വാക്കും പ്രവർത്തിയും തമ്മിലുള്ള ബന്ധം. ലോകത്തിലെ മിക്ക സംഘടനകളെയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് അത്. തീവ്ര വിപ്ലവം പറയുന്ന ഷൈനിങ് പാത്തിനെപ്പോലുള്ള സംഘടനകൾ വരുമാന മാർഗത്തിനായി മയക്കുമരുന്ന് കടത്തിലേക്ക് കടന്നിരുന്നു. ഇന്ത്യയിലും മവോയിസ്റ്റ് കേന്ദ്രങ്ങളിൽ വ്യാപകമായി കറുപ്പ്- കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. അതുപോലെയാണ് ഇസ്ലാമിക സംഘടനകളുടെയും കാര്യം.

കടുത്ത ഇസ്ലാമിക സംഘടനയായ താലിബാന്റെ പ്രധാന വരുമാന മാർഗം, അഫ്ഗാനിൽ ഉൽപ്പാദിപ്പിച്ച കറുപ്പ്, ഹെറോയിനാക്കി മാറ്റി കിട്ടുന്ന ഡ്രഗ് മണിയാണെന്ന് ഇന്ന് പരസ്യമായ രഹസ്യമാണ്. മതം നിഷിദ്ധമാക്കിയതിനാൽ അവർ അത് ഉപയോഗിക്കില്ല, പക്ഷേ വിറ്റ് കാശാക്കും. ഐസിസ് ആവട്ടെ, എണ്ണപ്പാടങ്ങൾ കൊള്ളയടിച്ചും, യസീദി സ്ത്രീകളെ അടിമച്ചന്തയിൽവെച്ച് വിറ്റും, ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുമാണ് പണം കണ്ടെത്തിയത്. അതുപോലെ ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദ സംഘനയായ ബോക്കോ ഹറാമിന്റെ പ്രധാന വരുമാനം മാർഗം കേട്ടാൽ ഞെട്ടും. പെൺകുട്ടികളെ, പ്രേത്യകിച്ച് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം വാങ്ങിക്കുക. അതുകൊടുക്കാത്തവരുടെ കുട്ടികളെ ബലാത്സഗം ചെയ്ത് ലൈംഗിക അടിമകളാക്കും. അതിന് കൂട്ടാക്കാത്തവരെ വെടിവെച്ചു കൊല്ലും!

ബോക്കോഹാറാമിന് നേരത്തെ മറ്റൊരു വരുമാന മാർഗം കൂടിയുണ്ടായിരുന്നു. കടൽക്കൊള്ള. പക്ഷേ ഇപ്പോഴത് പഴതുപോലെ വർക്കാവുന്നില്ല. അപ്പോഴാണ് അവർ എളുപ്പത്തിൽ പണം ഉണ്ടാക്കാവുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകൽ പരിപാടി ഉഷാറാക്കിയത്. പക്ഷേ ഇതുകൊണ്ട് വലിയൊരു ദുരന്തമുണ്ടായി. ഇത് ഈസി മണിക്കുള്ള അവസരമാണെന്ന് കണ്ട സകല തീവ്രവാദ സംഘടനകളും ഗുണ്ടാ സംഘടനകളുമൊക്കെ ചൈൽഡ് കിഡ്നാപ്പിങ്ങിലേക്ക് തിരിഞ്ഞു. ഇപ്പോൾ നൈജീരിയ, സുഡാൻ, സേമാലിയ, ബുർക്കിനോഫോസ തുടങ്ങിയ രാജ്യങ്ങൾ രാവിലെ സ്‌കൂളിലേക്ക് പോവുന്ന കുട്ടികൾ തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ല! ഏതുനിമിഷവും അവർ തട്ടിക്കൊണ്ടുപോവപ്പെടാം.

8 മാസത്തിനുള്ളിൽ അയ്യായിരം കുട്ടികൾ

കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് തട്ടിക്കൊണ്ടുപോവപ്പെട്ടത് അയ്യായിരത്തോളം കുട്ടികളാണ്. (മൂന്ന് മാസം മുമ്പ് ഒരു കുട്ടിയെ നമ്മുടെ നാട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയപ്പോൾ മലയാളികൾ അനുഭവിച്ച ടെൻഷൻ ഓർക്കണം) ബോക്കോ ഹറാം പോലുള്ള ഇസ്ലാമിക സംഘടനകളുടെ വിളനിലമായ നൈജീരിയിൽ ആണ് ഏറ്റവും കൂടുതൽ കിഡ്നാപ്പ് നടന്നത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് വടക്കൻ നൈജീരിയയിലെ കഡുന സംസ്ഥാനത്തെ കുരിഗയിൽ, കൊള്ളക്കാർ മൂന്നൂറോളം വരുന്ന യൂണിഫോമിട്ട കുട്ടികളെ ഒന്നടങ്കം തോക്കുകാണിച്ച് ഭയപ്പെടുത്തി കൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ വലിയ സംഭവം. കുട്ടികളെ വിട്ടുനൽകാനായി നൂറ് കോടി നൈറ (5.69 കോടി ഇന്ത്യൻ രൂപ) നൽകണമെന്ന് കൊള്ളസംഘം ആവശ്യമുന്നയിച്ചിരുന്നു.

ഒടുവിൽ 137 സ്‌കൂൾവിദ്യാർത്ഥികളെ മോചിപ്പിച്ചതായാണ് അധികൃതർ പറഞ്ഞത്.
സംഘത്തിന് പണം നൽകി മോചിപ്പിക്കുന്ന രീതി 2022 മുതൽ നിയമവിരുദ്ധമാക്കിയതിനാൽ പണം നൽകില്ലന്ന് സർക്കാർ അറിയിച്ചിരുന്നു. പക്ഷേ രഹസ്യമായി പണം നൽകിയാണ് മോചനം സാധ്യമാക്കിയത് എന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. ആഫ്രിക്കയിലെ ഏറ്റവുംവലിയ ജനവാസ മേഖലയായ നൈജീരിയയിൽ സ്‌കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ മുൻപും നിരവധിതവണ ഉണ്ടായിട്ടുണ്ട്. 2021-ൽ 150 സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. തീവ്രവാദ സംഘടനയായ ബോക്കോ ഹറാം ആയിരുന്നു ഇതിന് പിന്നിൽ. ഇതേ സംഘടന പത്തുവർഷം മുൻപ് നൈജീരിയൻ സംസ്ഥാനമായ ബൊർണോയിലെ ഒരു സ്‌കൂളിൽ നിന്ന് 276 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇതിൽ പലരെയും ഇപ്പോഴും മോചിപ്പിച്ചിട്ടില്ല.

2014 മുതൽ നൈജീരിയൻ സ്‌കൂളുകളിൽ നിന്ന് 1,400 വിദ്യാർത്ഥികളെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുള്ളതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിക്കൊണ്ടുപോകലും നടക്കുന്നത്. കൊടിയ ദാരിദ്ര്യം നടമാടുന്ന ഈ രാജ്യങ്ങളിൽ കാര്യക്ഷമമായ പൊലീസ് സംവിധാനം ഇല്ലാത്തതും പ്രശ്നമാവുന്നു.

ആ പെൺകുട്ടികൾ എവിടെ?

ബോക്കോ ഹറാം എന്ന സംഘടനയുടെ ഭീകരത ലോകം അറിഞ്ഞത് 2014 ഏപ്രിൽ 14ന്റെ കിഡ്നാപ്പിങ്ങിലുടെയാണ്. ചിബോക്ക് ഗവണ്മെന്റ് സെക്കണ്ടറി സ്‌കൂളിലെത്തിയ ആയുധധാരികളായ ഭീകരരാണ് 112 പെൺകുട്ടികൾ അടങ്ങുന്ന 276 നിഷ്‌കളങ്കരായ സ്‌കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. സൈനികരാണെന്ന വ്യാജേനയായിരുന്നു അവർ എത്തിയത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വടക്കൻ നൈജീരിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പട്ടണമാണ് ചിബോക്ക്. ഇവിടത്തെ പാവപ്പെട്ട പെൺകുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളിലേക്കായിരുന്നു അന്നേദിവസം ഭീകരർ ഇരച്ചുകയറിയത്. വികസ്വര രാജ്യങ്ങളിൽ വിദ്യാഭ്യാസ കാര്യത്തിൽ നൈജീരിയ അൽപ്പം മുന്നിലാണെങ്കിലും, ഈ മേഖലയിൽ കഷ്ടി 4 ശതമാനം പെൺകുട്ടികൾക്ക് മാത്രമാണ് സെക്കൻഡറി വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുണ്ടായിരുന്നവരെല്ലാം തന്നെ ഏറെ ഭാഗ്യം സിദ്ധിച്ച പെൺകുട്ടികൾ എന്ന് അറിയപ്പെട്ടവരായിരുന്നു.

സ്‌കൂളിൽ ഉണ്ടായിരുന്ന ഭക്ഷണവും പെട്രോളും പിന്നെ ഒരു ബ്രിക്ക് മേക്കിങ് മെഷിനും കൊള്ളയടിച്ചതിനുശേഷം അവർ സ്‌കൂൾ അഗ്‌നിക്കിരയാക്കുകയായിരുന്നു. തുടർന്നായിരുന്നു ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ആവുന്നത്ര പേരെ തങ്ങളുടെ ട്രക്കുകളിൽ കുത്തി നിറച്ചും, ബാക്കിയുള്ളവരെ പൊരിവെയിലത്തും നടത്തിച്ചും അവർ തട്ടിക്കൊണ്ടുപോയി. അവരെ തടയാനുള്ള ധൈര്യം സ്ഥലത്തെ പൊലീസിനോ പട്ടാളത്തിനോ ഉണ്ടായില്ല. അത്രയ്ക്ക് കുഖ്യാതമായിരുന്നു ആ പ്രദേശത്ത് ബോക്കോ ഹറാം എന്ന തീവ്രവാദ സംഘടന.

ആ പെൺകുട്ടികളെ അവർ കൊണ്ടുപോയത് നൈജീരിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ 2,258 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന സാംബിസാ വനത്തിനുള്ളിലെ കൊണ്ടുംഗാ പ്രദേശത്തേക്കായിരുന്നു. ബോക്കോ ഹറാമിന്റെ ശക്തികേന്ദ്രമായിരുന്ന ആ കാടുകൾക്കുള്ളിൽ അവരുടെ ക്യാംപുകൾ പ്രവർത്തിച്ചു പോന്നിരുന്നു. ആ പെൺകുട്ടികളെ തങ്ങളുടെ ഒളിപ്പോരാളികളുടെ ലൈംഗിക അടിമകളാക്കാനും ക്യാംപുകളിൽ പാചകമടക്കമുള്ള ജോലികൾ ചെയ്യിക്കാനുമായിട്ടാണ് അവർ തട്ടിക്കൊണ്ടുപോയത്.

അബൂബക്കർ ഷെക്കവു എന്ന കൊടുംഭീകരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ക്രൂരതകളുടെ വാർത്തകൾ പിന്നീട് പുറത്തുവന്നു. പെൺകുട്ടികളിൽ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളായിരുന്നു. ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത് കൂട്ടത്തിലുള്ള ഏതെങ്കിലും ഒരു തീവ്രവാദിയെ വിവാഹം കഴിക്കണമെന്നായിരുന്നു ഭീകരർ അവരോട് ആവശ്യപ്പെട്ടത്. ഇത് നിരാകരിച്ചവരിൽ പലരും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. പലരും മരണമടഞ്ഞു.

ഇസ്ലാമിക വിശ്വാസികളായ പെൺകുട്ടികളുടെയും അവസ്ഥ ദാരുണമായിരുന്നു എന്ന് അവിടെനിന്നും രക്ഷപ്പെട്ടെത്തിയവരിൽ ചിലർ പറയുന്നു. ബലാത്സംഗങ്ങൾക്ക് അവരും വിധേയരാകുന്നുണ്ട്. ഇതിനോടകം തന്നെ പല പെൺകുട്ടികളും ഗർഭം ധരിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്തിരിക്കുന്നു എന്നും അവർ വെളിപ്പെടുത്തുന്നു.ഇത്തരത്തിൽ ഭീകരന്മാരെ വിവാഹംകഴിക്കാൻ വിധിക്കപ്പെട്ട രണ്ട് മുസ്ലിം പെൺകുട്ടികളുടെ കദന കഥ അമേരിക്കൻ മാധ്യമം പുറത്തുവിട്ടിരുന്നു. ബോക്കോ ഹറാമിനെ പേടിച്ച് ആളുകൾ ഒഴിച്ചിട്ടുപോയ ഒരു വീട്ടിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. പരിമിതമായ തോതിലുള്ള ഭക്ഷണം മാത്രമാണ് ഇവർക്ക് ലഭിക്കുക. രക്ഷപ്പെടാൻ ശ്രമിച്ചാൽ മരണമായിരിക്കും ഫലം. രാവിലെ വീടുവിട്ടിറങ്ങുന്ന ഭർത്താക്കന്മാർ വൈകിട്ട് തിരിച്ചെത്തി ബലാത്സംഗം ചെയ്യുന്നതും പ്രതീക്ഷിച്ച് നിർവികാരരായി പകൽ തള്ളിനീക്കുകയാണ് ഈ സ്വപ്നങ്ങൾ കാണേണ്ട പ്രായത്തിലുമവർ.

തട്ടിക്കൊണ്ടുപോകും വഴി 57 പെൺകുട്ടികൾ ട്രക്കിൽ നിന്നും എടുത്തുചാടി ഓടി രക്ഷപ്പെട്ടു. നൈജീരിയൻ സർക്കാരും ബൊക്കോ ഹറാമും തമ്മിൽ നടന്ന പല ചർച്ചകൾക്കൊടുവിൽ പല വ്യവസ്ഥകളും പാലിച്ചുകൊണ്ട് 107 കുട്ടികളെ അവർ വിട്ടയച്ചു.112 പെൺകുട്ടികൾ ഇന്നും തിരിച്ചെത്തിയിട്ടില്ല. തങ്ങളിൽ നിന്നും പറിച്ചെടുത്തുകൊണ്ടു പോയ തങ്ങളുടെ മക്കളെയും കാത്ത് കണ്ണുനീർ വാർത്തിരിക്കുകയാണ് അത്രയും തന്നെ കുടുംബങ്ങൾ. അഞ്ചു നീണ്ട വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. ആ കുട്ടികളുടെ കൗമാരം നിർദ്ദയം അവരിൽ നിന്നും ഹനിക്കപ്പെട്ടുകാണും. അവരിൽ ഭൂരിഭാഗവും ഇപ്പോൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിക്കാണും. പലരും തങ്ങളെ ആക്രമിച്ചവരുടെ കുഞ്ഞുങ്ങളെ പ്രസവിച്ചുപോലും കാണും. ആറ്റുനോറ്റുണ്ടായി തങ്ങൾ താലോലിച്ചു വളർത്തിയ പെൺകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയിട്ട് അവരെ തിരിച്ചു പിടിക്കാൻ കാര്യമായ ഒരു പരിശ്രമവും നടത്താത്ത സർക്കാരുകളോട് അവർക്ക് കടുത്ത അമർഷമുണ്ട്. പലവിധത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളും ക്യാമ്പെയ്നുകളും മറ്റും നടത്തപ്പെട്ടിട്ടും ഒന്നും ഇന്നുവരെ ഫലം കണ്ടിട്ടില്ല.

പെൺകുട്ടികൾക്കായുള്ള തിരച്ചിലിൽ അമേരിക്കയും ചൈനയുമുൾപ്പെടെയുള്ള വൻ ലോകശക്തികളും ഇടപെട്ടിരുന്നു. സംഭവത്തെ തുടർന്ന് അന്നത്തെ നൈജീരിയൻ പ്രസിഡന്റ് ഗുഡ്‌ലുക്ക് ജോനാഥനെതിരേ വലിയ പ്രതിഷേധങ്ങളായിരുന്നു രാജ്യത്തിനകത്ത് നടന്നത്. ബോക്കോ ഹറാമിന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത സംഭവമായിരുന്നു ഇത്. ആഫ്രിക്കൻ രാജ്യങ്ങളിലെ പതിനഞ്ച് ലക്ഷം കുട്ടികളെ വിദ്യാഭ്യാസം തകർക്കാൻ ബോക്കോ ഹറാം കാരണമൊരുക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ യൂനിസെഫ് പുറത്തുവിട്ടിരുന്നു. ലോകത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത കോടിക്കണക്കിന് കുട്ടികളിൽ ഭൂരിഭാഗവും നൈജീരിയയിലാണ്.


കിഡ്നാപ്പ് കുടിൽ വ്യവസായമാവുമ്പോൾ

പൊലീസില്ല, പട്ടാളമില്ല. ആകെ അരാജകത്വം. ഈ അവസ്ഥയിലുടെയാണ് നൈജീരിയ അടക്കമുള്ള രാജ്യങ്ങൾ കടന്നുപോവുന്നത്. കൊള്ളക്കാർക്ക് പണം സമ്പാദിക്കാനുള്ള എളുപ്പവഴിയാണ് ഈ തട്ടിക്കൊണ്ടുപോകൽ. സ്‌കൂളുകളാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഈ മേഖലകൾ സായുധസംഘങ്ങളുടെ തട്ടിക്കൊണ്ടുപോവൽ, മോഷണം, ആക്രമണം തുടങ്ങിയവയ്ക്ക് നിരന്തരം ഇരകളാവുന്നു. ബോക്കോ ഹറാം സംഘം ഏറെ സജീവമായിരിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ ബോർനോ, അഡമാവ, യോബ് തുടങ്ങിയവയായിരുന്നു തുടക്കത്തിലെ സ്ഥിരം ആക്രമണബാധിത മേഖലകൾ. ഇപ്പോൾ മറ്റ് പ്രദേശങ്ങളിലും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ കേന്ദ്രം എന്നതിനാലാണ് ബോക്കോ ഹറാം സംഘടന നിരന്തരം സ്‌കൂളുകളെയും സർവകലാശാലകളേയും ലക്ഷ്യമിടുന്നത്.

ബോക്കോ ഹറാം' എന്ന പേരിന്റെ അർഥം തന്നെ 'പാശ്ചാത്യമായതെന്തും നിഷിദ്ധം' എന്നാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപനവും, വ്യാപനവുമാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. അതിനായി അക്രമത്തിന്റെ മാർഗമാണ് അവർ അവലംബിച്ചിരിക്കുന്നത് എന്നുമാത്രം. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈഡുഗൂരിയിൽ 2003ലാണ് ഇസ്ലാമിക സംഘടനയായ ബോക്കോ ഹറാം രൂപം കൊണ്ടത്. നൈജീരിയയ്ക്കുള്ളിൽ ഇസ്ലാമിക രാജ്യം രൂപവത്കരിക്കാനും സമ്പൂർണ ശരീയത്ത് നിയമം നടപ്പാക്കാനും ലക്ഷ്യമിട്ട് മുഹമ്മദ് യൂസഫ് എന്ന മതപണ്ഡിതനാണ് സംഘടന രൂപീകരിച്ചത്. രൂപീകരിച്ചെങ്കിലും 2009 മുതൽ മാത്രം സജീവമായ സംഘടനയാണ് ബോക്കോഹറാം. മതപാഠങ്ങൾക്കപ്പുറമുള്ള വിദ്യാഭ്യാസത്തെ എതിർക്കുന്നവരാണ് ബോക്കോഹറാം. പാശ്ചാത്യവിദ്യാഭ്യാസം, പരിണാമ സിദ്ധാന്തം, ബിഗ് ബാങ് സിദ്ധാന്തം എന്നിവയോടുള്ള നിരന്തരമായ എതിർപ്പിലൂടെയാണ് സംഘടന ശ്രദ്ധയാർജിക്കുന്നത്. പ്രാദേശികഭാഷയായ ഹൗസയിൽ ബോക്കോ ഹറാം എന്നതിന് പാശ്ചാത്യവിദ്യാഭ്യാസം പാപമാണ് എന്നാണ് അർഥം.

2009ൽ അബൂബക്കർ ഷെകാവു തലപ്പത്ത് എത്തിയതിന് ശേഷമാണ് സംഘടന അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. ആയിരക്കണക്കിന് ആളുകളെ വധിച്ചും സ്‌കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും നേരെ ആക്രമണമുയർത്തിയും പൊലീസിനും പട്ടാളത്തിനും മതപണ്ഡിതന്മാർക്ക് നേരെയും ആക്രമണമഴിച്ചുവിട്ടും സംഘടന വളർന്നു. 2013ൽ യുഎസ് വിദേശകാര്യ വകുപ്പ് ബോക്കോ ഹറാമിനം വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

2009 -ൽ നൈജീരിയയുടെ ഉത്തരഭാഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോരുന്ന ഈ സംഘടന നിരവധി കൊലപാതകങ്ങൾക്കും ബോംബാക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോവാളുകൾക്കും ഉത്തരവാദികളാണ്. ഇന്നുവരെ ഏകദേശം 27, 000 പേരോളം ഇന്നുവരെ ഇവരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപതു ലക്ഷത്തിൽപ്പരം പേർക്ക് വീടുവിട്ടോടേണ്ടി വന്നിട്ടുണ്ട്. ബുർഖയണിഞ്ഞ സ്ത്രീകളെ ചാവേർ ബോംബുകളാക്കി ഉപയോഗിക്കുന്ന പതിവും ബൊക്കോ ഹറാമിനുണ്ട്. നൈജീരിയയിൽ ബോക്കോ ഹറമാന്റെ ആക്രമണത്തിൽ ഇതുവരെ 30,000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 20 ലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. നൈജീരിയയിലും ബുക്കിനഫുസോയിലുമായി ആയിരങ്ങളെ ഈ ഭീകര സംഘടന കൊന്നു തള്ളുന്നു. കുഞ്ഞുങ്ങളെ അടക്കം നിഷ്‌ക്കരുണം കൊന്നുതള്ളുന്ന ഇക്കൂട്ടർ ഇന്ന് ലോകത്തെ ഏറ്റവും അപകടകാരിയായ ഭീകര സംഘടനയാണ്.


ക്രിസ്ത്യാനികളെ തെരഞ്ഞെടുപ്പിടിച്ച് കൊല്ലും!

കടുത്ത വർഗീയവാദികളാണ് ബോക്കോ ഹാമുകാർ. ലോകത്ത് എവിടെ എന്ത് പ്രശ്നം ഉണ്ടായാലും തലപോകുന്നത് നൈജീരിയയിലെ ക്രിസ്ത്യാനികൾക്കാണ്. നൂറുകണക്കിനാളുകളെ നിരത്തി നിർത്തി ഐസിസ് മോഡലിൽ തലവെട്ടിയും, ഇവർ കുപ്രസിദ്ധരാവാറുണ്ട്. നൈജീരിയയിലെ മുസ്ലിം തീവ്രവാദത്തിന് ഇരയായി കൊല്ലപ്പെട്ടത് ആയിരത്തിക്കണക്കിന് ക്രിസ്തീയ മതവിശ്വാസികളാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബൊക്കോ ഹറാമും- ഫലാനി തീവ്രവാദികളും ചേർന്നാണ് ഈ കൊലകൾ നടത്തിയത്. മുസ്ലിം നാടോടി സമൂഹമാണ് നൈജീരിയയിലെ ഫുലാനികൾ.

നൈജീരിയയിലെ സാമ്പത്തിക അസമത്വവും ഇവിടെ പ്രശ്നമാവുന്നു.
തങ്ങളുടെ കൃഷിഭൂമി കുറഞ്ഞുവരുന്നതും ആൾസംഘ്യ വർദ്ധിച്ച് വരുന്നതും കാരണം ഇവരിൽ ഒരു വിഭാഗം കർഷകരായ ക്രിസ്ത്യാനികളുടെ ഭൂമി പിടിച്ചെടുക്കുകയും അതിനെ എതിർക്കുന്നവരെ വകവരുത്തുകയുമാണ് ചെയ്യുന്നത്. 'നിങ്ങളുടെ ഭൂമി അല്ലെങ്കിൽ നിങ്ങളുടെ രക്തം' എന്നതാണ് ഇവരുടെ മുദ്രാവാക്യം. പ്രധാനമായും പ്ലാറ്റൂ, ബെന്യു, തരാബ, തെക്കൻ കാടുണ, ബൗച്ചി സംസ്ഥാനത്തെ ഏതാനും പ്രദേശങ്ങൾ, എന്നീ സ്ഥലങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളെയാണ് ഫുലാനി തീവ്രവാദി ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്.

നൈജീരിയയിൽ ബൊക്കോം ഹറാം തീവ്രവാദികളുടെ ആക്രമണം ഏറ്റവും അധികം നേരിടുന്ന രൂപതകളിലൊന്നാണ് വടക്കൻ നൈജീരിയയിലെ മൈദുഗുരി രൂപത. നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദം മൂലം 2015 ജൂൺ മുതൽ ഏതാണ്ട് 12,000 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഷപ്പ് ഡോയം പറയുന്നു. ബൊക്കോ ഹറാമിന് പുറമേ, ഇസ്ലാമിക ഗോത്രവർഗമായ ഫുലാനികളും ഐസിസുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റേൺ ആഫ്രിക്ക പ്രോവിൻസും ക്രൈസ്തവ വേട്ട തുടരുകയാണ്.

പക്ഷേ മുസ്ലീങ്ങളും തീവ്രവാദത്തിന്റെ ഇരകളാകുന്നുണ്ട്. 2013- 17 കാലഘട്ടത്തിൽ 5,247 മുസ്ലീങ്ങളെ ബൊക്കോം ഹറാം കൊലപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ സാഹേൽ മേഖല തീവ്രവാദികളുടെ പറുദീസയായി മാറുകയാണ്. ചാഡ്, മാലി, നിഗർ എന്നിങ്ങനെയുള്ള രാജ്യങ്ങളിലും തീവ്രവാദം വളരുകയാണ്.

ആഫ്രിക്ക പോളിയോ മുക്തമാകുന്നതിന് തടസം നിന്നിരുന്ന സംഘടന കൂടിയാണ് ബൊക്കോ ഹറാം തീവ്രാദികൾ. ബോക്കോ ഹറാമുമായുള്ള പോരാട്ടം ശക്തമായായ നൈജീരിയയുടെ ചില ഭാഗങ്ങൾ എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ബൊർനോ സംസ്ഥാനം .20 ലക്ഷത്തിലധികം ആളുകൾ ഇവിടെനിന്ന് നിന്ന് പലായനം ചെയ്തു. എന്നിട്ടും ആരോഗ്യ പ്രവർത്തകർ അവരെ തേടിയെത്തി. കാനോയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ബോക്കോ ഹറാം നടത്തിയ രണ്ട് വെടിവയ്പുകളിൽ 2013 ൽ ഒമ്പത് സ്ത്രീ പോളിയോ വാക്‌സിനേറ്റർമാർ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരുന്നു. അതിനിടെ നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ ശെഖാവോ കൊല്ലപ്പെട്ടു എന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് ജീവിച്ചിരിക്കുന്നുവെന്നും. ഇക്കാര്യത്തിലും ഒരു വ്യക്തയില്ല.

ഭരണകൂടം കൊഴിഞ്ഞുപോയ രാജ്യം

മാർക്സിയൻ തിയറികളിലൊക്കെ പറയുന്നതുപോലെ ഫലത്തിൽ ഭരണകൂടം കൊഴിഞ്ഞപോയ രാഷ്ട്രമാണ് നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് നൈജീരിയ എങ്കിലും ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം 2023ലെ നൈജീരിയയുടെ ദാരിദ്ര്യനിരക്ക് 38.9 ശതമാനമാണ്. ഏകദേശം 87 ദശലക്ഷം നൈജീരിയൻ ജനത ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, മരുന്ന് തുടങ്ങിയവയെല്ലാം ഇറക്കുമതി ചെയ്യുന്നു. ദശാബ്ദത്തിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒമ്പതോ പത്തോ മാസങ്ങൾക്ക് മുൻപ് ഒരു ലിറ്റർ പെട്രോളിന് കൊടുത്തതിനേക്കാൾ മൂന്നിരട്ടി വിലയാണ് ഇന്ന് കൊടുക്കേണ്ടത്.

അരിക്കും ഗോതമ്പിനും പച്ചക്കറികൾക്കുമെല്ലാം വില ഇരട്ടിയിലേറെയായി. ജീവിതച്ചെലവ് കൂടുന്നതിനനുസരിച്ച് ജനങ്ങളുടെ വരുമാനത്തിൽ വർധനവ് ഇല്ലാത്തതാണ് ദാരിദ്ര്യത്തിലേക്ക് നയിക്കുന്നത്. ഒപ്പം നിലവിലെ പ്രസിഡന്റ് ഹോല തിനുബു കഴിഞ്ഞ മെയ് മാസത്തിൽ അധികാരത്തിലേറിയതിന് പിന്നാലെ ഏർപ്പെടുത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം കാണാത്തതും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയേകി. 30 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ നിരക്കാണിത്. പ്രതിമാസ മിനിമം കൂലി നിരക്ക് 2019ൽ നിശ്ചയിച്ചതിനേക്കാൾ ഒട്ടും വർധിച്ചിട്ടില്ല. 30,000 നൈറ (20 ഡോളർ, 1800 ഡോളർ) ആണ് പ്രതിമാസ വേതന നിരക്ക്. 5.76 ശതമാനമാണ് നൈജീരിയയിലെ തൊഴിലില്ലായ്മ നിരക്ക്. 2013 മുതലാണ് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയത്.

തൊഴിലില്ലായ്മ, ദാരിദ്ര്യം, നിരക്ഷരത, മതം, രാഷ്ട്രീയം, അഴിമതി എന്നിവയാണ് വിദഗ്ദ്ധർ പറയുന്ന തട്ടിക്കൊണ്ടുപോകലിന്റെ മറ്റ് കാരണങ്ങൾ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം അധോലോകസംഘങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറായാൽ നൈജീരിയ നേരിടുന്ന കിഡ്‌നാപ്പിങ് പ്രതിസന്ധിയെ എന്നന്നേക്കുമായി നേരിടാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതും.

ദ ഗാർഡിയൻ പത്രത്തിന്റെ അഭിപ്രായ പ്രകാരം നൈജീരിയയുടെ ഒക്കെ അടിസ്ഥാന പ്രശ്നം സാമ്പത്തികമാണ്. ദാരിദ്രവും, മതമൗലികവാദവും ഒന്നിച്ച് ചേരുമ്പോഴുള്ള കോമ്പോയാണ് ഇവിടെ കാണുന്നത്. നാണയപ്പെരുപ്പം മൂലം അങ്ങോട്ട് ഒരു ബസ് ടിക്കറ്റും, ഇങ്ങോട്ട് ഒരു ബസ് ടിക്കറ്റും എന്ന അവസ്ഥയാണ് സുഡാനും, സോമാലിയയും പോലുള്ള രാജ്യങ്ങളിൽ. രാവിലെ കുടിച്ച ചായയുടെ വിലയേക്കാൾ പത്തുശതമാനം അധികമായിരിക്കും ഉച്ചക്ക്! ഈ രീതിയിൽ സാമ്പത്തികമായി തകർന്ന രാജ്യങ്ങളിൽനിന്ന് ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കുക.


വാൽക്കഷ്ണം: മതം എങ്ങനെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നതിന്റെ എറ്റവും നല്ല ഉദാഹരണമാണ് നൈജീരിയ. ശുദ്ധമായ മതം എന്നാൽ ശുദ്ധമായ ഭീകരതയാണ്. അത് വെള്ളം ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ടാണ് നാം അറിയാത്തത്. പെൺകുട്ടികൾ നൃത്തം ചെയ്യുന്നതിനെയും, സ്റ്റേജിൽ കയറുന്നതിനെയുമൊക്കെ പരിഹസിക്കുന്ന കേരളത്തിലെയും മൗലവിമാരിൽ നിങ്ങൾക്ക് ബോക്കോഹറാമിന്റെയും താലിബാന്റെയും അവശിഷ്ടങ്ങൾ കാണാം!