സാധാരണ കര്‍ഷകകുടുംബത്തിലെ അംഗമായ മൂന്നുവയസ്സുകാരന്‍, ഒരു സുപ്രഭാതത്തില്‍ ഒരു ജനതയുടെ അധിപനായി മാറുക! നാടോടിക്കഥകളിലും സിനിമയിലുമൊക്കെയുള്ളതുപോലുള്ള ഒരു അത്ഭുതമാണ്, ദലൈലാമ എന്ന ടിബറ്റുകാരുടെ ആത്മീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ്. ഒരു ലാമ മരിച്ചുകഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് ഒരു കുട്ടിയിലേക്ക് മാറുമെന്നാണ് അവരുടെ വിശ്വാസം. അങ്ങനെയാണ് 87 വര്‍ഷങ്ങള്‍ക്ക് മുമ്പ്, വടക്കു കിഴക്കന്‍ ടിബറ്റിലെ അമാദോ ഗ്രാമത്തിലെ കര്‍ഷക ദമ്പതിമാരുടെ വീട്ടിലേക്ക്, ആ ടിബറ്റന്‍ ആത്മീയ തിരച്ചില്‍ സംഘം എത്തുന്നത്. ഒരു ദിവസം മാത്രം താമസിക്കാന്‍ അനുമതി തേടിയാണ് ടിബറ്റ് തലസ്ഥാനമായ ലാസയില്‍നിന്ന് ആ സംഘം എത്തിയത്. കുടുംബത്തിലെ മൂന്ന് വയസ് മാത്രമുള്ള ഇളയ കുട്ടി ദലൈലാമയുടെ പുനര്‍ജന്മമാണോ എന്ന് ഉറപ്പിക്കുകയായിരുന്നു, ലാസയിലെ പൊട്ടാല കൊട്ടാരത്തില്‍നിന്ന് എത്തിയ ആ അന്വേഷണ സംഘം ലക്ഷ്യമിട്ടത്. ചില നിമിത്തങ്ങള്‍ നോക്കിയാണ് അവര്‍ ആ വീട്ടിലേക്ക് എത്തിയത്.

പരിചാരകന്റെ വേഷമിട്ട സംഘത്തലവനെ മൂന്ന് വയസുകാരന്‍ പേരെടുത്ത് വിളിച്ചത് അവരെ ഞെട്ടിച്ചു. അന്ന് മടങ്ങിയ സംഘം പിന്നീട് തിരിച്ചെത്തിയത് ദലൈലാമയുടെ ഏതാനും സ്വകാര്യവസ്തുക്കളുമായാണ്. അവ ഒരു ഐഡിന്റിഫിക്കേഷന്‍ പരേഡുപോലെ, സമാനരീതിയിലുള്ള മറ്റു വസ്തുക്കളുമായി ഇടകലര്‍ത്തി ആ കുട്ടിയുടെ മുന്നില്‍വെച്ചു. 'ഇതെന്റേതാണ്, ഇതെന്റേതാണ്' ദലൈലാമയുടെ വസ്തുക്കള്‍ ഓരോന്നും എടുക്കുമ്പോള്‍ അവന്‍ പറഞ്ഞു. അതോടെ കുട്ടി ദലൈലാമയുടെ പുനര്‍ജന്മം തന്നെയാണെന്ന് അന്വേഷകസംഘം തീര്‍ച്ചപ്പെടുത്തി. അവനെ അവര്‍ അടുത്തുള്ള ബുദ്ധവിഹാരത്തിലെത്തിച്ചു. മൂന്ന് മാസത്തിനുശേഷം ലാസയിലെ പൊട്ടാല കൊട്ടാരത്തിലും. പിന്നാലെ അടുത്ത ദലൈലാമയായി ആ കുട്ടിയുടെ സ്ഥാനാരോഹണം നടന്നു. ആ കുട്ടിയാണ് പതിനാലാമത്തെ ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ. മുഴുവന്‍ പേര് ജെറ്റ്‌സണ്‍ ജാംഫെല്‍ നഗാവാങ് ലോബ്‌സാങ് യെഷെ ടെന്‍സിന്‍ ഗ്യാറ്റ്‌സോ! ഇന്ന് ലോകമെമ്പാടും ചിതറിത്തെറിച്ച് കിടക്കുന്ന ടിബറ്റന്‍ ജനതുടെ ആത്മീയ ആചാര്യന്‍. നെബേല്‍ സമ്മാനം നേടിയ സമാധാന പ്രവാചകന്‍. കമ്യൂണിസ്റ്റ് ചൈന ഭയക്കുന്ന ആത്മീയചാര്യന്‍.

1940-ല്‍ ലാസയിലെ പൊട്ടാല കൊട്ടാരത്തില്‍വെച്ച് ബ്രിട്ടന്റെയും ചൈനയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇദ്ദേഹത്തിന്റെ സിംഹാസനാരോഹണം നടന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് കമ്യൂണിസ്റ്റ് ചൈനയുടെ ആക്രമണത്തില്‍നിന്ന് പലായനംചെയ്ത് അദ്ദേഹം ഇന്ത്യയില്‍ അഭയംപ്രാപിച്ചത് ചരിത്രം. കഴിഞ്ഞ 7 പതിറ്റാണ്ടായി ഹിമാചലിനെ ധര്‍മ്മശാലയിലാണ് ലാമ. ഈ ആത്മീയാചാര്യന് ജൂലൈ 6ന് 90 വയസ്സ് തികയുകയാണ്. ദലൈലാമയുടെ പുനരവതാരം ആര്, എവിടെ എന്നത് ഇപ്പോള്‍ പുകയുന്ന തര്‍ക്കവിഷയമാണ്. അടുത്ത ദലൈലാമയെ തങ്ങള്‍ നിശ്ചയിക്കുമെന്ന മര്‍ക്കടമുഷ്ടിയോടെ ചൈന രംഗത്തുവന്നുകഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍വരെ പങ്കെടുത്ത ലാമയുടെ നവതി ആഘോഷം ചൈനക്ക് തീരെ പിടിച്ചിട്ടില്ല. ഇന്ത്യാ- ചൈന ബന്ധത്തിലും വിള്ളല്‍ വീഴുത്തുകയാണ് ലാമയുടെ നവതി ആഘോഷം.




ലാമമാരുടെ ചരിത്രം

ദലൈലാമ എന്ന പദം മംഗോള്‍, ടിബറ്റന്‍ എന്നീ ഭാഷകളിലെ രണ്ടു വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ്. മംഗോള്‍ ഭാഷയില്‍ ദലൈ എന്നാല്‍, സാഗരം എന്നാണര്‍ഥം, ടിബറ്റന്‍ ഭാഷയിലുള്ള ലാമ ഒരു സന്ന്യാസിയും; ഇങ്ങനെ അഗാധപാണ്ഡിത്യമുള്ള സന്ന്യാസിവര്യന്‍ എന്ന അര്‍ഥമാണ് ദലൈലാമ എന്ന പദത്തിനുള്ളത്. ഇത് ആദ്യം ഉപയോഗിച്ചത് 1578-ല്‍, മൂന്നാം െൈദലലാമയായ, സോനം ഗ്യാട്‌സോവിന് ഈ പദവിനല്‍കി ബഹുമാനിച്ച മംഗോള്‍ പടത്തലവനായ അല്‍ട്ടാന്‍ ഖാന്‍ ആണ്. സോനം ഗ്യാട്സോ സ്വയം താന്‍ മൂന്നാം ദലൈലാമയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനുമുന്‍പുള്ള രണ്ട് അവതാരങ്ങള്‍ ഒന്നും രണ്ടും ദലൈലാമമാരായി ചരിത്രത്തില്‍ സ്ഥാനംനേടി.

അവലോകിതേശ്വരന്‍ എന്ന ബോധിസത്വന്റെ പുനരവതാരമായിട്ടാണ് ടിബറ്റന്‍ ജനത ദലൈലാമയെ കാണുന്നത്. ഇദ്ദേഹം ടിബറ്റിലെ ബുദ്ധമതക്കാരുടെ ആത്മീയാചാര്യന്‍ മാത്രമല്ല, ആ പ്രദേശത്തെ ഭരണാധികാരികൂടിയാണ്. ഇതുകൊണ്ടുതന്നെ പതിനാറാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍മുതല്‍ ദലൈലാമമാരുടെ ജീവിതം ടിബറ്റിന്റെ ചരിത്രവുമായി കോര്‍ത്തിണങ്ങിക്കിടക്കുന്നു. ശക്തനായ ഭരണാധികാരിയായ അഞ്ചാം ദലൈലാമയുടെ പിന്‍ഗാമി വളരെ ദുര്‍ബലനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പലഭാഗങ്ങളില്‍നിന്നും ടിബറ്റ് ആക്രമിക്കപ്പെട്ടു. അവസാനം ചൈനയുടെ സഹായത്തോടെയാണ് അക്രമികളെ തുരത്തിയതും ഏഴാം ദലൈലാമയുടെ സ്ഥാനാരോഹണം നടത്തിയതും.

പക്ഷേ, ചൈനയുടെ ഈ ഉപകാരത്തിന് ടിബറ്റ് വലിയ വിലകൊടുക്കേണ്ടിവന്നു. ചൈനയിലെ ചക്രവര്‍ത്തിയുടെ പ്രതിനിധികളായി രണ്ട് 'അംബാന്‍മാര്‍' ലാസയിലേക്ക് നിയോഗിക്കപ്പെട്ടു. അതിനുശേഷം ഇവരുടെ മേല്‍നോട്ടത്തിലാണ് ദലൈലാമയുടെ ഭരണം നടന്നത്. എട്ടാം ദലൈലാമ കാലംചെയ്തതിനുശേഷം പുനരവതാരങ്ങളായി അംഗീകരിക്കപ്പെട്ട നാല് ദലൈലാമമാര്‍ (ഒന്‍പതുമുതല്‍ പന്ത്രണ്ടുവരെ) പ്രായപൂര്‍ത്തിയാകുന്നതിനുമുന്‍പ് മരിച്ചപ്പോള്‍ ഇതിനുപിന്നില്‍ അംബാന്‍മാരുടെ െൈ(ചനീസ് ചക്രവര്‍ത്തിയുടെ പ്രതിനിധി)യും റീജന്റുമാരുടെയും കറുത്തകൈകളുണ്ടെന്നു സംശയിച്ചവരും കുറവല്ല.

ഏതായാലും 1895-ല്‍ സ്ഥാനമേറ്റ പതിമ്മൂന്നാം ദലൈലാമ മികച്ച ഭരണാധികാരിയായിരുന്നു. ചൈനയുടെ കേന്ദ്രഭരണത്തിന് സംഭവിച്ച ക്ഷീണം മുതലെടുത്ത ഇദ്ദേഹം ബ്രിട്ടന്റെ സഹായത്തോടെ ഏറക്കുറെ സ്വാതന്ത്ര്യത്തോടുകൂടിത്തന്നെ ടിബറ്റിലെ ഭരണാധികാരിയുടെ അധികാരങ്ങളും കടമകളും നിര്‍വഹിച്ചു. കമ്യൂണിസ്റ്റ് ഭരണം വന്നതോടെ ടിബറ്റിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

1949-ല്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചെടുത്ത ഉടനെത്തന്നെ 'ടിബറ്റിന്റെ മോചനം' അവരുടെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് പ്രഖ്യാപിച്ചു. അടുത്തവര്‍ഷംതന്നെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ടിബറ്റിലെത്തുകയും ചെയ്തു. ഇത് സൃഷ്ടിച്ച പ്രതിസന്ധിയുടെ നിഴലിലാണ് പതിന്നാലാം ദലൈലാമ സ്ഥാനമേല്‍ക്കുന്നത്. മറ്റു ലോകരാജ്യങ്ങളില്‍നിന്നു പിന്തുണലഭിക്കാതിരുന്ന ടിബറ്റന്‍ ജനതയ്ക്ക് ചൈനീസ് സൈനികശക്തിയുടെമുന്നില്‍ ഒന്നും ചെയ്യാന്‍കഴിയുമായിരുന്നില്ല. ബെയ്ജിങ്ങില്‍നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 17 ധാരണകളുള്ള കരാറില്‍ ഇരുപക്ഷവും ഒപ്പുവെച്ചു. ഇതുപ്രകാരം ദലൈലാമയുടെ സ്ഥാനത്തിലും അധികാരങ്ങളിലും മാറ്റമുണ്ടാകില്ലെന്ന് ചൈന ഉറപ്പും നല്‍കി.

എന്നാല്‍, ചൈന പതുക്കെ ടിബറ്റിനുചുറ്റുമുള്ള പ്രദേശങ്ങളില്‍ പിടിമുറുക്കിത്തുടങ്ങി. ഇത് അവിടത്തെ നിവാസികളായ 'കംഫ' എന്ന വംശത്തില്‍പ്പെട്ട ജനങ്ങളുടെയിടയില്‍ വലിയതോതിലുള്ള മുറുമുറുപ്പുണ്ടാക്കി; ഇത് വളര്‍ന്ന് 1957 ആയപ്പോഴേക്കും ഒരു സായുധകലാപമായി പരിണമിച്ചു. ഇത് അടിച്ചമര്‍ത്താന്‍ ചൈന കൂടുതല്‍ സേനയെ ടിബറ്റില്‍ വിന്യസിച്ചു. ഇതോടെ ടിബറ്റില്‍ അശാന്തിയും അസ്വസ്ഥതയും പടര്‍ന്നു.




23-ാം വയസ്സില്‍ പലായനം

അന്ന് വെറും 23 വയസായിരുന്നു ദലൈലാമക്ക്. അപ്പേഴാണ് അയാള്‍ ചൈനീസ് പീഡനത്തെ തുടര്‍ന്ന്, ഒളിച്ചോടേണ്ടി വന്നത്. നേരത്തെ 13ാം ദലൈലാമ പ്രവചിച്ചതു ടിബറ്റിന്റെ അധികാരം പതിയെ ചോര്‍ന്ന് പോയി. മൊണാസ്ട്രികളിലും തെരുവുകളിലും സൈ്വരവിഹാരം നടത്തിയ ചൈനീസ് പട്ടാളക്കാര്‍ ടിബറ്റന്‍ സ്വയംഭരണത്തിന് ഭീഷണിയായി. ടിബറ്റന്‍ ജനത ഭയത്തിലായിരുന്നു. പ്രാണന്‍ പോകുന്നതിനേക്കാള്‍ തങ്ങളുടെ ആത്മീയ നേതാവിനെ ചൈന തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്യുമോ എന്നതാണ് അവരെ പേടിച്ചത്.

അങ്ങനെയിരിക്കെയാണ് ദലൈലാമയ്ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമാന്‍ഡറിന്റെ ആ ക്ഷണം വരുന്നത്. സൈനിക ആസ്ഥാനത്ത് നടക്കുന്ന ഒരു നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ക്ഷണം. ഒരു നിര്‍ദേശവും കമാന്‍ഡര്‍ മുന്നോട്ടുവെച്ചു. ലാമയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകാന്‍ പാടില്ല. ലാമയുടെ അനുയായികള്‍ അപകടം മണത്തു.1959 മാര്‍ച്ച് 10ന് ദലൈലാമയുടെ ലാസയിലെ വേനല്‍ക്കാല വസതിയായ നോര്‍ബുലിംഗയ്ക്ക് മുന്നില്‍ ടിബറ്റന്‍ ജനത മനുഷ്യ മതില്‍ തീര്‍ത്തു. തങ്ങളെ കടന്നേ ചൈനയ്ക്ക് ലാമയെ തൊടാന്‍ സാധിക്കൂ എന്ന് പ്രഖ്യാപിച്ചു. ടിബറ്റ് കലാപ മുഖരിതമായി. തെരുവുകളില്‍ ടിബറ്റന്‍ വിമതരും ചൈനീസ് സൈന്യവും ഏറ്റമുട്ടി. ചൈന നോര്‍ബുലിംഗയ്ക്ക് നേരെ വെടിയുതിര്‍ത്തു. അതോടെ ലാമ രാജ്യം വിടാന തീരുമാനിച്ചു.

മാര്‍ച്ച് 17ന് മഞ്ഞുമൂടിയ ഒരു രാത്രി, 10 മണിയോടെ, ദലൈലാമ ഒരു ടിബറ്റന്‍ സൈനികന്റെ യൂണിഫോമിലേക്ക് വേഷംമാറി. തന്റെ അമ്മയെയും സഹോദരങ്ങളെയും വിശ്വസ്തരായ അനുയായികളെയും കൂട്ടി നോര്‍ബുലിംഗയില്‍ നിന്ന് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഇരുട്ടിലേക്ക് ഇറങ്ങി. കീച്ചു നദിക്കരില്‍ വെച്ച് കൂടുതല്‍ പേര്‍ അദ്ദേഹത്തിന് ഒപ്പം ചേര്‍ന്നു. അപ്പോഴേക്കും ലാസ ചൈന വളഞ്ഞിരുന്നു.ദലൈലാമയും സംഘവും ചൈനീസ് ചെക്ക്പോസ്റ്റുകള്‍ ഒഴിവാക്കി മലനിരകളിലൂടെ നടന്നു. പകല്‍ ഒളിച്ചും രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ നടന്നും അവര്‍ ജന്മനാട്ടില്‍ നിന്ന് അകലങ്ങളിലേക്ക് നീങ്ങി. ലാമയുടെ വിവരങ്ങള്‍ പുറത്തുവരാതായതോടെ അദ്ദേഹം മരിച്ചതായി അഭ്യൂഹങ്ങള്‍ പരന്നു.

മാര്‍ച്ച് 26ന് ആ യാത്ര അവസാനിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്ക് ഏതാനും മൈലുകള്‍ക്ക് അപ്പുറം. ലഹുന്റ്സെ ഡസോങ്ങില്‍. ലാമ ഇന്ത്യന്‍ അതിര്‍ത്തിക്ക് അടുത്തെത്തിയ സമയം, യുഎസിലെ മെരിലാന്‍ഡില്‍ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ ഗ്രീനിയുടെ ഫോണ്‍ റിങ് ചെയ്തു. ചെറിയൊരു ക്രിപ്റ്റിക് സന്ദേശം. അതിന്റെ അര്‍ഥം ഗ്രഹിച്ച ആ സിഐഎ ഉദ്യോഗസ്ഥന്‍ അപ്പോള്‍ തന്നെ ന്യൂ ഡല്‍ഹിയിലേക്ക് കേബിള്‍ അയച്ചു. ദലൈലാമയ്ക്കും സംഘത്തിനും അഭയം നല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോട് അഭ്യര്‍ഥിച്ചു. ചൈനയക്കെതിരെ ടിബറ്റന്‍ വിമതരെ രഹസ്യമായി സഹായിച്ചിരുന്നത് സിഐഎയാണ്. ഇതാണ് ഈ പ്രത്യേക താല്‍പ്പര്യത്തിന് കാരണം.

ലാമയ്ക്ക് അഭയം നല്‍കിയാല്‍ ചൈനയുടെ ശത്രുത കൂടിയാണ് ക്ഷണിച്ച് വരുത്തുന്നതെന്ന് നെഹ്റുവിന് ഉറപ്പുണ്ടായിരുന്നു. ബെയ്ജിങ്ങില്‍ നിന്ന് അപ്പോഴേക്കും മുന്നറിയിപ്പുകളും വന്നു തുടങ്ങിയിരുന്നു. പക്ഷേ നെഹ്റു അപ്പോഴേക്കും തീരുമാനത്തിലേക്ക് എത്തിയിരുന്നു. നെഹ്റുവിന്റെ നിര്‍ദേശ പ്രകാരം, അസം റൈഫിള്‍സ് തവാങ്ങിനടുത്തുള്ള ചുതാങ്മുലേക്ക് നീങ്ങി. ദലൈലാമയെയും അനുയായികളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നിന്നു. മാര്‍ച്ച് 31ന് ലാമയും സംഘവും ഖെന്‍സിമാന്‍ പാസിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചു.

അസം റൈഫിള്‍സിലെ ഹവില്‍ദാര്‍ നരേന്‍ ചന്ദ്ര ദാസിന്റെ കാഴ്ചവട്ടത്തിലേക്കാണ് ആ രൂപം ആദ്യം നടന്നുകയറുന്നത്. ക്ഷീണിതനായ, മേലങ്കി ധരിച്ച ഒരു വ്യക്തി. ഇരുട്ടില്‍ ആ മുഖം വ്യക്തമല്ല. ഇനി ശരിക്കും കണ്ടെന്ന് പറഞ്ഞാലും അപ്പോള്‍ ആ മനുഷ്യനെ ഒരു ഇന്ത്യന്‍ ജവാന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. തങ്ങളുടെ സംഘം കാത്തിരിക്കുന്നത് ഈ സന്ന്യാസി സംഘത്തെയാണെന്ന് ആ ഹവില്‍ദാര്‍ മനസിലാക്കി. ഹവില്‍ദാര്‍ നരേന്‍ ചന്ദ്ര ദാസ് ടിബറ്റിന്റെ പതിനാലാമത്തെ ദലൈലാമയെ സല്യൂട്ട് ചെയ്തു.

ആ സ്വാഗതത്തില്‍ ലാമ ഉറപ്പിച്ചു. ഇവിടെ ഞാന്‍ സുരക്ഷിതനാണ്. ആറ് പതിറ്റാണ്ട് കാലം ആ ഉറപ്പിന് ഇന്ത്യ കാവല്‍ നിന്നു. പക്ഷേ അതിന് ഇന്ത്യ വലിയ വിലയും കൊടുക്കേണ്ടി വന്നു. 62-ലെ ചൈനായുദ്ധത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ പ്രശ്നമായിരുന്നു. അതിലെ ഇന്ത്യയുടെ തോല്‍വിയില്‍ ഹൃദയം പൊട്ടിയാണ്, നെഹ്റു മരിച്ചതെന്നുപോലും പില്‍ക്കാലത്ത് വിമര്‍ശനം വന്നു.




2000 കോടിയുടെ ആസ്തി

ഇന്നും ടിബറ്റ് സ്വതന്ത്ര രാജ്യമാവണമെന്ന് ബുദ്ധ സന്യാസി സമൂഹം ആഗ്രഹിക്കുന്നു. അത് അംഗീകരിക്കാന്‍ ചൈന തയാറല്ല. ടിബറ്റ് തങ്ങളുടെ ഭാഗമാണെന്ന് ചൈന വാദിക്കുന്നു. ടിബറ്റ് സ്വതന്ത്ര രാജ്യമെന്ന നിലയില്‍ ഭരണകൂടവും സന്യാസിമാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലിരുന്നാണ് പ്രവര്‍ത്തനം എന്നുമാത്രം. ധര്‍മശാലയില്‍ ലാമ 1960-ല്‍ ടിബറ്റിന്റെ പാര്‍ലമെന്റ് സ്ഥാപിച്ച് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ എന്നപേരില്‍ ഒരു ഭരണസംവിധാനം തുടങ്ങി. എന്നാല്‍, ഇന്ത്യ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്നത് രസകരമായ വസ്തുതയാണ്! 2011-ല്‍ ദലൈലാമ തന്റെ ഭരണപരമായ ചുമതലകളില്‍നിന്നു പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു; അതിനുശേഷം ഭരണകാര്യങ്ങള്‍ക്കുള്ള ഉത്തരവാദിത്വം കഷാഗ് എന്ന മന്ത്രിസഭയ്ക്കും കലോന്‍ കൃപ എന്ന അതിന്റെ നായകനുമാണ്.

ദലൈലാമ ഇരുതലമൂര്‍ച്ചയുള്ള വാളാണ്. അദ്ദേഹത്തില്‍ ആത്മീയതയും രാഷ്ട്രീയവും ഒരുപോലെ സമ്മേളിക്കുന്നു. അദ്ദേഹം ഉരുവിടുന്ന മന്ത്രങ്ങളും സൂക്തങ്ങളും ചൈനയ്ക്ക് മുറിവേല്‍പ്പിക്കുന്ന അമ്പുകളാണ്. ചൈനീസ് ഹാന്‍ ദേശീയതയെ ടിബറ്റന്‍ ജനത പ്രതിരോധിക്കുന്നത് ധര്‍മ്മശാലയിലുള്ള ലാമയുടെ ടിബറ്റന്‍ സാംസ്‌കാരിക ദേശീയത കൊണ്ടാണ്. ഇന്ത്യ നല്‍കിയിരിക്കുന്ന അഭയം ചൈനയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമായിട്ടാണ് അവര്‍ കാണുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലെ പൊതുപ്രവര്‍ത്തനങ്ങളെയും അരുണാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സന്ദര്‍ശനത്തെയും ശക്തിയുക്തം എതിര്‍ക്കുന്നത്.ടിബറ്റന്‍ പ്രദേശം ചൈനയുടെ അധീനതയില്‍ ആണെങ്കിലും ടിബറ്റന്‍ ബുദ്ധിസത്തിന്റെ ആത്മാവ് കുടിയിരിക്കുന്നത് ഇന്ത്യയിലാണ്. ഭൗതീക സൗകര്യങ്ങള്‍ക്കപ്പുറത്ത് ടിബറ്റന്‍ ജനതയെ ഒന്നിപ്പിക്കുന്നത് ഈ പൊതു സ്വത്വബോധമാണ്. ഈ സ്വത്വബോധം ഇല്ലാതാക്കിയാല്‍ മാത്രമേ ആശയപരമായി ടിബറ്റ് പൂര്‍ണമായും ചൈനയുടെ ഭാഗമാകൂ. ചൈനയുടെ ഭാഷയില്‍ ഇതിന് നേതൃത്വം നല്‍കുന്ന ദലൈലാമ അപഥസഞ്ചാരം നടത്തുന്ന നിയമവിരുദ്ധ വിഘടനവാദിയാണ്.

ദലൈലാമക്ക് ഏകദേശം രണ്ടായിരം കോടിയുടെ ആസ്തിയുണ്ട്. പരമ്പരാഗതമായി ബുദ്ധ സന്യാസികള്‍ ലൗകിക സ്വത്തുക്കള്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ദലൈലമാക്ക് എങ്ങനെയാണ് ഇത്രയധികം ആസ്തി എന്ന ചോദ്യത്തിന് ഉത്തരം അദ്ദേഹം, ഒരു ഭരണാധികാരികൂടിയാണെന്നതാണ്. ദലൈലാമക്ക് ലഭിക്കുന്ന പണം അദ്ദേഹത്തിന്റേതുമാത്രമല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ടിബറ്റന്‍ കമ്മ്യൂണിറ്റി സംരംഭങ്ങള്‍ക്കുമൊക്കെ വേണ്ടിയാണ് ഈ പണം എല്ലാം ഉപയോഗിക്കുക.

58-ലധികം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിന്റെ റോയല്‍ട്ടിയുണ്ട്. പ്രഭാഷണങ്ങള്‍, ക്യാഷ് അവാര്‍ഡുകള്‍ എന്നിവയിലൂടെയെല്ലാം ദലൈലാമക്ക് വന്‍ തുക ലഭിക്കുന്നുണ്ട്. നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ ദലൈലാമയെ തേടിയെത്തിയിട്ടുണ്ട്. പണമില്ലാതെ, ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആകില്ലെന്നും പണം ഇല്ലാതെ ഒന്നും നടക്കില്ല എന്നുമൊക്കെ ദലൈലാമ തന്നെ പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പണത്തെ ദൈവതുല്യമായോ, ഒരു വസ്തുവായോ കണക്കാക്കാന്‍ പാടില്ല എന്നതാണ് അദ്ദേഹത്തിന്റെ വീഷണം.

ദലൈലാമയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിബറ്റില്‍ ഗാഡന്‍ ഫോഡ്രാങ് എന്ന സംഘടന സ്ഥാപിച്ചത്. അടിസ്ഥാന മാനുഷിക മൂല്യങ്ങള്‍, മതങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ, സമാധാനം, അഹിംസ, പരിസ്ഥിതി സംരക്ഷണം എന്നിവയൊക്കെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. നിരവധി സംഭാവനകള്‍ ഈ ഫൗണ്ടേഷന് ലഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന് മറ്റ് സംഭാവനകളും ധനസഹായങ്ങളും ഒക്കെ ലഭിക്കുന്നുണ്ട്. സ്വന്തം ബജറ്റും വരുമാന ശേഖരണത്തിനുള്ള സംവിധാനങ്ങളും ധനവകുപ്പ് കണ്ടെത്തുന്നുണ്ട്. ടിബറ്റന്‍മാരില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമുള്ള സംഭാവനകള്‍ കേന്ദ്ര ടിബറ്റന്‍ ഭരണകൂടത്തിന്റെ ധനകാര്യ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ടിബറ്റന്‍ സമൂഹങ്ങള്‍ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്.

ബാലപീഡകനെന്ന് വിവാദം

സമാധാനത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ പ്രവാചകന്‍ എന്ന് വിശദീകരിക്കപ്പെടുമ്പോഴും, ബാലപീഡകനാണ് എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും ദലൈലാമ നേരിട്ടിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് ആശിര്‍വാദം തേടിയെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്ന ദലൈലാമയുടെ വീഡിയോ വൈറലായി. കുട്ടിയുടെ ചുണ്ടുകളില്‍ ദലൈലാമ ചുംബിക്കുന്നതും പിന്നീട് നാവില്‍ നക്കാന്‍ ആവശ്യപ്പെടുന്നതുമായ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ ദലൈലാമ നടത്തിയത് ബാലപീഡനമാണെന്നും അദ്ദേഹത്തെ അറസ്റ്റുചെയ്യണമെന്നും ആവശ്യമുയര്‍ന്നു.

പൊതുമധ്യത്തിലായാല്‍പ്പോലും തന്നെ കാണാനെത്തുന്നവരെ നിഷ്‌കളങ്കമായി കളിയാക്കുന്ന ദലൈലാമയുടെ സഹജമായ പെരുമാറ്റം മാത്രമായിരുന്നു അതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചത്. സംഭവത്തിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ തന്റെ പ്രവൃത്തിയാല്‍ വേദനിച്ച കുട്ടിയോടും കുടുംബത്തോടും ലോകത്തോടും അദ്ദേഹം മാപ്പ് പറഞ്ഞു. ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനേതാവായി എട്ടു വയസ്സുകാരനായ മംഗോളിയന്‍ ബാലനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ദലൈലാമ വിവാദത്തില്‍ അകപ്പെട്ടത്്. മംഗോളിയന്‍ ബാലനെ തിരഞ്ഞെടുത്തത്, ചൈന അംഗീകരിക്കാത്തതും വന്‍ വിവാദമായിരുന്നു. 2019-ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീ ആവുകയാണെങ്കില്‍, അവര്‍ സുന്ദരിയായിരിക്കണമെന്ന് പറഞ്ഞതും വന്‍ വിവാദമായി. ഇതിലും മാപ്പുപറഞ്ഞാണ് ലാമ തടിയൂരിയത്.

ഇന്ത്യാ-പാക്കിസ്ഥാന്‍ വിഭജനത്തിനു പിന്നില്‍ മുന്‍പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ 'സ്വാര്‍ഥത'യാണെന്ന തന്റെ പരാമര്‍ശത്തിലും നേരത്തെ ടിബറ്റന്‍ ആത്മീയാചാര്യന് ഖേദം അറിയിക്കേണ്ടി വന്നിരുന്നു. പ്രഥമ പ്രധാനമന്ത്രിപദം മുഹമ്മദലി ജിന്നയ്ക്ക് നല്‍കാന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. എന്നാല്‍ 'സ്വാര്‍ഥനായ' നെഹ്റു വഴങ്ങിയില്ല എന്നും ഒരു ഗോവയില്‍ ഒരു കോണ്‍ക്ലേവില്‍ പങ്കെടുക്കവേ, ലാമ പറഞ്ഞത് രാഷ്ട്രീയ വിവാദവുമായി. അതോടെയാണ് ദലൈലാമ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

1950-ല്‍ ജന്മദേശം വെടിയേണ്ടിവന്ന ആയിരക്കണക്കിനു ടിബറ്റന്‍ വംശജര്‍ക്ക് ഇന്ത്യയില്‍ അഭയം ഒരുക്കിയതിന് നെഹ്റുവായിരുന്നുവെന്നും തന്റെ പരാമര്‍ശം വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നെഹ്റുവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ടിബറ്റ് സ്വദേശികള്‍ക്കു പ്രത്യേക സ്‌കൂള്‍ അനുവദിച്ചത് ലാമ നെഹ്റുവിന് നന്ദിയും പറഞ്ഞു. അതോടെയാണ് വിവാദം കെട്ടടങ്ങിയത്.




പുതിയ ലാമ ആര്?

ദലൈലാമയെയും ടിബറ്റന്‍ സന്യാസി സമൂഹത്തെയും വരുതിയിലാക്കാന്‍ ചൈന ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇപ്പോഴത്തെ ദലൈലാമയുടെ പിന്‍ഗാമി ചൈനീസ് നിയമങ്ങള്‍ക്ക് വിധേയനായിട്ടായിരിക്കും നിയമിക്കപ്പെടുക എന്ന് ഭരണകൂടം പറഞ്ഞത് വ്യക്തമായ സന്ദേശമായിരുന്നു. അടുത്ത ദലൈലാമ ചൈനയുടെ ആളായിരിക്കും എന്ന മുന്നറിയിപ്പ്. എന്നാല്‍ പിന്‍ഗാമി ചൈനയ്ക്ക് പുറത്ത് സ്വതന്ത്രരാജ്യത്ത് ജനിച്ചെന്നു പറഞ്ഞ് ദലൈലാമ അപ്പോള്‍തന്നെ ചൈനീസ് വാദം ഖണ്ഡിച്ചു. അതൊരു പുരുഷനാവണമെന്ന് നിര്‍ബന്ധമില്ല, പ്രായപൂര്‍ത്തിയായ ആള്‍ ആവാമെന്നും പറഞ്ഞു.

90-ാം ജന്മദിനത്തിന് തൊട്ടുമുമ്പായി തന്റെ പിന്‍ഗാമിയെക്കുറിച്ച് ലാമ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്നത് ചൈനയല്ല, മറിച്ച് തങ്ങളുടെ ഗാഥന്‍ ഫോട്രാന്‍ ട്രസ്റ്റ് ആണെന്നായിരുന്നു. എന്നാല്‍ ചൈനീസ് അംബാസഡര്‍ പറഞ്ഞത് പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത് സ്വര്‍ണ കുടത്തില്‍ നറുക്കെടുത്താണെന്നാണ്. അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരവും വേണം. ബുദ്ധിസ്റ്റ് വിശ്വാസിയായ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കേന്ദ്രമന്ത്രി കിരണ്‍ റിജിജു പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ദലൈലാമയില്‍ നിക്ഷിപ്തമായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. അതിശക്തമായിട്ടാണ് ചൈനീസ് വിദേശകാര്യവക്താവ് ഇതിനോട് പ്രതികരിച്ചത്. തങ്ങളുടെ ആഭ്യന്തരകാര്യത്തിലുള്ള കടന്നുകയറ്റമാണെന്നും ഇതിന്റെ പ്രത്യാഘാതം ഉഭയകക്ഷി ബന്ധത്തില്‍ പ്രതിഫലിക്കുമെന്നും വരെ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം റിജിജുവിന്റെ നിലപാട് വ്യക്തിപരമാണ് എന്നും അതേസമയം ദലൈലാമയ്ക്ക് സ്വതന്ത്രമായ മത-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും അഭിപ്രായപ്പെട്ടു. ഈ ആരോപണ പ്രത്യാരോപണങ്ങളും വിഷയത്തിന്റെ കാഠിന്യത്തെയും പ്രാധാന്യത്തെയും കാണിക്കുന്നു. യഥാര്‍ത്ഥത്തില്‍ 1962- ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ഒരു പ്രധാന കാരണം ദലൈലാമയ്ക്ക് ഇന്ത്യ നല്‍കിയ അഭയമായി ബന്ധപ്പെട്ടതാണ്. അതിനുശേഷം ഇന്ത്യയും ചൈനയും തമ്മില്‍ ഈക്കാര്യത്തിലുള്ള വാക്‌പോര് തുടര്‍ക്കഥയാണ്.

പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നവരാണ് ടിബറ്റന്‍ സന്യാസികള്‍. സാധാരണഗതിയില്‍ ഒരു ദലൈലാമ മരിച്ചുകഴിയുമ്പോഴാണ് പിന്‍ഗാമിയെ നിശ്ചയിക്കുക. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കാം. പിന്‍ഗാമിയെ കണ്ടെത്താന്‍ പരമ്പരാഗതമായി പിന്തുടരുന്ന ചില രീതികളുണ്ട്. മുന്‍ ദലൈലാമ നല്‍കുന്ന ചില സൂചനകള്‍ പരിഗണിക്കും. ഉദാഹരണത്തിന് അദ്ദേഹം മരിച്ചപ്പോള്‍ കിടന്നിരുന്ന ദിശ, കിടന്ന രീതി, മൃതദേഹം സംസ്‌കരിക്കുമ്പോള്‍ പുക പോകുന്ന ദിശ... ഇതൊക്കെ പിന്‍ഗാമി ഏതുഭാഗത്താണെന്ന് കണ്ടെത്താനുള്ള അടയാളങ്ങളായി വിലയിരുത്തും. ധ്യാനത്തിലൂടെ ലഭിക്കുന്ന ഉള്‍ക്കാഴ്ചകളും തുണയാകുമെന്നാണ് വിശ്വാസം. അടയാളങ്ങള്‍ പിന്തുടര്‍ന്ന് അന്തരിച്ച ദലൈലാമയുടെ രീതികളുമായി സാമ്യമുള്ള ആളെ കണ്ടെത്തുക എന്നതാണ് ആദ്യഘട്ടം. അതിനുശേഷം ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തും. മുന്‍ ദലൈലാമയുമായി ഏറെപൊരുത്തങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെടട്ടാല്‍ പിന്നെ ആത്മീയ പഠനമായി. അതിനൊടുവിലാണ് ദലൈലാമയായി വാഴിക്കുക. ( സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ യോദ്ധ എന്ന ചിത്രം ഓര്‍മ്മവരും)

പക്ഷേ ഈ നടപടികളൊക്കെ തങ്ങള്‍ നടത്തുമെന്നാണ് ചൈന പറയുന്നത്. നേരത്തെ പഞ്ചന്‍ലാമയെ തിരഞ്ഞെടുത്തപ്പോഴും സമാനമായ പ്രശ്നം ഉണ്ടായിരുന്നു.

അതിനിടെ താന്‍ മുപ്പതോ നാല്‍പതോ വര്‍ഷംകൂടി ജീവിക്കുമെന്നും 130 വയസുവരെ ആയുസുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ദലൈലാമ പറഞ്ഞതും വലിയ വാര്‍ത്തയായി. പുതിയ ലാമ ഉടനെ ഒന്നും ഉണ്ടാവില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

വാല്‍ക്കഷ്ണം: ടിബറ്റിലെ ബുദ്ധരും, ഉയിഗൂരിലെ മുസ്ലീങ്ങളും സമാനമായ പ്രശ്നമാണ് ചൈനയില്‍ അനുഭവിക്കുന്നത്. വ്യത്യസ്തതകളെ കമ്യൂണിസം ഒരിക്കലും അംഗീകരിക്കില്ല എന്നതിന്റെ സൂചനകൂടിയാണിത്. പക്ഷേ ബുദ്ധര്‍ക്ക് കേരളത്തില്‍, വോട്ടില്ലാത്തതുകൊണ്ടാവാം, 'സേവ് ടിബറ്റ്' എന്നപേരില്‍ കേരളത്തില്‍ ഒരു റാലിയും പൊതുയോഗങ്ങളുമൊന്നും നടക്കാറില്ല.