'മണ്ടേലാ, മണ്ടേലാ, നെൽസൺ മണ്ടേലാ.....'- ദക്ഷിണാഫ്രിക്കയിലെ കാരാഗ്രഹത്തിൽ കിടക്കുന്ന ഒരു വ്യക്തിക്കുവേണ്ടി എത്രയോ മൈലുകൾ അകലെയുള്ള കേരളത്തിലെ ഗ്രാമങ്ങളിൽ പോലും, പ്രകടനങ്ങളും പൊതുയോഗവും പ്രതിഷേധവും നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, 80കളിൽ. വർഗ-വർണ്ണ- വംശ വ്യത്യാസങ്ങളില്ലാത്ത ഒരു പുതിയ ലോകം സ്വപ്നം കാണുന്ന മനുഷ്യരുടെയെല്ലാം ആവേശമായിരുന്നു, ആഫ്രിക്കൻ ഗാന്ധിയെന്ന വിശേഷണമുള്ള നെൽസൺ മണ്ടേല. അദ്ദേഹത്തിന്റെ പാർട്ടിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് എന്ന എ എൻ സിയും, ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളിൽ പ്രതീക്ഷകൾ നിറച്ചു. 27 വർഷം നീണ്ട ജയിൽ ജീവിതത്തിനുശേഷം മണ്ടേല മോചിതനായതും, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായതുമൊക്കെ ചരിത്രം.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടികളിൽ ഒന്നാണ്. രാജ്യത്ത് അധികാരക്കുത്തകയുള്ള എ എൻ സിയുടെ മണ്ടേലക്കുശേഷമുള്ള ചരിത്രം അത്ര നല്ലതല്ല. ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും അഴിമതിയുള്ള, തൊഴിലില്ലായ്മാ നിരക്ക് എറ്റവും കൂടുതലുള്ള, അക്രമവും കലാപവും വർധിച്ചുവരുന്ന ഒരു നാടുകൂടിയായി സൗത്ത് ആഫ്രിക്കയെന്ന, സ്വർണ്ണഖനികളെ ഗർഭം ധരിച്ച് കിടക്കുന്ന ഈ നാട് മാറിയിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിച്ച, രാഷ്ട്രീയപാർട്ടിയുടെ അതേ അവസ്ഥയാണ്, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടേത് എന്നും പൊതു വിമർശനമുണ്ട്. ഗാന്ധിക്കുശേഷം കോൺഗ്രസ് എന്തുസംഭവിച്ചു ഏകദേശം അതുതന്നെയാണ് ആഫ്രിക്കൻ ഗാന്ധിയുടെ പാർട്ടിക്കും സംഭവിച്ചത്!

തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി

ഇപ്പോൾ 30 വർഷത്തിനിടെ ആദ്യമായി, ദക്ഷിണാഫ്രിക്കൻ പൊതുതിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ് ഭരണകക്ഷിയായ എ എൻ സിക്ക്. 400 പാർലമെന്റ് സീറ്റുകളിൽ ആകെ 159 സീറ്റുകൾ മാത്രമായാണ് പാർട്ടി നേടിയത്. ദേശീയ വോട്ട് വിഹിതത്തിന്റെ 40 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 230 സീറ്റുകളാണ് പാർട്ടി നേടിയിരുന്നത്. 58 ശതമാനം ആയിരുന്നു വോട്ടുവിഹിതം. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് പാർട്ടി ഇത്തവണ നേരിട്ടതെന്ന് പറയാം.

പാർട്ടി തലവനും പ്രസിഡന്റുമായ സിറിൽ റാംഫോസ സഖ്യസർക്കാർ രൂപീകരിക്കാനായി ചർച്ചകൾക്ക് തയ്യാറെടുക്കയാണ്.ദക്ഷിണാഫ്രിക്കയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്താണ്. മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ പുതുതായി രൂപീകരിച്ച എംകെ പാർട്ടി (14.59 ശതമാനം), ഇടത് പാർട്ടിയായ എക്കോണമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (9.51 ശതമാനം) എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വോട്ടു വിഹിതം.

രണ്ടേമുക്കാൽ കോടി ആളുകൾക്കാണ് രാജ്യത്ത് 1.62 കോടി പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 58.61 ശതമാനം പോളിങ്. ദക്ഷിണാഫ്രിക്കയുടെ 30 വർഷത്തെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങാണിത്. ഒരോ വർഷവും പോളിങ് കുറയുന്നത് രാഷ്ട്രീയക്കാരോടുള്ള അതൃപ്തി മൂലമെന്നാണ് വിലയിരുത്തൽ. 1999 ൽ, രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 90 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു. 2019 -ലെ തിരഞ്ഞെടുപ്പിൽ 66 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത്തവണ വീണ്ടും കുറഞ്ഞിരിക്കുകയാണ്.

വർണ്ണവിവേചനത്തിനെതിരെ പോരാടി ആധുനിക ദക്ഷിണാഫ്രിക്ക പടുത്തുയർത്തുന്നതിന്, മുൻപന്തിയിൽ നിന്ന പാർട്ടിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്. അപ്പാർത്തീഡിനുശേഷമുള്ള 1994-ലെ വിഖ്യാതമായ തിരഞ്ഞെടുപ്പിൽ 62.65 ശതമാനം നേടിയാണ്, ആഫ്രിക്കക്കാർ സ്നേഹത്തോടെ 'മാഡിബ' എന്നു വിളിക്കുന്ന മണ്ടേല പ്രസിഡന്റായത്. അതിനുശേഷം, ദേശീയ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ വോട്ട് വിഹിതം ഒരിക്കലും 50 ശതമാനത്തിൽ കുറഞ്ഞിട്ടില്ല. ഇപ്പോഴിതാ ആ പാർട്ടി വെള്ളം കുടിക്കയാണ്.

കോൺഗ്രസ് ഗാന്ധിയെ മറന്നുവെന്ന് പറയുന്നതുപോലെ, എഎൻസി നേതാക്കൾ മണ്ടേലയെ മറന്ന് പൂർണ്ണമായും അഴിമതിക്കാരായി പോയി എന്നാണ്, ഈ തകർച്ചക്ക് കാരണമായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പൂർവകാല കുളിരിൽ ഒരിക്കലും ഒരു രാജ്യത്തെ മുന്നോട്ട് കൊണ്ടുപോവാൻ കഴിയില്ല. രാജ്യത്തെ പല യുവ വോട്ടർമാരും വർണവിവേചനത്തിലൂടെയല്ല ജീവിച്ചത്. ആരോഗ്യം, തൊഴിൽ, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളിലെ സർക്കാർ പ്രവർത്തനങ്ങളുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഞെട്ടിപ്പിക്കുന്ന വർണ്ണ വിവേചനം

കോൺഗ്രസിന്റെ ചരിത്രം എഴുതുമ്പോൾ ഗാന്ധിജിയെ മറക്കാൻ കഴിയില്ല, എന്ന് പറയുന്നതുപോലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പറയുമ്പോൾ മണ്ടേലയെയും ഒഴിവാക്കാൻ കഴിയില്ല. ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിലെ ട്രാൻസ്‌കെയിൻ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തിൽപ്പെട്ടതാണ് മണ്ടേലയുടെ കുടുംബം. ആ ദരിദ്രഗ്രാമത്തിൽ 1918 ജൂലൈ 18നാണ് ജനനം. ഭാഗ്യത്തിന് അവന് സ്‌കൂളിൽ പഠിക്കാനുള്ള അവസരം കിട്ടി. ആഫ്രിക്കക്കാരന്റെ തനതായ പേരുകൾ കുട്ടികളുടെ ഉയർച്ചക്ക് തടസമാണെന്ന വിശ്വാസമുണ്ടായിരുന്ന അദ്ധ്യാപിക റോളിഹ്ലാല എന്ന ആ ബാലന് നെൽസൺ എന്ന ഇംഗ്ലീഷ് പേര് നൽകി. അങ്ങനെയവൻ നെൽസൺ റോളിഹ്ലാല മണ്ടേലയായി.

വർണ്ണവിവേചനത്തിന്റെ രൂക്ഷത മണ്ടേല കോളജിൽ എത്തിയപ്പോളാണ് അറിഞ്ഞത്. 1948- ൽ തീവ്ര യൂറോപ്യൻ വാദികളായ നാഷണൽ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ സർക്കാർ അധികാരത്തിൽ വന്നതോടെയാണ്, അതുവരെ ചെറിയ രീതിയിൽ മാത്രമുണ്ടായിരുന്നു, 'അപ്പാർത്തിഡ്' നാഷണൽ പോളിസിയുടെ ഭാഗമാകുന്നത്. 1949 മുതൽ 1971 വരെ തദ്ദേശിയരുടെ അവകാശങ്ങൾ ഹനിക്കുന്ന 148 കിരാത നിയമങ്ങൾ നിർമ്മിക്കപ്പെട്ടു.സ്വന്തമായിരുന്ന വസ്തുകളിൽ നിന്നും കറുത്ത വർഗ്ഗക്കാരെ കുടിയിറക്കി, രണ്ട് വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ വിവാഹങ്ങളും ലൈംഗിക ബന്ധം പോലും നിരോധിക്കപ്പെട്ടു!

പൊതുവിടങ്ങളിലും പാതയോരങ്ങളിലും വെള്ളക്കാർക്കും മറ്റുള്ളവർക്കുമായി പ്രത്യേകം ഇരിപ്പിടങ്ങൾ നിറഞ്ഞു. ബസുകളിലും ലിഫ്റ്റിലും ട്രെയിനുകളിലും ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും എന്നുവേണ്ട സകല മേഖലകളിലും വിവേചനമുയർന്നു. വെളുത്ത വർഗ്ഗക്കാർക്കായി പ്രത്യേകം ബാങ്ക് പോലും ഉണ്ടായിരുന്നു.

കറുത്ത വർഗ്ഗക്കാരൊക്കെ അവർ എവിടെ ജോലി ചെയ്യുന്നുവെന്നും എങ്ങോട്ടൊക്കെ പോകാൻ അനുവദിക്കപ്പെട്ടിരിക്കുന്നു എന്നും കാണിക്കുന്ന പാസുകൾ കൊണ്ടുനടക്കാൻ നിർബന്ധിതരായി. പൊതു സ്ഥലങ്ങളിൽ പലയിടത്തും കറുത്ത വർഗക്കാരെ വിലക്കിയും അവർ പ്രവേശിച്ചാൽ വെടിവെച്ചിടുമെന്നുമുള്ള സൂചനകൾ നൽകിയും മുന്നറിയിപ്പ് ബോർഡുകൾ നിരന്നു. കറുത്ത വർഗ്ഗക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ 'തദ്ദേശീയരെ സൂക്ഷിക്കുക' എന്ന ബോർഡ് ഉയർന്നു. നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ഈ വിവേചനങ്ങൾക്ക് എതിരെയായിരുന്നു മണ്ടേലയുടെ പോരാട്ടം.

ചരിത്രം സൃഷ്ടിച്ച മണ്ടേല

ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ തണലിൽ യൂത്ത് ലീഗ് രൂപീകരണത്തിന് നേതൃത്വം നൽകിയാണ് മണ്ടേല സമര രംഗത്തേക്കിറങ്ങുന്നത്. പിന്നീട് യൂത്ത് ലീഗിന്റെയും ശേഷം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെയും (എഎൻസി) പ്രസിഡന്റായി അദ്ദേഹം മാറി. തുടക്കത്തിൽ തീവ്ര കറുത്തവർഗ്ഗ വാദിയായിരുന്ന മണ്ടേല പിന്നീട്, കളേർഡ് എന്നറിയപ്പെട്ട മിശ്രവർഗ്ഗത്തിനെയും, ഇന്ത്യൻസ് അഥവാ ഏഷ്യൻസ് എന്നറിയപ്പെട്ട വിഭാഗത്തിനെയും അംഗീകരിച്ചു. വർണ്ണവിവേചനത്തിനെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ ബഹുവർഗ്ഗ മുന്നണി അത്യാവശ്യമാണെന്ന് അദ്ദേഹം മനസിലാക്കി. പാസ്സ് കത്തിക്കൽ പോലെയുള്ള സമാധാനപൂർവ്വ മാർഗങ്ങളിലൂടെ സമരം ചെയ്യുന്നതിനൊപ്പം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ഒരു സമാന്തര സായുധ സമരവിഭാഗത്തെ കെട്ടിപ്പെടുത്താനും അവരിലൂടെ, ജനങ്ങൾക്ക് ജീവഹാനി ഉണ്ടാകാത്ത വിധം സർക്കാർ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുന്ന അട്ടിമറിപ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും മണ്ടേല പരിശ്രമിച്ചു.

താൽക്കാലിക അറസ്റ്റുകളിലൂടെയും, പൊതു പരിപാടികളിൽനിന്നും വിലക്കുന്നതുൾപ്പടെയുമായ പ്രതികാരനടപടികളിലൂടെ സർക്കാർ അദ്ദേഹത്തിനെതിരായി പ്രതികരിച്ചു. എന്നാൽ അത്തരം നടപടികളിൽ ഭയന്ന് പിന്മാറാൻ മണ്ടേല്ല ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളും കേസുകളും വന്നു. അവയിൽ ഭൂരിപക്ഷവും തെളിവുകളില്ലാതെ തള്ളിപ്പോയി. ഒടുവിൽ, എഎൻസിയുടെ സായുധ വിഭാഗമായ 'എംകെ' യുടെ നേതൃത്വത്തിൽ നടന്ന അട്ടിമറി പ്രവർത്തനങ്ങളിലെ പങ്ക് കണ്ടെത്തിയ കോടതി മണ്ടേലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റിവോനിയ ട്രയൽ എന്ന് അറിയപ്പെടുന്ന ഈ വിചാരണയിൽ മണ്ടേല നടത്തിയ 'ഞാൻ മരിക്കാൻ സന്നദ്ധനാണ്' ' എന്ന പ്രസംഗം ലോക പ്രശസ്തമാണ്.

1962 മുതൽ 1990 വരെ 27 വർഷങ്ങൾ നെൽസൻ മണ്ടേല ജയിൽ ശിക്ഷ അനുഭവിച്ചു. ഇതിൽ 18 വർഷത്തോളം റോബിൻസൻ ദീപിലുള്ള ജയിലിൽ എട്ടടി നീളവും ഏഴടി വീതിയുമുള്ള ഇടുങ്ങിയ തടവറയിൽ ഏകാന്ത വാസമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വർഷത്തിൽ രണ്ട് എഴുത്തും രണ്ട് സന്ദർശകരും മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്. ക്രമേണ അതിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും തടവറയിൽ നിന്നും മോചനമുണ്ടായില്ല. 1970 മുതൽ ജയിൽ മോചിതനാകുന്നത് വരെയുള്ള കാലം വരെ അദ്ദേഹത്തിന്റെ ഫോട്ടോ പോലും സൗത്ത് ആഫ്രിക്കയിലെമ്പാടും നിരോധിക്കപ്പെട്ടു. ഇതോടെ മണ്ടേലയുടെ പോരാട്ടങ്ങൾ വിസ്മൃതിയിലാഴ്‌ത്താമെന്ന് ഭരണകൂടം കരുതി, പക്ഷെ കൂടുതൽ തീവ്രതയോടെ ആ ഓർമ്മകൾ ജനങ്ങളുടെ ഉള്ളിൽ പതിഞ്ഞു. സ്നേഹത്തോടെ അവർ അദ്ദേഹത്തെ മാഡിബ എന്ന് വിളിച്ചു.

ശിക്ഷയിൽ നിന്നും ഒഴിവാകാനും ഉപാധികളോടെ പുറത്തിറങ്ങാനും ലഭിച്ച അവസരങ്ങളൊക്കെ ഉറച്ച മനസോടെ അദ്ദേഹം നിരസിച്ചു. സ്വതന്ത്രനായ ഒരുവനുമാത്രമേ കരാറുകളിൽ ഏർപ്പെടാനാകുള്ളൂവെന്നും തടവുകാരന് അതിനാകില്ലെന്നും വാദിച്ച അദേഹത്തിന്റെ അർജ്ജവത്തിന് മുന്നിൽ ഒടുവിൽ ഭരണകൂടം മുട്ടുകുത്തി. 1990 ഫെബ്രുവരി 11 ന് അദ്ദേഹത്തെ വിക്റ്റർ വേർസ്റ്റർ ജയിലിൽനിന്നും മോചിതനാക്കി.

റിവേഴ്സ് അപ്പാർത്തീഡ് ഇല്ലാതാക്കി

ജയിൽ മോചനത്തിന് ശേഷമാണ് തന്റെ പോരാട്ടത്തിന്റെ ഏറ്റവും പ്രധാന ഭാഗത്തേക്ക് മണ്ടേല കടക്കുന്നത്. കറുത്ത വർഗ്ഗക്കാരുടെ സ്വാതന്ത്ര്യം ഏറക്കുറെ ഉറപ്പായിരുന്നു. എന്നാൽ മുൻപ് വെളുത്തവരും കറുത്തവരും എന്ന നിലക്ക് നിലനിന്നിരുന്ന സംഘർഷങ്ങൾ ചിലയിടത്തെങ്കിലും കറുത്തവരും കറുത്തവരും എന്ന നിലയിലേക്ക് വഴിമാറി. കറുത്ത വർഗ്ഗക്കാരുടെ സമഗ്രാധിപത്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന തീവ്രവർഗീയ സംഘങ്ങളും മിതവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധി സംഘർഷങ്ങളും കൂട്ടകൊലകളും നടന്നു. ഇവയ്‌ക്കെല്ലാം ഉപരിയായി ഭാവി ദക്ഷിണാഫ്രിക്ക എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ തർക്കങ്ങളുണ്ടായി. തങ്ങളെ അടിച്ചമർത്തിയിരുന്ന വെളുത്ത വർഗ്ഗക്കാരിൽ നിന്നും അധികാരം പിടിച്ചെടുക്കുമ്പോൾ 'റിവേഴ്‌സ് അപ്പാർത്തിഡ്' അഥവാ ന്യൂനപക്ഷമായ വെള്ളക്കാരോടുള്ള വിവേചനം ഉണ്ടായേക്കുമോ എന്ന് ഭയമുയർന്നു. എന്നാൽ തന്റെ മുഴുവൻ കഴിവും ഉപയോഗിച്ച് മണ്ടേല ആ സാഹചര്യത്തെ ഇല്ലാതെയാക്കി.

പുതിയ രാജ്യം അതിലെ എല്ലാ പൗരന്മാർക്കും അവസരസമത്വവും വിവേചനമില്ലാത്ത അവകാശങ്ങളും നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് വരുത്തി. സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന വലിയ കൂട്ടക്കുരുതിയിൽ നിന്നും അന്ന് സൗത്ത് ആഫ്രിക്കയെ രക്ഷിക്കാൻ അദ്ദേഹത്തിന്റെ ഈ നിലപാടിന് സാധിച്ചു. 'കെട്ടഴിഞ്ഞാടാൻ അനായാസമായിരുന്ന' പ്രതികാര വാഞ്ചയേ അദ്ദേഹം കടിഞ്ഞാണിട്ട് പിടിച്ചുകെട്ടി. അതിദുർഘടമായ ഈ പരിശ്രമങ്ങൾക്ക് ലോകം സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി അദ്ദേഹത്തെ ആദരിച്ചു. ഇതിന് മണ്ടേലയെ പ്രേരിപ്പിച്ചത് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ച ഗാന്ധിയൻ ആദർശങ്ങളായിരുന്നു. ഗാന്ധിയെപ്പോലെ ലളിത ജീവിതമായിരുന്നു, അദ്ദേഹത്തിന്റെതും.

1994 നടന്ന ബഹുവർഗ തിരഞ്ഞെടുപ്പിൽ 63% വോട്ടുകൾ നേടി മണ്ടേലയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വന്നു. അടുത്ത അഞ്ചു വർഷം കൊണ്ട്, പുതിയ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന, ചരിത്രം എഴുതിച്ചേർത്ത് 1999 ൽ അദ്ദേഹം വിരമിച്ചു. ആഫ്രിക്കൻ കറുത്തവർഗ്ഗക്കാരെന്നും യൂറോപ്യൻ വെളുത്ത വർഗ്ഗക്കാരെന്നും കളേർഡ് എന്നും ഏഷ്യൻസ് എന്നും വ്യത്യാസങ്ങളില്ലാതെ ഒരു ബഹുമുഖ ബഹു വർഗ്ഗ തെക്കെ ആഫ്രിക്ക സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഈ വർഷങ്ങൾക്കൊണ്ട് അദ്ദേഹം നടത്തി. ഏറക്കുറെ അതിൽ വിജയിച്ചു എന്ന് തന്നെ പറയാം.

ഒരു തവണ മാത്രമേ പ്രസിഡന്റ് സ്ഥാനം വഹിക്കൂ എന്ന മുൻ തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ട് 1999 ജൂണിൽ സ്ഥാനമൊഴിഞ്ഞു. തെരുവിൽ ജീവിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി തന്റെ ശമ്പളത്തിന്റെ മൂന്നിലൊരു ഭാഗം നീക്കിവെച്ചു. സ്പോർട്സിനെ വർണവിവേചനം അവസാനിപ്പിക്കാനുള്ള മാർഗമായി ഉപയോഗപ്പെടുത്തി. പ്രസിഡന്റായിരിക്കെ വർണവിവേചന കാലത്തുനടന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ കണ്ടെത്താൻ അന്വേഷണ കമീഷനെ നിയമിച്ചു. കമീഷന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ആർക്കെതിരെയും നടപടികൾ സ്വീകരിച്ചില്ല. ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

എന്നാൽ ഈ രീതിയല്ല മണ്ടേലക്ക് ശേഷം അധികാരത്തിൽ വന്നവർ സ്വീകരിച്ചത്. അവർ ഒരു തരം പ്രതികാര ബുദ്ധിയോടെയാണ്, വെള്ളക്കാരെ സമീപിച്ചത്. തൽഫലമായി രാജ്യത്തുനിന്ന് വെള്ളക്കാരുടെ കൂട്ടത്തോടെയുള്ള പലായനം ഉണ്ടായി. അറിവും സാങ്കേതിക വിദ്യയും കൈയിലുണ്ടായിരുന്ന ഈ വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക് രാജ്യത്തെ വലിയ രീതിയിൽ പിറകോട്ട് അടുപ്പിച്ചു. ആദ്യകാലത്ത് ഒരു കൊയ്ത്ത് യന്ത്രം പ്രവർത്തിപ്പിക്കാൻ പോലും തദ്ദേശീയർക്ക് അറിയില്ലായിരുന്നു. സർവീസ് സെക്ടറുകളെയൊക്കെ ഇത് ബാധിച്ചു. അഴിമതിയും അരാജകത്വവും വ്യാപകമായി.

വിന്നിയിൽ തുടങ്ങുന്ന അഴിമതി

ലോകം മുഴുവൻ അനുയായികൾ ഉണ്ടായിരുന്നു മഹാത്്മാഗാന്ധി സ്വന്തം കുടുംബത്തിൽ വലിയ പരാജയമായിരുന്നു. മകൻ ഹരിലാൽ ഗാന്ധി പിതാവിനോട് വഴക്കിട്ട് മദ്യപാനിയായതും, ഇസ്ലാമിലേക്ക് മതമാറി അബ്ദുല്ല ഗാന്ധിയായതും, എന്നിട്ട് തിരിച്ച് ഹിന്ദുമതത്തിലേക്ക് വന്നതും, പിന്നെ തെരുവിൽ കിടന്ന് അനാഥനെപ്പോലെ മരിച്ചതും ചരിത്രമാണ്. അതുപോലെ മണ്ടേലയുടെ ഒരു മക്കളും പിതാവിന്റെ ലളിത ജീവിതം പിന്തുടർന്നില്ല. അവർ രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെങ്കിലും നിരവധി അഴിമതി ആരോപണങ്ങൾ നേരുടുന്ന അധികാരകേന്ദ്രങ്ങളായി. മണ്ടേല കുടുംബത്തിന്റെ അഴിമതിയുടെ ചരിത്രം ഭാര്യ വിന്നി മണ്ടേലയിൽ നിന്നും തുടങ്ങുന്നു. 1990 ഫെബ്രുവരി 11, റോബൺ ജയിലിൽ നിന്ന് 27 വർഷത്തെ തടവിനുശേഷം നെൽസൺ മണ്ടേല പുറത്തിറങ്ങുമ്പോൾ, കൈപിടിക്കാൻ ഭാര്യ വിന്നി മണ്ടേല ഉണ്ടായിരുന്നു.

വിന്നി മണ്ടേലയ്ക്ക് 22 വയസുള്ളപ്പോഴാണ് നെൽസൺ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958 ജൂണിൽ വിവാഹിതരായ ഇരുവർക്കും അധികകാലം ഒരുമിച്ച് കഴിയാൻ സാധിച്ചില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ നെൽസൺ മണ്ടേല ഒളിവിൽ പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്തു. മണ്ടേല ജയിലിൽ കഴിഞ്ഞ 27 വർഷക്കാലം അദ്ദേഹത്തിന്റെ രണ്ടു മക്കളെ വളർത്തിയതും വർണ വിവേചനത്തിനെതിരായ പോരാട്ടം ശക്തമായി നിലനിർത്തിയതും വിന്നി ആയിരുന്നു. അധികൃതർ വിന്നിയെയും വേട്ടയാടി. മണ്ടേലയെ മാനസികമായി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അവരെ തടവിലാക്കാനും അക്രമിക്കാനും ശ്രമം നടന്നു. അവരുടെ വീടിനുനേരെ രണ്ടുവതണ ബോംബാക്രമണമുണ്ടായി.പലതവണ ജയിലിൽ അടയ്ക്കപ്പെട്ടുവെങ്കിലും ഭർത്താവിന്റെ മോചനത്തിനുവേണ്ടി പോരാട്ടം നടത്തി. ഭർത്താവിനെ ജയിലിൽ സന്ദർശിക്കാൻ അപൂർവമായി മാത്രമെ അവർക്ക് അധികൃതർ അവസരം നൽകിയിരുന്നുള്ളു.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ തീപ്പൊരിപ്രസംഗങ്ങളും പ്രചരണങ്ങളുമായി വിന്നി പൊതുരംഗത്ത് സജീവമായി.കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും പോരാട്ടങ്ങളും ഏകാന്തതയുമായിരുന്നു വിന്നിക്കെന്നും കൂട്ട്. തനിച്ചായ ജീവിതത്തിൽ വിന്നിയെ സമീപിച്ചവരിൽ പലരുടെയും ഉദ്ദേശം പലതായിരുന്നു. വിരസത മറികടക്കാൻ അവർ പലപ്പോഴും മദ്യത്തിലഭയം തേടി. ഇത് പിൽക്കാലത്ത് അവരുടെ വ്യക്തിജീവിതത്തെ ബാധിച്ചു.

രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു എല്ലായ്‌പ്പോഴും വിന്നിയും മണ്ടേലയും. ചെറിയ ചെറിയ അസ്വാരസ്യങ്ങൾ വളർന്ന് കൂടുതൽ അകൽച്ചയിലേക്കത്തി. 1992 ഏപ്രിൽ മാസത്തിലാണ് വിന്നിയുമായി പിരിയുകയാണെന്ന് നെൽസൺ മണ്ടേല പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിനും നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും നിയമപരമായി വേർപിരിഞ്ഞു. അസ്ഥിരമായ കുടുംബബന്ധങ്ങൾ സ്വാതന്ത്ര്യസമര സേനാനികളുടെ വിധിയാണെന്ന് തോന്നുന്നു എന്ന് മണ്ടേല അഭിപ്രായപ്പെട്ടതും ഇക്കാലത്ത് തന്നെയായിരുന്നു.

വിന്നി അപ്പോഴേക്കും ഒരു സമാന്തരമായ അധികാര കേന്ദ്രമായി മാറിയിരുന്നു. അഴിമതിക്കാര ദല്ലാളന്മാരുമായുള്ള അവരുടെ ചങ്ങാത്തവും വിമർശിക്കപ്പെട്ടു. അതിനിടെയാണ് നേരത്തെ, പൊലീസ് ചാരന്മാരെന്ന് ആരോപിച്ച് നാല് യുവാക്കളെ വിന്നിയും കൂട്ടാളികളും വീട്ടിലെത്തിച്ച് പീഡിപ്പിച്ചത് വൻ വിവാദമായി. അവരിലൊരാൾ രക്ഷപെട്ട് പുറത്തെത്തിയതോടെയാണ് വിവരം ലോകമറിഞ്ഞത്. അങ്ങനെ വിന്നി കേസിലും പ്രതി ചേർക്കപ്പെട്ടു. മണ്ടേല യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബുമായി ബന്ധപ്പെട്ടായിരുന്നു ഈ മരണങ്ങൾ നടന്നത്. ഇത് വിന്നി മണ്ടേല അവരുടെ സുരക്ഷാ ടീമായി ഉപയോഗിച്ചിരുന്ന ഒരു ഗുണ്ടാസംഘമായിരുന്നു.

തട്ടിക്കൊണ്ടുപോകലും പീഡനവും ഉൾപ്പടെയുള്ള കുറ്റങ്ങളിൽ വിന്നിക്ക് അഞ്ച് വർഷം ജയിൽ ശിക്ഷ ലഭിച്ചു. വിധിക്ക് ശേഷമാണ് വിന്നി-മണ്ടേല ബന്ധത്തിൽ ആഴത്തിൽ വിള്ളലുകളുണ്ടായതും. 1995- ൽ അഴിമതി ആരോപണത്തെത്തുടർന്ന് നെൽസൺ മണ്ടേല അവരെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. കലാ - സാംസ്‌കാരിക, ശാസ്ത്ര - സാങ്കേതിക വകുപ്പ് സഹമന്ത്രി ആയിരുന്നു അവർ. 1996 ൽ അദ്ദേഹത്തിൽ നിന്ന് വിവാഹ മോചനം നേടി.

മക്കൾ തമ്മിലും തമ്മിലടി

മൂന്ന് ഭാര്യമാരിലായി ആറുമക്കളുള്ള മണ്ടേലക്ക് അവർ തമ്മിലുള്ള അടിപിടി അവസാന കാലത്തും വലിയ തലവേദനയായിരുന്നു. മണ്ടേല മരിച്ചപ്പോഴും എവിടെ അടക്കണമെന്നതിനെ ചൊല്ലി തകർക്കമുണ്ടായി. മണ്ടേലയുടെ ജന്മസ്ഥലമായ വെസോ ഗ്രാമത്തിൽ അടക്കണമെന്ന് ചെറുമകൻ മാൻഡ്ല മണ്ടേല നിർബന്ധം പിടിച്ചു. തന്റെ നേരത്തെ മരിച്ച കുട്ടികൾക്ക് അടുത്ത തന്നെ അടക്കണം എന്നാണ് മണ്ടേലയുടെ ആഗ്രഹം എന്നായി മറ്റ് കുടുംബാഗങ്ങൾ. മണ്ടേലയുടെ രണ്ടാം ഭാര്യയിലുണ്ടായ മക്കൾ ഇതിനോട് യോജിച്ചു. ഇതോടെ മാൻഡ്ല മണ്ടേല ഇറങ്ങിപ്പോയതും വാർത്തയായി. ചില വിദേശമാധ്യമങ്ങൾ നെൽസൺ മണ്ടേലയുടെ മരണത്തിനായി കഴുകന്മാരെ പോലെ കാത്തിരിക്കുകയാണെന്ന് മകൾ മകാസിവെ പറഞ്ഞതും വിവാദമായി. ഇന്നും തീരാത്ത സ്വത്തു തകർക്കവും കുടുംബാംഗങ്ങൾക്കിടയിലുണ്ട്.

2005-ൽ മണ്ടേലയുടെ മകൻ മക്ഗതോ എയ്ഡ്‌സ് ബാധിച്ച് മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ചില സഹോദരങ്ങൾക്ക് പരമ്പരാഗത ദുഃഖാചരണ സമയത്ത് മൃതദേഹത്തോടൊപ്പം ഇരിക്കാൻ അനുവാദമില്ലായിരുന്നു. മണ്ടേലയുടെ മരുമകനായ ഐസക് അമുവയ്‌ക്കെതിരെ 2010-ൽ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ടു. അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരാളായ സോണ്ട്വ മണ്ടേലയും അഴിമതി ആരോപിതനാണ്. സ്വർണ്ണഖനി ഇടപാടുവരെയുള്ള വലിയ അഴിമതിയാണ് വിഷയം.

ഭർത്താവെന്ന നിലയിലും പിതാവെന്ന നിലയിലും തന്റെ പരാജയങ്ങളെക്കുറിച്ച് മണ്ടേലയ്ക്ക് ബോധമുണ്ടായിരുന്നു. 'ഒരു രാജ്യത്തിന്റെ പിതാവാകുക എന്നത് ഒരു വലിയ ബഹുമതിയാണ്, എന്നാൽ ഒരു കുടുംബത്തിന്റെ പിതാവാകുക എന്നത് അതിലും വലിയ സന്തോഷമാണ്'- മണ്ടേല ഒരിക്കൽ എഴുതി.

സ്വർണ്ണഖനികളുടെ നാട് പട്ടിണിയിൽ

മണ്ടേലക്കുശേഷം ദീർഘവീക്ഷണമുള്ള നേതാക്കൾ ഉണ്ടായില്ല എന്നതാണ് ദക്ഷിണാഫ്രിക്കയിൽ ഉണ്ടായ ഏറ്റവും വലിയ പ്രശ്നം. മണ്ടേലയുടെ പിൻഗാമിയായി പ്രസിഡന്റായ താബോ എംബെക്കി, ഏകാധിപത്യ സ്വഭാവമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അശാസ്ത്രീയമായ നിലപാടുകൾ രാജ്യത്ത് എയ്ഡസ് പടരുന്നതിന് ഇടയാക്കി. അന്ന് എയ്ഡ്സായിരുന്ന ആഫ്രിക്കയുടെ ഏറ്റവും വലിയ ഭീഷണി. രോഗത്തിനെതിരെയുള്ള ശാസ്ത്രീയ സമീപനത്തോട്, താബോ എംബെക്കി സ്വീകരിച്ച നിഷേധാത്മക നിലപാട്, രാജ്യത്തെ മരണസംഖ്യ വർദ്ധിപ്പിച്ചു, . അതിനുശേഷം വന്ന പ്രസിഡന്റ് ജേക്കബ് സുമ, അഴിമതി, ബലാത്സംഗ കേസുകളിൽ അന്വേഷണം നേരിട്ടു. നേതാക്കൾ തടിച്ച് കൊഴുക്കുമ്പോഴും പട്ടിണി കിടക്കാനാണ് സ്വർണ്ണഖനികളുടെ നാടിന്റെ യോഗം.

കടുത്ത ദാരിദ്ര്യത്തിലാണ്, ഈ രാജ്യം. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ 55 ശതമാനം ദാരിദ്ര്യത്തിലാണ്. ജലം, പാർപ്പിടം, ഊർജം എന്നീ പ്രതിസന്ധികളാൽ ജനങ്ങൾ വലയുന്നു. വെള്ളമോ വൈദ്യുതിയോ ശരിയായ പാർപ്പിടമോ ഇല്ലാതെ നിരവധി ആളുകളാണ് കഷ്ടപ്പെടുന്നത്. പ്രധാന നഗരമായ ഡർബനിൽ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്ന ട്രെനൻസ് പാർക്ക് പോലുള്ള പ്രവിശ്യയുടെ ഭാഗങ്ങളിൽ 10 മാസമായി ടാപ്പ് വെള്ളമില്ല. തൊഴിലില്ലായ്മ 33ശതമാനം ആണ്. സാമ്പത്തിക അസംതൃപ്തി കുറ്റകൃത്യങ്ങളുടെ വർധനവിന് കാരണമായി. നരഹത്യ നിരക്ക് 100,000 ആളുകൾക്ക് 45 എന്ന രീതിയിൽ ഉയർന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 32 ശതമാനമാണ്, ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്, ജനസംഖ്യയുടെ 80 ശതമാനം വരുന്ന കറുത്തവർഗ്ഗക്കാരിൽ ഏറെയും ദരിദ്രർ തന്നെ. പിന്നെ ജനം ഭരണകക്ഷിക്കെതിരെ പ്രതികരിച്ചിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇപ്പോഴത്തെ തിരിച്ചടിയുടെ അടിസ്ഥാനത്തിൽ, രണ്ടാം തവണയും അധികാരത്തിലേറാൻ എ എൻ സിക്ക് ഒരു സഖ്യകക്ഷിയെ തേടേണ്ടിവരും. ദക്ഷിണാഫ്രിക്കക്കാർ പ്രസിഡന്റിന് നേരിട്ട് വോട്ട് ചെയ്യുന്നില്ല. പകരം, അവർ ദേശീയ അസംബ്ലിയിലെ 400 അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഈ അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 201 അല്ലെങ്കിൽ അതിൽ കൂടുതൽ വോട്ടുകൾ ലഭിക്കുന്നയാളാകും പ്രസിഡന്റ്. നിലവിലെ പ്രസിഡന്റ് റംഫോസയുടെ നേതൃത്വത്തിൽ എഎൻസിയുമായി സഖ്യത്തിലേർപ്പെടില്ലെന്ന് ജേക്കബ് സുമയുടെ എംകെ പാർട്ടി അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ഭരണഘടനയനുസരിച്ച്, അന്തിമ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഏത് സഖ്യം അധികാരത്തിൽ വന്നാലും ആരുടെ കീഴിലായാലും മുന്നോട്ടുള്ള പാത വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: അഴിമതിമുക്തമായ രാഷ്ട്രീയ നേതൃത്വം ഇല്ലെങ്കിൽ, എത്ര പ്രകൃതി വിഭവങ്ങൾ ഉണ്ടെങ്കിലും രാജ്യം ദരിദ്രമായി തന്നെ ഇരിക്കും എന്നതിന്റെ നേർ അനുഭവമാണ് ദക്ഷിണാഫ്രിക്ക. ആഫ്രിക്കൻ ഗാന്ധിയുടെ നാടിന്റെ അനുഭവത്തിൽനിന്ന് യഥാർത്ഥ ഗാന്ധിയുടെ നാട്ടുകാർക്ക് പഠിക്കാൻ ഏറെയുണ്ട്!