സെലക്റ്റഡ് ആയി കണ്ണുനീർ ഗ്രന്ഥികൾ വരുന്ന ഒരു ജനതയായി കേരളീയ സമൂഹം മാറിക്കൊണ്ടിരിക്കയാണോ! ഇപ്പോൾ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ സോഷ്യൽ മീഡിയിലെ നിലവിളികൾ കാണുമ്പോൾ ഓർത്തുപോകുന്നതാണ് അത്. ഹമാസിനെ തീവ്രവാദി സംഘടനയെന്ന് എഴുതാൻ പോലും ഇടതു നേതാക്കൾക്കുപോലും ധൈര്യമില്ല. എന്നാൽ ഇസ്രയേൽ അവർക്ക് ഭീകരരാജ്യമാണ്. ഹമാസിന്റെ മിന്നലാക്രമണത്തിൽ ഇസ്രയേലികൾ മരിച്ചുവീഴുമ്പോളും, ശവത്തിൽ ചവുട്ടിയും തുപ്പിയും ഭീകരർ അട്ടഹസിക്കുമ്പോൾ, നമുക്ക്, മതപ്രചോദിതമായ ഈ തീവ്രവാദത്തെ അപലപിക്കാൻ കഴിയുന്നില്ല. മറിച്ച് ഇസ്രയേൽ തിരിച്ചടിക്കുമ്പോൾ, ഗസ്സയിൽ മരിക്കുന്ന മനുഷ്യരെക്കുറിച്ച് നാം വിലപിക്കുകയും ചെയ്യുന്നു!

ശരിയാണ്, ഗസ്സയിലെ നിർഭാഗ്യവാന്മാരായ മനുഷ്യരോട് ഐക്യപ്പെടണം. അവരുടെ കണ്ണീരിന് ഒപ്പം ചേരണം. പക്ഷേ മതം നോക്കിയാണ് നിങ്ങളുടെ കണ്ണുനീർ ഗ്രന്ഥികൾ സ്രവിക്കുന്നെങ്കിൽ, നിങ്ങൾ ഒരു മാനവികതാ വിരുദ്ധനാണെന്നതിൽ ഒരു സംശയവുമില്ല. ഈ രീതിയിലുള്ള മലയാളികളുടെ സെലക്റ്റീവ് നവോത്ഥാനത്തിന്റെ മറ്റൊരു ഉദാഹരണമാണ്, അർമേനിയയിൽ സംഭവിക്കുന്നത്.

എഴുത്തുകാരൻ സി ആർ പരമേശ്വരൻ ഇങ്ങനെ ചുണ്ടിക്കാട്ടുന്നു. ''കഴിഞ്ഞ ആഴ്ചയാണ് മുസ്ലിം രാഷ്ട്രമായ അസർബൈജാനിൽ ഒരു എത്നിക്ക് ക്ലീനിങ്ങിന് തുടക്കമിട്ടിരിക്കുന്നത്. അസർബൈജാനിലെ നഗോർണോ-കറബാക് പ്രദേശത്തെ 1.20,000 ഗോത്ര വംശജരായ അർമേനിയൻ ക്രിസ്ത്യാനികൾ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇസ്രയേൽ- ഫലസ്തീൻ യുദ്ധങ്ങൾ പോലെ അല്ല സംഭവം. മുസ്ലീങ്ങളുടെ ഭാഗത്തുനിന്ന് ഉള്ള ഏകപക്ഷീയ ആക്രമണം ആണ്. നിരായുധരായ ആ പാവങ്ങളെ തുരത്തി ഓടിക്കുന്നത് അന്താരാഷ്ട്ര വാർത്തയായി വന്നിട്ടും കേരളത്തിൽ ഒരൊറ്റ ക്രിസ്ത്യാനി പോലും പ്രതിഷേധിക്കുന്നത് ഞാൻ കണ്ടില്ല. കുർബാനയ്ക്ക് നിതംബം കാണിക്കണോ ഉപസ്ഥം കാണിക്കണോ എന്ന ഉത്കണ്ഠയ്ക്ക് അപ്പുറം ഏതെങ്കിലും ഒരു അച്ചായൻ 6000 കിലോമീറ്റർ അകലെയുള്ള സഹ ക്രിസ്ത്യാനികളോട് അനുതാപം പ്രകടിപ്പിക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഫലസ്തീൻ പൗരരോട് ഉള്ള വിവേചനത്തിൽ മലയാളി മുസ്ലിം സഹോദരന്മാർ കാണിക്കുന്ന തരത്തിലുള്ള രോഷപ്രകടനം പോയിട്ട് ഇങ്ങനെ ഒരു സംഭവം നടക്കുന്നതായുള്ള ഭാവം പോലും ഞാൻ ക്രിസ്ത്യാനികളിൽ കണ്ടില്ല.

ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് അർമേനിയെൻ ക്രിസ്ത്യാനികളെ തുർക്കികൾ കൂട്ടക്കൊല ചെയ്തത് കുപ്രസിദ്ധമാണ്. ഇപ്പോഴും പലപ്പോഴും ആ പ്രദേശം ഒരു മുസ്ലിം- ക്രിസ്ത്യൻ സംഘർഷഭൂമി ആവാറുണ്ട്. പടിഞ്ഞാറൻ ഏഷ്യയിലെ കോപ്റ്റിക് ക്രിസ്ത്യാനികളും കേരളത്തിലെ ബാവാ കക്ഷിക്ക് ബന്ധമുള്ള സിറിയയിലെ സുറിയാനി ക്രിസ്ത്യാനികളും ലെബനോണിലെ പല തരം ക്രിസ്ത്യാനികളും നൂറ്റാണ്ടുകളായൊ പതിറ്റാണ്ടുകളായോ പീഡിപ്പിക്കപ്പെടുകയും തുടച്ചു നീക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏതു മതസ്ഥരാണ് തുടച്ചുനീക്കുന്നത് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ല. ഇപ്പോഴത്തെ സിറിയൻ ആഭ്യന്തര യുദ്ധത്തിൽ യാക്കോബായക്കാരെ സംബന്ധിച്ചിടത്തോളം മാർപാപ്പയ്ക്ക് തുല്യനായ സിറിയൻ ക്രിസ്ത്യന്മതത്തലവനെ കാണാതായിട്ട് കൊല്ലം അഞ്ചു പത്ത് ആയി. ഏതെങ്കിലും അച്ചായൻ അതേപ്പറ്റി കുണ്ഠിതപ്പെടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ?. മുസ്ലീങ്ങൾ മാത്രം എത്ര അകലെ ആയാലും സ്വന്തം മതസ്ഥരുടെ ദുഃഖം തിരിച്ചറിയുകയും ക്രിസ്ത്യാനികൾ അങ്ങനെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്?''- സി ആർ പരമേശ്വരൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ എഴുതുന്നു.

സി ആർ പരമേശ്വരന്റെ പോസ്റ്റിൽ ഉള്ളത് വസ്തുകൾ ആണെങ്കിലും, അതിനോട് വിയോജിപ്പുള്ളവരും ഒരുപാടുണ്ട്. കാരണം, അർമേനിയുടെ പേരിൽ ഇവിടെ ക്രിസ്ത്യാനികൾ രക്തം തിളപ്പിക്കുകയല്ല വേണ്ടത്. എവിടെ മനുഷ്യൻ വീണുപോവുമ്പോഴും അവനെ മതം നോക്കാതെ പിന്തുണക്കാനുള്ള മാനവികതയിലേക്കാണ് നാം ഉയരേണ്ടത്. പക്ഷേ ദൗർഭാഗ്യവശാൽ മലയാളിക്ക് അത് കഴിയുന്നില്ല. പക്ഷേ അർമേനിയൻ ക്രിസ്ത്യാനികളുടെ കണ്ണീര് വീണ നഗോർണോ-കറബാക ഇന്ന് ഗസ്സയെപ്പോലെ തന്നെ ലോകത്തിന്റെ വേദനാണ്. കേരളത്തിൽ വാർത്തയാവുന്നില്ലെങ്കിലും ലോകമാധ്യമങ്ങൾ അത് കൃത്യമായ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

ഓട്ടോമാൻ കാലത്തുകൊന്നെടുക്കി

നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന വൺസൈഡ് നവോത്ഥാനവാദം മൂലം ഇന്നും വേണ്ട രീതിയിൽ ചർച്ചയാവാതെ പോയ ഒന്നാണ് അർമേനിയൻ കൂട്ടക്കൊല. കഴിഞ്ഞ നൂറ്റാണ്ടിലെ, ഏറ്റവും ഭയാനകമായ വംശീയ ശുദ്ധീകരണത്തിന് വിധേയമായ ജനതയാണ് അർമേനിയൻ വംശജർ. ഇവരിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. 1915-16 കാലഘട്ടത്തിൽ 10-15 ലക്ഷം അർമേനിയക്കാരാണ് തുർക്കിയിലെ ഓട്ടോമാൻ സാമ്ര്യാജ്യത്തിന്റെ ശുദ്ധീകരണത്തിൽ ജീവൻ വടിഞ്ഞത് കുപ്രസിദ്ധമായ ഡെത്ത് മാർച്ച് ഓർക്കുക. ലോകം മുഴുവൻ അംഗീകരിച്ചിട്ടും, മലയോളം തെളിവുണ്ടായിട്ടും ഇന്നും അർമേനിയൻ കൂട്ടക്കൊല സംഭവിച്ചിട്ടില്ലെന്ന വിചിത്രവാദമാണ് തുർക്കിയക്കടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ മുന്നോട്ടുവെക്കുന്നത്. കേരളത്തിലെ ഇസ്ലാമിസ്റ്റുകളിൽ നല്ലൊരു ഭാഗവും അർമേനിൻ കൂട്ടക്കൊല കെട്ടുകഥയാണെന്ന് പ്രചരിപ്പിക്കുന്നവരാണ്. കാരണം ലളിതമാണ്. മരിച്ചവർ തങ്ങളുടെ മതക്കാരല്ല.

ഏഷ്യാമൈനറിലെ അർമേനിയക്കാരുടെ സാന്നിധ്യം ബി.സി. ആറാം നൂറ്റാണ്ട് മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. തുർക്കികൾ പ്രദേശത്തേക്ക് കുടിയേറുന്നതിന് ഏകദേശം ഒരു സഹസ്രാബ്ദത്തിന് മുമ്പാണിത്. അർമേനിയ രാജ്യംനാലാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തെ ദേശീയ മതമായി സ്വീകരിച്ചുകൊണ്ട്, അർമേനിയൻ അപ്പസ്തോലിക സഭ സ്ഥാപിക്കുകയുണ്ടായ. 1453ൽ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ പതനത്തോടെ ഓട്ടോമൻ സാമ്രാജ്യവും ഇറാനിലെ സഫാവിദ് സാമ്രാജ്യവും പടിഞ്ഞാറൻ അർമേനിയക്കായി യുദ്ധം ചെയ്തുവന്നു. 1639 ലെ സുഹബ് ഉടമ്പടി പ്രകാരം കിഴക്കൻ അർമേനിയ ഇറാനിയൻ സാമ്രാജ്യത്തിനും പടിഞ്ഞാറൻ അർമേനിയ ഒട്ടോമൻ സാമ്രാജ്യത്തിനുമായി വിഭജിക്കപ്പെട്ടു. തുർക്കിയുടെ അധീശത്വം അംഗീകരിച്ചുകൊണ്ട് കപ്പം നൽകിക്കൊള്ളാമെന്ന് അംഗീകരിച്ചതോടെ പടിഞ്ഞാറൻ അർമേനിയക്കാരെ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസിന്റെ നേതൃത്വത്തിൽ അർദ്ധസ്വയംഭരണാധികാരമുള്ള മില്ലറ്റ് ആയി ഒട്ടോമൻ അധികാരികൾ അംഗീകരിച്ചു. പക്ഷേ തുർക്കികൾ ഇവരെ പൊതുവെ വിശ്വസ്തരായി കണക്കാക്കിയിരുന്നില്ല.

ഒന്നാം ലോകമഹായുദ്ധകാലത്ത്, കിഴക്കൻ തുർക്കിയിലേക്കുള്ള റഷ്യൻ സേനയുടെ കടന്നുവരിനെക്കുറിച്ചറിഞ്ഞ തുർക്കിയിലെ വാൻ മേഖലയിലെ അർമേനിയൻ വംശജർ, തദ്ദേശീയരായ തുർക്കികളെ വധിക്കുകയും 1915 ഏപ്രിൽ 20-ന് പ്രദേശത്തെ കോട്ട പിടിച്ചേടുക്കുകയും ചെയ്തു. യുദ്ധമേഖലയിലേക്കുള്ള അർമേനിയൻ വംശജരെ മുഴുവൻ വിശാല സിറിയയിലേക്ക്ക് നാടുകടത്താൻ നാലുദിവസത്തിനു ശേഷം ഓട്ടൊമൻ അധികാരികൾ ഉത്തരവിട്ടു. അർമേനിയൻ സ്ത്രീകളും കുട്ടികളും ഇത്തരത്തിൽ സിറിയൻ അതിർത്തി കടക്കുമ്പോൾ ആയിരക്കണക്കിന് അർമേനിയൻ പുരുഷന്മാരെ ഓട്ടൊമെൻ സേന കൊന്നൊടുക്കി.

തുർക്കി നാളിതുവരെ അർമേനിയൻ കൂട്ടക്കുരുതി നടന്നതായി അംഗീകരിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ചരിത്രകാരന്മാർ ഈ വംശഹത്യ നടന്നിട്ടുണ്ട് എന്നുള്ള അഭിപ്രായക്കാരാണ്. തുർക്കിയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന അനേകം ഡിപ്ലോമാറ്റുകളും വിദേശ സഞ്ചാരികളും അർമേനിയർക്കും ക്രിസ്ത്യാനികൾക്കും എതിരെയുള്ള അതിക്രമം നേരിട്ട് കണ്ടതായി രേഖപെടുത്തുന്നു.

2020ലും വംശീയ കൂട്ടക്കൊല

2020ലും അർമേനിയൻ വംശജർ കഴിഞ്ഞ വർഷം വീണ്ടും ആവാസകേന്ദ്രങ്ങളിൽ നിന്ന് പറിച്ചെറിയപെട്ടു. അസർബെയ്ജാൻ-അർമേനിയ സംഘർഷം അടിസ്ഥാനപരമായി വംശീയമാണ്. ഇസ്ലാമിക ഭൂരിപക്ഷമുള്ള അസർബെയ്ജാനും ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അർമേനിയയും പഴയ സോവിയറ്റ് റിപബ്ലിക്കുകളായിരുന്നു. പക്ഷെ മതം സംഘർഷത്തിൽ മുഖ്യ ഇന്ധനമല്ല. അസർബൈജാൻ തുർക്കിക്കും ഇറാനും ഇടയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ്. അസർബൈജാന്റെ ഉള്ളിലുണ്ടായിരുന്ന അർമേനിയൻ വംശജരുടെ തുരുത്താണ് നഗർണോ-കാറബാക്ക് .

ഈ പ്രദേശത്തെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പണ്ട് നാം സ്ഥിരം റേഡിയോ വാർത്തകളിലൂടെ ഇത് കേട്ടിരുന്നു. സോവിയറ്റ് കാലത്ത് നഗർണോ-കാറബാക്ക് ഏറെക്കുറെ സ്വയംഭരണ പ്രദേശമായിരുന്നു. 1990 ൽ ഈ പ്രദേശം അസർബൈജാനു നൽകാൻ സോവിയറ്റ് യൂണിയൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും പ്രാദേശിക സർക്കാർ അർമേനിയയുടെ ഭാഗമാകാൻ തീരുമാനിച്ചു. ജനങ്ങളിൽ ഭൂരിപക്ഷവും ഈ തീരുമാനത്തിനൊപ്പമായിരുന്നു. വീണ്ടും സംഘർഷമായി. തുർക്കി വംശജരായ അസർബൈജാനികളും അർമേനിയൻ വംശജരും തമ്മിലടിച്ചു, 25,000 പേർ മരണമടഞ്ഞു. ഈ യുദ്ധത്തിലൂടെ അർമേനിയക്ക് കുറച്ച് ഭാഗങ്ങൾ കിട്ടി.

1991 ൽ നഗർണോ-കാറബാക്ക് സ്വതന്ത്ര റിപബ്ളിക്കായി പ്രഖ്യാപിച്ചു. കനൽ അണഞ്ഞില്ല. 2020 നവമ്പറിൽ വീണ്ടും യുദ്ധം. ഇക്കുറി അസർബൈജാൻ വിജയിച്ചു, തർക്ക പ്രദേശത്തിൽ ഭൂരിഭാഗവും പിടിച്ചെടുക്കുന്നു. റഷ്യയും തുർക്കിയും അസർബൈജാന്റെ പക്ഷത്തായിരുന്നു. ഇതു സംബന്ധിച്ച് റഷ്യ-അസർബെയ്ജാൻ-അർമേനിയ സന്ധി നിലവിൽവന്നു. ആയിരക്കണക്കിന് അർമേനിയൻ വംശജർ നഗർണോ-കാറബാക്കിൽ നിന്ന് പറിച്ചെറിയപെട്ടു. പോകുന്നതിന് മുമ്പ് അവർ സ്വന്തം വീടുകൾ തകർത്തു, വളർത്തുമൃഗങ്ങളെ കൊന്നു, ആർത്തലച്ചു കേണ് അഭയാർത്ഥികളെപോലെ എന്നെന്നേക്കുമായി വിട പറഞ്ഞു. ഒരു ജനതയെന്ന നിലയിൽ സ്വാഭിമാനം അർമേനിയക്കർ പലായനം ചെയ്തത്. ഈ ദാരുണ ഈ ദൃശ്യങ്ങളും വീഡിയോകളും അന്താരാഷ്ട്രമാധ്യമങ്ങളിൽ വന്നിരുന്നു. എത്ര മലയാളികൾ അറിഞ്ഞു, ആരൊക്കെ ഐക്യദാർഡ്യം പ്രകടിപ്പിച്ചു എന്നത് ചോദ്യമാണ്.

ഇപ്പോൾ വീണ്ടും സംഘർഷം

രണ്ടാഴ്ച മുമ്പ് നഗോർണോ-കറബാകിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതായും വൻ പലായനം നടക്കുന്നതായും, ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏകദേശം 1,50,000 അർമേനിയക്കാർ തിങ്ങി പാർക്കുന്ന സ്വതന്ത്ര പ്രവിശ്യയിലേക്ക് അസർബൈജാൻ സൈനികർ ഇരച്ചു കയറുകയായിരുന്നു. കാലങ്ങളായി അർമേനിയയും അസർബൈജാനും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. നഗോർണോ-കറബാക് പ്രവിശ്യയിലെ സ്ഥിര താമസക്കാരായ 1,00,000-ത്തിലധികം പേർ സൈന്യത്തെ ഭയന്ന് അവരുടെ വീടുകളുപേക്ഷിച്ചു തെരുവികളിലേക്ക് അഭയം തേടിയിറങ്ങി. അർമേനിയൻ ജനതയുടെ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് ഈ വർഷം സെപ്റ്റംബർ മുതൽ അസർബൈജാൻ നടത്തിവരുന്നത് സമാനതകളില്ലത്ത ക്രൂരതയാണ്.

ആധുനിക അർമേനിയ, ജോർജിയ, അസർബൈജാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭൂപ്രദേശങ്ങളാണു കൊക്കേഷ്യൻ സംസ്ഥാനങ്ങൾ. ഇതിൽ കിഴക്കൻ യൂറോപ്പിന്റെയും പശ്ചിമേഷ്യയുടെയും അതിർത്തി പ്രദേശമായ തെക്കൻ കോക്കസിൽ മലനിരകളാലും വനപ്രദേശങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രവിശ്യയാണ് നഗോർണോ-കറാബാക്ക്. അർമേനിയൻ വംശജരും അസർബൈജാൻ വംശജരും അധിവസിക്കുന്ന ഈ പ്രവിശ്യയിൽ സെപ്റ്റംബർ 19-ന് അസർബൈജാൻ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ നഗോർണോ-കറബാക്കിനു മേൽ വിജയം പ്രഖ്യാപിച്ചു. ഇതോടെയാണ് ലോകത്തിലെ ശീത സംഘർഷങ്ങളിലൊന്നെന്ന് അറിയപ്പെടുന്ന അർമേനിയയും അസർബൈജാനും തമ്മിൽ നഗോർണോ-കറബാക്കിന്റെ പേരിലുള്ള സംഘർഷം ആരംഭിക്കുന്നത്. 2024 ജനുവരി 1-ന് വംശീയ അർമേനിയൻ എൻക്ലേവ് പിരിച്ചുവിടുമെന്നും പ്രവിശ്യയിലെ അധികാരികൾ പ്രഖ്യപിച്ചിരുന്നു.

ഭൂമിശാസ്ത്രപരമായി ഇന്ത്യയുമായി ഏറെ അകലത്തിലാണ് ദക്ഷിണ കോക്കസസ് സ്ഥിതി ചെയ്യുന്നതെങ്കിലും, ഇവിടെയുണ്ടകുന്ന സമീപകാല സംഭവവികാസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മേഖലയുമായുള്ള ബന്ധത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്.

സംഘർഷം മാറാത്ത ഭൂമി

ഗസ്സയെപ്പോലെ സംഘർഷം മാറാത്ത പ്രശേദമാണിതും. അസർബൈജാന്റെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു പർവതപ്രദേശമാണ് നഗോർണോ-കറബാക്. എന്നിരുന്നാലും മൊത്തം ജനസംഖ്യയിൽ 1.2 ലക്ഷത്തോളം അർമേനിയൻ വംശജരാണ്. അർമേനിയയുമായി സാംസ്‌കാരികവും സാമൂഹികവും ചരിത്രപരവുമായ അടുത്ത ബന്ധവും ഈ പ്രദേശത്തിനുണ്ട്. അടിസ്ഥാനപരമായി നോക്കുമ്പോൾ, അസർബൈജാനിൽ ഉൾപ്പെടുന്ന ഒരു അർമേനിയൻ വംശീയ മേഖലയാണ് നഗോർണോ-കറബാക്. അർമേനിയക്കാർ ക്രിസ്ത്യൻ വിശ്വാസികളാണ്, അസീറികൾ മുസ്ലിം വംശജരും. അഞ്ചു കിലോമീറ്റർ ലാച്ചിൻ ഇടനാഴിയിലൂടെയാണ് ഈ കോൺക്ലേവ് അർമേനിയയുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

മധ്യകാലഘട്ടം മുതൽ റഷ്യ, ഒട്ടോമൻ (ഇന്നത്തെ തുർക്കി), പേർഷ്യൻ (ഇറാൻ) തുടങ്ങിയ പ്രാദേശിക സാമ്രാജത്വ ശക്തികൾ തമ്മിലുള്ള സ്വാധീന സംഘട്ടനങ്ങൾക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1921-ൽ സാറിസ്റ്റ് റഷ്യ സോവിയറ്റ് യൂണിയന് വഴിമാറിയപ്പോൾ, നഗോർണോ-കറബാക് അസർബൈജാൻ എസ്എസ്ആർ (സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്) ന്റെ ഭാഗമായിരുന്നു. 1923-ലാണ്, യുഎസ്എസ്ആർ അസർബൈജാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനുള്ളിൽ 95 ശതമാനം വംശീയ അർമേനിയൻ ജനസംഖ്യയുള്ള നഗോർണോ-കറബാക്ക് സ്വയംഭരണ പ്രദേശം സ്ഥാപിക്കുന്നത്.

നഗോർണോ-കറബാക്കിനെ ചൊല്ലിയുള്ള ആദ്യ വട്ട പിരിമുറുക്കങ്ങൾ ആരംഭിക്കുന്നത് 1988-ലെ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെയാണ്. ഈ തകർച്ചയോടെ ഭൂമിശാസ്ത്രപരമായി അസർബൈജാനിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അർമേനിയയിൽ ചേരാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം അന്നത്തെ പ്രാദേശിക നിയമസഭ പാസാക്കി. 1991-ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ട് അർമേനിയയും അസർബൈജാനും സ്വതന്ത്ര രാഷ്ട്രപദവി നേടിയപ്പോൾ, നഗോർണോ-കറബാക് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഏകദേശം 30,000 പേർ കൊല്ലപ്പെട്ടു. 1993 ആയപ്പോഴേക്കും അർമേനിയ നഗോർണോ-കറബാക് പിടിച്ചടക്കി. കൂടാതെ, അസർബൈജാന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 20 ശതമാനവും കൈവശപ്പെടുത്തി.

1994-ൽ റഷ്യ ഇടനിലക്കാരായി ബിഷ്‌കെക് പ്രോട്ടോക്കോൾ എന്നറിയപ്പെടുന്ന വെടിനിർത്തലിന് ഇരു രാജ്യങ്ങളും സന്നദ്ധതരായി. ഇതോടെ സ്വയം പ്രഖ്യാപിത സ്വതന്ത്ര ഗവൺമെന്റുമായി മുന്നോട്ടുപോയ നഗോർണോ-കറബാക് അർമേനിയയുമായുള്ള സാമ്പത്തിക, രാഷ്ട്രീയ, സൈനിക ബന്ധങ്ങളും തുടർന്നു പോന്നിരുന്നതായി കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്റെ സംഘർഷത്തെക്കുറിച്ചുള്ള പശ്ചാത്തല കുറിപ്പിൽ പറയുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്‌പ്രസ്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

2020 സെപ്റ്റംബറിൽ അസർബൈജാനും അർമേനിയയും വീണ്ടും യുദ്ധം തുടങ്ങി. ഈ യുദ്ധത്തിൽ, അസർബൈജാൻ നഗോർണോ-കറബാക്കിന് ചുറ്റുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. റഷ്യൻ അനലിസ്റ്റ് ദിമിത്രി ട്രെനിന്റെ വിലയിരുത്തലനുസരിച്ചു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തിരക്കിൽ അമേരിക്ക മുഴുകിയതും അയൽരാജ്യമായ ജോർജിയയുമായി റഷ്യ പ്രതിസന്ധികളിൽ ഏർപ്പെട്ടതും അസർബൈജാന്റെ വിജയത്തിന് ആക്കം കൂട്ടിയിരുന്നു. റഷ്യ വീണ്ടും ഒരു സമാധന കരാറിനു തയ്യാറായി ലാച്ചിൻ ഇടനാഴിയിൽ സമാധാന സേനയെ വിന്യസിച്ചെങ്കിലും വിജയത്തിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന അസർബൈജാൻ സമാധാന കരാറിൽ ഒപ്പുവെച്ചില്ല.

യുദ്ധത്തിൽ അസർബൈജാന് ആയുധങ്ങളുടെയും ഉദ്യോഗസ്ഥരുടെയും രൂപത്തിൽ തുർക്കിയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും പിന്തുണ ലഭിച്ചതായാണ് പറയപ്പെടുന്നത്. പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ അസർബൈജാൻ സേനയെ സഹായിച്ചതായും, ഇവർക്കു പുറമെ സിറിയൻ, ലിബിയൻ, അഫ്ഗാൻ സൈനീക പോരാളികളും യുദ്ധത്തിൽ അസർബൈജാൻ സേനയിൽ പങ്കാളികളായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഡിസംബർ മാസത്തോടെ ലാച്ചിൻ ഇടനാഴിയിൽ അസർബൈജാൻ ഉപരോധിച്ചതോടെ നഗോർണോ-കറബാക്കിൽ ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) മുൻ ചീഫ് പ്രോസിക്യൂട്ടർ ലൂയിസ് മൊറേനോ ഒകാമ്പോ, നഗോർണോ-കറബാക്കിൽ അസർബൈജാൻ വംശഹത്യ നടത്തുകയാണെന്ന് വിശ്വസിക്കാനുള്ള 'ന്യായമായ അടിസ്ഥാനം' ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. പട്ടിണിയെ 'അദൃശ്യ വംശഹത്യ ആയുധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സഹായ വിതരണത്തിനായി ലാച്ചിൻ ഇടനാഴി വീണ്ടും തുറക്കാനുള്ള കരാറിൽ അസർബൈജാന്റെ അനുകൂല മറുപടി പ്രതിസന്ധി ലഘൂകരിക്കുമെന്ന പ്രത്യാശ നൽകുന്നതായിരുന്നു. കരാറിന് ദിവസങ്ങൾക്ക് ശേഷം, അതായത് സെപ്റ്റംബർ19 നാണ് അപ്രതീക്ഷീതമായി അസർബൈജാൻ നഗോർണോ-കറബാക്കിൽ ഒരു 'ഭീകരവിരുദ്ധ' ആക്രമണം ആരംഭിക്കുകയും പ്രദേശത്തിന്റെ പൂർണ നിയന്ത്രണം വീണ്ടെടുത്തുവെന്ന അവകാശവാദവുമായി മുന്നോട്ടു വരുന്നതും.

അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് തന്റെ രാജ്യത്ത് നായകനായി വാഴ്‌ത്തപ്പെട്ടപ്പോൾ, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്‌നിയൻ കനത്ത പ്രതിഷേധമാണ് നേരിട്ടത്. നഗോർണോ-കറബാക്കിൽ താമസിക്കുന്ന ഏകദേശം 1.2 ലക്ഷം അർമേനിയക്കാരുടെ ഭാവി ആശങ്കയിലാണ്. പലരും പീഡനം ഭയന്ന് അർമേനിയയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

പക്ഷം ചേരാതെ ഇന്ത്യ

ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ ഇസ്രയേിനൊപ്പം നിലപാട് എടുത്ത ഇന്ത്യ പക്ഷേ അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘട്ടനത്തിൽ ഇതുവരെയും പക്ഷം ചേർന്നിട്ടില്ല. 2020 ൽ, സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, സംഘർഷത്തിന്റെ ശാശ്വതമായ ഏത് പരിഹാരവും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ സമാധാനപരമായി കൈവരിക്കാനാകൂ എന്ന് വിശ്വസിക്കുന്നതായി ഇന്ത്യ ഇരു രാജ്യങ്ങളെയും അറിയിച്ചു. ഇക്കാര്യത്തിൽ, അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷം സമാധാനപരമായി പരിഹരിക്കാനുള്ള ഒഎസ്സിഇ മിൻസ്‌ക് ഗ്രൂപ്പിന്റെ തുടർച്ചയായ ശ്രമങ്ങളോടുള്ള പിന്തുണയും അറിയിച്ചിരുന്നു.

അർമേനിയയുമായും അസർബൈജാനുമായും ഇന്ത്യക്ക് നയതന്ത്ര ബന്ധമുണ്ട്. പ്രധാനമായും, തെക്കൻ കോക്കസസ് മേഖലയിലൂടെയുള്ള കണക്റ്റിവിറ്റി പദ്ധതികളുടെ കേന്ദ്രമാണ് ഈ പ്രദേശം.അർമേനിയയുമായുള്ള ഇന്ത്യയുടെ ബന്ധം സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. ബിസി 2000-ൽ അസീറിയൻ യോദ്ധാവ് റാണി സെമിറാമിസ് ഇന്ത്യ ആക്രമിച്ചപ്പോൾ ചില അർമേനിയക്കാർ അവരെ അനുഗമിച്ചതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. സാഹിത്യ കൃതികളിൽ പറയുന്നതനുസരിച്ചു ബിസി 149-ൽ രണ്ട് രാജകുമാരന്മാരാൽ (കൃഷ്ണനും ഗണേശും) അർമേനിയയിൽ ഇന്ത്യൻ വാസസ്ഥലങ്ങൾ സ്ഥാപിച്ചിരുന്നു. അർമേനിയൻ ഭാഷയിലുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ആദ്യ ഗൈഡ്ബുക്ക് 12-ാം നൂറ്റാണ്ടിലാണ് എഴുതപ്പെടുന്നത്. മുഗൾ സാമ്രാജ്യകാലത്ത് ഏതാനും അർമേനിയൻ വ്യാപാരികൾ ആഗ്രയിൽ എത്തിയിരുന്നു. അർമേനിയൻ വംശജയായ മറിയം സമാനി ബീഗം അക്‌ബർ ചക്രവർത്തിയുടെ ഭാര്യയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ആധുനിക കാലത്ത്, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, അർമേനിയയുടെയും അസർബൈജാനിന്റെയും സ്വാതന്ത്ര്യം ഇന്ത്യ അംഗീകരിക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. 1999 ലാണ് ഇന്ത്യ അർമേനിയയിൽ എംബസി തുറക്കുന്നത്. ഉഭയകക്ഷി അടിസ്ഥാനത്തിൽ കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടിനെ അർമേനിയ പരസ്യമായി അംഗീകരിക്കുകയും വിപുലീകരിച്ച യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

2022-ൽ, അർമേനിയൻ സായുധ സേനയ്ക്ക് പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ (എംബിആർഎൽ), ടാങ്ക് വിരുദ്ധ യുദ്ധോപകരണങ്ങൾ, 250 മില്യൺ യുഎസ് ഡോളർ വിലയുള്ള വെടിമരുന്നുകൾ, യുദ്ധസമാന സ്റ്റോറുകൾ എന്നിവ വിതരണം ചെയ്യാനുള്ള ഇന്ത്യ-അർമേനിയ കരാറിൽ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇന്ത്യ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലെ അംഗങ്ങളാണ് അർമേനിയയും അസർബൈജാനും. ഇറാന്റെ ചബഹാർ തുറമുഖം ഐഎൻഎസ്ടിസിയിൽ ഉൾപ്പെടുത്താനുള്ള അർമേനിയയുടെ നിർദ്ദേശത്തെ ഇന്ത്യ പിന്തുണച്ചിരുന്നു.

അർമേനിയയുടെയും അസർബൈജാന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം, മധ്യേഷ്യയിലൂടെയും ഇറാനിലൂടെയും റഷ്യയുമായും യൂറോപ്പുമായും ഇന്ത്യയെ ബന്ധിപ്പിക്കുന്നതിന് ഈ പ്രദേശം ഒരു പ്രായോഗിക ഇടനാഴി എന്ന നിലയിൽ പ്രധാനമാണ്. അതുകൊണ്ടുതന്നെ യൂറോപ്പിലേക്കും റഷ്യയിലേക്കുമുള്ള കവാടമെന്ന നിലയിൽ പാക്കിസ്ഥാനെ മറികടക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെ മേഖലയിലെ സംഘർഷങ്ങൾ നേരിട്ട് ബാധിക്കും.


വൺസൈഡ് ഇരവാദം ആപത്ത്

അതായത് ഗസ്സയെക്കാൾ ഇന്ത്യയെ ബാധിക്കുന്ന പ്രശ്നമാണ് അർമേനിയലേത്. എന്നിട്ടും ആ വിഷയം ഇവിടെ ചർച്ചയാവുന്നില്ല. കാരണം, കേരളത്തിലെ രാഷ്ട്രീയമെന്നത്, ഇസ്ലാമോ ലെഫ്റ്റിന് മൂൻതൂക്കമുള്ളതാണ്. ആ ഇരവാദത്തിന് തൂക്കമൊപ്പിച്ചുള്ള വിഷയങ്ങളെ ഇവിടെ എടുക്കു.

ഇക്കാര്യം ചൂണ്ടിക്കാട്ടി എഴുത്തുകാരൻ സി ആർ പരമേശ്വരൻ ഇങ്ങനെ കുറിക്കുന്നു. ''അതുപോലെ, മൗറീഷ്യസിലും ഫിജിയിലും ഒക്കെ ഹിന്ദു വംശജർ ഇടയ്ക്കിടെ പീഡിപ്പിക്കപ്പെടാറുണ്ട്. വടക്കൻ ശ്രീലങ്കയിൽ സിംഹളർ തുടച്ചുനീക്കിയത് ഹിന്ദു- ക്രിസ്ത്യൻ വംശജരെയാണ്. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഗവൺമെന്റ് ശ്രീലങ്കയിൽ തെക്കും വടക്കും ഒക്കെ ഇടപെട്ട് സംഗതി കൂടുതൽ കുളമാക്കിയതല്ലാതെ ഉമ്മത്തിന് തത്തുല്യമായ ഒരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചില്ല. സിംഹള സമൂഹത്തിനോടും തമിഴ് സമൂഹത്തിനോടും പ്രകടിപ്പിച്ച രാജീവ് ഗാന്ധിയുടെ ധാർഷ്ട്യം കലർന്ന മണ്ടത്തരങ്ങൾ അദ്ദേഹത്തിന്റെ ജീവൻ പോലും എടുത്തു.എൽടിടിഇ അവസാനം തുടച്ചുനീക്കപ്പെട്ടപ്പോൾ തമിഴ്‌നാട്ടിലെ ഒരു ഈർക്കിൽ പാർട്ടി മാത്രമാണ് കാര്യമായി പ്രതികരിച്ചു കൊണ്ടിരുന്നത്. വിദൂര സ്ഥലത്തെ അക്രമത്തെക്കുറിച്ച് ഉള്ള ഒരു വാർത്ത വായിച്ചു എന്നതിനപ്പുറം കേരളത്തിൽ എന്നല്ല ഇന്ത്യയിലും ഒരു ഹിന്ദു - ക്രിസ്ത്യൻ നീചൻ പോലുംഅന്ന് പ്രതികരിച്ചു കണ്ടിട്ടില്ല.(തമിൾ കോസ് ന്യായീകരികരിക്കപ്പെടാമെങ്കിലും, എൽടിടിഇയുടെ വഴികൾ ന്യായീകരിക്കപ്പെടേണ്ടവയായിരുന്നു എന്ന് വിവക്ഷിക്കുന്നില്ല. സ്വന്തം മതം മാത്രം നോക്കിയുള്ള പ്രതികരണത്തിന്റെ സ്വഭാവവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി എന്നേയുള്ളു.)

1990 മധ്യത്തിൽ ഒരു ലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകൾ തങ്ങളുടെ ജന്മഭൂമിയിൽ നിന്ന് തുരത്തപ്പെട്ടപ്പോൾ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് അത് ഒരു വാർത്ത പോലും ആയില്ല. മാനവികതയും അന്തർദേശീയതയും കുല കുലയായി സൂക്ഷിക്കുന്ന ഇടത് ബുദ്ധിജീവികൾക്കും എഴുത്തുകാർക്കും ആ പലായനം പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തതുകൊണ്ട് കവിതകളായി പരാവർത്തനം ചെയ്യാൻ ആയില്ല. കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതം സംഘപരിവാരികൾക്കുപോലും ഒരു ഇലക്ഷൻ വിഷയം മാത്രമേ ആയിരുന്നിട്ടുള്ളു.

33 കൊല്ലം കഴിഞ്ഞിട്ടും അവരിൽ പലരും ഇനിയും പുനരധിവസിക്കപ്പെട്ടിട്ടില്ല. വീണ്ടും ചോദിക്കട്ടെ, മുസ്ലീങ്ങൾ മാത്രം എത്ര അകലെ ആയാലും സ്വന്തം മതസ്ഥരുടെ ദുഃഖം തിരിച്ചറിയുകയും ഹിന്ദുക്കൾ അങ്ങനെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്?''- ഇങ്ങനെയാണ് സി ആർ പരമേശ്വരൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ചുരക്കിപ്പറഞ്ഞാൽ അങ്ങേയറ്റം വിതണ്ഡമായ ഇസ്ലമോ ഇരവാദമാണ് കേരളത്തിൽ ജ്വലിച്ച് നിൽക്കുന്നത്. അർമേനിയൻ കൂട്ടക്കൊലകളും, കണ്ണീരും ചർച്ചയാവാത്തതും അതുകൊണ്ട് തന്നെയാണ്.

വാൽക്കഷ്ണം: ഓട്ടോമാൻ കാലത്ത് നടന്ന അർമേനിയൻ കൂട്ടക്കൊലയെക്കുറിച്ച് ആയിരക്കണക്കിന് തെളിവുകൾ ഇന്നുമുണ്ട്. പക്ഷേ കേരളത്തിലെ ഒരു ഇസ്ലാമിക പ്രഭാഷൻ ഈയിടെയും പറയുന്നതുകേട്ടു, ഇസ്ലാമിനെ പ്രതിക്കൂട്ടിലാക്കാൻ 15ലക്ഷം പേരെ കൊന്നുവെന്നൊക്കെ വെറുതെ തട്ടിവിടുകയാണെന്ന്!