'' നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അത് ഒരു യാഥാർത്ഥ്യമാണ്. പുതിയ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യൊക്കെ വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, സമകാലീനമായ ചില സംഭവങ്ങൾ ഒന്നൊന്നായി ബിജെപിക്ക് ഗുണം ചെയ്യുന്നതാണ്. വനിതാ സംവരണത്തിന്റെ ഗുണം ഏറ്റവും കൂടുതൽ കിട്ടാൻ പോവുന്നത് ബിജെപിക്കാണ്. അതുപോലെ മണ്ഡല പുനർനിർണ്ണയത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലുണ്ടാവുന്ന വൻ സീറ്റ് വർധന, ഇനി നടപ്പാക്കൻ പദ്ധതിയിടുന്നു ഒബിസി ബിൽ എന്നിവയൊക്കെ ആന്ത്യന്തികമായി ഗുണം ചെയ്യുക ബിജെപിക്കാണ്''- മാധ്യമ പ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമകളിൽ ഒരാളുമായ വിനീത് ജെയിൻ ഈയിടെ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്്.

ഇന്ത്യ എന്ന പുതിയ പ്രതിപക്ഷ സഖ്യം രൂപപ്പെട്ടതോടെ, 2014ൽ തുടങ്ങിയ മോദി തരംഗം വൈകാതെ അവസാനിക്കും എന്ന രീതിയിൽ ചർച്ചകൾ ഉയരുന്നുവന്നിരുന്നു. ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് പ്രതിപക്ഷ 'ഇന്ത്യ' മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത്. 26 കക്ഷികളുമായി പട്നയിൽ തുടങ്ങിയ സഖ്യത്തിൽ ബെംഗളൂരു വഴി മുംബൈയിൽ എത്തുമ്പോഴേക്കും അംഗസംഖ്യ 30 ആയി. ബിജെപിയെ തോൽപിക്കാൻ മുന്നണി സായുധരാണ് എന്ന് രാഹുൽ ഗാന്ധി വ്യക്തമായി പറഞ്ഞുകഴിഞ്ഞു. 60 ശതമാനം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾ ഒപ്പമുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ഭൂരിപക്ഷം പേരെ പ്രതിനിധീകരിക്കുന്നവർ ഒറ്റക്കെട്ടായി ഈ വേദിയിലിരിക്കുമ്പോൾ എങ്ങനെ തോൽക്കാനാണ്, ഇതായിരുന്നു രാഹുലിന്റെ ചോദ്യം. ശത്രുവിന്റെ ദൗർബല്യവും യുദ്ധവിജയത്തിന് കാരണമാണ്. ഇക്കാര്യം ഏറ്റവും നന്നായി അറിയുന്നത് ബിജെപിക്കാണ്. 40 ശതമാനം വോട്ടുമായി മഹാഭൂരിപക്ഷത്തോടെ രണ്ടുതവണ രാജ്യം ഭരിക്കാൻ അവരെ സഹായിച്ചത് പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങൾ ആണ്. പക്ഷേ ഇത്തവണ പ്രതിപക്ഷനിരയിൽ പുറമെയെങ്കിലും ഐക്യം കാണുന്നുണ്ട്.

പക്ഷേ അതോടെ ബിജെപി തങ്ങളുടെ 19ാമത്തെ അടവ് പുറത്തെടുത്തിരിക്കയാണ്. രാമക്ഷേത്ര വികാരം പോലെ പാൻ ഇന്ത്യൻ ചർച്ചയാക്കാൻ കഴിയുന്ന രീതിയിൽ അവർ ഏക സിവിൽ കോഡ് വിഷയം ഉയർത്തുന്നു. പുതിയ ഡിലീമിറ്റേഷനും, വനിതാ സംവരണവും ബിജെപിക്ക് വലിയ ഗുണമാണ് ഉണ്ടാക്കുക. അതോടൊപ്പം ഇനി ഒരു ഒബിസി ബിൽ കൂടി പാർട്ടിയുടെ പരിഗണനയിലാണ്്. ഈ ഘടകങ്ങൾക്ക് ഒപ്പം, ശക്തമായ ദേശീയ വികാരവും അഴിച്ചുവിട്ട് അടുത്ത 25 വർഷത്തേക്കുകൂടി ഭരണം പിടിക്കാനുള്ള പരിപാടിയാണ് ബിജെപി നടത്തുന്നതെന്നാണ് ഇന്ത്യാ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സിവിൽകോഡ് എന്ന തുറപ്പുചീട്ട്

ആർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന കമ്യൂണൽ പൊളിറ്റിക്സ് തന്നെയാണ് പലപ്പോഴും, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ബിജെപിക്ക് വോട്ട് നേടിക്കൊടുക്കാറുള്ളത്. രാമക്ഷേത്ര വികാരം എങ്ങനെയാണ് ഇന്ത്യയിൽ സംഘപരിവാർ രാഷ്ട്രീയത്തിന് അടിത്തറയിട്ടതെന്ന്, നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതുപോലെ ഇന്ത്യയെ ഏകീകരിച്ച് ഭൂരിപക്ഷ വോട്ടുകൾ ഉറപ്പിക്കാനുള്ള പുതിയ അജണ്ട കൂടിയായിട്ടാണ് ബിജെപി ഏക സിവിൽ കോഡിനെ കാണുന്നത്. ഇത് വേണ്ട രീതിയിൽ മനസ്സിലാക്കാതെ, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആദ്യമേ തന്നെ യൂണിഫോം സിവിൽ കോഡിനെ എതിർത്തുകൊണ്ട്, സംഘപ്രചാരണത്തിന് ബലം കൂട്ടാൻ നിന്നുകൊടുക്കുകയും ചെയ്തു.

സംഘപരിവാർ അജൻഡയിലെ പ്രധാന ഇനമായ രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നിവ നടപ്പാക്കി. ഇനി ലക്ഷ്യമിടുന്നത് ഏക സിവിൽ കോഡ് നടപ്പാക്കാനാണ്. പ്രശസ്ത മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഇങ്ങനെ പറയുന്നു. ''കർണാടകത്തിലെ തോൽവിയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ നഷ്ടപ്പെട്ട ബിജെപി ആശങ്കയിലാണ്. മണിപ്പുർ കലാപം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക സമരം തുടങ്ങിയ ജനകീയ വിഷയങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ തകർത്തു. ഒപ്പം ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപപ്പെടുന്നതും മോദിയെ ഭയപ്പെടുത്തുന്നുണ്ട്. ഇതോടെ, തീവ്രവർഗീയത കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം. ബംഗാൾ, യുപി, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ രാമനവമിയുടെയും മറ്റും മറവിൽ കലാപമുണ്ടായി. ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഏക സിവിൽ കോഡും വരുന്നത്.''

പക്ഷേ ഇതിന് ഒരു മറുവശവും ഉണ്ട്്. എന്തൊക്കെ മുട്ടാപ്പോക്ക് പറഞാലും ഒരു പുരോഗമന വികസിത രാഷ്ട്രത്തിന് നിർബന്ധമായും വേണ്ടതാണ് ഏക സിവിൽ നിയമം. നിലവിൽ ഇതിനെ ശക്തമായി എതിർക്കുന്നത് മുസ്ലിം മതനേതൃത്വമാണ്. ഇസ്ലാമിലെ പുരുഷന്റെ ആഗ്രഹമാണ്, യൂണിഫോം സിവിൽ കോഡ് നടപ്പാക്കരുതെന്ന്. ഭരണഘടന തുല്യാവസരങ്ങളെക്കുറിച്ച് പറയുമ്പോൾ എങ്ങനെയാണ് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാവുകയെന്ന ചോദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിക്കുന്നത്. പൊതു സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിരിക്കെ ചിലയാളുകൾ ഇതിന്റെ പേരിൽ ജനങ്ങളെ പ്രകോപിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണെന്ന് നരേന്ദ്ര മോദി പറയുകയുണ്ടായി.

ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങളും സിവിൽ നിയമങ്ങളും ഉണ്ട്. ക്രിമിനൽ നിയമങ്ങൾ എല്ലാവർക്കും ഒരേ പോലെയാണ്. രാജ്യത്തെ ഇസ്ലാംമത വിശ്വാസികൾക്ക് അടക്കം ക്രിമിനൽ നിയമങ്ങൾ പിന്തുടരാൻ ഒരു വിഷമവും ഇല്ല. ശരിയ്യ നിയമപ്രകാരം വ്യഭിചാരിയെ കല്ലെറിഞ്ഞ് കൊല്ലുകയോ, കട്ടവന്റെ കൈ വെട്ടുകയോ അല്ല നാം ചെയ്യുന്നത്. അപ്പോൾ, രാജ്യത്തിന്റെ ക്രിമിനൽ നിയമങ്ങൾ പിന്തുടുമ്പോൾ ഇല്ലാത്ത എന്ത് മതവികാരമാണ് ഒരു പൊതു സിവിൽ നിയമത്തെ പിന്തുടരുമ്പോൾ വ്രണപ്പെടുകയെന്നാണ് ബിജെപി ചോദിക്കുന്നത്.
ഇന്ത്യയിൽ 99 ശതമാനം സിവിൽ നിയമങ്ങളും എല്ലാവർക്കും തുല്യമാണ്. എന്നാൽ ആറു കാര്യങ്ങളിൽ സിവിൽ നിയമം നടപ്പാക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ മതം പരിഗണിക്കേണ്ടി വരുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, സ്വത്തവകാശം, ജീവനാംശം, ദത്തെടുക്കൽ എന്നീ കാര്യങ്ങളിൽ മാത്രമാണ് സിവിൽ നിയമത്തിൽ ഐക്യരൂപം ഇല്ലാത്തത്.

ഇന്ത്യയിൽ എല്ലാവർക്കും ഒരു സമയം ഒരു വിവാഹബന്ധം മാത്രമേ പാടുള്ളൂ എന്ന് നിയമം അനുശാസിക്കുമ്പോൾ, ഇസ്ലാം മത വിശ്വാസികൾക്ക് പുരുഷന് ഒന്നിൽ കൂടുതൽ വിവാഹബന്ധം ആവാം. ഇന്ത്യയിൽ എല്ലാവരും വിവാഹമോചനം നിയമപരമായ മാർഗത്തിലൂടെ മതിയായ ജീവനാംശം ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ നടപ്പാക്കാവൂ എന്നു പറയുമ്പോൾ ഇസ്ലാം വിശ്വാസിക്ക് അതൊന്നും ആവശ്യമില്ലാതെ ഭാര്യയെ ഒഴിവാക്കാൻ സാധിക്കും. മാതാപിതാക്കൾ മരണപ്പെട്ടാൽ അവരുടെ സ്വത്ത് അവരുടെ മക്കൾക്ക് പൂർണ്ണമായും ലഭിക്കുമ്പോൾ ഇസ്ലാമിലെ പെൺകുട്ടിക്ക് മാതാവിന്റെയോ പിതാവിന്റെയോ സ്വത്തിൽ അര അവകാശം മാത്രമേയുള്ളൂ. കാരണം ഇസ്ലാമിലെ സ്ത്രീ അര പുരുഷൻ മാത്രമാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടിക്കൊണ്ട് മതേതര പാർട്ടികളുടെ മുസ്ലിം പ്രീണന നയം എന്ന് പറഞ്ഞ് രാജ്യവ്യാപകമായി പ്രചാരണം നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

വനിതാബിൽ ചരിത്രമാവുമ്പോൾ

വനിതാ ബിൽ നടപ്പാക്കിയതാണ് ബിജെപിയുടെ അടുത്ത പ്രചാരണ വിഷയമാവുക. ചരുങ്ങിയത് കാൽനൂറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് നിയസഭയിലും ലോക്സഭയിലും സ്ത്രീകൾക്കുള്ള 33 ശതമാനം പ്രാതിനിധ്യം. പലതവണ പരാജയപ്പെട്ട ഈ ബിൽ വിജയിപ്പിക്കാനായി എന്നത് മോദി സർക്കാറിന്റെ നേട്ടം തന്നെയാണ്.

പാർലമെന്റിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതാ സംവരണം കൊണ്ടുവരാനുള്ള ബിൽ ആദ്യമായി അവതരിപ്പിച്ചത് 1996 ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന ഐക്യമുന്നണി സർക്കാരിന്റെ കാലത്താണ്. എന്നാൽ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ സ്വാതന്ത്ര്യത്തിനു മുൻപു തന്നെ ആരംഭിച്ചിരുന്നു. 1947 ൽ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി ചർച്ചകളിലും ഇത് ഇടംപിടിച്ചുവെങ്കിലും ആവശ്യം നിരാകരിക്കപ്പെട്ടു. ചർച്ചയിൽ പങ്കെടുത്ത മുതിർന്ന വനിതാ അംഗങ്ങൾ ഉൾപ്പെടെ വനിതാ സംവരണം എന്ന ആവശ്യത്തെ അംഗീകരിച്ചില്ല. രാജ്യത്തിനു വേണ്ടി പടപൊരുതിയ പുരുഷന്മാർ അധികാരത്തിലേക്ക് വരുമ്പോൾ സ്ത്രീകളുടെ നിലയും മെച്ചപ്പെടും എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എന്നാൽ യാഥാർഥ്യം മറിച്ചായിരുന്നു.

1971 ലാണ് പിന്നീട് ഇതു സംബന്ധിച്ച് മറ്റൊരു നീക്കമുണ്ടാകുന്നത്. രാജ്യത്ത് സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച് പരിശോധിക്കാനുള്ള സമിതി വ്യക്തമാക്കിയത്, സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം നാമമാത്രമാണ് എന്നാണ്. എന്നാൽ സമിതിയിലെതന്നെ പലരും പാർലമെന്റിലേക്കും നിയമസഭകളിലേക്കും വനിതാ സംവരണം ഏർപ്പെടുത്തുന്നതിന് എതിരായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, തദ്ദേശ സ്ഥാപനങ്ങളിൽ സംവരണം ആവാം എന്നത് പതിയെ അംഗീകരിക്കപ്പെടുകയും ചെയ്തു.

പിന്നീട് ഇക്കാര്യത്തിൽ നിർണായകമായൊരു നീക്കമുണ്ടാകുന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. 1989 ൽ അദ്ദേഹത്തിന്റെ സർക്കാർ തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചു. ലോക്സഭയിൽ അന്ന് കനത്ത ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ ബിൽ അവിടെ പാസാക്കാൻ സർക്കാരിന് സാധിച്ചു. എന്നാൽ അതേ വർഷം രാജ്യസഭയിൽ പ്രതിപക്ഷം ബിൽ പരാജയപ്പെടുത്തി.

മൂന്നു വർഷത്തിനു ശേഷം പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ബിൽ വീണ്ടും കൊണ്ടു വരുന്നത്. ഇത്തവണ ബിൽ പാസായി. അതോടെ രാജ്യത്തെ തദ്ദേശ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി അനുവദിച്ചു. 2009 ൽ അന്നത്തെ ഇടതുപക്ഷ സർക്കാർ സ്ത്രീകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബിൽ കേരള നിയമസഭയിൽ പാസാക്കി. ഇന്ന് കേരളത്തിനു പുറമേ ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണമുണ്ട്.

എന്നാൽ അപ്പോഴും ലോക്സഭയിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതാ സംവരണം എന്നത് കീറാമുട്ടിയായിതന്നെ തുടർന്നു. 1996 ൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള 13 പാർട്ടികൾ ചേർന്ന ഐക്യമുന്നണി സർക്കാർ ബിൽ അവതരിപ്പിച്ചു. എന്നാൽ സർക്കാരിന്റെ ഭാഗമായിരുന്ന ജനതാദൾ പാർട്ടികൾ ഈ നീക്കത്തിന് എതിരായിരുന്നു. ഇന്നത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ളവർ ബില്ലിൽ ഒബിസിക്ക് പ്രത്യേക സംവരണം വേണമെന്ന ആവശ്യക്കാരായിരുന്നു. ബിൽ അന്ന് ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടുകയും അവർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തെങ്കിലും അവിടെനിന്ന് മുന്നോട്ടു പോയില്ല. സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്ലും അവസാനിച്ചു.

അടുത്തത് എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഊഴമായിരുന്നു. 1998 മുതൽ 2004 വരെയുള്ള സമയത്ത് വാജ്പേയി സർക്കാർ ഒട്ടേറെ തവണ ബിൽ അവതരിപ്പിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ബിൽ അവതരണത്തോടനുബന്ധിച്ച് ലോക്സഭയും രാജ്യസഭയും പലപ്പോഴും കയ്യാങ്കളിക്കു വരെ സാക്ഷിയായി. സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ പാർട്ടികളായിരുന്നു എതിർപ്പിനു മുന്നിൽ. എൻഡിഎ പക്ഷത്തും എതിർപ്പുള്ളവർ ഉണ്ടായിരുന്നു. 1999 ൽ വീണ്ടും വാജ്പേയി അധികാരത്തിൽ വന്നതിനു ശേഷം 2000, 2002, 2003 വർഷങ്ങളിലെല്ലാം ബിൽ കൊണ്ടുവന്നെങ്കിലും എല്ലാം പരാജയപ്പെട്ടു.

അന്നത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസും ഇടതുപക്ഷവും ബില്ലിന് അനുകൂല നിലപാടെടുത്തെങ്കിലും മറ്റു പാർട്ടികളിൽത്തട്ടി ബിൽ പാസാക്കാനായില്ല. പിന്നീട് ഡോ. മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റേതായി ശ്രമങ്ങൾ. ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ഒന്നാം യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽതന്നെ വനിതാ സംവരണ ബിൽ പാസാക്കാനുള്ള ശ്രമമുണ്ടാവും എന്നു വ്യക്തമാക്കിയിരുന്നു. 2008ലായിരുന്നു യുപിഎയുടെ ആദ്യം ഊഴം.

എസ്‌പി അംഗങ്ങളുടെ കനത്ത എതിർപ്പിനിടയിലും ബിൽ അവതരിപ്പിക്കപ്പെട്ടു. 33 ശതമാനം സംവരണം ലോക്സഭയിലും നിയസഭകളിലും അനുവദിക്കുന്നതിനൊപ്പം വനിതാ പട്ടികജാതി, പട്ടികവർഗ അംഗങ്ങൾക്ക് ഇതിൽ മൂന്നിലൊന്നു സീറ്റും നിശ്ചയിക്കുന്നതായിരുന്നു ബിൽ. ഇതു പരിശോധിച്ച പാർലമെന്ററി സമിതി 2009ൽ ബിൽ അതേ രൂപത്തിൽതന്നെ പാസാക്കാൻ ശുപാർശ ചെയ്തു.

2010 ലാണ് വനിതാ സംവരണ ബില്ലിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. ആ വർഷം മാർച്ചിൽ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നു. ജെഡി(യു) നേതാവ് നിതീഷ് കുമാർ നിലപാട് മാറ്റിയതായിരുന്നു അന്നത്തെ പ്രധാന സംഭവം. പാർട്ടിയുടെ മറ്റൊരു പ്രധാന നേതാവ് ശരത് യാദവ് എതിർപ്പ് തുടരുകയും ചെയ്തു. വലിയ കോലാഹലങ്ങൾക്കാണ് ആ ദിവസങ്ങൾ രാജ്യസഭ സാക്ഷ്യം വഹിച്ചത്. പ്രതിഷേധിച്ച എസ്‌പി അംഗങ്ങൾ രാജ്യസഭാ ചെയർമാൻ ഹമീദ് അൻസാരിയുടെ അടുക്കലെത്തുകയും മൈക്ക് വലിച്ചു പറിച്ചെടുക്കുകയും ചെയ്തതടക്കം അന്ന് ബഹളമുണ്ടായി. ആർജെഡി, അന്തരിച്ച രാം വിലാസ് പാസ്വാന്റെ എൽജെപി തുടങ്ങിയവയും കടുത്ത പ്രതിഷേധമുയർത്തി.

ഒടുവിൽ ഏഴ് അംഗങ്ങളെ സസ്പെൻഡ് ചെയ്യുകയും മാർഷലുകളെ ഉപയോഗിച്ച് സഭയിൽനിന്ന് പുറത്താക്കുകയുമായിരുന്നു. പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ഇടതുപക്ഷവും ബില്ലിനെ അനുകൂലിച്ചതോടെ 186 വോട്ടുകളോടെ ബിൽ രാജ്യസഭാ കടമ്പ കടന്നു. ബിഎസ്‌പി സഭ ബഹിഷ്‌കരിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പലപ്പോഴും സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെ ബിൽ ലോക്സഭയിൽ പാസാക്കുക എന്നത് കോൺഗ്രസിന് ഏറെക്കുറെ അപ്രാപ്യമായി മാറുകയും ചെയ്തു.ഇങ്ങനെ പലതവണ നശിപ്പിക്കപ്പെട്ട ബില്ലാണ് ഇപ്പോൾ മോദി സർക്കാർ വിജയിപ്പച്ചിരിക്കുന്നത്.

വനിതകൾ വോട്ടാവുമ്പോൾ

നേരത്തെ ബിൽ കീറി എറിഞ്ഞവർ പോലും ഇപ്പോൾ ബില്ലിനെ അനുകൂലിക്കുന്നു എന്ന ചെറുതല്ലാത്ത രാഷ്ട്രീയമാറ്റം ഇപ്പോൾ ഇന്ത്യയിൽ കാണുന്നുണ്ട്. പ്രതിപക്ഷത്തിന്റെ കൂട്ടായ പിന്തുണയോടെയാണ് ബിൽ ലോക്സഭ പാസ്സാക്കിയത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഒഴികെ സഭയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബില്ലിനെ പിന്തുണച്ചു.

നേരത്തേ വിയോജിച്ചിരുന്ന ആർജെഡി, എസ്‌പി, ബിഎസ്‌പി തുടങ്ങിയ പാർട്ടികൾ ഇക്കുറി ബില്ലിനെ പിന്തുണച്ചു. എന്നാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ സംവരണം നടപ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു. എന്നാൽ, അടുത്ത സെൻസസിനും ആ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനുംശേഷം മാത്രമായിരിക്കും വനിതാ സംവരണം നിലവിൽവരികയെന്ന് ബില്ലിൽ വ്യവസ്ഥയുള്ളതിനാൽ സംവരണം സാധ്യമാകാൻ 2029 വരെ കാത്തിരിക്കണം.

രാജ്യസഭയിലാണെങ്കിൽ ബിൽ 2010 ൽ പാസാക്കിയിരുന്നതിനാൽ ഇനി ആ കടമ്പ കടക്കേണ്ടതുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സർക്കാരിനെ സംബന്ധിച്ചിടത്തോളമുള്ള 'ഗെയിം ചേഞ്ചറാ'ണ് വനിതാ സംവരണ ബിൽ. മോദി സർക്കാർ അധികാരത്തിൽ വരുന്നതിൽ സ്ത്രീകളുടെ പിന്തുണ രണ്ട് തിരഞ്ഞെടുപ്പുകളിലും ഏറെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ 'ഇന്ത്യ' മുന്നണി രൂപീകരിച്ച് ശക്തരായി രംഗത്തു വന്നിരിക്കുന്ന പ്രതിപക്ഷത്തെ നേരിടാൻ സർക്കാരിനുള്ള ഏറ്റവും മികച്ച വഴി കൂടിയാണ് വനിതാ സംവരണ ബിൽ. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിനാകട്ടെ, ഇതിന്റെ ഒരു വിഹിതം അവകാശപ്പെടാമെങ്കിലും അവസാന ലാപ്പിൽ മോദി ഫിനിഷ് ചെയ്യുന്നത് നോക്കി നിൽക്കേണ്ടി വരുന്നു എന്നതാണ് യാഥാർഥ്യം.

2029ൽ മണ്ഡല പുനർ നിർണ്ണയം നടക്കുമ്പോൾ ആകെയുള്ള 888 സീറ്റുകളുടെ 33 ശതമാനം എന്ന് പറയുന്നത് 296 എന്ന വലിയ സംഖ്യയാണ്. നിലവിൽ ഏറ്റവും കൂടുതൽ വനിതാ എം പിമാർ ഉള്ളത് ബിജെപിക്കാണ്. നിർമ്മലാ സീതാരാമനെപ്പോലെ ഒരാളെ ധനകാര്യംപോലുള്ള കരുത്തുറ്റ ഒരു വകുപ്പ് നൽകി ബിജെപി ഉയർത്തിയെടുത്തു. സൃമ്തി ഇറാനി അടക്കമുള്ള നിരവധി രണ്ടാം നിര നേതൃത്വാവും ബിജെപിക്ക് ഉണ്ട്. നേരത്തെ സുഷമാ സ്വരാജ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പോലും ആയിരുന്നു. എന്നാൽ ഇതുപോലെ ഒരു വനിതാ നിരയെ വളർത്തിയെടുക്കാൻ കോൺഗ്രസിന് ആയിട്ടില്ല. മാത്രമല്ല ഒരു കേഡർ പാർട്ടിയായ ബിജെപിക്ക് ഇറക്കാൻ കഴിയുന്നതുപോലെ, രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വനിതകളെ ശാക്തീകരിക്കാൻ മറ്റാർക്കും കഴിയില്ല. അതുകൊണ്ടുതന്നെയാണ്, വിനോദ് ശുക്്ളയെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ ആത്യന്തികമായി ഈ വനിതാ സംവരണവും ബിജെപിക്ക് തന്നെയാണ് ഗുണം ചെയ്യുക എന്ന് പറയുന്നത്.

ഒബിസി സംവരണം എന്ന പൂഴിക്കടകൻ

ഉത്തരേന്ത്യയിൽ ഇന്നും ബിജെപി ഒബിസി പാർട്ടിയാണ്. ഈ ജനസമുദായം തന്നെയാണ് അവരുടെ വോട്ട് ബാങ്ക്. അത് ഒന്നുകൂടി വിപുലമാക്കാൻ ഒരു പുഴിക്കടൻ ബിജെപി പുറത്തെടുക്കുന്നുണ്ട്. വനിതാ സംവരണ ബില്ലിന് പിന്നാലെയുള്ള മോദി സർക്കാറിന്റെ മറ്റാരു നിർണ്ണായക നീക്കമായാണ് ഇതിനെ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായുള്ള ഒബിസി സംവരണബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവന്നേക്കുമെന്ന് അഭ്യൂഹം.

പ്രത്യേക സമ്മേളനത്തിലോ തിരഞ്ഞെടുപ്പിനുമുമ്പുള്ള സമ്മേളനങ്ങളിലോ ഒബിസി വിഭാഗക്കാർക്ക് 25 ശതമാനം സംവരണത്തിന് ബിൽ കൊണ്ടുവന്നേക്കുമെന്നാണ് സൂചന. വനിതാ ബിൽ പാസാക്കിയപ്പോൾ തന്നെ എസ്സി- എസ്ടി വനിതകൾക്കും പുറമെ ഒബിസി വനിതകൾക്കുകൂടി സംവരണം ഉറപ്പാക്കണമെന്ന നിർദ്ദേശം സർക്കാർ അംഗീകരിച്ചില്ല. ഇത് സർക്കാരിനെതിരെ ഉയർത്താനാണ് 'ഇന്ത്യാ' മുന്നണിയുടെ നീക്കം. ഒ.ബി.സി. സംവരണം ജനസംഖ്യാനുപാതികമായി ഉയർത്താനും ജാതിസെൻസസ് നടത്താനും കോൺഗ്രസും 'ഇന്ത്യ' മുന്നണിയും സമ്മർദം ചെലുത്തുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഒബിസി സംവരണവും പരിഗണിക്കുന്നത്.

നിലവിൽ ലോക്സഭയിലെ 543 സീറ്റുകളിൽ 84 എണ്ണം (ഏകദേശം 15 ശതമാനം) എസ്.സി. വിഭാഗത്തിനും 47 എണ്ണം (ഏകദേശം ഒമ്പതുശതമാനം) എസ്.ടി. വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. അതേസമയം, ജനസംഖ്യയുടെ 50 ശതമാനത്തിലധികംവരുന്ന ഒ.ബി.സി. വിഭാഗത്തിന് സംവരണമില്ല, പ്രാതിനിധ്യവും കുറവാണ്. ഇത് പരിഹരിക്കാൻ ഒബിസി സംവരണം കൊണ്ടുവരണം എന്നണ് വാദം. 25 ശതമാനം സംവരണം വന്നാൽ ലോക്സഭയിൽ 135 അംഗങ്ങൾ ഒ.ബി.സി.ക്കാരാവും. വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർലമെന്റിന്റെ ഇരുസഭയിലും കോൺഗ്രസും മറ്റ് 'ഇന്ത്യ' കക്ഷികളും ആവശ്യപ്പെട്ടത് ബില്ലിൽ ഒ.ബി.സി.ക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്നാണ്. കേന്ദ്രസർക്കാരിലെ 90 സെക്രട്ടറിമാരിൽ മൂന്ന് ഒ.ബി.സി.ക്കാർമാത്രമാണുള്ളതെന്നും സംവരണം നടപ്പാക്കിയില്ലെങ്കിൽ വനിതകളുടെ കാര്യത്തിലും ഇതായിരിക്കും സ്ഥിതിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം വാദിച്ചു.

സോണിയാഗാന്ധിയും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും ഇതേ ആവശ്യംഉന്നയിച്ചു. ആർ.ജെ.ഡി., ജെ.ഡി.യു., എസ്‌പി., സിപിഐ., സിപിഎം., ജെ.എം.എം., എൻ.സി.പി., ഡി.എം.കെ. തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഒ.ബി.സി. സംവരണം വേണമെന്ന ആവശ്യക്കാരാണ്. ഇതോടെ അപകടം മണത്ത ബിജെപിയുടെ ഒബിസി കാർഡ് കൈയിലെടുത്തു.

നവംബറിൽ 79 ഒ.ബി.സി. ജാതികളിൽപ്പെട്ട രണ്ടുലക്ഷംപേർ അണിനിരക്കുന്ന ഒ.ബി.സി. റാലി ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടത്താൻ ബിജെപി. തീരുമാനിച്ചരിക്കയാണ്. വിശ്വകർമജയന്തി വലിയ പ്രഖ്യാപനങ്ങളോടെ ആചരിച്ചതും 'ഇന്ത്യ'യെ പ്രതിരോധിക്കാൻ കൂടി തന്നെയാണ്. ജനറൽ, എസ്സി, എസ്ടി എന്നീ മൂന്നു വിഭാഗങ്ങളിലായാണ് നിലവിൽ എംപിമാരെയും എംഎൽഎമാരെയും തെരഞ്ഞെടുക്കുന്നതെന്നും ആ മൂന്നു വിഭാഗത്തിലെയും സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കിയെന്നും അമിത് ഷായുംു ചർച്ചകൾക്ക് മറുപടിയായി പറഞ്ഞിരുന്നു. ഒബിസി സംവരണം നടപ്പാവുകയാണെങ്കിൽ രാഷ്ട്രീയമായി അതിന്റെ നേട്ടം ഉണ്ടാവുക ബിജെപിക്കാണ്.


ഡിലിമിറ്റേഷനിലും നേട്ടം

വനിതാ സംവരണ ബിൽ പാസാക്കുന്നതിന്റെ ഭാഗമായി മണ്ഡല പുനർനിർണയവും വേണ്ടിവരും. അതും ബിജെപിക്ക് നന്നെയാണ് വൻ നേട്ടമാവുന്നത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നിർവഹിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡലങ്ങൾ കുറഞ്ഞുപോകുമോ എന്ന ആശങ്കയുണ്ട്. ജനസംഖ്യ കൂടുതലുള്ള വടക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ കിട്ടുകയും, ചെയ്യും.

33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെങ്കിൽ സെൻസസും, മണ്ഡല പുനർനിർണയവും നടത്തണം. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കും. എല്ലാ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയായിരിക്കും കമ്മീഷൻ. അതിനൊപ്പം സെൻസസും നടത്തും. വനിതാ സംവരണം 2029 ഓടെ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭരണഘടനയുടെ 82 ാം വകുപ്പ് പ്രകാരം, 2026 ന് ശേഷമുള്ള സെൻസസ് ഡാറ്റ മാത്രമേ മണ്ഡല പുനർനിർണയത്തിന് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഈ കടമ്പ സർക്കാർ എങ്ങനെ കടക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ മണ്ഡല നിർണയ പ്രക്രിയ 18 മാസം നീണ്ടു നിന്നിരുന്നു. ഓരോ സംസ്ഥാനത്തും പബ്ലിക് ഹിയറിങ്ങുമായി 211 യോഗങ്ങൾ നടന്നിരുന്നു. പാർലമെന്റിൽ 7 മണിക്കൂർ നീണ്ട സംവാദത്തിൽ വനിതാ സംവരണ ബിൽ കാലതാമസം കൂടാതെ നടപ്പാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

പത്തുവർഷം കൂടുമ്പോൾ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന് ആനുപാതികമായി ഒരു പുനഃപരിശോധനക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. 1961ലെയും 1971ലെയും ജനസംഖ്യാ കണക്കെടുപ്പിന് ശേഷം അതിൻപ്രകാരം മണ്ഡല പുനർവിഭജനം നടത്തുകയുണ്ടായി. എന്നാൽ, 1976ൽ ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അത് അവസാനിപ്പിച്ചു. ഓരോ സംസ്ഥാനത്തിന്റെയും സീറ്റ് വിഹിതം 2001ലെ സെൻസസ് കഴിയുംവരെ മരവിപ്പിച്ചതായി വ്യവസ്ഥ ചെയ്തു.

ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് 2002ൽ മണ്ഡല പുനർനിർണയം നടത്തേണ്ടതായിരുന്നു. അത് 84ാം ഭരണഘടനാ ഭേദഗതിയിലൂടെ മരവിപ്പിച്ചിരിക്കയാണ്. അതനുസരിച്ച് 2026ന് ശേഷം നടത്തുന്ന സെൻസസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തേണ്ടത്. 2021ൽ നടത്തേണ്ടിയിരുന്ന സെൻസസിന്റെ നടപടികൾ പൂർത്തിയായ ശേഷമാവും ഇനി മണ്ഡല പുനർനിർണയം. 1951 -52ലെ ആദ്യ തിരഞ്ഞെടുപ്പിൽ ആദ്യ ലോക്സഭ 489സീറ്റുമായി നിലവിൽ വന്നു. പിന്നീട് മണ്ഡലം പുനർനിർണയങ്ങളിലാണ് നിലവിൽ 543 സീറ്റായത്. 1952, 1963, 1973, 2002 വർഷങ്ങളിലാണ് മണ്ഡലം പുനർനിർണയ കമ്മിഷനുകളെ നിയമിച്ചത്. 

കേരളത്തിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറവായതിനാൽ സീറ്റുകൾ കാര്യമായി വർദ്ധിച്ചേക്കില്ല. എന്നാൽ നിലവിലെ 20 സീറ്റുകൾ കുറയാനിടയില്ല. അതേസമയം, യുപിയിലേത് നിലവിലെ എൺപതിൽനിന്ന് 140 വരെയായി വർധിക്കുകയും ചെയ്യാനാണു സാധ്യത ജനസംഖ്യാനുപാതികമായി (10 ലക്ഷം വോട്ടർമാർക്ക് ഒരു എംപി) സീറ്റ് കണക്കാക്കുമ്പോഴാണ് ഇങ്ങനെ വരുന്നത്. ഇക്കാരണത്താലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്കയുള്ളത്. കോൺഗ്രസ് നേതാവ് ജയറാം രമേഷ് ഈ രീതിയിലുള്ള മണ്ഡല പുനഃസംഘടനക്ക് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ സീറ്റുകൾ വർധിക്കാതിരിക്കുകയും ഉത്തരേന്ത്യയിൽ വർധിക്കുകയും ചെയ്യുന്നത് വികസനത്തെ ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ സീറ്റ് വർധന കൂടി കണക്കാക്കിയാണ് പുതിയ പാർലിമെന്റ് മന്ദിരം ഡിസൈൻ ചെയ്തിരിക്കുന്നത്. ലോക്‌സഭയിൽ 800ലധികം സീറ്റുകളുണ്ട്. രാജ്യസഭയിലെ സീറ്റുകളും വർധിപ്പിച്ചു. ഇരിപ്പിടങ്ങൾ വർധിപ്പിച്ചത് വരും കാലങ്ങളിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്താണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞുവരുമ്പോൾ ആകെ രാജ്യത്ത് 888 സീറ്റുകളാണ് ഉണ്ടാവുകയെന്നണ് അറിയുന്നത്. സീറ്റ് കൂടുതൽ വർധിക്കുന്നത് ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണെന്നതും, പ്രതിപക്ഷത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഇതോടൊപ്പം 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന കാര്യം ചർച്ചയാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ഇത് പ്രായോഗികമായി ഫലവെത്താവുകയില്ല എന്ന് പറയുമ്പോഴും അതിനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞു.

ഭാരതിലുടെ ദേശീയതാ വോട്ടുകൾ

ബിജെപിക്ക് എന്നും വോട്ട് വീണ വഴിയാണ്, ഹൈന്ദവ ധ്രുവീകരണത്തിനൊപ്പം, ദേശീയതാ പ്രചാരണവും. ഇന്ത്യ ഭാരത് ആയി മാറുന്നവെന്ന പ്രചാരണമൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് സാധാരണ കാണാറുള്ളതിൽനിന്ന് വ്യത്യസ്തമായി പ്രസിഡന്റ് ഓഫ് ഭാരത് എന്നുള്ളത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാജ്യത്തിന്റെ പേരുമാറ്റാൻ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇതുസംബന്ധിച്ച നീക്കങ്ങൾ ഉണ്ടാകുമെന്ന അഭ്യൂഹമടക്കം പ്രചരിച്ചു. ഇന്ത്യ എന്നപേരിൽ അടുത്തിടെ ഒന്നിച്ച പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ഇതോടെ വിമർശനവുമായി രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻഡോനീഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കൈപ്പുസ്തകത്തിലും പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന് കണ്ടതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നേരത്തെ ആർഎസ്എസ് സർസംഘചാലക് മോഹൻഭാഗവത് ഭാരത് എന്ന് പേരുമാറ്റുന്നതിനെ കുറിച്ച് കൃത്യമായ സൂചന നൽകിയിരുന്നു. ഇതിലൂടെയൊക്കെ ബിജെപി ലക്ഷ്യമിടുന്നത് കൃത്യമായ ദേശീയ വികാരമിളക്കിവിടൽ തന്നെയാണ്.

ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങർ കിംവദന്തികൾ മാത്രണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെപ്പോലുള്ളവർ പറയുന്നത്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴ വിരുന്നുലേക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിനെപ്പറ്റിയും കേന്ദ്രമന്ത്രി പ്രതികരിച്ചു. ഭാരതത്തിന്റെ രാഷ്ട്രപതി അങ്ങനെ എഴുതുന്നതിൽ എന്താണ് തെറ്റ്? അതിന് എന്താണ് ? അത് ഇത്ര വലിയകാര്യമാണോ ? നേരത്തെയും ഭാരത് സർക്കാർ എന്നപേരിൽ നിരവധി ക്ഷണക്കത്തുകൾ നൽകിയിട്ടുണ്ട്. അതിലൊക്കെ എന്താണ് പ്രശ്‌നം? ഞാൻ ഭാരത് സർക്കാരിന്റെ മന്ത്രിയാണ്. നിരവധി ന്യൂസ് ചാനലുകളുടെ പേരിലും ഭാരത് എന്നുണ്ട്. പിന്നെ എന്തിനാണ് ഇപ്പോൾ എതിർക്കുന്നത്? ഭാരത് എന്ന പേരിനോട് അലർജി ഉള്ളത് ആർക്കാണ്? എതിർപ്പുള്ളത് ആർക്കാണ്? ഭാരത് എന്ന് കേൾക്കുമ്പോൾ ആർക്കാണ് വേദനിക്കുന്നത്? രാജ്യത്തെക്കാൾ പ്രധാനം പാർട്ടിയാണ് എന്ന് ചിന്തിക്കുന്ന ചിലരാണ് ഇത്തരം രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ. വിദേശരാജ്യത്തുപോലും രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നവരാണ് അവരെന്നും പ്രതിപക്ഷത്തെ ഉന്നംവച്ച് കേന്ദ്രമന്ത്രി പറഞ്ഞു.
അതായത് ബിജെപി കൃത്യമായി ലക്ഷ്യംവെക്കുന്നത്, ഭാരതം എന്ന പേരിനെപ്പോലും എതിർക്കുന്നവരാണ് ഇവിടുത്തെ പ്രതിപക്ഷം എന്ന് വരുത്തിത്തീർക്കയാണ്.

അതോടൊപ്പം ഇന്ത്യാ സഖ്യത്തിലും വൈകാതെ ഉരുൾപൊട്ടൽ ഉണ്ടാവുമെന്നും ബിജെപി കരുതുന്നു. സിപിഎമ്മും, കോൺഗ്രസും, ഡിഎംകെയും, മമതയും, നിതീഷ്‌കുമാറും, അടക്കമുള്ള വ്യത്യസ്ത ആശയക്കാർ അടങ്ങിയ ഈ' മുള്ള് മുരട് മുർഖൻ പാമ്പു സഖ്യത്തിൽ' തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. സനാതന ധർമ്മത്തെക്കുറിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ ഇന്ത്യാ സംഖ്യത്തിലുണ്ടായ ഭിന്നത നോക്കുക. 'ഒരു രാജ്യം, ഒരു നേതാവ്, ഒരൊറ്റ ജനത' എന്ന രീതിയിൽ ബിജെപി കാമ്പയിൻ നടത്തുമ്പോൾ, ഇന്ത്യാ സഖ്യത്തിന് തങ്ങളുടെ നേതാവ് ആരാണെന്നുപോലും തീരുമാനിക്കാൻ കഴിഞ്ഞില്ലെന്നും ഓർക്കണം.

വാൽക്കഷ്ണം: സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ഇടതുപാർട്ടികളിൽ എത്ര വനിതാ പ്രാതിനിധ്യം ഉണ്ടെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇനി പാർട്ടിയുടെ അധികാര സ്ഥാനങ്ങൾ നോക്കുക. സിപിഎമ്മിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു പാർട്ടി ജനറൽ സെക്രട്ടറി വനിത ആയിട്ടില്ല. കേരളത്തിലേക്ക് വന്നാൽ ചരിത്രത്തിൽ ഇന്നുവരെ ഒരു വനിത സംസ്ഥാന സെക്രട്ടറി ആയിട്ടില്ല എന്ന് മാത്രമല്ല, പാർട്ടി ജില്ലാ സെക്രട്ടറിപോലും ആയിട്ടില്ല! അപ്പോൾ ആരാണ് സ്ത്രീ ശാക്തീകരണത്തെ ഭയക്കുന്നത്.