90-കളില്‍ ലാലു പ്രസാദ് യാദവ് ഭരിക്കുന്ന സമയത്തെ ഒരു ഇലക്ഷന്‍കാലം. ബിഹാറില്‍ ജംഗിള്‍രാജ് ആണെന്ന് പ്രചാണമുള്ളതുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്പോലും ഡല്‍ഹിയില്‍നിന്ന് അവിടെ ഒറ്റക്ക്പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയമായി. അതിനാല്‍ മലയാളികള്‍ അടക്കമുള്ള പത്രപ്രവര്‍ത്തകര്‍ ഒരു സംഘമായി ബിഹാറിലേക്ക് തിരിച്ചു. ഈ പറയുന്ന രീതിയില്‍ കാട്ടുഭരണമാണോ, അവിടെ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുകകൂടിയായിരുന്നു ആ യാത്രയുടെ ലക്ഷ്യം.

അവര്‍ ബിഹാറിലെ പൂര്‍ണിയയിലെത്തി ഒരു ലോഡ്ജില്‍ തങ്ങി. ആ ദിവസം തന്നെ ജംഗിള്‍രാജ് എന്തെന്ന് അവര്‍ നേരിട്ടറിഞ്ഞു. തോക്ക് ചൂണ്ടി ഒരു സംഘം അര്‍ധരാത്രിയോടെ റൂമിലെത്തി. വാച്ചും, പഴ്സും, ബാഗും, മാലയും, മോതിരവുമടക്കം സകലതും കവര്‍ന്നാണ് അവര്‍ മടങ്ങിയത്. പെട്ടന്ന് പൊലീസ് സ്റ്റേഷനില്‍പോയി, പരാതി നല്‍കാതിരിക്കാനായി, അടിവസ്ത്രമൊഴികയെുള്ള മുഴുവന്‍ ഡ്രസ്സും അവര്‍ കൊണ്ടുപോയി! നേരം വെളുത്തപ്പോള്‍ കിടക്കവരി മുണ്ടാക്കി ഉടുത്താണ്, മാധ്യമ പ്രവര്‍ത്തകര്‍ റിസ്പ്ഷനിലെത്തി കൊള്ളയടി വിവരം പറഞ്ഞത്. അപ്പോള്‍ അവര്‍ക്ക് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല. കാരണം ആ നാട്ടിലെ പതിവായിരുന്ന അത്!

ഈ സംഭവം നടന്ന് വീണ്ടും 30 വര്‍ഷത്തിനുശേഷം ഒരു ബിഹാര്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പറഞ്ഞത്, മഹാസഖ്യം അധികാരത്തില്‍വന്നാല്‍ പഴയ ജംഗിള്‍രാജ് കാലം തിരിച്ചുവരുമെന്നാണ്. ആ ഒറ്റ ഭീതിയാണ് എന്‍ഡിഎക്ക് തുടര്‍ഭരണം കിട്ടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നെന്ന് ഇന്ത്യാടുഡെപോലുള്ള മാധ്യമങ്ങളും എഴുതുന്നു. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ ഇത്തവണ അതിഗംഭീര വിജയം ആഘോഷിക്കുമ്പോഴും ബിഹാറിലെ 90സ് കിഡ്‌സ് ലാലുവിന്റെ കാലത്തെ ജംഗിള്‍ രാജ് കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ്. നിങ്ങള്‍ അറിഞ്ഞതിന് അപ്പുറമാണ് ജംഗിള്‍ രാജ് എന്നാണ് അവര്‍ പറയുന്നത്!

കോടതി നല്‍കിയ പേര്

1990-2005 ലാലു-റാബ്രി ദേവി കാലത്തെ ഭരണത്തെയാണ്, ജംഗിള്‍ രാജ് എന്ന് പൊതുവെ പറയുന്നത്. ഏറ്റവും വിചിത്രം രാഷ്ട്രീയ എതിരാളികളല്ല, കോടതിയാണ് ഈ പേര് നല്‍കിയത് എന്നാണ്. 1997-ല്‍ പട്‌നയിലെ ജനങ്ങള്‍ അനുഭവിക്കുന്ന മോശം ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് 'ജംഗിള്‍ രാജ്' എന്ന വാക്ക് ബിഹാറിന്റെ രാഷ്ട്രീയ നിഘണ്ടുവിന്റെ ഭാഗമാകുന്നത്. 'ഇത് ജംഗിള്‍ രാജിനേക്കാള്‍ മോശമാണ്, കോടതി നിര്‍ദേശങ്ങളും പൊതുതാല്‍പ്പര്യവും പരിഗണിക്കുന്നില്ല,' എന്നായിരുന്നു അന്ന് പട്ന ഹൈക്കോടതി പറഞ്ഞത്. അതോടെയാണ് ഈ വാക്ക് പോപ്പുലറാവുന്നത്.




അതായത് നിയമവാഴ്ച യാതൊന്നുമില്ലാത്ത ഒരു വെള്ളരിക്കപ്പട്ടണമായിരുന്ന ലാലു ഭരണത്തില്‍ ബീഹാര്‍. സന്ധ്യയായാല്‍ നാടന്‍ തോക്കുകളുമായി ഗുണ്ടകള്‍ അഴിഞ്ഞാടി. ഗുണ്ടാരാജ് ഭയന്ന് 6 മണി കഴിഞ്ഞാല്‍ കടകള്‍ പൂട്ടി നഗരം വിജനമാവും. പെട്ടിക്കടക്കാര്‍ക്ക് പോലും രക്ഷയില്ലാത്ത കാലം. നേരം ഇരുട്ടിയാല്‍ വീടിന് പുറത്തിറങ്ങാന്‍ ആളുകള്‍ പേടിച്ചു. മോചന ദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകല്‍ വ്യാപകമായി. ആര്‍ജെഡി നേതാക്കള്‍ ഇടനിലക്കാരായി. മക്കള്‍ സ്‌ക്കൂളില്‍പോയാല്‍ തിരിച്ചെത്തുംവരെ വീട്ടുകാര്‍ക്ക് മനസമാധാനം ഉണ്ടായിരുന്നില്ല. കൊള്ളയും കൊലയും ഗ്യാങ്ങ് റേപ്പും വ്യാപകമായി. സകലമേഖലയിലും അഴിമതിയായി. ആര്‍ജെഡി നേതാക്കള്‍ എല്ലാറ്റിനും കൂട്ടുനിന്നു. പൊലീസ് രാഷ്ട്രീയക്കാരുടെ കൈയിലെ ചട്ടുകമായി. രക്ഷയില്ലാതെ ബിഹാറിലെ ചെറുപ്പക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി.

ഇപ്പോള്‍ ആജെഡി നിലംപരിശായതോടെ, 1990-കളില്‍ ജീവിച്ചിരുന്നവര്‍ തങ്ങള്‍ നേരിട്ട നിയമലംഘനങ്ങളുടെയും തട്ടിക്കൊണ്ടുപോകല്‍ ഭീഷണികളുടെയും കഥകളും ലാലുവിന്റെ ദുര്‍ഭരണം തങ്ങളുടെ കുട്ടിക്കാലത്തെ നശിപ്പിച്ചതിനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെയ്ക്കുകയാണ്. സുകുമാര്‍ സാനി എന്നയാള്‍ കുറിക്കുന്നത് ഇങ്ങനെ. -''എനിക്കും എന്നെപ്പോലെയുള്ള എണ്ണമറ്റ ആളുകള്‍ക്കും 15 വയസിനു മുമ്പ് തന്നെ വിദ്യാഭ്യാസത്തിനും പിന്നീട് ജോലിക്കും വേണ്ടി വീട് വിട്ട് പോകേണ്ടി വന്നതിനു കാരണം ജംഗിള്‍ രാജാണ്. ബിഹാര്‍ വിട്ടുപോയവര്‍ സ്വന്തം മാതാപിതാക്കളില്‍ നിന്ന് അകന്ന് വളര്‍ന്നവരാണ്. നാട്ടിലെ ഉത്സവ കാലങ്ങളില്‍ പോലും തങ്ങള്‍ക്ക് ഹോസ്റ്റലില്‍ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നിട്ടുണ്ട്. കാരണം നാട്ടില്‍പോയാല്‍ ഞങ്ങള്‍ ആക്രമിക്കപ്പെടും''.

1993-ല്‍ ബിഹാറിലെ തെരുവുകളില്‍ തോക്കുകളുമായി ആളുകള്‍ ചുറ്റിത്തിരിയുന്നത് പതിവായിരുന്നുവെന്ന് ആശിഷ് ഭൂട്ടാഡ കുറിച്ചു. ലാലുവിന്റെ ഭരണകാലത്ത് ബലാത്സംഗങ്ങള്‍ സാധാരണമായിരുന്നു. ആര്‍ജെഡിയുടെ ഗുണ്ടകള്‍ കൂട്ടക്കൊല ചെയ്യുമെന്ന ഭയം കാരണം അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നും അയാള്‍ എഴുതുന്നു. രണ്ട് തലമുറയിലെ ആളുകളുടെ സന്തോഷം നശിപ്പിച്ച് മകനെ മുഖ്യമന്ത്രിയാക്കാനും കുടുംബ നിമിഷങ്ങള്‍ ആസ്വദിക്കാനും ഈ മനുഷ്യന് കഴിയില്ലെന്നാണ് മറ്റൊരാള്‍ എക്സില്‍ കുറച്ചത്. ഈ തിരഞ്ഞെടുപ്പിലെ ആര്‍ജെഡിയുടെ പരാജയം തന്റെ വ്യക്തിപരമായ വിജയമാണെന്നാണ് ഒരാള്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് കുറിച്ചത്.

ലാലുവിന്റെ കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കുടുംബങ്ങള്‍ നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ചും ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ഇങ്ങനെയാണ്; - ''തട്ടിക്കൊണ്ടുപോകപ്പെടാതിരിക്കാന്‍ ബോര്‍ഡിങ് സ്‌കൂളുകളില്‍ മാതാപിതാക്കളില്‍ നിന്ന് അകന്ന് താമസിക്കേണ്ടിവന്ന ആയിരക്കണക്കിന് കുട്ടികള്‍, ക്ലറിക്കല്‍ ജോലി ലഭിക്കാന്‍ കൈക്കൂലിയായി അവരുടെ പൂര്‍വ്വിക ഭൂമിപോലും പകരം കൊടുക്കേണ്ടിവന്ന ആയിരക്കണക്കിന് ആളുകള്‍, ജംഗിള്‍ രാജില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ഒരു വിളക്കിനോ പെട്രോമാക്‌സിനോ കീഴില്‍ കഠിനാധ്വാനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകള്‍. അവരെല്ലാം ഇന്ന് സുഖമായിരിക്കുന്നു. അവര്‍ ഇപ്പോള്‍ അവരുടെ ഫോണ്‍ സ്‌ക്രീനില്‍ കാണുന്ന സംഖ്യകള്‍ നോക്കി പുഞ്ചിരിക്കുന്നു''.

ലാലു അളിയന്‍മ്മാരുടെ കൊള്ള

'ജംഗിള്‍ രാജ് ഫാമിലി'! തമിഴ്നാട്ടില്‍ മന്നാര്‍ഗുഡി മാഫിയ എന്നൊക്കെ ശശികല കുടുംബത്തെ പേരിട്ട് വിളിക്കുന്നതുപോലെ, ബീഹാര്‍ രാഷ്ട്രീയത്തിലെ അതികായനായ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് രാഷ്ട്രീയ എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത വിളിപ്പേരാണിത്. ലാലു പ്രസാദും ഭാര്യ റാബ്രിദേവിയും ഭരിച്ചത് സമയത്ത് ബീഹാറില്‍നിന്നുള്ള വാര്‍ത്തകള്‍ മുഴവന്‍ കുംഭകോണങ്ങളുടെതായിരുന്നു. കാലിത്തീറ്റയിലും, കോഴിത്തീറ്റയിലും തൊട്ട് കോടികളുടെ അഴിമതികളുടെ കഥകള്‍. പിന്നീട് ബീഹാറില്‍ ഉയര്‍ന്നുവന്ന നിതീഷ്‌കുമാറും കൂട്ടരുമാണ് റോബറി ഫാമിലി എന്ന നിലയില്‍ ലാലു കുടുംബത്തിനെതിരെ പ്രചാരണം അഴിച്ചുവിട്ടത്.

ആ റോബറി ഫാമിലിയിലെ ഏറ്റവും പ്രധാനികള്‍, റാബ്രിദേവിയുടെ സഹോദരന്‍മ്മാരായ, സുഭാഷ്യാദവും, സാധുയാദവുമായിരുന്നു. ലാലു- റാബ്രി ഭരണത്തില്‍ അളിയന്‍മ്മാര്‍ അഴിഞ്ഞാടി. ലാലുവിന്റെ പെണ്‍മക്കളുടെ വിവാഹമെന്ന് കേട്ടാല്‍ പ്ടനയില്‍നിന്ന് കാര്‍ ഷോറൂമുകള്‍ പൂട്ടി ഉടമകള്‍ മുങ്ങിയ കാലമുണ്ടായിരുന്നു. ജ്വല്ലറിക്കാര്‍ക്കും അതേ അവസ്ഥയാണ്. അനന്തിരവളുടെ കല്യാണം മുതടെലുത്ത് സുഭാഷ്യാദവും, സാധുയാദവും ഗുണ്ടകളുമായെത്തി ഷോറുമുകളില്‍നിന്ന് വണ്ടിയെടുത്ത് പോവും. കല്യാണം കഴിഞ്ഞ തിരിച്ചുതരാമെന്നാണ് പറയുക. പക്ഷേ തിരിച്ച് കിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ജ്വല്ലറികളില്‍നിന്ന് പവന്‍ കണക്കിന് സ്വര്‍ണ്ണമെടുത്ത് പോവും. ആര്‍ക്കും ചോദിക്കാന്‍ കഴിയില്ല.




രാഷ്ട്രീയക്കാരനായി ലാലു പേരെടുക്കുന്നതിന് മുമ്പായിരുന്നു റാബ്രിയുമായുുള്ള വിവാഹം. അന്ന് ലാലു ഒന്നുമായിരുന്നില്ല. സമ്പന്ന കുടുംബത്തില്‍ ജനിച്ച റാബ്രിയുടെ വരനായി സ്വന്തമായി വീട് പോലും ഇല്ലാതിരുന്ന ദരിദ്ര കുടുംബത്തില്‍ ജനിച്ച ലാലു പ്രസാദ് യാദവ് വന്നത് തന്റെ ബന്ധുക്കളെ അസ്വസ്ഥമാക്കിയെന്ന് റാബ്രി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ട്രാക്ടറായിരുന്ന ശിവപ്രസാദ് ചൗധരിയുടെ ഏഴ് മക്കളില്‍ മൂന്നാമത്തെ ആളായിരുന്നു റാബ്രി ദേവി. സ്വന്തമായി വീടുപോലും ഇല്ലാത്ത ചെറുപ്പക്കാരന് റാബ്‌റിയെ വിവാഹം കഴിച്ച് കൊടുക്കണമോ എന്ന ആശങ്ക ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ശിവപ്രസാദ് ചൗധരിക്ക് ലാലുവിന്റെ കഴിവില്‍ വിശ്വാസമായിരുന്നു.

ഇരുവരുടെയും വിവാഹത്തെക്കുറിച്ച് എന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സന്തോഷ് സിംഗ് എഴുതിയത് ഇങ്ങനെയാണ്. 'ശിവപ്രസാദ് ചൗധരിക്ക് വേണമെങ്കില്‍ റാബ്രിയെ ഒരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കാമായിരുന്നു, പക്ഷേ ലാലുവിന്റെ ബുദ്ധിശക്തി, ശരീരഘടന, വിദ്യാഭ്യാസം എന്നിവയില്‍ അദ്ദേഹം ആകൃഷ്ടനായി'. കാലം അത് ശരിവെച്ചു. ലാലു വളര്‍ന്നു. ഭാര്യവീട്ടുകാരാണ് ഈ വളര്‍ച്ചയിലും അദ്ദേഹത്തെ സഹായിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ഒരു വൈകാരികമായ അടുപ്പം ലാലുവിന് ഭാര്യയുടെ കുടുംബവുമായുണ്ട്. ലാലു അധികാരത്തിലേറിയപ്പോള്‍ ഈ അടുപ്പം അവര്‍ നന്നായി മുതലെടുക്കുകയും ചെയ്തു. ഭരണം ലാലുവിന്റെ വീട്ടില്‍നിന്ന് മാറി ഭാര്യയുടെ വീട്ടില്‍നിന്നായി. അതോടെ അത് മന്നാര്‍ഗുഡി മാഫിയയെ ഞെട്ടിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ മാഫിയയായി. ലാലുവിന്റെ അളിയന്‍മ്മാരെ കാണേണ്ടപോലെ കാണാതെ ബിഹാറില്‍ ഒരു പരിപാടിയും നടക്കാതായി. പിന്നീട് അധികാരം നഷ്ടപ്പെട്ടപ്പോള്‍ ലാലു ആദ്യം ചെയ്തത് ഈ അളിയാന്‍മ്മാരെ വീട്ടില്‍നിന്ന് അടിച്ചിറക്കുക എന്നതായിരുന്നു!

ഗ്യാങ്ങ് റേപ്പുകളുടെ കാലം

ബിഹാറില്‍ നിതീഷ്‌കുമാറിന്റെ ഏറ്റവും വലിയ വോട്ട്ബാങ്ക് സ്ത്രീകളാണ്. അദ്ദേഹം ഏത് മുന്നണിയിലായായും സ്ത്രീകള്‍ കൂടെയുണ്ടാവും. അതിന്റെ എറ്റവും പ്രധാനപ്പെട്ട കാരണം ഈ ജംഗിള്‍ രാജ് അവസാനിപ്പിച്ചത് നിതീഷ് ആണെന്നതാണ്. അക്കാലത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടത് സ്ത്രീകളായിരുന്നു. ക്രമസമാധാന വ്യവസ്ഥയില്ലാത്ത ഒരു പ്രദേശത്ത് ഗുണ്ടകള്‍ അഴിഞ്ഞാടി. അന്ന് ഭൂരിഭാഗം ഗ്രാമീണര്‍ക്കും കക്കൂസ് ഇല്ലായിരുന്നു. അതിനാല്‍ സ്ത്രീകള്‍ അതിരാവിലെ വെളിക്കിരിക്കാന്‍ പോവും. ഈ സമയത്ത് അവരെ പിടിച്ച് ബലാല്‍ത്സഗം ചെയ്യുന്ന സംഘം തന്നെ ഉണ്ടായിരുന്നു! പരാതി കിട്ടിയാലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. കാരണം ഗുണ്ടകള്‍ പൊലീസിനെ തീര്‍ക്കും.

പപ്പുയാദവിനെയും ഷഹാബുദ്ദീനെയും പോലുള്ള ഗുണ്ടാ നേതാക്കളായിരുന്ന ആര്‍ജെഡിയെ നിയന്ത്രിച്ചിരുന്നത്. ഇവരുടെയൊക്കെപ്പേരില്‍ കൊള്ളയും, കൊലയും, റേപ്പും അടക്കം ഡസന്‍ കണക്കിന് കേസുകളുണ്ടായിരുന്നു. പക്ഷേ ഒരു ഫലവുണ്ടായില്ല. ദളിതനായ ഐഎഎസ് ഓഫീസറുടെ ഭാര്യയെ വരെ ആര്‍ജെഡി വനിതാ എംഎല്‍എയുടെ മകന്‍ തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു!

അന്നും ഇന്നും ഇന്ത്യയുടെ ഏറ്റവും ദരിദ്രമായ സംസ്ഥാനമാണ് ബിഹാര്‍. 90കളില്‍ ദിവസക്കൂലി അവിടെ വെറും പത്തുരൂപയായിരുന്നുവെന്നാണ് പലരും എഴുതിയത്. കാര്യമായ തൊഴിലൊന്നും ഇല്ലാതായതോടെ പ്രദേശത്തെ ചെറുപ്പക്കാര്‍ കൂട്ടത്തോടെ കവര്‍ച്ചയിലേക്ക്് തിരിഞ്ഞു. കവര്‍ച്ച ഒരു ജോലിയായി മാറി എന്നാണ്, ബിഹാറിന്റെ ജംഗിള്‍രാജ് കാലം പഠിച്ച മാധ്യമ പ്രവര്‍ത്തകന്‍ സുധീര്‍ ശിവ എഴുതുന്നത്! അതായത് ഈ കവര്‍ച്ചാസംഘം പ്രദേശത്ത ലോഡ്ജുകളിലും മറ്റും ചെന്ന് ഭീഷണിപ്പെടുത്തും. പുതുതായി ആര് വന്നാലും വിവരം അറിയിക്കണം. കൊള്ളസംഘം അവിടെയെത്തി കൊള്ളയടിച്ച് ഒരു പങ്ക് ലോഡ്ജുകാര്‍ക്ക് നല്‍കി മടങ്ങും. പൊലീസില്‍ പരാതിപ്പെടുന്നത് വൈകാന്‍ വേണ്ടി അടിവസ്ത്രംവരെ അടിച്ചുകൊണ്ടുപോവും. ഇനി പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ല എന്നതും വേറെ കാര്യം. കൊള്ളയടി പേടിച്ച് ആളുകള്‍ ബിഹാറിലേക്ക് പോവാന്‍ മടിച്ചു. കവര്‍ച്ചചെയ്യുന്നത് ഒരു തെറ്റായിപ്പോലും അക്കാലത്ത് ഗ്രാമീണവര്‍ കണ്ടിരുന്നില്ല. അവരും സാധാരണക്കാരെപ്പോലെ ജീവിച്ചു! കൊള്ളയടിക്കേണ്ട ഒരു 'ഉരുപ്പടി' കണ്ടാല്‍ നാട്ടുകാര്‍ തന്നെ സംഘത്തെ വിവരമറിയിക്കുമായിരുന്നു. ഇതുകൊണ്ടൊക്കെ മുന്നില്‍ തോക്കുള്ള സ്വകാര്യ സെക്യൂരിറ്റ് വാഹനവുമായിട്ടായിരുന്നു അന്നത്തെ കാലത്ത് സമ്പന്നര്‍ യാത്ര ചെയ്തിരുന്നത്.

ജാതിക്കൊലകളും വ്യാപകമായ കാലമായിരുന്ന അത്. നാടന്‍തോക്ക് നിര്‍മ്മാണം ഒരു കുടില്‍വ്യവസായംപോലെയായി. ഇന്നും ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തി മേഖലകളില്‍ പ്രത്യേകിച്ച് മുങ്കര്‍, ലക്ഷ്മിസരായ് തുടങ്ങിയ ജില്ലകളില്‍ അധികം പേരുടെയും ഉപജീവനമാര്‍ഗ്ഗം തന്നെ തോക്ക് നിര്‍മ്മാണമാണ്! അപ്പോള്‍ ജംഗിള്‍രാജ് കാലത്തെ അവസ്ഥ എന്തായിരിക്കും. പൊലീസില്‍നിന്ന് രക്ഷകിട്ടില്ല എന്ന് കണ്ടതോടെ എല്ലാവരും സ്വകാര്യ സേനയുണ്ടാക്കി. രണ്‍ബീര്‍ സേനപൊലുള്ള സവര്‍ണ്ണ സംഘങ്ങള്‍ ആയുധവുമായി സ്വന്തം നാടിന്റെ നാട്ടുഭരണാധികാരികളായി. സവര്‍ണ്ണരും അവര്‍ണരും നിരന്തരം ഏറ്റുമുട്ടി. ലാലുവിന്റെ ഭരണകാലത്തെ ഏറ്റവും ഭയാനകമായ സംഭവങ്ങളിലൊന്ന് 1997-ല്‍ ജെഹനാബാദില്‍ ഉയര്‍ന്ന ജാതിക്കാരുടെ ഒരു സംഘം ദളിത് സമുദായത്തിലെ 60-ഓളം പേരെ കൊലപ്പെടുത്തിയതാണ്.

വായിക്കാനറിയാത്ത മുഖ്യമന്ത്രി!

നിതീഷ് അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ബീഹാറിന്റെ കദനചിത്രമാണ് അരവിന്ദ് അഡിഗൈയുടേ ബുക്കര്‍ പ്രൈസ് നോവലായ വൈറ്റ് ടൈഗര്‍. ലാലു പ്രസാദ് യാദവൊക്കെ പ്രച്ഛന്നവേഷത്തിലെത്തുന്ന വൈറ്റ് ടൈഗറില്‍ ഒരിടത്തും ബീഹാര്‍ എന്നൊരു പദമേയില്ല. പകരം പക്ഷെ നരകം എന്ന വാക്ക് നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. സത്യത്തില്‍ ശരിക്കും നരകമായിരുന്നു ബിഹാര്‍. അതില്‍നിന്ന് അവരെ രക്ഷിച്ചത് നിതീഷാണെന്നത് ഒരു സംശയവുമില്ല.




സ്വാതന്ത്ര്യത്തിന് ശേഷം അമ്പത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് ബീഹാറിനെ അരനൂറ്റാണ്ടാണ് പിന്നിലേക്ക് തള്ളിയത്. അതിനുശേഷം ലാലുവും കുടുംബവും കൊള്ളയടി ആരംഭിച്ചു. കന്നുകാലിത്തീറ്റയുടെ പേരില്‍ ആയിരക്കണക്കിന് കോടികള്‍ ലാലു കീശയിലാക്കി. പഴയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര വരെ ഈ തീവെട്ടിക്കൊള്ളയില്‍ പങ്കാളിയായിരുന്നു. പിന്നെ അഴിമതിക്കേസില്‍ അകത്തായപ്പോള്‍ ഭാര്യയെ ഭരണം ഏല്‍പ്പിച്ച് ലാലു പിന്‍സീറ്റ് ഡ്രൈവിങ്ങ് തുടങ്ങി.

അന്ന് റാബ്രിക്ക് തപ്പിത്തടഞ്ഞ് വായിക്കാനും കഷ്ടിച്ച് കുത്തിക്കുറിക്കാനും മാത്രമാണ് കഴിയുമായിരുന്നത്. എഴുത്തും വായനയും പോലും പൂര്‍ണ്ണമായി കഴിയാത്ത ഒരാള്‍ ഒരു വലിയ സംസ്ഥാനം ഭരിക്കുക എന്നുവെച്ചാല്‍! മറ്റാരെയെങ്കിലും മുഖ്യമന്ത്രിപദം ഏല്‍പ്പിച്ചാല്‍ പാര്‍ട്ടിയിലെ നിയന്ത്രണം നഷ്ടമാകുമെന്ന ലാലു പ്രസാദ് യാദവിന്റെ ഭയമായിരുന്നു യഥാര്‍ത്ഥത്തില്‍ റാബ്രിയെ മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്തിച്ചത്. സത്യപ്രതിജ്ഞ സമയത്ത് തന്നെ റാബ്രിക്ക് സത്യവാചകം വായിക്കുന്നതില്‍ തെറ്റ് സംഭവിച്ചിരുന്നു. സത്യാപ്രതിജ്ഞാ ചടങ്ങിന്റെ പേരിലും പിന്നീട് അധികാരമേറ്റ ആദ്യ ദിനങ്ങളിലും അവര്‍ പരിഹാസ പാത്രമായി. അവര്‍ക്ക് വായിക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ഒപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ സമ്മതിക്കുന്നുണ്ട്.. ഫയലുകളില്‍ മുഖ്യമന്ത്രി ഒന്നും എഴുതിയിരുന്നില്ല. അതെല്ലാം ഉദ്യോഗസ്ഥര്‍ എഴുതിച്ചേര്‍ക്കയായിരുന്നു! വായിക്കാനറിയാത്ത ഒരു സ്ത്രീ ഇത്രയും വലിയ ഒരു അധികാരത്തിലെത്തിയല്‍ അവര്‍ക്ക് ബന്ധുക്കളെ ആശ്രയിക്കേണ്ടിവരും. അന്ന് ലാലുവിന്റെ മക്കള്‍ ചെറുതാണ്. അതുകൊണ്ടുതന്നെ റാബ്രിയുടെ സഹോദരങ്ങളായ, സുഭാഷയാദവും, സാധുയാദവും ശരിക്കും അര്‍മാദിച്ചു. അഴിമതിയും അക്രമവും ഗുണ്ടാരാജും സാര്‍വത്രികമായി.

അവസാനം ലാലുവിന്റെ ജംഗിള്‍രാജ് അവസാനിപ്പിക്കാന്‍ ഒരു അവതാരപുരുഷനെ പോലെ അദ്ദേഹം കടന്നുവന്നു. ഗവേണന്‍സ് എന്നാല്‍ എന്തെന്ന് ബീഹാറികള്‍ അറിഞ്ഞുതുടങ്ങിയത് നിതീഷ് മുഖ്യമന്ത്രിയായതിന് ശേഷമാണ്. മികച്ച മുഖ്യമന്ത്രിക്കുള്ള അവാര്‍ഡ് വരെ നേടിയെടുത്ത നിതീഷ് കുമാര്‍ ഭരണത്തില്‍ അച്ചടക്കവും അന്തസ്സും തിരിച്ചു കൊണ്ടുവന്നു. ജംഗിള്‍ രാജില്‍നിന്ന് ക്രമസമാധാനം പുലരുന്ന ഒരു പ്രദേശമാക്കി ബിഹാറിനെ മാറ്റിയത് നിതീഷാണ്. തമിഴ്നാട്ടില്‍ കാമരാജ് കൊണ്ടുവന്ന മാറ്റം ബീഹാറില്‍ നിതീഷ് പ്രാവര്‍ത്തികമാക്കിയെന്ന് വിലയിരുത്തലുണ്ട്. ബീഹാറിനെ നീതിഷ് സ്വര്‍ഗ്ഗമൊന്നും ആക്കിയിട്ടില്ല. പക്ഷെ ആറരപ്പതിറ്റാണ്ട് പിന്നിലായിപ്പോയ ഒരു സംസ്ഥാനത്തെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് വിമര്‍ശകര്‍പോലും അംഗീകരിക്കുന്ന വസ്തുതതാണ്.

തല്ലിപ്പിരിഞ്ഞ് ജംഗിള്‍രാജ് ഫാമലി

പിന്നീട് ലാലുവിന്റെ ഇളയ മകന്‍ തേജസ്വിയാദവ് രംഗത്തുവന്നപ്പോഴാണ് ഈ റോബിറി ഫാമിലി എന്ന ഇമേജ് അല്‍പ്പം മാറിയത്. പക്ഷേ ഇപ്പോള്‍ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ തിരിച്ചടിയെ തുടര്‍ന്ന് ലാലു ഫാമിലി തല്ലിപ്പിരിഞ്ഞിരിക്കയാണ്. തേജസ്വിയുമായുള്ള ഭിന്നതകളെ തുടര്‍ന്ന് ലാലുവിന്റെ മൂന്ന് പെണ്‍മക്കളും, ആണ്‍മക്കളില്‍ മൂത്തവനുമായ തേജ് പ്രതാപ് യാദവനും പാര്‍ട്ടിയും കുടുംബവും വിടുകയാണ്.

തേജ് പ്രതാവ് യാദവ് എന്‍ഡിഎയില്‍ ചേരുമെന്നാണ് വിവരം. തേജ് പ്രതാപിന്റെ മൂന്‍ ഭാര്യ ഐശര്യറായിയുടെ പിതാവ്, ഒരുകാലത്ത് ലാലുവിന്റെ വലംകൈയായിരുന്നു. പിന്നീട് തേജ്, ഐശര്യയെ ഡിവോഴ്സ് ചെയ്തു ഇതോടെയാണ് അപ്പനും മകനും ഉടക്കുന്നത്്. ഈ ഉടക്ക് തേജസ്വി ഇടപെട്ട് വര്‍ധിപ്പിച്ചുവെന്നും, അങ്ങനെയാണ് താന്‍ കുടംബത്തില്‍നിന്ന് പുറത്തായത് എന്നുമാണ് തേജ് പ്രതാപ് യാദവ് പറയുന്നത്. തേജ് പ്രതാപ് ജനശക്തി ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി, മഹുവ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. പക്ഷേ ദയനീയമായി തോറ്റു. പക്ഷേ ആര്‍ജെഡിയുടെ തോല്‍വി ഉറപ്പുവരുത്താന്‍ ജനശക്തി ജനതാദളിനായി. ഇപ്പോള്‍, പാര്‍ട്ടിയെ എന്‍ഡിഎ പാളയത്തില്‍ എത്തിക്കാനാണ് തേജിന്റെ നീക്കം. തേജ് പ്രതാപുമായി വേര്‍പിരിഞ്ഞ ഐശ്വര്യ റായിയുടെ സഹോദരി ഡോ. കരിഷ്മ റായിക്ക് പാര്‍സ മണ്ഡലത്തില്‍ ആര്‍ജെഡി മത്സരിച്ചിപ്പുവെങ്കിലും അവരും തോറ്റു.

അതുപോലെ ലാലുവിന്റെ ഏഴ് പെണ്‍മക്കളില്‍ മൂന്നുപേരും ഇപ്പോള്‍ കുടുംബം വിട്ട്്പോയിരിക്കയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ താന്‍ ആര്‍ജെഡി വിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ലാലുവിന്റെ രണ്ടാമത്തെ മകള്‍ രോഹിണി ആചാര്യ പറഞ്ഞിരുന്നു. ഇതാണ് കുടുംബ പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ഇതോടെ മറ്റു മക്കള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായെന്നും അതിനാലാണ് വീട് വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലാലു പ്രസാദ് യാദവിന് വൃക്ക നല്‍കിയ മകളായ രോഹിണിയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വൈകാരി അടപ്പമുണ്ട്. എന്നാല്‍ തേജസ്വിയുമായി അവര്‍ കടുത്ത ഭിന്നതയിലാണ്. ഇത്തവണ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ തേജസ്വി, രോഹിണിക്ക് സീറ്റ് നല്‍കിയില്ല. തേജസ്വി ഉപദേഷ്ടാക്കളായ സഞ്ജയ് യാദവിന്റെയും റമീസിന്റെയും കൈപ്പിടയില്‍ ആണെന്ന് രോഹിണി നേരത്തെ ആരോപിച്ചിരുന്നു. മറ്റൊരു എക്‌സ് പോസ്റ്റില്‍ തനിക്ക് കുടുംബത്തില്‍ നിന്ന് അസഭ്യവാക്കുകള്‍ കേള്‍ക്കേണ്ടിവന്നു എന്നും അടിക്കാനായി ചെരിപ്പ് ഉയര്‍ത്തിയെന്നും രോഹിണി ആരോപിച്ചിരുന്നു. 'ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത്. എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു' എന്നാണ് രോഹിണി എക്‌സ് പോസ്റ്റില്‍ പറഞ്ഞത്. രോഹിണി 2022-ലാണ് ലാലു പ്രസാദ് യാദവിന് കിഡ്‌നി ദാനം ചെയ്തത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സരണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.എന്നാല്‍ രോഹിണിയുടെ ആരോപണത്തിന് പിന്നാലെ മൂത്ത സഹോദരന്‍ തേജ് പ്രതാപ് പ്രതികരണവുമായെത്തി. തനിക്കെതിരെ ഉണ്ടായിട്ടുള്ള പല ആക്രമണങ്ങളും സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്റെ സഹോദരി നേരിടേണ്ടിവന്ന അപമാനം അസഹനീയമാണെന്നും തേജ് പ്രതികരിച്ചു.




ഇപ്പോള്‍ മൂത്തമകള്‍ മിസാ ഭാരതിയും, ഭാര്യ റാബ്റി ദേവിയും, ഇളയമകന്‍ തേജസ്വി യാദവും മാത്രമേ, ലാലു പ്രസാദ് യാദവിന് ഒപ്പമുള്ളു. റാബ്രിയുടെ സഹോദരന്‍മ്മാരും ചിത്രത്തിലില്ല. അനാരോഗ്യം കാരണം ഒന്നും ശ്രദ്ധിക്കാന്‍ കഴിയാതായ ലാലു, എല്ലാം മകന്‍ തേജസ്വിക്ക് കൈമറിയിരിക്കയാണ്. അതായത് ജംഗിള്‍രാജ് ഫാമിലിയും ഫലത്തില്‍ നിഷ്‌ക്കാസനം ചെയ്യപ്പെട്ടിരിക്കയാണ്.

വാല്‍ക്കഷ്ണം: ബിഹാറികള്‍ക്ക് ജംഗിള്‍ രാജ് എന്ന വാക്കുതന്നെ ഞെട്ടലുണ്ടാക്കുന്ന ഓര്‍മ്മയാണ്. പക്ഷേ കേരളത്തിലേക്ക് വന്നാല്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അതും വെളിപ്പിച്ചെടുക്കുന്നത് കാണാം. പിന്നാക്കക്കാരായവര്‍ക്ക് അധികാരം കിട്ടിയപ്പോള്‍ അതിനെ കളിയാക്കാന്‍, സവര്‍ണ്ണ മീഡിയ ഉണ്ടാക്കിയ വാക്കണത്രേ ജംഗിള്‍രാജ്!