പനാജി: വിജയനും പാപ്പച്ചനും കേരളാഫുട്ബോളിൽ നിറഞ്ഞു നിൽക്കുന്ന 90കളുടെ തുടക്കക്കാലം. പന്തുകൊണ്ട് ഇന്ദ്രജാലം നടത്തിയ ഇന്ത്യയെമ്പാടുമുള്ള കാൽപ്പന്തുഭാന്ത്രന്മാരുടെ അരുമായി ഇവർ മാറിയ സമയത്താണ്, ഗോവയുടെ ഗോഡ്ഫാദർ ചർച്ചിൽ അലിമാവോയുടെ കണ്ണിൽ ഇവരും പെട്ടത്. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്ന ആറാം തമ്പുരാനാണ് അലിമാവോ. സ്നേഹം കൊണ്ടും തോക്കുകൊണ്ടുമെല്ലാം കാര്യം നേടിയെടുക്കും. ഇന്ത്യയിലെ ഒരു ഫുട്ബോളർക്കും ഇതുവരെ കിട്ടാത്ത അത്ര മോഹവില പറഞ്ഞാണ് അലിമാവോ, വിജയനെയും പാപ്പച്ചനെയും തന്റെ ചർച്ചിൽ ബ്രദേഴ്സിലേക്ക് ക്ഷണിച്ചത്. ഇന്ത്യൻ താരങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ഇവർ ആണെന്ന് തുറന്ന് പറയാനും അദ്ദേഹം മടിച്ചില്ല. പക്ഷേ അപ്പോഴേക്കും വിജയൻ ഇസ്റ്റ് ബംഗാളുമായി കരാർ ഒപ്പിട്ടിരുന്നു. പൊലീസിൽ ഉന്നത റാങ്കിലേക്ക് നീങ്ങുന്നതിനാൽ ആ ജോലി വിടാൻ പാപ്പച്ചനും തയ്യാറയില്ല.

ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിച്ച് പഠിച്ച, അലിമാവോയുടെ ഹൃദയം തകർന്നു. ഇവർ തന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ അല്ലായിരുന്നെങ്കിൽ വാക്കിന് പകരം തോക്കായിരിക്കും ചിലപ്പോൾ സംസാരിച്ചിരിക്കുക. പക്ഷേ അലിമാവോ വിജയനെയും പാപ്പച്ചനെയും തന്റെ വീട്ടിൽ ഒപ്പം കൂട്ടി. എങ്ങനെയാണെന്നോ, ലക്ഷങ്ങൾ വിലയുള്ള രണ്ട് ലാബ്രഡോർ വേട്ടപ്പട്ടികളെ വാങ്ങി. എന്നിട്ട് പേരിട്ടു. ഒന്ന് പാപ്പച്ചൻ, മറ്റേത് വിജയൻ! വാസ്‌ക്കോയിലെ കൊട്ടാര സദൃശ്യമായ അലിമാവോയുടെ വീട്ടിൽ കുറേക്കാലം, പാപ്പച്ചന്റെയും വിജയന്റെയും പേര് മുഴങ്ങി.

അതാണ് ചർച്ചിൽ ബ്രാസ് അലിമാവോ. മരിയോപൂസോ ഗോഡ്ഫാദർ നോവലിന് ആധാരമാക്കിയ ലക്കി ലൂസിയാനോ, കപ്പോൺ എന്നീ അമേരിക്കൻ ഡോണുകളെപ്പോലെയുള്ള ഒരു റോബിൻഹുഡ് പ്രതിഛായയുള്ള ഗ്രേറ്റ് ഗോവൻ ഡോൺ. മദ്യവും കാസിനോയും, ക്രൂയിസുകളുംമൊക്കെയായി ഈ കുഞ്ഞൻ സംസ്ഥാനത്തെ, ഈ രീതിയിൽ വളർത്താമെന്ന് കണ്ടെത്തിയ തലതൊട്ടപ്പൻ.

അലിമാവോ ഗോവിലെ ബെനോളിമിലും പരിസരപ്രദേശങ്ങളിലും നാട്ടുരാജാവാണ് അക്ഷരാർഥത്തിൽ. ഇതിനിടെ പാട്ടെഴുത്തിലും നാടകമെഴുത്തിലുമൊക്കെ പയറ്റി. ഗോവൻ സിരകളിലെ ഫുട്‌ബോളിന്റെ ആവേശത്തെ രാഷ്ട്രീയമായി മാർക്കറ്റ് ചെയ്തു. ചർച്ചിൽ ബ്രദേഴ്സ് അടക്കമുള്ള ചെറുതും വലതുമായ മൂന്നാല് ഫുടബാൾ ക്ലബുകളുടെ ഉടമകൂടിയായ ഈ മുന്മുഖ്യമന്ത്രിക്ക് 72ാം വയസ്സിലും വിശ്രമമില്ല. ഈ ലോകകപ്പ് കാലത്ത് കളി ആസ്വദിച്ചും, പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞും അയാൾ സജീവമാണ്.

അഞ്ച് രൂപക്ക് തൊഴിലാളിയായി തുടക്കം

''ജൂഹുവിലും കൊളാബോയിലുമൊക്കെ അഞ്ചുരൂപക്ക് കഞ്ചാവ് വിറ്റുനടന്ന പാരമ്പര്യമില്ലേ തനിക്ക്'' എന്ന് സുരേഷ് ഗോപി ഏകലവ്യൻ സിനിമയിൽ ചോദിക്കുന്നപോലെ, എഴുനേറ്റ്നിന്ന് പഴയ കഥ ചർച്ചിൽ അലിമാവോയുടെ മുഖത്ത് നോക്കി ചോദിക്കാൻ ധൈര്യമുള്ള ആരും ഗോവയിൽ ഉണ്ടായിരുന്നില്ല. പത്താംക്ലാസും ഗുസ്തിയുമായെത്തി, ഗോവൻ അധോലോകത്തിന്റെ കടവിറങ്ങി, പടിപടിയായി ഒരു സംസ്ഥാനത്തിന്റെ തന്നെ മുഖ്യമന്ത്രിയായ അസാധാരണമായ കഥയാണ്, അലിമാവായുടേത്. പക്ഷേ ജന്മനാടായ വാസ്‌ക്കോയിൽ വന്ന് അലിമാവോയെ കുറ്റം പറഞ്ഞാൽ അടി കിട്ടും. കാരണം അത്രക്ക് ജനപ്രിയനാണ് അദ്ദേഹം.

1949 മെയ് 16ന് ചർച്ചിൽ അലിമാവോ ജനിക്കുമ്പോൾ ഗോവ, പോർച്ചുഗീസ് ഭരണത്തിൽ തന്നെ ആയിരുന്നു. ആറ് അംഗങ്ങൾ ഉള്ളകുടുംബത്തിലെ മൂത്തവൻ ആയിരുന്നു ചർച്ചിൽ. തന്റെ ബാല്യകാലത്തെക്കുറിച്ച് അധികം സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. മിക്ക അഭിമുഖങ്ങളിലും അലിമാവോ ആ ചോദ്യം ഒഴിവാക്കി വിടും. എന്തായാലും 62ൽ ഇന്ത്യൻ സർക്കാർ ഗോവയെ വിമോചിപ്പിക്കുന്നതുവരെയുള്ള പോർച്ചുഗീസ് കാലം തങ്ങൾക്ക് നല്ലയാതിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ പരാമർശിച്ചു കണ്ടു.

70കളിലെ അലിമാവോയുടെ യൗവനകാലം ദാരിദ്രത്തിന്റെയും കഷ്ടപ്പാടുകളുടേതുമായിരുന്നു. വെറും അഞ്ചുരൂപ മാസ ശമ്പളത്തിനാണ് അയാൾ ഒരു കമ്പനിയിൽ ജോലിക്ക് കയറിയത്്. പിന്നീട് വെൽഡറും നാവികനും ബോട്ടുടമയും രാഷ്ട്രീയക്കാരനുമൊക്കെയായി മാറി. അവിടെനിന്ന് ഉണ്ടാക്കിയ ബന്ധങ്ങൾവെച്ച് ഫിഷിംങ് മേഖലയിലേക്ക് തരിഞ്ഞതാണ് തനിക്ക് വഴിത്തിരിവായത് എന്നാണ് അലിമാവോ പറയുക.

കസ്റ്റംസ് കൊന്ന സഹോദരൻ

പക്ഷേ ഫിഷിങ്ങ് അലിമാവോക്ക് വെറും ഒരു മറ മാത്രമായിരുന്നു എന്നാണ് പൊലീസും കസ്റ്റസും പറയുക. മത്സ്യബന്ധനത്തിന്റെ മറവിൽ സ്വർണ്ണക്കടത്തായിരുന്നു പണി. 70കളിലും 80കളിലും ഇന്ത്യയിൽ ഉണ്ടായിരുന്നു, കടുത്ത കസ്റ്റംസ്- എക്സൈസ് ഡ്യൂട്ടി സത്യത്തിൽ തുണച്ചത് ഇത്തരക്കാരെയാണ്. സ്വർണം മാത്രമല്ല, ടേപ്പ് റിക്കോർഡറും വാച്ചും അടക്കം സകലസാധനങ്ങളും അലിമാവോയും സംഘവും ഇറക്കി. സഹോദരന്മാരും ബിസിനസിൽ പങ്കാളിയായതോടെ ഇറ്റാലിയൻ മാഫിയ മോഡലിൽ അവർക്ക് ശരിക്കും ഒരു ഡോൺ ഫാമിലിയായി. കുടുംബപരമായ ഇത്തരം ബിസിനസുകൊണ്ട് മറ്റ് ഒരു ഗുണം കൂടിയുണ്ട്. എല്ലാം ഒരു ടീം ആയതിനാൽ ഒറ്റുമെന്ന ഭയവും വേണ്ട.

പലതവണ പൊലിസിന്റെയും കസ്റ്റംസിന്റെയും നടപടി നേരിട്ടു. സെൻട്രൽ ജയിൽ ആൺകൂട്ടികൾക്ക് ഉള്ളതാണെന്നാണ് മൂപ്പരുടെ വാദം. ഷാർപ്പ് ഷൂട്ടർ കൂടിയായ അലിമാവോ, പലതവണ കടലിൽ കസ്റ്റസും കോസ്റ്റ്ഗാർഡുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇത്രയും ശല്യമായി മാറിക്കൊണ്ടിരിക്കുന്ന അയാളെ തീർത്തുകളയാൻ ഡൽഹിയിൽനിന്ന് ഉത്തരവ് ഉണ്ടായിരുന്നതായും പറഞ്ഞുകേട്ടു. പക്ഷേ അലിമാവോയെ അവർക്ക് കിട്ടിയില്ല. പകരം കൊന്നത് സഹോദരനെ ആയിരുന്നു.

വളർന്നതിനുശേഷം ജീവിതത്തിൽ ആദ്യമായി അലിമാവോ കരഞ്ഞ ദിവസമായിരുന്നു അന്ന്. 94ൽ കസ്റ്റസുകാർ അലിമാവോടെ ഇളയസഹോദരനും കൂട്ടത്തിലെ ഏറ്റവും കരുത്തനുമായ അൽവെർനാസ് അലിമാവോയെ കുത്തിക്കൊന്നു. ബോധപുർവമായ ഒരു ഏറ്റുമുട്ടൽ കൊലയാണെന്ന് അന്ന് ആരോപണ ഉയർന്നിരുന്നു. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്നാണ് ചർച്ചലിന്റെ ശൈലി. സഹോരന്റെ കൊലയിൽ പ്രതികൾ ആയവർ ഒന്നൊന്നായി കൊല്ലപ്പെട്ടത്, ഏവരെയും ഞെട്ടിച്ചു. അതിനുശേഷം അധികൃതർക്കും അലിമാവോയെ പേടിയായിരുന്നു.

എല്ലാ ഡോണുമാരെയുംപോലെ തനിക്ക് കിട്ടുന്നതിന്റെ ഒരു വീതം നാട്ടുകാർക്ക് കൊടുക്കാനും അവർ മറന്നില്ല. ബോട്ടിങ്ങിൽനിന്ന് പതുക്കെ ഹോസ്പിറ്റാലിറ്റി, വിനോദ വ്യവസായം, റിയൽ എസ്റ്റേറ്റ്, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളിലൂടെ അലിമാവോ കുടുംബം വളർന്നു. പക്ഷേ അപ്പോൾ അലിമാവോ മറ്റൊരു തീരുമാനം അറിയിച്ചു. ഇന്ത്യയിലേക്ക് ഏറ്റവും ലാഭമുള്ള ബിസിനസിലേക്ക് ഞാൻ ഇറങ്ങുകയാണ്. അതായത് രാഷ്ട്രീയത്തിലേക്ക്!

അരനൂറ്റാണ്ടിനുള്ളിൽ ആറ് പാർട്ടികൾ

ഇന്ത്യൻ എക്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ അലിമാവോ ഇങ്ങനെ പറയുന്നു. '' ഞാൻ ഒരിക്കലും ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. ജനങ്ങളുടെ നിർബന്ധം മൂലമാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്''. ഈ പറയുന്നതിൽ കാര്യം ഇല്ലാതില്ല. 80കളുടെ ആ സമയത്തൊക്കെ ചെറുപ്പക്കാർ വല്ലാതെ പൊലീസിനാലും കസ്റ്റസിനാലുമൊക്കെ വേട്ടയാടപ്പെട്ടിരുന്നു. അടിമുടി അഴിമതിയിൽ മുങ്ങിയ ഒരു ഭരണസംവിധാനമാണ് അവിടെ നിലനിന്നിരുന്നത്്. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥ. ജനങ്ങൾക്ക് പൊലീസിനേക്കാൾ വിശ്വാസം അലിമാവോ എന്ന വാക്കിന് വിലയുള്ള ഡോണിനെയായിരുന്നു. ക്രമേണെ വാസ്‌ക്കോയിലെ സമാന്തര കോടതിയായി ഇയാൾ വളർന്നു. വിഖ്യാതമായ ഗോഡ്ഫാദർ സിനിമയിൽ ബ്രാൻഡോയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അതിരാവിലെ തന്നെ വിവിധ ആവശ്യങ്ങൾക്കായി ആളുകൾ അദ്ദേഹത്തെ കാണാൻ വന്നുതുടങ്ങി. ചർച്ചിൽ പറഞ്ഞാൽ ആളുകൾ കേൾക്കും. സ്നേഹത്തോടെ പറയുക, പിന്നെ ഒന്ന് കടുപ്പിച്ച് പറയുക. മൂന്നാമത്തേതിന് തോക്ക് എടുക്കും എന്നാണ് അലിമാവോയെക്കുറിച്ച് എഴുതിയ ഒരു പുസ്‌കത്തിൽ ഗോവൻ ജേർണലിസ്റ്റ് മൈക്കൽ പരേര പറയുന്നത്.

അങ്ങോട്ടും ഇങ്ങോട്ടും കയറിക്കളിക്കുന്ന ഒരു സെന്റർ ഫോർവേഡിനെപ്പോലെയാണ് അലിമാവോയുടെ രാഷ്ട്രീയ ജീവിതം. ആര നൂറ്റാണ്ടുകൊണ്ട് ആറ് പാർട്ടികളാണ് മാറിയത്. അതിൽ അശേഷം നാണിക്കാനില്ലെന്നാണ് അലിമാവോയുടെ പക്ഷം. കാരണം താനാണ് പാർട്ടി. ''ഏത് പാർട്ടിയിൽ ചേർന്നാലും ഗോവയുടെ താൽപ്പര്യമാണ് എനിക്ക് മുഖ്യം. ജനങ്ങൾ എന്നെയാണ് നോക്കുന്നത്. പാർട്ടിയെ അല്ല''- അദ്ദേഹം ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. പ്രഫഷണൽ ഫുട്ബോളർ ക്ലബ്ബ് മാറുന്നതുപോലെയാണ് ചർച്ചിൽ അലിമാവോ എന്ന പ്രഫഷണൽ രാഷ്ട്രീയക്കാരൻ പാർട്ടി മാറുന്നത് എന്നാണ് ഗോവയിലെ ഒരു തമാശ. ഓരോ തിരഞ്ഞെടുപ്പും അലിമാവോയ്ക്ക് കൂറുമാറ്റത്തിന്റെ ട്രാൻസ്ഫർ കാലമാണ്. പക്ഷേ എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ അയാൾ പിടിച്ചു നിന്നു എന്നത് വേറെ കാര്യമാണ്.

19 ദിവസത്തെ മുഖ്യമന്ത്രി

യുണൈറ്റഡ് ഗോവൻ പാർട്ടിയിൽ നിന്ന് വേർപെട്ട് യുണൈറ്റഡ് ഗോവൻസ് ഡമോക്രാറ്റിക് പാർട്ടി ഉണ്ടാക്കിയാണ് അലിമാവോ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കോൺഗ്രസിലേക്കു കൂറുമാറി.1990 ൽ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും അതേ വർഷം തന്നെ മുഖ്യമന്ത്രി ആവുകയും ചെയ്തു. പക്ഷേ വെറും 19 ദിവസമാണ് ഭരിക്കാൻ കഴിഞ്ഞത്. പാർട്ടിയിലെ പടലപ്പിണക്കങ്ങൾ തന്നെ കാരണം. 2007 ൽ കോൺഗ്രസ് വിട്ട് സേവ് ഗോവാ ഫ്രണ്ട് ഉണ്ടാക്കി രണ്ട് സീറ്റു പിടിച്ചു. കോൺഗ്രസുമായി ചേർന്ന് ഭരണത്തിൽ പങ്കാളിയായി. 2008 ൽ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു.

2012 ചർച്ചിൽ കുടുംബത്തിന് മോശം വർഷമായിരുന്നു. കുടുംബത്തിലെ 4 പേർക്കാണ് അക്കുറി കോൺഗ്രസ് സീറ്റ് നൽകിയത്. അലിമാവോയെ കൂടാതെ മകളും രാഷ്ട്രീയ പിന്തുടർച്ചക്കാരിയുമായ വലൻക, അലിമാവോയുടെ സഹോദരൻ ജോക്വിം, ജോക്വിമിന്റെ മകൻ എന്നിവർ. 4 പേരും എട്ടുനിലയിൽ പൊട്ടി. 2014 ലെ തിരഞ്ഞെടുപ്പിൽ വലൻകയ്ക്കു പാർലമെന്റ് സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് അലിമാവോ കോൺഗ്രസ് വിട്ടു തൃണമൂൽ കോൺഗ്രസിൽ ചേർന്നു മത്സരിച്ചു തോറ്റു. 2016 ൽ തൃണമൂൽ വിട്ട് എൻസിപിയിൽ ചേർന്ന് തൊട്ടടുത്ത വർഷം പാർട്ടിയുടെ ഏക എംഎൽഎ ആയി. 2021 ൽ തിരികെ തൃണമൂലിലെത്തി.

2021ൽ അലിമാവോ മൽസരിക്കുന്ന ബെനോളിമിന്റെ തൊട്ടടുത്ത മണ്ഡലമായ നവേലിമിൽ സ്ഥാനാർത്ഥിയായി ചർച്ചിൽ ബ്രദേഴ്സ് ഫുട്ബോൾ ടീമിന്റെ സിഇഒ കൂടിയ മകൾ വലൻക. പക്ഷേ മകളും അച്ഛനും മകളും വലിയ തോതിൽ പണമെറിഞ്ഞു പ്രചാരണം നടത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. ബിജെപി വലിയതോതിൽ ജനങ്ങളെ ധ്രൂവീകരിച്ചു കഴിഞ്ഞുവെന്നാണ്് ഈ ഫലത്തോടെ അലിമാവോ വിലയിരുത്തിയത്. കോൺഗ്രസിനും, തൃണമൂലിനും, ആം ആദ്മിക്കും, ബിജെപിക്കും ഇടയിൽ വോട്ട് ഭിന്നിച്ചതാണ് സത്യത്തിൽ ചർച്ചിൽ അലിമോവാക്ക് വിനയായത്. മനോഹർ പരീക്കറിനെപ്പോലുള്ള ഒരു കരുത്തനായ നേതാവിലുടെ ബിജെപി കൃത്യമായി ഗോവ പിടിച്ചു.

വിജയച്ചാൽ ഫ്രീ ടിക്കറ്റും ബിയറും

തന്റെ വിജയങ്ങൾ ചർച്ചലിൽ അലിമാവോ ആഘോഷിച്ചിരുന്നത് കാൽപ്പന്തുകളിയുടെ കമ്പക്കെട്ടിന് തീക്കൊളുത്തിതന്നെ ആയിരുന്നു. 2017ലെ അദ്ദേഹത്തിനെ തെരഞ്ഞെടുപ്പ് വിജയാഘോഷം മാധ്യമങ്ങളുടെ തലക്കെട്ട് ആകർഷിച്ചിരുന്നു. വാസ്‌കോയിലെ തിലക് മൈതാനത്ത് നടന്ന ചർച്ചിൽ ബ്രദേഴ്സ്-ഷില്ലോങ് ലജോങ് ഐലീഗ് മൽസരത്തിനു പ്രവേശനം സൗജന്യമായിരീന്നീ. ചർച്ചിൽ ബ്രദേഴ്സ് ക്ലബിന്റെ ഉടമയും ഗോവൻ രാഷ്ട്രീയത്തിലെ 'പന്തുകളിക്കാരനു'മായ ചർച്ചിൽ അലിമാവോ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചത് അങ്ങനെയാണ് നാട്ടുകാർക്കും ആഘോഷിക്കാനായത്. ബെനോലുലിം മണ്ഡലത്തിൽ എൻസിപി സ്ഥാനാർത്ഥിയായി മൽസരിച്ച അലിമാവോ 5191 വോട്ടിനാണു ജയിച്ചത്. തന്റെ വിജയം ഗോവൻ ഫുട്ബോളിന്റെയും വിജയമാണെന്നാണ് അലിമാവോയുടെ നിലപാട്. അതുകൊണ്ടാണു വോട്ടിനു പ്രതിഫലമായി എല്ലാവർക്കും ഫ്രീ ടിക്കറ്റ്. അതുപോലെ അലിമാവോയുടെ ബാറുകളിൽ അന്നേ ദിവസം ബിയറും സൗജന്യമായിരുന്നു.

അന്ന് അലിമാവോ ജയിച്ചെങ്കിലും സഹോദരൻ ജോവാക്വിം തലനാരിഴയ്ക്കു തോറ്റു. കുൻകോളിം മണ്ഡലത്തിൽ 33 വോട്ടിനായിരുന്നു പരാജയം. അലിമാവോയുടെ ജയം ഗോവൻ ഫുട്ബോളിന്റെ ജയമാണെങ്കിൽ ഒരു പരാജയ കഥ കൂടിയുണ്ട്. ഗോവൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന എൽവിസ് ഗോമസും പരാജയപ്പെട്ടു. പക്ഷേ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ അലിമാവോയുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമായിരുന്നു.

പക്ഷേ 2017നുശേഷം ഗോവൻ രാഷ്ട്രീയത്തിൽ അലിമാവോയുടെ പിടി അയയുന്നതാണ് കണ്ടത്. പഴയ തലമുറക്ക് ഉള്ളതുപോലുള്ള വീര ആരാധനയൊന്നും പുതിയ തലമുറക്ക് ഇത്തരം ആളുകളോട് ഇല്ല. മാത്രമല്ല ശതകോടികളുമായി വരുന്ന ആധുനിക കോർപ്പറേറ്റിസത്തിന് മുന്നിൽ അലിമാവോയൊന്നും ഒന്നുമല്ല. ആഗോളീകരണത്തിന്റെ ഇക്കാലത്ത്, ഗോവയിലേക്ക് ലോകത്തെ എമ്പാടുമുള്ള ശതകോടീശ്വരന്മാർ ആണ് എത്തുന്നത്.

'പരശുരാമനല്ല ഗോവയുടെ രക്ഷകൻ

സഭാ ചർച്ചകളിൽ സജീവമാവുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് അലിമാവോ. അവസാനമായി അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്, വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിച്ചതിന് ആർഎസ്എസ് ഗോവ മുൻ അധ്യക്ഷൻ സുഭാഷ് വെലിങ്കറിനെതിരേ പരാതി നൽകിയതിലൂടെയാണ്. ഗോവയുടെ രക്ഷാധികാരിയാകാനുള്ള യോഗ്യത വിശുദ്ധ ഫ്രാൻസിസ് സേവ്യറിനില്ലെന്നും പരശുരാമനാണ് ഗോവയുടെ യഥാർത്ഥ രക്ഷാധികാരിയെന്നുമാണ് വെലിങ്കർ പറഞ്ഞത്. സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബസിലിക്ക ഉൾപ്പെടുന്ന ഓൾഡ് ഗോവ ഗ്രാമത്തിൽ ആർഎസ്എസ് നേതാവിനെ പ്രവേശിപ്പിക്കരുതെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണു പരാതിയിലെ ആവശ്യം. ഇതുസംബന്ധിച്ച് ഗോവാ മന്ത്രി ഫ്രാൻസിസ്‌കോ മിക്കി പചയോ നേരത്തേ കൊളാവ പൊലീസിൽ പരാതി നല്കിയിരുന്നു. ഇതോടെ ആർഎസ്സ് നേതൃത്വം ഇടപെട്ട് പ്രസ്താവന പിൽവലിപ്പിക്കയായിരുന്നു.

നേരത്തെ പശുക്കളെ തിന്നുന്ന കടുവകളെയും ശിക്ഷിക്കണമെന്ന അലിമാവോയുടെ ഒരു നിയസഭാ പ്രസംഗവും വാർത്തയായിരുന്നു. ഗോവധത്തിന് മനുഷ്യർക്ക് എന്ത് ശിക്ഷയാണോ നൽകുന്നത് അതേപോലെ തന്നെ പശുക്കളെ കൊന്നുതിന്നുന്ന കടുവകളേയും ശിക്ഷിക്കണമെന്നാണ് അലിമാവോ ആവശ്യപ്പെട്ടത്. മഹാദയി വന്യജീവി സങ്കേതത്തിൽ വെച്ച് കടുവയേയും അതിന്റെ മൂന്ന് കുട്ടികളെയും പ്രദേശവാസികൾ കൊന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിയമസഭയിൽ നടന്ന ചർച്ചക്കിടെയാണ് ചർച്ചിൽ അലിമാവോയുടെ പരാമർശമുണ്ടായത്. ഗോവ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്താണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

തുടർന്ന് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ചർച്ചിൽ അലിമാവോ. മനുഷ്യൻ പശുവിനെ കൊന്നുതിന്നാൽ ശിക്ഷയുണ്ട്. എന്ത് ശിക്ഷയാണ് പശുവിനെ തിന്നുന്ന കടുവയ്ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വന്യജീവി സങ്കേതത്തിൽ കടുവയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുവാണ് പ്രധാനമെന്നും അലിമാവോ പറഞ്ഞു.എല്ലായിടത്തേയും മാനുഷിക വശങ്ങൾ അവഗണിക്കാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തങ്ങളുടെ കാലികളെ ആക്രമിച്ചതിനെ തുടർന്നാണ് പ്രദേശവാസികൾ കടുവകളെ ആക്രമിച്ചതെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകവേ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞതോടെയാണ് പ്രശനം തീർന്നത്. പശുവിനെ തിന്നുന്ന കടുവയെയും ശിക്ഷിക്കണം എന്ന അലിമായോടെ പ്രസംഗം ദേശീയതലത്തിൽ വാർത്തയാവുകയും ചെയ്തു.

കണ്ടുകെട്ടിയത് കോടികളുടെ സ്വത്തുക്കൾ

പക്ഷേ രാഷ്ട്രീയം എന്നത് നിയമവരുദ്ധമായ ബിസിനസുകൾ മറച്ചുവെക്കാനുള്ള അലിമാവോയുടെ ഒരു മറമാത്രമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. നിക്ഷ്പക്ഷരായ മാധ്യമ പ്രവർത്തകർ പറയുന്നത്, അലിമാവോയും കോൺഗ്രസ് നേതാവ് ദിംഗബർ കാമത്തും കൂട്ടു പ്രതികളായി കോടികളുടെ അഴിമതി നടത്തിയെന്നാണ്.

2017ൽ ലൂയിസ് ബർജർ അഴിമതിയിൽ ഗോവ മുന്മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെതും, ചർച്ചിൽ അലിമാവോവിന്റെതുമായ ഒരുകോടി തൊണ്ണൂറ്റി അഞ്ചു ലക്ഷത്തിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി . 2009-2010 കാലഘട്ടത്തിൽ ലൂയിസ് ബെർജർ കമ്പനിക്ക് പദ്ധതികൾ അനുവദിക്കൻ കോടികൾ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് മുംബൈ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റിന്റ നിയമ നടപടി. ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്തിന്റെ ഒരുകോടി ഇരുപതു ലക്ഷത്തിന്റെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. അന്ന് എൻസിപി നേതാവും നിലവിലെ നിയമസഭയിൽ എൻസിപി ഏക എംഎൽഎയുമായിരുന്നു ചർച്ചിൽ. അദ്ദേഹത്തിന്റെ 75ലക്ഷത്തിന്റെ സ്വത്തുക്കളും ഇ.ഡി പിടിച്ചെടുത്തു. കാമത്തുപോലും അലിമാവോയുടെ ബിനാമി മാത്രമാണെന്നാണ് അക്കാലത്ത് ഉയർന്ന പരാതി.

അഴിമതി നടന്ന കാലഘട്ടത്തിലെ മൂല്യം കണക്കാക്കിയാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. കാമത്തിന്റെ ഉടമസ്ഥതയിൽ ഗോവ ഗോഗലിലെ സ്ഥലവും , ഒരു അപ്പാർട്മെന്റും എൻഫോഴ്‌സിന്റെ പക്കലായി. 75ലക്ഷം വിലമതിക്കുന്ന രണ്ട് അപ്പാർട്മെന്റുകളാണ് അലിമാവോയ്ക്ക് നഷ്ടമായത്. കേസിൽ ഇരുനേതാക്കളും നേരത്തെ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. അഴിമതി നടക്കുമ്പോൾ ഗോവ മുഖ്യമന്ത്രിയായിരുന്നു ദിഗംബർ കാമത്ത്. ഇതേ കോൺഗ്രസ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ചർച്ചിൽ അലിമാവോ പിന്നീടാണ് എൻ.സി.പിയിൽ എത്തിയത്. പക്ഷേ രാഷ്ട്രീയത്തിൽ താൻ അഴിമതി കാട്ടിയിട്ടില്ലെന്നും, ഇതെല്ലാം രാഷ്ട്രീയ പ്രതിയോഗികൾ കെട്ടിച്ചമച്ചതാണെന്നുമാണ് അലിമാവോ പറയുന്നത്.

'നാർക്കോട്ടികസ് ഈസ് എ ഡേർട്ടി ബിസിനസ്'

ഈ 72ാം വയസ്സിലും ഫുട്ബോളും രാഷ്ട്രീയവും ബിസിനിസുമായി സജീവമാണ് അലിമാവോ. ഫുട്ബോൾ ലോകകപ്പ് ഒന്ന് ഒഴിയാതെ കാണുന്നുണ്ട്.പ്രായത്തിന്റെ അസ്വസ്ഥതയും, പ്രമേഹത്തിന്റെ പ്രശ്നങ്ങളുമൊക്കെയുണ്ട്. എന്നാലും അതിരാവിലെ വ്യായാമം ചെയ്തും, പുതിയ ബിസിനസിന്റെ സാധ്യതകൾ അന്വേഷിച്ചും അദ്ദേഹം സജീവമാണെന്നാണ്, ഗോവയിലെ ഓൺലൈൻ പത്രങ്ങൾ പറയുന്നത്. അവരുടെ ഭാഷയിൽ പറഞ്ഞാൽ നിർജ്ജീവമായ അഗ്നി പർവതം.

പക്ഷേ ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഗോവയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതിന് നാം നന്ദിപൂർവം സ്മരിക്കേണ്ട സംരംഭകൻ കൂടിയാണ് അലിമാവോ എന്ന് പ്രകാശ് കോത്താരിയെപ്പോലുള്ള ബിസിസസ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടാറുണ്ട്. കാസിനോകളും, ക്രൂയിസുമൊക്കെയായുള്ള ഗോവയുടെ വിനോദ വ്യവസായത്തിലേക്ക് ആദ്യം കാലലെടുത്തുവെച്ചത അലിമാവോയാണ്. പക്ഷേ ഇന്ന് ഒരു കാസിനോപോലും അദ്ദേഹത്തിനില്ല. അതെല്ലാം ഒഴിവാക്കി റിയൽ എസ്റ്റേറ്റിലേക്കും ട്രാവൽ ആൻഡ് ടൂറിസത്തിലേക്കും മാറിയിരിക്കയാണ്. അതുപോലെ ഗോവയെ ഒരു ഫുട്ബോൾ ഹബ്ബാക്കി വളർത്തിയതിനും അയാൾക്കുള്ള പങ്ക് വിസ്മരിക്കാൻ ആവില്ല. സാൽഗോക്കറിലും ഡെപോയിലുമൊക്കെ ഷെയർ ഉണ്ടായിരുന്ന അലിമാവോയുടെ സ്വന്തം ക്ലബാണ് ചർച്ചിൽ ബ്രദേഴസ്.

ഒരുപാട് നിയമവിരുദ്ധമായ ബിസിനസുകൾ ആദ്യകാലത്ത് ചെയ്ത വ്യക്തിയാണ് അലിമാവോ. പക്ഷേ 'നാർക്കോട്ടികസ്് ഈസ് എ ഡേർട്ടി ബിസിനസ്' എന്നാണ് എന്നും അദ്ദേഹത്തിന്റെ പക്ഷം. ഗോവൻ യുവതലമുറയെ വഴിതെറ്റിക്കുന്ന ഡ്രഗസിനെതിരെയുള്ള കാമ്പയിനുകളിൽ അദ്ദേഹം ആവേശത്തോടെ പങ്കെടുക്കുന്നു.ഇപ്പോൾ പഴയതുപോലുള്ള ദുരൂഹമായ ഒരു ബിസിനസുമില്ല. മക്കളും കൊച്ചുമക്കളുമെല്ലാം പഠിച്ച് വളർന്നു. പലരും മൾട്ടി നാഷണൽ കമ്പനികളിൽ എത്തി. സ്വന്തം കമ്പനികൾ വളർത്തിയവരും ഉണ്ട്. ചർച്ചിൽ ബ്രദേഴ്സും തിളങ്ങി നിൽക്കുന്നു. ആ സമയത്ത് മുത്തഛന്റെ പഴയ ഡോൺ കഥകൾ പുതുതലമുറയെ സംബന്ധിച്ച് അലോസരമാണ്. അതുകൊണ്ടാണ് അലിമാവോ തന്റെ സംഭവബഹുലമായ ജീവിതം ആത്മകഥയാക്കാത്തത്. തന്റെ ജീവിതം സിനിമയാക്കാനായി നിരവധിപേർ സമീപിച്ചിട്ടും അലിമാവോ സമ്മതിച്ചിട്ടില്ല.

പക്ഷേ വാസ്‌ക്കോയിലെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ഒരു ചടങ്ങിനെക്കുറിച്ച് ഇപ്പോഴും ചിലർ എഴുതാറുണ്ട്. അന്ന് അലിമാവോയുടെ ഒ പി ദിനം എന്നാണ് അറിയപ്പെടുന്നത്. അതായത് ഡോക്ടർമാരെ കാണാൻ വരുന്നതുപോലെ ജനം കാണാൻ വരുന്നു. ഗോഡ്ഫാദറിലെ ബ്രാൻഡോയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അലിമാവോ അതിന് പരിഹാരം നിർദ്ദേശിക്കുന്നു. ചികിത്സാസഹായം വേണ്ടവരെ നേരിട്ട് സഹായിക്കുന്നു. ബാക്കികാര്യങ്ങൾ മക്കളെ ശട്ടം കെട്ടുന്നു. പൊലീസിൽ നേരിട്ട് വിളിക്കുന്നു. അഭിഭാഷക സഹായം കൊടുക്കുന്നു. പക്ഷേ പഴയ ഒരു കാര്യം മാത്രം അയാൾ ചെയ്യുന്നില്ല. തോക്ക് എടുക്കുക എന്നത് തന്നെ!

വാൽക്കഷ്ണം: പത്താംക്ലാസും ഗുസ്തിയും മാത്രമുള്ള അലിമാവോക്ക് ഹിന്ദിയും, ഇംഗ്ലീഷും, മറാത്തിയും, കൊങ്ങിണിയും, പോർട്ട്ഗീസും, ഫ്രഞ്ചുമായി നിരവധി ഭാഷകൾ നന്നായി അറിയാം. ഇതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ അലിമാവോക്ക് ഒരു മറുപടി മാത്രമെ ഉണ്ടായിരുന്നുള്ളൂ. ദാറ്റീസ് ലൈഫ്. അതാണ് ജീവിതം!