- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 സിനിമാക്കാരുള്ള അല്ലു കുടുംബത്തിലെ ഇളമുറക്കാരന്; അമ്മാവന് ചിരഞ്ജീവി; മൂന്നാം വയസ്സില്‍ തുടങ്ങിയ അഭിനയ ജീവിതം; തെലുങ്കില്‍ പൊളിഞ്ഞ ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴി മാറ്റിയെത്തുമ്പോള്‍ ഹിറ്റായ അദ്ഭുതം; മല്ലു അര്ജുന് എന്നും ഇരട്ടപ്പേര്; പുഷ്പയിലൂടെ ഡബിള്‍ ഫയര്‍; അറസ്റ്റ് വരിച്ച സൂപ്പര്‍സ്റ്റാര്‍; അല്ലു അര്‍ജുന്റെ കഥ
അറസ്റ്റ് വരിച്ച സൂപ്പര്‍സ്റ്റാര്‍; അല്ലു അര്‍ജുന്റെ കഥ
ഹൈദരാബാദ്: 2006 ല്‍ 'ഹാപ്പി' എന്ന പേരില്‍ തെലുങ്കില്‍ ഒരു ചിത്രം ഇറങ്ങി. അത് അവിടെ ശരാശരി വിജയം മാത്രമായിരുന്നു. പക്ഷേ അത് മൊഴിമാറ്റി കേരളത്തില്‍ ഇറക്കിയപ്പോള്‍ വിതരണക്കാര്‍ ഞെട്ടി. നൂറുദിവസത്തോളമാണ് ആ പടം കേരളത്തില്‍ ഓടിയത്. 2008ല്‍ ആര്യ 2വും തെലുങ്കില്‍ പരാജയപ്പെട്ടു. പക്ഷേ അത് കേരളത്തില്‍ വന്‍ വിജയമായി. അപ്പോഴാണ് കേരളത്തില്‍ അതിലെ നായകന് വലിയ മാര്‍ക്കറ്റുണ്ടെന്ന്, ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകം അറിയുന്നത്. ഇത് മലയാളത്തില്‍ മാത്രമല്ല, കന്നഡയിലും തമിഴിലും അവര്‍ത്തിച്ചു. സ്വന്തം ഭാഷയില്‍ പരാജയപ്പെടുന്ന ചിത്രങ്ങള്‍ മൊഴിമാറ്റി അന്യഭാഷകളില്‍ ഇറങ്ങുമ്പോള്‍ ഹിറ്റാകുന്ന അത്ഭുതം! അതാണ് അല്ലു അര്ജുന് എന്ന തെലുങ്ക് നടന്റെ വൈഭവം.
പൊതുവെ പുച്ഛിസ്റ്റുകളും, ദോഷൈകദൃക്കുകളുമാണ് മലയാളികള്‍ എന്നാണ് പറയുക. അവര്‍ ഒരാളെ അത്ര പെട്ടെന്നൊന്നും അഗീകരിക്കില്ല. തമിഴ്- തെലുങ്ക് സിനിമകളെ വെറും മസാലക്കൂട്ടുകളായാണ് അവര്‍ കാണാറുള്ളത്. പക്ഷേ അല്ലു അര്ജുനന് കേരളത്തിലെ കാമ്പസുകളിലടക്കം വന്‍ ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം മല്ലു അര്ജുന് എന്ന പേരിലും അറിയപ്പെടുന്നത്. അസാധാരണമായ സ്റ്റെല്‍, അപാരമായ മെയ്വഴക്കത്തോടെയുള്ള ഡാന്‍സ്. ആറുവയസ്സുള്ളപ്പോള്‍ മുതല്‍ ജിംനാസ്റ്റിക്സും ആയോധന കലയും പഠിച്ചതിന്റെ ഗുണം അയാളുടെ ഓരോ ചുവടുവെപ്പിലും കാണാം. അതുകൊണ്ടുതന്നെയാണ്, അല്ലു അര്ജുന് എന്ന ഈ 40കാരന് അടിക്കടി ഹിറ്റ് സിനിമകളിലൂടെ, ഇന്ത്യ മുഴുവന്‍ തിളങ്ങി നില്‍ക്കുന്നത്.
പുഷ്പ 2 സിനിമയുടെ റിലീസോടെ ബോക്സോഫീസില്‍ കളക്ഷനില്‍ പുതിയ റെക്കോര്‍ഡിട്ടും അല്ലുവിന്. എന്നാല്‍, സിനിമയുടെ പ്രമോഷനിടെ ആരാധിക മരിച്ച സംഭവത്തില്‍ അല്ലുവിനെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തിരിക്കയാണ്. ഇത് അല്ലുവിന്റെ ആരാധകരെ അസ്വസ്ഥരാക്കുമോ എന്ന് കണ്ടറിയണം. എന്നാല്‍, പോലീസ് നടപടികളോട് സഹകരിച്ചു കൊണ്ടാണ് അല്ലു പെരുമാറുന്നത്. സിനിമ സ്റ്റൈലിലാണ് അല്ലുവിന്റെ അറസ്റ്റും. ചാനലുകളില്‍ ബിഗ് ബ്രേക്കിംഗായി ഈ വാര്‍ത്ത കത്തിപ്പടരുന്നു. അത്രയ്ക്കുണ്ട് അദ്ദേഹത്തിന്റെ താരമൂല്യം.
12 സിനിമാക്കാരുള്ള അല്ലു കുടുംബം
ഇപ്പോള്‍ കേരളത്തില്‍ ധാരാളം അല്ലു അര്ജുന് ഫാന്‍സ് ക്ലബ്ബുകള്‍ നിലവിലുണ്ട്. എങ്ങനെയാണ് ഈ യുവ നടന് ഇത്രയേറ ആള്‍ക്കുട്ടത്തെ അകര്ഷിക്കാന് കഴിയുന്നത് എന്നത് ഇപ്പോഴും അത്ഭുതമാണ്. ചിരഞ്ജീവി, സഹോദരന് പവന് കല്യാണും, മകന് രാം ചരണ്‍ തേജയും, പ്രഭാസും, ജൂനിയര്‍ എന്‍ടിആറും അടങ്ങുന്ന തെലുങ്ക് സിനിമയില്‍, അവരെയെല്ലാം കടത്തിവെട്ടി, പാന്‍ ഇന്ത്യന്‍ താരമായിരിക്കയാണ് അല്ലു.
മുത്തച്ഛനും, അച്ഛനും അമ്മാവനുമെല്ലാം സിനിമാക്കാരായ ഒരു ചലച്ചിത്ര കൂടുംബത്തില്‍ നിന്നാണ് അല്ലു വരുന്നത്. 1983 ഏപ്രില്‍ 08 ന്, തെലുങ്കിലെ പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാവായ അല്ലു അരവിന്ദിന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി ചെന്നൈയില്‍ ജനനം. ബിസിനസുകാരന് അല്ലു വെങ്കിടേഷ് ജ്യേഷ്ഠനും, നടന് അല്ലു സിരീഷ് അനുജനുമാണ്. മുത്തച്ഛന് അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു. നമ്മുടെ നാട്ടില്‍ അടുര്ഭാസിയെപ്പോലെയൊക്കെ അറിയപ്പെടുന്നയാള്‍. അല്ലു രാമ ലിങ്കയ്യയുടെ മകളായ സുരേഖയെ 1980ലാണ് നടന് ചിരഞ്ജീവി വിവാഹം കഴിച്ചത്. അമ്മാവനായ ചിരഞ്ജീവിയും, സഹോദരന് പവന് കല്യാണും ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍ സ്റ്റാറുകളാണ്. ചിരഞ്ജീവിയുടെ മകനും, ആര്ആര്ആറിലുടെ ലോകംമുഴുവന്‍ അറിയപ്പെട്ട രാം ചരണ്‍ തേജ അല്ലുവിന്റെ കസിനും അടുത്ത സുഹൃത്തുമാണ്.
ഇങ്ങനെയൊക്കെ ആയിട്ടും അല്ലു അര്ജുന് ചെറുപ്പത്തില്‍ സിനിമയായിരുന്നു ഡാന്‍സ് ആയിരുന്നു ഏറെ ഇഷ്ടം. ചിരംഞ്ജീവി, മൈക്കിള്‍ ജാക്സന്, ഗോവിന്ദ എന്നിവര്‍ ആയിരുന്നു തന്റെ ചൈല്‍ഡ് ഹുഡ് ഹീറോകള്‍ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇവര്‍ മൂന്നുപേരുടെയും നൃത്തം ചെയ്യാനുള്ള കഴിവാണ് അല്ലുവിനെ ആകര്‍ഷിച്ചത്. പില്ക്കാലത്ത് ഒരു സൂപ്പര്‍ ഡാന്‍സര്‍ എന്ന പേരില്‍ അല്ലു ഉയരങ്ങള്‍ കീഴടക്കി. മലയാളത്തിലടക്കം അയാള്‍ക്ക് ഇത്രയേറെ ആരാധകരെ ഉണ്ടാക്കിയത്, ആ ഗുരുത്വാകര്‍ഷണ നിയമങ്ങളെ വെല്ലുവിളിക്കുന്നയായി തോന്നുന്ന ആ ചടുലമായ നൃത്തച്ചുവടുകയാണ്. പക്ഷേ എറ്റവും വിചിത്രം, അല്ലു എവിടെയും പോയി നൃത്തം പഠിച്ചിട്ടില്ല എന്നതാണ്.
ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. 'എല്ലാവരും ചോദിക്കാറുണ്ട് എന്റെ ഡാന്സിങ്ങിനെക്കുറിച്ച്. ഞാന്‍ എവിടെയും പോയി ഡാന്‍സ് പഠിച്ചിട്ടില്ല. ജന്മനായുള്ള കഴിവാണിത്. എന്നാല്‍, ഇത് പറയുമ്പോള്‍ ആരും വിശ്വസിക്കാറില്ല. ക്യാമറയ്ക്ക് മുന്നിലാണ് ആദ്യമായി ഡാന്‍സ് ചെയ്തത്. ഒരുപക്ഷേ, സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ടാവും ഈ ഡാന്‍സിങ് സ്കില്ലുമുണ്ടായത്''.
മൂന്നാം വയസ്സില്‍ തുടങ്ങിയ അഭിനയം
വിജേത എന്ന ചിത്രത്തില്‍ ബാലതാരമായാണ് അല്ലു അര്‍ജുന്റെ സിനിമാ പ്രവേശനം. അന്ന് വെറും മൂന്ന് വയസ്സായിരുന്നു പ്രായം. പിന്നീട് പഠനത്തിനുവേണ്ടി അഭിനയരംഗത്തുനിന്ന് മാറിനിന്നു. ചെറുപ്പത്തില്‍ അഭിനയം തന്റെ മനസ്സില്‍ ഇല്ലായിരുന്നുവെന്നും അല്ലു പറയുന്നുണ്ട്. ചെന്നൈയിലെ സെന്റ്. പാട്രിക് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ഹൈദരാബാദിലെ എംഎസ്ആര്‍ കോളേജില്‍ നിന്നും ബിബിഎ ബിരുദം നേടി. അക്കാലത്താണ് ലോക സിനിമയില്‍ ആനിമേഷന്‍ തരംഗം വന്നുതുടങ്ങുന്നത്. ആനിമേഷന്‍ പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിച്ച് അര്ജുന് കാനഡക്ക് പറക്കാന്‍ ആഗ്രഹിച്ചിരുന്നു. ടിക്ക്റ്റ് വരെ ശരിയാക്കി വെച്ച സമയത്താണ് ചിരഞ്ജീവിയുടെ വിളിയെത്തുന്നത്. അങ്ങനെ 2002ല്‍ ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അര്ജുന് അഭിനയിച്ചു.
പക്ഷേ തൊട്ടുടത്ത വര്‍ഷം കരിയര്‍ മാറ്റിയെഴുതിയ ആ ചിത്രം വന്നു. അല്ലു അര്ജുന് നായകനായുള്ള ആദ്യ ചലച്ചിത്രം, കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രി (സിംഹകുട്ടി) 2003- ല്‍ പുറത്തിറങ്ങി. ഇത് ശരാശരി വിജയം നേടി. അതോടൊപ്പം എം. എം. കീരവാണിയുടെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ അപ്പോഴും സിനിമയില്‍ ഉറച്ചു നില്‍ക്കണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നുവെന്ന് അല്ലു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
പക്ഷേ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന ആര്യ എന്ന ചിത്രം 2004 ല്‍ പുറത്തിറങ്ങി. ദില്‍ രാജു ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. സുകുമാര്‍ ആണ് ആര്യ സംവിധാനം ചെയ്തത്. ഈ ചിത്രം വളരെ വലിയൊരു വിജയം നേടി. യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരില്‍ ഭൂരിഭാഗവും യുവാക്കള്‍ തന്നെയാണ്. ദേവി ശ്രീ പ്രസാദ് ഈണം നല്കിയ ഗാനങ്ങളും ഈ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പ്രഭാസും, രവി തേജയുമൊക്കെ നിരസിച്ച ചിത്രമായിരുന്നു ഇതെന്ന് ഓര്‍ക്കണം.
ബണ്ണി തൊട്ട് ബദ്രീനാഥ് വരെ
2005 ല്‍ മൂന്നാമത്തെ ചിത്രമായ ബണ്ണി പുറത്തിറങ്ങി. ഇതും വന്‍ വിജയമായിരുന്നു. ഇതോടെയാണ് കേരളത്തിലടക്കം അല്ലു പ്രശസ്തനാവുന്നത്. ബണ്ണി അര്ജുന് എന്നുവരെ അദ്ദേഹത്തിന്റെ പേര് മാറി. നാലാമത്തെ ചിത്രമായ ഹാപ്പി 2006 ല്‍ പുറത്തിറങ്ങി. കരുണാകരനായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്. ആ ചിത്രം തെലുങ്കില്‍ ശരാശരിയായിരുന്നെങ്കിലും മറ്റുഭാഷകളില്‍ ഹിറ്റായി. 2007- ല്‍ അഞ്ചാമത്തെ ചിത്രമായ ദേശമുഡുരു (ഹീറോ) പുറത്തിറങ്ങി. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. ടോളിവുഡിലെ ആ വര്‍ഷത്തെ ആദ്യ വിജയവുമായിരുന്നു ഈ ചിത്രം. പുറത്തിറങ്ങിയ ആഴ്ചയില്‍ തന്നെ ഈ ചിത്രം 12.58 കോടി ഗ്രോസ് നേടി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവുമധികം ശേഖരിച്ച ചിത്രവുമായിരുന്നു ഇത്. അതേ വര്‍ഷം തന്നെ ചിരഞ്ജീവി നായകനായി അഭിനയിച്ച ശങ്കര്‍ദാദ സിന്ദാബാദ് എന്ന ചിത്രത്തില്‍ അതിഥി താരമായി അല്ലു എത്തി. 2008 മെയ് ല്‍ ആറാമത്തെ ചിത്രമായ പരുഗു (കൃഷ്ണ) പുറത്തിറങ്ങി. ഭാസ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് അല്ലുവിന് തെലുങ്കിലെ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചു.
വിജയങ്ങള്‍ മാത്രമല്ല, വലിയ തിരിച്ചടികളും എറ്റുവാങ്ങിയ നടനാണ് അല്ലു. 2004 ല്‍ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി ആര്യ 2 എന്ന പേരില്‍ 2009 ല്‍ അദ്ദേഹത്തിന്റെ അടുത്ത ചിത്രം പുറത്തിറങ്ങി. സുകുമാര്‍ സംവധാനം ചെയ്ത ചിത്രത്തിന് പക്ഷേ, ആദ്യ ചിത്രം പോലെ ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 2010 ല്‍ ഗുണശേഖര്‍ സംവിധാനം ചെയ്ത വരുഡു എന്ന വലിയ ബ്ജറ്റ് ചിത്രം പുറത്തിറങ്ങി. അത് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ഏറ്റുവും വലിയ നിരാശയായിരുന്നു. 18 കോടി രൂപ ചെലവ് ചെയ്ത് നിര്‍മ്മിച്ച ഈ ചിത്രം തെലുങ്ക് സിനിമിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.
വരുഡുവിന് ശേഷം അദ്ദേഹം വേദം എന്ന ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്തു. രാധാ കൃഷ്ണ ജഗര്‍ലാമുഡി സംവിധാനം ചെയ്ത ചിത്രം, തെലുങ്കിലെ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്കാരം രണ്ടാം തവണ അദ്ദേഹം നേടിക്കൊടുത്തു. വേദം സാധാരണ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടി. തന്റെ കാമുകിയെ ആകര്‍ഷിക്കാന്‍ മോഷണം നടത്തുന്ന കേബിള്‍ രാജുവെന്ന കഥാപാത്രം അല്ലുവിന്റെ അഭിനയ സ്കില്‍ കൂടിയാണ് കാണിച്ചുതന്നത്.
2011 ല്‍ വി.വി. വിനായക് സംവിധാനം ചെയ്ത ബദ്രിനാഥ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഗീത ആര്‍ട്സിന്റെ ബാനറില്‍, അല്ലു അര്‍ജുന്റെ അച്ഛനായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിച്ചത്. 40 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം തന്നെ ആ ചിത്രം 6.5 കോടി നേടി. അല്ലു അര്‍ജുന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനായിരുന്നു അത്. ഈ ചിത്രത്തിനായി അല്ലു മാര്‍ഷ്യല്‍ ആര്‍ട്സ് പ്രേത്യേകമായി പരിശീലിച്ചതൊക്കെ വാര്‍ത്തയായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ മുടക്കുമുതല്‍ ഉണ്ടായിട്ടും ബദ്രീനാഥ് സിനിമ ലാഭമായത്, അന്യഭാഷകളിലെ മൊഴിമാറ്റത്തോടെയായിരുന്നു. കേരളത്തിലും വന്‍ സ്വീകരണമാണ് ബദ്രീനാഥിന് കിട്ടിയത്. ഈ പടത്തോടെയാണ് സൂപ്പര്‍ സ്റ്റാര്‍ പദവി അല്ലുവിന് കിട്ടുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഫയറായി പുഷ്പയെത്തുന്നു
ആര്യയിലൂടെ ബ്രേക്ക് തന്ന സുകുമാര്‍ തന്നെയാണ് പുഷ്പയിലുടെ അല്ലുവിനെ പരാകായ പ്രവേശം നടത്തിച്ചത്. അതുവരെ ഒരു അര്‍ബന്‍ ചോക്ലേറ്റ് ബണ്ണിമാത്രമായിരുന്ന അല്ലു അര്ജുന്, തീര്‍ത്തും പ്രാകൃതനായ, ചന്ദനക്കൊള്ളക്കാരന്‍ പുഷ്പരാജ് ആയുള്ള, പകര്‍ന്നാട്ടം വിസ്മയിപ്പിക്കുന്നതായിരുന്നു. പുഷ്പ തമിഴിലും, തെലുങ്കിലും, മലയാളത്തിലും എന്നുവേണ്ട ഹിന്ദിയില്‍പോലും തരംഗം തീര്‍ത്തു.
ഇപ്പോഴിതാ പുഷ്പ 2 റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കയാണ്. തെലുങ്കു സിനിമയിലെ വലിയ പണംവാരി പടമായി ചിത്രം മാറിയിട്ടുണ്ട്. ചിത്രത്തില്‍ ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന നെഗറ്റീവ് ഷെഡുള്ള പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തിയത്. പുഷ്പരാജ് എന്നാണ് അല്ലു അര്‍ജുന്റെ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ സിനിമയിലെ സമീപകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അര്ജുന് നായകനായ പുഷ്പ 2. ഏഴു ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. 1000 കോടി എന്നത് താല്‍ക്കാലികമാണെന്നും ഈ സംഖ്യ ഉറപ്പായും മറികടക്കുമെന്നും അതാണ് തന്റെ ആഗ്രഹമെന്നും പറയുകയാണ് അല്ലു അര്ജുന് പറഞ്ഞിരുന്നു.
'1000 കോടി എന്ന സംഖ്യ സ്നേഹത്തിന്റെ പ്രതിഫലനം മാത്രമാണ്. ഈ കണക്കുകള്‍ എന്നെ കുറച്ച് മാസത്തേക്ക് സന്തോഷിപ്പിക്കും എന്നത് ഉറപ്പാണ്, എന്നാല്‍ ഇത് താല്ക്കാലികമാണ്, സ്നേഹം എപ്പോഴും നിലനില്ക്കും. അടുത്ത സമ്മറില്‍ ഈ 1000 കോടി മറ്റേതെങ്കിലും ചിത്രം മറികടക്കും, മറികടക്കണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. സിനിമാ വ്യവസായവും പുരോഗതി കൈവരിക്കണം' അല്ലു അര്ജുന് പറയുന്നു.
മലയാളികളോട് പ്രത്യേക സ്നേഹം
'നിങ്ങള്‍ മലയാളികള്‍ മറ്റ് ഏത് തെലുങ്ക് നടന് നല്കിയതിനെക്കാള് സ്നേഹം എനിക്ക് നല്കുന്നില്ലേ...? ആ സ്നേഹത്തിനുള്ള കടപ്പാട് എപ്പോഴുമുണ്ടാകും. മല്ലു അര്ജുന് എന്ന പേര് ഞാന്‍ ആസ്വദിക്കുന്നുണ്ട്'' -2020ല്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ അല്ലു പറയുന്നു. കുട്ടിത്താരമായി തുടങ്ങി, ഇപ്പോള്‍ നായകനെന്ന നിലയില്‍ തിളങ്ങുന്നതിനെ കുറിച്ച് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. '' ഇതൊരു യാത്രയാണ്. ആദ്യ സിനിമ തൊട്ട് അവസാനം പുറത്തിറങ്ങിയ ചിത്രം വരെയുള്ള ഓരോ ചിത്രവും ആസ്വദിക്കുന്നുണ്ട്. ഓരോ വേഷവും ഓരോ വെല്ലുവിളിയാണ്. ആ വെല്ലുവിളികള്‍ സന്തോഷത്തോടെ ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് എങ്ങനെ മികച്ച അനുഭവം സമ്മാനിക്കാനാവും എന്നതിനെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്.
മലയാളികള്‍ അവരുടെ ഹൃദയത്തില്‍ എനിക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട്. അവരുടെ സ്നേഹത്തിനും ലാളനയ്ക്കും എന്നും കടപ്പെട്ടിരിക്കും. ഈ സ്നേഹവും ലാളനയുമാണ് മല്ലു അര്ജുന് എന്ന പേരും സമ്മാനിച്ചത്. എനിക്ക് തോന്നുന്നത് മറ്റൊരു താരത്തെയും മലയാളികള്‍ ഇങ്ങനെ സ്വീകരിച്ചിട്ടില്ലെന്നാണ്. ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട്. ചര്‍ച്ചകളിലും മലയാള സിനിമകള്‍ കടന്നുവരാറുണ്ട്. ഒരുപാട് നല്ല നടന്മാരുള്ള നാടാണ് കേരളം. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഒരുപാട് മികച്ച യുവതാരങ്ങളുമുണ്ട്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, നിവിന്‍ പോളി... എല്ലാവരും ഒരുപാട് കഴിവുള്ള നടന്മാര്. എന്നാല്‍, എപ്പോള്‍ എന്റെ ഒരു മലയാളം സിനിമയുണ്ടാകും എന്ന് ചോദിച്ചാല്‍, ഒരു ഉത്തരം മാത്രമേയുള്ളൂ. ഒരു മലയാളി സംവിധായകനും ഇതുവരെ എന്നോട് കഥ പറഞ്ഞിട്ടില്ല. കുറേക്കാലമായി ഒരു മലയാളി സംവിധായകന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണ്.
റോളുകള്‍ യോജിച്ചാല്‍ ആരുടെ കൂടെ അഭിനയിക്കുന്നതിലും എനിക്ക് പ്രശ്നമില്ല. എന്നാല്‍, ആരുടെ കൂടെ അഭിനയിക്കണം എന്ന് ചോദിച്ചാല്‍, ഒരുപക്ഷേ, മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവനിരയില്‍ ആര്‍ക്കൊപ്പം എന്ന് ചോദിച്ചാല്‍, അത് പൃഥ്വിരാജിനൊപ്പമോ ദുല്‍ഖറിനൊപ്പമോ എന്നായിരിക്കും ഉത്തരം. മലയാള സിനിമ ഒരുപാട് മാറി. മികച്ച സിനിമകള്‍ സൃഷ്ടിക്കുന്ന ഹബ്ബായി മലയാളം ഇന്‍ഡസ്ട്രി മാറി. ഒരുപാട് നല്ല സംവിധായകരും നടന്മാരും മലയാളത്തില്‍ വന്നു. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയും നിവിന്‍ പോളിയുടെ പ്രേമവുമെല്ലാം ആസ്വദിച്ച് കണ്ട സിനിമകളാണ്. രാജ്യത്താകമാനം മലയാളം സിനിമകള്‍ ശ്രദ്ധ നേടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ബോളിവുഡ് താരങ്ങള്ക്കൊപ്പമിരിക്കുമ്പോഴും അവര്‍ മലയാള സിനിമയെക്കുറിച്ച് പറയാറുണ്ട്.''- അല്ലു പറയുന്നു.
തികഞ്ഞ ഫാമിലി മാന്‍
സാധാരണ സിനിമാ താരങ്ങളെക്കൊണ്ട് നിരവധി ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. പക്ഷേ അതിനൊന്നും ഇട കൊടുക്കാത്ത തികഞ്ഞ ഫാമിലിമാന് ആണ് അല്ലു. 2011 മാര്‍ച്ച് 6 നാണ്, അദ്ദേഹം സ്നേഹ റെഡ്ഡിയെ വിവാഹം ചെയ്തത്. ഒരു സുഹൃത്തിന്റെ വിവാഹ പാര്ര്ട്ടിയില്വെച്ച് കണ്ടുമുട്ടിയ അവളോട്് തോന്നിയ പ്രണയവും പിന്നാലെ നടന്നതും, വീട്ടുകാരുടെ എതിര്‍പ്പ് ഒരുവിധത്തില്‍ ഒതുക്കിയതുമെല്ലാം, ഒരു അഭിമുഖത്തില്‍ രസകരമായി അല്ലു പറയുന്നുണ്ട്. ഇന്നും സിനിമകഴിഞ്ഞാല്‍ തന്റെ ആദ്യ ആലോചന ഫാമിലിയെക്കുറിച്ചാണെന്ന് അദ്ദേഹം പറയുന്നു. അവധി ദിനങ്ങള്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ആഘോഷിക്കാനാണ്, ഈ സൂപ്പര്‍താരം ഇഷടപ്പെടുന്നത്.
യുവാക്കള്‍ക്ക് അല്ലുവിനെ ഇഷ്ടപ്പെടാനുള്ള ഒരു കാരണം അദ്ദേഹത്തിന്റെ ഓഫ് സ്ക്രീന്‍ പ്രസന്‍സ് കൂടിയാണ്. എന്തും മറയില്ലാതെ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് അയാള്‍. ഒരു ചലച്ചിത്ര ലോഞ്ചിനിടെ നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ അല്ലു ഇങ്ങനെ മറുപടി പറയുന്നു. 'എന്റെ ബന്ധുക്കള്‍ സിനിമാക്കാര് ആയത് തീര്‍ച്ചയായും എന്റെ സിനിമാ പ്രവേശനത്തെ സഹായിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ ഇവിടെ നിലനിന്നുപോവണമെങ്കില് കഴിവ് വേണം. ഞങ്ങളുടെ എല്ലാ ബന്ധുക്കളും നടന്മാരായിട്ടില്ലല്ലോ''- അല്ലുവിന്റെ ഈ മറുപടിക്ക് നല്ല കൈയടിയും കിട്ടി.
ഇന്ന് ഒരു സിനിമക്ക് 25 കോടിയോളം പ്രതിഫലം വാങ്ങുന്ന നടനാണ് അല്ലു. സ്വന്തമായി ബിസിനസുമുണ്ട്. ഹൈദരബാദിലെ ഒരു നൈറ്റ് ക്ലബിന്റെ ഉടമായാണ്. ലക്ഷ്വറി കാറുകളുെട ഡലീര് ഷിപ്പും ഉണ്ടായിരുന്നു. തികഞ്ഞ വാഹനകമ്പക്കാരനാണ് അല്ലു. 666 എന്ന നമ്പര്‍ കാറുകള്‍ക്ക് സ്ഥിരമായി നല്‍കും. അത് ഡെവിള്‍ നമ്പര്‍ അല്ലേ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് അത് സ്റ്റെല്‍ നമ്പര്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'സിനിമയിലെ ഉയര്‍ച്ചയും താഴ്ചയും എന്റെ ജീവിതത്തെ ബാധിക്കാറില്ല. താഴ്ചയില്‍ കൂടുതല്‍ ദുഃഖിക്കുന്ന അല്ലെങ്കില്‍ ഉയര്‍ച്ചയില്‍ കൂടുതല്‍ സന്തോഷിക്കുന്ന ഒരാളല്ല ഞാന്‍. അല്ലു അര്ജുന് എപ്പോഴും അല്ലു അര്‍ജുനാണ്. സിനിമയും വ്യക്തിജീവിതവും വേറെയായിട്ടാണ് കാണുന്നത്. രണ്ടും പരസ്പരം കൂടിച്ചേരാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് എന്റെ ലക്ഷ്യം.എന്റെ മൂഡിനനുസരിച്ചാണ് സിനിമകള്‍ തിരഞ്ഞെടുക്കല്‍. പരമാവധി ആളുകളെ രസിപ്പിക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ''- അല്ലു പറയുന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങുമോ?
പുഷ്പ ഒന്നിലെ അഭിനയത്തിന് അല്ലുവിന് ദേശീയ പുരസ്ക്കാരവും ലഭിച്ചിരുന്നു. അല്ലുവിന്റെ ഈ നാഷണല്‍ അവാര്‍ഡ് പല വിവാദങ്ങള്‍ക്കും തിരി കൊളുത്തിയിട്ടുണ്ട്. പ്രജാരാജ്യം എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി അത് വര്‍ക്ക്ഔട്ട് ആവാതായതോടെ കോണ്‍ഗ്രസിലേക്ക് മാറിയതാണ് നമ്മുടെ ചിരഞ്ജീവി. അദ്ദേഹത്തിന്റെ സിനിമകള്‍ ഒന്നും പഴയപോലെ വിജയിക്കുന്നില്ല. ഇപ്പോള്‍ തെലുങ്കിലെ പാന്‍ ഇന്ത്യന്‍ താരമായി കുതിക്കുന്നത് അല്ലുവാണ്. ഈ അല്ലുവിനെ റാഞ്ചാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും, അതിന്റെ ഭാഗമാണ് ഈ ദേശീയ അവാര്‍ഡ് എന്നും, വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഹോം എന്ന സിനിമിലെ ഇന്ദ്രന്‍സിനെയും, നായാട്ടിലെ ജോജുവിനെയുമൊക്കെ പിന്തള്ളിക്കൊണ്ട് അല്ലു, മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പൂരസ്ക്കാരം നേടുമ്പോള്‍ അത് അനര്‍ഹമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഓടുന്ന പാണ്ടിലോറിയെ കുരുക്കെറിഞ്ഞ് ഒറ്റയ്ക്കു തടഞ്ഞു നിര്‍ത്തുന്ന മഹാത്ഭുതം! ഗുരുത്വാകര്‍ഷണ നിയമങ്ങള്‍പോലും ബാധകമല്ലാതെ സ്്റ്റണ്ടു പാട്ടും ചെയ്യാന്‍ കഴിയുന്ന താരം. ആ മഹാത്ഭുതത്തെ അംഗീകരിക്കാത്ത അക്കാലത്തെ അവാര്‍ഡ് നിര്‍ണയ ലോബികള്‍ക്കെതിരായ കാലത്തിന്റെ തിരിച്ചടികൂടിയാണീ ദേശീയ അവാര്‍ഡ്. അല്ലെങ്കിലും ഇനിയുള്ള കാലം സ്വാഭാവികാഭിനയം ,യഥാതഥമായ കഥയും സിനിമയും എന്നൊന്നും പറഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല.''- ഇങ്ങനെയാണ് ഒരു ട്രോള്‍.
പക്ഷേ തനിക്ക് രാഷ്ട്രീയ മോഹങ്ങള്‍ ഒന്നുമില്ലെന്ന് അല്ലു നേരത്തെ പറഞ്ഞതാണ്. ടിആര്‍എസ് നേതാവ്, കഞ്ചര്ലാല് ചന്ദ്രശേഖര്‍ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യാപിതാവ്. ഇദ്ദേഹത്തിന്റെ ഒരു കണ്വെന്ഷന് സെന്റിന്റെ ഉദ്ഘാടനത്തിനായി പോയപ്പോള്‍, ചില രാഷ്ട്രീയക്കാരെ കണ്ടുവെന്നല്ലാതെ, ഇപ്പോള്‍ സിനിമയല്ലാതെ മറ്റൊന്നും തന്റെ മനസ്സിലില്ലെന്ന് അല്ലു പറഞ്ഞിരുന്നു.
അറസ്റ്റു വരിച്ച സൂപ്പര്‍സ്റ്റാര്‍
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അല്ലുവിനെ ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്ജുന് അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന് ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് ശേഷമാണ് അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. രേവതിയുടെ മരണത്തില്‍ അല്ലു അനുശോചനം അറിയിച്ചിരുന്നു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അല്ലു കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായത്.