ന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ബിജെപിയിലേക്ക് മാറിയ പാർട്ടി ഏതാണെന്ന ചോദിച്ചാൽ, അനിൽ ആന്റണിയെയും, പത്മജ വേണുഗോപാലിനെയും മുൻ നിർത്തി, 'ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബിജെപി' എന്ന ക്യാപ്സ്യൂൾ ഇറക്കുകയായിരുന്നു സൈബർ സഖാക്കൾ ചെയ്യുക. എന്നാൽ കണക്കുകൾ നോക്കിയാൽ ഇന്ത്യയിൽ ഏറ്റവുംു കൂടുതൽപേർ സംഘപരിവാറിൽ എത്തിയത് സിപിഎമ്മിൽ നിന്നാണ്. അതായിരുന്നു പശ്ചിമക ബംഗാളിലെ, ലോകചരിത്രത്തിലെ തന്നെ സമാനതകൾ ഇല്ലാത്ത കാലുമാറ്റം. തൃണമുൽ ഭരണത്തിലെ അക്രമം താങ്ങാനാവാതായതോടെ ബംഗാളിലെ പാർട്ടി ഗ്രാമങ്ങൾ പലതും ബിജെപി ഗ്രാമങ്ങളായി!

വെറും പാവപ്പെട്ട അണികൾ മാത്രമല്ല, ഒരു ഡസനോളം പ്രമുഖനേതാക്കളും ബംഗാളൽനിന്നും ത്രിപുരയിൽനിന്നും ബിജെപിയിൽ എത്തിയിരിട്ടുണ്ട്. നേരത്തെ ത്രിപുര മുൻ മുഖമന്ത്രി മണിക്ക് സർക്കറിന്റെ മക്കൾ ബിജെപിയിലാണെന്ന ഒരു തെറ്റായ പ്രചാരണം, കോൺഗ്രസ് നേതാക്കൾ പടച്ചുവിട്ടിരുന്നു. മണിക്ക് സർക്കാറിന് മക്കളില്ല എന്ന അടിസ്ഥാനവസ്തുതപോലും പരിശോധിക്കാതെ ആയിരുന്നു ഈ തള്ളിവിടൽ. പക്ഷേ ജില്ലാകമ്മറ്റി അംഗങ്ങളും എം പിമാരും, എംഎൽഎമാരും അടക്കം നിരവധി സിപിഎം നേതാക്കാൾ ബംഗാളിലും ത്രിപുരയിലുമായി ബിജെപിയിൽ എത്തിയിരുന്നു.

അവരുടെ ഒരു ചെറിയ ലിസ്റ്റ് നോക്കാം. തപസി മണ്ഡൽ, ഗഗൻ മുർമു, സ്വദേശ് രഞ്ജൻ നായക്, ദിപാലി ബിശ്വാസ്, നികുഞ്ച പൈക്,അംഗഡ് ബൗരി, ദേബേന്ദ്രനാഥ് റോയ്, ജ്യോതിർമോയ് സിക്ദർ, ബിശ്വജിത് ദത്ത, ജിതേന്ദ്ര സർക്കാർ, മനോരഞ്ജൻ ആചാർജി, ജയ് കിഷോർ ജമാത്തിയ... ലിസ്റ്റ് ഇനിയും നീളുന്നതാണ്. ഇതിൽ ബംഗാളിലെ സിപിഎം എംഎൽഎആയിരുന്നു ഗഗൻ മുർമു ആ സ്ഥാനം രാജിവെക്കാതെയാണ് ബിജെപിയിൽ ചേർന്നത്. നിലവിൽ അദ്ദേഹം ബംഗാളിൽനിന്നുള്ള ബിജെപി എംപിയാണ്. അങ്ങനെ എത്ര എത്രപേർ.

ഇന്ത്യൻ ലെഫ്റ്റ് എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ്മയിൽ വരിക കേരളം, ബംഗാൾ, ത്രിപുര, എന്നീ മൂന്ന് സംസ്ഥാനങ്ങളെയാണ്. പക്ഷേ ചരിത്രം അങ്ങനെയല്ല. ആന്ധ്രയിലും, തെലങ്കാനയിലും, മഹാരാഷ്രട്രയിലും, പഞ്ചാബിലും, യു.പിയിലും, മണിപ്പൂരിലും ഒരു കാലത്ത് ശക്തമായിരുന്നു ഇടതുപാർട്ടികൾ. ഇന്ന് നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരാണസിപോലും ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തിദുർഗമായിരുന്നു! അതുപോലെ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായിരുന്ന, ഹർകിഷൻ സിങ്ങ് സുർജിതിനെപ്പോലുള്ള സമുന്നത നേതാക്കൾ ഉള്ള സ്ഥലമായിരുന്നു പഞ്ചാബ്. മണിപ്പൂരിൽ സിപിഐക്കും കാര്യമായ വേരുകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതെല്ലാം നഷ്ടമായി കനൽ ഒരു തരിപോലുമില്ലാത്ത അവസ്ഥയിലാണ് ഇടതുപാർട്ടികൾ.

അവിടുത്തെ പഴയ നേതാക്കളുടെ മക്കളിൽ പലരും ഇന്ന് ബിജെപിയിലാണ്. അതായത് കോൺഗ്രസിലെ മാത്രമല്ല, ഒരു കേഡർ പാർട്ടിയായ സിപിഎമ്മിനെയും ബിജെപി വിഴുങ്ങുന്നുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ശോഷണവും, ബിജെപിയുടെ വളർച്ചയും, ഏതാണ്ട് ഒരേ നിരക്കിലാണെന്ന് കാണാം.

2004-സിപിഎമ്മിന്റെ സുവർണ കാലഘട്ടം

ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രതിപക്ഷം. ഇന്ത്യൻ പ്രധാനമന്ത്രിപദം വരെ വെച്ചു നീട്ടത്തക്ക രീതിയിൽ 90കളിൽ പ്രബലമായ കക്ഷി. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് കിങ്ങ്മേക്കേഴ്സ്. പക്ഷേ സിപിഎം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾക്ക് പക്ഷേ ഇന്ന് പറയാനുള്ളത് നഷ്ടപ്രതാപത്തിന്റെ കഥകൾ മാത്രം. പക്ഷേ സിപിഎമ്മിന്റെ സുവർണ്ണ കാലഘട്ടം എന്ന് പറയാവുന്നത് 2004 ആണ്. അന്നാണ് 43 സീറ്റുകളുമായി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയായി സിപിഎം മാറി. ഇടതുപാർട്ടികൾക്കാകെ 62 എംപിമാർ. ഇന്ത്യൻ ഇടതുപക്ഷം ലോക്സഭാ ചരിത്രത്തിൽ നേടിയ ഏറ്റവും വലിയ നേട്ടമായിരുന്നു അത്.

അന്ന് മൂന്ന് സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്ന സിപിഎം. ഇന്ന് കേരളത്തിൽ മാത്രമാണ് ഭരണത്തിലുള്ളത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും രണ്ടാംസ്ഥാനത്ത് പോലുമില്ലെന്ന് മാത്രമല്ല കെട്ടിവെച്ച കാശുപോലും കിട്ടാത്ത അവസ്ഥയാണ്. അധികാരമുള്ള കേരളത്തിൽ ഒറ്റ സീറ്റിൽ മാത്രമാണ് ലോകസ്ഭയിൽ ജയിക്കാനായത്. തമിഴ്‌നാട്ടിൽ ഡി.എം.കെ. മുന്നണിയിൽ മത്സരിച്ചാണ് രണ്ട് സീറ്റുകൾ നേടിയെടുത്തത്.

2004-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷംനേടാനായിരുന്നില്ല. അന്ന് കിങ്ങ് മേക്കറായത് സിപിഎമ്മാണ്. സിപിഎം. നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, സൽമാൻ ഖുർഷിദ് എന്നിവർ ചേർന്ന് ഒരു പൊതുമിനിമം പരിപാടിക്ക് രൂപം നൽകിയാണ് ഒന്നാം യു.പി.എ. സർക്കാർ അധികാരത്തിലേറുന്നത്. സർക്കാരിൽ ചേരാൻ വിസമ്മതിച്ച സിപിഎം. പുറത്ത് നിന്ന് പിന്തുണ നൽകുകയാണ് ചെയ്തത്. എന്നാൽ മുതിർന്ന നേതാവ് സോമനാഥ് ചാറ്റർജിയെ സ്പീക്കറാക്കുന്നതിന് പാർട്ടി അനുമതി നൽകി. മൂന്ന് വർഷത്തിന് ശേഷം ബന്ധം വഴിപിരിഞ്ഞപ്പോൾ സോമനാഥ് ചാറ്റർജി സ്പീക്കർ പദവി രാജിവെക്കാൻ തയ്യാറാകാതിരുന്നതും തുടർന്ന് അദ്ദേഹത്തെ സിപിഎം. പുറത്താക്കിയതും ചരിത്രം.

2008-ൽ യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽനിന്ന് സിപിഎം. പതുക്കെ അപ്രത്യക്ഷമാകാൻ തുടങ്ങിയതും യാദൃശ്ചികമാണ്. തൊട്ടടുത്ത വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സിപിഎമ്മും ഇടതുപാർട്ടികളും അതുവരെയുള്ള അവരുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളിലേക്കൊതുങ്ങി. 2004-ൽ 43 സീറ്റ് ലഭിച്ച സിപിഎമ്മിന് 2009-ൽ 16 സീറ്റുകളേ ലഭിച്ചുള്ളൂ. പശ്ചിമ ബംഗാളിലാണ് സിപിഎം. ഏറ്റവുംവലിയ തിരിച്ചടി നേരിട്ടത്. 1977 മുതൽ മൃഗീയ ആധിപത്യം തുടരുന്ന സംസ്ഥാനത്ത് ഒമ്പത് സീറ്റുകൾ മാത്രമാണ് നേടിയത്. 19 സീറ്റുകൾ പിടിച്ച് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ആസന്നമായ മാറ്റത്തിന്റെ സൂചന തിരഞ്ഞെടുപ്പിലൂടെ നൽകി. 2004-ൽ ഒരു സീറ്റിൽ മാത്രമാണ് തൃണമൂലിന് ജയിക്കാനായിരുന്നത്. തുടർന്നുള്ള തിരഞ്ഞെടുപ്പുകൾ സിപിഎമ്മിന് കയ്‌പേറിയതായിരുന്നു. ബംഗാളിലും ത്രിപുരയിലും അധികാരവും നഷ്ടമായി. ബംഗാളിൽ പേരിന് പോലും ഒരു എംഎ‍ൽഎയോ എംപിയോ ഇല്ലാത്ത അവസ്ഥയിലേക്ക് സിപിഎം. ഇന്ന് മാറി. എന്തിന് ഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് കിട്ടാത്ത അവസ്ഥയായി.


ബംഗാളിൽ സംഭവിച്ചത്

കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ കോട്ടയായ അന്തൂർ മുൻസിപ്പാലിറ്റിയിലെയോ, കല്യാശ്ശേരി പഞ്ചായത്തിലെയോ, ഒരു പാർട്ടി ഓഫീസ് ഒന്നടങ്കം കാവി ചായമടിച്ച് കാവിക്കൊടിയുയർത്തി, ലോക്കൽ കമ്മറ്റി ഒന്നടങ്കം, ബിജെപിയിലേക്ക് പോയാൻ എങ്ങനെയുണ്ടാവും! അത്തരമൊരു രാഷ്ട്രീയ മാറ്റം അവിശ്വസനീയം എന്നേ പറയാൻ കഴിയു. എന്നാൽ അതുപോലെയുള്ള ഒരു മാറ്റമാണ്, ഒരുകാലത്ത് കണ്ണൂരിനേക്കാൾ വലിയ സിപിഎം കോട്ടയായ, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് എന്ന ജില്ലയിൽ 2015-16 കാലഘട്ടത്തിൽ നടന്നത്. ഇവിടെ ചില നേതാക്കൾ ബിജെപിയിലേക്ക് മാറുകയായിരുന്നില്ല. മറിച്ച് പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് പോയി. പാർട്ടി ഓഫീസുകളിൽ ചുവപ്പുകൊടി മാറ്റി കാവിക്കൊടി ഉയർത്തി, സെക്രട്ടറിയും, അംഗങ്ങളും, ഭാര്യയും, മക്കളുമെല്ലാം കുട്ടത്തോടെ ബിജെപിയിൽ എത്തി. ലോക ചരിത്രത്തിലെ തന്നെ അവിശ്വസീനയമായ രാഷ്ട്രീയമാറ്റം എന്നാണ് ഇവിടം സന്ദർശിച്ച, ഇന്ത്യൻ എക്സ്പ്രസിന്റെ അടക്കമുള്ള മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്!

ഇന്ന് ബംഗാളിൽ ഒരിടത്തും കെട്ടിവെച്ച കാശുപോലും കിട്ടാതെ സംപുജ്യരാണ് സിപിഎം. തൃണമുൽ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ പാർട്ടി ഇവിടെ ബിജെപിയാണ്. ബിജെപിയിലെ 90 ശതമാനം അംഗങ്ങളും പഴയ സിപിഎമ്മുകാരാണ്. ഇത് എന്തെങ്കിലുമൊരു പ്രത്യയശാസ്ത്രം വെച്ചുള്ള മാറ്റമായിരുന്നില്ല. മറിച്ച് ഭരണംമാറിയതോടെ, പൊലീസിന്റെ സഹായത്തോടെയുള്ള തൃണമൂലിന്റെ അക്രമം താങ്ങാൻ കഴിയാതെ ആയതോടെ, അടിച്ചാൽ അൽപ്പമെങ്കിലും തിരിച്ചടിക്കാൻ ശേഷിയുള്ള പാർട്ടി എന്ന നിലയിലാണ് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് കുത്തി ഒഴുകിയത്.

ഇപ്പോൾമോദി-ദീദി പോര് എന്ന ദ്വന്ദ്വത്തിലേക്ക് ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങി നിന്നപ്പോൾ ഇടതുപക്ഷവും കോൺഗ്രസും കാഴ്ചക്കാരുടെ റോളിലായി. മമതയെ നേരിടുന്നതിൽ ഒരു പരിധിവരെ വിജയിച്ചപ്പോൾ ഇത്തവണയും സമാനമായ തലത്തിലേക്ക് ബിജെപി. പ്രചാരണങ്ങൾ കൊണ്ട് പോകുന്നത്. സന്ദേശ്ഖലി ഉയർത്തി മോദി-ദീദി പോര് ആവർത്തിക്കപ്പെട്ടാൽ 2019-ലേതിന് സമാനമായ റോളാകും ഇത്തവണയും ഇടതുപക്ഷത്തിനുണ്ടാകുക. എന്നാൽ അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിന് നേരിയ ആത്മവിശ്വാസം നൽകുന്നുണ്ട്. 2019-ൽ ബിജെപി. കവർന്നെടുത്ത വോട്ട്ബാങ്കുകളെ തിരികെ കൊണ്ടുവരാൻ ഇടത്-കോൺഗ്രസ് സഖ്യത്തിനായെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ 51.5 ശതമാനം വോട്ടുകൾ നേടി തൃണമൂൽ കോൺഗ്രസ് സീറ്റുകൾ തൂത്തുവാരിയപ്പോൾ പ്രതിപക്ഷ വോട്ടുകളിലാണ് വിള്ളൽ വീണത്. 2019-ൽ 18 സീറ്റുകളും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായി മാറുകയും ചെയ്ത ബിജെപിക്ക് ആശങ്ക നൽകുന്ന ഫലമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത്-കോൺഗ്രസ് സഖ്യം ഉണ്ടാക്കിയത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10% മാത്രമായിരുന്ന ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെയും സംയുക്ത വോട്ട് വിഹിതം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 20% കടന്നു. 2019-ൽ 40 ശതമാനവും 2021-ൽ 38 ശതമാനവുമായിരുന്ന ബിജെപിയുടെ വിഹിതം 23 ശതമാനമായി കുറയുകയും ചെയ്തു. ഈ ലോകസ്ഭാ തെരഞ്ഞെടുപ്പിലും ബംഗാളിൽ സിപിഎമ്മിന് വലിയ പ്രതീക്ഷയില്ല.

ത്രിപുരയിലും സമാനം

ബംഗാളിലേതിന് സമാനമായ സാഹചര്യമാണ് ത്രിപുരയിലും സിപിഎം. നേരിടുന്നത്. സിപിഎം. കോട്ടയായിരുന്ന ത്രിപുരയുടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റുകളും കഴിഞ്ഞ തവണ ബിജെപി. കവർന്നെടുക്കുകയുണ്ടായി. രണ്ടിടത്തും സിപിഎം പരാജയപ്പെടുക മാത്രമല്ല, മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇവിടെയും സിപിഎം വോട്ടുകൾ പോയത് ബിജെപിയിലേക്കാണ്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് സിപിഎം. മത്സരിച്ചത്.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎം. കോൺഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ സീറ്റിലും ഇരുപാർട്ടികളും മത്സരിച്ചേക്കും. പ്രധാന പ്രതിപക്ഷകക്ഷിയായ തിപ്രമോത്തയുമായി സഖ്യശ്രമത്തിന് സിപിഎമ്മും കോൺഗ്രസും ശ്രമിച്ചിരുന്നു. എന്നാൽ തിപ്രമോത്ത ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. ഇത്തവണയും ത്രുപരയിൽ സിപിഎമ്മിന് കാര്യമായ പ്രതീക്ഷയില്ല. ത്രിപുര സന്ദർശിച്ച ഹിന്ദുസ്ഥാൻ ടൈസ് ലേഖകൻ സുദീപ് വാസുദേവ് ഇങ്ങനെ എഴുതുന്നു. -" ത്രിപുരയിലെ ബംഗാളി ഹിന്ദുക്കളുടെ വോട്ടാണ് ബിജെപിയിലേക്ക് പോയത്. മുസ്ലീങ്ങളും ക്രിസ്ത്യനികളും ത്രിണമൂലിന് ഒപ്പവും. പാർട്ടി സംഘടനാ സംവിധാനം തന്നെ ഇവിടെ ശോഷിച്ചുപോയി. പ്രാദേശിക നേതാക്കളിൽ പലരും ബിജെപിയിലാണ്". അതായത് ത്രിപുര മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാറിന്റെ മക്കൾ ബിജെപിയിൽപോയി എന്ന് പറഞ്ഞത മാത്രമാണ് തെറ്റിപ്പോയത്. ബിജെപിയിലേക്കുള്ള മാറ്റം അവിടെ സാധാണ സംഭവമാണ്.

വാരണാസി ചുവപ്പണിഞ്ഞ കാലം

യു.പിയിലടക്കം നിർണ്ണായക ശക്തിയായിരുന്നു ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾ. 1951- ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പു മുതൽ ഉത്തർപ്രദേശിൽ പോരാട്ടത്തിനിറങ്ങിയ സിപിഐ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ വിജയം നേടി ഹിന്ദി ഹൃദയഭൂവിൽ ശക്തി തെളിയിച്ചിരുന്നു.1951- ലെ ആദ്യ തിരഞ്ഞെടുപ്പിൽ 43 സീറ്റുകളിൽ മത്സരിച്ച് മോശമല്ലാത്ത തുടക്കമിട്ട കമ്യൂണിസ്റ്റ് പാർട്ടിക്ക് പക്ഷേ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. പക്ഷേ 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റിൽ മത്സരിച്ച് ഒൻപത് സീറ്റിൽ വിജയം നേടി. ലോക്സഭയിലേക്ക് റസ്രയിൽ വിജയം നേടിയപ്പോൾ ഘോസി, ജാൻസി, മീററ്റ് എന്നിവിടങ്ങളിൽ രണ്ടാം സ്ഥാനവും നേടി.

1962 ആയപ്പോഴേക്കും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടു. റസ്ര മണ്ഡലത്തിൽ വിജയം ആവർത്തിച്ച പാർട്ടി, ഘോസിയിലും വിജയം നേടി രണ്ടു പേരെ ലോക്സഭയിലെത്തിച്ചു. 430 അംഗ യുപി നിയമസഭയിൽ 147 സീറ്റിൽ മത്സരിക്കാൻ കരുത്തു നേടിയ പാർട്ടി, കാൻപുർ അടക്കമുള്ള 14 സീറ്റിൽ വിജയം നേടി. പത്തോളം സീറ്റിൽ രണ്ടാം സ്ഥാനവും നേടി യുപിയിലെ പ്രമുഖ കക്ഷിയായി മാറി. 1964- ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് യുപിയിലെ പാർട്ടിയെയും തളർത്തി. സിപിഎമ്മും സിപിഐയുമായി മാറിയതോടെ ഇരുപക്ഷവും ബലാബലം നോക്കിയ യുപിയിൽ സിപിഐ ക്കായിരുന്നു നേട്ടം. 1967- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും സിപിഐ സ്വന്തമാക്കി. 17 സീറ്റിൽ മത്സരിച്ച പാർട്ടി ഘോസി, അംരോഹ, ഗസ്സിപ്പുർ, ബണ്ട, മുസഫർപുർ മണ്ഡലങ്ങളിൽ നിന്ന് ലോകസഭയിലെത്തിയത് മറ്റ് പ്രതിപക്ഷ പാർട്ടികളെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിൽ ഇരുപക്ഷവും പലയിടത്തും പരസ്പരം പൊരുതി. ഫലം വന്നപ്പോൾ ശക്തി തെളിയിച്ചത് സിപിഐ തന്നെ ആയിരുന്നു.

ക്ഷേത്രനഗരമെന്ന് അറിയപ്പെടുന്ന വാരണാസി ഒരു കാലത്ത് ചുവപ്പണിഞ്ഞ നാടായിരുന്നു. അറുപതുകളുടെ തുടക്കത്തിൽ വാരണാസിയിലെ പല നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷം ശക്തി തെളിയിച്ചു. 1962- ൽ വാരാണാസിക്കു സമീപത്ത ചില നിയമസഭാ സീറ്റുകളിൽ വിജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു. പിളർപ്പിനു ശേഷം 1967 ൽ സിപിഎമ്മിന് യുപിയിലെ ആദ്യ ലോക്സഭാംഗത്തെ സംഭാവന ചെയ്തത് വാരണാസിയാണ്. നിയമസഭയിലേക്ക് വാരണാസി സൗത്ത് മണ്ഡലത്തിൽ ജയിച്ചത് സിപിഐയാണ്. അക്കാലത്ത ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും അടിത്തറയുള്ള പ്രദേശമായി ഇവിടം വളർന്നിരുന്നു.

1971- ൽ കോൺഗ്രസും 77 ൽ ജനതാ പാർട്ടിയും 1980 ലും 84 ലും കോൺഗ്രസും ജയിച്ചു. 1989 ൽ അനിൽ ശാസ്ത്രിയിലൂടെ ജനതാദളും വിജയിച്ച ഇവിടം പതിയെ ബിജെപിയിലേക്ക് ചാഞ്ഞു. 1991ലും 1996ലും 1998 ലും ബിജെപി വിജയിച്ചു. 2004 ൽ കോൺഗ്രസ് വിജയിച്ചെങ്കിലും 2009 ൽ മുരളി മനോഹർ ജോഷി ബിജെപിക്കായി മണ്ഡലം തിരിച്ചുപിടിച്ചു. 2014 ൽ നരേന്ദ്ര മോദി മത്സരിക്കാൻ എത്തിയതോടെ ആ പഴയ ചുവപ്പു കോട്ട കാവിപുതയ്ക്കുകയായിരുന്നു. ഇവിടുത്തെ പഴയ ഇടതു നേതാക്കളുടെ മക്കൾ ഇന്ന് ബിജെപിയിലാണ്.

1974മുതൽ 90കൾവരെ ഇടതുപാർട്ടികൾ യു.പിയുടെ അസംബ്ലയിൽ ഉണ്ടായിരുന്നു. പക്ഷേ രണ്ടായിരമാണ്ട് ആയപ്പോഴേക്കും തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ സാന്നിധ്യം യുപിയിൽ നാമമാത്രമായി. മിത്രസെൻ യാദവിനെപ്പോലുള്ള നേതാക്കൾ സിപിഐ വിട്ട് മായാവതിക്കൊപ്പം പോയി. ഒരിക്കൽ ശക്തി കേന്ദ്രമായിരുന്ന വാരണാസി സൗത്ത് നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന് കിട്ടിയത് വെറും 740 വോട്ടാണ് .വാരണാസി കന്റോൺമെന്റിൽ സിപിഐക്ക് കിട്ടിയത് 1514 വോട്ടും!


സുർജിത്തിന്റെ നാട്ടിലും തകർച്ച

ഭഗത്സിങ്ങിന്റെ കാലംമുതൽ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വേരുള്ള മണ്ണാണ് പഞ്ചാബ്. ഹർകിഷൻ സിങ്ങ് സുർജിത്ത് എന്ന ദേശീയ ജനറൽ സെക്രട്ടറിയെ വരെ സംഭാവന ചെയ്ത പാരമ്പര്യമുണ്ട് പഞ്ചാബിന്. എന്നാൽ അവിടെയും ഇന്ന് ഇടതുപക്ഷത്തിന്റെ അവസ്ഥ ദയനീയമാണ്. 1951- ലെ പൊതു തിരഞ്ഞെടുപ്പു മുതൽ പഞ്ചാബിൽ കമ്യൂണിസ്റ്റ് പാർട്ടികൾ സജീവമായിരുന്നു. 1951 ൽ 26 സീറ്റിലാണ് കമ്യൂണിസ്റ്റ് പാർട്ടി നിയമസഭയിലേക്ക് മത്സരിച്ചത്. നാലു സീറ്റിൽ വിജയിച്ചു. 193,974 വോട്ടും നേടി. (3.89 %). ലോകസഭയിലേക്ക് മത്സരിച്ച നവാൻഷഹർ മണ്ഡലത്തിൽ പിന്നീട് സിപിഎം ജനറൽ സെക്രട്ടറിയായ ഹർകിഷൻ സിങ് സുർജിത് രണ്ടാമനായി എത്തിയതാണ് ചരിത്രം.

1964- ലെ പിളർപ്പിനു ശേഷം കരുത്തുകാട്ടിയത് സിപിഎം ആണെന്നു പറയാം. സിപിഐ അകട്ടെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയാണ് എഴുപതുകളിൽ പഞ്ചാബിൽ മത്സരിച്ചത്. അതിനാൽ ചില തിരഞ്ഞെടുപ്പു നേട്ടങ്ങൾ സ്വന്തമാക്കാൻ സിപിഐ ക്ക് കഴിഞ്ഞു. എങ്കിലും 84വരെ നാലും അഞ്ചും സീറ്റുകളെങ്കിലും നേടി ഇടതുപാർട്ടികൾ പഞ്ചാബിൽ സജീവമായിരുന്നു. 1985 ലെ തിരഞ്ഞെടുപ്പിൽ 38 സീറ്റിൽ മത്സരിച്ച സിപിഐ ക്ക് ഒരാളെ മാത്രമാണ് വിജയിപ്പിക്കാനായത്. സിപിഎം 28 സീറ്റിൽ മത്സരിച്ചങ്കിലും ഒരിടത്തും ജയിച്ചില്ല.

സിഖ് തീവ്രവാദം ശക്തമായി നിന്ന 1992 കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ കരുത്ത് വീണ്ടെടുക്കാൻ ഇരു പാർട്ടികളും ശ്രമം നടത്തി. ജനപങ്കാളിത്തം വളരെ കുറഞ്ഞ ആ തിരഞ്ഞെടുപ്പിൽ ശരാശരി 25 ശതമാനം മാത്രമായിരുന്നു പോളിങ്. കമ്യൂണിസ്റ്റ് പാർട്ടികളിൽ സിപിഐ 20 ൽ മത്സരിച്ചു. നാലിടത്ത് വിജയിച്ചു. സിപിഎമ്മാകട്ടെ 17 ൽ പോരാടി ഒരിടത്താണ് ജയം കണ്ടത്. 1997 ൽ സിപിഐ 15 സീറ്റിലാണ് മത്സരിച്ചത്. രണ്ടിടത്ത് ജയിച്ചപ്പോൾ 25 സീറ്റിൽ പോരിനിറങ്ങിയ സിപിഎം എങ്ങും വിജയിച്ചില്ല. 2002- ൽ 11 സീറ്റിൽ മാത്രം മത്സരിച്ച സിപിഐ രണ്ടിടത്ത് ജയിച്ചു. 2,22,076 വോട്ടും നേടി. സിപിഎം 13 ൽ മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല. കിട്ടിയ വോട്ട് 2,20,785.

2007 ആയപ്പോഴേക്കും കമ്യൂണിസ്റ്റുകളുടെ ജനപിന്തുണയിൽ വൻ ഇടിവുണ്ടായി. സിപിഐ 25 സീറ്റിലും സിപിഎം 13 സീറ്റിലും മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. എല്ലായിടത്തും ഇരു പാർട്ടിക്കും കെട്ടിവച്ച തുക നഷ്ടമായി. പലയിടത്തും പുതുശക്തിയായി ബിഎസ്‌പി കടന്നു കയറി. 1992ലെ തിരഞ്ഞെടുപ്പു മുതൽ പഞ്ചാബിൽ മത്സരരംഗത്ത് വന്ന ബിഎസ്‌പി, 1997-ൽ 67 ൽ മത്സരിച്ച് ഒരാളെ വിജയിപ്പിച്ച് കരുത്തു കാട്ടിയിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകളിൽ മത്സരിക്കുമ്പോഴും ആരും വിജയിച്ചില്ലെങ്കിലും അഞ്ച് ശതമാനം വോട്ട് സ്വന്തമാക്കുക പതിവായി.

2012 ൽ സിപിഐ 14, സിപിഎം 9 സീറ്റിലും മത്സരിച്ചെങ്കിലും ആരും ജയിച്ചില്ല ഒരിടത്തും കെട്ടിവച്ച തുക തിരികെ കിട്ടിയില്ല. 2017- ൽ സിപിഐ 23 സീറ്റിലും സിപിഎം 12 ലും പൊരുതി കെട്ടിവെച്ച തുക നഷ്ടമാക്കി. സിപിഐക്ക് 34,074 വോട്ടും (0.62%) സിപിഎമ്മിന് 10,001 വോട്ടും മാത്രമാണ് കിട്ടിയത്. ഇത്തവണയും എത്ര സീറ്റിൽ കെട്ടിവെച്ച കാശ് തിരിച്ചുപടിക്കാമെന്നതിന് ഒരു ഉറപ്പുമില്ല.

സിപിഐയെ ബിജെപി വിഴുങ്ങിയ മണിപ്പുർ

നമ്മുടെ നാട്ടിൽ സിപിഎമ്മിന്റെ ദയാദാക്ഷിണ്യങ്ങളിൽ ജീവിക്കാൻ വധിക്കപ്പെട്ട പാർട്ടിയാണ് സിപിഐ എങ്കിലും ഉത്തരേന്ത്യയിൽ അങ്ങനെയല്ല. ബീഹാറിലും യുപിയിലും ഇന്നും സിപിഐയാണ് സിപിഎമ്മിന് മുന്നിൽ. അതുപോലെ വടക്ക് കിഴക്കൻ മേഖലയിലെ സിപിഐയുടെ തുരുത്തുകളിൽ ഒന്നായിരുന്ന മണിപ്പൂർ. ത്രിപുരയിൽ സിപിഎം അധികാരത്തിലേക്ക് മുന്നേറിയപ്പോൾ, മണിപ്പുരിൽ രൂപീകരണം മുതൽ ശക്തമായ സാന്നിധ്യമാണ് സിപിഐ. ഒരിക്കലും അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും നിയമസഭയിൽ മിക്ക തിരഞ്ഞെടുപ്പിലും പ്രതിനിധികളെ എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് പൊരുതി 1967 ലും 1998 ലും സിപിഐ സ്ഥാനാർത്ഥികൾ മണിപ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു കയറിയും ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

2021- ൽ മണിപ്പൂരിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വോട്ടു നഷ്ടമായ പ്രസ്ഥാനങ്ങളിൽ മുഖ്യ കക്ഷിയാണ് സിപിഐ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1967-ൽ മണിപ്പൂരായ ശേഷം ആദ്യ തിരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ മത്സരിച്ച സിപിഐക്ക് ഒരിടത്ത് ജയിക്കാനായി. തുടർന്ന് 2012വരെ മൂന്നും നാലും സീറ്റുമായി അവർ നിയമസഭയിൽ ഉണ്ടായിരുന്നു. 2012 മുതൽ മണിപ്പൂരിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ദുരിതകാലമാണ്. ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയുന്നില്ല. 2012- ൽ 86,798 വോട്ടു നേടിയിട്ടും മത്സരിച്ച 24 ൽ 12 ലും കെട്ടിവെച്ച തുക നഷ്ടമായി. രണ്ടു സീറ്റിൽ മത്സരിച്ച സി പി എമ്മിന് ആകെ കിട്ടിയ 261 വോട്ടാണ്

2017 ആയപ്പോഴേക്കും മണിപ്പൂരിലെ രാഷ്ട്രീയ ചിത്രം മാറി. ബിജെപി അധികാരം പിടിക്കാൻ കരുത്തരായി. കോൺഗ്രസ് 28 സീറ്റുമായി വലിയ കക്ഷിയായിട്ടും 21 സീറ്റിൽ ജയിച്ച ബിജെപി മറ്റു കക്ഷികളുടെ പിന്തുണ സംഘടിപ്പിച്ച് അധികാരത്തിലേറി. സംസ്ഥാനത്തെ രാഷ്ടീയ അന്തരീക്ഷത്തിൽ വന്ന ഈ മാറ്റം സിപിഐയെയും ബാധിച്ചു. ശക്തിക്ഷയം നേരത്തേ തിരിച്ചറിഞ്ഞ പാർട്ടി ആറിടത്ത് മാത്രമാണ് മത്സരിച്ചത്. 0.74 ശതമാനമായി (12661) വോട്ടു കുറഞ്ഞു. എല്ലാ സീറ്റിലും കെട്ടിവച്ച കാശ് നഷ്ടമായി.രണ്ടിടത്ത് മത്സരിച്ച സിപിഎമ്മിന് 214 വോട്ടു മാത്രമാണ് കിട്ടിയത്. ബംഗാളിലും, ത്രിപുരയിൽ സിപിഎം ബിജെപിയെ വിഴുങ്ങിയതുപോലെ ഫലത്തിൽ മണിപ്പൂരിൽ ബിജെപി സിപിഐയെ വിഴുങ്ങുകയായിരുന്നു.

ഇപ്പോൾ സിപിഐക്ക് നിലവിലുള്ള രണ്ട് ലോക്സഭാ സീറ്റും ഡിഎംകെയുടെ ഔദാര്യമായി തമിഴ്‌നാട്ടിൽനിന്ന് ലഭിച്ചതാണ്. ഇതേ അവസ്ഥയാണ്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവടങ്ങിലും ഇടതുപാർട്ടികൾക്ക സംഭവിച്ചത്.

കേരളത്തിലും കാവി കൂടുമാറ്റം

ബംഗാളിലും ത്രിപുരയിലും ഉണ്ടായപോലെ മാസ് ഡ്രിഫ്റ്റ് ഉണ്ടായിട്ടില്ലെങ്കിലും കേരളത്തിലും സിപിഎമ്മിൽനിന്ന് നേതാക്കാൾ ബിജെപിയിലേക്ക് പോയിട്ടുണ്ട്.
കേരളത്തിൽ ആദ്യമായി ഒരു എംഎൽഎ ബിജെപി യിൽ ചേർന്നത് അന്ന് സിപിഎം സഹയാത്രികനയായ അൽഫോൻസ് കണ്ണന്താനമായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടാണ് കണ്ണന്താനം രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

നായനാർ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന സിപിഎം നേതാവ് വിശ്വനാഥ മേനോൻ പിന്നീട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. അഴിമതി രഹിതനായ സൗമ്യനായ നേതാവ് ആയിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതിയായി, വളരെ ചെറിയ പ്രായത്തിൽ തന്നെ രാഷ്ട്രീയം തുടങ്ങിയ വിശ്വനാഥ മേനോൻ, 2000കളുടെ തുടക്കത്തിൽ, പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സിപിഎം വിടുകയായിരുന്നു. 2004-ൽ ഭാരതീയ ബിജെപി പിന്തുണയോടെ എറണാകുളം നിയോജകമണ്ഡലത്തിൽ അദ്ദേഹം മത്സരിച്ചു. പക്ഷേ അന്ന് ജയിച്ചത് ഇടത് സ്ഥാനാർത്ഥി ഡോ സെബാസ്റ്റ്യൻ പോൾ ആയിരുന്നു. കേരളത്തിൽ ആദ്യമായി എൻഡിഎക്ക് ഒരു എം പി ഉണ്ടായത് ഇടത് സഹയാത്രികനായ പി സി തോമസിലൂടെയായിരുന്നു. പിന്നീട് പി സി എൻഡിഎ വിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിയത് വേറെ കാര്യം.

ഈ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ സിപിഎം നേതാക്കൾ പ്രചരിക്കുന്നതുപോലെ ഒരിക്കലും ബിജെപിയിൽ ചേരാത്ത ഉറച്ച സംഘപരിവാർ വിരുദ്ധ മനസ്സുള്ളവർ ഒന്നുമല്ല പാർട്ടി നേതാക്കാൾ. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുന്നവരാണ് അവർ. പക്ഷേ കേരളത്തിൽ മറ്റൊരു കാര്യം കൂടിയുണ്ട്. ഇവിടെ ബിജെപിയിൽന്ന് സിപിഎമ്മിലേക്കും മാറ്റമുണ്ട്. ഈ രീതി ബംഗാളിലും തൃപുരയിലും ഒന്നുമില്ല. പി ജയരാജൻ കാലുമാറ്റിയ അമ്പാടിമുക്ക് സഖാക്കൾ തൊട്ട് നമ്മുടെ ഭീമൻ രഘുവും, രാജസേനനും വരെയുള്ള എത്രയെത്രപേർ. പക്ഷേ ഇങ്ങോട്ട് വരുമ്പോൾ മഹാൻ, അങ്ങോട്ട് പോവുമ്പോൾ ചാണകം എന്ന ലൈനാണ്, സോഷ്യൽ മീഡിയയിൽ അടക്കം പൊതുവെ കാണുന്നത്.

വാൽക്കഷ്ണം: സിപിഎമ്മിനെ ഇന്ത്യയിൽ ഒറ്റപ്പെടത്താനുള്ള കാരണങ്ങളിൽ വലിയൊരു പങ്ക് വഹിച്ചത് അവരുടെ പ്രത്യയശാസ്ത്ര കാർക്കശ്യമാണ്. പ്രധാനമന്ത്രി സ്ഥാനം വച്ചുനീട്ടിയിട്ടും അത് സ്വകീരിക്കാത്ത മണ്ടത്തരം ലോകത്ത് ആരെങ്കിലും ചെയ്യുമോ. ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന 1996-ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിച്ചത് 32 സീറ്റുകളാണ്. അന്ന് ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കി കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കണമെന്ന പൊതുഅഭിപ്രായമാണ് സിപിഎം തള്ളിയത്.ചരിത്രപരമായ മണ്ടത്തരമെന്ന് പിന്നീട് അത്് വിശേഷിപ്പിക്കപ്പെട്ടതും മറക്കാനാവില്ല.