'പുളിക്കുന്നത്' എന്ന് പറയുന്നതിന് പകരം ഉപ്പ് എന്ന് പറഞ്ഞതിന് ഒരാളെ തല്ലിക്കൊന്ന നാടായിരുന്നു നമ്മുടെ കേരളം! 1936ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തെ കണ്ണിയംകുളം എന്ന സ്ഥലത്ത് ശിവരാമൻ എന്ന ഈഴവ യുവാവ് എന്ന കൊല്ലപ്പെടുന്നത് അങ്ങനെയാണ്. ഗോപാലൻ എന്നയാളുടെ കടയിൽ ചെന്ന് 'ഉപ്പ് വേണം' എന്ന് പറഞ്ഞു എന്നതാണ് അയാൾ ചെയ്ത കുറ്റം. അന്ന് ഈഴവൻ ഉപ്പു എന്ന പദം ഉപയോഗിക്കാൻ പാടില്ല,''പുളിക്കുന്നത്'' എന്ന് വേണം പറയാൻ. തങ്ങൾ ഉപയോഗിക്കുന്ന വരേണ്യ ഭാഷ ഒരു ഈഴവൻ ഉപയോഗിച്ച് എന്നത് മേലാളന്മാരെ പ്രകോപിപ്പിച്ചു , അവർ ആ ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തി!

നോക്കുക, 19ാം നൂറ്റാണ്ടിലല്ല, അയ്യൻകാളിയും ശ്രീനാരായണ ഗുരുവും, ചട്ടമ്പിസ്വാമിയുമൊക്കെ പ്രവർത്തനം നടത്തിയ ഇരുപതാം നൂറ്റാണ്ടിലാണ് ഇങ്ങനെ സംഭവിച്ചത്. അപ്പോൾ 19ാം നൂറ്റാണ്ടിലെ അവസ്ഥ എന്തായിരിക്കും. കേരളം സ്വാമി വിവേകാനന്ദൻ പറഞ്ഞപോലെ അക്ഷരാർഥത്തിൽ ഒരു ഭ്രാന്താലയം ആയിരുന്നു. ജാതിക്കോമരങ്ങൾ നിറഞ്ഞാടിയിരുന്നു ഒരു സെമി മെന്റൽ അസൈലം! അവിടെയാണ്, ലോകത്തിൽ ആദ്യമായി തൊഴിലാളി പണിമുടക്ക് നടത്തിയെന്ന് പറയുന്ന അയ്യൻകാളിക്ക് മുന്നേ കീഴാളരെ സംഘടപ്പിച്ച് സമരം നടത്തിയ, ശ്രീനാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നതിന് എത്രയോ മുമ്പേ അവർണായ ഒരാൾ ക്ഷേത്ര പ്രതിഷ്ഠ നടത്തിയിരുന്ന ഒരാൾ ജീവിച്ചിരുന്നു എന്ന് അറിയുമ്പോൾ നാം അമ്പരക്കുന്നത്.

അവർണ്ണ സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കാനും, മാറ് മറയ്ക്കാനുമുള്ള സമരത്തിൽ അയാൾ മൂൻപന്തിയിൽ ഉണ്ടായിരുന്നു. ജാതിവിട്ടുള്ള ഒരു കാര്യം ചിന്തിക്കാൻ കഴിയാത്ത കാലത്ത് മിശ്രവിവാഹങ്ങൾക്കായുള്ള പ്രോത്സാഹനവും നൽകി. ആ നവോത്ഥാന നായകനാണ് എഡി 1825 മുതൽ എഡി 1874 വരെ ആലപ്പുഴ ജില്ലയിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കർ അഥവാ കല്ലിശ്ശേരി വേലായുധ ചേകവർ.

ശരിക്കും മലയാളി മറന്ന ഒരു നവോത്ഥാന നായകനാണ് വേലായുധപണിക്കർ. സത്യത്തിൽ കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷിയുമാണ്, വിദ്യയിലുടെയും വ്യവസായത്തിലുടെയും സമ്പന്നനാവാണമെന്ന് കാണിച്ചുകൊടുത്ത ഈ നേതാവ്. ജാതീയമായ അനീതികൾക്കെതിരെ പ്രതികരിച്ചതിന് കൊല്ലത്തുനിന്നും തണ്ടുവള്ളത്തിൽ കായംകുളംകായൽ കടക്കുമ്പോൾ ചിലർ വേലായുധപ്പണിക്കെരെ കൊല ചെയ്യുകയായിരുന്നു.

പക്ഷേ എന്നിട്ടും ശ്രീനാരായണ ഗുരുദേവനെപ്പോലെയോ മഹാത്മാ അയ്യൻകാളിയെപ്പോലെയോ വേലായുധപ്പണിക്കർ സ്മരിക്കപ്പെടുന്നില്ല. കേരളം കാണിച്ച ആ വലിയ അവഗണനയോടുള്ള നഷ്ടപരിഹാരം എന്നോണം ഇപ്പോൾ ഒരു ഹിറ്റ് സിനിമ ഇറങ്ങിയിരിക്കയാണ്. വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' നിറഞ്ഞ സദസ്സിൽ പ്രദർശിക്കപ്പെടുമ്പോൾ, അതും ഒരു പ്രായശ്ചിത്വമാവുകയാണ്. നടൻ സിജു വിൽസൻ വേലായുധപ്പണിക്കരായി, വാൾപ്പയറ്റും, കുതിരയോട്ടവുമൊക്കെയായി ആവേശം വാനോളം ഉയർത്തുകയാണ്. പക്ഷേ ഒരു സിനിമയിൽ ഒന്നും ഒതുങ്ങുന്നതല്ല, അതിനേക്കാൾ എത്രയോ വിശാലമാണ് വേലായുധപ്പണിക്കരുടെ ജീവിതം.

ജനിച്ച് 13ാം നാൾ അമ്മയെ നഷ്ടമായി

പണിക്കരുടെ പോരാട്ടങ്ങളുടേയും സാഹസികതയുടേയും ചരിത്രങ്ങളുടെയും എറ്റവും വലിയ പരിമിതി ലിഖിതമായ ചരിത്രം കുറവാണെന്നതാണ്. മിത്തും യാഥാഥ്യവും കൂടിക്കലർന്ന്, മധ്യ തിരുവിതാംകൂർ ഭാഗങ്ങളിൽ വാമൊഴി കഥകളായും മറ്റുമാണ് ഇവ ഏറെയും പ്രചരിച്ചിട്ടുള്ളത്.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മംഗലം ഗ്രാമത്തിൽ 1825ൽ, ആലപ്പുഴ തുറമുഖം വഴി കടൽ വ്യാപാരം നടത്തിയിരുന്ന സമ്പന്നമായ കല്ലശ്ശേരി എന്ന ഈഴവ കുടുംബത്തിൽ, 1825 ജനുവരി 7നാണ് വേലായുധ പണിക്കരുടെ ജനനം. പിതാവ്, കായംകുളത്തുള്ള എരുവയിൽ കുറ്റിത്തറ ഗോവിന്ദപ്പണിക്കർ, ആയൂർവേദവും, ജ്യോതിഷവും, കളരിപ്പയറ്റുമൊക്കെ പഠിച്ച പണ്ഡിതനായിരുന്നു. മാതാവ്, മംഗലം പ്രമാണി പെരുമാൾ അച്ചന്റെ മകളായിരുന്നു. പെരുമാൾ അച്ചൻ പേരുകേട്ട കളരി അഭ്യാസിയായിരുന്നു. പണിക്കർ ജനിച്ച് പതിമൂന്നാം നാൾ അമ്മ മരിച്ചു. പിന്നീട് അമ്മയുടെ ബന്ധുക്കൾക്കൊപ്പം ആണ് വളർന്നത്. ചെറുപ്പത്തിൽ തന്നെ മലയാളം, സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളും, ആയുർവ്വേദം, ജ്യോതിഷം, വ്യാകരണ ശാസ്ത്രം എന്നിവയും പഠിച്ചിരുന്നു. ആയോധന വിദ്യയും, കുതിര സവാരിയും എല്ലാം അഭ്യസിച്ചിരുന്നു. ഇരുപതാമത്തെ വയസ്സിൽ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി തറവാട്ടിലെ (ശ്രീനാരായണഗുരു വിദ്യാർത്ഥിയായി പഠിക്കാനെത്തിയത് വാരണപ്പള്ളി തറവാട്ടിലാണ്) വെളുമ്പിയെ പണിക്കർ വിവാഹം കഴിച്ചു. ഇവർക്ക് ഏഴ് ആൺമക്കളാണ്.

പെരുമാൾ അച്ചന്റെ മരണ ശേഷം പണിക്കർ ആയിരുന്നു തറവാട്ടിലെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തി പൊന്നിരുന്നത്. തിരുവിതാംകൂറിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, മംഗലം ദേശത്തിന്റെ പ്രധാന സമ്പത്ത് ഉള്ള ഒരു തറവാടായിരുന്നു കല്ലിശ്ശേരി തറവാട്ടുകാർ. കളരിയിൽ ഉണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ പണിക്കരുടെ സഹായത്തിന് എപ്പോഴും ഉണ്ടായിരുന്നു. അവർ വളരെ ചെറുപ്പത്തിലേ തന്നെ കളരി അഭ്യസിച്ച് അക്കാലത്തെ നായർ പട്ടാളത്തെ വെല്ലുന്ന യോദ്ധാക്കളും ആയിരുന്നു.

കച്ചവടം കൊണ്ട് കരുത്തരാവുക

വിദ്യയിലുടെയും, കച്ചവടത്തിലൂടെയും സമ്പന്നനാവുക, അതുവഴി ജാതിയെ ഒരു പരിധിവരെ മറികടക്കുന്ന എന്ന അയ്യൻകാളി മോഡൽ നയമായിരുന്നു, അദ്ദേഹത്തിനും. കൃഷിയും കച്ചവടവും ചെയ്ത് നന്നായി സമ്പാദിച്ചിരുന്നു, വേലായുധ ചേകവരുടെ കുടുംബം. പക്ഷേ പുർവികർ വെട്ടിത്തുറന്ന പാതയിൽ വേലായുധൻ ഏറെ മുന്നേറി. മു
ന്നൂറു മുറി പുരയിടവും, പതിനാലായിരം ചുവടു തെങ്ങും, വാണിജ്യത്തിനു പായ്ക്കപ്പലുകളും, മൂവായിരത്തിലധികം പറ നെൽപ്പാടവും അദ്ദേഹത്തിന് വെറും 16 വയസ്സുള്ളപ്പോൾ തന്നെ വീട്ടിൽ ഉണ്ടായിരുന്നെന്ന് ചില ചരിത്ര രേഖകളിൽ കാണുന്നുണ്ട്. പായ്ക്കപ്പലുകളുടെ സാധ്യത തിരിച്ചറിഞ്ഞതും പണിക്കർ ആയിരുന്നു. വിദേശരാജ്യങ്ങളിലേക്ക് വരെ സുഗന്ധ ദ്രവ്യങ്ങൾ കയറ്റുമതി ചെയ്ത് അയാൾ വൻ തുക സമ്പാദിച്ചു.

ശ്രീ നാരായണ ഗുരുദേവൻന്റെ മുൻഗാമിയായ അദ്ദേഹം പക്ഷേ ഒരു സന്യാസിയായിരുന്നില്ല. യോദ്ധാവും തൻൻേറടിയും ആയിരുന്നു. ചെറുപ്പത്തിലേ കളരി പ്രമാണിയായി വളർന്നു. ആറേഴു കുതിരകൾ, രണ്ട് ആന, ബോട്ട്, ഓടിവള്ളം, പല്ലക്ക്, തണ്ട് എന്നിവയാണു പണിക്കരുടെ സ്വന്തം വാഹനങ്ങൾ. ശരിക്കും ഒരു ഈഴവ മഹാരാജാവ് തന്നെ! ആ രീതിയിൽ വിനയൻ സിജു വിൽസണന്റെ കഥാപാത്രത്തിനായി സിനിമയിൽ കൊടുക്കുന്ന ബിൽഡപ്പുകൾ സത്യം തന്നെയാണ്. സദാ ആയുധധാരിയായിരുന്ന പണിക്കർ. ആജാനബാഹുവെന്നാണ് അദ്ദേഹത്തെ കണ്ടവർ നൽകിയ വിവരണങ്ങൾ അനുസരിച്ച് ബ്രിട്ടീഷ് രേഖകളിൽ പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് നേരിട്ട് മുട്ടാൻ അന്നാട്ടിലെ സവർണ്ണ പ്രമാണിമാർക്ക് പേടിയായിരുന്നു.

ചേകവനിൽ നിന്ന് പണിക്കരിലേക്ക്

ഈ ധനാഢ്യതയിലും പ്രതാപത്തിലും മുഴുകി സ്വൈര്യ ജീവിതം നയിച്ചു പോകുവാനല്ല വേലായുധൻ ശ്രമിച്ചത്, മറിച്ചു അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ ജാതീയമായ ക്രൂരതകൾ കൊണ്ട് അവശരായ സമുദായങ്ങൾക്ക്വേണ്ടി പോരടിക്കാൻ അദ്ദേഹം തയ്യാറായി. കളരി അഭ്യാസത്തിലൂടെ സായുധ ശക്തിയായി വളർന്ന വേലായുധ ചേകവരുടെ സഹായം തിരുവിതാംകുർ രാജാവിന് പോലും കിട്ടിയിരുന്നു.

ആ കഥ ഇങ്ങനെയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂർ നമ്പൂതിരിപ്പാട് കൊണ്ടുപോയ സാളഗ്രാമവും തിരിവിതാംകൂർ രാജാവിന്റെ ഒരു രത്നവും കായംകുളം കായലിൽ കൊള്ളക്കാർ അപഹരിച്ചു. തിരുവിതാംകൂർ പൊലീസും പട്ടാളവും അന്വേഷിച്ചിട്ടു കിട്ടിയില്ല. സാളഗ്രാമവും രത്നവും കണ്ടുപിടിച്ച് നൽകനുള്ള തിരുവിതാംകൂർ മഹാരാജാവിന്റെ അഭ്യർത്ഥന വേലായുധപണിക്കർ സ്വീകരിച്ചു. തുടർന്ന് തന്റെ ആളുകളെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലൂടെ എതിരാളികളെ കീഴ്പ്പെടുത്തി, സാളഗ്രാമവും രത്നവും കണ്ടെത്തി രാജാവിന് നല്കി. ഇതിന്റെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രണ്ടു കൈകളിലും വീരശൃംഖല നൽകി അദ്ദേഹത്തെ ആദരിച്ചു. അങ്ങനെ ചേകവൻ എന്ന പേരുമാറ്റി പണിക്കർ എന്ന സ്ഥാനപ്പേര് രാജാവ് നൽകിയത് എന്നാണ് പറയുന്നത്.

ഇതോടെയാണ് പണിക്കർക്ക് തിരുവിതാംകുർ രാജവംശത്തിൽ പിടിപാടുണ്ടായത്്. നാട്ടാചാരങ്ങൾ പണിക്കർ ലംഘിക്കുന്നുവെന്ന് കാട്ടി സവർണർ നിരന്തരം പരാതി അയച്ചിട്ടും, രാജാവ് ഇതെല്ലാം തള്ളിക്കളഞ്ഞത്, ഈ ഒരു ബന്ധം കൊണ്ടുതന്നെയാണെന്ന് പറയപ്പെടുന്നു.

കായംകുളം കൊച്ചുണ്ണിയിൽ വിവാദം

എന്നാൽ ഈ കഥ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ വളച്ചൊടിച്ചാണ് ചിത്രീകരിച്ചത് എന്ന് വിമർശനം ഉണ്ട്. പത്മസാഭസ്വാമിയുടെ തിരുവാഭരണങ്ങൾ കള്ളൻ കൊണ്ടുപോയി എന്നതാണ് ചിത്രത്തിൽ പറയുന്നത്. ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ല. അങ്ങനെ ഒരു സംഭവം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ തിരുവിതാംകൂർ നിന്ന് കത്തിയേനെ. ഇതുപോലെ ഈ മോഷണത്തിന്റെ ഉത്തരവാദിത്തം സിനിമയിൽ കാണിക്കുന്നത്, സാക്ഷാൽ കായംകുളം കൊച്ചുണ്ണിയുടെ പേരിലാണ്. പക്ഷേ ഇതിനും തെളിവുകൾ ഇല്ല. അതുപോലെ തിരുവിതാകൂർ മഹാരാജവിന്റെ നിർദ്ദേശം അനുസരിച്ച് കായംകുളം കൊച്ചുണ്ണിയെ പണിക്കർ പിടിക്കുന്ന സംഭവവും സിനിമയിൽ ഉണ്ട്. ഇതും അക്കാലത്ത് പ്രചരിച്ച ഒരു കഥ മാത്രമായേ കണക്കാക്കാനാവു.

അതുപോലെ ഇന്നുവരെ നാം കേട്ട റോബിൻഹുഡ് കഥകളിൽനിന്ന് തീർത്തും വ്യത്യസ്തമായി കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് പക്കാ വില്ലൻ ഇമേജാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം ഉയർത്തുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥകളിൽ പറയുന്ന കൊച്ചുണ്ണിയല്ല വിനയന്റെ കൊച്ചുണ്ണി. മോഷണവസ്തുക്കളിൽ വളരെ ചെറിയൊരു പങ്ക് പാവങ്ങൾക്കു നൽകി, അവരെ പരിചയായി ഉപയോഗിച്ചു രക്ഷപ്പെടുന്ന വിരുതനാണ്.

വേലായുധപ്പണിക്കരും കൊച്ചുണ്ണിയും സമകാലികരും തൊട്ടുത്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നവരുമാണെങ്കിലും കൊച്ചുണ്ണിയെ പിടികൂടിയത് വേലായുധപ്പണിക്കരാകാൻ വഴിയില്ലെന്നാണ് കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു ഗവേഷണം നടത്തിയ ഉന്നത പൊലീസുദ്യോഗസ്ഥൻ കൂടിയായ ഡോ. എ. നസീമിന്റെ നിഗമനം. അധഃസ്ഥിതർക്കെതിരായ സവർണശക്തികളുടെ ക്രൂരതക്കെതിരെ സാമ്പത്തികമായും കായികമായും ഇടപെടൽ നടത്തിയിരുന്ന വേലായുധപ്പണിക്കർ അധികാര കേന്ദ്രങ്ങളുടെ കണ്ണിലെ കരടായിരുന്നുവെന്നും അത്തരമൊരു ചുമതല ഒരിക്കലും രാജാവ് വേലായുധപണിക്കരെ ഏൽപിക്കാൻ സാധ്യതയില്ലെന്നുമാണ് ഡോ. നസീമിന്റെ കണ്ടെത്തൽ. ഇതേക്കുറിച്ച് ഇദ്ദേഹം ഒരു പുസ്തകം എഴുതുന്നുണ്ട്.

കൊച്ചുണ്ണിയെ പിടിച്ചത് ആറാട്ടുപുഴ വേലായുധപ്പണിക്കരാണെന്നുള്ള കഥകളും പലേടത്തുമുണ്ടാകാം. പക്ഷേ, കൊച്ചുണ്ണി മോഷ്ടിച്ചത് സ്വന്തം നേട്ടങ്ങൾക്കായിരുന്നുവെന്ന പരാമർശം ഇതുവരെ കേട്ട കഥകളിലൊന്നുമുണ്ടായിരുന്നില്ല. ആലപ്പുഴയിൽ ക്ഷേത്രംപോലുമുണ്ട് കായംകുളം കൊച്ചുണ്ണിയുടെ പേരിൽ. അതുകൊണ്ടുതന്നെ സിനിമയിലെ കൊച്ചുണ്ണി റഫറൻസുകൾ വിവാദമാവാനും സാധ്യതയുണ്ട്.

കേരളത്തിലെ ആദ്യ കാർഷിക സമരം

മാർക്സിസം പ്രചരിക്കുന്നതിന് മുമ്പേ തന്നെ കേരളത്തിൽ കാർഷിക സമരം നടന്നിരുന്നെന്നം അയ്യൻകാളിയാണ് അതിന് വിത്തിട്ടതെന്നും നാം പഠിച്ചിരുന്നു. പക്ഷേ അയ്യൻ കാളിക്കും മുമ്പ് 1866 ൽ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കർ നടത്തിയ പണിമുടക്കാണ്, ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ കർഷക തൊഴിലാളി സമരം എന്നള പല ചരിത്രകാരന്മാരും വിലയിരുത്തുന്നുണ്ട്. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും 'സഖാവെ' എന്നുവിളിച്ചില്ല! ആരും അതേക്കുറിച്ച് അധികം എഴുതിയിട്ടുമില്ല.

അന്ന് ഈഴവ സ്ത്രീകൾ മുണ്ടുടുക്കുമ്പോൾ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂരിൽ വീതിയുള്ള കരയുള്ള മുണ്ട് ഇറക്കിയുടുത്തു വയൽ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്ത്രീയെ സവർണ പ്രമാണിമാർ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു. ജന്മികൾക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കർ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തു. പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികൾക്ക് അഷ്ടിക്കുള്ള വക പണിക്കർ സ്വന്തം ചെലവിൽ നൽകി.

ദൂരെ നിന്ന് ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന് പണിക്കർ പരസ്യപ്രഖ്യാപനം നടത്തി. ഈ സമരം നടക്കുമ്പോൾ സാക്ഷാൽ അയ്യങ്കാളിക്ക് അന്നു മൂന്നു വയസ്സായിരുന്നു പ്രായം. സമരം തീഷ്ണമായപ്പോൾ കരപ്രമാണിമാർ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്ത്രീക്കു പ്രായശ്ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാൻ പണിക്കർ കൽപ്പിച്ചു. പ്രമാണിമാർ അനുസരിച്ചു. അങ്ങനെ ചരിത്രത്തിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം പൂർണ്ണ വിജയം കണ്ടു.

പശുവിനെ വളർത്താം; പക്ഷേ കറവ പാടില്ല

വേലായുധപ്പണിക്കരെക്കുറിച്ച് പ്രചരിച്ച കഥകളും അദ്ദേഹം ഇടപെട്ട മേഖലകളും ചിത്രീകരിച്ചാൽ അത് രണ്ട് സിനിമയ്ക്കുള്ള വകുപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെ സിനിമയിൽ പറയാത്ത ഒന്നാണ് പശു സമരം. അവർണ്ണർക്ക്, പശുവിനെ വളർത്താം എന്നാൽ പാലുകറക്കാൻ പാടില്ല എന്ന വിചിത്രമായ ആചാരം അക്കാലത്ത് ഉണ്ടായിരുന്നു. അവർണ്ണന്റെ വീട്ടിലെ പശു പ്രസവിച്ചാൽ അതിനെ അടുത്തുള്ള നായർ തറവാട്ടിൽ എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോൾ തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോൾ പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കിൽ പശുവിന്റെ ഉടമസ്ഥനെ മരത്തിൽ കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കൾ പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാൽ കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്, കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!

ഇതിനെതിരെയും പണിക്കർ ശക്തമായി പ്രതികരിച്ചു. മാംബുഴക്കരിക്കാരൻ കരപ്രമാണി കീഴാളരുടെ വീട്ടിൽ പശു പെറ്റാൽ കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവിൽ പശുവിന്റെ കറവ വറ്റുമ്പോൾ മാത്രം തിരികെ നൽകിയിരുന്നു. ഈ കരപ്രമാണിയെ, വാളുമായിചെന്ന പണിക്കർ ഒതുക്കിയത് മറ്റൊരു കഥ. ഇങ്ങനെ യാഥാർഥ്യമേത് കെട്ടുകഥയേത് എന്ന് അറിയാത്ത അസംഖ്യ കഥകൾ ആണ് വേലായുധപ്പണിക്കരുടെ പേരിൽ പ്രചരിച്ചത്.

മൂക്കുത്തി വഴക്കും, ഏത്താപ്പുലഹളയും

ഇതിനു ശേഷമാണ് ചരിത്രപ്രസിദ്ധമായ മൂക്കുത്തിവഴക്ക് നടന്നത്. അന്ന് സ്വർണ്ണ മൂക്കുത്തിധരിക്കാനുള്ള അവകാശം താഴ്ന്ന ജാതിയിലെ സ്ത്രീകൾക്കില്ലായിരുന്നു. പന്തളത്തിനടുത്തു വഴിനടന്ന പെണ്ണിന്റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കർ സ്വർണ്ണപണിക്കാരെ വിളിച്ച് ആയിരം മൂക്കുത്തി നിർമ്മിക്കാൻ നിർദ്ദേശിച്ചു. ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കർ വഴിയിൽ കണ്ട കിഴ്ജാതിക്കാരായ സ്ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു. സ്വർണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു. ഇവരെ ആരും അപമാനിക്കാതിരിക്കാൻ ദിവസങ്ങളോളം പണിക്കർ പന്തളത്തു തങ്ങി. കുതിരപ്പുറത്ത് ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വർണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല.

മൂക്കുത്തി വഴക്കിന്റെ തുടർച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത് അവർണസ്ത്രീകൾ നാണം മറയ്ക്കാൻ മാറിൽ ഏത്താപ്പിട്ടതു ചില പ്രമാണിമാർക്കു സഹിച്ചില്ല. പൊതുനിരത്തിൽ അവരുടെ മേൽമുണ്ടു വലിച്ചു കീറി മാറിൽ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച് അവരെ പ്രമാണിമാർ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേൽമുണ്ടുമായി പണിക്കർ തണ്ടുവച്ച വള്ളത്തിൽ കായംകുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്ത്രീകൾക്കിടയിൽ മേൽമുണ്ടു വിതരണം ചെയ്തു. നാട്ടിലെ പാവം പെണ്ണുങ്ങൾക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കർ ഒറ്റയ്ക്കുപൊരുതി ജയിച്ചു. ഈ സമരത്തിനൊന്നും പണിക്കർ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നു ഈ പ്രവർത്തനങ്ങൾ എല്ലാം. കച്ചവടത്തിലൂടെ സമ്പാദിക്കുന്നതിന്റെ ഒരുഭാഗം സാമൂഹിക പ്രവർത്തനത്തിന് വിട്ടുകൊടുക്കണം എന്നായിരുന്ന അദ്ദേഹത്തിന്റെ രീതി.

അങ്ങനെ പാവപ്പെട്ടവരുടെ മനസ്സിൽ വലിയ ഹീറോ ആയി മാറി പണിക്കർ. അതുകൊണ്ടുതന്നെ പല വീര കഥകളും അദ്ദേഹത്തിന്റെ പേരിൽ പ്രചരിച്ചു. നാടുവാഴിയെ തല്ലിയോടിച്ച കഥയാണ് അവയിലൊന്ന്. ആ കഥ ഇങ്ങനെയാണ്. ഇടപ്പള്ളി സ്വരൂപത്തിലെ അന്നത്തെ തമ്പുരാന്റെ മകൻ രാമൻ മേനോൻ പല്ലക്കിൽ സഞ്ചരിക്കുന്ന പാതയിൽ കൂടി വേലായുധ പണിക്കരും അനുയായികളും എതിർ ദിശയിൽ നിന്ന് വരുകയായിരുന്നു. അന്നത്തെ വ്യവസ്ഥിതി അനുസരിച്ചു നാടുവാഴി എഴുന്നള്ളുമ്പോൾ അവർണർ ആ പാതയിൽ നിന്നും ഓടി ഒളിച്ചുകൊള്ളണം. പക്ഷേ വേലായുധപണിക്കർക്കു ആ പാതയിൽകൂടി തന്നെ നടന്നു. ഈ ധിക്കാരം പൊറുക്കാനാകാതെ പല്ലക്കിൽ നിന്ന് രാമൻ മേനോൻ ചാടി ഇറങ്ങി പണിക്കർക്ക് നേരെ ആക്രോശിച്ചു. പക്ഷേ വേലായുധ പണിക്കരുടെ പ്രഹരമേറ്റു തമ്പുരാൻ അവശനായി പിന്മാറി. ഈ മർദ്ദനത്തിന്റെ പേരിൽ ഒരു കൊല്ലത്തെ ജയിൽ വാസത്തിനു പണിക്കർ ശിക്ഷിക്കപ്പെട്ടു. ജയിൽ മോചിതനാകുന്ന ദിവസം ഒരു വൻപിച്ച ജനാവലി അദ്ദേഹത്തെ എതിരേൽക്കുവാൻ ജയിൽ പരിസരത്ത് തടിച്ചുകൂടിയിരുന്നെന്നും പറയുന്നു.

ഈഴവ ശിവനും കീഴാള കഥകളിയും

ശ്രീനാരായണഗുരു അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്തുന്നതിന് 35 വർഷം മുൻപ് ആറാട്ടുപുഴയിൽ വേലായുധ പണിക്കർ മംഗലത്തു എന്നപേരിൽ ഒരു ശിവ ക്ഷേത്രം പണികഴിപ്പിച്ചു. ശിവാലയ നിർമ്മിതിക്ക് മുന്നൊരുക്കം എന്നവണ്ണം അദ്ദേഹം ഗോകർണം, ചിദംബരം മുതലായ ശിവ ക്ഷേത്രങ്ങൾ സന്ദർശിച്ച് പൂജാ വിധികളെ കുറിച്ചും പ്രതിഷ്ഠ കർമ്മങ്ങളെ കുറിച്ചും പഠിച്ചിരുന്നു. അക്കൂട്ടത്തിൽ വൈക്കം ക്ഷേത്രത്തിൽ പൂണുനൂൽ ധരിച്ചു ചെന്ന് അവിടെ ഉള്ള ഒരു തന്ത്രിയിൽ നിന്നും പ്രതിഷ്ഠ കർമ്മങ്ങളെല്ലാം ഗ്രഹിച്ചു. എല്ലാം പഠിപ്പിച്ചു കഴിഞ്ഞു ഇനിയെന്തെങ്കിലും അറിയണമോ എന്ന് തന്ത്രി ചോദിച്ചപ്പോൾ പണിക്കർ ഒരു സംശയം ഉണ്ടെന്ന് പറഞ്ഞു. 'ഒരു അവർണനു ഈ വിദ്യ പഠിപ്പിച്ചാൽ എന്തൊക്കെ പരിഹാരകർമ്മങ്ങളാണ് നടത്തേണ്ടത്? ചെയ്യേണ്ട പരിഹാര കർമ്മങ്ങളെ കുറിച്ച് തന്ത്രി പറഞ്ഞു. അതിന് എത്രപണം ചെലവാകും എന്നായി പണിക്കരുടെ അടുത്ത ചോദ്യം. അതിലേക്കു വേണ്ടി വരുന്ന പണം എത്രയാണെന്നും തന്ത്രി പറഞ്ഞു. ഉടനെ പണിക്കർ തന്റെ കയ്യിലുണ്ടായിരുന്ന പണക്കിഴി തന്ത്രിയെ ഏൽപ്പിച്ചിട്ടു, 'പറഞ്ഞതിലും കൂടുതൽ പണമുണ്ട് വേണ്ടത് ചെയ്യുവാനും താനൊരു അവർണനാണെന്നും' സധൈര്യം പറഞ്ഞു! വൈക്കം സത്യാഗ്രഹം നടക്കുന്നതിനു ഏതാനും ദശകങ്ങൾക്ക് മുൻപാണ് ഈ സംഭവം.

1853ൽ മംഗലത്തു ശിവ ക്ഷേത്രം നിർമ്മിച്ചു അവിടെ മാവേലിക്കര മറ്റത്തു വിശ്വനാഥൻ ഗുരുക്കളെ കൊണ്ട് പ്രതിഷ്ഠ ചെയ്യിപ്പിച്ചു. പണിക്കരോട് നേരിട്ടു ചെന്ന് ഏറ്റുമുട്ടാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് ഈ പ്രവൃത്തിയോട് കടുത്ത എതിർപ്പുള്ളവരെല്ലാം അവരുടെ അമർഷം കടിച്ചമർത്തി, ചിലർ കരഞ്ഞു തീർത്തു. അതിന് ശേഷം 1855ൽ ചേർത്തലയിലെ ചെറുവാരണത് രണ്ടാമത്തെ ശിവ പ്രതിഷ്ഠ പണിക്കരുടെ നേതൃത്വത്തിൽ നിർവ്വഹിക്കപ്പെട്ടു. ഇതിനെതിരെ തിരുവിതാംകൂർ ദിവാന് പരാതി നൽകിയെങ്കിലും ഇതിന് രണ്ട് വർഷം മുൻപ് നടത്തിയ മംഗലത്തെ ശിവ ക്ഷേത്രത്തെ കുറിച്ച് പരാതി ഒന്നും വരാഞ്ഞതിനാൽ പരാതി തള്ളിപ്പോയി.

അതുപോലെ പണിക്കരുടെ മുത്തഛന്റെ കഥകളി ഭ്രാന്തും അതിന്റെ പേരിൽ അദ്ദേഹം അപമാനിക്കപ്പെട്ടതും, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലും വിശദമായി പറയുന്നുണ്ട്. തുടർന്ന് ഇഴവ ശിവ പ്രതിഷ്ഠപോലെ അവർണ്ണരുടെ കഥകളിയോഗം ഉണ്ടാക്കിയും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. 1861ലെ ഈ സംഭവം ശരിക്കം ഒരു കാലാവിപ്ലവം തന്നെ ആയിരുന്നു. ഈ സംഭവത്തിന് കൃത്യമായ രേഖയും ഉണ്ട്.

ഇതിനെതിരെയും പരാതി പോയി. ദിവാൻ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേർത്തു വാദം കേട്ടു. തുടർന്നുണ്ടായ തീർപ്പിലാണു താഴ്ന്ന ജാതിക്കർക്കു കഥകളി പഠിച്ച് അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കർ സമ്പാദിച്ചത്. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കർ 1862ൽ അരങ്ങേറി. അവർണ്ണരുടെ കഥകളിയോട് ഏറ്റവും എതിർപ്പുള്ള പ്രദേശങ്ങൾ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. നോക്കുക, എത്ര വലിയ കലാവിപ്ലവമായിരുന്നു ഇത്. എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരിൽ കഥകളി പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. സംഗീത നാടക അക്കാദിമിയൊന്നും ഇത് അറിഞ്ഞ മട്ടില്ല.

ഒടുവിൽ രക്തസാക്ഷിയാവുന്നു

സ്വന്തം ജീവിതം കൊണ്ടും പ്രതിഷേധിച്ചയാളാണ് വേലായുധ പണിക്കർ. സ്വന്തം സഹോദരിയെ മിശ്രവിവാഹം കഴിച്ച് കൊടുത്തുകൊണ്ട് അദ്ദേഹം ഒരു വലിയ മാറ്റത്തിന് തുടക്കമിട്ടു. അക്കാലത്ത് ഉന്നതകുലജാതർ പേരിനൊപ്പം 'കുഞ്ഞ്' എന്നു ചേർത്തിരുന്നു. പണിക്കർ സ്വന്തം മക്കൾക്കു പേരിട്ടു. കുഞ്ഞയ്യൻ, കുഞ്ഞുപണിക്കർ, കുഞ്ഞൻ, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്, വെളുത്തകുഞ്ഞ്, കുഞ്ഞുകൃഷ്ണൻ.

ഒടുക്കം എതിരാളികൾ അദ്ദേഹത്തെ കൊല്ലാൻ തന്നെ തീരുമാനിച്ചു. ലിഖിതമായ ചരിത്രം ഇങ്ങനെയാണ്. ഒരു കേസിന്റെ ആവശ്യത്തിന് കൊല്ലത്തേക്ക് സ്വന്തം ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു വേലായുധ പണിക്കർ. അർധരാത്രിയിൽ കായംകുളം കായലിൽ എത്തിയ ബോട്ടിനരികിൽ ഒരു തണ്ടു വള്ളത്തിൽ കുറച്ചുപേർ എത്തി ചേർന്നു. അത്യാവശ്യമായി പണിക്കരെ കാണണം എന്ന് തുഴക്കാരോട് ആവശ്യപ്പെട്ടു ബോട്ടു നിർത്തിച്ചു. പണിക്കരും മറ്റു അനുയായികളും ഉറക്കത്തിലായിരുന്നു. വന്ന ആളെ വിശ്വസിച്ചു തുഴക്കാരൻ ബോട്ടിനകത്തു പ്രവേശിപ്പിച്ചു. ഏതാനും നാൾ മുൻപ് മുസ്ലിം മതം സ്വീകരിച്ച കിട്ടൻ എന്ന യുവാവായിരുന്നു അത്. പണിക്കരോട് വിരോധം ഉള്ളവർ വിലയ്‌ക്കെടുത്ത വാടക കൊലയാളി. ഉറക്കത്തിലായിരുന്ന പണിക്കരെ കത്തികൊണ്ട് ആഞ്ഞു കുത്തി കൊലപ്പെടുത്തി തൽക്ഷണം തന്നെ കിട്ടൻ കായലിൽ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. 1874 ജനുവരി 3ന് പണിക്കർ രക്തസാക്ഷിയായി. കൊലയാളി നാട്ടിൽ തിരിച്ചു വന്നില്ല. കൊല്ലം ഡിവിഷനിൽ പേഷ്‌കാർ രാമൻ നായർ കേസ് രജിസ്റ്റർ ചെയ്തു വിചാരണ നടത്തിയെങ്കിലും പ്രതികളെ കണ്ടു കിട്ടാത്തതുകൊണ്ട് ആരും ശിക്ഷിക്കപ്പെട്ടില്ല.

കിട്ടൻ ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണെന്നാണ് പറയുന്നത്. പക്ഷേ നാട്ടുകാർ മറ്റൊരു കഥയും പ്രചരിപ്പിക്കുന്നുണ്ട്. നെഞ്ചിൽ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കർ കിട്ടനെ കഴുത്തുഞെരിച്ചു കൊന്നുവെന്നും ഇതുകണ്ടു ഭയന്ന ബാക്കിയുള്ളവർ കായലിൽ ചാടി രക്ഷപ്പെട്ടവെന്നുമാണ് അത്. ഇങ്ങനെ പലരീതിയിലുള്ള കഥകളാൽ സമ്പന്നമാണ് വേലായുധപ്പണിക്കരുടെ ജീവിതം.

എന്തുകൊണ്ട് ഈ അവഗണന?

പക്ഷേ ഇത്രയും വലിയ ഒരു ചരിത്ര പുരുഷൻ ആയിരുന്നിട്ടും തികഞ്ഞ അവഗണനയാണ് വേലായുധപ്പണിക്കരോട് കേരളീയം സമൂഹം കാട്ടിയത്. അതിന് പ്രധാന കാരണമായി പലരും പറയുന്നത് ഒരു ജാതിയുടെയും മതത്തിന്റെയും വക്താവ് ആയിരുന്നില്ല അദ്ദേഹം എന്നതാണ്. ജാതി ഉന്മൂലനം ആയിരുന്നു പണിക്കരുടെ ലക്ഷ്യം. ജാതിവാദം ആയിരുന്നില്ല. പണിക്കരുടെ പോരാട്ടങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ തെക്കൻ തിരുവിതാംകൂറിൽ അയ്യാ വൈകുണ്ഠർ സമത്വ സമാജം സ്ഥാപിച്ചു 'ജോലിക്ക് കൂലി ' മുതലായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. അയ്യാ വൈകുണ്ഠരെ പോലെ ആറാട്ടുപുഴ ഒരു ആത്മീയ ആചാര്യനായിരുന്നില്ല. ആത്മീയ പാശത്താൽ ബന്ധിച്ചു ജനങ്ങളെ ഒറ്റക്കെട്ടായി സമരങ്ങൾക്ക് അണിനിരത്തുവാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ഇങ്ങനെ മതവും സമുദായവും ഇറക്കി കളിക്കാത്താണ് അദ്ദേഹം വിസ്മൃതനാവാൻ ഒരു കാരണമായി പറയുന്നത്. എസ്എൻഡി.പി പോലുള്ള സംഘടന ഉണ്ടാക്കാത്തതു കൊണ്ടും വോട്ടുബാങ്ക് സൃഷ്ടിക്കാത്തതുകൊണ്ടും ആയിരിക്കണം അദ്ദേഹം പാഠപുസ്‌കത്തിൽനിന്നും അപ്രത്യക്ഷമായത് എന്ന് വിലയിരുത്തപ്പെടുന്നുവരം ഉണ്ട്.

എന്നാൽ പ്രദേശികമായി വേലായുധപ്പണിക്കർ അനുസ്മരണവും പരിപാടികളും നടക്കാറുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അമൃത മഹോത്സവം ആഘോഷത്തിന്റെ ഭാഗമായി 'ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഏത്താപ്പ് സമരവും സ്വാതന്ത്ര്യ വാഞ്ഛയും' എന്ന വിഷയത്തിൽ അനുസ്മരണ പരിപാടി നടത്തിയിരുന്നു. മുൻ മന്ത്രി സജിചെറിയൻ ഈയിടെ വേലായുധപ്പണിക്കരുടെ തറവാട് സന്ദർശിച്ചതും, വാർത്തയായിരുന്നു. ആറാട്ടുപുഴ വേലായുധപണിക്കരുടെ പേരിൽ ചരിത്ര സാംസ്‌ക്കാരി കേന്ദ്രം തുടങ്ങുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. പണിക്കരുടെ സ്മരണ നിലനിർത്തുന്നതിനായി 2019-20ലെ ബജറ്റിൽ ഒരു കോടി രൂപ ആദ്യ പിണറായി സർക്കാർ നീക്കി വച്ചിരുന്നു. അദ്ദേഹത്തിന്റെ വീട് സംരക്ഷിച്ച് സംസ്‌കാരിക ചരിത്ര പഠനകേന്ദ്രമാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരിക്കയാണ്.

വാൽക്കഷ്ണം: പക്ഷേ വേലായുധപ്പണിക്കരുടെ കഥക്കൊപ്പം പത്തൊമ്പതാം നൂറ്റാണ്ട് സിനിമ പറയുന്ന, മുലക്കരത്തിനെതിരെ പ്രതിഷേധിക്കാൻ മുലകൾ മുറിച്ച് വാഴയിലയിൽവെച്ച് നാടുവാഴിക്ക് നൽകിയ നങ്ങേലിയുടെ കഥ പുർണ്ണമായും കെട്ടുകഥയാണ്. അന്നത്തെ അനീതികൾ കണ്ടുമടുത്ത ഒരു ജനതയുടെ ഭാവനയിൽ മാത്രം വരിഞ്ഞ ഒരു കഥാപാത്രമാണ് നങ്ങേലി. ഒരു ചരിത്രപുരുഷന്റെ കഥയിൽ അത് കൂട്ടിക്കെട്ടിയത് എത്രമാണ് ശരിയാണ്?