- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
'നീയോക്കെ ബോംബെയിലെ ധാരാവി, ധാരാവി എന്നു കേട്ടിട്ടുണ്ടോ'- കൊച്ചിൻ ഹനീഫ ഒരു സിനിമയിൽ പറയുന്ന ഡയലോഗ് എറെ പ്രശസ്തമാണ്. മുബൈയിലെ ധാരാവിയിലെ ചേരികൾ ഒറ്റരാത്രികൊണ്ട് ഒഴിപ്പിച്ച ആറാംതമ്പുരാനിലെ മോഹൻലാലിന്റെ ജഗന്നാഥൻ ഇന്നും നമ്മുടെ ഹീറോയാണ്. മലയാളികൾക്ക് മാത്രമല്ല, ഇന്ത്യ മൊത്തത്തിൽ തന്നെ അൽപ്പം പേടിയോടും, കുറേ ആരാധാനയോടും കാണുന്ന പ്രദേശം തന്നെയാണിത്. വരദരാജമുതലിയാർ തൊട്ട് ദാവൂദ് ഇബ്രാഹീമിന്റെ വരെ തോക്കുകൾ തീതുപ്പിയ നാട്. വേശ്യകളും കൂട്ടിക്കൊടുപ്പുകാരും, ദാദമാരും വാഴുന്ന നാട്. ഇങ്ങനെയൊക്കെയാണ് ധാരാവിയെക്കുറിച്ചുള്ള പ്രചാരണം.
പക്ഷേ ശരിക്കുമുള്ള ധാരാവി ഇതൊന്നുമല്ല. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ മധ്യത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള ചേരിപ്രദേശം. ചുറ്റും മാളുകളും വാണിജ്യ സമുച്ചയങ്ങളും. മുകേഷ് അംബാനിപോലും അയൽക്കാരനാണ്. തെക്കൻ മുംബൈയിൽ മാഹിം നദീ തീരത്ത് 1.75 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയിലാണ് ധാരാവിയുള്ളത്. മുംബൈ എന്ന മഹാനഗരത്തിന്റെ ഹൃദയമിടിപ്പാണ് പത്തുലക്ഷത്തിലേറെ പേർ താമസിക്കുന്ന ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശം.
ദരിദ്രർ മാത്രമല്ല വിദേശത്തേക്കു കയറ്റു മതിയുള്ള കച്ചവടം നടത്തുന്നവരും താമസിക്കുന്ന സ്ഥലമാണ് ധാരാവി. ഇത്രയേറെ വൈവിധ്യമുള്ള ചെറുകിട സംരംഭങ്ങൾ സജീവമായുള്ള അധികം സ്ഥലങ്ങൾ വേറെയില്ല. കയറ്റുമതി ചെയ്യുന്ന തുകൽ ഉത്പന്നങ്ങളുടെ നിർമ്മാണം, മൺപാത്രനിർമ്മാണം, സോപ്പ് നിർമ്മാണം, വസ്ത്ര നിർമ്മാണം, റീ സൈക്ലിങ് യൂണിറ്റുകൾ, ഭക്ഷണശാലകൾ, മധുരപലഹാരങ്ങളും മറ്റു ഭക്ഷണങ്ങളുടേയും നിർമ്മാണം എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി സംരംഭങ്ങൾ ഇവിടെയുണ്ട്. ധാരാവിക്കു വേണ്ടിയുള്ളതു മാത്രമല്ല മുംബൈ മഹാ നഗരത്തിനു വേണ്ടിയുള്ള ഉത്പന്നങ്ങളിൽ പലതും ഇവിടെയാണ് ഉടലെടുക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ പരിമിതിയുണ്ട് ധാരാവിക്ക്. ജന സാന്ദ്രതതന്നെ കാരണം. ഭൂരിഭാഗം വീടുകളിലും ഒരു മുറി തന്നെ സ്വീകരണമുറിയായും അടുക്കളയായും ഊണുമുറിയായും കിടപ്പുമുറിയായും മാറുകയാണ് പതിവ്. സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ലോകംമുഴുവൻ കണ്ട ഇന്ത്യൻ ജീവിതത്തിന്റെ പ്രതീകമായ പ്രദേശം. ആ കാഴ്ച ഇനി ഉണ്ടാവില്ലെന്നാണ് പുതിയ വാർത്തകൾ നമ്മളോട് പറയുന്നത്. ധാരാവിയിൽ വരാൻ പോകുന്നത് 23,000 കോടിയുടെ പുനരധിവാസ പദ്ധതിയാണ്. പദ്ധതി നടപ്പിലാക്കാൻ പോകുന്നത് വ്യവസായലോകത്തെ പ്രമുഖരായ അദാനി ഗ്രൂപ്പാണ്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ അദാനി റിയൽറ്റിയാണ് ഇതിനുള്ള അനുമതി മഹാരാഷ്ട്ര സർക്കാരിൽ നിന്ന് കരസ്ഥമാക്കിയത്. ഇപ്പോൾ പുനരധിവാസത്തിനുള്ള സർവേ മാർച്ച് 18 മുതൽ തുടങ്ങയാണ്. ലോകം കണ്ട ഏറ്റവും വലിയ ചേരി പുനരധിവാസ പദ്ധതിയാണ് ധാരാവിയിൽ നടക്കുന്നത്.
8,200 കോടി ടേൺ ഓവറുള്ള ചേരി
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ചേരിപ്രദേശമാണ് ധാരാവി. മുംബൈ നഗരത്തിലെ പാവങ്ങളുടെ താമസസ്ഥലം മാത്രമല്ലിത്. പ്രതിവർഷം 8200 കോടി രൂപയുടെ വിറ്റുവരവുള്ള ചെറുകിട വ്യവസായമേഖലകൂടിയാണ്. ഏകദേശം 2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന, ഒരുകാലത്ത് അധോലോക സങ്കേതമായിരുന്ന ധാരാവിയുടെ പേരുകേട്ടാൽപോലും പുറംലോകം വിറച്ചിരുന്നു. സിനിമകൾ പെരുപ്പിച്ചുവെച്ച ഭീകരതയ്ക്കപ്പുറം ഇവിടെയിപ്പോൾ അത്ര ഭയക്കാനൊന്നുമില്ലെന്നതാണ് സത്യം.
എല്ലാചേരികളിലെയും പോലെ പ്രശ്നങ്ങൾ ധാരാവിയിലുമുണ്ട്. നൂറുകണക്കിനുപേർക്ക് ഉപയോഗിക്കാനായി ഒരു കക്കൂസ് മാത്രമാണുണ്ടാവുക. പലതും തോടുകളിലേക്കോ ജലാശയങ്ങളിലേക്കോ തുറന്ന് പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് മറച്ചുണ്ടാക്കിയവ. ശുദ്ധജലം കിട്ടാക്കനിയാണ്. വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ പേരിനുമാത്രം. നിന്നുതിരിയാനിടമില്ലാത്ത ഒറ്റമുറിയിലൊതുങ്ങുന്നതാണ് കുടുംബങ്ങൾ.
ഏത് വെല്ലുവിളിയെയും പോരാടി അതിജീവിക്കുന്നവരാണ് ധാരാവിക്കാർ. എന്തിനെയും നേരിടാനുള്ള നെഞ്ചുറപ്പാണ് അവരുടെ ബലം. ഇതാണ് പുറംലോകത്തെ ഭയപ്പെടുത്തുന്നതും. എന്നാൽ ഒന്നിനോടും പരിഭവമില്ലാതെ, ലഭിക്കുന്നതുകൊണ്ട് സന്തോഷത്തോടെ കഴിയുന്നു അവർ. ചാളകളും ഒറ്റമുറി വീടുകളും നിറഞ്ഞ ധാരാവി ഇന്ത്യൻ സമ്പദ്ഘടനയിലും നിർണായകസ്ഥാനം വഹിക്കുന്നു. മുംബൈയുടെ പ്രധാന കയറ്റുമതി വരുമാനം ഒരുങ്ങുന്നത് ധാരാവിയിൽനിന്നാണ്. പ്രത്യേക സാമ്പത്തികമേഖലകളൊരുക്കി വ്യവസായ സംരംഭങ്ങൾ വളർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവിടുന്ന കാലമാണിത്. സർക്കാർ പദ്ധതികളോ പണമോ ഇല്ലാതെ, പ്രത്യേക സാമ്പത്തിക മേഖലയെന്ന കാഴ്ചപ്പാടുകൾ ഉരുത്തിരിയുംമുൻപേ ധാരാവി ചെറുകിട വ്യവസായങ്ങളുടെ ഒരു കേന്ദ്രമായി വളർന്നിരുന്നു.
5000 വ്യവസായശാലകളും 15,000-ത്തിലധികം ഒറ്റമുറി ഫാക്ടറികളുമുണ്ടിവിടെ. തുകൽ വ്യവസായമാണ് ഏറ്റവും സജീവം. ആഗോള ബ്രാൻഡുകൾക്കായി ഇവിടെനിന്ന് ബാഗുകളും ചെരുപ്പും ബെൽറ്റുകളും മറ്റും നിർമ്മിച്ചുനൽകുന്നു. കയറ്റുമതിയും സജീവം. പരമ്പരാഗത കളിമൺ, വസ്ത്ര നിർമ്മാണശാലകളും ധാരാവിയിൽ സുലഭം. സാറ, എച്ച് ആൻഡ് എം പോലുള്ള ബ്രാൻഡുകൾക്കടക്കം ഇവിടെ ഉത്പാദനം നടക്കുന്നുണ്ട്. ഇഡ്ഡലി കച്ചവടം മുതൽ സർജിക്കൽ ത്രെഡ് വരെ നീളുന്ന ചെറുകിട കുടിൽ വ്യവസായങ്ങളാണ് ധാരാവിയുടെ നട്ടെല്ല്.
രാജ്യത്തെ മാലിന്യ വസ്തുക്കളുടെ പുനരുപയോഗ സാധ്യതകൾ പുഷ്ടിപ്പെടുന്ന പ്രധാന കേന്ദ്രംകൂടിയാണിത്. മുംബൈയുടെ 60 ശതമാനം മാലിന്യവും സംസ്‌കരിക്കപ്പെടുന്നത് ധാരാവിയിലാണ്. ധാരാവിക്കാരുടെ ഈ കഠിനപ്രയത്‌നമില്ലെങ്കിൽ മുംബൈ മാലിന്യത്തിൽ മുങ്ങുമായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവർത്തകയായ ദേബി ഗോയങ്ക അഭിപ്രായപ്പെട്ടത്. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിനായി ധാരാവിയിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കടക്കം ദിവസവും കയറ്റിപ്പോകുന്നു. ഏറ്റവും പാവപ്പെട്ടവർ അധിവസിക്കുന്നതാണ് ധാരാവിയെങ്കിലും ഇവിടത്തെ വാർഷിക വിറ്റുവരവ് 8,200 കോടി രൂപയോളം (100 കോടി ഡോളർ) വരുമെന്നാണ് കണക്ക്. മൂന്നുലക്ഷത്തോളം പേർ കയറ്റുമതിമേഖലയ്ക്കായി ഇവിടെ പണിയെടുക്കുന്നു.
മത്സ്യ ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക്
മുംബൈയിലെ മത്സ്യത്തൊഴിലാളി ഗ്രാമമായിരുന്നു ധാരാവിയെന്ന് 1909- ൽ പ്രസിദ്ധീകരിച്ച ഗസറ്റിയർ ഓഫ് ബോംബെ ആൻഡ് ഐലന്റിൽ പറയുന്നു. അന്ന് സമുദ്രത്തിലേക്കു തള്ളി നിന്ന ചതുപ്പുകളും കണ്ടലുകളും നിറഞ്ഞ പ്രദേശമായിരുന്നു ധാരാവി. തുടക്കത്തിൽ കോളികളെന്നറിയപ്പെടുന്ന മീൻപിടിത്തക്കാരുടെതായിരുന്നു ധാരാവി. അവർ മാഹിം കടലിടുക്കിലും ചതുപ്പുകളിലും മീൻപിടിച്ച് ഉപജീവനം നടത്തി.
പിന്നീട് സിയോനിൽ ഒരു അണക്കെട്ടു പണിതതോടെ, നദി വരണ്ട് കൂടുതൽ കരഭാഗങ്ങൾ തെളിയുകയും ചെയ്തു. ഇതോടെ സ്വാഭാവിക ജീവിതമാർഗം കുറഞ്ഞ മത്സ്യത്തൊഴിലാളികൾ ഇവിടം വിടുകയും ധാരാവി കുടിയേറ്റക്കാരുടെ കേന്ദ്രമായി മാറുകയുമായിരുന്നു. സർക്കാർ ഭൂമിയായ ചതുപ്പുകളിലേക്ക് മുംബൈയുടെ വികസനക്കുതിപ്പിന്റെ അവശിഷ്ടങ്ങൾ നിറഞ്ഞുകൊണ്ടിരുന്നു. കണ്ടലുകൾക്കിടയിൽ മണ്ണും മലവും പ്ലാസ്റ്റിക്കുമടിഞ്ഞ് ചതുപ്പുകൾ നിലമായി. അതിജീവനം തേടി മറ്റുസംസ്ഥാനങ്ങളിൽനിന്നെത്തിയവർ നടപ്പാലങ്ങൾകൊണ്ടിവിടെ ജീവിതം പടുത്തുകെട്ടി. ലോകത്തു തന്നെ ഏറ്റവും ഉയർന്ന വാടകയുള്ള മുംബൈ മഹാ നഗരത്തിലെത്തുന്നവർക്ക് ഇന്നും ചെറിയ ചെലവിൽ ജീവിക്കാൻ അവസരം നൽകുന്ന ഇടമാണ് ധാരാവി!
സൗരാഷ്ട്രയിൽനിന്നുള്ള മൺപാത്ര നിർമ്മാണക്കാരായ കുംഭാരകൾ, പലഹാരങ്ങളും തുകലുത്പന്നങ്ങളുമുണ്ടാക്കി തമിഴ്‌നാട്ടുകാർ, കരകൗശല വസ്തുക്കളുണ്ടാക്കിയും വസ്ത്രങ്ങൾ തുന്നിയും ഉത്തർപ്രദേശുകാർ... അങ്ങനെ ധാരാവി വളർന്നുകൊണ്ടിരുന്നു. മറ്റ് ചേരികളിൽനിന്ന് വ്യത്യസ്തമായി ധാരാവി സാക്ഷരതയിൽ ഏറെ മുന്നിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 69 ശതമാനം.
വരദരാജനിൽ തുടങ്ങിയ അധോലോകം
ധാരാവി എന്നുകേൾക്കുമ്പോൾ ഒരു മലയാളിക്ക് ആദ്യം മനസ്സിവരിക അധോലോവകവും ഗ്യാങ്്വാറുകളും ആയിരുന്നു. ഹാജി മസ്താനും, ദാവൂദ് ഇബ്രാഹിമും കരിംലാലയും, വരദരാജ മുതലിയാരും, ഛോട്ടാരാജനും, അരുൺ ഗാവ്‌ലിയും അടങ്ങുന്ന മുബൈ അണ്ടർവേൾഡ് ഗ്യാങ്ങ് പുളച്ച് വളർന്നത് ധാരാവിയാണ്. ഇന്ന് ധാരാവിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും പത്തുവർഷം മുമ്പുവരെ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. ദിവസേനയെന്നോണമുള്ള കൊലപാതകങ്ങളും, ലൈംഗികപീഡനം, ധാരാവിക്കാർക്ക് സാധാരണ സംഭവങ്ങൾ മാത്രമായിരുന്നു.
മുംബൈ 'ബോംബെ'യായിരുന്ന കാലത്താണ് ധാരാവിയുടെ അധോലോക ബന്ധങ്ങളുടെ തുടക്കം. മൊറാർജി ദേശായി 1952-ൽ നടപ്പാക്കിയ മദ്യനിരോധനം എന്ന മണ്ടത്തമാണ് ധാരാവി അധോലോകത്തിന് വേരുണ്ടാക്കിയത്. ധാരാവിയിലെ വാറ്റുചാരായം ഇന്ത്യൻ സ്‌കോച്ച് എന്നറിയപ്പെട്ടു. കോളികൾ അടക്കിവാണിരുന്ന വാറ്റുചാരായ മേഖല പിന്നീട് തമിഴർ കൈയടക്കി. മാട്ടുംഗയിലെ ബംഗ്‌ളാവിലിരുന്ന് മാഫിയാ രാജാവ് വരദരാജൻ മുതലിയാർ അതു നിയന്ത്രിച്ചു. ദിനവും ഇരുപതിനായിരം ലിറ്റർ വരെ വാറ്റുചാരായം ബോംബെയുടെ സിരകളിലൂടെ ഒഴുകി. കുഷ്ഠരോഗം പിടിപെട്ട യാചകർപോലും വിതരണക്കാരായി. ഗുണ്ടകളും ഇതിന്റെ ഭാഗമായി.
ധാരവിക്കാർക്കിടയിൽ റോബിൻഹുഡിന്റെ ഇമേജായിരുന്നു വരദരാജന്. പൊലീസിനെ പണം കൊടുത്ത് വരദരാജൻ വരച്ച വരയിൽ നിർത്തി. വരദാഭായിയുടെ വലംകൈയായ മലയാളി കുര്യനെ (കാജാഭായി) വൈ.സി. പവാർ എന്ന ഡി.ജി.പി. നേർക്കുനേരിലുള്ള സംഘട്ടനത്തിലൂടെ അറസ്റ്റ് ചെയ്തതോടെ വാറ്റുചാരായ ഉൽപ്പാദനത്തിനു താൽക്കാലിക അറുതി വന്നു. ബോംബെ പൊലീസ് കമ്മിഷണർ ജൂലിയൊ റിബൈറോയും വൈ.സി. പവാറും ചേർന്ന് ചാരായം വാറ്റുന്ന കേന്ദ്രങ്ങൾ തല്ലിത്തകർത്തതോടെ 1980-ൽ ധാരാവിയിലെ ചാരായവാറ്റ് അവസാനിച്ച മട്ടായി. വരദരാജൻ അറസ്റ്റ് ചെയ്യപ്പെടുകയും അയാളുടെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്യു. പക്ഷേ അദ്ദേഹം രക്ഷപ്പെട്ട് മദ്രാസിലേക്കു കടന്നു.
കുറേ മാസങ്ങൾക്കുശേഷം 'വരദാഅണ്ണൻ' എന്ന് ധാരാവി മക്കളും 'സെലിബ്രിറ്റി ക്രിമിനൽ' എന്ന് പത്രങ്ങളും വിശേഷിപ്പിച്ച വരദാഭായി കാൻസർ ബാധിച്ച്് മരിച്ചു. കൊന്നും കൊലവിളി നടത്തിയും ബോംബെ നഗരത്തെ വിറപ്പിച്ച അയാളുടെ അന്ത്യം അതീവ ദാരുണമായിരുന്നു. 'ഹിന്ദി ഒഴിക, തമിഴ് വാഴ്ക' എന്ന ആശയം തമിഴ്‌നാടിനെ ആവാഹിച്ച കാലത്തിൽ ഒരു തമിഴ് പത്രം വിലയ്ക്കെടുത്ത് വരദരാജൻ തന്റെ സാമൂഹിക ഇടപെടലുകൾക്കു പ്രചാരം കൊടുത്തെങ്കിലും ജനം അതു മുഖവിലയ്ക്കെടുത്തില്ല. വരദരാജമുതലിയാരുടെ കഥയിൽനിന്ന് പ്രചോദം ഉൾക്കൊണ്ടാണ്, നായകൻ എന്ന മണിരത്നം- കമൽ സിനിമയുണ്ടായത്.
ഹാജി മസ്താന്റെ ലോകം
സൈക്കിൾ കടയിൽ ജോലിക്കാരനായി ബോംബെയിലെത്തിയ ഹാജിമസ്താൻ എന്ന തമിഴ് നാട്ടുകാരനും വളർന്ന് ഡോണായി മാറിയത് ധാരാവിയിലുടെയാണ്.
മസഗോൺഡോക്കിലെ കൂലിയായി മാറിയ ഹാജിമസ്താൻ കപ്പലുകളിൽ വന്നിരുന്ന ബോസ്‌കി തുണികൾ മോഷ്ടിച്ചു വിറ്റിട്ടാണ് തന്റെ സ്മഗിളിങ്് ജീവിതം ആരംഭിച്ചത്. പിന്നീട് മസ്താൻ വരദാഭായിയും കരിംലാലയുമായി കൂട്ടുചേർന്ന് വിദേശങ്ങളിൽനിന്നു സ്വർണ്ണബാറുകളും വിലപിടിപ്പുള്ള വാച്ചുകളും മറ്റും കടത്തിക്കൊണ്ടുവന്ന് ബോംബെ വ്യാപാരികൾക്കു വിറ്റു. ഏതാണ്ട് അടിയന്തരാവസ്ഥക്കാലം വരെ ഈ പ്രക്രിയ തുടർന്നുപോന്നു. കേന്ദ്രസംസ്ഥാന ഗവൺമെന്റുകളെ ഉള്ളംകൈയിലെടുത്ത് അമ്മാനമാടിയ ഹാജിമസ്താന്റെ ശനിദശ ആരംഭിച്ചത് 1974ലാണ്. ഇന്ദിരാഗാന്ധി അവതരിപ്പിച്ച 'മിസ' (മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്) പ്രകാരം അയാൾ ജയിലിലായി.
ഒപ്പം കരിംലാലയും വരദരാജനും അഴികളെണ്ണി. ഇവരുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. രാംജഠ് മലാനി, എ.എസ്.ആർ. ചാരി തുടങ്ങിയ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. മുംബൈ സ്‌ഫോടനങ്ങൾക്കു കുറച്ചുനാൾ മുൻപ് ഹാജിമസ്താൻ മരിച്ചു. അതൊരു സാധാരണ മരണമായിരുന്നു.
മലയാളി സാന്നിധ്യവും 80കളിലെ ധാരാവി അധോലോകത്തിലുണ്ടായിരുന്നു. പിടിച്ചുപറിയും കൊലയും തട്ടിക്കൊണ്ടുപോകലും കൈമുതലാക്കി വിലസിയിരുന്ന രാജൻ നായരെ മറ്റൊരു ഡോൺ ആയ കാലിയ കുഞ്ചുവിന്റെ വാടകക്കൊലയാളി ചന്ദ്രകാന്ത് സഫേലിക്കർ എക്‌സ്പ്‌ളനേഡ് കോർട്ടിൽ, നാടകീയമായി നാവിക വേഷം ധരിച്ചെത്തി വെടിവെച്ചു കൊന്നു
ദാവൂദും ചോട്ടാരാജനും
ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരനായി അറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിം, കാസ്‌കർ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ആദ്യപുത്രനായി പൈഥൊനിയിൽ ജനിച്ചു. പതിന്നാലു പേരുള്ള കാസ്‌കറിന്റെ കുടുംബം പട്ടിണിയിലായിരുന്നു. തികച്ചും മതഭക്തനായ കാസ്‌കർ പാടുപെട്ട് തന്റെ പന്ത്രണ്ട് കുട്ടികളേയും സ്‌കൂളിലയച്ചെങ്കിലും ദാവൂദും സഹോദരങ്ങളും ജെ.ജെ. ഹോസ്പിറ്റൽ പരിസരത്തു കറങ്ങിനടന്നു വഴിപിഴച്ചുപോയി. ഒരു കൊലക്കേസ് തെളിയിക്കാൻ ഗുജറാത്തിലേക്കുപോയ കാസ്‌കർ ഏതോ കാരണവശാൽ സസ്‌പെൻഡ് ചെയ്യപ്പെട്ടു. അതോടെ ആ പാവം പൊലീസുകാരന്റെ കുടുംബത്തിന്റെ ട്രാക്ക് തെറ്റി.
മുഴുപ്പട്ടിണിയിലേക്കു നീങ്ങിയ അവർ കുട്ടികൾ സ്‌കൂളിൽ പോകാത്തത് ശ്രദ്ധിച്ചതേയില്ല. ജെ.ജെ. ഹോസ്പിറ്റൽ പരിസരത്തുള്ള ബാഷുദാ എന്ന ഗുണ്ടയുമായുള്ള പരിചയം ദാവൂദ് ഇബ്രാഹിമിൽ കുറ്റകൃത്യത്തിന്റെ ആദ്യ വിത്തുകൾ വിതച്ചു. അതോടെ അവന്റെ ജീവിതകഥതന്നെ മാറി. സിനിമാടിക്കറ്റ് ബ്ലാക്കിന്വിറ്റും പോക്കറ്റടിച്ചും ഭീഷണിപ്പെടുത്തിയും ഉണ്ടാക്കിയ പണത്തിന്റെ ഒരുഭാഗം ദാവൂദ് അമ്മയെ ഏല്പിച്ചു തുടങ്ങിയതു അഭിമാനത്തോടെ തന്നെയാണ്. അങ്ങനെ ദാവൂദ് കാസ്‌ക്കർ കുടുംബത്തിലെ സമ്പാദ്യമുണ്ടാക്കുന്ന ഏക അംഗമായി മാറി. തന്റെ പത്താം വയസ്സിലാണ് ആദ്യത്തെ കുറ്റകൃത്യം ചെയ്തത് എന്ന് ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ദാവൂദ് വെളിപ്പെടുത്തിയിട്ടുണ്ട്. ആളുകളുടെ കഴുത്തറക്കുന്നത് സ്വന്തം നഖം മുറിക്കുന്നതുപോലെ എന്നു പത്രങ്ങൾ വിശേഷിപ്പിക്കുന്നു.പിന്നീടുള്ള ദാവൂദിന്റെ ജീവിതം എടുത്തുപറയേണ്ടതില്ല.
മുബൈം സ്ഫോടനത്തെ തുടർന്ന് മുങ്ങിയ ദാവൂദിന്റെ അഭാവത്തിൽ ഡികമ്പനിയുടെ ചുക്കാൻ പിടിക്കാൻ അനുയായി ഛോട്ടാ രാജനെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യൻ ഗവൺമെന്റ് അറസ്റ്റ് ചെയ്തു. ഇപ്പോൾ മുംബൈ ആർതർ റോഡ് ജയിലിലാണ്. അരുൺ ഗാവ്്ലിയും ജയിൽ തന്നെ. ഇതോടെ ധാരാവിയിലും മുബൈയിലും ഇപ്പോൾ സംഘടനിക അധോലോക പ്രവർത്തനത്തിന് നെറ്റ്‌വർക്ക് ഇല്ല. അധോലോകത്തിന്റെ സ്പോൺസർഷിപ്പിൽ ധാരാവിയിൽ മൂട്ടിന് മുട്ടിന് ഉണ്ടായിരുന്നു ഹഫ്ത്ത പരിക്കുന്നു ലോക്കൽ ദാദമാരും ഇല്ലാതെയായി.
കമാത്തിപുരയും മാറുന്നു
പലരുടെയും തെറ്റിദ്ധാരണ ധാരാവിയിലുള്ള ഒരു പ്രദേശമാണ്, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചുവന്നതെരുവായി അറിയപ്പെടുന്ന കാമത്തിപുര എന്നാണ്. എന്നാൽ ധാരാവിക്ക് അടുത്ത പ്രദേശമാണിത്. ഇവിടെ നിന്ന് 15 മിനിട്ട് ട്രെയിൻ യാത്രയുണ്ട് കാമാത്തിപുരക്ക്. നിരവധി സ്ത്രീകളാണ് ഇവിടെ സെക്‌സ് വർക്കിൽ ഏർപ്പെട്ടിരിക്കുന്നത്. മാലിന്യങ്ങൾക്ക് ചുറ്റും ദാരിദ്ര്യം നിറഞ്ഞു നിൽക്കുന്ന ഒരു ചേരി കൂടിയാണ് കമാത്തിപുര. 80-കളിൽ മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന ഹാജി മസ്താൻ കരീലാല, ദാവൂദ് ഇബ്രാഹിം എന്നിവരുടെ സ്ഥിരം സന്ദർശന കേന്ദ്രം കൂടിയായിരുന്നു ഇവിടം.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പട്ടാളത്തിന്വേണ്ടി, യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും പെൺകുട്ടികളെ എത്തിച്ച് തുടങ്ങിയതാണ് മുംബൈയിലെ കമാത്തിപുര എന്നാണ് ചരിത്രം. ഈ കാമത്തിപുരയിലും പുണ്ട് വിളയാടിയത് ധാരവി സംഘമായിരുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ, ഗംഗുഭായ് എന്ന ചിത്രത്തിന് ആധാരമായ വനിതാഡോൺ ഇവിടെയാണ് ജീവിച്ചിരുന്നത്. നന്നേ ചെറിയ പ്രായത്തിൽ തന്നെ ലൈംഗിക തൊഴിലാളിയാവാൻ വിധിക്കപ്പെട്ടവളായിരുന്നു ഗംഗുഭായ് എന്ന ഗുജറാത്തുകാരി. അഭിനേത്രിയാവുക എന്നതായിരുന്നു അവളുടെ സ്വപ്നം. അതിനായി കാമുകനൊപ്പം മുബൈയിൽ എത്തിയ അവൾ ചതിക്കപ്പെട്ടു. അഞ്ഞൂറു രൂപയ്ക്ക് ഗംഗുഭായിയെ വേശ്യാലയത്തിൽ വിറ്റ് അയാൾ തിരികെ പോയി. പിന്നീടങ്ങോട്ടുള്ളത് കാമാത്തിപുരയിലെ മാഫിയാ ക്വീനായുള്ള ഗംഗുഭായി മാറി. അധോലോക സംഘത്തിലെ പ്രധാനികളിൽ പലരും അവരുടെടസ്ഥിരം കസ്റ്റമേഴ്സായിരുന്നു.
അക്കാലത്താണ് കരിം ലാലയുടെ കൂട്ടർ ഗംഗുഭായിയെ കൂട്ടബലാത്സംഗം ചെയ്യുന്നത്. എന്നാൽ വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. കരിം ലാലയുടെ പക്കലെത്തുകയും നീതി ആവശ്യപ്പെടുകയും ചെയ്തു. അതിനായി കരിം ലാലയെക്കൊണ്ട് തനിക്ക് രാഖി കെട്ടിച്ച് സഹോദരതുല്യനാക്കി. കരിം ലാലയും ഗംഗുഭായിയെ സഹോദരിയെപ്പോലെ കണ്ടു. കരിം ലാലയുടെ സഹോദരി എന്ന സ്ഥാനം ഗംഗുഭായിയെയും മാഫിയാ ലോകത്തിന്റെ റാണിയാക്കി.
തുടർന്ന് കാമാത്തിപുരയിൽ ഒരു വേശ്യാലയവും ഗംഗുഭായ് നടത്താൻ തുടങ്ങി. ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിക്കലും അധോലോക സംഘങ്ങളുമായുള്ള ബന്ധവും മയക്കുമരുന്നു കടത്തുമൊക്കെ ഗംഗുഭായിയെ കാമാത്തിപുരയുടെ മാഡം എന്ന വിളിപ്പേരിലേക്കെത്തിച്ചു. എന്നാൽ ഒരു പെൺകുട്ടിയെപ്പോലും സ്വന്തം സമ്മതമില്ലാതെ വേശ്യാലയത്തിൽ നിർത്തിയിരുന്നില്ലെന്നും പറയപ്പെടുന്നു. തന്റെ പണമോ സ്വാധീനങ്ങളോ ഉപയോഗിച്ച് ഒരു പെൺകുട്ടിയെപ്പോലും ലൈംഗിക തൊഴിലിലേക്ക് ഗംഗു നിർബന്ധിച്ചിരുന്നില്ല.
പിൽക്കാലത്ത് ലൈംഗിക തൊഴിലാളികളുടെയും അനാഥക്കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി നിരന്തരം പ്രവർത്തിക്കാനും ഗംഗുഭായ് മുന്നിട്ടു നിന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കണ്ട് ലൈംഗികതൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്കും ഗംഗുഭായ് മുൻകൈയെടുത്തിരുന്നു. ഗംഗുഭായിയെ സംബന്ധിച്ചിടത്തോളം കാമാത്തിപുരയിൽ കഴിയുന്ന ഓരോ സ്ത്രീയും കുട്ടിയും അവർക്ക് മക്കളെപ്പോലെയായിരുന്നു. ഇപ്പോഴും കാമാത്തിപുരയിൽ ഗംഗുഭായിയുടെ സ്മരണയ്ക്കായി പ്രതിമയും ചിത്രങ്ങളും വെക്കുന്നുണ്ട്.
പക്ഷേ ഇപ്പോൾ കാമത്തിപുരയിലും മാറ്റങ്ങൾ വരികയാണ്്, അതും സർക്കാർ സഹായമൊന്നുമില്ലാതെ. നേരത്തെ 14 ലേനുകളിലായി ഉണ്ടായിരുന്ന വേശ്യാലയങ്ങൾ രണ്ട് ലേനിലേയ്ക്ക് ചുരുങ്ങി. റിയൽ എസ്റ്റേറ്റ് വികസനമാണ് ചുവന്ന തെരുവുകളെ മാറ്റിയത് എന്നാണ് മുംബൈ പത്രങ്ങൾ എഴുതുന്നത്. 1980കളുടെ അവസാനമാണ് മുംബൈയിലേയ്ക്ക് എയ്ഡ്‌സ് എത്തിയതോടെ കാമാത്തിപുരയിലേയ്ക്ക് പോകാൻ പലരും വിമുഖത പ്രകടിപ്പിച്ച് തുടങ്ങി. എയ്ഡ്‌സും മറ്റ് ലൈംഗിക രോഗങ്ങളും പടരാതിരിക്കാൻ പൊലീസും ഇവിടെ നിയന്ത്രണങ്ങൾ ശക്തമാക്കി. പല ലൈംഗികത്തൊഴിലാളികളും മറ്റ് നഗരങ്ങളിലേയ്ക്ക് പോയി. പലരും ഡാൻസ് ബാറുകളിൽ നർത്തകരായി.
നിലവിൽ 20 വേശ്യാലയങ്ങളും രണ്ടായിരത്തിൽ താഴെ ലൈംഗിക തൊഴിലാളികളുമാണ് കാമാത്തിപുരയിലുള്ളത്. 1992-ൽ ഇവിടെ അമ്പതിനായിരത്തോളം ലൈംഗികത്തൊഴിലാളികളുണ്ടായിരുന്നു. ഇവിടെ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഫ്‌ളാറ്റ് നിർമ്മാണം സജീവമാണ്. സ്ഥലത്തിന്റെ വില കുതിച്ചുയരുന്നു. റോഡുകൾ വികസിക്കുന്നു, ഷോപ്പിങ് മാളുകളും മറ്റ് സ്ഥാപനങ്ങളും വരുന്നു. അതോടെ ഒരു കാലത്ത് പ്രധാനമായും കാമാത്തിപുരയിൽ കേന്ദ്രീകരിച്ചിരുന്ന മുംബൈയിലെ ലൈംഗിക വ്യാപാരം നഗരത്തിന്റെ പല ഭാഗങ്ങളിലേയ്ക്കായും ചിതറി. ഇപ്പോൾ സമാന്തരമായി ഓൺലൈൻ സെക്‌സ് വ്യാപാരം ശക്തി പ്രാപിച്ചിരിക്കുകയാണ്. എന്നാലും പതുക്കെ കാമത്തിപുരയും ചുരുങ്ങി വരുന്നു എന്നത് ആശ്വാസകരമാണ്.
മുഖം മിനുക്കാൻ അദാനി എത്തുന്നു
മതിയായ അഴുക്കുചാൽ സംവിധാനമോ ശുദ്ധജലലഭ്യതയോ ഇല്ലാതെ വീർപ്പുമുട്ടുന്ന ധാരാവിയുടെ പുനർനിർമ്മാണവും നവീകരണവും അനിവാര്യതയാണ്. 2019-ൽ പടർന്നുപിടിച്ച കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളി ഇതിന് അടിവരയിടുന്നു. ധാരാവിയുടെ പുനരുദ്ധാരണ പദ്ധതി എന്ന ആശയത്തിന് 33 വർഷത്തിലധികം പഴക്കമുണ്ട്. പക്ഷേ ഒരു പദ്ധതിയും നടപ്പായില്ല. നിരവധി ടെൻഡറുകൾക്ക് ശേഷമാണ് ഇപ്പോൾ പ്രോജക്റ്റിലേക്ക് അദാനി എത്തുന്നത്.
2022 നവംബറിൽ, ധാരാവി പുനർവികസന പദ്ധതിയുടെ ലേലം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 20,000 കോടിയിലധികം വരുന്ന പദ്ധതിക്കായി 5,069 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം വാഗ്ദാനം ചെയ്താണ് ഗ്രൂപ്പ് ബിഡ് നേടിയത്. ഇപ്പോൾ ധാരാവി പുനർ വികസനത്തിന്റെ ഭാഗമായി താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേ മാർച്ച് 18 മുതൽ ആരംഭിക്കയാണ്. മ
ഓരോ ചേരി ഉടമയ്ക്കും കുറഞ്ഞത് 405 ചതുരശ്ര അടി യൂണിറ്റ് കാർപെറ്റ് ഏരിയയ്ക്ക് അർഹതയുണ്ട്. അതനുസരിച്ചായിരിക്കും പുനരധിവാസം. മൊത്തം ചെലവിന്റെ 80 ശതമാനം അദാനിയും, ശേഷിക്കുന്നത് സംസ്ഥാന സർക്കാരും വഹിക്കും. ധാരാവി ചേരി പുനർവികസനത്തിനായി 240 ഹെക്ടറോളം സ്ഥലമാണ് സംസ്ഥാന സർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തത്. അതേസമയം പദ്ധതി നടപ്പാക്കുന്നതിലൂടെ അദാനിക്ക് കിട്ടുന്ന ഗുണം പ്രദേശത്ത് ഭൂമി ലഭിക്കുമെന്നതാണ്. എന്നാൽ ഇതിനുപിന്നിൽ റിയൽ എസ്റ്റേ് ഡീൽ ആണെന്നും അദാനി ഇതിലൂടെ സമ്പാദിക്കാൻ പോകുന്നത് 3,00,000 കോടി രൂപയാണെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.
ധാരാവിയോടു ചേർന്നാണ് ബി.കെ.സി. എന്നറിയപ്പെടുന്ന ബാന്ദ്ര കുർള ടെർമിനസ്. ആധുനിക മുംബൈയിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ആസ്ഥാനം. ഇതിനടുത്തുള്ള ധാരാവിയിലെ ഭൂമിയുടെ മൂല്യം അളക്കാനാവാത്തതാണ്. പ്രധാന റിയൽ എസ്റ്റേറ്റ് പോയിന്റായി ഇവിടം വികസിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ. ചേരിയൊഴിയുമ്പോൾ ആ സ്ഥലത്തിന്റെ മൂല്യത്തിൽ 30 മുതൽ 40 വരെ ശതമാനം വർധന പ്രതീക്ഷിക്കുന്നുണ്ട്.
അദാനിയൂടെ ടാസ്‌ക്ക് ചെറുതല്ല. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ചേരിവികസനപദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്. നിലവിലെ കണക്കുപ്രകാരം 17 വർഷംകൊണ്ട് ഒരുകോടി ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കണം. ഇതിൽ 70 മുതൽ 80 വരെ ലക്ഷം ചതുരശ്ര അടി പുനരധിവാസത്തിനും രണ്ടുമുതൽ മൂന്നുവരെ ലക്ഷം ചതുരശ്ര അടി വാണിജ്യാവശ്യങ്ങൾക്കുമാണ്. വളരെ വലിയ ജനസംഖ്യയും വാണിജ്യപ്രവർത്തനങ്ങളും ആഴത്തിൽ പടർന്നുകിടക്കുന്ന പ്രദേശമാണിത്. വർഷങ്ങളായി നിലനിന്നുപോരുന്ന സംസ്‌കാരം ഒറ്റദിവസംകൊണ്ട് പറിച്ചുനടാനോ തൂത്തെറിയാനോ കഴിയില്ല. ഇതു നടപ്പാക്കുന്നതിന് സാധ്യമായ വഴികൾ കണ്ടെത്തേണ്ടതുണ്ട്. സാമൂഹികമായ ചർച്ചകളിലൂടെയും ബോധവത്കരണത്തിലൂടെയും സമവായം കണ്ടെത്തിവേണം മുന്നോട്ടുപോകാൻ. അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കുക അത്ര എളുപ്പമാകില്ല.
പദ്ധതി നടത്തിപ്പിലേക്കു കടക്കുമ്പോൾ പ്രതിഷേധം ശക്തമാകുമെന്ന് അദാനി ഗ്രൂപ്പും സൂചിപ്പിക്കുന്നു. താമസക്കാരെ ബോധവത്കരിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കം. ധാരാവിയിലെ ജീവിതസാഹചര്യങ്ങൾ നഷ്ടപ്പെടുമെന്നതാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. ഇതാണ് നടത്തിപ്പിലെ പ്രധാന വെല്ലുവിളിയും. കുടുംബങ്ങൾക്കൊപ്പം ചെറുകിട സംരംഭങ്ങളും തുടർന്നുപോകാൻ സംവിധാനമുണ്ടാക്കേണ്ടതുണ്ട്. മൺപാത്രനിർമ്മാണക്കാർക്ക് ബഹുനിലക്കെട്ടിടങ്ങളിലേക്കുമാറി മുന്നോട്ടുപോകാൻ കഴിയില്ല. അസംഘടിതവ്യവസായങ്ങളാണ് അധികവുമെന്നതിനാൽ പുനരധിവസിക്കപ്പെടുമ്പോൾ ഇവയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് സംരംഭകർ ഭയക്കുന്നു. പുനരധിവാസം ധാരാവിയുടെ വൈവിധ്യമാർന്ന സംസ്‌കാരം നഷ്ടപ്പെടുത്തുമെന്ന ആശങ്കയും ശക്തമായി നിലനിൽക്കുന്നു.
വാൽക്കഷ്ണം: ധാരാവി ടൂറിസം എന്ന കാര്യവും ഇപ്പോൾ വികസിക്കുന്നുണ്ട്. ഗേറ്റ് വേ ഓഫ് മുംബൈ, മറൈൻ ഡ്രൈവ്, ഫിലിം സിറ്റി, സഞ്ജയ് ഗാന്ധി പാർക്ക്, എസ്സെൽ വേൾഡ്, ഗ്ലോബൽ വിപാസന പഗോഡ എന്നിങ്ങനെ മുംബൈയിൽ പലതും കാണാനുണ്ട്. എങ്കിലും മുംബൈയുടെ ഹൃദയമിടിപ്പ് അറിയണമെങ്കിൽ ധാരാവിയിലേക്കു തന്നെ പോകണം. 2019- ൽ ട്രാവൽ വെബ് സൈറ്റായ ട്രിപ് അഡൈ്വസർ നടത്തിയ സർവേയിൽ ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ യാത്രാനുഭവങ്ങളിൽ മുന്നിലെത്തിയത് ധാരാവിയായിരുന്നു. താജ്മഹലിനെ വരെ മറികടന്നാണ് ധാരാവി വ്യത്യസ്ത അനുഭവമെന്ന പേരു നേടിയത്.