- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇന്ദുകിരീടംചൂടി ഇന്ത്യ! മോദിക്ക് മുന്നിൽ ഐഎസ്ആർഒ ചെയർമാൻ തലതാഴ്‌ത്തി വിതുമ്പിയ കറുത്ത ദിനം മറക്കാം; 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുടെ അമിതഭാരം പേറി ചാന്ദ്രയാൻ 3 വിജയത്തിൽ; ചന്ദ്രനിൽ ആണവ നിലയവും ഖനിയുമുണ്ടാക്കാൻ നാസക്കും വിവരങ്ങൾ ലഭിക്കും; ആഗോള ബഹിരാകാശ ദൗത്യത്തിലും ഭാരതം സൂപ്പർ പവർ
ഓർമ്മയില്ലേ ആ ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ തലതാഴ്‌ത്തി വിതുമ്പിയ കറുത്ത ദിവസം. 2019 സെപ്റ്റംബർ ഏഴിന് പുലർച്ചെ രണ്ട് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലായിരുന്നു സംഭവം. രാജ്യം വലിയ പ്രതീക്ഷയോടെ കണ്ട ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം ഭാഗികമായി പരാജയപ്പെടുന്നു. ശാസ്ത്രജ്ഞരുടെ മുഖത്ത് നിരാശ പടർന്നു. ഉറക്കമിളച്ച് കാത്തിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാർ നിശബ്ദരായ നിമിഷം. അതും ഇന്ത്യയുടെ മൂവർണ്ണക്കൊടി ചന്ദ്രനിൽ തൊടാൻ വെറും രണ്ട് കിലോ മീറ്റർ മാത്രം ശേഷിക്കെ. ചന്ദ്രനിൽ ഇന്ത്യ കൈയൊപ്പ് ചാർത്തുന്നത് നേരിൽ കാണാൻ അന്ന് സ്പേസ് സെന്ററിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ഐഎസ്ആർഒ (ഇസ്‌റോ) ചെയർമാൻ കെ. ശിവൻ തലതാഴ്‌ത്തി വിതുമ്പി. ശിവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചാണ് മോദി അന്ന് മടങ്ങിയത്. വികാരനിർഭരമായ ആ രംഗം പരാജയത്തിനിടയിലും ശാസ്ത്രജ്ഞർക്ക് ഊർജമേകി. അന്നത്തെ ആ തിരിച്ചടിയിൽ തളരാതെ വീണ്ടും വർധിത വീര്യത്തോടെ ചന്ദ്രനെ കീഴടക്കാൻ അഹോരാത്രം പരിശ്രമിച്ച ഇസ്റോ, നാല് വർഷങ്ങൾക്കിപ്പുറം ആ ലക്ഷ്യത്തിലേക്ക് നേടിയിരിക്കയാണ്.
140 കോടി ജനങ്ങളുടെ പ്രതീക്ഷകളുടെ അമിതഭാരത്തിനിടയിലും ഇന്ത്യ ഇന്ദുകിരീടം ചൂടിയിരിക്കയാണ്. ബഹിരാകാശത്തെ അതികായന്മാരായ റഷ്യ തോറ്റുപോയിടത്താണ് ഇന്ത്യ പുതുചരിത്രം കുറിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കയാണ്. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രാണ് ചന്ദ്രനിൽ ഇതിന് മുൻപ് സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്.
1976നു ശേഷം ഒരേയൊരു രാജ്യം മാത്രമാണ് ചന്ദ്രനിൽ ലാൻഡർ ഇറക്കിയത്, ചൈന. ചന്ദ്രയാൻ 2 (2019), ഇസ്രയേലിന്റെ ബെറഷീറ്റ് (2019), യുഎഇയുടെ റാഷിദ് റോവർ(2022) തുടങ്ങിയവ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ്ങിനു ശ്രമിച്ച് പരാജയപ്പെട്ട ദൗത്യങ്ങളാണ്. ടെക്ക്നോളജിയുടെ തലതൊട്ടപ്പന്മാരായ ഇസ്രയേൽ വരെ പരാജയപ്പെട്ടിടത്താണ് ഇന്ത്യ ജയിച്ചു കയറിയത് എന്നോർക്കണം. ഇതോടെ ലോക ബഹിരാകാശ രംഗത്തും ഇന്ത്യ സൂപ്പർ പവറായി മാറി. ഇനി മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ദൗത്യമാണ് ഇസ്‌റോയുടെ മുന്നിലുള്ളത്.
ഹോളിവുഡ് സിനിമയുടെ ബജറ്റിൽ
ഇതിൽ ശ്രദ്ധേയാവുന്നത് മറ്റൊരു കാര്യം കൂടിയാണ്. ഒരു ഹോളിവുഡ് സിനിമ നിർമ്മിക്കുന്ന ബജറ്റിലാണ് ഐസ്ആർഒ ഈ നേട്ടം കൈവരിക്കുന്നത് എന്നാണ്. ഇതോടെ ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് ഇത്തരം ചെലവ് കുറഞ്ഞ പദ്ധതികൾക്കായി ഇന്ത്യയെആശ്രയിക്കാവുന്നതാണ്. ലോകത്തിലെ അഞ്ചാമത്തെ സൈനിക ശക്തിയും, 2048ൽ അമേരിക്കയെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ സാമ്പത്തി ശക്തിയാവുകയും ചെയ്യുമെന്ന് പ്രവചിക്കപ്പെട്ട ഇന്ത്യ, ഇപ്പോൾ ആഗോള ബഹിരാകാശ മാർക്കറ്റിലും ഒന്നാമതെത്തുകയാണ്. ശതകോടികളുടെ ബിസിനസുള്ള മേഖലയാണിത്. ഗാർഡിയൻ പത്രത്തിന്റെ വിലയുരുത്തൽ പ്രകാരം സോവിയറ്റ് യൂണിയൻ തകർന്നിട്ടും റഷ്യ പിടിച്ചു നിന്നത്, ഈ ബഹിരാകാശ മാർക്കറ്റുകൊണ്ടായിരുന്നു. അതായത് ചെറിയ രാജ്യങ്ങൾക്ക്, ബഹിരാകാശ സാമഗ്രികൾ വിൽക്കുകയും, ലോഞ്ചിങ്ങിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതിലുടെ കോടികളാണ് റഷ്യ ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഇതിന്റെയൊക്കെ പകുതി ചെലവിൽ ഇന്ത്യക്ക് ബഹിരാകാശ ദൗത്യങ്ങൾ ഡിസൈൻ ചെയ്തുകൊടുക്കാൻ കഴിയും
64 വർഷം മുമ്പ് സാങ്കേതികവിദ്യ ഇത്രയൊന്നും വികസിക്കാത്ത കാലത്ത് തന്നെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ നാസയ്ക്ക് സാധിച്ചിരുന്നു. തുടർന്നും ബഹിരാകാശ യാത്രികർ ചന്ദ്രനിലെത്തി. എന്നിട്ടും മനുഷ്യനില്ലാത്ത ഒരു പേടകം ഇപ്പോൾ ചന്ദ്രനിൽ ഇറക്കുന്നത് എന്തുകൊണ്ടാണ് ഇത്ര സങ്കീർണമാകുന്നതെന്ന് സ്വാഭാവികമായും സംശയം തോന്നാം. അതിന് കാരണം ചന്ദ്രനിലെ പ്രതികൂല സാഹചര്യമാണ്. മനുഷ്യ നിയന്ത്രണത്തിൽ അല്ലാതെ യന്ത്രത്തിന്റെ മാത്രം നിയന്ത്രണത്തിലാണ് ചാന്ദ്രയാൻ 3 ലാൻഡ് ചെയ്യുന്നതെന്നും വെല്ലുവിളിയാണ്. സാഹചര്യത്തിന് അനുസരിച്ച് വിവേചന ബുദ്ധിയോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ മനുഷ്യസാന്നിധ്യം ലാൻഡറിൽ ഇല്ല. സെൻസറുകളുടെയും മറ്റു ഉപകരണങ്ങളുടെയും സഹായത്തോടെ ലാൻഡർ സ്വയമാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങിയത്. ഇവിടെ ഇന്ത്യൻ ടെക്ക്നോളജി വൻ തോതിൽ അംഗീകരിക്കപ്പെടുകയാണ്. അതും ഭാവിയിൽ വിദേശ നാണ്യം നേടിത്തരുന്നതായി മാറും. ലോകത്തിലെ വികസ്വര രാഷ്ട്രങ്ങൾക്ക് ഇതും വലിയ പ്രചോദനമാവും.
ആമയും മുയലും തമ്മിലെ ഓട്ടമത്സരം
പക്ഷേ ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യയുടെ വിജയ വഴി. ഇന്ത്യ വിജയിച്ചാൽ അത് തങ്ങൾക്കുള്ള പാരയാവുമെന്ന് കരുതിയ റഷ്യ അടക്കം നടത്തിയ നീക്കങ്ങൾ മറികടന്നാണ് നാം ലക്ഷ്യത്തിലെത്തുന്നത്. 1976ൽ ലിയോനിഡ് ബ്രഷ്‌നേവ് ഭരിച്ച കാലയളവിൽ ചന്ദ്രനിലേക്കു വിട്ട ലൂണ 24 ആണ് ചന്ദ്രനിലേക്കു പോയ റഷ്യയുടെ അവസാന ദൗത്യം. ധാരാളം പാരമ്പര്യം പേറുന്ന ഒരു പ്രോഗ്രാമാണ് ലൂണ. 1958 മുതൽ 2023 വരെയുള്ള കാലയളവിൽ 15 ദൗത്യങ്ങൾ വിജയമാക്കിയപ്പോൾ 29 ലൂണ ദൗത്യങ്ങൾ പരാജയമായി.പക്ഷേ ഇപ്പോൾ ഇന്ത്യ ചന്ദ്രയാൻ അയക്കുന്ന എന്ന് കണ്ടതോടെ റഷ്യ സടകുടഞ്ഞ് എഴുനേറ്റു.
അങ്ങനെ 'ഞങ്ങളെ മറികടന്ന് നിങ്ങളാദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ട' എന്ന് ഇന്ത്യയോടു പറയാതെ പറഞ്ഞായിരുന്നു റഷ്യയുടെ ആ ചതി. 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന ചന്ദ്രയാൻ 3 പേടകം ദിവസങ്ങളെടുത്താണ് ചന്ദ്രന് തൊട്ടടുത്തു വരെയെത്തിയത്. ഭൂമിക്കു ചുറ്റും ദിവസങ്ങളോളം കറങ്ങി പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തെറ്റാലിയിൽനിന്നു തെറിച്ചതു പോലൊരു പോക്കായിരുന്നു ചന്ദ്രയാൻ 3. ചന്ദ്രനു ചുറ്റിലും പതിയെപ്പതിയെ ഭ്രമണപഥം താഴ്‌ത്തിയായിരുന്നു പിന്നീടുള്ള യാത്ര. അത്തരത്തിൽ മൂന്നാം തവണ ഭ്രമണപഥം താഴ്‌ത്തിയത് ഓഗസ്റ്റ് ഒൻപതിനായിരുന്നു. നാലാമത്തെ ഭ്രമണപഥം താഴ്‌ത്തൽ ഓഗസ്റ്റ് 14നു നടക്കാനിരിക്കെയായിരുന്നു റഷ്യയിൽനിന്നുള്ള ആ വാർത്ത. അവരുടെ ലൂണ 25 ചന്ദ്രനെ ലക്ഷ്യമിട്ട് പറന്നുയരുന്നു. അതും ഓഗസ്റ്റ് 10ന്.
47 വർഷത്തിനു ശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് ഒരു പേടകം അയയ്ക്കുന്നത്. 'ചന്ദ്രനല്ലേ, ആർക്കു വേണമെങ്കിലും ഇറങ്ങാമല്ലോ' എന്നു പറയാൻ വരട്ടെ. ലൂണ 25 ലക്ഷ്യമിട്ടതും ചന്ദ്രന്റെ ദക്ഷിണധ്രുവമായിരുന്നു. അവിടെ സോഫ്റ്റ്‌ലാൻഡിങ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനായിരുന്നു റഷ്യയുടെ നീക്കം. പക്ഷേ, പയ്യെത്തിന്നാൽ പനയും തിന്നാം എന്ന മട്ടിലായിരുന്നു അപ്പോഴും ഐഎസ്ആർഒ. റഷ്യയ്ക്ക് എല്ലാം ആശംസകളും അറിയിച്ച് ട്വീറ്റും ചെയ്തു ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസി. അതിശക്തമായ സോയൂസ് 2.1 ബി റോക്കറ്റിലേറിയായിരുന്നു ലൂണയുടെ യാത്ര. അതിനാൽത്തന്നെ അതിവേഗം ചന്ദ്രന്റെ അരികിലെത്തി. ഓഗസ്റ്റ് 21നുതന്നെ ലാൻഡിങ്ങിനും പദ്ധതിയിട്ടു.
പക്ഷേ ഓഗസ്റ്റ് 19 ഇന്ത്യൻ സമയം രാത്രി ഒൻപതോടെ ഒരു വാർത്തയെത്തി. ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനു മുന്നോടിയായുള്ള അവസാന ഭ്രമണപഥത്തിലേക്കു മാറുന്നതിനു മുൻപേ ലൂണയിൽ ചെറിയൊരു സാങ്കേതിക തകരാർ സംഭവിച്ചിരിക്കുന്നു. എന്താണു തകരാറെന്നു മാത്രം പക്ഷേ റഷ്യ പറഞ്ഞില്ല. അധികം വൈകിയില്ല. ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ടരയോടെ ആ വാർത്ത റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസ് ശരിവച്ചു. നിയന്ത്രണം തെറ്റിയ ലൂണ 25 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി തകർന്നിരിക്കുന്നു. അര നൂറ്റാണ്ടിനിപ്പുറം, ലോകത്തെ ഞെട്ടിക്കാമെന്ന റഷ്യൻ ബഹിരാകാശ സ്വപ്നം ചന്ദ്രോപരിതലത്തിൽ അനക്കമില്ലാതെ കിടന്നുപോയ നിമിഷം!
ആ സമയത്താകട്ടെ ഇന്ത്യയുടെ ചന്ദ്രയാൻ 3 സ്വയം ഡീബൂസ്റ്റ് ചെയ്ത് പതിയെ ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. ചന്ദ്രനോട് ഏറ്റവും അടുത്തു വരെയെത്തി ലാൻഡിങ്ങിനുള്ള സ്ഥലം സ്‌കാൻ ചെയ്ത് അതിനനുസരിച്ച് തീരുമാനമെടുക്കാനാണ് ചന്ദ്രയാന്റെ തീരുമാനം. ഇന്ത്യയും റഷ്യയും തമ്മിലുള്ള 'ബഹിരാകാശ പോരാട്ടം' ആമയും മുയലും തമ്മിൽ നടത്തിയ ഓട്ടമത്സരത്തോട് ഉപമിച്ചു വരെ അതിനോടകം പലരും രംഗത്തെത്തി. ലൂണ 25ന്റെ പരാജയത്തെപ്പറ്റി പഠിക്കാൻ റഷ്യ സമിതിയെ നിയോഗിച്ചതായാണു വിവരം. ആവശ്യത്തിനു പരീക്ഷണങ്ങളോ പണമോ ഇല്ലാതെ പ്രോജക്ട് നടപ്പാക്കി, ഇന്ത്യയ്ക്കു മുൻപേ ദക്ഷിണധ്രുവത്തിൽ ഇറങ്ങാമെന്ന വ്യാമോഹമാണ് റഷ്യയ്ക്കു തിരിച്ചടിയായത്. ഇതോടെ വിശ്വസ്ഥതയിലും ഇന്ത്യൻ നമ്പർ വൺ ആയി.
ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ
ചാന്ദ്രയാൻ 3 ഇറങ്ങിയത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ്. ഇതിനും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ലോകത്തെ, ശക്തരായ എല്ലാ രാജ്യങ്ങളിലേയും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾക്കും ശാസ്ത്രജ്ഞർക്കും ഏറെ താൽപ്പര്യമുള്ള ഒന്നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ഇവിടുത്തെ രഹസ്യങ്ങളെപ്പറ്റി ശാസ്ത്രലോകത്തിന് വലിയ അറിവൊന്നുമില്ല. ഭൂമിയിൽനിന്ന് കാണാൻ സാധിക്കാത്ത ചന്ദ്രന്റെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ലാൻഡർ ഇറങ്ങിയത്. സൗരയൂഥത്തിന്റെ പുരാതന കാലത്തെക്കുറിച്ചുള്ള തെളിവുകൾ ഇവിടെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ മേഖലയിൽ ആദ്യമായി ഗവേഷണത്തിന് ശ്രമിക്കുന്നതും ഇസ്റോ ആണ്. ആരും കടന്നുചെല്ലാത്ത സ്ഥലത്തെ ഗവേഷണത്തിൽ ജലത്തിന്റെ സാന്നിധ്യം ഉൾപ്പെടെയുള്ള സുപ്രധാന കണ്ടെത്തൽ നടത്താൻ കഴിഞ്ഞാൽ അത് ചരിത്രമാവും.
ജലവും ഘനീഭവിച്ച ഐസും ഏറെയുണ്ട് ഇവിടെ എന്നതാണ് പ്രധാനമായും ഇവിടെ ശാസ്ത്രലോകത്തിനുള്ള താൽപ്പര്യത്തിനു കാരണം. ശൈത്യ കെണികൾ (കോൾഡ് ട്രാപ്സ്) എന്നറിയപ്പെടുന്ന, ജലത്തിന്റെയും ഐസിന്റെയും ചെറു സംഭരണികൾ, അന്തരീക്ഷമില്ലാത്ത ചന്ദ്രനിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലകൊള്ളുന്നു.
അതുകൊണ്ടു തന്നെ അവയ്ക്ക് ചാന്ദ്ര അഗ്‌നിശൈലങ്ങളെ കുറിച്ചും വാൽനക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഭൂമിയിലെത്തിക്കുന്ന പദാർത്ഥങ്ങളെ കുറിച്ചും എന്തിനധികം സമുദ്രങ്ങളുടെ ഉത്പത്തിയെ കുറിച്ചു വരെ കൂടുതൽ വിവരങ്ങൾ നൽകാനാകും എന്നാണ് വിദഗ്ദ്ധർ ചിന്തിക്കുന്നത്. മാത്രമല്ല, ഇവിടെയുള്ള ജല സാന്നിദ്ധ്യം, ഭാവിയിൽ മനുഷ്യന്റെ ആവാസകേന്ദ്രമായി ഇവിടം മാറിയേക്കാം എന്നുള്ളതിന്റെ സൂചനയായി കൂടി ശാസ്ത്രലോകം കാണുന്നു.
മറ്റൊന്ന്, ആവശ്യത്തിന് ജലവും ഐസും ലഭ്യമാണെങ്കിൽ, ചന്ദ്രനിൽ പര്യവേഷണം നടത്തുന്നവർക്കുള്ള കുടിവെള്ള സ്രോതസ്സായി ഈ മേഖലയെ മാറ്റാൻ കഴിയും എന്നതാണ്. മാത്രമല്ല, പല ഉപകരണങ്ങളും തണുപ്പിക്കാനും അതുപോലെ ജലത്തെ വിഘടിപ്പിച്ച് ഇന്ധനത്തിനുള്ള ഹൈഡ്രജനും ശ്വസിക്കാനുള്ള ഓക്സിജനും ലഭ്യമാക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനൊക്കെ പുറമെ, ബഹിരാകാശ ദൗത്യങ്ങളിൽ ഏതൊരു രാജ്യവും ആഗ്രഹിക്കുന്ന, ആദ്യത്തേത് എന്ന നാഴികക്കല്ല് നേടുക എന്നതും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യം വയ്ക്കാൻ ഒരു കാരണമായിട്ടുണ്ട്.
പിന്നീട് 2009-ൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചന്ദ്രായാൻ 1 ൽ സ്ഥാപിച്ചിരുന്ന നാസായുടെ ഉപകരണങ്ങൾ ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. അതേ വർഷം തന്നെ നാസയുടെ മറ്റൊരു ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഉപരിതലത്തിന് താഴെയായി ജലവും ഐസും ഉണ്ടെന്ന് തെളിയുകയും ചെയ്തു.
ഭൂമദ്ധ്യ രേഖയിൽ നിന്നും ഏറെ അകലെയായി സ്ഥിതി ചെയ്യുന്ന ദക്ഷിണ ധ്രുവം ഏറെ ഗർത്തങ്ങളും ആഗാധമായ കിടങ്ങുകളും നിറഞ്ഞതാണ്. മാത്രമല്ല, ധ്രുവ പ്രദേശങ്ങളിൽ പ്രകാശം വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഇറങ്ങുമ്പോൾ ഉപരിതലം തിരിച്ചറിയാൻ സെൻസറുകൾക്ക് പകരം സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതായി വരും. മറ്റൊന്ന് അതി കഠിനമായ തണുപ്പാണ്. നാസയു്യൂടെ ലൂണാർ ഓർബിറ്റർ കണ്ടെത്തിയത് ഇവിടെ താപനില മൈനസ് 246 ഡിഗ്രി സെന്റിഗ്രേഡ് വരെ ആണെന്നാണ്. ഈ ഘടകങ്ങൾ ഒക്കെ അതിജീവിച്ചാണ് ലാൻഡർ വിജയിച്ചത്.
ചന്ദ്രനിൽ ഇന്ത്യ തേടുന്ന രഹസ്യങ്ങളെന്ത്?
ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നത് ഉൾപ്പെടെ നിർണായകമായ കണ്ടെത്തലുകൾ ആദ്യ ചാന്ദ്ര ദൗത്യത്തിലൂടെ ഇസ്‌റോ ശാസ്ത്രലോകത്തിന് നൽകിയിരുന്നു. രണ്ടാം ചാന്ദ്ര ദൗത്യത്തിലൂടെ ചന്ദ്രനിൽ വലിയ അളവിൽ സോഡിയം ഉണ്ടെന്ന സുപ്രധാന കണ്ടെത്തലും ഇസ്‌റോ നടത്തി. ഇപ്പോഴിതാ അതിലും വലിയ ലക്ഷ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്.
ചന്ദ്രനിൽ ലാൻഡറിനെ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യിക്കാനുള്ള ശേഷി നേടുക, ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനും വിവരങ്ങൾ ശേഖരിക്കാനും അവ ഭൂമിയിലേക്ക് അയക്കാനുമുള്ള റോവറിന്റെ ശേഷി പരിശോധിക്കുക, ചന്ദ്രോപരിതലത്തിൽ തന്നെ ശാസ്ത്രീയ പരീക്ഷങ്ങൾ നടത്തുക തുടങ്ങിയവയാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ചന്ദ്രനിലെ ജലസാന്നിധ്യം, മണ്ണിന്റെ ഘടന, സ്വാഭാവിക മൂലകങ്ങളുടെ അളവും വിന്യാസവും തുടങ്ങിയവയും ചന്ദ്രയാൻ 3 പരിശോധിക്കും. ഭൂചലനംപോലെ ചന്ദ്രനിൽ അടിക്കടിയുണ്ടാകുന്ന ചലനപ്രതിഭാസങ്ങളെ വിലയിരുത്തും. താപനിലയും വിശകലനം ചെയ്യും. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ഭാവിദൗത്യങ്ങൾക്കുള്ള വിവരശേഖരണം കൂടിയാണ് ഇതെല്ലാം.
ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതും ചന്ദ്രയാൻ 3-ന്റെ ലക്ഷ്യമാണ്. ഹീലിയം 3 മുതൽ ചില അപൂർവ മൂലകങ്ങൾ വരെ ഒളിച്ചിരിക്കുന്ന ഇടമാണ് ചന്ദ്രൻ. ആ വിഭവങ്ങളിൽ കണ്ണുനട്ടാണ് അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വൻകിട പദ്ധതികൾ ചന്ദ്രനിൽ ആസൂത്രണം ചെയ്യുന്നത്. ഇത്തരം രഹസ്യവിവരങ്ങളിലേക്ക് വിരൽ ചൂണ്ടാനാകുന്ന വിവരങ്ങൾ ചാന്ദ്രയാൻ മൂന്നിന് ലഭിച്ചാൽ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ യശസ്സും വർധിക്കും.
ഐക്യരാഷ്ട്ര സഭ 1967 ൽ തയ്യാറാക്കിയ ഉടമ്പടി, ഏതെങ്കിലും രാജ്യങ്ങൾക്ക് ചന്ദ്രനിൽ അവകാശം ഉന്നയിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഏതെങ്കിലും രാജ്യത്തിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലും അവകാശം ഉന്നയിക്കാൻ കഴിയില്ല. അതിനൊപ്പം അമേരിക്ക മുൻകൈ എടുത്ത് ചാന്ദ്ര പര്യവേഷണത്തിനും ചന്ദ്രനിലെ സ്രോതസ്സുകളുടെ ഉപയോഗത്തിനുമായി ചില തത്വങ്ങൾ രൂപീകരിച്ചിട്ടുണ്ട്. 27 രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, രണ്ട് പ്രധാന ബഹിരാകാശ ശക്തികളായ റഷ്യയും ചൈനയും ഇതിൽ ഒപ്പിട്ടിട്ടില്ല.
അമ്പിളിയിൽ ആണവ നിലയവും ഖനിയും
ചന്ദ്രനിൽ ആണവ നിലയം എന്നൊരു പദ്ധതിയും നാസയുടേതുൾപ്പെടെ സ്വപ്നങ്ങളിലുണ്ട്. ഇതിലേക്കുള്ള നിർണ്ണയക വിവരങ്ങളും ചന്ദ്രയാൻ 3 നൽകുമെന്ന് പ്രതീക്ഷയുണ്ട്. 2021ൽ അടുത്ത എട്ടുവർഷത്തിനുള്ളിൽ ചന്ദ്രനിൽ ആണവ നിലയം പണിയാൻ നാസ പദ്ധതിയിട്ടിരുന്നു. ഇതിനായി യുഎസ് ഊർജവകുപ്പിന്റെ ഇഡഹോ നാഷനൽ ലബോറട്ടറിയുമായി നാസ അണിചേർന്നു. ഭൂമിയിൽ നിന്നു വിഭിന്ന സാഹചര്യങ്ങളുള്ള ചന്ദ്രനിൽ ആണവനിലയം എങ്ങനെ രൂപീകരിക്കുമെന്നതു സംബന്ധിച്ച് ധാരണയിലെത്തിച്ചേരാൻ നാസയ്ക്കും ഇഡഹോ നാഷനൽ ലബോറട്ടറിക്കും കഴിയാത്തതിനാൽ ഇതിനായുള്ള ആശയങ്ങൾ തങ്ങൾക്കു നൽകാൻ നാസ പൊതുജനങ്ങളോടും സഹായമഭ്യർഥിച്ചു
1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുകയും പിന്നീട് അനേകം ദൗത്യങ്ങളിലായി 20 പേർ ചന്ദ്രനിലെത്തുകയും ചെയ്തു. എന്നാൽ ആ യാത്രകൾ സാങ്കേതിക ശക്തി പ്രകടനങ്ങളായിരുന്നു. തങ്ങളുടെ ജന്മവൈരികളായ സോവിയറ്റ് യൂണിയനു മുൻപിൽ മേൽക്കൈ നേടാനുള്ള അമേരിക്കൻ ശ്രമങ്ങൾ.ആ ശക്തിപ്രകടനങ്ങൾ എഴുപതുകളോടെ അവസാനിച്ചു. പിന്നീട് അമേരിക്കയെന്നല്ല, ഒരു രാജ്യവും ചന്ദ്രനിലേക്കു പോയിട്ടില്ല.എന്നാൽ പിന്നീട് ചന്ദ്രനെ പ്രായോഗികപരമായി എങ്ങനെ വിനിയോഗിക്കാമെന്നായി ലോകബഹിരാകാശ മേഖലയുടെയും നാസയുടെയും ചിന്ത. ചന്ദ്രന്റെ പ്രതലം അനവധി ലോഹങ്ങളാലും അപൂർവ ധാതുക്കളാലും സമ്പന്നാണ്. ആണവ ഫ്യൂഷൻ റിയാക്ടറുകൾക്ക് പ്രവർത്തിക്കാനുള്ള ഹീലിയം 3 നിക്ഷേപങ്ങളും ചന്ദ്രനിൽ സുലഭം. ചന്ദ്രഖനനം എന്നത് ഒരു വലിയ പഠനം നടക്കുന്ന മേഖലയാണ് ഇപ്പോൾ.
ഇതോടൊപ്പം തന്നെ മനുഷ്യന്റെ ഭാവി ഗ്രഹയാത്രകളിൽ, പ്രത്യേകിച്ച് ചൊവ്വയിലേക്കുള്ള യാത്രകളിൽ ചന്ദ്രൻ ഒരു ഇടത്താവളമായി മാറുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങളെല്ലാം നടക്കണമെങ്കിൽ ചന്ദ്രനിൽ ഊർജ ഉത്പാദനം വേണം. ഇതിനായുള്ള ആദ്യ ശ്രമമാണ് ഈ ആണവനിലയം.ചന്ദ്രനിൽ കോളനിയും ഖനിയുമൊക്കെ സ്ഥാപിക്കാനുള്ള ആദ്യശ്രമമായിട്ടാണ് നാസയുടെ അടുത്ത ചന്ദ്രയാത്ര കണക്കാക്കപ്പെടുന്നത്. വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്ക്കാനാണു നാസയുടെ പദ്ധതിയായ ആർട്ടിമിസ് ലക്ഷ്യമിടുന്നത്.
ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ. മനുഷ്യരെ വഹിക്കാത്ത ആദ്യഘട്ടം വരുന്ന നവംബറിൽ നടത്താനാണ് നാസയുടെ ഉദ്ദേശ്യം. അപ്പോളോ ദൗത്യങ്ങൾ ഇറങ്ങിയ പ്രശാന്തിയുടെ കടലിലല്ല, മറിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്റെ പദ്ധതി. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ 'ചന്ദ്രയാൻ- 2' ലക്ഷ്യംവച്ച, ജലസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേഖലയാണ് ഇത്. ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. തുടർന്നു വരുന്ന മൂന്നാം ദൗത്യത്തിലാണു യാത്രികർ എത്തുന്നത്.ഈ യാത്രക്ക് ഒക്കെയുള്ള വിവരങ്ങൾ ചന്ദ്രയാൻ അടക്കമുള്ള പദ്ധതികളിൽനിന്ന് ലഭിച്ചേക്കും.
ലോകത്തിനാകെ നേട്ടം
നമ്മുടെ ചാന്ദ്രയാൻ 3 ദൗത്യം കൊണ്ട് ഇന്ത്യക്കു മാത്രമല്ല ലോകത്തിനാകെ തന്നെ നിരവധി നേട്ടങ്ങളുണ്ടാവും. ഭാവിയിലെ ആർട്ടിമിസ് ദൗത്യങ്ങൾക്ക് ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായി ലഭിക്കുന്ന അറിവുകൾ ഗുണം ചെയ്യുമെന്ന് അമേരിക്ക തന്നെ അറിയിച്ചു കഴിഞ്ഞു. ആർട്ടിമിസ് കരാർ ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാൽ ചാന്ദ്രയാൻ 3 ദൗത്യം ഇന്ത്യയെ പോലെ തന്നെ അമേരിക്കയ്ക്കും ഗുണമാണെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. ദീർഘകാലത്തേക്ക് മനുഷ്യ സാന്നിധ്യം ചന്ദ്രനിൽ ഉറപ്പിക്കുക അടക്കമുള്ള വിശാലമായ ലക്ഷ്യങ്ങൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആർട്ടിമിസ് പരിപാടിക്കുണ്ട്. ചന്ദ്രനിലെ ദീർഘകാല ലക്ഷ്യങ്ങൾക്ക് ചന്ദ്രയാൻ മൂന്നു വഴി ലഭിക്കുന്ന വിവരങ്ങളും ഉപകാരപ്പെടുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.
സമാധാനപരമായ ബഹിരാകാശ പര്യവേഷണം ലക്ഷ്യം വെക്കുന്ന ആർട്ടിമിസ് ഉടമ്പടിയിൽ അടുത്തിടെയാണ് ഇന്ത്യ ഒപ്പുവെച്ചത്. 'ചന്ദ്രനു പുറമേ ചൊവ്വയിലേക്കും അതിനും അപ്പുറത്തേക്കുമുള്ള ദൗത്യങ്ങൾക്കായി സഹകരിക്കുകയാണ് ആർട്ടിമിസ് ഉടമ്പടി കൊണ്ടു ലക്ഷ്യം വെക്കുന്നത്. ഇതുവരെ ഇന്ത്യ അടക്കം 27 രാഷ്ട്രങ്ങൾ ഈ ഉടമ്പടിയുടെ ഭാഗമായിട്ടുണ്ട്. 2024ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഐഎസ്ആർഒയുടെ ബഹിരാകാശ സഞ്ചാരികൾക്ക് വേണ്ട പരിശീലനം നാസ നൽകും' എന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ചന്ദ്രന്റെ ഉപരിതലത്തിലെ ഊഷ്മാവ് സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്ന
സിച്ച്എഎസ്ടിഇഉം ചന്ദ്രനിലെ കമ്പനങ്ങൾ രേഖപ്പെടുത്തുന്ന ഐഎൽഎസ്എയുമെല്ലാം പുതിയ അറിവുകൾ നമുക്ക് സമ്മാനിക്കും. ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് അകലം അതീവകൃത്യതയോടെ കണക്കുകൂട്ടുന്ന നാസയുടെ സാങ്കേതികവിദ്യയും ചാന്ദ്രയാൻ 3ൽ ഉപയോഗിക്കുന്നുണ്ട്.
ചന്ദ്രനിൽ പര്യവേഷണം നടത്തുന്ന പേടകത്തിലുള്ള ആൽഫ പാർട്ടിക്കിൾ എക്‌സ്‌റേ സ്‌പെക്ടോമീറ്റർ എന്ന ഉപകരണമാണ് ചന്ദ്രനിലെ മണ്ണും മൂലകങ്ങളും പരീക്ഷിക്കുക. ലേസർ ഇന്ത്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് വഴി ചാന്ദ്ര ഉപരിതലത്തിലെ രാസവസ്തുക്കളെ കുറിച്ച് അറിയും. ചന്ദ്രനെക്കുറിച്ചു മാത്രമല്ല ഭൂമിയെക്കുറിച്ചും വിദൂരതയിലിരുന്നുകൊണ്ട് ചാന്ദ്രയാൻ 3 വിവരങ്ങൾ ശേഖരിക്കും. ഭാവിയിൽ ഭൂമിയുടേതിനു സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഈ വിവരങ്ങൾ സഹായിച്ചേക്കും.
അങ്ങനെ ഇന്ത്യക്കോ അമേരിക്കക്കോ മാത്രമല്ല ലോകത്തിന് മൊത്തം ഗുണകരമാവുന്ന പദ്ധതിയാണ ഇത്. പഴയതുപോലെയല്ല, ബഹിരാകാശ ദൗത്യത്തിൽ അമേരിക്കയുടെ പാർട്ടണറായും ഇന്ത്യ മാറിയിരിക്കയാണ്. നമ്മുടെ സാറ്റലൈറ്റ് ടെക്ക്നോളജിയിൽ അടക്കം ഇതിന്റെ ഗുണങ്ങൾ പ്രകടമാവും. ഇനി ചന്ദ്രനിലേക്ക് ഐസ്ആർഒ മനുഷ്യനെ അയക്കുന്ന ദൗത്യം കൂടി പ്രഖ്യാപിക്കപ്പെടുന്നയോടെ, ലോകത്തിന്റെ ബഹിരാകാശ ഭൂപടത്തിലും ഇന്ത്യ എന്നേന്നുക്കുമായി അടയാളപ്പെടുത്തപ്പെടും.
വാൽക്കഷ്ണം: പണ്ടൊക്കെ ഇന്ത്യ ഇതുപോലത്തെ എന്തെങ്കിലും ബഹിരാകാശ ദൗത്യം നടത്തുമ്പോഴേക്കും കോടികളുടെ പട്ടിണിപ്പാവങ്ങൾ ഉള്ള നാട്ടിൽ, എന്തൊരു ധുർത്താണ് എന്നു പറഞ്ഞ് ചില ഇടതുപക്ഷ ബുജികളുടെ നിലിവിളി കേൾക്കാമായിരുന്നു. ഇപ്പോൾ അവർക്കും നേരം വെളുത്തുഎന്ന് തോന്നുന്നു.