- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ഇ മെയിലുമില്ല; സോഷ്യൽ മീഡിയയോടും വിമുഖത; ഏഴാം വയസിൽ സിനിമയെടുത്ത പ്രതിഭ; ബ്ലാക്ക്ഹോളിന്റെ പോലും കൃത്യമായ ഇമേജ് ഉണ്ടാക്കി; ഗ്രാഫിക്സില്ലാതെ ഓപ്പൺ ഹൈമറിൽ അണു വിസ്ഫോടനം; സിനിമ കമ്പ്യൂട്ടറിന്റെതല്ല, സംവിധായകന്റെതാണെന്ന ഉറച്ച പ്രഖ്യാപനം; ക്രിസ്റ്റർഫർ നോളന്റെ വേറിട്ട ജീവിതം
ക്രിസ്റ്റർഫർ നോളൻ! ആ രണ്ട് വാക്ക് മാത്രം മതി, ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ ആവേശക്കൊടുമുടിയിൽ എത്തിക്കാൻ. തീർത്തും അസാധാരണമായ സിനിമാ അനുഭവങ്ങളാണ് നോളൻ ചിത്രങ്ങൾ. സമയ കാലങ്ങൾ കൊണ്ടുള്ള കുഴമറിച്ചിലും, നോൺ ലീനിയർ ആഖ്യാനശൈലിയും, ബ്ലാക്ക് ആൻഡ് വൈറ്റും കളറും മാറിമാറിവരുന്ന പാറ്റേണും, കമ്പ്യൂട്ടർ ഗ്രാഫിക്‌സുകൾ ഉപയോഗിക്കാതെ നേരിട്ടുള്ള ചിത്രീകരണവുമൊക്കെയായി, ലോക ചലച്ചിത്രപ്രേമികൾക്കിടയിൽ കൾട്ട് ആയി മാറിയ ഒരു സംവിധായകനാണ് അദ്ദേഹം. ഫ്രെയിമിലും കോമ്പോസിഷനിലുമൊക്കെ ഈ പ്രതിഭയെ അനുകരിക്കുന്നവരിൽ മലയാളത്തിലെ ന്യൂജൻ സംവിധായകർവരെയുണ്ട്.
ഇന്റർസ്‌റ്റെല്ലാർ, ഡൻകിർക്ക്, ടെനറ്റ്, ബാറ്റ്മാൻ സീരീസ് തുടങ്ങിയ നോളന്റെ മൂൻകാല ചിത്രങ്ങൾ ആ പ്രതിഭക്ക് അടിവരയിടുന്നു. ക്രിസ്റ്റഫർ നോളനാണ് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവുംമികച്ച സംവിധായകനെന്ന് വിശ്വസിക്കുന്നവരാണ് കോടിക്കണക്കിന് സിനിമാപ്രേമികൾ. ലോകത്താകമാനം അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചിത്രങ്ങൾ കലക്ട് ചെയ്തത് 500 കോടിയിലേറെ യുഎസ് ഡോളർ. ഓസ്‌കർ, ബാഫ്ത, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾക്ക് ഒട്ടേറെ തവണ നാമനിർദ്ദേശം ലഭിച്ചിട്ടുമുണ്ട്. ടൈം മാഗസിൻ തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 പേരുടെ പട്ടികയിലും നോളൻ ഇടംപിടിച്ചു.
ഫിലിം സ്‌കൂളിൽ പോകാത്ത ഫിലിം എന്താണെന്ന് പഠിക്കാത്ത അയാളുടെ ചിന്തകളിൽ നിന്നും ജനിച്ച കഥകളും കഥാപാത്രങ്ങളും ഇന്ന് സിനിമാപ്രേക്ഷരെ കീഴ്‌പെടുത്തുന്നു. സയൻസ് ഫിക്ഷൻ സിനിമകൾക്ക് പുതിയൊരു അദ്ധ്യായം സൃഷ്ട്ടിച്ച അയാളുടെ പേര് ഏതൊരു സിനിമ പ്രേമിയും പെട്ടെന്നു തിരിച്ചറിയും, സിനിമ വളരുന്നത് പരീക്ഷണങ്ങളിലൂടെയാണെങ്കിൽ ആ പരീക്ഷണങ്ങൾക്ക് എന്നും മുന്നിൽ നിൽക്കുന്നയാൾ നോളനാണ്, അയാൾക്ക് വേണ്ടി പുതിയ ക്യാമറകൾ സൃഷ്ടിക്കപ്പെടുന്നു, അയാളുടെ വിഷനനുസരിച്ച് പുതിയ തീയേറ്റുകൾ നിർമ്മിക്കപ്പെടുന്നു, അതിന് വേണ്ടി പ്രേക്ഷകർ വാശി പിടിക്കുന്നു. ഇപ്പോൾ അണുബോബിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഓപ്പൺ ഹൈമർ ചിത്രം അതേപേരിൽ നോളൻ സിനിമാക്കിയതോടെ, ലോകം 70 എംഎം ഐമാക്്‌സ് തീയേറ്ററിലേക്ക് മാറുകയാണ്.
സ്റ്റീവൻ സ്പിൽബർഗ്, ജെയിസ് കാമറൂൺ, ക്രിസ്റ്റഫർ നോളൻ... ഈയിടെ സിഎൻഎൻ നടത്തിയ ഒരു തെരഞ്ഞടുപ്പിൽ സമകാലീന ലോകത്തെ ഏറ്റവും സ്വാധീച്ച മൂന്ന് സംവിധായകനായി കണ്ടെത്തിയത് ഇവരെയാണ്. പക്ഷേ ആദ്യത്തെ രണ്ടുപേരിൽനിന്ന് തീർത്തും വ്യതസ്തനാണ് നോളൻ. അസാധാരണങ്ങളിൽ അസാധാരണമാണ് അദ്ദേഹത്തിന്റെ ജീവിതം.
7ാം വയസിൽ ആദ്യ സിനിമ!
1970 ജൂലൈ 30ന് ലണ്ടനിലാണ് ക്രിസ്റ്റഫർ നോളൻ ജനിച്ചത്. ബ്രിട്ടീഷുകാരനായിരുന്ന അച്ഛൻ ബ്രെൻഡൻ നോളന്റെ ജോലി പരസ്യത്തിന്റെ പകർപ്പെഴുത്തായിരുന്നു. അമേരിക്കക്കാരിയായ അമ്മ ക്രിസ്റ്റീന എയർ ഹോസ്റ്റസായിരുന്നു. ഷിക്കാഗോയിലും ലണ്ടനിലുമായി ക്രിസ്റ്റഫറിന്റെ ബാല്യം വിഭജിക്കപ്പെട്ടു. അതുകൊണ്ട് തന്നെ നോളന് രണ്ട് രാജ്യങ്ങളിലേയും പൗരത്വമുണ്ട്. മാത്യൂവെന്നും ജെനാഥൻ എന്നും രണ്ടു സഹോദരങ്ങൾ ഉണ്ട് ക്രിസ്റ്റഫറിന്. കുട്ടിക്കാലം തൊട്ടേ ശരിക്കും ഒരു സിനിമാ കുടുംബമാണ് ഇവർ. ഒന്നിച്ച് എഴുതി സിനിമയുണ്ടാക്കുകയായിരുന്നു അവരുടെ ഹോബി.
മൂന്ന് സഹോദരന്മാരും സിനിമാ ഭ്രാന്തന്മാർ ആയിരുന്നു. സ്റ്റാർ വാർസ്, ദി സ്‌പേസ് ഒഡീസി തുടങ്ങിയ സിനിമകളിൽ പ്രചോദനം ഉൾകൊണ്ട് ഏഴാമത്തെ വയസിൽ ഒരു നോളൻ കുട്ടി ഒരു സിനിമ നിർമ്മിച്ചു, അതും തന്റെ അച്ഛന്റെ സൂപ്പർ 8 ക്യാമറ ഉപയോഗിച്ച്. അതിലേക്ക് സഹോദരനായ ജോനാഥനെ കാസ്റ്റ് ചെയ്തു. കളിമണ്ണ്, മാവ്, ടോയ്‌ലറ്റ് റോളുകൾ എന്നിവയിൽ നിന്ന് സെറ്റുകൾ നിർമ്മിച്ചു. നാസയിൽ അപ്പോളോ റോക്കറ്റുകൾക്കായി ഗൈഡൻസ് സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ അമ്മാവൻ അദ്ദേഹത്തിന് ചില വിക്ഷേപണ ദൃശ്യങ്ങൾ അയച്ചുകൊടുത്തു അത് സ്‌ക്രീനിൽ നിന്ന് വീണ്ടും ചിത്രീകരിച്ച് മുറിച്ചെടുത്ത് തന്റെ സിനിമയിൽ ഉപയോഗിച്ചു. അങ്ങനെ ആ കുട്ടി തന്റെ സിനിമ പൂർത്തിയാക്കി. നോക്കണം, വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് എത്ര ശരിയാണ്. ഒരു ഫിലിം സ്‌കൂളിലും പോകാതെ, ഫിലിം എന്താണെന്ന് അറിയുകപോലുമില്ലാതെയാണ് അവൻ സിനിമയെടുത്തത്. ആ പടം കണ്ട അന്ന് അവന്റെ അദ്ധ്യാപകർ ഞെട്ടിപ്പോയിട്ടുണ്ട്. പതിനൊന്നാം വയസ്സിൽ ഒരു പ്രൊപഷണൽ ചലച്ചിത്രകാരനാകാൻ താൻ തീരുമാനിച്ചതായി അപൂർവമായി നൽകിയ അഭിമുഖങ്ങളിൽ ക്രിസ്റ്റഫർ നോളൻ പറയുന്നു. അന്ന് കൂടെക്കൂടിയ സഹോദരൻ ജൊനാഥൻ ഇന്നും നോളനൊപ്പമുണ്ട്. അവർ രണ്ടുപേർക്കും ചേർന്ന് മികച്ച തിരക്കഥക്ക് അടക്കം അവാർഡുകൾ കിട്ടിയിട്ടുമുണ്ട്.
ഹെയ്‌ലീബെറി ആൻഡ് ഇംപീരിയൽ സെർവീസ് കോളേജിൽ നിന്നായിരുന്നു നോളന്റെ വിദ്യാഭ്യാസം. പിന്നീട് ലണ്ടൻ യൂനിവേഴ്‌സിറ്റി കോളേജിൽ (യുസിഎൽ) നോളൻ ബിഎ ഇംഗ്ലിഷിന് ചേർന്നു. അവിടുത്തെ ഫ്‌ളാക്‌സ്മാൻ ഗ്യാലറി നോളൻ തന്റെ വിഖ്യതമായ ഇൻസെപ്ഷനിലെ ഒരു രംഗത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്റ്റീൻബാക്ക് എഡിറ്റിങ് സ്വീറ്റും 16 എംഎം ക്യാമറകളുമടക്കം യുഎസിഎല്ലിലെ ചലച്ചിത്ര സൗകര്യങ്ങളായിരുന്നു നോളെനെ അവിടേക്ക് ആകർഷിച്ചത് കോളേജ് യൂണിയന്റെ ഫിലിം സൊസൈറ്റി പ്രസിഡന്റായിരുന്നു അവൻ. കാമുകിയായിരുന്ന എമ്മ തോമസുമായി ചേർന്ന് 35 എംഎം ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും ലഭിച്ച പണമുപയോഗിച്ച് അവധിക്കാലത്ത് 16 എംഎം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു. എമ്മയും ജീവിതത്തിലും സിനിമാ നിർമ്മാണത്തിലും ഇപ്പോഴും നോളന്റെ കൂടെയുണ്ട്.
ഒറ്റ ഷോർട്ഫിലിമിലൂടെ ലോകം ശ്രദ്ധിച്ചു
ഒറ്റ ഷോർട്ട്ഫിലം കൊണ്ട് ലോകം ശ്രദ്ധിച്ച സംവിധായകനാണ് ക്രിസ്്റ്റഫർ നോളൻ. അതാണ് 1997ലെ 'ഡൂഡിൾബഗ്ഗ്'. ചിത്രം തുടങ്ങുമ്പോൾ മുതൽ ഒരു മനുഷ്യൻ ഒരു കുഞ്ഞു പ്രാണിയെ കൊല്ലാനായി പുറകെ പായുകയാണ്. കുറെ ശ്രമങ്ങൾക്ക് ശേഷം അയാൾ അതിനെ കൊല്ലുന്നു. എന്നാൽ പിന്നീടാണ് അത് അയാളുടെ തന്നെ മിനിയേചർ ആണെന്ന് മനസ്സിലാകുന്നത്. വെറും 3 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഷോർട് ഫിലിം ക്രിസ്റ്റഫർ നോളൻ ഭാവിയിലെ പ്രേക്ഷകർക്ക് എന്താണ് കരുതിവച്ചിരിക്കുന്നതെന്നു കൃത്യമായി എടുത്തു കാണിക്കുന്നതാണ്. ഇത് അക്കാലത്ത് വലിയ ചർച്ചയായി. തുടർന്ന് നോളന് അവസരവും കിട്ടി.
1998 ലാണ് ആദ്യമായി നോളൻ പ്രൊഫഷണൽ സിനിമാ സംവിധാനരംഗത്തേക്ക് കടക്കുന്നത്. 3000 പൗണ്ട് ഉപയോഗിച്ച് ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഫോളോവിങ് ആണ് ആദ്യ ചിത്രം. ഇതിന് ചിത്രത്തിന് മികച്ച അഭിപ്രായം നിരൂപകരിൽ നിന്ന് ലഭിച്ചു. എന്നാൽ തന്റെ രണ്ടാം സിനിമയായ മെമെന്റോ ആണ് നോളൻ എന്ന സംവിധായകന്റെ സ്ഥാനം ജനങ്ങൾക്കിടയിൽ അടയാളപ്പെടുത്തിയ ചിത്രം. ഷോർട് ടെം മെമ്മറി ലോസ് ഉള്ള ഒരാൾ തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കൊലയാളിയെ തേടിയുള്ള യാത്രയാണ് സിനിമ. എന്നാൽ അത്ര എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാൻ കഴിയുന്നതല്ല നോളന്റെ ഈ പ്രതികാര കഥ. റിവേഴ്‌സ് ക്രോണോളജിയിൽ സീനുകൾ ഡിസോഡർ ആക്കി ബ്ലാക്ക് ആൻഡ് വൈറ്റും കളറും ഇടകലർന്നാണ് നോളൻ മെമെന്റോ അവതരിപ്പിച്ചത്. 20002009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട ഈ ചിത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും, 74ാമത് അക്കാദമി അവാർഡിലേക്ക് മികച്ച തിരക്കഥക്കുള്ള നാമനിർദ്ദേശവും നോളൻ നേടി.
മെമെന്റോയുടെ വിജയം നോളനെ വാർണർ ബ്രോതെര്‌സ് എന്റർടൈന്മെന്റിലേക്ക് എത്തിച്ചു. പിന്നീട് റ്റെനെറ്റ് വരെ വാർണർ ബ്രതേഴ്‌സുമായി ചേർന്ന് നോളൻ അത്ഭുതങ്ങൾ നിർമ്മിച്ചു. 2002ൽ വലിയ മുതൽ മുടക്കിൽ നിർമ്മിച്ച് മികച്ച് വിജയം നേടിയ ഇൻസോംനിയ സംവിധാനം ചെയ്തു. തുടർന്ന് വാർണർ ബ്രോസിനു വേണ്ടി ബാറ്റ്മാൻ സിനിമാ ത്രയമായ, ബാറ്റ്മാൻ ബിഗിൻസ്(2005), ദ ഡാർക്ക് നൈറ്റ്(2008), ദ ഡാർക്ക് നൈറ്റ് റൈസസ്(2012) എന്നിവ സംവിധാനം ചെയ്തു. ഇതിനു പുറമേ ജനപ്രീതിയും പ്രേക്ഷക പ്രശംസയും ഒരുമിച്ച് നേടിയ ശാസ്ത്ര കൽപിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്(2006), ഇൻസെപ്ഷൻ(2010), ഇന്റർസ്‌റ്റെല്ലാർ (2014) എന്നിവയും നോളൻ പുറത്തിറക്കി. രണ്ടാം ലോകമഹായുദ്ധത്തിലെ ഡൺകിർക്ക് ഒഴിപ്പിക്കലിനെ ആസ്പദമാക്കിയെടുത്ത, 2017 ജൂലൈയിൽ പുറത്തിങ്ങിയ ഡൺകിർക്കും ഏറെ ശ്രദ്ധേയാമായി.
ബ്ലാക്ക്‌ഹോളിനെ മാന്വലായി സൃഷ്ടിച്ചു
സിനിമ സംവിധായകന്റെ സൃഷ്ടിയാണ്, കമ്പ്യൂട്ടറിന്റേതല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സംവിധായകനാണ് ഇദ്ദേഹം. സിജിഐയിൽ (കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഇമേജറി) എന്ത് അദ്ഭുതങ്ങളും സൃഷ്ടിക്കാൻ കെൽപുള്ള അനേകർക്കു പഞ്ഞമില്ലാത്ത ഹോളിവുഡിൽ അതു വേണ്ടെന്നു വയ്ക്കാൻ അസാമാന്യമായ ചങ്കുറപ്പും തന്റേടവും വേണം. ഓപ്പൺ ഹൈമർ സിനിമയിലെ ആ അണവ പരീക്ഷണത്തിന്റെ ഘട്ടത്തിൽ സ്വയം തീപ്പിടിച്ചെന്നപോലെ പ്രേക്ഷകർക്ക് തോന്നിടത്ത് കാണം നോളൻ മാജിക്ക്.
അതിനാൽ കൂടുതലും ഫിലിമിൽ ഷൂട്ട് ചെയ്ത് വിഷ്വൽ എഫക്ട് മാക്‌സിമം കുറച്ച് പ്രാക്ടിക്കൽ എഫൊർട്‌സിലൂടെ ഓരോ സീനും പെർഫെക്റ്റ് ആക്കാൻ ആണ് അയാൾക്ക് കൂടുതൽ താല്പര്യം. ഇൻസെപ്ഷനിലെ ഹാൾ വേ ഫൈറ്റ് സീൻ പ്രാക്ടിക്കൽ എഫ്‌ഫോർട്‌സ് കൊണ്ട് നോളൻ ക്രിയേറ്റ് ചെയ്ത ഒരു വിസ്മയം ആണ്. ആ സീനിനായി ഒരു സെറ്റ് നിർമ്മിച്ചു അതിനെ റോട്ടെറ്റ് ചെയ്താണ് സൂക്ഷ്മമായി ആണ് നോളൻ ആ സീൻ പെർഫെക്ഷനിൽ എത്തിച്ചത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായാണ് ബ്ലാക്ക് ഹോളിന്റെ ചിത്രം ശാസ്ത്രജ്ഞർ പകർത്തിയത്. എന്നാൽ അതിൽപ്പരം എല്ലാവരെയും ഞെട്ടിച്ചത് ഇന്റെർസ്‌റ്റെല്ലാർ എന്ന ചിത്രത്തിനായി ക്രിസ്റ്റഫർ നോളൻ ഉണ്ടാക്കിയ ബ്ലാക്ക് ഹോളിന്റെ ഇമേജിനോട് വളരെയധികം സാമ്യത തോന്നുന്നതായിരുന്നു ശരിക്കുമുള്ള ബ്ലാക്ക് ഹോൾ! എന്തൊരു ഭാവന.
ചിത്രത്തിനായി കിപ് തോർൺ എന്ന ഫിസിസിസ്‌റ്‌നെയും ഒരുകൂട്ടം റിസേർച്ചേഴ്‌സിനെയും നോളൻ ചുമതലപ്പെടുത്തിയിരുന്നു. വളരെ സൂക്ഷ്മമായ പരിശോധനകൾക്കും കണ്ടെത്തലുകൾക്കും ശേഷമാണ് നോളനും സംഘവും സിനിമയിൽ നമ്മൾ കണ്ട ബ്ലാക്ക് ഹോളിന്റെ രൂപത്തിലേക്ക് എത്തിപ്പെട്ടത്. ഡാർക്ക് നൈറ്റിൽ ട്രക്ക് മറിച്ചതും, ടെനറ്റിനായി ഒരു വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റിയതും ഇപ്പോഴിതാ ഓപ്പൺഹൈമറിനായി വിഎഫ്എക്‌സില്ലാതെ ന്യൂക്ലിയർ സ്‌ഫോടനം സൃഷ്ടിച്ചതും അയാൾ തന്നെ.
സയൻസ് ഫിക്ഷൻ സിനിമകിൽ മാത്രം ഒതുക്കപ്പെടേണ്ട പേരല്ല നോളൻ കാരണം ഏറ്റവും മികച്ച സൂപ്പർ ഹീറോ ഫ്രാഞ്ചൈസുകളിൽ ഒന്നായ ബാറ്റ്മാൻ സീരീസ് നോളന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. ട്രഡീഷണൽ സ്റ്റന്റും, മിനിയേച്ചർ എഫക്ടുകളും കൊണ്ട് സിജിഐ കഴിവതും കുറച്ചു വളരെ റിയലിസ്റ്റിക് ആയി ആണ് നോളൻ ബാറ്റ്മാനെ അവതരിപ്പിച്ചത്. ഒരു പെർഫക്ട് ട്രിലജി എന്ന് ആ സീരീസിനെ വിളിക്കാൻ ഏത് സിനിമാപ്രേമിക്കും കഴിയും. കൂടാതെ ജോക്കർ എന്ന എക്കാലത്തെയും ആരാധകരുള്ള വില്ലൻ കഥാപാത്രത്തെയും നോളൻ ബാറ്റുമാനിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.
എന്താണ് നോളൻ ശൈലി
ടൈം എന്ന കോൺസെപ്ടിനെ ഇത്രയധികം ഡീപ്പ് ആയി എക്‌സ്‌പ്ലോർ ചെയ്ത മറ്റൊരു സംവിധായകൻ ഇല്ലെന്ന് തന്നെ പറയാം. കാരണം നോളൻ എന്ന സംവിധായകന്റെ ഓരോ ചിത്രത്തിലും ടൈം എന്ന എലമെന്റിന് എന്തെങ്കിലും തരത്തിൽ കഥപറച്ചിലിൽ റോൾ ഉണ്ടാകും. നോൺ ലീനിയർ നരേറ്റീവും, പാസ്റ്റും പ്രെസെന്റും ഇടകലർത്തിയുള്ള കഥ പറച്ചിലും, സമയത്തെക്കുറിച്ച് ആർക്കും നിർവചിക്കാൻ കഴിയാത്ത തരത്തിലൊരു ഡീറ്റയിലിങ്ങും അയാളുടെ സിനിമയിലുണ്ടാകും. ഒട്ടും സ്പൂൺഫീഡിങ് ഇല്ലാതെ ഒരു സയൻസ് പുസ്തകം മനസിലാക്കിയെടുക്കുന്ന ജാഗ്രതയോടെ വേണം ഓരോ പ്രേക്ഷകനും അത് വായിച്ചെടുക്കാൻ. പ്രേക്ഷകരെ ഒന്നിലധികം വട്ടം അയാളുടെ സിനിമകിലേക്ക് അടുപ്പിച്ചു ഓരോതവണയും ഓരോ പുതിയ കണ്ടെത്തലുകൾ കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുകയും അയാളുടെ ചിത്രങ്ങൾ ചെയ്യാറുണ്ട്. സിനിമ ഗൗരവമായി കാണേണ്ടതാണെന്നും അതിൽ സമയത്തിലെന്ന പോലെ ആഴത്തിലേക്ക് കടന്നിരിക്കേണ്ടത് ആണെന്നും അയാളുടെ ചിത്രങ്ങൾ ഓരോ തവണയും പ്രേക്ഷകനോട് ആവർത്തിച്ചു.
നോളൻ സിനിമകൾ പല തരത്തിൽ ആകും ഓരോ പ്രേക്ഷകനും മനസ്സിലാക്കിയിട്ടുണ്ടാകുക, അതിന്റെ വ്യത്യസ്ത അർത്ഥതലങ്ങൾ കണ്ടുപിടിച്ചു ഡീകോഡ് ചെയ്‌തെടുക്കാനായി പലരും പല വഴികളാകും കണ്ടെത്തുന്നത്. ചിലപ്പോൾ ഒരു നോളൻ സിനിമ മുഴുവനായി മനസ്സിലാക്കാൻ സാധിച്ചില്ലെന്നും വരാം. അല്ലാതെ വെറുതെ കണ്ടിരിക്കാൻ മാത്രമുള്ള ചിത്രങ്ങളല്ല നോളൻ ചിത്രങ്ങൾ. സിനിമ ഒരു ഗൗരവമേറിയ കലാസൃഷ്ടിയാണെന്നും, തന്റെ പ്രേക്ഷകരെ തനിക്ക് ഒത്തവർ ആയാണ് കാണുന്നതെന്നും നോളൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
നോളൻ വികാരങ്ങളെ കോർത്തിണക്കുന്ന സീനുകൾ അമ്പരപ്പിക്കുന്നതാണ്. നിങ്ങൾക്ക് പ്രപഞ്ചത്തിൽ ഇല്ലാത്ത ,ഭാവനയിൽ ഉള്ളതെല്ലാം എഴുതാം.അതെല്ലാം കമ്പയൂട്ടർ ചെയ്തു തരും.എന്നാൽ അതിലോലമായ വികാരം എഴുതി, അതു ചിത്രീകരിച്ച്, പ്രേക്ഷകന്റെ കണ്ണിൽ ഒരു ജലകണം സൃഷ്ടിക്കാൻ സാധിച്ചാൽ അതാണ് വിജയം. നോളൻ മാജിക്ക് കിടക്കുന്നത് അവിടെയാണ്.
സെൽ ഫോണില്ല, മെയിലില്ല
സ്വകാര്യ ജീവിത്തിലും തീർത്തും വ്യതസ്തനാണ് ക്രിസ്റ്റഫർ നോളൻ. ഈ ആധുനിക കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഒരാളെ കാണിച്ചുതരാൻ പറ്റുമോ. പക്ഷേ നോളൻ അങ്ങനെയാണ്. ഒരിക്കൽ വാർണർ ബ്രോസ്, ഒരു ഇമെയിൽ വിലാസം നൽകിയെങ്കിലും കുറേ കാലത്തേക്ക് നോളൻ ഇതിനെ കുറിച്ച് ബോധവാനായിരുന്നില്ല. പിന്നീട് തനിക്ക് ധാരാളം മെയിലുകൾ, പ്രധാനപ്പെട്ട വ്യക്തികളിൽ നിന്നും അല്ലാത്തതുമായി കിട്ടാറുണ്ടെന്നും എന്നാൽ താനത് പരിഗണിക്കാറില്ലെന്നും നോളൻ പറയുകയുണ്ടായി. താനുമായി ബന്ധപ്പെട്ടാൻ മെയിലയച്ചിട്ട് കാര്യമില്ലെന്നും നോളൻ വ്യക്തമാക്കി. സെൽഫോൺ വിഷയത്തിൽ താൻ പിന്തിരിപ്പൻ വാദിയോ സാങ്കേതികവിദ്യാ വിരോധിയോ അല്ലെന്നും താൽപര്യമില്ലാത്തതു കൊണ്ടാണ് ഉപയോഗിക്കാത്തതെന്നും നോളൻ വ്യക്തമാക്കിയിട്ടുണ്ട്. 1997ൽ ലോസ് ആഞ്ചലസിൽ താമസം ആരംഭിക്കുമ്പോൾ ആരും മൊബൈൽ ഉപയോഗിച്ചിരുന്നില്ലെന്നും, പിന്നീട് അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമാണ് മൊബൈൽ ഉപയോഗിക്കാത്തതിനുള്ള കാരണമായി നോളൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഒരുപക്ഷേ സദാ സ്‌പേസിനെക്കുറിച്ചും, ടൈമിനെക്കുറിച്ചുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്ന നോളന്, സെൽഫോൺ ഒക്കെ വെറും ചീള് കേസായി തോന്നിയിരിക്കാമെന്നും ആരാധകർ പറയാറുണ്ട്. ഗ്രാഫിക്‌സുകൾ ഇല്ലാതെ, സിനിമ പിടിക്കണം എന്ന ലൈവായ നിർബന്ധ ബുദ്ധിപോലെയാണിതും. സോഷ്യൽ മീഡിയയിലും നോളൻ സജീവമല്ല. ഇതുകൊണ്ടൊക്കെ മസിലുപിടുത്തക്കാരനായ ഒരു ബുജി എന്ന് കരുതേണ്ട. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന, സൗഹൃദങ്ങളും, യാത്രകളും, ഇഷ്ടപ്പെടുന്ന ശാന്ത സ്വഭാവിയാണ് നോളൺ. നോളന്റെ സന്തത സഹചാരിയായി ഭാര്യ എമ്മ കൂടെയുള്ളതുകൊണ്ട് എന്തുകാര്യത്തിനും അവരെയാണ് സുഹൃത്തുക്കൾ അടക്കമുള്ളവർ ബന്ധപ്പെടുക. കോളജ് കാലത്ത് പരിചയപ്പെട്ട എമ്മ തോമസിനെയാണ് നോളൻ വിവാഹം ചെയ്തിരിക്കുന്നത്. നാലുകുട്ടികളുള്ള ഈ ദമ്പതികൾ ഇപ്പോൾ ലോസ് ആഞ്ചലസിലാണ് താമസിക്കുന്നത്
ഗ്രാഫികിസില്ലാതെ അണുവിസ്‌ഫോടനം
ഇപ്പോൾ നോളൻ ഓപ്പൺ ഹൈമർ എന്ന ചിത്രത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കയാണ്. 1945ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ന്യൂക്ലിയർ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്‌ഫോടനമായ ട്രിനിറ്റി ടെസ്റ്റ് പൂർണ്ണമായും സിജിഐ ഇല്ലാതെ പുനഃസൃഷ്ടിച്ചത് വലിയ വാർത്തയായിരുന്നു. 70 എംഎം ഐമാക്‌സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം അടക്കമുപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഓപ്പൺഹൈമറിനുണ്ട്. ചിത്രത്തിനു വേണ്ടി നോളൻ ബോംബ് സ്‌ഫോടനംതന്നെ നടത്തിയെന്ന ചിലരുടെ വാദങ്ങളെ സംവിധായകൻതന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
നോളന്റെ ഈ ഏറ്റുമുട്ടുൽ, സാങ്കേതികവിദ്യയും കലയും തമ്മിലാണെന്ന് വരെയുള്ള ചർച്ചകൾ ഓപ്പൺ ഹൈമർ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ചാൽ മാത്രമേ മികച്ച സിനിമയുണ്ടാവൂ എന്ന തെറ്റിദ്ധാരണ ലോകമെങ്ങുമുള്ള സിനിമാ സാങ്കേതിക വിദഗ്ദ്ധർക്കുണ്ട്. ഒരു മൊബൈൽ ഫോൺ കൊണ്ടുപോലും സിനിമയെടുക്കാവുന്ന കാലമാണ്. എന്നാൽ കോടികൾ ചെലവഴിച്ച് സിജിഐയും ഗ്രാഫിക്‌സും കുത്തിനിറച്ചാലേ മികച്ച സിനിമയുണ്ടാവൂ എന്ന് സാങ്കേതികവിദഗ്ദ്ധർ തന്നെ ഇങ്ങു മലയാളസിനിമയിൽ പോലും പറഞ്ഞുപരത്തുന്നുണ്ട്. ഇതിനിടയിലാണ് നോളൻ സിജിഐ ഇല്ലാത്ത സിനിമയുമായി എത്തന്നുത്്.
ഡിജിറ്റൽ സിനിമയേക്കാൾ മികച്ച ദൃശ്യാനുഭവം തരുന്ന ഐമാക്‌സ് 70 എംഎം, 35 എംഎം ഫിലിം പ്രിന്റുകളാണ് ഈ സിനിമക്കുള്ളത്. നമ്മുടെ നാട്ടിൽ കൊട്ടിഘോഷിക്കപ്പെടുന്ന 4 കെ സിനിമകളുടെ പത്തിരട്ടിയെങ്കിലും വ്യക്തതയും വലിപ്പവമുള്ള ഫോർമാറ്റാണ് ഐമാക്‌സ് 70 എംഎം ഫിലിം റീലുകളിലുള്ളത്. ഐമാക്‌സ് 70 എംഎം, 70 എംഎം ഫിലിം, 35 എംഎം ഫിലിം, സാധാരണ ഐമാക്‌സ് ഫോർമാറ്റ്, ഡോൾബി സിനിമ, 4കെ ഡിജിറ്റൽ സിനിമ എന്നീ ഫോർമാറ്റുകളിലാണ് നിലവിൽ ഓപ്പൺ ഹൈമർ തീയറ്ററുകളുലെത്തുന്നത്. ഇതിൽ ഏറ്റവും വലിപ്പമേറിയ ഫോർമാറ്റ് ഐമാക്‌സ് 70 എംഎം ആണ്. ഐമാക്‌സ് 70 എംഎം ഫോർമാറ്റിൽ ഓപ്പൻ ഹൈമർ സിനിമ ലോകത്തെ 30 തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്യുന്നത്. യുഎസ്സിൽ 19 തിയറ്ററുകൾ, കാനഡയിൽ 6 തീയറ്ററുകൾ, യുകെയിൽ 3 തീയറ്ററുകൾ, ഓസ്‌ട്രേലിയയിലും ചെക്ക് റിപ്പബ്ലിക്കിലും ഓരോ തിയറ്ററുകൾ എന്നിങ്ങനെയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇന്തയിയിൽ രണ്ടിടത്തേ ഇത് ഉള്ളൂ. ഇപ്പോൾ നോളന് വേണ്ടി ലോകത്തിലെ തീയേറ്ററുകൾ കൂടുതൽ ഐമാക്‌സിലേക്ക് മാറുകയാണ്.
സിനിമയുടെ ഫിലിം റോളിന്റെ ആകെ നീളം 11 മൈലാണെന്ന് ഔദ്യോഗിക ട്വീറ്റുകളിൽ പറയുന്നത്. 262 കിലോയാണ് ഫിലിംറോളുകളുടെ ആകെ ഭാരമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സിനിമ തീയറ്ററിൽ കാണുമ്പോൾ ഒരു ആറ്റംബോബ് നേരെ മുന്നിൽ പൊട്ടിത്തെറിക്കുന്നത് കണ്ണുകൾകൊണ്ട് നേരിട്ടുകാണുന്നതുപോലെ അനുഭവിച്ചറിയാം എന്ന് നോളൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആറ്റംബോംബിന്റെയും യുദ്ധത്തിന്റെയും മാത്രം കഥയിലേക്കല്ല, ഓപ്പൺഹൈമർ എന്ന മനുഷ്യന്റെ വികാരങ്ങളിലൂടെയാണ് നോളൻ ചിത്രം കൊണ്ടുപോവുന്നത്. കിലിയൻ മർഫി എന്ന നടൻ അസാധ്യമായ ഫോമിൽ ഓപ്പൺഹൈമറുടെ ഹർഷ സംഘർഷങ്ങളെ ഒപ്പിയെടുത്തിട്ടുണ്ട്. മർഫിക്ക് ഓസ്‌ക്കാർ പ്രതീക്ഷ നൽകുന്ന ചിത്രമാണിത്. നക്ഷത്രങ്ങൾ മരിക്കുന്നത് എങ്ങനെ എന്ന് പഠിക്കാനെത്തിയ ആ കൗമാരക്കാരനിൽനിന്ന്, ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ അണുബോബിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന പദവിയിലേക്കുള്ള വളർച്ചയിലെ അയാളുടെ മാനസിക സംഘർഷങ്ങൾ കൃത്യമായി സിനിമ കാണിക്കുന്നുണ്ട്. അവസാനം പ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കുമ്പോൾ, കമ്യൂണിസ്റ്റ് ചാരൻ എന്ന പേരിൽ വിചാരണ ചെയ്യപ്പെടുത്തുമെല്ലാം സിനിമ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്.
തന്റെ മൂൻകാല ചിത്രങ്ങളിലെപ്പോലെ ഇമോഷൻസ് കൊണ്ടാണ് നോളൻ ഇവിടെയും കളിക്കുന്നത്. അല്ലാതെ സാങ്കേതിക വിദ്യകൾകൊണ്ടല്ല. ടെനറ്റ് വരെ വാർണർ ബ്രദേഴ്‌സുമായി ചേർന്നു നിന്ന നോളൻ അവരുമായി തെറ്റിപ്പിരിഞ്ഞ് യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ഓപ്പൺ ഹൈമർ പുറത്തിറക്കുന്നത്.
ഇപ്പോഴിതാ, ലോകമെമ്പാടുമുള്ള നോളൻ ആരാധകരെ അടിമുടി ആവേശക്കൊടുമുടിയിലാഴ്‌ത്തുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കയാണ്. ഇതിഹാസമായി മാറിയ ജയിംസ് ബോണ്ട് സിനിമാപരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള അവസരം തേടിയെത്തിയിരിക്കുന്നത് സാക്ഷാൽ ക്രിസ്റ്റഫർ നോളനെയാണ്. ടെക്‌നോളജിയുടെ സർറിയൽ തലങ്ങളിലേക്കുകൂടി സിനിമയെ കൊണ്ടെത്തിക്കാൻ സാധിക്കുന്ന ക്രിസ്റ്റഫർ നോളൻ എങ്ങനെയായിരിക്കും ബോണ്ടിനെ കൈകാര്യം ചെയ്യുക എന്ന് അറിയാനായിരിക്കും ഇനി ആരാധകരുടെ കാത്തിരിപ്പ്.
വാൽക്കഷ്ണം: ഇത്രയൊക്കെ പ്രത്യകതകൾ ഉള്ള നോളൻ ചിത്രം പക്ഷേ ഇന്ത്യയിൽ എന്ത് വിവാദമാണ് ഉണ്ടാക്കിയത്. നഗ്‌നമായി ഭഗവദ് ഗീതവായിക്കുന്നുവെന്നൊക്കെ. ശരിക്കും നാണക്കേടാണ് കലാ സൃഷ്ടക്കുനേരെയുള്ള ഈ കുതിരകയറ്റം. പക്ഷേ അമേരിക്കയിലേക്ക് നോക്കു. ആ രാജ്യത്തെും, യുഎസ് പ്രസിഡന്റ് ട്രൂമാനെയടക്കം പ്രതിക്കൂട്ടിലാക്കിയിട്ടും ചിത്രത്തിന് പ്രദർശനവിലക്കോ ഭരണകൂട വേട്ടയോ നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയിൽ ആണെങ്കിൽ കാണാമായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട് ക്രിസ്റ്റഫർ നോളൻ അകത്തായേനെ!