- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
യക്ഷികൾക്ക് വെള്ള 'യൂണിഫോം നൽകിയ' സിനിമ! മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം; പത്മദാളക്ഷനെ പപ്പുവാക്കിയ ചിത്രം; നസീറിന് നൽകിയത് പുതിയ മുഖം; ബഷീർ കഠാര നീട്ടി യേശുദാസിനെ കൊണ്ട് പാടിച്ചതായും കഥകൾ; ഇപ്പോൾ 'നീലവെളിച്ചമായി' വീണ്ടും വാർത്തകളിൽ; 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
''നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്ന്, അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോകയാണ്. നീ മാത്രം''- വൈക്കം മുഹമ്മദ് ബഷീർ എന്ന അക്ഷരമാന്ത്രികന്റെ തൂലികയിൽനിന്ന് പിറന്നു വീണ മാസ്മരിക ഡയലോഗുകളും, കേരളപ്പറവിക്ക് ശേഷമുള്ള ഏറ്റവും നല്ല പാട്ടുകളുമുള്ള, മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമ. അതായിരുന്നു ഭാർഗവീനിലയം. കാട് പിടിച്ചുകിടക്കുന്ന ഏത് വീട് കണ്ടാലും മലയാളി പറയുന്നു ഒരു വാക്കുണ്ട്. ഭാർഗവീനിലയം! അത്രക്ക് പ്രശസ്തമാണ്, 1964ൽ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ, വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത സിനിമ. ചിത്രം കാണാത്തവർക്കുകൂടി വാമാഴിയിലുടെ ഇതിന്റെ കഥ സുപരിചിതമാണ്. കേരളം ഏറെ ചർച്ചചെയ്ത ഒരു സിനിമയെ 59 കൊല്ലത്തിനുശേഷം പുനരാവിഷ്്ക്കരിക്കുക ഒരു വലിയ ദൗത്യം തന്നെയാണ്. പ്രതിഭാധനനായ ആഷിക്ക് അബുവാണ് ആ വെല്ലുവിളി ഏറ്റെടുത്തത്. ബഷീർ തന്റെ കഥയ്ക്ക് ഇട്ട അതേ പേരായ 'നീലവെളിച്ചമായി' ഭാർഗവീനിലയം, വീണ്ടും എത്തുമ്പോൾ അതും ചരിത്രമാവുകയാണ്.
മലയാളത്തിൽ ചരിത്രം സൃഷ്ടിച്ച സിനിമായിരുന്നു ഭാർഗവീനിലയം. വൈക്കം മുഹമ്മദ് ബഷീർ ആദ്യവസാനം കുടെയുണ്ടായിരുന്നു ഒരേ ഒരു ചിത്രം. അന്നത്തെ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽനിന്നുകൊണ്ട്, ബ്ലാക്ക് ആൻഡ് വൈറ്റിൽ സാങ്കേതിക വിസ്മയം തീർത്ത ചിത്രം. അതുകൊണ്ടുതന്നെ ടൊവീനോയും, റിമാകല്ലിങ്കലും, റോഷൻ മാത്യവും, ഷൈൻടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്ന നീലവെളിച്ചം സിനിമയോടൊപ്പം, പഴയ ഭാർഗവീനിലയവും ചർച്ചകളിൽ നിറയുകയാണ്.
നീലവെളിച്ചം കഥയാവുന്നു
വൈക്കം മുഹമ്മദ് ബഷറീന്റെ 'പാവങ്ങളുടെ വേശ്യ' എന്ന കഥാസമാഹാരത്തിലാണ് 'നീലവെളിച്ചം' എന്ന കഥയുള്ളത്. ഈ പുസ്തകം 1952ലാണ് പുറത്തിറങ്ങിയത്. ഏതാണ്ട് ഇതേ പ്രമേയമുള്ള മലയാറ്റൂരിന്റെ 'യക്ഷി' എന്ന നോവൽ 1967ൽ പുറത്തിറങ്ങി. യക്ഷിയെ കാമുകിയായി സങ്കൽപിച്ച കോളജ് ലക്ചററുടെ മനോവ്യാപാരങ്ങളാണ് 'യക്ഷി'യായത്. 'യക്ഷി' സിനിമയും പ്രശസ്തമായി. ബഷീറിന്റെ മിക്ക കഥകളിലൂമെന്നപോലെ അത്മകഥാംശം തുടിക്കുന്ന കഥയായിരുന്നു ഇത്. കഥയെഴുത്തിന്റെ ഉന്മാദത്തിൽ നടക്കുന്ന ദിവസങ്ങളിൽ കണ്ണൂർ തലശ്ശേരിയിലെ ഒരു വീട്ടിൽ താമസിക്കാനിടയായ സംഭവമാണ് ബീഷീർ വിവരിക്കുന്നത്.
സ്വന്തം ജീവിതത്തിലുണ്ടായ ചെറിയൊരു സംഭവത്തെ അദ്ദേഹം കഥയാക്കി രൂപപ്പെടുത്തിയിരിക്കുന്നു. വായനക്കാരനോട് സംസാരിക്കുന്നതുപോലെ, ഒട്ടും ദുരൂഹതയില്ലാതെയാണ് ബഷീർ കഥകളെഴുത്തുന്നത്. വായനക്കാരനുമുന്നിൽ കഥ സംഭവിക്കുകയാണ്. ഇത് തന്റെ ജീവിതതത്തിലെ അത്ഭുത സംഭവങ്ങളിൽ ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ എഴുതിത്ത്ത്ത്തുടങ്ങുന്നത്. ''ശാസ്ത്രത്തിന്റെ സൂചികകൊണ്ട് ഇതിനെ കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എന്നെക്കൊണ്ട് പൊട്ടിക്കാൻ കഴിയുന്നില്ല. ഒരുപക്ഷേ നിങ്ങൾക്കു കഴിഞ്ഞേക്കാം; വിശകലനം ചെയ്ത് വ്യാഖ്യാനിക്കാനും. ഇതിനെ ഞാൻ അത്ഭുത സംഭവമെന്ന് ആദ്യം പറഞ്ഞത്.......അതെ, അങ്ങനെയല്ലാതെ ഞാൻ എന്തു പറയും?..സംഭവം ഇതാണ്.....'' ഇങ്ങനെയാണ് നീലവെളിച്ചം എന്ന കഥ തുടങ്ങുന്നത്.
ബഷീറിന് പറയാനുണ്ടായിരുന്നത് ഒരു പ്രേതത്തിന്റെ കഥയാണ്. സാഹിത്യസൃഷ്ടി നടത്തുന്നതിന് സ്വസ്ഥമായ സ്ഥലം അന്വേഷിച്ചു നടന്ന ബഷീർ എത്തിയത് ഒരുപാട് മുറികളും ശുദ്ധമായ കാറ്റും വെളിച്ചവുമുള്ള ഭാർഗ്ഗവീനിലയമെന്ന മാളിക വീട്ടിലാണ്. താമസം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് പലരും പറഞ്ഞത്, അവിടെ പ്രേതമുണ്ടെന്ന്. നാട്ടുകാർ പ്രേതഗൃഹമാക്കി അകറ്റി നിർത്തിയിരുന്ന, ഭീതിയോടെ നോക്കിയിരുന്ന ആ വീട്ടിലിരുന്ന് ബഷീർ ഭാർഗ്ഗവിയെ മനസ്സിലാക്കാൻ ശ്രമിച്ചു. അവളുടെ സാമീപ്യവും മണവുമറിഞ്ഞു. അവളുടെ മുറിയിൽ രണ്ടു കസേരകളിൽ പരസ്പരം അഭിമുഖമായിരുന്ന് സംസാരിച്ചു. പ്രേതത്തിന്റെ കഥയും എഴുതി.
പ്രണയസാക്ഷാത്കാരത്തിനായി ദാഹിച്ചു നടക്കുന്ന പെൺപ്രേതത്തിന് ആണുങ്ങളോട് കടുത്ത വെറുപ്പാണെന്നും കൂട്ടുകാർ പറഞ്ഞപ്പോൾ ആദ്യം അൽപം പേടിച്ചു. പിന്നീട് സമാധാനിച്ചു. സുന്ദരിയായ ഒരു സ്ത്രീയല്ലേ. വരട്ടെ, നോക്കാം. അങ്ങനെയാണ് കലമാൻകൊമ്പിന്റെ പിടിയിട്ട മനോഹരമായ കഠാരിയും തന്റെ ക്യാൻവാസ് പെട്ടിയും ഗ്രാമഫോണും പങ്കജ് മല്ലിക്കിന്റെയും സൈഗാളിന്റെയും ദിലീപ്കുമാറിന്റെയും എം.എസ്.സുബ്ബലക്ഷ്മിയുടെയും പാട്ടുകളടങ്ങിയ റിക്കോർഡുകളുമായി ഭാർഗ്ഗവീനിലയത്തിൽ ബഷീർ താമസം തുടങ്ങിയത്. ആദ്യം താമസിക്കുന്നതിന് ഭാർഗ്ഗവികുട്ടിയോട് അനുവാദം ചോദിച്ചു. താൻ ഭാർഗ്ഗവിക്കുട്ടിയെ സ്നേഹിക്കുന്നെന്ന് അറിയിച്ചു. പാട്ട് കേൾപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. ആദ്യത്തെ രാത്രിയിൽ തന്നെ ഗ്രാമഫോൺ റിക്കോർഡ് പാടി....''ദൂരദേശ് കാ രെഹ്നേവാലാ ആയാ?......'' പിന്നീട് പല രാത്രികളിലും ഭാർഗ്ഗവിക്കുട്ടിയോടൊപ്പമിരുന്ന് ബഷീർ പാട്ടുകേട്ടു. പങ്കജ് മല്ലിക്കിന്റെ ''തൂ ഡർനാ സരാഭീ...''യിൽ തുടങ്ങി സൈഗാളിന്റെ ''സോ ജാ രാജകുമാരി....സോജാ..''യിൽ അവസാനിച്ച പാട്ടുത്സവം.
ഭാർഗ്ഗവിക്കുട്ടിക്ക് ബഷീറിനെ ഇഷ്ടപ്പെട്ടു. അവളും അദ്ദേഹത്തോട് ചങ്ങാത്തം കൂടിയതുപോലെ. പകലിലും രാത്രിയിലുമെല്ലാം അദ്ദേഹം അവളുമായി സംസാരിച്ചുകൊണ്ടിരുന്നു. രാത്രിയിൽ പ്രേതം വന്ന് കഴുത്ത് ഞെരിച്ച് കൊല്ലുമെന്നും ജനാലകളും കതകുകളും വലിച്ചടയ്ക്കുമെന്നും പൈപ്പു തുറന്നിടുമെന്നുമെല്ലാം പറഞ്ഞ് ഭയപ്പെടുത്തിയവരുടെ മുന്നിലൂടെ ബഷീർ നീവർത്തിപിടിച്ച കഠാരയുമായി അഭിമാനത്തോടെ നടന്നു. എല്ലാവരും ഭയക്കുന്ന പ്രേതം തന്റെ പ്രണയിനിയായെന്ന അഹങ്കാരത്തോടെയുള്ള നടത്തം. പക്ഷേ ക്രമേണെ അയാൾ ഭാർഗവിക്കുട്ടിയെ മറന്നുപോകുന്നു.
ഒരുദിവസം എഴുതിക്കൊണ്ടിരുന്നപ്പോഴാണ് അത് സംഭവിച്ചത്. വിളക്കിൽ മണ്ണെണ്ണ തീർന്നുപോയി. വിളക്കണഞ്ഞപ്പോൾ പുറത്തുതാമസിക്കുന്ന സുഹൃത്തുക്കളിൽ നിന്ന് മണ്ണെണ്ണ വാങ്ങാൻ പോയി. മഴ പെയ്തതിനാൽ മണ്ണെണ്ണയുമായി തിരികെ വരാൻ വൈകി. മണിക്കൂറുകൾക്ക് ശേഷം തിരികെ വന്ന ബഷീർ അത്ഭുതപ്പെട്ടു. നിറതിരിയുമായി കത്തി നിൽക്കുന്ന വിളക്ക്. എങ്ങും നീലവെളിച്ചം. ''വെള്ളച്ചുമരുകളും മുറിയും നീലവെളിച്ചത്തിൽ മുങ്ങി നിൽക്കുന്നു....വെളിച്ചം വിളക്കിൽ നിന്ന്. രണ്ടിഞ്ചു നീളത്തിൽ ഒരു നീലത്തീനാളം. ഞാൻ അത്ഭുത സ്തബ്ധനായി അങ്ങനെ നിന്നു.''- അങ്ങനെയാണ് ഈ കഥ അവസാനിക്കുന്നത്.
മണ്ണെണ്ണ ഇല്ലാതെ അണഞ്ഞുപോയ വിളക്ക്. ആരാൽ കൊളുത്തപ്പെട്ടു?. ഭാർഗ്ഗവീ നിലയത്തിൽ ഈ നീലവെളിച്ചം എവിടെ നിന്നുണ്ടായി....?' ഈ ചോദ്യങ്ങൾ ഒക്കെ ബാക്കിയാക്കിയാണ് നീലവെളിച്ചം കഥ അവസാനിക്കുന്നത്. പ്രേതത്തിന്റെ സാന്നിധ്യം എഴുത്തുകാൻ തിരിച്ചറിയുന്നതോടെ കഥ അവസാനിക്കുന്നു.
ഭാർഗവീനിലയം സിനിമയാവുന്നു
കൊച്ചിയിലെ വ്യാപാരി ആയിരുന്ന ടി.കെ. പരീക്കുട്ടിയുടെ പ്രശസ്തമായ ചന്ദ്രതാര പിക്ച്ചേഴ്സ് ആണ് ഭാർഗവീനിലയം സിനിമയാക്കിയത്. 1954ൽ അവർ മലയാള സിനിമാരംഗത്തേക്ക് നീലക്കുയിലിലൂടെ കടന്നുവന്നു. ആ ചിത്രം ദേശീയ അവാർഡ് നേടിയെന്നു മാത്രമല്ല, മലയാള ചലച്ചിത്രരംഗത്ത് ഒരു നവതരംഗം സൃഷ്ടിക്കുകയും ചെയ്തു. നീലക്കുയിലിന്റെ പത്താം വാർഷിക സമയത്ത്, അതിനെ വെല്ലുന്ന ഒരു സിനിമയുണ്ടാക്കണം എന്ന ആലോചനയാണ് ഭാർഗവീനിലയത്തിലേക്ക് നയിച്ചത്.
ആ സമയത്താണ് ബഷീർ, തൻെ സുഹൃത്തും നിർമ്മാതാവുമായ ശോഭനാ പരമേശ്വരൻ നായരുമൊത്ത് ബാംഗ്ലൂരിൽ ചന്ദ്രതാരയുടെ ഓഫീസിൽ എത്തുന്നത്.
പരീക്കുട്ടി സാഹിബിന്റെ സിനിമാ നിർമ്മാണത്തിന്റെ ദൈനംദിന കാര്യങ്ങൾ അദ്ദേഹത്തിന്റെ മികവുറ്റ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആർ.എസ്. പ്രഭുവാണ് നോക്കിയിരുന്നത്. അടൂർഭാസി അവിടുത്തെ സ്ഥിരം സന്ദർശകൻ ആയിരുന്നു. നീലക്കുയിലിന്റെ ഫോട്ടോഗ്രാഫർ ഡയറക്ടർ വിൻസന്റും ഒരു സ്ഥിരം സന്ദർശകനായിരുന്നു. അദ്ദേഹം ചന്ദ്രതാരയുടെ ഓഫീസിന്റെ അടുത്താണ് താമസിച്ചിരുന്നത്.
കോഴിക്കോട്ടുകാരനായ വിൻസന്റ് തിരക്കഥയിൽനിന്ന് ഹൃദയത്തിൽ തങ്ങിനില്ക്കുന്ന ദൃശ്യങ്ങൾ അഭ്രപാളിയിൽ നെയ്തെടുക്കാൻ അപാര കഴിവ് അന്നേ പ്രകടമായിരുന്നു. മറ്റൊരു സ്ഥിരം സന്ദർശകൻ ആർട് ഡയറക്ടർ എന്ന നിലയിൽ ഉയർന്നുവരാൻ തുടങ്ങിയിരുന്ന 'സാമിയേട്ടൻ' എന്ന് പരക്കെ അറിയപ്പെട്ടിരുന്ന കൊന്നനാട്ട് ആണ്. നീലക്കുയിനെ വെല്ലുന്ന ഒരു സിനിമയെടുക്കണം എന്ന് അവർ ചിന്തിരിച്ചിരുക്കുന്ന സമയത്താണ് ബഷീറിന്റെ ആഗമനം. ബഷീറിൽ സിനിമയുടെ 'രോഗാണുക്കൾ' കുത്തിവെക്കാൻ അവർക്ക് വലിയ പ്രയാസമുണ്ടായില്ല. അതിന്റെ ഫലമായിട്ടാണ് ബഷീറിന്റെ ആദ്യ തിരക്കഥ രൂപം കൊണ്ടത്.
നീലവെളിച്ചം എന്ന കഥയിൽനിന്ന് വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു, സിനിമക്ക്. കഥയിൽ എഴുത്തുകാരൻ ഭാർഗവിയുടെ സാന്നിധ്യം അനുഭവിക്കുന്ന നീലവെളിച്ചം കാണുന്നിടത്ത് അത് അസാനിക്കയാണ്. പക്ഷേ ഭാർഗവിക്കുട്ടി എന്തിന് മരിച്ചു, അവളുടെ കാമുകന് എന്താണ് പറ്റിയത് എന്ന അന്വേഷണമായിരുന്നു സിനിമ.അവളുടെ മരണത്തിന്റെ ദുരൂഹത സാഹിത്യകാരൻ വെളിച്ചത്തുകൊണ്ടുവരുന്നതോടെയാണ് സിനിമ തീരുന്നത്.
'നിലാവുനിറഞ്ഞ പെരുവഴിയിൽ', 'ഏകാന്തതയുടെ അപാരതീരം' എന്നീ കഥകളുടെ അംശങ്ങൾകൂടി ലയിപ്പിച്ചാണ് ബഷീർ 'ഭാർഗവീനിലയത്തി'ന്റെ തിരക്കഥ എഴുതിയത്. നിരൂപകനും നാടകകൃത്തുമായിരുന്ന സി.ജെ. തോമസിന്റെ ഒരു തിരക്കഥ കണ്ട് മോഹിച്ചാണ് 'ഭാഗവീനിലയ'ത്തിന്റെ തിരക്കഥയെഴുതാൻ ബഷീർ തീരുമാനിച്ചതെന്നും അതല്ല, ചിത്രത്തിന്റെ അണിയറശിൽപികൾ ബഷീറിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി എഴുതിച്ചതാണെന്നും കഥകളുണ്ട്. ആദ്യം എഴുതിയ തിരക്കഥ തൃപ്തിവരാതെ ബഷീർതന്നെ കത്തിച്ചുകളഞ്ഞതായി ശോഭനാ പരമേശ്വരൻനായർ പറഞ്ഞിട്ടുണ്ട്. സിനിമയുടെ പേര് 'നീലവെളിച്ചം' എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.സംവിധായകൻ എ.വിൻസന്റ് ഈ കഥ വായിച്ചിട്ടുമുണ്ടായിരുന്നു. പിന്നീടാണ് നപേര് മാറ്റി ഭാർഗവീനിലയം എന്നാക്കിയത്. ഭാർഗ്ഗവീനിലയമെന്ന പേരിട്ടതും ബഷീറാണ്.
യേശദാസിനുനേരെ കത്തിയെടുത്ത് ബഷീർ!
ഭാർഗവീനിലയത്തിന്റെ കഥാതന്തു നീണ്ട ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് തിരഞ്ഞെടുത്തത്. വിൻസന്റ്തന്നെ അത് ഡയറക്റ്റ് ചെയ്യണമെന്ന് ബഷീർ ആദ്യമേ നിർദ്ദേശിച്ചു എന്നത് കലാമൂല്യത്തിന് അദ്ദേഹം കൽപ്പിക്കുന്ന പ്രധാന്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഒരു നല്ല ഛായാഗ്രാഹകൻ എന്ന ഖ്യാതി വിൻസന്റിന് ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം അതുവരെയും ചിത്രം സംവിധാനം ചെയ്തിരുന്നില്ല. പക്ഷേ ഭാർഗവീനിലയത്തിന്റെ ഡയറക്ടർ എന്ന നിലയിലും വിൻസന്റ് മാഷ് പിന്നെ അറിയപ്പെട്ടു.
ബഷീർ ആദ്യവസാനം ഷൂട്ടിങ്ങിന്റെ കൂടെയുണ്ടായിരുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ഭാർഗവീനിലയമാണ് ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട ബഷീറിന്റെ കഥ. അദ്ദേഹത്തിന്റെ മറ്റു പല കഥകളും ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. പക്ഷേ, തിരക്കഥ അദ്ദേഹമല്ല എഴുതിയത്.
മലയാളത്തിലെ ഏറ്റവും ജനപ്രിയ ഗാനമായ താമസ്സമെന്തേ വരുവാൻ ഉൾപ്പെടെ പി.ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടിലെ മനോഹര ഗാനങ്ങൾ ഇന്നും മലയാളിയുടെ ഓർമകളിൽ നിറഞ്ഞുനില്ക്കുന്നു. താമസ്സമെന്തേ വരുവാൻ(യേശുദാസ്), അനുരാഗമധു ചഷകം, വാസന്ത പഞ്ചമിനാളിൽ, പൊട്ടാത്ത പൊന്നിൻ കിനാക്കൾ, പൊട്ടി തകർന്ന കിനാക്കൾ കൊണ്ട്(എസ്. ജാനകി), അറബിക്കടലൊരു മണവാളൻ(യേശുദാസ്, പി. സുശീല), കമുകറ പുരുഷോത്തമന്റെ മാസ്റ്റർ പീസ് ഏകാന്തതയുടെ അപാരതീരം എന്നിങ്ങനെ ഏഴു മനോഹരഗാനങ്ങളാണ് ചിത്രത്തിൽ. ഏകാന്തതയുടെ അപാരതീരം രചിച്ചത് ബഷീർ തന്നെയാണ്. അനർഘനിമിഷം എന്ന കൃതിയിൽ ആ ഗാനത്തിന്റെ നിഴല്പാടുകൾ കാണാം. കേരളം പിറന്നതിനുശേഷമുള്ള ഏറ്റവും മനോഹര ഗാനമെന്നാണ് 'താമസമെന്തേവരുവാൻ' വിശേഷിപ്പിക്കപ്പെടുന്നത്. പാട്ടുകൾ വിൻസന്റ് ചിത്രീകരിച്ച രീതി മലയാള സിനിമാപ്രേക്ഷകർ എക്കാലത്തും ഓർത്തുവെക്കുന്നതാണ്.
മദ്രാസിലെ രേവതി സ്റ്റുഡിയോയിലെ വലിയ ഹാളിൽ വടക്കോട്ടുനോക്കിനിന്നാണ് ഈ പാട്ടുപാടിയതെന്ന് യേശുദാസ് ഓർമിക്കുന്നു. സാങ്കേതിക സംവിധാനങ്ങൾ ഇന്നത്തേതുപോലെയില്ലാതിരുന്നിട്ടും ഒരു ദിവസംകൊണ്ട് പാട്ട് റെക്കോഡ് ചെയ്തു. പക്ഷേ ഇത് സംബന്ധിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. യേശുദാസ് പാട്ട് പാടിയിട്ടും ശരിയായില്ലെന്നും ഒടുവിൽ ബഷീർ തന്റെ കലമാൻപിടിയുള്ള കഠാര എടുത്ത് ഭീഷണിപ്പെടുത്തിയപ്പോഴാണ് പാട്ട് ശരിയായത് എന്നുമൊക്കെ കഥകൾ പരന്നു. പക്ഷേ ഇതെല്ലാം വ്യാജമായിരുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, പലരും തമാശക്ക് ഉണ്ടാക്കിയതാണെന്നും ബഷീറിന്റെ അടുത്ത സുഹൃത്തും ഫോട്ടോഗ്രാഫറുമായ പുനലൂർ രാജൻ പിന്നീട് പറഞ്ഞിട്ടുണ്ട്. അതുപോലെ ബഷീർ കത്തിവീശി ബാബുരാജിനെ കൊണ്ട് മ്യൂസിക്ക് ചെയ്യിച്ചതും, നസീറിനെകൊണ്ട് അഭിനയപ്പിച്ചതുമായുള്ള കഥകളും വേറെയുണ്ട്. എന്തായാലും ഈ പടത്തിലെ താരം ബഷീർ തന്നെ ആയിരുന്നു.
പപ്പു ജനിക്കുന്നു, നസീറിന് പുതിയ ഇമേജ്
പലതുകൊണ്ടും ശ്രദ്ധേയമായ സിനിമായായിരുന്നു ഭാർഗീവനിലയം. 'കുതിരവട്ടം പപ്പു'വായി ഈ ചിത്രത്തിൽ അഭിനയിച്ച ആ ഹാസ്യ നടന് പിന്നെ ആപേര് തന്നെ കിട്ടി. കോഴിക്കോട്ടുകാരൻ പത്മദളാക്ഷനെ ബഷീറാണ് പപ്പുവാക്കിയത്. ബഷീർ പേരുവിളിച്ചു, ''നീ പപ്പുവാടാ, കുതിരവട്ടം പപ്പു.'' ആ നാക്ക് പൊന്നായി. മലയാള സിനിമയിൽ പപ്പു വെന്നിക്കൊടി പാറിച്ചു. വിജയ നിർമലയുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേഷകരുടെ മനസ്സിൽ ഭാർഗവി എന്നും നിലനില്ക്കും. (വിജയ നിർമല പിന്നീട് ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്ത സംവിധായിക എന്ന പേരിൽ ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചു.)
നസീറിന്റെയും മധുവിന്റെയും പി ജെ ആന്റണിയുടെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ മുൻനിരയിൽ ശശികുമാറും നോവലിസ്റ്റും നാണുകുട്ടനും ഉണ്ടാവും. മുഴുനീളെ മധു തകർത്തഭിനയിക്കുകയായിരുന്നു. ചിത്രത്തിന്റെ ആദ്യപകുതി മുഴുവൻ മധുവും അദൃശ്യയായ പ്രേതവും തമ്മിലുള്ള സംഭാഷണങ്ങളാണ്. എന്നാൽ ഒരിക്കൽ പോലും പ്രേക്ഷകർക്ക് അത് അരോചകമായില്ല. അക്കാലത്ത് ഒരു സിനിമയിൽ അത്തരത്തിലുള്ള രംഗങ്ങൾ സങ്കൽപിക്കാൻ കഴിയാത്തതാണ്.
'ഭാർഗവീനിലയ'ത്തിലെ കാമുകന്റെ റോൾ നസീറിന് പുതിയ ഇമേജ് നൽകി. ഈർക്കിൽ മീശവച്ച കാമുകനായി അഭിനയിച്ചുമടുത്ത് ഒരു മാറ്റത്തിനായി കാത്തിരിക്കുമ്പോഴാണ് ബഷീറും, നസീറിന്റെ സുഹൃത്തുകൂടിയായ ശോഭനാ പരമേശ്വരൻനായരും ഓഫറുമായി ചെല്ലുന്നത്. ഈ ഷൂട്ടിങ് കഴിഞ്ഞ് പെരിങ്ങൽക്കുത്തിലെ വനത്തിനുള്ളിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങിനുപോയ നസീറിന് ഭാർഗവീനിലയത്തിന്റെ 'ഹാങോവർ' വിട്ടിരുന്നില്ല. കാട്ടിലെ ടിബിയിൽ തങ്ങിയ രാത്രിയിൽ ചില ശബ്ദങ്ങൾ കേട്ടപ്പോൾ ടി.ബി. ഒരു ഭാർഗവീനിലയമായിട്ടാണ് നസീറിന് തോന്നിയത്. രാത്രിസഞ്ചാരത്തിനിറങ്ങിയ ഒരു വാനരൻ തൊട്ടടുത്ത മുറിയിൽ വച്ചിരുന്ന പാത്രങ്ങളും മറ്റും തറയിലിട്ടും ടാപ്പ് തിരിച്ചും ശബ്ദമുണ്ടാക്കിയതാണെന്നറിയാതെ അദ്ദേഹം ഉറങ്ങാതിരുന്ന് നേരംവെളുപ്പിച്ചു!
പ്രേതവും പ്രണയവും സംഗീതവും ഹാസ്യവും സമ്മേളിച്ച ചിത്രം വൻവിജയമായിരുന്നു. എല്ലാ തരം പ്രേക്ഷകരെയും ചിത്രം ആകർഷിച്ചു. എതാനും വർഷങ്ങൾക്ക് മുമ്പ് ഒരു പ്രമുഖവാരിക മലയാള സിനിമ പ്രേമികൾക്കായി നടത്തിയ സർവ്വേയിൽ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നായി തെരെഞ്ഞെടുക്കപ്പെട്ടത് ഭാർഗവീനിലയമായിരുന്നു.
യക്ഷികൾക്ക് 'യൂണിഫോം!
ഭാർഗ്ഗവീനിലയം പുറത്തുവന്നുകഴിഞ്ഞപ്പോൾ ബഷീറിനു നിരവധി കത്തുകളാണ് വന്നത്. യുവതീ യുവാക്കളായിരുന്നു കൂടുതലും കത്തെഴുത്തുകാർ. അവയിലെല്ലാം നിറഞ്ഞത് പ്രേതം ഉണ്ടോ എന്ന സംശലങ്ങളായിരുന്നു. എന്നാൽ ബഷീർ ഒന്നിനും മറുപടി നൽകിയില്ല. തൃപ്തികരമായി മറുപടി നൽകാൻ കഴിയാത്തതിനാലായിരുന്നു അത്. അതിനെകുറിച്ച് ബഷീർ പറഞ്ഞതിങ്ങനെ: ''മനുഷ്യനുണ്ടായ കാലംമുതൽ തുടങ്ങിയ സംശയങ്ങൾ. പ്രപഞ്ച രഹസ്യങ്ങൾ. മനുഷ്യരാശി ഉള്ളിടത്തോളം കാലം ഈ സംശയങ്ങളും സന്ദേഹങ്ങളും നിലനിൽക്കും.'' എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി ബഷീർ 'നീലവെളിച്ചം' മുന്നിൽ വച്ചു. ഇതാണ് എന്റെ സത്യം. കാരണം, ഇതെന്റെ അനുഭവമാണ് എന്നുറക്കെ പറഞ്ഞു.
പക്ഷേ എക്സെൻട്രിക്കായ ഒരു എഴുത്തുകാരന്റെ വിഭ്രമങ്ങൾ ആയിരുന്നു അവ.
പലപ്പോഴും യാഥാർഥ്യവും സങ്കൽപ്പങ്ങളും വിഭ്രമങ്ങളും കൂടിക്കലർന്ന് മാനസികനില തെറ്റുന്ന അവസ്ഥകളിലേക്കുപോലും ബഷീർ എത്തിപ്പെട്ടിരുന്നു. ഒരിക്കൽ ആരൂപികളുമായി യുദ്ധം ചെയ്യനായി ബഷീർ കഠാര വീശിയപ്പോൾ സ്വന്തം കൊച്ചുമകൾ രക്ഷപ്പെട്ടത് ഭാഗ്യത്തിന് ആയിരൂന്നെന്ന് പുനലൂർ രാജൻ എഴുതിയിരുന്നു.
പക്ഷേ ഭാർഗവീനിലയത്തിന്റെ ചുറ്റുവട്ടങ്ങളിൽ തന്നെ വർഷങ്ങൾക്ക് ശേഷവും മലയാള പ്രേതകഥകൾ കറങ്ങിത്തിരിയുന്നു എന്നതാണ് ആ ചിത്രം നിലനിർത്തുന്ന സ്വാധീനം.ഒരു പക്ഷെ ഇന്ത്യൻ സിനിമയിലെ ആദ്യ യഥാർത്ഥ പ്രേതസിനിമ എന്നും ചിത്രത്തെ വിശേഷിപ്പിക്കാം. അതു വരെ പ്രേതങ്ങൾ ഏതെങ്കിലും കൊള്ള സംഘത്തിന്റെ തട്ടിപ്പിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരുന്നത്.
മലയാളത്തിലെ ആദ്യ 'ഹൊറർ' സിനിമയിലെ ആദ്യ പ്രേതസുന്ദരിയായിരുന്നു ഭാർഗവിക്കുട്ടി. മലയാളി പ്രേതസുന്ദരികൾ പാട്ടുപാടുകയും വെളുത്ത സാരിയുടുക്കുകയും ചെയ്തത് ഭാർഗവിക്കുട്ടിക്കു ശേഷമായിരുന്നു! പിന്നീട് വെള്ളസാരി യക്ഷികളുടെ 'യൂണിഫോമായി' മാറി. 'ഭാർഗവീനിലയ'ത്തിന്റെ ചുവടുപിടിച്ച് മലയാളത്തിൽ ഇപ്പോഴും സിനിമകൾ വന്നുകൊണ്ടിരിക്കുന്നു. യക്ഷി, അഗ്നിവ്യൂഹം, യക്ഷഗാനം, വയനാടൻ തമ്പാൻ, ലിസ, വീണ്ടും ലിസ, കരിമ്പൂച്ച, വീണ്ടും ഭാർഗവീനിലയം, ശ്രീകൃഷ്ണപ്പരുന്ത്, ആയൂഷ്ക്കാലം, ആകാശഗംഗ, വെള്ളിനക്ഷത്രം... എന്നിങ്ങനെ എത്രയെത്ര ചിത്രങ്ങൾ!
ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ സജീവൻ അന്തിക്കാട് ഇങ്ങനെ നിരീക്ഷിക്കുന്നു. '' 1960ളിൽ കേരളത്തിൽ 'പ്രേതങ്ങൾ' ഇഷ്ടം പോലുണ്ടായിരുന്നു.അന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പുകളും ഇടതൂർന്നു വളരുന്ന മരങ്ങളും കരിമ്പനകളും കാവുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന അമ്പലങ്ങളും കൊട്ടിലുകളും - എല്ലാം പ്രേതങ്ങളുടെ ആവാസത്തിനനുയോജ്യമായ ഇടങ്ങളായിരുന്നു.1970 ൽ ഭൂമിയുടെ ഉടമസ്ഥത പരിഷ്ക്കരിക്കപ്പെട്ടു. ഭൂപരിഷ്ക്കരണം മൂലം ഭൂമി തുണ്ടുവൽക്കരിക്കപ്പെട്ടു. പിന്നീട് ഗൾഫ് കുടിയേറ്റം ആരംഭിച്ചു. കൂട്ടുകുടുംബങ്ങൾ തകർന്ന് ചെറിയ ചെറിയ വീടുകൾ ഉയർന്നു വരാൻ തുടങ്ങി. കാടും പടലയും വൃക്ഷങ്ങളും വെട്ടിമാറ്റി തൽസ്ഥാനത്ത് വീടുകളും കൃഷിയും വന്നു. അതേ സമയം കെഎസ്ഇബി ന്ന പൊതുമേഖലാ ആവശ്യക്കാർക്കൊക്കെ വെളിച്ചം കൊടുക്കാനും ആരംഭിച്ചു.
ഭൂമിയെ തുണ്ടു തുണ്ടാക്കി വീടുകളും , വീടുകളിലാകെ വെളിച്ചവും, വീടുകളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ സ്ട്രീറ്റ് ലൈറ്റും.പ്രേതങ്ങളുടെ ആവാസ വ്യവസ്ഥ തകരുകയും അവർ രാമേശ്വരം തിരുന്നാവായ ഭാഗങ്ങളിലേക്ക് ഓടി പോകുകയും ചെയ്തു.ഇതേ സമയത്തു തന്നെ കരിമ്പനയിൽ കാലാകാലമായി വാസമുറപ്പിച്ചിരുന്ന യക്ഷികളും വെല്ലുവിളികൾ നേരിട്ടു. പല കരിമ്പന തോപ്പുകളും വെട്ടിനശിപ്പിക്കപ്പെടുകയും യക്ഷികൾക്ക് തങ്ങാൻ ഇടമില്ലാതായി തീരുകയും ചെയ്തു.''- കേരളത്തിലെ യക്ഷികളുടെ പരിണാമം സജീവൻ സരസമായി എഴുതുന്നത് അങ്ങനെയാണ്.
നീലവെളിച്ചം എങ്ങനെ?
ഇപ്പോഴിതാ 59 വർഷത്തിനുശേഷം പ്രശ്സത സംവിധാകയൻ ആഷിക്ക് അബു, ഭാർഗവീനിലയം പുനരാവിഷ്ക്കരിച്ചിരിക്കയാണ്. നീലവെളിച്ചം എന്നപേരിൽ. ചിത്രത്തിൽ ഒന്നാന്തരം ക്യാമറാ വർക്കുണ്ട്, വിവിഎക്സുണ്ട്, ഗാനങ്ങൾ മനോഹരമായി പുനരാവിഷ്ക്കരിച്ചിട്ടുണ്ട്, നല്ല അഭിനയുമുണ്ട്, ശബ്ദ വിന്യാസവും നന്നായി.... പക്ഷേ എന്നിട്ടും ഇത് ഒരു മനോഹരമായ ചിത്രമായി മാറുന്നില്ല. ഭാർഗവീനിലയം നീലവെളിച്ചമായപ്പോൾ ചിത്രത്തിൽ ഇമോഷൻസ് ഇല്ലാതായപോലെ. മാത്രമല്ല, പലയിടത്തും ലാഗടിക്കുന്നു. രണ്ടാം പകുതി ഉന്തിത്തള്ളിയാണ് പോവുന്നത്. ഒന്ന് സ്പീഡ് കൂട്ടി ക്രാഫ്റ്റിൽ ചില പുതുക്കലുകൾ നടത്തിയിരുന്നെങ്കിൽ, ഈ ചിത്രം അസാധാരണമായ ഒരു വർക്ക് ആവുമായിരുന്നു.
നിലാവിൽ കുളിച്ച് നിൽക്കുന്ന ഭാർഗവീനിലയത്തിന്റെ ഒരു ഗംഭീരഷോട്ടോടെയാണ് ചിത്രം തുടങ്ങുന്നത്. അപ്പോൾ നമുക്കുണ്ടാവുന്ന പ്രതീക്ഷകൾ പയ്യേ തണുത്തുപോവുകയാണ്. ലാഗടിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താൽ ആദ്യത്തെ 20 മിനുട്ടിനുശേഷം സിനിമക്ക് കഴിയുന്നില്ല. ഇവിടെയാണ് സംവിധായകന്റെ പരാജയം. ചിത്രത്തിന്റെ ഹൊറർ മൂഡും ആദ്യ പകുതിക്കുശേഷം അവസാനിക്കയാണ്. ഭാർഗവീനിലയത്തിലെപ്പോലെ, എഴുത്തുകാരന്റെ ആകുലതകൾ പ്രേക്ഷകനിലേക്ക് എത്തുന്നില്ല. ഭാർഗവിയുടെ പ്രണയവും, സങ്കടവും, ദുരന്തവും ഒന്നും അവനിലേക്ക് വേണ്ടവിധം കമ്യുണിക്കേറ്റ് ആവുന്നില്ല. കഥയുടെ പ്രെഡിക്റ്റബിലിറ്റിയും പ്രശ്നമാണ്.
നടീനടന്മാരുടെ പ്രകടനം മുൻകാല ആഷിക്ക്അബു ചിത്രങ്ങളിലെപ്പോലെ സൂപ്പർ ആയി എന്ന് പറയാന കഴിയില്ല. ടൊവീനോ തോമസിന്റെ ബഷീർ അൽപ്പം മസിലുപിടിക്കുന്നതുപോലെ തോന്നി. വൈക്കം മുഹമ്മദ് ബഷീറിന് മലയാളികൾക്ക് ഇടയിലുള്ള ഇമേജ്, അൽപ്പം കിറുക്കനും, സരസനുമായ ഒരു സാഹിത്യകാരൻ എന്നാണെല്ലോ. ഇവിടെ ആ സരസത കൊണ്ടുവരാൻ ടൊവീനോക്ക് കഴിഞ്ഞിട്ടില്ല. അടുരിന്റെ 'മതിലുകളിൽ' മമ്മൂട്ടി ചെയ്ത ബഷീറിന്റെ എവിടെയും എത്തില്ല ഈ ബഷീർ. അതുപോലെ നാടൻ ഡയലോഗുകൾക്ക് പകരം പലപ്പോഴും അച്ചടിഭാഷയുടെ കൃത്വിമത്വവും തോന്നിക്കുന്നുണ്ട്.
പക്ഷേ നായിക ഭാർഗവിയെ അവതരിപ്പിച്ച റിമ കല്ലിങ്കൽ ഉഗ്രനായിട്ടുണ്ട്. ഇത് റിമയുടെ പടം ആണെന്ന് വേണമെങ്കിൽ പറയാം. നൃത്തരംഗങ്ങളിലാക്ക റിമ പൊളിക്കുന്നുണ്ട്. പക്ഷേ റിമയും, റോഷന്മാത്യുവുമായുള്ള പ്രണയ കോമ്പോ ക്ലിക്ക് ആയിട്ടില്ല. 'ആ പൂവ് എന്ത് ചെയ്തു' എന്ന് തുടങ്ങുന്ന മതിലനപ്പുറവും ഇപ്പുറവും ഉള്ള ഭാർഗവീനിലയത്തിലെ സീക്വൻസ് ഇപ്പോഴും മലയാളത്തിലെ ക്ലാസ്സിക് പ്രണയ രംഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. 'നീലവെളിച്ച'ത്തിൽ ഏറ്റവും യാന്ത്രികമായി ചിത്രീകരിച്ചതായി തോന്നിയത് ആ രംഗമാണ്. പല രംഗങ്ങളിലും നാടകം മണക്കുന്നു.
ആദ്യമായി ആന്നെന്ന് തോനുന്നു, റോഷൻ മാത്യൂവിന്റെ ഒരു കഥാപാത്രത്തിന് ഇങ്ങനെ സംഭവിക്കുന്നത്. സിനിമയുടെ മർമ്മ പ്രധാനമായ പ്രണയം പ്രേക്ഷകന്റെ ഹൃദയത്തിൽ തറക്കുന്ന നിലയിൽ ചിത്രീകരിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ വിരഹവും ദുരന്തവും ഫീൽ ചെയ്യുന്നുമില്ല.
പൂർണ്ണമായും മിസ്കാസ്റ്റ് ആയിപ്പോയി ഷൈൻ ടോം ചാക്കോയുടെ വില്ലനും. ചില യൂട്യൂബ് അഭിമുഖങ്ങളിൽ കാണുന്ന അതേ ഷൈൻ ടോമിനെയാണ് നാം ഇവിടെയും കാണുന്നത്്. ഭർഗവീനിലയത്തിൽ പി ജെ ആന്റണി ചെയ്ത വേഷമാണിതെന്ന് ഓർക്കണം. ഷൈൻ ടോം വല്ലായെ ടൈപ്പായി പോകുന്നുണ്ട് ഈ നടൻ. ക്ലൈമാക്സിലെ അയാളുടെ പ്രകടനമൊക്കെ ശരിക്കും നാടകമായി ഫീൽ ചെയ്യുന്നു. അടുത്തകാലത്തായി ചെയ്ത വേഷങ്ങൾ എല്ലാം പൊന്നാക്കിയ രാജേഷ് മാധവൻ പോലും ചിരിപ്പിക്കാൻ പ്രയാസപ്പെടുകയാണ്. ഭാർഗവീ നിലയത്തിൽ കുതിരവട്ടം പപ്പുചെയ്ത വേഷമാണത്. ചിത്രത്തിൽ ചെറിയ പരീക്കണ്ണി എന്ന കഥാപാത്രത്തെ ചെയ്ത, പ്രമോദ് വെള്ളിയനാടിന് കൊടുക്കണം ശരിക്കും ഒരു കൈയടി. എന്തൊരു നാച്ച്വറൽ ഫീൽ. ടൊവീനോയുടെ സുഹൃത്തുക്കളായി എത്തിയവരും നന്നായി.
ഈ ചിത്രത്തിൽ ഏറ്റവും പേര് കിട്ടിയിരിക്കുന്നത് ബിജിപാലിന്റെയും റെക്സ് വിജയന്റെയും നേതൃത്വത്തിലുള്ള മ്യൂസിക്ക് ടീമിന് ആണ്. ബാബുരാജ്, പി ഭാസ്്ക്കരൻ, യേശുദാസ് ടീമിന്റെ ഒറിജനൽ ഗാനങ്ങളെ വെല്ലുന്ന രീതിയിലാണ് റീമിക്സ്. ഗാന ചിത്രീകരണവും സൂപ്പർ. അതുപോലെ ചിത്രത്തിലെ ആർട്ട് വർക്കും നന്നായിട്ടുണ്ട്.പക്ഷേ സങ്കേതികമായി എല്ലാവിധത്തിലുള്ള മേന്മകളും ഉണ്ടായിട്ടും, നീലവെളിച്ചം ഒരു ഔട്ട് സ്റ്റാൻഡിങ്ങ് കാറ്റഗറിയിൽപെടുത്താവുന്ന ചിത്രമാവുന്നില്ല. ഭാർഗവീനിലയം നൽകിയ ഫീൽ നൽകാനും ചിത്രത്തിന് കഴിയുന്നില്ല. എന്തൊക്കെ ആയാലും ഭാർഗവീനിലയത്തിന്റെ തട്ട് ഉയർന്നിരിക്കുമെന്ന് ചുരുക്കം.
വാൽക്കഷ്ണം: ഭാർഗവി വെള്ളവസ്ത്രത്തിലേക്ക് മാറിയതിന് കഥയിൽ സാധൂകരണമുണ്ട്. പക്ഷേ ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും യക്ഷികളുടെ വെള്ളവസ്ത്രം മാറ്റിപ്പടിക്കാൻ നമ്മുടെ സീരിയലുകാർക്കും സിനിമാക്കാർക്കും കഴിഞ്ഞിട്ടില്ല!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ