ലോകം മുഴുവൻ ലയണൽ മെസിയിലേക്ക് ഉറ്റുനോക്കിയ ഖത്തർ ലോകകപ്പിന്റെ ഫൈനൽ നടന്ന ലുസെയിൽ സ്റ്റേഡിയത്തിലും, കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം അവൾ ആയിരുന്നു. 'പത്താൻ' സിനിമയുടെ വിവാദം കത്തിനിൽക്കെ, ഫൈനലിൽ ലോകത്തിന് മുന്നിലേക്ക് ഫുട്ബോളിന്റെ കനക കിരീടത്തെ അനാവരണം ചെയ്ത് ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണായിരുന്നു. കിരീടം സൂക്ഷിക്കുന്ന ട്രാവൽ കെയ്സിന്റെ നിർമ്മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസഡറായാണ് ദീപിക ഖത്തറിലെത്തിയത്. മുൻ സ്പാനിഷ് ഫുട്‌ബോൾ താരം കാസില്ലസും ദീപികയും ചേർന്നാണ് ലോകകപ്പ് അനാവരണം ചെയ്തത്.

ഇതാദ്യമായാണ് ഫിഫ ലോകകപ്പ് വേദിയിൽ ഇന്ത്യൻ താരത്തിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്. കഴിഞ്ഞ മെയ് മാസമാണ് ദീപിക ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസഡറാകുന്നത്. ചലച്ചിത്ര നടി എന്ന നിലയിലും, പരസ്യലോകത്തെ റാണി എന്ന നിലയിലും, കോടികളുടെ വരുമാനം ഉണ്ടാക്കുന്ന താരമാണിവർ. പക്ഷേ ഇന്ത്യയിൽ ഇപ്പോൾ അവർ വലിയ ഭീഷണികളെ നേരിടുകയാണ്.

അതിന് ആധാരമായ സംഭവം കേട്ടാൽ ആധുനിക സമൂഹം ലജ്ജിച്ച് തലതാഴ്‌ത്തിപ്പോവും. ഷാരൂഖ്ഖാൻ നായകനാവുന്ന 'പത്താൻ' എന്ന ഹിന്ദി സിനിമയുടെ ഒരു ഗാനരംഗത്ത്, കാവി ബിക്കിനിയിട്ട് നൃത്തമാടി എന്നതാണ് ദീപിക പദുക്കോൺ ചെയ്ത വലിയ 'തെറ്റ്'. കാവി ബിക്കിനിക്കെതിരെ മധ്യപ്രദേശ മന്ത്രിയും സംഘപരിവാർ നേതാക്കളും രംഗത്തുവന്നതോടെ വിവാദം കൊഴുത്തു. നോക്കുക, അടിവസ്ത്രത്തിന്റെ നിറം നോക്കിപ്പോലും വിവാദം ഉണ്ടാവുന്നു. നാം എത്ര അധ:പ്പതിച്ചു കഴിഞ്ഞിരിക്കുന്നു.

പക്ഷേ ബിക്കിനിയുടെ നിറം അല്ല സംഘപരിവാറിന്റെ യഥാർഥ പ്രശ്നമെന്ന് വ്യക്തമാണ്. നേരത്തെ തന്നെ ഇന്ത്യൻ കാവി രാഷ്ട്രീയത്തിന്റെ നോട്ടുപ്പുള്ളിയാണ്് ദീപിക. ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ, അവിടം സന്ദർശിച്ചതോടെ വിമർശനവും രൂക്ഷമായി. പത്മാവത് സിനിമാ വിവാദ സമയത്ത് വധഭീഷണിയാണ് ദീപികക്ക് നേരെ ഉയർന്നത്. ബാഡ്മിന്റണിൽ ലോകതാരമായിരുന്ന, ഇന്ത്യക്ക് നിരവധി പുരസ്‌കാരങ്ങൾ നേടിത്തന്ന, അർജുന അവാർഡും പത്മശ്രീയും നൽകി രാജ്യം ആദരിച്ച, പ്രകാശ് പദുക്കോണിന്റെ മകൾ ഇതൊന്നു കണ്ട് പേടിക്കുന്നവൾ അല്ല. വിവാദങ്ങളെയും എതിർപ്പുകളുടെയും അവഗണിച്ചുകൊണ്ടുതന്നെയാണ് അവർ ഇന്ന് കാണുന്ന താരസിംഹാസത്തിൽ എത്തിയത്.

ബാല്യം പിതാവിന്റ പാതയിലൂടെ

1986 ജനുവരി 5-ന് ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലാണ്, ദീപി ക ജനിക്കുന്നത്. കൊങ്കണി സംസാരിക്കുന്ന മാതാപിതാക്കളുടെ മകളായി സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. പിതാവ് പ്രകാശ് പദുക്കോൺ പ്രൊഫഷണൽ ബാഡ്മിന്റൺ കളിക്കാരനും ,അമ്മ ഉജ്ജല ഒരു ട്രാവൽ ഏജന്റുമായിരുന്നു. പിതാവിന്റെ പാത പിന്തുടർന്നുകൊണ്ട്, തുടക്കത്തിൽ ബാഡ്മിന്റണിലായിരുന്നു ദീപികയുടെ താൽപ്പര്യം. അച്ഛനെപ്പോലെ ഇന്ത്യക്കുവേണ്ടി നിരവധി കിരീടങ്ങൾ നേടുന്നത്, ഒരുകാലത്ത് താൻ സ്വപ്നം കണ്ടിരുന്നുവെന്ന് അവൾ പറയുന്നു. ഇപ്പോൾ ഇളയ സഹോദരി അനീഷ ഗോൾഫിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുന്നുണ്ട്. ഭർത്താവ് രൺബീർ സിങിനെയും സഹോദരി അനീഷയെയുമാണ് തന്റെ ബെസ്റ്റ് ഫ്രണ്ട്സ് എന്ന് ദീപിക വിശേഷിപ്പിക്കാറുള്ളത്.

ദീപികക്ക് 11 വയസ്സുള്ളപ്പോൾ കുടുംബം ഡെന്മാർക്ക് വിട്ട് ഇന്ത്യയിലെത്തി. ബാംഗ്ലൂരിലെ പ്രശ്സതമായ സോഫിയ ഹൈസ്‌കൂളിലായിരുന്നു ദീപികയുടെ പഠനം. മൗണ്ട് കാർമൽ കോളേജിൽ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. അപ്പോഴേക്കും അവൾ തിരക്കുള്ള മോഡൽ ആയിക്കഴിഞ്ഞിരുന്നു. സമയക്കുറവ് കാരണം ദീപിക പഠന ഉപേക്ഷിക്കയായിരുന്നു.

കുട്ടിക്കാലത്ത് അവൾക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ലെന്നത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് പിതാവ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ''ഞാൻ രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കും, ശാരീരിക പരിശീലനത്തിന് പോകും, സ്‌കൂളിൽ പോകും, വീണ്ടും ബാഡ്മിന്റൺ കളിക്കാൻ പോകും, ഗൃഹപാഠം പൂർത്തിയാക്കി ഉറങ്ങാൻ പോകും.''- ഇങ്ങനെയാണ് ദീപിക ഒരു അഭിമുഖത്തിന്റെ തന്റെ സ്‌കൂൾ ജീവിതം പറയുന്നത്. പക്ഷേ ബാഡ്മിന്റിണിൽ ദേശീയതലത്തിൽ തന്റെ സ്‌കുളിലെ പ്രതിനിധീകരിക്കാൻ അവൾക്കായി. ചില സംസ്ഥാനതല ടൂർണമെന്റുകളിൽ ബേസ്ബോളും കളിച്ചു.


ലിറിൽ ഗേളിൽ നിന്ന് ഹോളിവുഡിലേക്ക്

വളരെ ചെറിയ പ്രായത്തിൽ തന്നെ പരസ്യ മോഡൽ എന്ന നിലയിൽ ദീപിക ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടാം വയസ്സിൽ രണ്ട് പരസ്യ തുടർച്ചകളിൽ അവൾ പ്രത്യക്ഷപ്പെട്ടു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇതായിരിക്കണം തന്റെ കരിയർ എന്ന് ദീപിക തീരുമാനിക്കുന്നത്. '' എനിക്ക് സ്പോർട്സ് ഉപേക്ഷിക്കാമോ എന്ന് ഞാൻ പിതാവിനോട് ചോദിച്ചു. പക്ഷേ അദ്ദേഹം ഒട്ടും അസ്വസ്ഥനായില്ല. നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരു്നനു മറുപടി''- ദീപിക പറയുന്നു. 2004ൽ, പ്രസാദ് ബിഡപയുടെ ശിക്ഷണത്തിൽ മോഡലായി അവൾ മുഴുവൻ സമയ കരിയർ ആരംഭിച്ചു.

വൈകാതെ ലിറിൽ എന്ന സോപ്പിന്റെ ടെലിവിഷൻ പരസ്യത്തിലൂടെ ദീപിക പദുക്കോൺ അംഗീകാരം നേടി. മനം മയക്കുന്ന ആ പരസ്യത്തിലെ കത്തുന്ന സൗന്ദര്യം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കുറേക്കാലം ലിറിൽ ഗേൾ എന്നാണ് അവൾ അറിയപ്പെട്ടിരുന്നത്. അതോടെ പിന്നെ പരസ്യങ്ങളുടെ ഒരു കുത്തൊഴുക്കായിരു്നനു. 2005ൽ, ലാക്‌മെ ഫാഷൻ വീക്കിൽ ഡിസൈനർ സുനീത് വർമ്മയ്ക്കായി അവൾ റാമ്പിൽ ആരങ്ങേറ്റം കുറിച്ചു. കിങ്ഫിഷർ ഫാഷൻ അവാർഡുകളിൽ 'മോഡൽ ഓഫ് ദ ഇയർ' നേടി. 2006ലെ കിങ്ഫിഷർ കലണ്ടറിന്റെ വളരെ ജനപ്രിയമായ ഒരു പ്രിന്റ് കാമ്പെയ്‌നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ദീപികയുടെ പ്രശസ്തി വർധിച്ചു.

പ്രശ്സത ഡിസൈനർ വെൻഡൽ റോഡ്രിക്‌സ് ഇങ്ങനെ അഭിപ്രായപ്പെട്ടു, 'ഐശ്വര്യ റായിക്ക് ശേഷം ഞങ്ങൾക്ക് സൗന്ദര്യവും, പുതുമയും ഉള്ള ഒരു പെൺകുട്ടി ഉണ്ടായിട്ടില്ല. ആ വിഷമം ഇപ്പോൾ തീർന്നു.''- 21ാംവയസ്സിൽ, ദീപിക മുംബൈയിലേക്ക് താമസം മാറി. ആ വർഷം, ഹിമേഷ് രേഷ്മിയയുടെ 'നാം ഹേ തേരാ' എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ അവതരിപ്പിച്ചതിലൂടെ കൂടുതൽ അംഗീകാരം നേടി.

താമസിയാതെ പദുക്കോണിന് ചലച്ചിത്ര വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. പക്ഷേ ഒരു അഭിനേതാവെന്ന നിലയിൽ തനിക്ക് അനുഭവപരിചയമില്ലെന്ന് പറഞ്ഞ്് അവർ ഓഫറുകൾ നിരസിച്ചു. എന്നിട്ട് പ്രശസ്ത നടൻ അനുപം ഖേറിന്റെ ഫിലിം അക്കാദമിയിൽ കോഴ്‌സിന് ചേർന്നു. അങ്ങനെ അഭിനയം തനിക്ക് വഴങ്ങുമെന്ന് പഠിച്ച് ഉറപ്പുവരുത്തിയാണ് ദീപിക ആ പണിക്ക് ഇറങ്ങിയത്. അതാണ് അവരുടെ രീതി. പക്കാ പ്രൊഷഷണൽ.

ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ വൻ വിജയമായി. അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി. പിന്നീട് അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2006 ൽ തുടങ്ങിയ അഭിനയ ജീവിതം.. പല വേഷങ്ങൾ, പല കഥാപാത്രങ്ങൾ. . ഒന്നര പതിറ്റാണ്ടിലധികമായി ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്നു ദീപിക. ഇന്ന് ഐശ്വര്യ റായി കഴിഞ്ഞാൽ ഇന്ത്യയിൽ എറ്റവും പ്രതിഫലം പറ്റുന്ന നടി കൂടിയാണ് ഇവർ.


ധോണിയുടെ മുടിവെട്ടിച്ച കാമുകി?

പിന്നീട് അങ്ങോട്ടുള്ള ദീപികയുടെ ലോകം വെള്ളിത്തിരയുടെ തിളങ്ങുന്ന ലോകമായിരുന്നു. മിക്ക സെലിബ്രിറ്റികളെയും പോലെ നിരവധി തവണ പ്രണയ ഗോസിപ്പുകളിൽ അവരുപെട്ടു. മുൻ ഇന്ത്യൻ ക്യാപ്്റ്റൻ മഹേന്ദ്ര സിങ് ധോണിയുമായുള്ള പ്രണയമാണ് ഇതിൽ ഏറ്റവും ചർച്ചചെയ്യപ്പെട്ടത്. ധോണിയും യുവരാജ്സിങും ദീപികയും ഉൾപ്പെട്ട ഒരു ത്രികോണ പ്രണയം ആയിട്ടാണ് ഇതിനെ മുംബൈ മാധ്യമങ്ങൾ ചിത്രീകരിച്ചത്.

2007 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ധോണിയും ദീപിക പദുക്കോണും തമ്മിൽ അടുപ്പത്തിലാണ് എന്ന വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ധോണിക്ക് ദീപികയെ ഇഷ്ടമായിരുന്നു. എന്നാൽ ദീപികയ്ക്ക് ധോണിയുടെ നീണ്ട മുടി ഇഷ്ടമായില്ല. അങ്ങനെയാണത്രെ ധോണി ദീപികക്കുവേണ്ടി വേണ്ടി തന്റെ ട്രേഡ് മാർക്കായ നീളൻ മുടി മുറിക്കുന്നത്! എന്നാൽ തന്റെ സുഹൃത്തായ യുവരാജ് സിംഗിന് ദീപിക പദുക്കോണിനോട് ഇഷ്ടമുണ്ടെന്ന് തിരിച്ചറിഞ്ഞ ധോണി തന്റെ ഇഷ്ടത്തിൽ നിന്നും പിന്നോട്ട് പോകുകയായിരുന്നത്രെ. ഇതിന് പിന്നാലെയാണ് ദീപികയും യുവരാജും കൂടി രാത്രി വളരെ വൈകിയും പുറത്ത് കറങ്ങിനടക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പരന്നത്.

താനും ദീപികയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് യുവരാജ് സിംഗും സമ്മതിക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ടെലഗ്രാഫിനോടാണ് താരം മനസ് തുറന്നത്. ''ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം മുംബൈയിൽ വച്ചാണ് ചില പൊതുസുഹൃത്തുക്കൾ വഴി ഞാനും ദീപികയും തമ്മിൽ കാണുന്നത്. പരസ്പരം തങ്ങൾക്ക് ഇഷ്ടപ്പെട്ടു. പരസ്പരം കൂടുതൽ അറിയണമെന്ന് തോന്നി. എന്നാൽ അത് സാധിച്ചില്ല. കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കാൻ പറ്റിയില്ല.

കൂടുതൽ സമയം ഒന്നിച്ച് ചെലവഴിച്ചിരുന്നെങ്കിൽ ഭാവി കാര്യങ്ങൾ എന്തായിരിക്കണമെന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ തങ്ങൾക്ക് സാധിച്ചേനെ. എന്നാൽ അതുണ്ടായില്ല. ദീപിക എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ അവർ മുന്നോട്ട് പോയി. ഞാനും എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോയി. ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഒരാൾക്ക് ബന്ധം അവസാനിപ്പിക്കണം എന്ന് തോന്നിയാൽ മറ്റേ ആൾക്ക് പിന്നെ അതിൽ അധികമൊന്നും ചെയ്യാനില്ല.'' - യുവരാജ് പറഞ്ഞു.

പറഞ്ഞുകേട്ട ബന്ധങ്ങളൊന്നും വിവാഹത്തിലെത്തിയില്ലെങ്കിലും ഈ പറഞ്ഞവെരല്ലാം തന്നെ വിവാഹം കഴിച്ച് സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്. ധോണി സാക്ഷിയെയും, യുവരാജ് മോഡലും നടിയുമായ ഹസൽ കീച്ചിനെയും, ദീപിക പദുക്കോൺ ബോളിവുഡിലെ സൂപ്പർ താരമായ രൺബീർ സിംഗിനെയുമാണ് വിവാഹം ചെയ്തത്. ഇവർ എല്ലാവരും ഇപ്പോഴും അടുത്ത സുഹൃത്തുക്കളുമാണ്.

അതുപോലെ നടൻ രൺബീർ കപൂറുമായി ദീപിക ഗോസിപ്പുകളിൽ നിറഞ്ഞു നിന്നു. പക്ഷേ നവംബർ 2009ൽ ഇവർ വേർപിരിഞ്ഞു. 2010ൽ, കിങ്ഫിഷറിന്റെ മേധാവി വിജയ് മല്ല്യയുടെ മകൻ സിദ്ധാർഥ് മല്ല്യയുമായി ഡേറ്റിങ്ങ് ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്നെങ്കിലും ദീപിക ഇത് നിഷേധിക്കയായിരുന്നു.


'തലവെട്ടിയാൽ പത്തുകോടി പ്രതിഫലം'

ഭീഷണി ദീപികക്ക് പുതുയുള്ളതല്ല. ദീപിക പദുകോൺ മാത്രല്ല, സംവിധായകൻ സഞ്ജയ് ലീല ബെൻസാലിയടക്കം ഇന്ത്യൻ ചലച്ചിത്രലോകത്തെ പ്രമുഖർ മറക്കാൻ കഴിയാത്ത കാര്യങ്ങളാണ് പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായത്. പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ ചിത്രം ദേശീയ ശ്രദ്ധ നേടിയിരുന്നു. രജപുത്ര റാണി പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നും സമുദായത്തെ അപമാനിക്കും വിധം ചരിത്രം വളച്ചൊടിച്ചുവെന്നും ആരോപിച്ചുകൊണ്ട് രാജസ്ഥാനിലെ രജപുത് കർണി സേന ഉൾപ്പെടെയുള്ള സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തു വന്നു. 2017 ജനുവരിയിൽ ജയ്പൂർ കോട്ടയിൽ വച്ചുള്ള ചിത്രീകരണത്തിനിടെ സംവിധായകൻ സജ്ഞയ് ലീല ബൻസാലിക്കെതിരെ കർണി സേനാംഗങ്ങളുടെ ആക്രമണമുണ്ടായി. അദ്ദഹത്തെ ക്രൂരമായി തല്ലിയ അക്രമികൾ അദ്ദഹത്തിന്റെ തലമുടി പറിച്ചെടുത്തു. ഉപകരണങ്ങൾ നശിപ്പിച്ചുകൊണ്ട് ചിത്രീകരണം തടസ്സപ്പെടുത്തി.

ചിത്രം പ്രദർശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കർണി സേന പ്രഖ്യാപിച്ചു. നായിക ദീപികയെ അധിക്ഷേപിച്ചുകൊണ്ട് സേനാ മേധാവി ലോകേന്ദ്ര സിങ് കാല്വി വിവാദ പ്രസ്താവന നടത്തി. സുബ്രഹ്മണ്യൻ സ്വാമിയെപ്പോലുള്ള ബിജെപി. നേതാക്കളും ദീപികയ്ക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തി. സംവിധായകൻ സജ്ഞയ് ലീല ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്പുത് കർണി സേനാംഗങ്ങൾ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയർത്തിയിരുന്നു. ദീപികയുടെയും ബൻസാലിയുടെയും തല വെട്ടുന്നവർക്ക് ബിജെപി. നേതാവ് സൂരജ് പാൽ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ പൊലീസ് കേസെടുത്തു. മൂക്കും മുലയും ചെത്തിക്കൊല്ലേണ്ട ശൂർപ്പണഖ എന്നാണ് സംഘപിവാറുകാർ ഈ നടിയെ വിശേഷിപ്പിച്ചത്.

മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചു. പിന്നീട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഈ തീരുമാനത്തിൽ നിന്നു പിന്മാറുകയും ചിത്രത്തിന് പ്രദർശനാനുമതി നൽകുകയും ചെയ്തു. പക്ഷേ ചിത്രം റിലീസ് ആയപ്പോൾ അതിൽ രജപുത്രരെ അപമാനിക്കുന്ന രംഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സമാനമായ വിവാദമാണ് ഇപ്പോൾ പത്താൻ സിനിമയുടെ പേരിലും ഉണ്ടാവുന്നത്.

കോടികളുടെ ചാരിറ്റി പ്രവർത്തക

സംഘപരിവാർ, ദീപിക പദുക്കോണിനെ ടാർജറ്റ് ചെയ്യാൻ കാരണങ്ങൾ പലതാണ്. സാധാരണ സെലിബ്രിറ്റികളെപ്പോലെ, സാമൂഹിക വിഷയങ്ങളിൽ ഒന്നും മിണ്ടാത്തർ അല്ല അവർ. വിവിധ പത്രങ്ങളിൽ കോളം എഴുതുന്ന എഴുത്തുകാരിയാണ്. ഹിന്ദുസ്ഥാൻ ടൈംസിൽ ജീവിതശൈലി വിഭാഗത്തിനായി പ്രതിവാര കോളങ്ങൾഎഴുതുന്നുണ്ട്. ഇന്റവ്യൂകളിൽ ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മാത്രം അഭിപ്രായം പറയാതെ രാഷ്ട്രീയവും പൊതുകാര്യങ്ങളുമെല്ലാം അവർ പറയും. കഴിഞ്ഞ എത്രയോ വർഷമായി അവൾ അങ്ങനെയാണ്. പക്ഷേ അവർ ജെഎൻയുവിൽ ചിലവഴിച്ച പത്ത് മിനുട്ടിലാണ്  സംഘപരിവാറിന്റെ കണ്ണുള്ളത്. അവർ 'തുക്ഡേ തുക്ഡേ' ഗ്രൂപ്പിന്റെ കൂടെയാണെന്ന ബിജെപി മന്ത്രിയുടെ പ്രഖ്യാപനം ആ പത്ത് മിനുട്ടിന്റെ മെറിറ്റിലാണ്.

ഇന്ന് ഇന്ത്യൻ പരസ്യവിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് ആണ് ദീപിക. മാത്രവുമല്ല കോടിക്കണക്കിന് രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങളും അവർ നടത്തുന്നുണ്ട്. 2010ൽ ദീപിക പദുക്കോൺ മഹാരാഷ്ട്രയിലെ അംബേഗാവ് ഗ്രാമത്തെ എൻഡിടിവിയുടെ ഗ്രീനത്തോൺ കാമ്പെയ്‌നിന്റെ ഭാഗമായി ദത്തെടുത്തു. എൻഡിടിവിയുടെ റിയാലിറ്റി ഷോ ജയ് ജവാന്റെ ഒരു സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡിനായി അവർ ജമ്മുവിലെ ഇന്ത്യൻ ജവാന്മാരെ സദ്ദർശിച്ചതും വാർത്തയായി.

കായിക വേദികളിലെ പതിവ് സാന്നിധ്യമാണ് ഈ നടി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിന്റെ ഉദ്ഘാടന ചടങ്ങിലും ദീപിക പങ്കെടുത്തു. മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിനായി ഷാരൂഖ് ഖാൻ, കത്രീന കൈഫ്, പിറ്റ്ബുൾ എന്നിവർക്കൊപ്പം അവർ പ്രകടനം നടത്തി. ഒളിമ്പിക് ഗെയിംസിലെ ഇന്ത്യൻ അത്‌ലറ്റുകളെ പിന്തുണയ്ക്കുന്നതിനായി തന്റെ പിതാവും ഗീത് സേഥിയും സ്ഥാപിച്ച ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് ടീമിലും ദീപിക പങ്കെടുത്തു. 2013ൽ, റീട്ടെയിൽ ശൃംഖലയായ വാൻ ഹ്യൂസണുമായി സഹകരിച്ച് അവർ സ്ത്രീകൾക്കായി സ്വന്തം വസ്ത്രങ്ങൾ പുറത്തിറക്കി. ഫാഷൻ രംഗത്ത് സ്വന്തമായി നിരവധി സംരംഭങ്ങളും ദീപക്ക് ഉണ്ട്.

ഫെമിനിസം പോലുള്ള വിഷയങ്ങളിലും കൃത്യമായ അഭിപ്രായം ദീപികക്ക് ഉണ്ട്. '' ഫെമിനിസം ആക്രമണോത്സുകതയല്ല; അത് തുല്യ അവകാശത്തിന് വേണ്ടിയാണെന്ന്' അവർ പറയുന്നു. വിഷാദമോ ഉത്കണ്ഠയോ ഉള്ള രോഗികളുടെ ചികിത്സയിൽ ജനറൽ ഫിസിഷ്യന്മാരെ സഹായിക്കുന്നതിനായി അവർ തുടങ്ങിയ 'മോർ ദാൻ ജസ്റ്റ് സാഡ്' എന്ന കാമ്പയിനും ശ്രദ്ധയാകർഷിച്ചു. അതുപോലെ ആത്മഹത്യ പ്രതിരോധം, അടക്കമുള്ള വിഷയങ്ങളിലും വിവിധ എൻജിഒകളുമായി സഹരിച്ച് അവർ ശക്തമായ പ്രവർത്തിക്കുന്നു.

2020ലാണ് ജെഎൻയു ആക്രമണത്തിൽ ക്രൂരതയ്ക്ക് ഇരയായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു പ്രതിഷേധത്തിൽ ദീപിക പങ്കെടുക്കുന്നത്. മുഖ്യധാരാ ബോളിവുഡ് അഭിനേതാക്കൾ തങ്ങളുടെ സിനിമയിലെ തിരിച്ചടികളും പ്രത്യാഘാതങ്ങളും ഭയന്ന് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കുന്ന സമയത്താണ് ഇതൊന്ന് ഓർക്കണം.

നിലപാടുകളിൽ പിറകോട്ടില്ല

തലയെടുക്കാൻ വരെ ശാസന വന്ന പത്മാവതി വിവാദം നേരിട്ടയാളാണ് ദീപിക. ഭാവി പ്രൊജക്റ്റുകളും ഇഡിയുടെ റെയ്ഡും മുന്നിൽ കണ്ട് ബോളിവുഡിലെ താരങ്ങൾ വാ തുറക്കാതിരുന്ന ഘട്ടത്തിൽ ജെഎൻയു വിലെത്തി വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ അവർ ധൈര്യം കാണിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ബിക്കിനി പ്രതിഷേധത്തെയും ദീപിക പുല്ലുപോലെ നേരിടും എന്ന് ഉറപ്പാണ്.

ഷാരൂഖ് ഖാനും ദീപികാ പദുകോണും പ്രധാന വേഷങ്ങളിലെത്തുന്ന 'പത്താൻ' സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം നൽകിയവരിൽ ബിജെപി മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ട്. ചലച്ചിത്രത്തിന്റെ യഥാർത്ഥ ഉള്ളടക്കമെന്തെന്ന് പൂർണമായും പുറത്തുവന്നിട്ടില്ല. എങ്കിലും ഗാനരംഗത്തിലെ അടിവസ്ത്രത്തിന്റെ നിറം അശ്ലീലതയുമായി കൂട്ടിക്കെട്ടിയാണ് വിദ്വേഷ പ്രചരണം തുടങ്ങിയത്. ഗാനരംഗത്തിൽ പദുകോൺ ധരിച്ച അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്നും അത് ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നുമായിരുന്നു പ്രചരണം. ഗാനത്തിലെ ചില രംഗങ്ങൾ കാവി നിറത്തെ അപമാനിക്കുന്നുവെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ആരോപണം. പച്ചയും കാവിയും നിറത്തിലുള്ള വസ്ത്രങ്ങൾ മോശമായ രീതിയിൽ ധരിച്ചാണ് ഗാന രംഗത്തിൽ പ്രധാന കഥാപാത്രങ്ങൾ എത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.

ഈ ചിത്രത്തിലെ വസ്ത്രങ്ങളുടെ നിറം, പാട്ടിന്റെ വരികൾ, ചിത്രത്തിന്റെ പേര് എന്നിവ മാറ്റുന്നില്ലെങ്കിൽ പ്രദർശനാനുമതി നല്കണോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹത്തിൽ നിന്നുണ്ടായി. ഗാനത്തിന്റെ തലക്കെട്ടായ ''ബേഷാരം രംഗ്'' എന്നതിന്റെ അർത്ഥം ചികഞ്ഞുപോയാണ് മറ്റു ചിലർ അശ്ലീലം കണ്ടെത്തിയത്. ഇതിനുപിന്നാലെ നായികാനായകന്മാരുടെ കോലം കത്തിച്ചുള്ള പ്രതിഷേധവും സംഘ്പരിവാർ സംഘടനകൾ നടത്തി. പത്താൻ സിനിമ നിരോധിക്കണമെന്നുവരെ ആവശ്യമുന്നയിച്ചു.

ഇതിനെതിരെ, സമൂഹമാധ്യമങ്ങളിൽ അതിനെതിരെ പരിഹാസങ്ങളും പ്രചരണങ്ങളും നിറഞ്ഞപ്പോഴാണ് പതിവ് രീതിയിൽ ലൗജിഹാദ്, സാമൂഹ്യ പ്രശ്നങ്ങളിൽ ദീപികാ പദുകോണിന്റെ നിലപാടുകൾ, ഷാരൂഖ് ഖാന്റെ മതം എന്നീ വിഷയങ്ങളിലേയ്ക്ക് വിവാദത്തെ വഴിതിരിച്ചുവിട്ടത്. ഷാരൂഖിന്റെ തന്നെ മറ്റൊരു സിനിമ 'അശോക'യും സംഘ്പരിവാറിന്റെ എതിർപ്പിനിടയാക്കിയിട്ടുണ്ട്. ദീപികയുടെ 'ബജിരാവോ മസ്താനിയും' എതിർപ്പ് നേരിട്ട ചിത്രങ്ങളിൽ ഒന്നാണ്. അതേസമയം ചലച്ചിത്രലോകത്തുനിന്നും പൊതുസമൂഹത്തിൽനിന്നും ഇപ്പോൾ വലിയ പിന്തുണ ദീപിക്ക് ലഭിക്കുന്നുണ്ട്. എഴുത്തുകാരൻ ജാവേദ് അക്തർ മുതൽ, പ്രകാശ്രാജും, കമൽഹാസനും അടക്കമുള്ള വലിയ ഒരു നിര ദീപികക്കും ഷാരൂഖിനും പിന്തുണയായി എത്തുന്നുണ്ട്. ജാവേദ് അക്തർ ഇങ്ങനെ പറയുന്നു. ''അഭിനയവേളയിൽ നടി ധരിക്കുന്ന അടിവസ്ത്രത്തിന്റെ നിറം തേടിപ്പിടിക്കുകയും അതിൽ മതവികാരം കലർത്തി കലാപശ്രമം നടത്തുകയും ചെയ്യുന്ന അശ്ലീലമാണ് തിരിച്ചറിയേണ്ടത്. അതൊരുതരം മാനസികരോഗം കൂടിയാണ്.''

വാൽക്കഷ്ണം: മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള ഒരു ഗാനരംഗത്തിൽ അഞ്ചു സെക്കന്റിൽ താഴെ മാത്രം കാണാനാവുന്ന അടിവസ്ത്രത്തിന്റെ നിറം തേടിയതിലെ മാനസിക ജീർണത നോക്കുക. ലോകം അടിമുടി മാറുമ്പോൾ ഇന്ത്യ എവിടെ നിൽക്കുന്നു. 'സനാതനമായ ദുർഗന്ധം' എന്ന ഒ വി വിജയന്റെ പ്രയോഗമാണ് ഇപ്പോൾ ഓർമ്മയിൽ വരുന്നത്.