- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ ചേർന്നാൽ പിന്നെ യാതൊരു കേസുമില്ല; ഇ ഡി മോദിയുടെ ബ്രഹ്മാസ്ത്രമോ!
ശരത് ചന്ദ്ര റെഡ്ഡി എന്ന ഡൽഹിയിലെ വ്യവസായിയെ, 2022 നവംബർ 9നാണ്, ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇ ഡി ആദ്യമായി ചോദ്യം ചെയ്യുന്നത്. താൻ ഒരിക്കലും അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തുകയോ, ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നമാണ് അന്ന് അദ്ദേഹം മൊഴി നൽകിയത്. പക്ഷെ തൊട്ടടുത്ത ദിവസം ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മാസങ്ങളോളം ജയിലിൽ കിടന്നതിന് ശേഷം ശരത് ചന്ദ്ര റെഡ്ഡി മൊഴി മാറ്റി. അരവിന്ദ് കെജ്രിവാളിനെ കണ്ട് എക്സൈസ് പോളിസി വിഷയത്തിൽ സംസാരിച്ചു എന്ന രീതിയിൽ മൊഴി മാറ്റി നൽകിയ ഉടനെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പിന്നീട് പുറത്തുവന്ന ഇലക്ട്രൽ ബോണ്ട് കണക്കുകളിലും ശരത് ചന്ദ്ര റെഡ്ഡി പേരുണ്ട്. ബിജെപിയുടെ കോടികളുടെ ബോണ്ടുകളാണ് ഇദ്ദേഹം വാങ്ങിയത്!
ആ ഒരു ഒറ്റ മൊഴിയുടെ അടിസ്ഥാനത്തിലാണ്, കെജ്രിവാൾ അറസ്റ്റിലായത്.
പൂ പറിക്കുന്ന ലാഘവത്തോടെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെവരെ ജയിലിൽ പിടിച്ചിടാൻ കഴിയുന്ന ഏജൻസി! മുമ്പൊക്കെ സിബിഐ ആയിരുന്നു ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള അന്വേഷണ എജൻസി. എന്നാൽ പത്തുവർഷം മുമ്പുവരെ ആരും കേട്ടിട്ടില്ലാത്ത എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് എന്ന ഇ ഡിയാണ് ഇന്ന് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളുടെ അടക്കം ഉറക്കം കെടുത്തുന്നത്.
രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രതിപക്ഷ പാർട്ടി നേതാക്കളെയും സാമ്പത്തിക നേട്ടത്തിന് വേണ്ടി കമ്പനികളെയും ഇഡി വഴി വരിഞ്ഞുമുറുക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന ആക്ഷേപം പ്രതിപക്ഷം കുറേക്കാലമായി ഉന്നയിക്കുന്നതാണ്. അതിനെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കം പ്രതിപക്ഷ നേതാക്കൽ പലതവണ ഇഡിയുടെ അന്വേഷണ വലയത്തിൽ പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും അറസ്റ്റ് ചെയ്തപ്പോഴാണ് അവസാനം നമ്മൾ ആ പേര് കേട്ടത്. ഇപ്പോൾ കരുവന്നുർ ബാങ്കിലടക്കം ഇ ഡിയുടെ ഇടപെടൽ കാണുന്നു. കള്ളപ്പണക്കാരുടെയും, അഴിമതിക്കാരുടെയും പേടി സ്വപ്നമാണ് ഇ ഡി എന്ന്ബിജെപി പറയുമ്പോൾ, മോദി- അമിത്ഷാ കൂട്ടുകെട്ടിന്റ ഒരു ആയുധം മാത്രമാണ്, ഇ ഡി എന്ന് പ്രതിപക്ഷവും വിർമശിക്കുന്നു.
രാഹുൽ ഗാന്ധി മുതൽ ലാലുവരെ കുരുക്കിൽ
രണ്ട് സിറ്റിങ്ങ് മുഖ്യമന്ത്രിമാർ, 15 മുൻ മുഖ്യമന്ത്രിമാർ, മൂൻ കേന്ദ്രമന്ത്രിമാർ അടക്കമുള്ള 200ഓളം സംസ്ഥാന നേതാക്കൾ.... ഇ ഡിക്കുരുക്കിലുള്ളവരുടെ ലിസ്റ്് നീളുകയാണ്.
മോദി സർക്കാർ 2014-ൽ അധികാരമേറ്റതിനുശേഷം സട കുടഞ്ഞെഴുനേറ്റ ഇ ഡി രാഹുൽഗാന്ധി മുതൽ, ലാലുപ്രസാദ് യാദവ്വരെയുള്ള ഒരു നീണ്ട നിരയെയാണ് കുരുക്കിയിരിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസിലാണ്, രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ കേസെടുത്തത്. 2014 ഓഗസ്റ്റ് ഒന്നിന് 751 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ലണ്ടനിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്, രാജസ്ഥാനിലെ ഭൂമി വിൽപ്പനയിലെ അഴിമതി തുടങ്ങിയവയിൽ അന്വേഷണം തുടരുന്നുണ്ട്. ഇതിൽ വാദ്രക്കെതിരായ കേസിൽ മാത്രമാണ് മെറിറ്റുള്ളത് എന്നാണ് വിവരം. നാഷണൽ ഹെറാൾഡ് കേസൊക്കെ ഫലത്തിൽ സാങ്കേതികം മാത്രമാണ്. നെഹ്റു കുടുംബത്തെ അപമാനിക്കുക എന്ന ബിജെപിയുടെ എക്കാലത്തെയും വലിയ പരിപാടിയുടെ ഭാഗമാണിതെന്നാണ് വിമർശനം.
ഇ ഡിക്ക് ഈ രീതിയിലുള്ള അധികാരം കൊടുത്തയാൾ മുൻ ധനമന്ത്രി പി ചിദംബരമാണ്. പക്ഷേ വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ ചിദംബരത്തെയും ഇ ഡി പിടിച്ചു. എയർസെൽ മാക്സിസ് കേസിൽ ചിദംബരവും മകൻ കാർത്തിയും ഇഡിയുടെ ലിസ്റ്റിലുണ്ട്. ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രാസാദ് യാദവിനെ കുരുക്കിയത്, റെയിൽവെ വകുപ്പ് കൈകാര്യം ചെയ്ത കാലത്ത് അഴിമതി വഴിയാണ്. 2017 ൽ ഐആർടിസി നടത്തിയ പുനരുദ്ധാരണത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കേസ്. റെയിൽവെ റിക്രൂട്ട്മെന്റിൽ പാരിതോഷികം സ്വീകരിച്ചതടക്കം മറ്റ് മൂന്ന് കേസുകളും ലാലുവിന്റെ പേരിലുണ്ട്. ലാലുവിന് പുറമെ ഭാര്യ റാബ്രി യാദവിനും മകൻ തേജസി യാദവിനുമെതിരെയും കേസുകളുണ്ട്.
ഹരിയാന മുൻ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡ മനേസർ ഭൂമിയിടപാട് കേസിൽ ഇ ഡി അന്വേഷണം നേരിടുന്നു. ഇതിനുപുറമെ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (എജെഎൽ) പഞ്ച്ഗുളയിൽ ഭൂമിയനുവദിച്ച സംഭവത്തിലും അദ്ദേഹം അന്വേഷണം നേരിടുന്നുണ്ട്. രാജസ്ഥാൻ മുന്മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോൺഗ്രസ് എംപി കാർത്തി ചിദംബരം എന്നിവർ ആംബുലൻസ് അഴിമതിക്കേസിലാണ് അന്വേഷണം നേരിടുന്നത്. 2010 ൽ വഴിവിട്ട രീതിയിൽ സിക്കിറ്റ്സ ഹെൽത്ത്കെയറിന് ആംബുലൻസ് സർവീസ് നടത്താൻ കരാർ നൽകിയെന്നതാണ് കേസ്. 2015ലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കമൽനാഥ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന കോൺഗ്രസ് നേതാക്കളും ഇഡി കേസിലാണ്.
എൻസിപി തലവൻ ശരദ് പവാറും അനന്തരവനായ അജിത് പവാറും മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടിന്റെ പേരിലാണ് അന്വേഷണം നേരിടുന്നത്.ശരദ് പവാറിന്റെ ചെറുമകനും എൻസിപി (എസ്പി) എംഎൽഎയുമായ രോഹിത് പവാറിന്റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്റെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിരുന്നു. കർണാടകയിൽ നിന്നുള്ള ഡി കെ ശിവകുമാറും ഇ ഡി പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇത്രയും കരുത്തനായ നേതാവ് ആയിട്ടും ഡികെയും കുറച്ചുകാലം ഉണ്ടതിന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയെയും കള്ളപ്പണ ആരോപണത്തിൽ ഇ ഡി ചോദ്യം ചെയ്തു.
ഫാറൂഖ് അബ്ദുല്ല മുതൽ ജഗൻ വരെ
കാശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്നതാണ് ഇ ഡി വേട്ടയാടുന്ന നേതാക്കളുടെ ലിസ്റ്റ്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ കേസ്, കാശ്മീർ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ നൽകിയ ഗ്രാന്റിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ്. ഫാറൂഖിന്റെ മകനും ജമ്മു കശ്മീർ മുന്മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ ഇ ഡി 2022ൽ ചോദ്യം ചെയ്തിരുന്നു. ജെ ആൻഡ് കെ ബാങ്കിലെ സാമ്പത്തിക ഇടപാടുകളും ഡയറക്ടമാരുടെ നിയമനവും സംബന്ധിച്ചതാണ് കേസ്. ജെ ആൻഡ് കെ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അന്വേഷണം നേരിടുന്നത്. അഴിമതി ആരോപണത്തിൽ 2019 ലാണ് അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി നബാം തൂക്കിക്കെതിരെ സിബിഐ കേസെടുത്തത്. സിബിഐയുടെ എഫ്ഐആറിനെ അടിസ്ഥാനമാക്കി കള്ളപ്പണമിടപാടിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്.
മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബിയും ഇത്തരത്തിൽ അന്വേഷണം നേരിട്ടു. അദ്ദേഹത്തിന്റ വസതിയിൽ 2019 നവംബറിലാണ് തിരച്ചിൽ നടത്തിയത്. അഴിമതി ആരോപണം തന്നെയായിരുന്നു കേസ്. ഇബോബി ചെയർമാനായിരിക്കെ മണിപ്പൂർ ഡെവലപ്മെന്റ് സൊസൈറ്റിയിൽ 332 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രിയായിരുന്ന ശങ്കർസിങ് വഗേല മുംബൈയിലെ പ്രധാനഭൂമി വിറ്റ് ഖജനാവിന് 709 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. സിബിഐയും ഇ ഡിയും അന്വേഷണം നടത്തുന്നുണ്ട്.
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറൻ ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇ ഡി നടപടിക്ക് ഇരയായി. കള്ളപ്പണവും സ്വത്ത് സമ്പാദനവുമായിരുന്നു അദ്ദേഹത്തിന് എതിരെ ചുമത്തിയ കുറ്റങ്ങൾ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഒന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ അന്വേഷണം നേരിട്ടു. 2015-ൽ ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമെന്റ്സിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി.
ആന്ധ്രാപ്രദേശിന് പുറമെ തെലങ്കാനയുടെ മുഖ്യമന്ത്രിയായ രേവന്ദ് റെഡ്ഡിയും അന്വേഷണം നേരിട്ടു. 2015-ലെ തിരഞ്ഞെടുപ്പിൽ എംഎൽഎ മാരെ പണം കൊടുത്ത് വാങ്ങിയെന്നാണ് കേസ്. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയായ ഭൂപേഷ് ബാഗേലും ഇ ഡി അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൽക്കരി, ഗതാഗതം, മദ്യശാലകളുടെ പ്രവർത്തനം, മഹാദേവ് ഗെയിമിങ് ആപ്ലിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകൾ.ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി തലവനുമായ അഖിലേഷ് യാദവ് ഗോമതി നദീതീര പദ്ധതികളിലെ അഴിമതി ആരോപണത്തിൽ സിബിഐ, ഇ ഡി അന്വേഷണങ്ങൾ നേരിടുന്നു.
തമിഴ്നാട്ടിലും, ഇ ഡി വട്ടമിട്ട് പറക്കയാണ്. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡിഎംകെയുടെ കെ. പൊന്മുടിയെ, അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഡിഎംകെയുടെ തന്നെ മുൻ വൈദ്യുതി മന്ത്രിയായിരുന്ന സെന്തിൽ ബാലാജി ജോലി നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അറസ്റ്റിലായി. ഈ കേസിൽ അന്വേഷണം തുടരുകയാണ്. ഇ ഡിയെ വിട്ട് മോദി തങ്ങളെ പേടിപ്പിക്കേണ്ട എന്ന ഈയിടെയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
അരവിന്ദ് കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മദ്യനയ കേസിൽ ആദ്യം അറസ്റ്റിലായത് ആം ആദ്മി പാർട്ടിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയായിരുന്നു. മനീഷിന് പിന്നാലെ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിങ്ങും, ബിആർഎസ് നേതാവ് കെ കവിതയും ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന് തുടർച്ചയായി സമൻസുകൾ അയക്കുന്നതും അവസാനം അറസ്റ്റ് ചെയ്യുന്നതും.
ഇലക്ട്രൽ ബോണ്ടിന് പിന്നിലും ഇ ഡിപ്പേടി
തങ്ങൾക്ക് വഴങ്ങാത്ത രാഷ്ട്രീയ നേതാക്കളെ ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ വഴി ഭയപ്പെടുത്തി വരുതിയിലാക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രമായി ബിജെപി ആവിഷ്കരിച്ചെടുത്തുവെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. റെയ്ഡിന് പിന്നാലെ ആളുകൾ ബിജെപിയിൽ ചേരുന്നതും ശേഷം കേസ് അപ്രത്യക്ഷമാവുന്നതും പതിവ് കാഴ്ച്ചയായി. ഈ കണക്കുകളും ചരിത്രവും പരിശോധിക്കുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇ ഡി എൻഡിഎയുടെ സഖ്യകക്ഷിയാണ് എന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കപ്പെടുന്നത്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി വിലയിരുത്തപ്പെടുന്ന ഇലക്ട്രൽ ബോണ്ട് വിവാദത്തിലും ഇ ഡിയുടെ പങ്കുണ്ട്. ആറായിരം കോടിക്ക് മുകളിലാണ് ബിജെപി ഇതിലൂടെ സമാഹരിച്ചത്. മറ്റുള്ള എല്ലാ പാർട്ടികൾ കൂടി സമാഹരിച്ചതിനേക്കാൾ കൂടുതൽ വരും ഈ സംഖ്യ. ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന നൽകിയ ആദ്യ 30 കമ്പനികൾ എടുക്കുകയാണെങ്കിൽ അതിൽ 20 കമ്പനികളും വലിയ രീതിയിലുള്ള ഇ ഡി അന്വേഷണം നേരിടുന്നവരായിരുന്നു. ഇ ഡി റെയ്ഡിന് ശേഷമായിരുന്നു സംഭാവനകൾ നൽകിയത്.
ഗുരുതര ആരോപണങ്ങൾ നേരിട്ടിരുന്ന വിവിധ മരുന്ന് കമ്പനികൾ നൽകിയത് കോടികളാണ്. ബിജെപിക്ക് ഇലക്ടറൽ ബോണ്ട് സംഭാവനകൾ നൽകിയ ശേഷം ഈ കമ്പനികൾക്കെതിരെയുള്ള കള്ളപണം, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളെല്ലാം അപ്രത്യക്ഷമായി. ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണമായ നിർമ്മാണ കമ്പനിയും കോടികളാണ് ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത്. ഈ കമ്പനിയും പിന്നീട് അന്വേഷണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
ബിജെപിയിൽ ചേർന്നാൽ കേസില്ല
ഇ ഡി ഭീഷണി അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ബിജെപിയിൽ ചേരുക എന്നതാണ്. അതോടെ കേസ് ഇല്ലാതാവും. ഒന്നുരണ്ടുമല്ല നിരവധി ഉദാഹരണങ്ങളാണ് ഈ വിഷയത്തിൽ ചൂണ്ടിക്കാണിക്കാനുള്ളത്.
ശാരദ ചിട്ടിഫണ്ട് അഴിമതിക്കേസിൽ സിബിഐയും ഇ ഡിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരായി അന്വേഷണം നടത്തിയിരുന്നു. കോടികണക്കിന് രൂപയുടെ അഴിമതിയാണ് ആരോപിച്ചിരുന്നത്. ഹിമന്ത ബിശ്വ ശർമ്മ ബിജെപിയിൽ ചേർന്നതോടെ ഇ ഡി കേസ് അവസാനിപ്പിച്ചു. നാരദ സ്റ്റിങ് ഓപ്പറേഷനിൽ ഉൾപ്പെട്ട മുൻ ടിഎംസി നേതാക്കളായ സുവേന്ദു അധികാരി, മുകുൾ റോയ് എന്നിവർക്കെതിരായ കേസുകളും പിൻവലിക്കപ്പെട്ടു. 2017ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുമ്പ് അധികാരിയും റോയിയും ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് റോയ് ടിഎംസിയിലേക്ക് മടങ്ങി. അതോടെ അദ്ദേഹത്തിനെതിരെയുള്ള ഇഡി അന്വേഷണവും പുനരാരംഭിച്ചു!
കോൺഗ്രസിന്റെ തന്നെ ഏറ്റവും പ്രബലനായ നേതാവായിരുന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ,അമരീന്ദറിന്റെ മകനായ റനീന്ദർ സിങ് ഉൾപ്പെട്ട ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) നിയമലംഘനം വലിയ കോളിളക്കമുണ്ടാക്കിയെങ്കിലും അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നതോടെ കേസ് ഒതുങ്ങി.
മഹാരാഷ്ട്രയിൽ നിന്നുള്ള ഛഗൻ ഭുജ്ബൽ, അജിത് പവാർ, അശോക് ചവാൻ, ആന്ധ്രാ പ്രദേശിൽ നിന്നുള്ള സി എം രമേഷ് തുടങ്ങിയവരുടെ കാര്യത്തിലും സമാന സംഭവമാണുണ്ടായത്. കർണാടക ഖനി വ്യവസായി ഗാലി ജനാർദൻ റെഡ്ഡി, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിങ് എന്നിവരുൾപ്പെടെ അഞ്ച് ബിജെപി നേതാക്കൾക്കെതിരെ കടുത്ത അഴിമതി ആരോപണത്തിൽ ഇഡി കേസ് എടുത്തെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. യെദ്യൂരപ്പയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.
5806 കേസുകൾ മോദി കാലത്ത് ഇഡി നടത്തിയെങ്കിലും അതിൽ 25 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. ഈ കാലയളവിൽ ഓരോ വർഷവും ഇഡിയുടെ ബഡ്ജറ്റ് നൂറുകോടിയോളം വർധിക്കുകയും ചെയ്തു. ഇ ഡിയും സിബിഎയും പക്ഷപാതം കാണിക്കുന്നുണ്ട് എന്നാരോപിച്ചു 14 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമർപ്പിച്ച ഹർജി സുപ്രീം കോടതി 2023 ൽ തള്ളി കളഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്തും ശരദ് പവാറിനെപ്പോലുള്ള നേതാക്കൾ ഉന്നയിക്കുന്ന പ്രധാന വിഷയമാണിത്.
ഇ ഡിയുടെ വേട്ടയില്ലെന്ന് മോദി
എന്നാൽ രാജ്യത്തെ നേതാക്കളെ ഇ ഡിയെവെച്ച് വേട്ടയാടുന്നുവെന്നത്് വെറും ആരോപണം മാത്രമാണെന്നാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ പറയുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളിൽ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവയെന്ന് മോദി നേരത്തെ പ്രതികരിച്ചിരുന്നു. "ഇതുവരെ കാര്യമായി ചർച്ചചെയ്യാത്ത ഒരു വസ്തുത ഞാൻ പറയാം. ഇ.ഡി അന്വേഷിച്ചിട്ടുള്ള കേസുകളിൽ ആകെ മൂന്നു ശതമാനം മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടുള്ളത്. ബാക്കിയുള്ള 97 ശതമാനവും ഉദ്യോഗസ്ഥർക്കും മറ്റു കുറ്റവാളികൾക്കും എതിരേയുള്ളതാണ്,"-ഒരു ഹിന്ദി മാധ്യമത്തോട് സംസാരിക്കവേ മോദി പറഞ്ഞു.
അഴിമതി ഇല്ലായ്മചെയ്യുക എന്നതാണ് കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇത്തരം കേസുകളിൽ ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലടക്കം നടപടി സ്വീകരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കെതിരേ മാത്രമാണ് കേന്ദ്ര ഏജൻസികൾ നടപടി സ്വീകരിക്കുന്നതെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തെ മോദി ഇങ്ങനെയാണ് പ്രതിരോധിച്ചത്.
പക്ഷേ കണക്കുകൾ പരിശോധിക്കുമ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്ന് വ്യക്തമാണ്. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ വൻവർധനവാണ് ഇഡി അന്വേഷണത്തിലുണ്ടായത്. അതിൽ 95 ശതമാനവും ബിജെപി ഇതര പ്രതിപക്ഷ കക്ഷികൾക്ക് എതിരെയാണെന്നാണ് വാസ്തവം. ബാക്കി അഞ്ചു ശതമാനം കേസുകളിൽ മാത്രമാണ് മറ്റു കമ്പനികളെയോ വ്യക്തികളെയോ ഇഡി ലക്ഷ്യമിട്ടത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഭരിച്ച 2004 മുതൽ 2014 വരെയുള്ള കാലയളവിൽ ഇഡിക്ക് കാര്യമായ പണികളൊന്നുമില്ലായിരുന്നു. വെറും 26 കേസുകളാണ് രാഷ്ട്രീയ നേതാക്കൾക്കെതിരെ ആ കാലയളവിൽ അന്വേഷണം നടന്നിരുന്നത്. അതിൽ 14 നേതാക്കൾ മാത്രമാണ് പ്രതിപക്ഷ കക്ഷികളിൽ നിന്നുണ്ടായിരുന്നത്. 26 പേരിൽ അഞ്ച് പേർ കോൺഗ്രസും ബിജെപിയിൽ നിന്ന് മൂന്ന് പേരും ടിഎംസിയിൽ നിന്ന് ഏഴ് പേരും ഡിഎംകെയിൽ നിന്ന് നാല് പേരും ഉൾപ്പെടുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ 2014-ൽ എൻഡിഎ മുന്നണി അധികാരത്തിലെത്തിയതോടെ ഇ ഡി കരുത്താർജിച്ചു. കണക്കുകൾ പ്രകാരം 121 പ്രതിപക്ഷ നേതാക്കൾക്കെതിരെ ഈ കാലയളവിൽ ഇ ഡിയുടെ നടപടിയുണ്ടായി. കോൺഗ്രസിന്റെ 24, ടിഎംസിയുടെ 19, എൻസിപിയുടെ 11, ശിവസേനയിൽ നിന്ന് 8, ഡിഎംകെയിൽ നിന്ന് 6, ആർജെഡി, എസ്പി എന്നിവരിൽ നിന്ന് 5 വീതം, എഎപിയിൽ നിന്ന് 3, നാഷണൽ കോൺഫറൻസിൽ നിന്ന് 2 , പിഡിപി, എഐഎഡിഎംകെ, എംഎൻഎസ്, ടിആർഎസ് എന്നിവയിൽ നിന്ന് 1 വീതം എന്നിങ്ങനെയാണ് നടപടികളുണ്ടായത്.
പ്രതിപക്ഷ നേതാക്കളുടെ വീടും കമ്പനികളും റെയ്ഡ് ചെയ്തതും സ്വത്തുക്കൾ കണ്ടുകെട്ടിയതുമെല്ലാം ഇതിൽ പെടും.
ഇ ഡിയുടേത് കരി നിയമങ്ങൾ
സിബിഐ, ഐ.ടി. എൻ.ഐ.എ, ഇ.ഡി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാം തന്നെ അധികാര ദുർവിനിയോഗത്തിന്റെ പേരിൽ വിമർശനം നേരിടുന്നുമുണ്ട്. 2022 ജൂലായിൽ ഇ ഡിയുടെ അധികാര പരിധിയെയും കള്ളപ്പണനിരോധന നിയമത്തെയും ശരിവച്ചുകൊണ്ട് സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെടുന്ന കുറ്റകൃത്യങ്ങൾ രാജ്യ സുരക്ഷയെ പോലും വെല്ലുവിളിക്കാനുതകുന്ന, അതീവ ഗുരുതര കുറ്റകൃത്യമാണെന്നും അതിനാൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം ഇ.ഡിക്ക് വിശാല അധികാരങ്ങൾ ശരിവച്ചുകൊണ്ടായിരുന്നു ആ വിധി. എന്നാൽ, ഈ വിധി പുനപരിശോധിക്കേണ്ടതുണ്ടെന്നാണ് ഓഗസ്റ്റ് 25 ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.
ലോക്കൽ പൊലീസ് തൊട്ട് സിബിഐയെയും എൻഐഎയും വെച്ചുനോക്കുമ്പോൾ ഇന്ന് ഏറ്റവും കൂടുതൽ അധികാരങ്ങളുള്ള ഏജൻസിയാണ് ഇ ഡി. പരാതിയില്ലാതെ ആർക്കെതിരെയും ഇ ഡിക്കു അന്വേഷണം നടത്താം. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ല. മറ്റൊരു അഥോറിറ്റിയുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്താം. എൻഫോഴ്സ്മെന്റ് ഓഫീസർ, എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സിഐ.ആർ.) സമർപ്പിച്ചാൽ മതി. ഇതിന്റെ കോപ്പി കുറ്റാരോപിതർക്ക് നൽകണമെന്നില്ല.
വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവുണ്ട്. കാരണം കാണിക്കാതെ തന്നെ ഇഡിക്കുമുന്നിൽ ഹാജരാകാൻ ആവശ്യപ്പെടാം. ഇ ഡി പിടിച്ചാൽ ജാമ്യം ലഭ്യമാകാൻ ഏറെ ബുദ്ധിമുട്ടാണ്. 2017 വരെ ഇ ഡി കേസിൽ ജാമ്യം ലഭിക്കുക ഏറെക്കുറെ അസാധ്യമായിരുന്നു. കോടതിക്ക് പ്രതി കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമായിരുന്നു ജാമ്യം. അതുവരെ പ്രതിയെ ജയിലിലടക്കാം. എന്നാൽ 2017-ൽ കോടതി ഈ വ്യവസ്ഥ എടുത്തുകളഞ്ഞു.
പ്രതി ഇ ഡിക്കു മുന്നിൽ നൽകുന്ന മൊഴി കോടതിയിൽ തെളിവായി സ്വീകരിക്കപ്പെടും. അതായത് പ്രതി സ്വയം കുറ്റം ഏറ്റുപറയുന്നത് തെളിവാകും എന്നു ചുരുക്കം. മന്ത്രിമാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിചേർക്കാനോ ഹാജരാകാൻ ആവശ്യപ്പെടാനോ ഇ ഡിക്ക് സർക്കാരിൽനിന്നോ മറ്റേതെങ്കിലും അധികാരസ്ഥാപനത്തിൽനിന്നോ അനുമതിയുടെ ആവശ്യമില്ല. ഈ അധികാരമുള്ള രാജ്യത്തെ ഏക അന്വേഷണ ഏജൻസിയാണ് ഇ ഡി.
കുറ്റകൃത്യത്തിലൂടെ ഉണ്ടാക്കിയതെന്ന് ഇ ഡി നിരീക്ഷിക്കുന്ന ഏത് ആസ്തിയും കണ്ടുകെട്ടാം. ആരിൽ നിന്നാണോ വസ്തുവകകളോ രേഖകളോ പിടിച്ചെടുക്കുന്നത് അവർ അതിന്റെ ഉടമയായി കണക്കാക്കപ്പെടും. ഒരാൾ ബിനാമിയെ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയാൽ പിടിക്കപ്പെടുന്നത് ബിനാമികളാകുമെന്ന് ചുരുക്കം. രണ്ടായിരത്തോടടുത്ത് രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകിത്തുടങ്ങയപ്പോഴാണ ശക്തമായ നിയമങ്ങൾ ഉണ്ടായത്. അതിനു മുമ്പ് 1989-ൽ ജി7 രാജ്യങ്ങൾ ചേർന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സസ് എന്ന രാജ്യാന്തര ഏജൻസി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തുള്ള നിയമവിരുദ്ധ പണമിടപാടുകൾ തടയാനായി 2002-ൽ പ്രിവെൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് അഥവാ പി.എംഎൽഎ. എന്ന നിയമം കൊണ്ടുവന്നു. 2001-ലെ 9/11 ഭീകരാക്രമണവും അതിനുണ്ടായ ഹവാല ബന്ധവും ആഗോള തലത്തിൽ കള്ളപ്പണവും ഭീകരപ്രവർത്തനവും തമ്മിലുള്ള ബന്ധം ചർച്ചയാക്കി. ഇതാണ് പിന്നീട് പി.എംഎൽഎ. നിയമ നിർമ്മാണത്തിന് കാരണമായത്. ഇ.ഡിയുടെ അധികാരങ്ങൾ ഒന്നുകൂടി ശക്തമായത് പി.എംഎൽഎയിലൂടെയാണ്. പി.എം.എൽ എ ക്രിമിനൽ നിയമമാണ്.2005-ൽ പി.എം.എൽ. എ. നിലവിൽ വന്നു. ഇതിന് ചുക്കാൻ പിടിച്ചത് പി ചിദംബരം ആയിരുന്നു. പക്ഷേ ഒടുവിൽ ചിദംബരവും ഭാര്യയും മകനുമൊക്കെ ഇതേ കേസിൽ പെട്ടു!
അതേസമയം പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരെ പൂട്ടാൻ സഹായിച്ചത് ഇ ഡിയാണെന്നും, തീവ്രവാദ-ഹവാല മാഫിയയുടെ ഭീഷണി നേരിടുന്ന ഇന്ത്യപോലെ ഒരു രാജ്യത്ത് ഇത്തരൃം ശക്തമായ നിയമങ്ങൾ വേണമെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്നതുപോലുള്ള ഭരണകൂട വേട്ട ഒഴിവാക്കുന്നതിനായി, ഇ ഡിയുടെ അധികാരം കുറക്കണമെന്നും, വിവിധ മനുഷ്യകാശ പ്രവർത്തകർ പറയുന്നുണ്ട്.
വാൽക്കഷ്ണം: എതിരാളികളെ തകർക്കാൻ ഉപയോഗിക്കുന്ന മോദി സർക്കാറിന്റെ ബ്രഹ്മാസ്ത്രം പക്ഷേ കേരളത്തിൽ കാര്യമായി വർക്ക് ആയിട്ടില്ല. ശിവശങ്കറിന്റെ അറസ്റ്റിൽ കാര്യങ്ങൾ ഒതുങ്ങി. സ്വർണ്ണക്കടത്ത് അടക്കമുള്ള കാര്യങ്ങളിൽ എന്തെല്ലാമാണ് പറഞ്ഞുകേട്ടത്. ഇപ്പോൾ കരുവന്നൂരിനു പിറകേയും ഇഡിയുണ്ട്. അവിടെയും മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നപോലെയുള്ള ഒരു മൂർഛ ഇവിടെ ഇ ഡിക്കില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞപോലെ, എവിടെയോ ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഫീൽ ചെയ്യുന്നുണ്ട്.