- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാംഗോപാല്‍ വര്‍മ്മയുടെ ശിഷ്യന്‍; ഹിന്ദിയില്‍നിന്ന് മലയാളത്തിലെത്തിയ അപൂര്‍വത; അമ്പ്രല്ലാ നീരദ്, സ്ളോമോഷന്‍ നീരദ് എന്ന വിമര്‍ശനം അതിജീവിച്ചു; ബിഗ് ബിയിലുടെ മലയാള സിനിമയുടെ വ്യാകരണം മാറ്റിയ പ്രതിഭ; ജ്യോതിര്‍മയിയുമായി പ്രണയവിവാഹം; യൂത്ത് ഐക്കണ്‍ ഡയറക്ടര്‍ അമല്‍ നീരദിന്റെ കഥ
രാംഗോപാല്‍ വര്‍മ്മയുടെ ശിഷ്യന്‍; ഹിന്ദിയില്‍നിന്ന് മലയാളത്തിലെത്തിയ അപൂര്‍വത
എന്താണ് അമല്‍ നീരദ് എന്ന പേരിന്റെ അര്‍ത്ഥം! ഒരു ചലച്ചിത്ര സംവിധായകന്റെ പേരു ചികഞ്ഞുപോലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വരികയാണ്. താരാധിപത്യം കൊടികുത്തി വാഴുന്ന മലയാള സിനിമയില്‍ സംവിധായകന്റെ പേരുകൊണ്ടുമാത്രം, ജനം തീയേറ്ററിലെത്തുന്ന അത്ഭുതം ഇപ്പോള്‍ നടക്കയാണ്. കുഞ്ചാക്കോ ബോബനും, ഫഹദ് ഫാസിലും അടക്കമുള്ള താരങ്ങള്‍ ഉണ്ടെങ്കിലും 'ബൊഗേയ്്ന്‍വില്ല' എന്ന ഇപ്പോള്‍ തീയേറ്റില്‍ പൂത്തുലയുന്ന, ഹോളിവുഡ് സ്റ്റെലിലുള്ള മേക്കിങ്ങുമായി നമ്മെ വിസ്മയിപ്പിക്കുന്ന ചിത്രം അറിയപ്പെടുന്നത് ഒരു അമല്‍ നീരദ് ചിത്രമായാണ്. ഡയറക്ടറുടെ പേരില്‍ ചിത്രം അറിയപ്പെടുന്ന, പഴയ ഭരതന്‍-പത്മരാജന്‍- ഐ വി ശശി- ജോഷിക്കാലത്തേക്ക് മലയാള സിനിമയെ തിരിച്ചെത്തിക്കയാണ്, വിഭ്രമിപ്പിക്കുന്ന ഷോട്ടുകള്‍കൊണ്ടും, മൈന്യൂട്ട് ഡീറ്റെയിലിങ്ങിന്റെ പര്യായമായ സ്ലോമോഷനുകള്‍കൊണ്ടും, ഒരു പുതിയ വ്യാകരണം മലയാള സിനിമക്ക് നല്‍കിയ ഈ ചലച്ചിത്രകാരന്‍.
അമല്‍ എന്നാല്‍ മാലിന്യമില്ലാത്തത് എന്നാണ് ആര്‍ത്ഥം. മലയാള മനോരമക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അമല്‍ നീരദ് തന്റെ പേരിന്റെ ഉത്ഭവ കഥ പറതയുന്നുണ്ട്. '' അമല്‍ എന്നാല്‍ മാലിന്യമില്ലാത്തതാണ്. ഗണപതിയുടെ പര്യായം കൂടിയാണിത്. നീരദ് എന്നാല്‍, എന്നാല്‍, നീരദം, മേഘം എന്നൊക്കെയാണ് അര്‍ഥം. എന്റെ അച്ഛന്‍ (മഹാരാജാസ് കോളജ് മുന്‍ അധ്യാപകനും സാഹിത്യകാരനുമായ സാഹിത്യകാരനുമായ സി.ആര്‍. ഓമനക്കുട്ടന്‍) 'കുട്ടികള്‍ക്കുള്ള 5001 പേരുകള്‍' എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകം ഇറക്കും മുന്‍പൊരു ടെസ്റ്റ് ഡോസ് ആയിരുന്നു എന്റെ ഈ പേര്''- അമല്‍ പറയുന്നു.
സാഹിത്യകാരനായ പിതാവ്, കളങ്കമില്ലാത്ത മേഘം എന്ന അര്‍ത്ഥംവരുന്ന പേരിട്ട മകന്‍, ഇന്ന് മലയാള സിനിമയുടെയും മാണിക്യമായിരിക്കയാണ്. അമലിന്റെ ചിത്രങ്ങളെക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടങ്ങുന്നു. പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ തന്നെ തരംഗമാവുന്നു. ഓരോ ഷോട്ടുകളെക്കുറിച്ചും, മ്യുസിക്കിനെക്കുറിച്ചും, ഹിഡന്‍ മാജിക്കിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. ഒരു അമല്‍ നീരദ് ചിത്രത്തില്‍ ഒരു ചെറിയ വേഷമെങ്കിലും കിട്ടാന്‍ താരങ്ങള്‍ കാത്തുനില്‍ക്കുന്നു. ഒരു കഷ്ണം ഷോട്ട് കണ്ടാല്‍പോലും നമുക്ക് അത് അമല്‍നീരദിന്റെത് ആണെന്ന് വേറിട്ട് അറിയാന്‍ കഴിയും.
അമലിന്റെ പുതിയ ചിത്രമായ ബൊഗേയ്ന്‍വില്ല കാണുന്നതിടെ നാം അത്ഭുതപ്പെട്ടുപോകും, ഇത് ഒരു വിദേശ സിനിമായാണോ എന്ന്. മലയാള സിനിമയുടെ മനിമം ബജറ്റുവെച്ച്, എങ്ങനെ ഹോളിവുഡ് സ്റ്റെലില്‍ ചിത്രമെടുക്കാമെന്നതിന് ഉദാഹരണമാണ് ബിഗ് ബിയില്‍ തുടങ്ങി, ബൊഗെയ്ന്‍വില്ലയില്‍ എത്തി നില്‍ക്കുന്ന അമലിന്റെ ചലച്ചിത്ര ജീവിതം.
രാംഗോപല്‍ വര്‍മ്മയുടെ ശിഷ്യന്‍
സാധാരണ മലയാളത്തില്‍ പേരെടുക്കുന്നു, പിന്നെ തമിഴിലേക്ക് പോവുന്നു, അവിടെ നിന്ന് ഹിന്ദിയിലേക്ക്. ഇങ്ങനെയാണെല്ലോ, പ്രിയദര്‍ശനും സന്തോഷ് ശിവനും, രാജീവ് രവിയുമടക്കമുള്ള ബോളിവുഡില്‍ കഴിവ് തെളിയിച്ച, മലയാളികളുടെ വളര്‍ച്ച. എന്നാല്‍ അമല്‍ നീരദിന്റെത് റിവേഴ്സ് ഓഡറിലാണ്. ബോളിവുഡില്‍നിന്ന് മോളിവുഡിലേക്ക് വന്ന വിചിത്രമായ കരിയറിന്റെ കഥയാണ് അത്.
കോളജ് അധ്യാപകനും സാഹിത്യകാരനുമായ സി ആര്‍ ഓമനക്കുട്ടന്റെയും, എസ്. ഹേമലതയുടെയും മകനായി കൊല്ലത്താണ് അമല്‍ ജനിച്ചത്. 13 ഫെബ്രുവരി 1978 ആണ് ഡേറ്റ് ഓഫ് ബര്‍ത്ത്. അച്്ഛന്റെ സാഹിത്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കണ്ടുകൊണ്ടാണ് അമല്‍ വളര്‍ന്നത്. ആദ്യാലത്ത്, സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു സി ആര്‍ ഓമനക്കുട്ടന്‍. നാലു വര്‍ഷത്തിലേറെ കേരള സര്‍ക്കാരിന്റെ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍. പിന്നീട് ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം ലക്ചറര്‍. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളജില്‍ ജോലിചെയ്തു. 98 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്തു. ഇതിനിടെ നിരവധി പുസ്‌കതങ്ങള്‍ രചിച്ചു. ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സി.ആര്‍. ഓമനക്കുട്ടന്റെ ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന കൃതിക്കായിരുന്നു. (പില്‍ക്കാലത്ത് അമലിന്റെ 'കോമ്രേഡ്് ഇന്‍ അമേരിക്ക' എന്ന സിനിമയില്‍ പിതാവ്, കെ എം മാണിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഒരു മന്ത്രിയുടെ വേഷവും അഭിനയിച്ചു.)
പക്ഷേ പിതാവിന്റെ തട്ടകമായ സാഹിത്യമായിരുന്നില്ല, സിനിമിലും ഫോട്ടോഗ്രഫിയിലുമായിരുന്നു, അമലിന് ചെറുപ്പം മുതലേ ഭ്രമം. കൊച്ചിയിലായിരുന്നു, സ്‌കൂളും കോളജും. 1992-93, 1993-94 എന്നീ രണ്ട് തവണ തുടര്‍ച്ചയായി എറണാകുളം മഹാരാജാസ് കോളേജിന്റെ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. സജീവമായ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു അക്കാലത്ത്. അമലിന്റെ 'കോമ്രേഡ്് ഇന്‍ അമേരിക്ക' എന്ന ചിത്രത്തിലടക്കം മഹാരാജാസിന്റെ റഫറന്‍സ് കാണാം.
കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യ ബാച്ച് പഠിച്ചതാണ് അമലിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. അവിടുത്തെ ഡിപ്ലോമ ചിത്രമായ മീന ഝായ്ക്ക് (ഹ്രസ്വ ഫീച്ചര്‍ വിഭാഗം) 2001-ല്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് (പ്രത്യേക പരാമര്‍ശം) ലഭിച്ചു. ഇതോടെയാണ് അദ്ദേഹം അന്ന് കത്തി നില്‍ക്കയായിരുന്ന രാംഗോപാല്‍ വര്‍മ്മയുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ച്ചയായി മൂന്ന് ആര്‍ജിവി ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ച്, അമല്‍ നീരദ് ഹിന്ദി സിനിമയിലേക്ക് കടന്നു. ജെയിംസ് (2005), ഡാര്‍ന സറൂരി ഹേ (2006), ശിവ (2006). എല്ലാം ഒന്നിനൊന്ന് ശ്രദ്ധിക്കപ്പെട്ടു.
ബോളിവുഡില്‍നിന്ന് മോളിവുഡിലേക്ക്
ഇന്ന് രാംഗോപാല്‍ വര്‍മ്മയെപ്പോലെ, പുതുതായി വരുന്ന ചെറുപ്പക്കാര്‍ക്ക് ഒരുപാട് അവസരം നല്‍കുന്ന, പ്രൊഡ്യുസര്‍ കം ഡയറക്ടറാണ് അമല്‍. ഇതേക്കുറിച്ചുള്ള ചോദ്യത്തിലും തന്റെ ഗുരുവായ രാം ഗോപാല്‍ വര്‍മ്മയെ തന്നെയാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. മലയാള മനോരമയുമായുള്ള അഭിമുഖത്തില്‍ അമല്‍ ഇങ്ങനെ പറയുന്നു-'' എന്റെ ഗുരുവായ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ മുന്‍പു 'ദ് വീക്ക്' വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെയൊരു ചോദ്യമുണ്ട്. ഒട്ടേറെപ്പേര്‍ക്കു ബ്രേക്ക് നല്‍കിയല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത്, ഞാനാര്‍ക്കും ബ്രേക്ക് നല്‍കിയില്ല, പകരം അവരുടെയൊക്കെ ടാലന്റ് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ്. സിനിമ പഠിച്ചു തിരിച്ചെത്തിയ എനിക്ക് ആദ്യമായി അവസരം നല്‍കിയത് അദ്ദേഹമായിരുന്നു. അദ്ദേഹം അന്നു പറഞ്ഞതു മാത്രമേ ഇപ്പോള്‍ ഞാനും ആവര്‍ത്തിക്കുന്നുള്ളൂ. ആര്‍ക്കും അവസരം നല്‍കാനായി ഒന്നും ചെയ്യുന്നില്ല. അവരുടെ കഴിവു പരമാവധി ഉപയോഗിക്കുന്നുവെന്നുമാത്രം''- അമല്‍ നീരദ് പറയുന്നു.
തന്റെ ആദ്യത്തെ പാഷന്‍ ക്യാമറയോട് ആയിരുന്നുവെന്ന് അമല്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. കൗമാരക്കലത്തൊക്കെ കൊച്ചിയില്‍ വിദേശികള്‍ വില്‍ക്കുന്ന ക്യാമറയിലുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് തുടക്കം. ആ കമ്പമാണ് സിനിമയില്‍ എത്തിക്കുന്നത്.
2004-ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ക്യാമറാനായിക്കൊണ്ടാണ് അമല്‍ മലയാളത്തില്‍ അരങ്ങേറുന്നത്. ബോളിവുഡില്‍ മലയാളിത്തിളക്കം എന്ന രീതിയില്‍ അക്കാലത്തുവരുന്ന വാര്‍ത്തകള്‍ മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ എന്‍ട്രി എളുപ്പമാക്കി. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളും ക്രിമിനല്‍ സൈക്കോളജിയുമൊക്കെ പ്രമേയമായി വരുന്ന, ബ്ലാക്ക് ശ്രദ്ധേയ സിനിമയായി മാറി. ''അന്ന് ഇത് നിന്റെ നഗരത്തിന്റെ കഥയാണെല്ലോ. ഫ്രയിമുകള്‍ എങ്ങനെ വേണമെന്ന് നീ തീരുമാനിക്കണം' എന്ന് രഞ്ജിത്ത് പറഞ്ഞത്, തനിക്ക് ഏറെ ആത്വിശ്വാസം നല്‍കിയിയെന്ന് അമല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുവരെ മലയാളി കാണാത്ത ഒരു ക്യാമറാ പരീക്ഷണമായിരുന്നു ബ്ലാക്ക്. ഡെവിള്‍ കാര്‍ലോസ് പടവീടന്‍ എന്ന ലാലിന്റെ കഥാപാത്രവും, മമ്മൂട്ടിയുടെ കാരയ്ക്കാമുറി ഷണ്‍മുഖനുമൊക്കെ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിലുണ്ട്.
ഗ്രാമര്‍ തിരുത്തിയ ബിഗ് ബി
2007-ല്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന സിനിമയിലുടെ അമല്‍ ആദ്യമായി സംവിധാന വേഷമണിയുന്നത്. അന്ന് ചിത്രം ബോക്‌സ് ഓഫീസില്‍ ശരാശരി വരുമാനമേ നേടിയെയുള്ളു. പക്ഷേ ചിത്രത്തിന്റെ സ്റ്റൈലിഷ് ആഖ്യാനവും സാങ്കേതിക വൈഭവവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പില്‍ക്കാലത്ത് മലയാള സിനിമയില്‍ ഏറെ ശ്രദ്ധേയനായ സമീര്‍ താഹിറാണ് ചിത്രത്തിന് ക്യാമറ ചലപ്പിച്ചത്. അതുവരെ മുണ്ടുമടക്കിക്കുത്തി തല്ലുന്ന ഹീറോകളെ മാത്രം കണ്ട മലയാള സിനിമക്ക് പുതുമയായിയിരുന്നു, ഹോളിവുഡ് സ്റ്റെലിലുള്ള മമ്മൂട്ടി അടക്കമുള്ളവരുടെ എന്‍ട്രി. അമലിന്റെ സ്റ്റാമ്പിങ്ങ് ഷോട്ടുകളായ സ്ലോമോഷനും, ഫാസ്റ്റ് ഫോര്‍വേഡ് ശൈലിയുമൊക്കെ കണ്ട് പരമ്പരാഗത സിനിമാസ്വാദകര്‍ ഞെട്ടി. ഘോര ശബ്ദത്തില്‍ നെടുങ്കന്‍ ഡയലോഗുകള്‍ പറയുന്ന നായകനുപകരം, പതിഞ്ഞ താളത്തില്‍ ഒന്നോരണ്ടോ വാക്കുകള്‍ പറയുന്ന ഹീറോമാരുടെ തുടക്കം അവിടെനിന്നായിരുന്നു.
ഇറങ്ങിയ കാലത്ത് ശരാശരിയില്‍ ഒതുങ്ങിപ്പോയ ബിഗ് ബി, തൊട്ടടുത്ത വര്‍ഷങ്ങളിലായി സോഷ്യല്‍ മീഡിയ വിപ്ലവം കേരളത്തില്‍ നടന്നതോടെയാണ്, ഒരു ഐക്കോണിക്ക് പരിവേഷത്തിലേക്ക് മാറുന്നത്. ഡയലോഗുകള്‍കൊണ്ട് കഥ പറയുന്നതിന് പകരം ക്യാമറകൊണ്ട് കഥ പറയുന്ന രീതിയിലേക്ക് മലയാള സിനിമയുടെ ഗ്രാമര്‍ മാറ്റിയ ചിത്രം എന്ന് ഇതിനെകുറിച്ച് പഠനങ്ങള്‍ ഉണ്ടായി. റിലീസ് ചെയ്ത സമയത്ത് വലിയ ശ്രദ്ധയൊന്നും കിട്ടാതിരുന്നു തൂവാനത്തുമ്പികള്‍ അടക്കമുള്ള ചിത്രങ്ങളെപ്പോലെ, പില്‍ക്കാലത്ത് ബിഗ് ബിയും ഒരു ക്ലാസിക്ക് കള്‍ട്ടായി.
ഇന്നും യുവതലമുറക്കിടയില്‍, മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രമായി അറിയപ്പെടുന്നത് ബിഗ് ബിയാണ്. ബിലാല്‍ എന്ന ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായാണ് മമ്മൂട്ടി ഫാന്‍സായ ചെറുപ്പക്കാര്‍ ഏറ്റവും ആകാക്ഷയോടെ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കാഥാപാത്രത്തിനൊപ്പം തന്നെ വൈറലായ ഒന്നാണ് ബിലാലിന്റെയും മേരി ടീച്ചറിന്റെയും വീട്. സിനിമയുടെ ഹൈലേറ്റുകളിലൊന്നായിരുന്നു ഫോര്‍ട്ട് കൊച്ചിയിലെ റോസ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന വാസ്‌കോ ഹൗസ്. വെള്ള പെയിന്റടിച്ച ഭിത്തിയും യൂറോപ്യന്‍ സ്റ്റൈലിലുള്ള ജനാലകളും വാതിലുകളും വീട്ടിലെ ഹാളില്‍ നിന്ന് റോഡിലേക്കുള്ള സ്റ്റെപ്പുമാണ് ഈ വീടിനെ മനോഹരമാക്കിയത്. ഈ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ് കുരിശിങ്കല്‍ തറവാടായി ഈ വീടിനെ തെരഞ്ഞെടുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.
ബിഗ് ബി എന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തതോടെ വൈറലായ വീട് തേടി നിരവധിയാളുകളാണ് ഫോര്‍ട്ടു കൊച്ചിയിലെത്തുന്നത്. ഹെറിറ്റേജ് ഹോം ആയും വീട് പ്രവര്‍ത്തിച്ചിരുന്നു. വീട് കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമായിട്ടാണ് ഇവിടേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. വഴിയോട് ചേര്‍ന്ന ചെറിയ ഗേറ്റ് തുറന്ന് ആളുകള്‍ മുകളിലേക്ക് കയറുന്നത് പതിവായതോടെ വീടിന്റെ ഗേറ്റ് പൂട്ടിയിടുകയായിരുന്നു! അത്രക്ക് വലിയ തരംഗമാണ് ബിഗ് ബി ഉണ്ടാക്കിയത്.
അമ്പ്രല്ലാ നീരദ്, സ്ളോമോഷന്‍ നീരദ്
വാരിക്കോരി സിനിമ ചെയ്യുന്ന ചലച്ചിത്രകാരനല്ല അമല്‍. 20 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ അദ്ദേഹം, ആകെ പത്തുസിനിമകളാണ് ചെയ്തത്. ആദ്യ സിനിമ കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ്, വീണ്ടും സംവിധാനത്തിന് ഇറങ്ങിയത്. 1987-ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റണ്ട് എന്ന സിനിമയുടെ തുടര്‍ച്ചയായ മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കി ആയിരുന്നു അടുത്ത ചിത്രം. ഇതും സ്റ്റെലിഷ് മേക്കിങ്ങിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. ഷോട്ടുകളും, ഫ്രയിമുകളും നന്ന്, പക്ഷേ കഥ തട്ടിക്കൂട്ടിയത് എന്ന നിലയില്‍ ചിത്രം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. സാഗര്‍ ഏലിയാസ് ജാക്കിയില്‍, പില്‍ക്കാലത്ത് അമലിന്റെ ജീവിത സഖിയായ ജ്യോതിര്‍മയി ചെയ്ത ഡാന്‍സിനും അന്ന് വിമര്‍ശനമാണ് കിട്ടിയത്. 'എന്നും പട്ടുസാരിയുടുത്തുള്ള നൃത്തം മാത്രംപോരല്ലോ' എന്ന ആരാധകരുടെ ചിത്രത്തെക്കുറിച്ചുള്ള പരാമര്‍ശമൊക്കെ ട്രോള്‍ ആവുകയാണ് ഉണ്ടായത്.
2010-ല്‍ പൃഥ്വിരാജിനെ നായകനാക്കി എടുത്ത അന്‍വര്‍ സാമ്പത്തികമായി വിജയിച്ച ചിത്രമാണ്. അമല്‍ നീരദ് വ്യാവസായിക ലോകത്ത് ശ്രദ്ധിക്കപ്പെടുന്നതും ഇതോടെയാണ്. തുടര്‍ന്നാണ് അദ്ദേഹം അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം കമ്പനി തുടങ്ങിയത്. പക്ഷേ ഇതിന്റെ ആദ്യ ചിത്രമായ 'ബാച്ചിലര്‍ പാര്‍ട്ടി' വന്‍ ദുരന്തമായി. യാതൊരു കാര്യവുമില്ലാതെ, വെറുതെ ക്യാമറകള്‍കൊണ്ട് ഗിമ്മിക്ക് കാണിക്കുന്ന ഡയറക്ടര്‍ എന്ന രീതിയില്‍ അമല്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. മഴരംഗങ്ങളില്‍ കുട പ്രത്യേകമോഡലില്‍ നിവരുന്നതൊക്കെ പതിവായതോടെ, അമ്പ്രല്ലാ നീരദ്, സ്ളോമോഷന്‍ നീരദ് എന്നൊക്കെ അദ്ദേഹം പരിഹസിക്കപ്പെട്ടു.
ഇത്രയധികം മഴയുള്ള കേരളത്തില്‍, കുടകളുടെ ഷോട്ടുകള്‍ കാണിക്കുന്നതില്‍ എന്താണ് അസ്വഭാവികത എന്ന് ഒരു അഭിമുഖത്തില്‍, അമല്‍ ചോദിച്ചിരുന്നു. അതുപോലെ സിനിമയില്‍ മാത്രം കാണിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് സ്ലോമോഷനെന്നും അദ്ദേഹം പറഞ്ഞത് വായിച്ചിരുന്നു. പക്ഷേ വിമര്‍ശകര്‍ നിര്‍ദയം അമലിനെ ആക്രമിച്ച കാലമായിരുന്നു അത്.
ഇയ്യോബ് മുതല്‍ ബൊഗേയ്ന്‍വില്ലവരെ
പക്ഷേ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമലിന്റെ കരിയര്‍ തന്നെ മാറാന്‍ തുടങ്ങി.
2013-ല്‍ അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി ഫിലിമില്‍, ദുല്‍ഖര്‍ നായകനായ കുള്ളന്റെ ഭാര്യ എന്ന അമല്‍ സംവിധാനം ചെയത് ചിത്രം, വലിയ രീതിയില്‍ നിരൂപക പ്രശംസ പിടിച്ചുപറ്റി. ഇതേ ആന്തോളജിയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആമി എന്ന സെഗ്മെന്റിന്റെ ക്യാമറയും അമല്‍ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വിജയ ചിത്രങ്ങള്‍ വരാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 2014-ല്‍ ഫഹദ് ഫാസില്‍, ലാല്‍, ജയസൂര്യ എന്നിവര്‍ അഭിനയിച്ച ഇയ്യോബിന്റെ പുസ്തകം എന്ന പീരിയഡ് ത്രില്ലര്‍, മലയാളത്തിന് വേറിട്ട അനുഭവമായിരുന്നു. ബലമില്ലാത്ത തിരക്കഥ എന്ന അമല്‍ ചിത്രങ്ങളിലെ ദോഷം ഇവിടെ പരിഹരിക്കപ്പെട്ടു. ചിത്രം സാമ്പത്തികമായും വിജയമായി.
ഇയ്യോബിന്റെ സംവിധാനവും, നിര്‍മ്മാണവും മാത്രമായിരുന്നില്ല ക്യാമറയും അമലിന്റെതായിരുന്നു. അദ്ദേഹം ഇത്ര അധ്വാനിച്ച് നിര്‍മ്മിച്ച ചിത്രം വേറെയില്ലെന്നാണ് ഭാര്യ ജ്യോതിര്‍മയി ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഊണും ഉറക്കുമുമില്ലാത്ത ഈ ജോലി കണ്ട് അമ്മ, എല്ലാ ജോലിയും ഒന്നിച്ച് ചെയ്യരുതെന്ന് അമലിനോട് പറഞ്ഞ കാര്യം ജ്യോതിര്‍മയി അനുസ്മരിക്കുന്നുണ്ട്.
2017-ല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി എടുത്ത കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിഎഎ ഹിറ്റായി. ചിത്രത്തിന്റെ നിര്‍മ്മാതാവും അമല്‍ തന്നെയായിരുന്നു. പിന്നീട് 2018-ല്‍ ഫഹദ് ഫാസില്‍ നായകനായ വരത്തനും വിജയമായി. കലയും കച്ചവടവും ഒന്നിച്ച് കൊണ്ടുപോകുന്ന, മലയാളി സിനിമയില്‍ ലോഹി- ഭരതന്‍-പത്മരാജന്‍ യുഗത്തിനുശേഷം നഷ്ടമായ ധാര തിരിച്ചുവന്നുവെന്ന്, വരത്തനുശേഷം നിരൂപകര്‍ എഴുതാന്‍ തുടങ്ങി. അതിനിടെ ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായി അമല്‍ വീണ്ടും അന്‍വര്‍ റഷീദിനൊപ്പം കൈകോര്‍ത്തു. സാമ്പത്തികമായി വിജയമായില്ലെങ്കിലും, മലയാള സിനിമയുടെ ചിരിത്രത്തില്‍ രേഖപ്പെടുത്താവുന്ന അസാധാരണമായ ഒരു വര്‍ക്കായി ട്രാന്‍സ് മാറി.
പക്ഷേ ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അമലിന്റെ ഏറ്റവും വലിയ കൊമേര്‍ഷ്യല്‍ സക്സ്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 15 വര്‍ഷത്തിന് ശേഷം ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിനായി അമല്‍, വീണ്ടും മമ്മൂട്ടിക്കൊപ്പം ചേര്‍ന്നപ്പോള്‍ അത് ഒരു വലിയ ബോക്സോഫീസ് വിജയമായി. അതിനുശേഷം ഇപ്പോഴിതാ ബൊഗേയ്ന്‍വില്ല തീയേറ്ററുകളില്‍ പൂത്തുലയുകയാണ്.
ജ്യോതിര്‍മയിയുടെയും തിരിച്ചുവരവ്
ദിലീപിനൊപ്പം ചിങ്ങംമാസം പാടിയ, മീശമാധവനിലെ ആ നാട്ടില്‍ പുറത്തുകാരി സുന്ദരിയെ ഓര്‍മ്മയില്ലേ. അവിടെ നിന്ന് നരച്ച കുറ്റിത്തലമുടിയുമായി, സ്തുതി പാട്ടുമായി എത്തുന്ന ജോ്യതിര്‍മയിയുടെ മേക്ക് ഓവറും ഞെട്ടിക്കുന്നതാണ്. ബൊഗെയിന്‍വില്ല ഈ നടിയുടെ അതിശക്തമായ തിരിച്ചുവരവ് കൂടിയാണ്. അമലിന്റെയും ജ്യോതിര്‍മയിയുടെയും പ്രണയ വിവാഹമായിരുന്നു. അത് അവര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
''മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ അമല്‍ നീരദിനെ അറിയാം. ഒരു ചേട്ടന്‍, ഒരു ബിഗ് മാന്‍ എന്ന ആദരവായിരുന്നു അക്കാലത്ത്. എപ്പോഴും കലാപരിപാടികളും മറ്റുമായി ഒരു ആഘോഷമായിരുന്നു മഹാരാജാസ് കാലം. അന്ന് ഞാന്‍ പെയിന്റിങ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ആ രീതിയിലാണ് അമലിന് തന്നെ പരിചയം. പിന്നീട് ഞങ്ങള്‍ കണ്ടുമുട്ടുന്നത് അമല്‍, കൊല്‍ക്കത്തയില്‍ സത്യജിത്ത്‌റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് ബര്‍ലിനിലെ സ്‌ക്കോളര്‍ഷിപ്പും കഴിഞ്ഞു വന്ന സമയത്താണ്. അമല്‍ അന്നൊരു പരസ്യം ചെയ്തിരുന്നു. ആ പരസ്യത്തിനു വേണ്ടിയൊരു ഫോട്ടോ ഷൂട്ടുണ്ടായിരുന്നു. അതോടെ കുറച്ചുകൂടി ഫ്രണ്ട്ഷിപ്പായി. ഇടയ്ക്ക് പല കാര്യങ്ങളും സംസാരിക്കും. ചര്‍ച്ച ചെയ്യും. പഴയ മഹാരാജാസുകാര്‍ എന്ന അടുപ്പം ഉള്ളിലുണ്ടായിരുവെന്ന് തോന്നുന്നു- ജ്യോതിര്‍മയി പറയുന്നു.
പിന്നീട് തന്റെ ജീവിതത്തില്‍ ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി അടുത്തതെന്ന് ജ്യോതിര്‍മയി ഓര്‍ക്കുന്നു. -''വിവാഹമോചനത്തിനുശേഷം മനസ്സ് വല്ലാതെ തകര്‍ന്നു. ഡിവോഴ്‌സി ഒരു സ്ത്രീയാകുമ്പോള്‍ പല രീതിയിലാവും പ്രതികരിക്കുക. ഒട്ടും ജഡ്ജ് ചെയ്യാതെ അസുഖകരമായി തോന്നാത്തവിധം എന്നോടു പെരുമാറിയ ചില സുഹൃത്തുകളില്‍ പ്രധാനപ്പെട്ടയാളായിരുന്നു അമല്‍. മോര്‍ ദാന്‍ എ ഫ്രണ്ട് എന്നു തോന്നിത്തുടങ്ങിയത് അപ്പോഴാണ്. പതുക്കെ വളര്‍ന്നു വന്ന് ഗാഢമായി തീര്‍ന്ന സൗഹൃദം. പിന്നെ ഒരു സുഹൃത്തിനെക്കാളുപരിയായി തോന്നി. സൗഹൃദം, ആദരവ് എല്ലാം ചേര്‍ന്ന വികാരം. ഓരോ ദിവസവും ഞങ്ങള്‍ക്ക് തോന്നി മാനസികമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന്. അവസാനം ഞങ്ങള്‍ രണ്ടുപേരും ചിന്തിച്ചു. എന്തുകൊണ്ട് നമുക്കൊരുമിച്ച് ഒരു ജീവിതം ആരംഭിച്ചുകൂട''- ജ്യോതിര്‍മയി പറയുന്നു. 2015 ഏപ്രില്‍ 4 ന് അവരുടെ വിവാഹം ലളിതമായി നടന്നു.
''അമല്‍ റിസര്‍വ്ഡ് ആണ്. എനിക്ക് അമലുമായി ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഞാനായിത്തന്നെ തോന്നിയിട്ടുണ്ട്. ഞങ്ങളുടെ ഇഷ്ടങ്ങള്‍ തമ്മിലുമുണ്ട് ഏറെ സമാനതകള്‍. സിനിമ മാത്രമാണ് അദ്ദേഹത്തിന്റെ ലോകം. മറ്റൊന്നും അദ്ദേഹത്തെ എക്സൈറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ''- ജ്യോതി പറയുന്നു.
വിവാദങ്ങളെ ഒട്ടും ഭയക്കാത്ത സംവിധായകനാണ് അമല്‍. ട്രാന്‍സ്, ഭീഷ്മപര്‍വം, ബൊഗെയ്ന്‍വില്ല തുടങ്ങിയ ചിത്രങ്ങളുടെ പേരില്‍ മതവാദികളില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായി. കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ജാഗ്രതാ കമ്മീഷന്‍ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍, ഭീഷ്മ പര്‍വ്വം ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് വിമര്‍ശിച്ചിരുന്നു. പ്രധാന ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം, സ്വവര്‍ഗരതി, മദ്യം, വ്യഭിചാരം എന്നിവ ചിത്രീകരിക്കുന്നത് അവരെ നിഷേധാത്മകമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ ആരോപിച്ചത്. അതുപോലെ ബൊഗെയ്ന്‍വില്ലയിലെ 'സ്തുതി' എന്ന ഗാനത്തിനെതിരെയും പരാതി ഉയര്‍ന്ന. വിശുദ്ധ ക്രിസ്ത്യന്‍ ഗാനങ്ങള്‍ ദുരുപയോഗം ചെയ്ത് മതവികാരം വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നാണ് പരാതിയില്‍ പറയുന്നത്.
പക്ഷേ സിനിമ കണ്ടവര്‍ക്ക് അറിയാം, അതില്‍ വ്രണപ്പെടാന്‍ യാതൊന്നുമില്ലെന്ന്. അമല്‍ ആവട്ടെ ഇത്തരം വിവാദങ്ങളെ മൈന്‍ഡ് ചെയ്യുക പോലുമില്ല. എം കൃഷ്ണന്‍ നായരെ പണ്ട് ആരോ പുസ്തക ലമ്പടന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അത് കടമെടുത്താല്‍ അമല്‍ നീരദിനെയും ഒരു സിനിമാ ലമ്പടന്‍ എന്ന് വിശേഷിപ്പിക്കാം! സിനിമയല്ലാതെ അയാള്‍ക്ക് മറ്റൊരു ലോകമില്ല.
വാല്‍ക്കഷ്ണം: ഒരു പുതിയ സിനിമ ഇറങ്ങുകയാണെങ്കില്‍ ഇപ്പോള്‍ ഒരു പതിവുണ്ട്. ഉത്സവപ്പറമ്പിലെ തൈലം വില്‍പ്പനക്കാരെപ്പോലെ, സംവിധായകനടക്കം സകല ചാനലുകളിലും വന്നിരുന്ന് സിനിമാ കാണൂ എന്ന് വായിട്ടലച്ച് ആളെക്കൂട്ടുന്ന പരിപാടി. അമലിനെ അതിനും കിട്ടാറില്ല. തന്റെ സിനിമ നന്നെങ്കില്‍ ജനം കാണുമെന്ന് വിശ്വസിച്ച് അയാള്‍, നിശബ്ദനായി ജോലിനോക്കുന്നു.