- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയില്‍നിന്ന് പാക്കിസ്ഥാനിലേക്കും ഭീകരവാദ കയറ്റുമതി! 'പാര്ട്ടിമാന്' മതം പഠിച്ചപ്പോള്‍ തീവ്രവാദി; ബ്രിട്ടനിലെ സാക്കിര്‍ നായിക്കിന് പിടിവീഴുമ്പോള്‍
ഒരു ഇസ്ലാമിക പണ്ഡിതനില്‍നിന്ന് ജിഹാദിയിലേക്കുള്ള ദൂരം എത്രയാണ്? ബ്രിട്ടനിലെ മുസ്ലിം പണ്ഡിതനും മതപ്രഭാഷകനുമായ അന്‍ജെം ചൗധരിയുടെ ജീവിതം ഉയര്‍ത്തുന്ന ചോദ്യം അതാണ്. 'യു കെയിലെ സാക്കിര്‍ നായിക്ക്' എന്ന് അറിയപ്പെട്ടിരുന്ന, പാക് വംശജനായ ചൗധരി, മതപ്രഭാഷണങ്ങളുടെ മറവില്‍, ഐസിസിലേക്കും അല്ഖായിദയിലേക്കുമൊക്കെ റിക്രൂട്ട്മെന്റ് നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച കുറ്റത്തിന് അന്‍ജെം ചൗധരി കുറ്റക്കാരനെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തിയിരിക്കയാണ്. യു കെ ഭീകര വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ട അല്‍ മുഹാജിരോണ്‍ എന്ന സംഘടനയെ പിന്തുണക്കുകയും, നയിക്കുകയും ചെയ്തു എന്നതാണ് ഇയാളില്‍ ചുമത്തപ്പെട്ട മറ്റൊരു കുറ്റം. വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ക്ക് മറ്റൊരു നിരോധിത സംഘടനയില്‍ അംഗത്വം ഉള്ളതായും തെളിഞ്ഞു. 2014 ന് ശേഷം ദീര്‍ഘകാലം ഇയാള്‍ അല്‍ മുഹാജിരോണിനെ നയിക്കുകയും ഓണ്‍ലൈങ് മീറ്റിംഗുകള്‍ സംഘടിപ്പിച്ച് മറ്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ജീവപര്യന്തം തടവാണ് ഇയാള്‍ക്ക് ലഭിച്ചേക്കാവുന്ന ശിക്ഷ.
ഇന്ന് യു കെയില്‍ മാത്രമല്ല, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്, നെതര്‍ലന്‍ഡ് തുടങ്ങിയ, ലോക സമാധാന സൂചികകളില്‍ ഒന്നാമതെത്താറുള്ള, രാജ്യങ്ങളില്‍പോലും പ്രധാന ഭീഷണി ഇസ്ലാമിക തീവ്രവാദമാണ്. യൂറോപ്പിലേക്ക് ജിഹാദി ആശയങ്ങള്കൊണ്ടുവന്ന് ഒരു തലമുറയെ വഴിതെറ്റിച്ച, വ്യക്തിയായിട്ടാണ് അന്‍ജെം ചൗധരി വിലയിരുത്തപ്പെടുന്നത്. ഡോക്ടറാവാന്‍ വേണ്ടി പഠിച്ച് ഒടുവില്‍ ജിഹാദി പ്രസംഗികനായ അന്‍ജെം ചൗധരിയുടെ ജീവിതവും അസാധാരണമായിരുന്നു. മതതീവ്രവാദം എങ്ങനെ മനുഷ്യനെ വഴിതെറ്റിക്കുന്നുവെന്നതിന്റെ കൃത്യമായ കേസ് സ്റ്റഡി കൂടിയാണ് അത്.
പാര്‍ട്ടി മാന്‍ ദീനിയായപ്പോള്!
സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബെക്സ്ലിയിലെ വെല്ലിങ്ങില് 1967 ജനുവരി 18-ന് പാകിസ്ഥാന് വംശജരായ മുസ്ലീം ദമ്പതികളുടെ മകനായാണ് അന്‍ജെം ചൗധരി ജനിച്ചത്. പിതാവ് സ്റ്റോക്ക് മാര്‍ക്കറ്റ് ബ്രോക്കര്‍ ആയിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബി മുസ്ലീങ്ങളായിരുന്ന അവര്‍, 1947-ലെ വിഭജന സമയത്ത് കിഴക്കന്‍ പഞ്ചാബില്‍ നിന്ന് അവര്‍ യുകെയിലേക്ക് കടക്കയായിരുന്നു.
വൂള്‍വിച്ചിലെ മള്‍ഗ്രേവ് പ്രൈമറി സ്കൂളിലാണ് ചൗധരി പഠിച്ചത്. പഠനത്തില്‍ മിടുക്കയായിരുന്ന അവന് പിന്നീട് ബാര്‍ട്ട്സ് മെഡിക്കല്‍ സ്കൂളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. അവിടെ പഠിക്കുമ്പോള്‍ മദ്യപാനത്തിലും മയക്കുമരുന്നു ഉപയോഗവുമൊക്കെയായി ശരിക്കും ഒരു പാര്‍ട്ടി മാന്‍ ആയിരുന്നു ചൗധരി. തന്റെ ജീവിത കഥ പറയുന്ന ഒരു വീഡിയോയില്‍ അയാള്‍ പറയുന്നത്, താന്‍ അക്കാലത്ത് ഒരു 'പാര്‍ട്ടി ആനിമല്‍' ആയിരുന്നുവെന്നാണ്. ആധുനിക വേഷങ്ങള്‍ ധരിച്ച് അടിച്ചുപൊളിച്ച് നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആ യുവാവിന് അക്കാലത്ത് നോമ്പും നിസ്ക്കാരവും പോലും ഇല്ലായിരുന്നു!
അങ്ങനെ ഒഴപ്പി പഠിക്കുന്നതിനാല്‍ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്ന് ഉറപ്പായി. പരീക്ഷകളില്‍ തുടര്‍ച്ചയായി തോറ്റു. അതോടെ മെഡിക്കല്‍ പഠനം പാതി വഴിക്കിട്ട് ചൗധരി, തനിക്ക് ഇഷ്ടമുള്ള നിയമ പഠനത്തിലേക്ക് മാറി. അതില്‍ വിജയിച്ചു. ചൗധരി ഒരു നിയമ സ്ഥാപനത്തില്‍ ജോലി കണ്ടെത്തി, പിന്നീട് സൊസൈറ്റി ഓഫ് മുസ്ലിം ലോയേഴ്സിന്റെ ചെയര്‍മാനായി.
1996 മുതലാണ് താന്‍ മതത്തില്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങിയത് എന്നാണ് ചൗധരി പറയുന്നത്. ചില ഇസ്ലാമിക പുസ്തകങ്ങള്‍ വായിച്ചതിന്റെ പ്രേരണമൂലമാണ് പള്ളിയില്‍ പോവാന്‍ തുടങ്ങിയത്. അങ്ങനെ, വൂള്‍വിച്ചിലെ ഒരു പള്ളിയില്‍ വെച്ചാണ് അദ്ദേഹം സിറിയന്‍ വംശജനായ ഇസ്ലാമിസ്റ്റ്, ഷെയ്ഖ് ഒമര്‍ ബക്രി മുഹമ്മദിനെ കണ്ടത്. അതോടെയാണ് ചൗധരിയുടെ ജീവിതം യു ടേണ്‍ അടിക്കുന്നത്. ബക്രി നിസ്സാരക്കാരനായിരുന്നില്ല. തികഞ്ഞ ജിഹാദി ആശയങ്ങുള്ള ഒരു തീവ്ര ഇസ്ലാമിസ്റ്റായിരുന്നു. 1983-ല്‍ സൗദി അറേബ്യയില്‍ അല്‍ മുഹാജിറൗണ്‍ എന്ന തീവ്രവാദ സംഘടനയൂണ്ടാക്കിയ ആളാണ് ബക്രി മുഹമ്മദ്. പക്ഷേ അത് സൗദി പിടിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം, സൗദി പുറത്താക്കിയപ്പോള്‍ അദ്ദേഹം യുകെയില്‍ എത്തി. തനിക്ക് പറ്റിയ കൂട്ടാളിയായി ബക്രി ചൗധരിയെ കണ്ടു. സത്യത്തില്‍ ചൗധരിയുടെ ഗരുകൂടിയാണ് ബക്രി. സലഫിസത്തിലേക്ക് അയാളാണ് ചൗധരിയെ നയിക്കുന്നത്്. അതോടെ മദ്യപാനവും, പാര്‍ട്ടികളുമൊക്കെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് ചൗധരി, താടി വളര്‍ത്തി തികഞ്ഞ ഒരു ഇസ്ലാമിസ്റ്റായി രൂപാന്തരപ്പെട്ടു!
ഇതൊക്കെ ചൗധരി തന്നെ സ്വയം സമ്മതിച്ച കാര്യമാണ്. "ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു. അള്ളാഹു എന്നോട് പൊറുത്തതാണ് എന്റെ മാനസാന്തരം എന്ന് മനസ്സിലായി. അതോടെയാണ് ശിഷ്ടകാലം ഇസ്ലാമിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചത്"- ഒരു പ്രസംഗത്തില്‍ ചൗധരി തന്റെ പൂര്‍വാശ്രമം അനുസ്മരിച്ചു.
പൊട്ടന്‍ഷ്യല്‍ ജിഹാദിസത്തിലേക്ക്
മദ്യപാനവും, പുകവലിയുമൊക്കെ ഉപേക്ഷിച്ച്, മാന്യനായി പള്ളിയിലൊക്കെ പോയി കുടുംബം നോക്കുന്ന ഒരു സാധാരണ മനുഷ്യനായി അദ്ദേഹം മാറിയിരുന്നെങ്കില്‍ ആര്‍ക്കും ഒരു ഉപദ്രവവും ഇല്ലായിരുന്നു. പക്ഷേ തന്റെ ശിഷ്ടകാല ജീവിതം, ലോകം മുഴുവന്‍ ശരിയ്യ നിയമത്തിന്റെ കാല്ക്കീഴിലാക്കാന് സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി സമാധാനത്തിന്റെ വഴിയല്ല അവര്‍ തിരഞ്ഞെടുത്തത്.
ചൗധരിയും മുഹമ്മദും ചേര്‍ന്ന് 1996-ല്‍ യുകെയില്‍ അല്‍ മുഹാജിറൗണ്‍ രൂപീകരിച്ചു. നേരത്തെ ഇത് സൗദിപോലും നിരോധിച്ചതാണെന്ന് ഓര്‍ക്കണം. ശരിക്കും ഒരു ലക്ഷണമൊത്ത സലഫി ജിഹാദിസ്റ്റ് സംഘടനയാണ് അതെന്നാണ്, ബ്രിട്ടീഷ് കോടതിയടക്കം വിലയിരുത്തിയത്. സ്വവര്‍ഗാനുരാഗത്തോടുള്ള എതിര്‍പ്പ്, യഹൂദവിരുദ്ധത, സ്ത്രീ വിദ്യാഭ്യാസത്തോടും ജനാധിപത്യത്തോടുമുള്ള വിയോജിപ്പ് എന്നിങ്ങനെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ എല്ലാ അജണ്ടകളും അതില്‍ ഉണ്ടായിരുന്നു.
ലോകമെമ്പാടുമുള്ള മുസ്ലിംകളെ ഒന്നിപ്പിക്കാന്‍ ഈ സംഘം പ്രചാരണം നടത്തി. ഒരു ജനാധിപത്യരാഷ്ട്രമായ ബ്രിട്ടനില്‍പോലും മുസ്ലീങ്ങള്‍ക്ക് ശരിയ്യ വേണമെന്ന് അവര്‍ പരസ്യമായി വാദിക്കാന്‍ തുടങ്ങി. ആയിരങ്ങള്‍ പങ്കെടുക്കന്ന വലിയ റാലികളെ ചൗധരി അഭിസംബോധന ചെയ്തു. മതം നിറഞ്ഞ് തുളുമ്പുന്ന, എന്നാല്‍ പാശ്ചാത്യ ശക്തികള്‍ തങ്ങളെ പീഡിപ്പിക്കുന്നു എന്ന ഇരവാദവും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. വളരെ പെട്ടെന്ന് ചൗധരി സാക്കിര്‍ നായിക്കിനെപ്പോലെ വളര്‍ന്നു. ബ്രിട്ടനില്‍ മാത്രമല്ല, യൂറോപ്പില്‍ മൊത്തമായി അദ്ദേഹത്തിന് ആരാധകര്‍ വര്‍ധിച്ചു. ഇസ്ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ച് ഹലാലും ഹാറാമും നിശ്ചയിക്കുന്നതിലൊക്കെ അദ്ദേഹം അവസാനവാക്കായി. സെപ്്റ്റമ്പര്‍ 11-ന്റെ ഭീകരാക്രമണത്തിനുശേഷം, കടുത്ത രീതിയില്‍ ക്രിസ്റ്റിയാനിറ്റിയെയും, മറ്റു മതസ്ഥരെയുമൊക്കെ വിമര്‍ശിക്കുന്ന ഒരു പ്രഭാഷകനായി അദ്ദേഹം മാറി.
1996-ല്‍ ചൗധരി, റുബാന അക്തറിനെ വിവാഹം കഴിച്ചു, അവരം ചൗധരി നയിച്ചിരുന്ന അല്‍ മുഹാജിറൗണില് ചേര്‍ന്നു. പിന്നീട് അവര്‍ ഗ്രൂപ്പിന്റെ സ്ത്രീകളുടെ തലവനായിത്തീര്‍ന്നു. ദമ്പതികള്‍ക്ക് നാല് കുട്ടികളുണ്ട്.
ഐസിസിലേക്ക് റിക്രൂട്ട്മെന്റ്
പാക്കിസ്ഥാനില്‍നിന്ന് ജിഹാദിസം യു കെയിലേക്ക് കൊണ്ടുവരികയല്ല, ഇവിടെ നിന്ന് പാക്കിസ്ഥാനിലേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുന്ന പണിയാണ്, ചൗധരി എടുത്തത് എന്നാണ്, പ്രമുഖ മാധ്യമമായ സ്കൈ ന്യൂസ് പറയുന്നത്. യുകെയിലെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍, പര്‍വേഷ് മുഷറഫ് പാക് പ്രസിഡന്റായിരുന്നപ്പോള്‍, സൈന്യത്തിലെ ഉന്നതര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നിരുന്നു. 2000-ത്തിന്റെ മധ്യത്തില്ൗ ബ്രിട്ടീഷ് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹിസ്ബുത്-തഹ്രീറിനൊപ്പമാണ്, അല്മുഹാജിറൗണ് പാകിസ്ഥാനില്‍ എത്തുന്നത്. മുഷറഫ് സര്‍ക്കാര്‍ നിരോധിക്കുന്നതുവരെ, പാകിസ്ഥാന് സൈന്യത്തില്‍ നിരവധി പേരെ അവര്‍ റിക്രൂട്ട് ചെയ്തു. ഇതിന്റെ പേരില്‍ ബ്രിഗേഡിയര്‍ അലി ഖാനെയും, എയര്‍ഫോഴ്സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ഷാഹിദ് ബഷീറിനെയും അറസ്റ്റ് ചെയ്തിരുന്നു. നോക്കണം, രാജസ്ഥാന് മരുഭൂമിയിലേക്ക് വീണ്ടും മണലടിക്കുന്നു.
ഇസ്ലാമിക ഭീകരതക്ക് ഒട്ടും പഞ്ഞമില്ലാത്ത പാക്കിസ്ഥാനിലേക്ക് ലണ്ടനില്‍നിന്ന് ഭീകരത കയറ്റുമതി ചെയ്യുന്നു!
90-കളിലെ ബ്രിട്ടന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ജിഹാദി സംഘടനകള്‍ക്ക് വളരുക എളുപ്പമായിരുന്നു. മുസ്ലീം വോട്ട് ബാങ്കിനുവേണ്ടി ലേബര്‍ പാര്‍ട്ടിവരെ ചൗധരിയെ പ്രോല്‍സാഹിപ്പിച്ചുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. 1999 നവംബര്‍ 7-ന് ദി സണ്‍ഡേ ടെലഗ്രാഫ്, ബ്രിട്ടനിലെ രഹസ്യ സ്ഥലങ്ങളില്‍ ചില മുസ്ലീങ്ങള്‍ ആയുധ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഈ കേന്ദ്രങ്ങളില്‍ പരിശീലനം നേടിയവരില്‍ ഭൂരിഭാഗവും പിന്നീട് ഒസാമ ബിന്‍ ലാദന്റെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഫ്രണ്ടിനുവേണ്ടി ചെച്നിയയില്‍ പോരാടുമെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മറ്റുള്ളവര്‍ കൊസോവോ, സുഡാന്, സൊമാലിയ, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോരാടും. ഈ പരിശീലന കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ അന്‍ജെം ചൗധരി ഒരു പ്രധാന വ്യക്തിയാണെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഈ വാര്‍ത്തയോടെയാണ് ചൗധരിയുടെ തനി നിറം ആദ്യമായി പൊതുജനങ്ങള്ക്ക്് മനസ്സിലാവുന്നത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ലോകം അറിയുന്ന ഒരു മതപ്രഭാഷകന് എന്ന നിലയില്‍ അയാള്‍ പനപോലെ വളര്‍ന്നു കഴിഞ്ഞിരുന്നു.
ഐഎസിന് വേണ്ടി 20 വര്‍ഷമായി അന്ജം റിക്രൂട്ടിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ബ്രിട്ടീഷ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രഭാഷണങ്ങള്‍ വഴി മുസ്ലിം യുവാക്കളെയും മറ്റ് മതസ്ഥരേയും ആകര്‍ഷിച്ച് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുകയാണ് അന്‍ജെം ചൗധരിയെന്ന് പൊലീസ് പറയുന്നു. ചൗധരി വക്താവായ നിരോധിത സംഘടന അല്‍ മുഹാജിറൗണിലെ അംഗവും സഹായിയുമായ സിദ്ധാര്‍ത്ഥ ധര് എന്ന അബു റുമൈയ്സാ, സിറിയയിലേക്ക് പോയി ഐസിസിനൊപ്പം ചേര്‍ന്ന് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ പങ്കാളിയായിരുന്നു. സിറിയയിലെത്തിയ അബു ജനുവരിയില്‍ ഐഎസ് പുറത്തിറക്കിയ ആശയപ്രചരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ അബു കൊല്ലപ്പെട്ടതോടെ ബ്രിട്ടീഷ് പൗരനും സംഘടനാംഗവുമായിരുന്ന മുഹമ്മദ് എംവാസിയെ പകരക്കാരനായി അയച്ചുവെന്നാമണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെന്ന് കോടതിയും പറയുകയാണ്.
ലണ്ടന്‍ കത്തിയാക്രമണത്തിലും പങ്ക്
എവിടെ സാക്കിര്‍ നായിക്ക് ഉണ്ടോ അവിടെ തീവ്രവാദവും ഉണ്ട് എന്നൊരു ചൊല്ലുണ്ട്. അതുപോലെ എവിടെ അന്‍ജെം ചൗധരിയുണ്ടോ അവിടെ ഭീകരവാദാവുമുണ്ട്. ചൗധരിയുടെ ആദ്യ സംഘടനയായ അല്‍-മുഹാജിറൗണ്‍ 1996-ല്‍ ബ്രിട്ടനില്‍ സ്ഥാപിതമാവുകയും, 2010-ല്‍ നിരോധിക്കപ്പെടുകയം ചെയ്തു. അതിന്റെ പിന്‍ഗാമിയായ അഹ്ലുസ്സുന്ന വല്‍ ജമാഹിലും ചൗധരി പങ്കാളിയായിരുന്നു. അതും നിരോധിക്കപ്പെട്ടു. 2006 ജൂലൈയില്‍ നിരോധിക്കപ്പെട്ട അല്‍ ഗുറാബ രൂപീകരണത്തിലും ചൗധരിയുടെ കൈയുണ്ടായിരുന്നു. പിന്നീട് ഇസ്ലാം ഫോര്‍ യുകെ എന്ന സംഘടനയിലൂടെയായി പ്രവര്‍ത്തനം. 2010-ല്‍ നിരോധിക്കപ്പെടുന്നതുവരെ ചൗധരി അതിന്റെ വക്താവായിരുന്നു. അങ്ങനെ നിരന്തരം സംഘടനകള്‍ മാറിമാറിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 2014 ജൂലൈയില്‍ ബ്രിട്ടനിലെ റസ്റ്റോറന്റില്‍ വച്ച് നടന്ന യോഗത്തിലാണ് ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കും പിന്തുണ പ്രഖ്യാപിച്ച് ചൗധരി സംസാരിച്ചത് വന്‍ വിവാദമായി. ഇതോടെ ചൗധരിയുടെ പ്രസംഗങ്ങള്‍ക്ക് ബ്രിട്ടനില്‍, താല്‍ക്കാലിക നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.
നിരവധി ജീവനുകളും ഇദ്ദേഹംമൂലം നഷ്ടമായിട്ടുണ്ട്. 2019 നവംബര്‍ 29 ന് ലണ്ടന്‍ പാലത്തില്‍ വച്ച് അഞ്ച് പേര്‍ക്ക് കുത്തേറ്റ ആക്രമണത്തിലെ പ്രതി, ഉസ്മാന് ഖാന്, അല്‍ മുഹാജിറൗണിന്റെയും ആരാധകന് ആയിരുന്നു. ഖാന്റെ വെറുപ്പ് ബ്രിട്ടീഷുകാരോടായിരുന്നു. 2017-ല്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ ലണ്ടന്‍ ബ്രിഡ്ജ് കത്തിയാ്രകണത്തില് ഉള്‍പ്പെട്ട മൂന്നംഗ തീവ്രവാദ സംഘത്തെ നയിച്ചിരുന്നത് ചൗധരി ആത്മീയ ആചാര്യനായ, സംഘടനയിലെ ഒരു മുന്‍ അംഗമായിരുന്നു. അതുപോലെ ഈ സംഘടനയില്‍ വര്‍ഷങ്ങളോളം സജീവമായിരുന്ന ഒരു വ്യക്തിയായിരുന്നു അതേ വര്‍ഷം വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത്.അല്‍ മുഹാജിരോണിലെ മറ്റൊരംഗമായിരുന്നു 2019 ല്‍ ലണ്ടനിലെ ഫിഷ്മോംഗേഴ്സ് ഹോളില്‍ വെച്ച് രണ്ടു പേരെ കൊന്നതും! ഇവരില്‍നിന്നൊക്കെ പിടിച്ചെടുക്കുന്ന ലഘുലേഖകളില്‍ പോലും ചൗധരിയുടെ പ്രസംഗങ്ങള്‍ കിട്ടിയിരുന്നു.
യുകെയിലേക്ക് കുടിയേറിയതിന് ശേഷം പാകിസ്ഥാനികള്‍ തീവ്രവാദികളാകുന്നുതിറെ കാരണം പഠിച്ച സോഷ്യോളജിസ്റ്റുകള്‍ കണ്ടെത്തിയത്, ഈ ജിഹാദി പ്രബോധകരുടെ സ്വാധീനമായിരുന്നു. 2010ലും ലണ്ടന്‍ ബ്രിഡ്ജില്‍ മൂന്ന് ഭീകരര്‍ ഏഴ് നിരപരാധികളെ കുത്തിക്കൊന്നിരുന്നു. ആ ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന് വംശജനായ ഖുറം ഷഹ്സാദ് ബട്ട് ആയിരുന്നു. 20 വയസ്സുള്ള അയാളില്‍നിന്ന് കിട്ടിയ ലഘുലേഖകളും, അയാളുടെ ചില വീഡിയോകളും പൊലീസിനെപ്പോലും ഞെട്ടിച്ചിരുന്നു. " അല്ലാഹുവിന്റെ നാമത്തില്‍ ദീനിനുവേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. സ്വന്തം അമ്മയെ കൊല്ലുന്നതുള്‍പ്പെടെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തയ്യാറാണ്".- ഇങ്ങനെയായിരുന്നു അയാളുടെ ഒരു വീഡിയോ.
ജനാധിപത്യം ഇസ്ലാമിന്റെ ശത്രുവായതിനാല് മുസ്ലിംകള് വോട്ട് ചെയ്യരുത് എന്ന് ആഹ്വാനം ചെയ്യുന്ന ചൗധരിയുടെ പ്രസംഗവും ഇവരുടെ വസതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. അതുപോലെ ക്രിസ്ത്യാനികള്‍ക്ക് എതിരെയും നിരന്തരം ചൗധരി വിഷം ചീറ്റി. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുത് എന്നൊക്കെപ്പറഞ്ഞ്, മുസ്ലീം ചെറുപ്പക്കാരെ റാഡിക്കലൈസ് ചെയ്ത് മുഖ്യധാരയില്‍നിന്ന് അകറ്റി. നിങ്ങള്‍ എത്ര ഉന്നതനായാലും ഈ രാജ്യത്ത് രണ്ടാം കിട പൗരന്മ്മാര് ആയിരിക്കുമെന്ന അപകര്‍ഷതയും അദ്ദേഹം ഇട്ടുകൊടുത്തു. നിരവധി മുസ്ലീം പ്രാസംഗികര്‍ ചൗധരിയുടെ പാത പിന്തുടര്ന്നുകൊണ്ട് കടന്നുവന്നു. അതോടെ ബ്രിട്ടീഷ് മുസ്ലീങ്ങളില്‍ ഒരു വലിയ പങ്ക്, പൊതുധാരയില്‍ അലിഞ്ഞു ചേരാതെ സ്വന്തം സ്വത്വം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോയി. ഇന്ന് ബ്രിട്ടനില്‍, പൊലീസുപോലും പോകാന്‍ ഭയക്കുന്ന മുസ്ലീം ഗെറ്റോകള്‍ ഉണ്ട്. ഇസ്ലാമിക തീവ്രവാദം വലിയ ഒരു ഭീഷണിയായി രാജ്യത്ത് നില്ക്കുന്നു. അത് ചെറുക്കാന്‍ എന്ന പേരില്‍ യൂറോപ്പില്‍ മൊത്തമായി തീവ്ര വലതുപക്ഷവും വളരുന്നു.
'ഞാന്‍ നടത്തിയത് പുണ്യ പ്രവര്‍ത്തി!'
നിയമത്തിന്റെ ലൂപ്പ് ഹോളുകള്‍ കണ്ടെത്തുന്നതില്‍, ഒരു അഭിഭാഷകന് കൂടിയായ ചൗധരി മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ പല കേസുകളിലും അയാള്‍ എളുപ്പം ഊരിപ്പോന്നു. നിരോധിത സംഘടനയെ പിന്തുണച്ചതിന്, 2016 സെപ്തംബര്‍ 6-ന് ചൗധരിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷവും ആറ് മാസവും തടവിന് ശിക്ഷിക്കപ്പെട്ടു. 2018 ഒക്ടോബറില്‍ പൊതുസ്ഥലത്തോ മാധ്യമങ്ങളോടോ സംസാരിക്കുന്നതിനുള്ള നിയന്ത്രണങ്ങളോടെ അയാള്‍ പുറത്തിറങ്ങി. 2021 ജൂലൈ 18-ന്, പൊതുസ്ഥലത്ത് സംസാരിക്കുന്നതിനുള്ള വിലക്ക് കോടതി നീക്കി. അതോടെ അദ്ദേഹം തന്റെ ഓണ്‍ലൈന്‍ കാമ്പെയ്നുകള്‍ പുനരാരംഭിച്ചിരുന്നു. അങ്ങനെ 'സമാധാനമായി തീവ്രവാദ പ്രവര്‍ത്തനം നടത്തിവരവെയാണ്', യുകെ, യുഎസ്എ, കാനഡ എന്നിവിടങ്ങളിലെ പോലീസും ഇന്റലിജന്‍സ് സേനയും ഉള്‍പ്പെട്ട അന്വേഷണത്തെത്തുടര്‍ന്ന് ചൗധരിയെ പൂട്ടുന്നത്.
വര്‍ഷങ്ങളായി അല്‍ മുഹാജിറൂണിന് വേണ്ടി പ്രവര്‍ത്തിച്ച് വരികയായിരുന്ന ചൗധരിയെ, കൂട്ടാളിയായ കനേഡിയന്‍ പൗരന് ഖാലിദ് ഹുസൈനൊപ്പം 2023 ജൂലൈയിലാണ് അറസ്റ്റ് ചെയ്തത്. സംഘടനയുടെ സ്ഥാപകന്‍ ഒമര്‍ ബക്രി മുഹമ്മദ് ജയിലിലായതോടെയാണ് ചൗധരി നേതൃപദവിയിലേക്ക് വന്നത്. അല്‍ മുഹാജിറൂണിന്റെ ആശയപ്രചാരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് തിങ്കേഴ്സ് സൊസൈറ്റി എന്ന സംഘടനയുടെ യോഗങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നതും ചൗധരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അല്‍ മുഹാജിരോണിന്റെ മൂന്ന് സ്ഥപക അംഗങ്ങളില്‍ ഒരാളാണെന്ന് ചൗധരി കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. 2023 ജൂലായിലെ വിവരമനുസരിച്ച് അയാള്‍ സംഘടനയുടെ നേതാവായി തുടരുകയാണെന്ന് പ്രോസിക്യൂഷന് പറഞ്ഞു. മാത്രമല്ല, അമേരിക്കന്‍ ആസ്ഥാനമായ ഇസ്ലാമിക് തിങ്കെഴ്സ് സൊസൈറ്റിക്ക് വേണ്ടി ഇയാള്‍ ഓണ്‍ലൈന്‍ പ്രഭാഷണങ്ങളും നടത്തിയിരുന്നു. ഇസ്ലാമിക് തിങ്കേഴ്സ് സൊസൈറ്റിയില്‍ തീവ്ര ഇസ്ലാമത വിശ്വാസികള്‍ എന്ന വ്യാജേന നുഴഞ്ഞു കയറിയ അമേരിക്കന്‍ പോലീസിലെ ഉദ്യോഗസ്ഥര്‍ 2022 നും 2023 നും ഇടയില്‍ നടന്ന ഓണ്‍ലൈന്‍ പ്രഭാഷണങ്ങളില്‍ പങ്കെടുത്തിരുന്നു.
ഈ സംഭാഷണങ്ങള്‍ക്കിടയില്‍ തന്നെ തീവ്രവാദി എന്ന് വിളിക്കുന്നതില്‍ അഭിമാനം കൊള്ളുന്നതായി ചൗധരി പറഞ്ഞിരുന്നു.
നൂറു കണക്കിന് മണിക്കൂര്‍ നീളുന്ന ഓഡിയോ, വീഡിയോ ശകലങ്ങളും 16,000 രേഖകളും ഹാജരാക്കിയാണ് ചൗധരിയും അല്‍ അല്‍ മുഹാജിരോണും ഇസ്ലാമിക് തിങ്കേഴ്സ് ഫോറവും തമ്മിലുള്ള ബന്ധം പ്രോസിക്യൂഷന് സ്ഥിരീകരിച്ചത്. അല്‍ മുഹാജിരോണിന്റെ കൈകള്‍ ലോകം മുഴുവന്‍ വ്യാപിച്ചിട്ടുണ്ടെന്നും ഇത് പൊതുജനങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണെന്നും മെട്രോപോളിറ്റന്‍ പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡിന്റെ തലവന്‍ കമാന്‍ഡര്‍ ഡൊമിനിക് മര്‍ഫി പറഞ്ഞു.
താന്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമല്ലെന്നും അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് സ്വര്‍ഗവാതില്‍ കാട്ടിക്കൊടുക്കുന്ന പുണ്യപ്രവൃത്തിയാണെന്നാണ് ് ചൗധരി വൂള്‍വിക് ക്രൗണ്‍ കോടതിയില്‍ വാദിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് തിങ്കേഴ്സ് സൊസൈറ്റിക്ക് അല്‍ മുഹാജിറൂണുമായി യാതൊരു ബന്ധവുമില്ലെന്നും ചൗധരി പറഞ്ഞിരുന്നു. മാഞ്ചസ്റ്റര്‍ അരീനയിലും ലണ്ടന്‍ ബ്രിഡ്ജിലും നടന്ന ഭീകരാക്രമണങ്ങളുമായി തനിക്കോ ബക്രി മുഹമ്മദിനോ യാതൊരു ബന്ധവുമില്ല. ഇസ്ലാമിക നേതാക്കളാകുമ്പോള്‍ മതപരമായ കാര്യങ്ങളില്‍ പരസ്പരം സഹകരിക്കുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ബന്ധപ്പെട്ട ആരെങ്കിലും പിന്നീട് ഭീകരാക്രമണങ്ങള്‍ നടത്തിയാല്‍ അതില്‍ തങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും ചൗധരി വാദിച്ചു. പക്ഷേ അമേരിക്കന്‍- കനേഡിയന്‍ ഉദ്യോഗ്ഥര്‍ തയ്യാറാക്കിയ തെളിവുകള്‍ അയാളുടെ എല്ലാ വാചാടോപങ്ങളുടെ അടപ്പിളക്കുന്നതായിരുന്നു. ഇത്രയധികം, പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും, ചൗധരിക്ക് താന്‍ ചെയ്തതില്‍ അശേഷം കുറ്റബോധം പോലുമില്ല! മതം തലയ്ക്ക് പിടിച്ചാല്‍ മനുഷ്യന് എന്തായിത്തിരും എന്നതിന്റെ കൃത്യമായ ഉദാഹരണം കൂടിയാണ്, ഈ ബ്രിട്ടീഷ് സാക്കിര്‍ നായിക്ക്.
വാല്‍ക്കഷ്ണം: കേരളത്തില്‍നിന്നുള്ള ഐസിസ് റിക്രൂട്ട്മെന്റിന്റെ വിവരങ്ങള്‍ പറയുന്ന, കേരളാ സ്റ്റോറി എന്ന സിനിമയിറങ്ങിയപ്പോള്‍ ഇവിടെ എന്തായിരുന്നു ബഹളം. എന്നാല്‍ 'കേരളാ സാക്കിര്‍ നായിക്കുമാര്ക്ക്' ബ്രിട്ടീഷ് പതിപ്പുകള്‍ ഉണ്ടെന്നും, ആ രാജ്യവും സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നുമാണ്, ചൗധരി കേസ് വ്യക്തമാക്കുന്നത്!