ഥാനിലെ പെഷവാറിൽ, ആർമി പബ്ലിക്ക് സ്‌കൂളിനുനേരെ നടന്ന ആക്രമണം, ലോക ചരിത്രത്തിലെ ഏറ്റവും കിരാതമായ കൂട്ടക്കൊലകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അത് ചെയ്തതാവട്ടെ ഒരു കാലത്ത് പാക്കിസ്ഥാൻ പാലൂട്ടി വളർത്തിയ സംഘടനതന്നെയായിരുന്നു. പാക്ക് താലിബാൻ എന്ന തെഹ്രിക്ക് എ താലിബാൻ!
132 കുട്ടികളുടെ മൃതദേഹങ്ങൾ നിരനിരയായി കിടക്കുന്നത്, ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. രാവിലെ 10.30-ഓടെയായിരുന്നു ആക്രമണം. സൈനിക യൂണിഫോമിൽ തോക്കുമായി എത്തിയ 9 ഭീകരരാണ് അഞ്ഞൂറിലധികം കുട്ടികളും ഒട്ടേറെ അദ്ധ്യാപകരുമുള്ള സ്‌കൂളിൽ ആക്രമണം നടത്തിയത്. ഭീകരരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ ബാക്കിയുള്ളവരെ സൈന്യം വധിക്കുകയായിരുന്നു.
വെടിവെപ്പിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളുടെ കൺമുന്നിൽ വച്ചാണ് അദ്ധ്യാപികരെ തീയിട്ടുകൊന്നത്. ഡെസ്‌ക്കിനും മേശക്കും അടിയിൽ ഒളിച്ച കുട്ടികളെ തേടിപ്പിടിച്ച് വെടിവെച്ച് കൊന്നു. പാക് സൈന്യം താലിബാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾക്ക് പ്രതികാരമായിട്ടാണ് അവർ നിരപരാധികളായ കുട്ടികളെ വെടിവെച്ച് കൊന്നത്.
ലോകം വിറങ്ങലിച്ച ഈ ആക്രമണത്തിനുശേഷം, അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ളവർ വലിയ പ്രഖ്യാപനങ്ങൾ നടത്തി. ഞങ്ങൾ പാക്ക് താലിബാനെ ഇതാ തീർക്കാൻ പോകുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. അഴിമതിക്കേസിൽ പെട്ട് ജയിലിലായ നവാസ്, വിദേശത്തേക്ക് ഒളിച്ചോടി, ഇപ്പോഴാണ് സ്വദേശത്ത് തിരിച്ചെത്തിയത്. അതിനിടയിലും പഴയതെല്ലാം മറന്ന് പാക്കിസ്ഥാൻ വീണ്ടും താലിബാനെ സഹായിച്ചു. രണ്ടുവർഷം മുമ്പ് അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ കയറിപ്പോൾ ആദ്യം അംഗീകരിച്ച രാഷ്ട്രങ്ങളിൽ ഒന്ന് പാക്കിസ്ഥാൻ ആയിരുന്നു. രഹസ്യമായി പാക് ഭരണകൂടത്തിന്റെ സഹായവും, അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്നു.
പക്ഷേ പാലുകൊടുത്ത കൈക്ക് കൊത്തുക എന്നത് മതതീവ്രവാദികളുടെ പതിവു സ്വഭാവമാണ്. അയൽരാജ്യത്ത് ഭരണം കിട്ടിയതോടെ, തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) എന്ന് പേര്് മാറ്റിയ പാക് താലിബാന്റെ വിളയാട്ടവും വർധിച്ചു. അഫ്ഗാൻ അതിർത്തിയിൽ ചാവേർ സ്ഫോടനങ്ങൾ വർധിച്ചു. കഴിഞ്ഞ ജനുവരി മുതൽ 24 ചാവേർ സ്‌ഫോടനങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽ 14 എണ്ണത്തിലും പ്രതി അഫ്ഗാൻ പൗരന്മാരാണെന്നമാണ് പാക്കിസ്ഥാൻ അധികൃതർ പറയുന്നത്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ രണ്ട് പാക്കിസ്ഥാൻ സൈനിക സ്ഥാപനങ്ങൾ ആക്രമിച്ച 11 തീവ്രവാദികളിൽ എട്ട് പേരും അഫ്ഗാനികളായിരുന്നു.
അതിനിടെ, ഇനി ഒരാളെ തീറ്റിപ്പോറ്റാൻ കഴിയാത്ത വിധം പാക്കിസ്ഥാൻ സാമ്പത്തികമായി തകരുകയും ചെയ്തു. ഇതോടെ അവർ ഒരു കടുത്ത തീരുമാനം എടുത്തു. രേഖകളില്ലാത്ത 22 ലക്ഷത്തിലധികം അഫ്ഗാൻ അഭയാർഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കും. അഭയാർഥികൾക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ച ഒക്ടോബർ 31 മുതൽ, രണ്ടു ലക്ഷത്തിലധികം അഫ്ഗാനികൾ അതിർത്തി കടന്നെന്നാണ് റിപ്പോർട്ട്. ഇനിയും 20 ലക്ഷത്തിലേറെ ബാക്കിയാണ്. ലോകം കണ്ട മറ്റൊരു വലിയ പലായനമായി അത് മാറുകയാണ്.
എന്നാൽ ഗസ്സയിലേക്ക് മാത്രം നോക്കിയിരിക്കുന്ന മലയാളി, ഈ ദുരിതം കാണുന്നില്ല. ഹമാസ് സാധാരണക്കാരായ ഗസ്സ നിവാസികളുടെ ജീവിതം ദുരിതത്തിലാക്കിയതുപോലെ തന്നെ താലിബാൻ അഫ്ഗാനികളുടെ ജീവിതവും ദുരിതക്കടലിൽ ആക്കിയിരിക്കയാണ്.
കൊടും തണുപ്പിൽ അഭയാർത്ഥി പ്രവാഹം
ഇപ്പോൾ പാക്-അഫ്ഗാൻ അതിർത്തികളിൽ, ആയിരക്കണക്കിന് ആളുകളെയും വഹിച്ച് നിരനിരയായി സഞ്ചരിക്കുന്ന ട്രക്കുകളും ബസ്സുകളുടെയും കാഴ്ചയാണ് എവിടെയും. അന്ത്യശാസനത്തിന്റെ കാലാവധി ഒക്ടോബർ 31ന് പൂർത്തിയായതോടെയാണ് കൂട്ടപലായനം. സ്വമേധയാ പോകാൻ കൂട്ടാക്കുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നാണ് പാക് സർക്കാരിന്റെ മുന്നറിയിപ്പ്. ഇതോടെ പേടിച്ച് രാജ്യംവിടാൻ പോയ അഫ്ഗാൻ അഭയാർഥികളാൽ ശ്വാസം മുട്ടുകയാണ് പാക് അതിർത്തികൾ. കുട്ടികളും സ്ത്രീകളും വൃദ്ധരുമുൾപ്പെടെയുള്ള വലിയ സംഘം അതിർത്തികളിൽ കാത്തുനിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വമേധയാ അതിർത്തിയിലേക്ക് പോയ അഭയാർഥികളെ മാനസിക-ശാരീരിക പീഡനത്തിനിരയാക്കുന്നതായും സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്.
അതേസമയം അനുവദിച്ച സമയം കഴിയുന്നതിന് മുൻപേ തന്നെ പാക്കിസ്ഥാനിലെ അഫ്ഗാൻ അഭയാർഥി ക്യാമ്പുകളിൽ പരിശോധനയും അറസ്റ്റും ആരംഭിച്ചിരുന്നുവെന്നാണ് കറാച്ചിയിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന അഫ്ഗാൻ പൗരന്മാർ പ്രതികരിച്ചത്. ഏകദേശം 1,000 അഫ്ഗാൻ അഭയാർത്ഥികൾ ഇപ്പോൾ പാക്കിസ്ഥാനിൽ തടങ്കലിലാണെന്ന് കറാച്ചിയിലെ താലിബാൻ കോൺസൽ അബ്ദുൾ ജബാർ തഖാരി പറയുന്നു. രേഖകളില്ലാത്ത അഫ്ഗാനികളെ അറസ്റ്റ് ചെയ്യാൻ പാക്കിസ്ഥാൻ പൊലീസ് കർശന നടപടി സ്വീകരിക്കുകയാണെന്ന് അഫ്ഗാൻ അഭയാർത്ഥി കൗൺസിൽ മേധാവി മിർ അഹമ്മദ് റൗഫിയും പറയുന്നു.
പാക്കിസ്ഥാൻ സർക്കാരിന്റെ കണക്കനുസരിച്ച്, ഒക്ടോബർ 31 ന് മുൻപ് രാജ്യത്ത് ഏകദേശം 40 ലക്ഷം കുടിയേറ്റക്കാർ ഉണ്ടായിരുന്നു. അവരിൽ ഏകദേശം 38 ലക്ഷം പേർ അഫ്ഗാനികളാണ്. ഇവരിൽ 22 ലക്ഷം പേർക്കു മാത്രമാണ് സർക്കാർ അംഗീകരിച്ച രേഖ കൈവശമുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികൾക്ക് താവളമായ രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. യുദ്ധത്തിന്റേയും ഭീകരവാദത്തിന്റേയും മറ്റും തുടർച്ചയായി അഫ്ഗാനിസ്താനിൽ നിന്നുള്ള ലക്ഷക്കണക്കിന് അഭയാർഥികളാണ് ഇവി്േടക്ക് പ്രതിവർഷം എത്തുന്നത്. അഫ്ഗാൻ അഭയാർഥികളുടെ ഭൂരിഭാഗവും അഫ്ഗാൻ-പാക്കിസ്ഥാൻ അതിർത്തി പ്രദേശമായ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണ് താമസിക്കുന്നത്. അഫാഗിനിൽ താലിബാൻ ഭരണത്തിലേറിയതിന് ശേഷം കുറഞ്ഞത് ആറ് ലക്ഷം ആളുകളെങ്കിലും പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് യു.എൻ റെഫ്യൂജി ഏജൻസിയുടെ കണക്കുകൾ.
അഫ്ഗാൻ അഭയാർത്ഥികൾ മോശം സാഹചര്യങ്ങൾക്കിടയിലും തണുത്ത കാലാവസ്ഥയുമായി മല്ലിടുകയാണ്. അടിന്തരമായി മരുന്നും വസ്ത്രങ്ങളും എത്തിച്ചില്ലെങ്കിൽ ഇവിടെയും കൂട്ടുമരണങ്ങൾ ഉണ്ടാവുമെന്നാണ് ഭയക്കുന്നത്. പാക്ക് നടപടിയെ വിമർശിച്ച അഫ്ഗാൻ സർക്കാർ വക്താവ് ബിലാൽ കരിമി, ഇതിനെ അനീതിയെന്നു വിശേഷിപ്പിച്ചു. 'ഇത് അനീതിയാണ്, ഒരു തരത്തിലും അവഗണിക്കാൻ കഴിയാത്ത അനീതിയാണ്. ആളുകളെ നിർബന്ധിതമായി പുറത്താക്കുന്നത് അയൽപക്കത്തിന്റെ എല്ലാ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്' -ബിലാൽ കരിമി പറഞ്ഞു. എന്നാൽ, ഭൂരിഭാഗം അഫ്ഗാനികളും സ്വമേധയാ രാജ്യം വിടുകയായിരുന്നെന്നാണ് പാക്കിസ്ഥാന്റെ വാദം. നോക്കണം, അഫ്ഗാനിൽ സ്ത്രീകൾക്കെതിരെയും, കലാകാരന്മാർക്ക് എതിരെയും, കൊടിയ അതിക്രമം നടത്തുന്ന താലിബാനാണ്, പാക്കിസ്ഥാനോട് മനുഷ്യാവകാശം ഉപദേശിക്കുന്നത്!
കോടികളുടെ സ്വത്തുക്കൾ അടിച്ചുമാറ്റുന്നു
1970 കളുടെ അവസാനത്തിലും, 1980 കളിലും സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് പതിനായിരക്കണക്കിന് അഫ്ഗാനികൾ പാക്കിസ്ഥാനിലേക്കു പലായനം ചെയ്തിരുന്നു.
9/11 ആക്രമണത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനെ യുഎസ് ആക്രമിച്ചതിനു ശേഷം അഭയാർത്ഥി പ്രവാഹം വീണ്ടും വർധിച്ചു. 2021 ൽ താലിബാൻ അധികാരമേറ്റതിനു ശേഷം ആറു മുതൽ എട്ടു വരെ ലക്ഷം അഫ്ഗാനികൾ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തെന്നാണ് കണക്ക്. താലിബാനെ പേടിച്ച് നാടുവിട്ടെത്തിയ അവർ വീണ്ടും ആ നാട്ടിലേക്ക് പോവേണ്ട അവസ്ഥയാണ്. ഇപ്പോഴുള്ള കുടിയേറ്റക്കാരിൽ പലരും പാക്കിസ്ഥാനിൽ ജനിച്ചു വളർന്നവരും, അഫ്ഗാനിസ്ഥാനിൽ പോയിട്ടില്ലാത്തവരുമാണ്.
അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കുന്നതിനായി പാക്ക് ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം 49 ഹോൾഡിങ് ഏരിയകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിറ്റൻഷൻ സെന്റുകൾ തന്നെയാണിത്. തടങ്കലിൽ വയ്ക്കപ്പെടുമ്പോൾ രേഖകളില്ലാത്ത കുടിയേറ്റക്കാരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് കെയർടേക്കർ ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി അധികാരികളോടും ഏജൻസികളോടും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ രേഖകളില്ലാത്ത ഒരു കുടിയേറ്റക്കാരനെ സഹായിക്കുന്നതിനോ അഭയം നൽകുന്നതിനോ വീട് വാടകയ്‌ക്കെടുക്കുന്നതിനോ ആരും ശ്രമിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. അനധികൃത കുടിയേറ്റക്കാരെയും അവരുടെ താമസസ്ഥലങ്ങളെയും കുറിച്ച് സർക്കാരിനെ അറിയിക്കാനും പാക് പൗരന്മാരോട് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന അഫ്ഗാൻ വ്യക്തികളുടെ ലൊക്കേഷൻ അടയാളപ്പെടുത്തുന്ന പ്രക്രിയ പൊലീസ് പൂർത്തിയാക്കി. അഫ്ഗാൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ സംബന്ധിച്ച ഒരു സർവേ പുരോഗമിക്കുകയാണ്.
അതിനിടെ അഫ്ഗാനികളുടെ സ്വത്ത് പിടിച്ചെടുക്കുന്നതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ അഫ്ഗാൻ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ പാക്കിസ്ഥാൻ സർക്കാർ പിടിച്ചെടുത്തതായാണ് സ്ഥിരീകരിക്കപ്പെടാത്ത വാർത്ത. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ കഴിയാത്ത വിധത്തിൽ പാക്കിസ്ഥാൻ പാപ്പരാണെന്നതും യാഥാർത്ഥ്യമാണ്. ഇത്രയും പേരെ പുറത്താക്കി ആ സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നുതെന്നും ആക്ഷേപമുണ്ട്.
രാജ്യം വിടാൻ കഴിയാത്ത അഫ്ഗാനികളെ രാജ്യവ്യാപകമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അവരുടെ അനധികൃത മൺ ഇഷ്ടിക വീടുകൾ തകർക്കുകയും ചെയ്തു. എന്നാൽ ഇത് അഫ്ഗാനികൾക്ക് എതിരായ നീക്കമല്ലെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. അഫ്ഗാനികൾ മാത്രമല്ല, രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ ആളുകളെയും ഉൾപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ നാടുകടത്തൽ നടപടിയുടെ ലക്ഷ്യമെന്ന് ഇടക്കാല ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു. അനധികൃത താമസക്കാർക്കെതിരായ നടപടി സംബന്ധിച്ച സർക്കാർ സന്ദേശം അഫ്ഗാനികൾക്കെതിരൊയി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
താലിബാനെ താലോലിച്ച് പാക്ക് പട്ടാളം
അഫ്ഗാൻ താലിബാനോട് എന്നും സോഫ്റ്റ് കോർണർ പുലർത്തിയവർ ആയിരുന്നു പാക്ക് പട്ടാളം. 1996-ൽ അഫ്ഗാനിൽ അധികാരം പിടിച്ച താലിബാനെ 2001-ലാണു യുഎസ് സഖ്യസേന പുറത്താക്കിയത്. 20 വർഷത്തിനുശേഷം 2021-ൽ യുഎസ് സേന പിന്മാറിയതോടെ ഇരട്ടി ശക്തിയോടെ താലിബാൻ അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തി. അപ്പോൾ താലിബാനെ പിന്തുണക്കയാണ് പാക്കിസ്ഥാൻ ചെയ്തത്. താലിബാന്റെ പുനരുജ്ജീവനത്തിനു സഹായം നൽകിയെന്നു കരുതപ്പെടുന്ന പാക്ക് ജനറൽമാരുടെ വിജയമായും ഇതു വിലയിരുത്തപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ ആദ്യമായി അധികാരമേറ്റപ്പോൾ താലിബാനെ അംഗീകരിച്ച മൂന്നു രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ. 9/11 ആക്രമണത്തിനു ശേഷം യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയതോടെ താലിബാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച അവസാന രാജ്യവും പാക്കിസ്ഥാൻ ആയിരുന്നു. താലിബാനിൽ ചേർന്ന നിരവധി അഫ്ഗാനികൾ പാക്കിസ്ഥാനിൽ മദ്രസ വിദ്യാഭ്യാസം നേടിയെന്നും റിപ്പോർട്ടുണ്ട്. 2021-ൽ അഫ്ഗാനിസ്ഥാനിൽ രൂപീകരിച്ച പുതിയ താലിബാൻ സർക്കാരിന്റെ തലവനായ, യുഎൻ ഉപരോധ പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഹസൻ അഖുന്ദ് പാക്കിസ്ഥാനിലെ ഒരു മതപാഠശാലയിൽ പഠിച്ചിരുന്നു.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, താലിബാനുള്ള എല്ലാ സഹായങ്ങളും പിൻവലിക്കുകയും, താലിബാൻ നേതാക്കൾക്കുള്ള പ്രത്യേക പരിഗണന റദ്ദാക്കുകയും ചെയ്തിരിക്കയാണ്. ഈ വർഷം രാജ്യത്ത് നടന്ന 24 ചാവേർ ബോംബാക്രമണങ്ങളിൽ 14 എണ്ണം നടത്തിയത് അഫ്ഗാൻ പൗരന്മാരാണെന്ന് പാക്കിസ്ഥാൻ കെയർടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കകാർ അടക്കമുള്ളവർ വാദിക്കുന്നത്. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയതിന് ശേഷം ഭീകരാക്രമണങ്ങൾ വർധിച്ചെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ 60 ശതമാനവും ചാവേർ ബോംബാക്രമണത്തിൽ 500 ശതമാനവും വർധനവുണ്ടായെന്നും കകാർ ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 30ന് പാക്കിസ്ഥാനിലെ രണ്ട് പള്ളികളിൽ നടന്ന ചാവേർ സ്‌ഫോടനങ്ങളിലായി ഏഴ് കുട്ടികളുൾപ്പെടെ അറുപതോളം പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പൊലീസ് സൂപ്രണ്ടും ഉൾപ്പെടുന്നു. ജനുവരി മുതൽ 24 ചാവേർ ആക്രമണങ്ങളാണ് ഉണ്ടായത്. ഇതിൽ 14 എണ്ണവും അഫ്ഗാൻ പൗരന്മാരെ ഉപയോഗിച്ചുള്ളവയായിരുന്നുവെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച തെളിവുകളൊന്നും പാക്കിസ്ഥാൻ പുറത്തുവിട്ടിട്ടില്ല.
പിന്നാലെ, പാക്കിസ്ഥാനിലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് അഫ്ഗാനിസ്ഥാൻ ഉത്തരവാദിയല്ലെന്നും തങ്ങളെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും താലിബാൻ പ്രസ്താവന പുറപ്പെടുവിച്ചു. അഭയാർഥികളെ പുറത്താക്കാനുള്ള പാക്ക് തീരുമാനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അഫ്ഗാനിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദും പറഞ്ഞു.
എല്ലാറ്റിനും പിന്നിൽ പാക് താലിബാൻ
'പാക്കിസ്ഥാൻ താലിബാൻ' എന്നും അറിയപ്പെടുന്ന തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് ഇരുരാജ്യങ്ങളുടെയും ബന്ധം വഷളാകാനുള്ള പ്രധാന കാരണം. താലിബാനോട് കൂറ് പുലർത്തുന്ന ടിടിപിയുടെ ഉദയമാണ് പാക്കിസ്ഥാനിലെ ഭീകരവാദ പ്രവർത്തനങ്ങൾ വൻതോതിൽ വർധിക്കാൻ കാരണവും. 2007- ൽ സ്ഥാപിതമായ ടിടിപി, താലിബാന്റെ വിജയത്തോടെ ശക്തി പ്രാപിക്കുകയും പാക്കിസ്ഥാൻ സൈനികർ, ഐഎസ്‌ഐ, പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തു. വർധിച്ചുവരുന്ന അക്രമത്തിന് മറുപടിയായി, പാക്കിസ്ഥാൻ താലിബാനിൽനിന്ന് നടപടി ആവശ്യപ്പെട്ടു. വെടിനിർത്തലിന് താലിബാൻ മധ്യസ്ഥത വഹിച്ചെങ്കിലും അതു പരാജയപ്പെട്ടു.
അടുത്തിടെ, പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിൽ പാക്ക് വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തിയ ടിടിപി മൂന്നു വിമാനങ്ങൾക്കു കേടുപാടുകൾ വരുത്തിയിരുന്നു. ഭൂരിഭാഗം ടിടിപി ആക്രമണങ്ങളും നടന്നത് ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ്. ഇവ രണ്ടും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്നു. ടിടിപിക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളങ്ങളുണ്ടെന്നും പാക്ക് സുരക്ഷാ സേനകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണം നടത്താൻ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കുന്നുവെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ, അഫ്ഗാൻ അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
2007 മുതൽ 2014 വരെ, പാക്കിസ്ഥാൻ താലിബാനും മറ്റു ഗ്രൂപ്പുകളും വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഇതിനകം നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു; 2014 ലെ പെഷവാർ സ്‌കൂൾ കൂട്ടക്കൊല (ആറ് തോക്കുധാരികൾ 140 പേരെ കൊലപ്പെടുത്തിയ സംഭവം) ഉൾപ്പെടെ. അതിനു ശേഷമുള്ള വർഷങ്ങളിൽ, പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, ടിടിപിയുടെ പുതിയ നേതാവ് നൂർ വാലി മെഹ്‌സൂദ് പാക്കിസ്ഥാൻ താലിബാനെ പുനർരൂപീകരിച്ചു.
രണ്ട് വർഷം മുൻപ് അഫ്ഗാനിസ്ഥാനിൽ താലിബാൻ നേടിയ വിജയം ടിടിപിക്ക് ഊർജം നൽകി. അഫ്ഗാനിലെ താലിബാൻ സർക്കാരിനു സമാനമായ ഒരു ഭരണ സംവിധാനം പാക്കിസ്ഥാനിലും സ്ഥാപിക്കാനാണ് ടിടിപിയുടെ ശ്രമമെന്നാണ് റിപ്പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ, പാക്കിസ്ഥാനിലുടനീളമുള്ള ഭീകരവാദ ആക്രമണങ്ങൾ 80 ശതമാനം വർധിച്ചിരുന്നു. ഇവയിൽ മിക്കതിനു പിന്നിലും ടിടിപി ആണെന്ന് സംശയിക്കുന്നു. വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതിനു ശേഷം നൂറുകണക്കിന് ആക്രമണങ്ങളാണ് ടിടിപി നടത്തിയത്.
അഫ്ഗാൻ സർക്കാർ ടിടിപിയെ നിയന്ത്രിക്കുന്നില്ലെന്ന് കഴിഞ്ഞ മാസങ്ങളിലാണ് പാക്കിസ്ഥാൻ നേതൃത്വം പരസ്യമായി കുറ്റപ്പെടുത്താൻ തുടങ്ങിയത്. എന്നാൽ, അതു നിഷേധിച്ച അഫ്ഗാൻ സർക്കാർ, ടിടിപിക്ക് അഭയമോ പരോക്ഷമായ പിന്തുണയോ നൽകുന്നില്ലെന്ന് വ്യക്തമാക്കുന്നു. ടിടിപിയുടെ ആക്രമണങ്ങൾ വർധിച്ചതിന്, അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെയും പാക്കിസ്ഥാൻ ഭാഗികമായി കുറ്റപ്പെടുത്തുന്നുണ്ട്. അതിനുശേഷമാണ് ആയുധങ്ങളും മറ്റു ഉപകരണങ്ങളും പിടിച്ചെടുക്കാൻ ടിടിപിക്ക് കഴിയുന്നതെന്നാണ് വാദം. അതേസമയം, ടിടിപിയുടെ ആക്രമണങ്ങളെ ചെറുക്കാൻ കഴിയാത്ത പാക്കിസ്ഥാൻ, അതിന് അഫ്ഗാനെ നിർബന്ധിതരാക്കാനാണ് അഭയാർഥികളെ പുറത്താക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.
അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടിടിപി നടത്തിയ ആക്രമണങ്ങളിൽ 2,267 പാക് പൗരന്മാർ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങളുടെ വിശദാംശങ്ങൾ അഫ്ഗാൻ സർക്കാരിന് നൽകിയിട്ടും ടിടിപിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാക്കിയത്.
പട്ടിണി രാജ്യമായ പാക്കിസ്ഥാൻ
സ്വന്തം പൗരന്മാർക്ക് റൊട്ടിയും മരുന്നും എത്തിക്കാൻ കഴിയാത്ത ഒരു രാജ്യത്തിന് എങ്ങനെയാണ് മറ്റുരാജ്യങ്ങളിൽനിന്ന് വന്നവരെ പോറ്റാൻ കഴിയുക. കരുതൽ ധനശേഖരം ഇടിഞ്ഞ്, ശ്രീലങ്കക്ക് സമാനമായ അവസ്ഥയിലാണ് ഈ രാജ്യം. നാണയപ്പെരുപ്പം ഇരുനൂറ് ശതമാനമായി. ഇതോടൊപ്പം, കാർഷിക പ്രതിസന്ധി സൃഷ്ടിച്ച പ്രളയത്തിനും ഊർജക്ഷാമത്തിനും ഒപ്പം വിദേശകടവും പെരുകിയപ്പോൾ ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലേക്ക് വീണുപോവുകയായിരുന്നു, ജിന്നയുടെ വിശുദ്ധനാട്. ഇന്ന് ശരിക്കും പട്ടിണി രാജ്യമാണ് അവിടം. ദക്ഷിണേഷ്യയിൽ തന്നെ ഏറ്റവും കുറവ് പ്രതിശീർഷ വരുമാനമുള്ള രാജ്യമാണ് പാക്കിസഥാൻ. 2000ത്തിനും 2020നും ഇടയിൽ വെറും 1.7 ശതമാനം വർധനവ് മാത്രമാണ് പാക്കിസ്ഥാന്റെ പ്രതിശീർഷ വരുമാനത്തിലുണ്ടായത്. സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാൻ നികുതി-ജിഡിപി അനുപാതം അഞ്ച് ശതമാനമെങ്കിലും വർധിപ്പിക്കണമെന്നാണ് ലോകബാങ്കിന്റെ നിർദ്ദേശം.
സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ്, കുടിയേറ്റം അഫ്ഗാനികളെ നിയന്ത്രിക്കണം എന്ന ചിന്തയുണ്ടാവുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് തുടർച്ചയായി അതിർത്തി കടന്ന് അഭയാർഥികളെത്തുന്നത് തടയുമെന്ന് പാക് സർക്കാർ ആവർത്തിക്കുകയും ചെയ്തിരുന്നു. അതിർത്തികളിലൂടെ നിയമംലംഘിച്ച് നടത്തുന്ന കള്ളക്കടത്ത് തടയാനും സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതിന് പിന്നിൽ അതിർത്തിയിലൂടെയുള്ള കള്ളക്കടത്താണെന്നാണ് സർക്കാർ അഭിപ്രായപ്പെടുന്നത്. അതിർത്തി കടക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് കള്ളക്കടത്ത് തടയാനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തകർന്നിരിക്കുന്ന രാജ്യത്തിന് അഭയാർഥികളെ താങ്ങാനാവുന്ന കെൽപ്പില്ലെന്നാണ് പാക്കിസ്ഥാനിലെ സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഇത്രയും കൂടുതൽ അഭയാർഥികളെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിനില്ലെന്നും അവർ അഭിപ്രായപ്പെടുന്നു. അഫ്ഗാൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള തീരുമാനത്തെ രാജ്യത്തെ മാധ്യമങ്ങളും സ്വാഗതം ചെയ്തു. ബുദ്ധിപരമായ തീരുമാനം എന്നാണ് രാജ്യത്തെ പ്രമുഖ ദിനപത്രമായ 'ദി എക്സ്‌പ്രസ് ട്രിബ്യൂൺ' മുഖപ്രസംഗത്തിൽ എഴുതിയത്. തീരുമാനം നടപ്പിലാക്കാൻ വൈകിയെങ്കിലും ഏറെ വൈകിയിട്ടില്ല. പാക് സർക്കാർ നൽകിയ സമയപരിധി അഭയാർഥികൾക്ക് വലിയ വെല്ലുവിളി ആണെങ്കിലും അത് പൂർണമായും നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അഭയാർഥികളെ തിരിച്ചയക്കുമെന്ന വാക്ക് വെറും വാഗ്ദാനമായി ചുരുങ്ങിപ്പോവരുതെന്ന് മുഖപ്രസംഗം പറയുന്നു.
അഭയാർഥികളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ ചട്ടങ്ങളൊന്നും ഇല്ലാത്ത രാജ്യമാണ് പാക്കിസ്ഥാൻ. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി കൺവെൻഷനിൽ ഒപ്പുവച്ചിട്ടില്ലാത്തതിനാലാണ് അഭയാർഥികളായി എത്തുന്നവർ പാക്കിസ്ഥാന്റെ നയമാറ്റങ്ങൾക്ക് ഇരയാവുന്നത്.
ഹമാസിനെപ്പോലെ താലിബാനും
പാക്കിസ്ഥാന്റെ അത്രയും മോശമായിട്ടില്ലെങ്കിലും, അതിദയീനയം തന്നെയാണ് അഫ്ഗാനിസ്ഥാന്റെയും, സാമ്പത്തിക സ്ഥിതി. താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷം അവിടുത്തെ സാമ്പത്തിക-സാമൂഹിക സ്ഥിതിഗതികൾ ഗുരുതരമാണ്. ബാങ്കിങ് മേഖലയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളും വിദേശസഹായം വെട്ടിക്കുറച്ചതുമെല്ലാം സ്വതവേ ദുർബലമായ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ സമ്മർദത്തിലാക്കി. ലോകബാങ്കിന്റെ കണക്കനുസരിച്ച്, താലിബാൻ ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലുള്ളതിനേക്കാൾ ഇരട്ടിയാണ് നിലവിലെ തൊഴിലില്ലായ്മാ നിരക്ക്. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും മാനുഷിക സഹായം ആവശ്യമാണൊണ് യുഎൻ ഏജൻസികൾ പറയുന്നത്. അതിനൊപ്പമാണ് ഇപ്പോഴത്തെ അഭയാർഥികളുടെ തിരിച്ചുവരവും. ഇവരെ എന്ത് ചെയ്യാണമെന്ന് താലിബാൻ സർക്കാറിന് ഒരുപടിയുമില്ല. മത കാർക്കശ്യങ്ങൾ അറിയാം എന്നല്ലാതെ സാമ്പത്തിക-സാമൂഹ്യമേഖലയിലെ വിദഗ്ദ്ധർ ഒന്നും തന്നെ താലിബാന് ഒപ്പമില്ല.
പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിനുശേഷം അവരെ താൽക്കാലിക ക്യാമ്പുകളിൽ പാർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അഫ്ഗാൻ അഭയാർഥി മന്ത്രാലയം അറിയിക്കുന്നത്. മടങ്ങിയെത്തുന്നവർക്ക് ജോലി കണ്ടെത്താൻ ശ്രമിക്കുമെന്ന് താലിബാൻ ഭരണകൂടവും വ്യക്തമാക്കുന്നു.അഫ്ഗാനിസ്താന്റെ ദുർബലമായ സമ്പദ്വ്യവസ്ഥയെ കൂടുതൽ സമ്മർദത്തിലാക്കുകയാണ് ചെയ്യുക. ഇരു സർക്കാരുകളും തമ്മിലുള്ള തർക്കത്തിന്റെ ഇരകളാവുന്നത് അഫ്ഗാൻ അഭയാർഥികളാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. അഫ്ഗാൻ പൗരന്മാരെ ബലമായി തിരിച്ചയക്കാനുള്ള തീരുമാനം ഉടൻ മരവിപ്പിക്കണമെന്നും ഇല്ലെങ്കിൽ അത് വലിയ മനുഷ്യാവകാശ ധ്വംസനത്തിലേക്കാണ് നയിക്കുകയെന്നും യു.എൻ. മനുഷ്യാവകാശ ഹൈ കമ്മീഷണറുടെ ഓഫീസ് (ഒ.എച്ച്.സി.എച്ച്.ആർ) മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഫ്ഗാൻ സർക്കാറും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാർഥികൾ പൊലീസിന്റെ പീഡനങ്ങൾക്കും കൊള്ളയടിക്കലിനും ഇരകളാവുന്നുവെന്നും പലരും താമസസ്ഥലം തകർക്കപ്പെട്ട് പുറത്താക്കപ്പെടുകയുമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ അഭയാർഥികളോട് അൽപം കൂടി കരുണ കാണിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും രാജ്യം വിടാനുള്ള സമയപരിധി കൂട്ടിനൽകണണെന്നുമുള്ള ആവശ്യങ്ങൾ പലകോണുകളിൽ നിന്ന് ഉയർന്നുവരുന്നുണ്ട്. അഫ്ഗാനിസ്താനിലേക്ക് തിരിച്ചുവരുന്നവർ ആ നാട്ടിലും കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കിരയാവുമെന്ന് യഎൻഎച്ച്സിആർ അഭയാർഥി ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം അവരിൽ താലിബാനെ പേടിച്ച് രാജ്യം വിട്ടവരും ഉണ്ടല്ലോ. അവരോട് എന്തായിരിക്കും താലിബാന്റെ നിലപാട് എന്ന് കണ്ടറിയണം.
ചുരുക്കം പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനും ഇടയലാണ് അഫ്ഗാൻ അഭയാർത്ഥികൾ. ഇവിടെയാണ് ഹമാസിനെപ്പോലും പോരാളികൾ ആക്കുന്ന കേരളീയർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉള്ളത്. ഹമാസിനെപ്പോലെ താലിബാനും സ്വന്തം ജനതയുടെ ജീവിതം നരകതുല്യമാക്കുകയാണ്. താലിബാൻ തീവ്രവാദം നിർത്തിയിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാവുമായിരുന്നില്ല.
വാൽക്കഷ്ണം: ഇന്ത്യയിലെ പൗരത്വഭേദഗതിനിയമം പൗരത്വം കൊടുക്കാനുള്ള നിയമം ആയിരുന്നു. എന്നാൽ അതിനെ പൗരത്വം എടുത്തുകളയാനുള്ള നിയമമാക്കി ചിത്രീകരിച്ച്, ഇവിടെ ഇടതുപക്ഷം അടക്കം നടത്തിയ കോലാഹലങ്ങൾ ഓർത്തുനോക്കുക. ഇന്ത്യ ഒരാളെയും നാടുകടത്തിയിട്ടില്ല. എന്നിട്ടും രാജ്യം കത്തിക്കാൻ ഇറങ്ങിയവർ പാക്കിസ്ഥാനിലെ അവസ്ഥ നോക്കണം. മുസ്ലീങ്ങൾ ആണെന്ന ആഗോള സാഹോദര്യംപോലും അവിടെ വർക്കാവുന്നില്ല. സ്വന്തം രാജ്യവും സ്വന്തം നിലനിൽപ്പും തന്നെയാണ് ഏവർക്കും പ്രധാനം!