- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കാലുകളും വെട്ടിയെടുത്ത് ചെളിയില്‍ എറിഞ്ഞു; സെപ്റ്റിക്ക് ആകുമെന്ന് ഉറപ്പാക്കാന്‍ സദാനന്ദന്‍ മാസ്റ്ററുടെ കാല്‍മുട്ടുകളില്‍ ചാണകം പുരട്ടി; ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ യാത്രയപ്പ്; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുമ്പോള്‍
ഒരു മനുഷ്യന്റെ രണ്ടുകാലും വെട്ടിയരിഞ്ഞ കേസിലെ പ്രതികള്‍ക്ക് ജയിലില്‍പോവുമ്പോള്‍ യാത്രയയപ്പ് കൊടുക്കുന്ന നാടിന്റെ അവസ്ഥയെന്തായിരിക്കണം. അത് ഉത്തരേന്ത്യയിലൊന്നുമല്ല, നമ്മുടെ പ്രബുദ്ധ കേരളത്തിലാണ്! ആര്‍എസ്എസ് നേതാവും ഇപ്പോള്‍ രാജ്യസഭാംഗവുമായ സി സദാനന്ദന്‍ മാസ്റ്റനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എട്ടു പ്രതികള്‍ക്കാണ്, കെ.കെ. ശൈലജ എംഎല്‍എ അടക്കമുള്ളവരെത്തി 'വികാര നിര്‍ഭരമായ' യാത്രയയപ്പ് നല്‍കിയത്.
സി. സദാനന്ദനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ക്ക് ജയില്‍വാസം ഉറപ്പായത്. ജയിലിലേയ്ക്ക് പോകുന്ന പ്രതികള്‍ക്ക് പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു യാത്രയയപ്പ്. ഇവിടേക്കാണ് കെ.കെ. ശൈലജ എംഎല്‍എ അടക്കം എത്തിയത്. കീഴടങ്ങാനായി പോകുന്ന പ്രതികള്‍ക്കായി സിപിഎം പ്രവര്‍ത്തകര്‍ക്കായി മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങും സോഷ്യല്‍ മീഡിയയിലുണ്ട്.
2007 ഫെബ്രുവരിയിലാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി കേസില്‍ ശിക്ഷ വിധിച്ചത്. അത് 2013 ജൂണ്‍ 10-ന് തലശ്ശേരി സെഷന്‍സ് കോടതി ശരിവെച്ചു. തുടര്‍ന്ന് ഹൈക്കോടതിയും. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഏഴുവര്‍ഷം തടവു ശിക്ഷ കുറഞ്ഞു പോയെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. രണ്ട് കാലുകളും ഛേദിക്കപ്പെട്ട സദാനന്ദന്‍ മാസ്റ്റര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു നല്‍കേണ്ടത് ഉചിതമാണെന്നും പറഞ്ഞ ഹൈക്കോടതി, തുക 30,000 ആയി വര്‍ധിപ്പിക്കുകയും ചെയ്തു. ടാഡ നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസുകളിലൊന്നാണിത്. അതിക്രുരവും നിഷ്ഠൂവുമായ കുറ്റകൃത്യം. അതിലെ പ്രതികള്‍കളെപ്പോലും സിപിഎം പരസ്യമായി സംരക്ഷിക്കുകയാണ്. എന്താണ് ഇതിന് പിന്നിലെ ചേതോ വികാരം എന്ന് ഓര്‍ക്കുമ്പോഴാണ്, 90കളിലെ കണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയം മലയാളികളുടെ ഓര്‍മ്മയിലേക്ക് ഓടിയെത്തുക. കേരള രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത രുധിരകാലമായിരുന്നു അത്.
എസ്എഫ്ഐയില്‍നിന്ന് ആര്‍എസ്എസിലേക്ക്
സമാനതകളില്ലാത്ത രാഷ്ട്രീയപ്പകയുടെ ഇരയാണ് സദാനന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ മട്ടന്നൂര്‍ പെരിഞ്ചേരി സ്വദേശിയായ ഇദ്ദേഹം, നിലവില്‍ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ആര്‍എസ്എസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തിയത്. ഇപ്പോള്‍ അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭാഗവുമാക്കി. തികഞ്ഞ ഇടതുപക്ഷ പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് സദാനന്ദന്‍ മാസ്റ്റര്‍ വരുന്നത്.
ഒരു അഭിമുഖത്തില്‍ തന്റെ ജീവിത കഥ ഇങ്ങനെയാണ് സദാനന്ദന്‍ മാസ്റ്റര്‍ പറയുന്നത്- ''കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ അച്ഛന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. എന്റെ ജ്യേഷ്ഠന്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ സജീവമായിരുന്നു. സ്വാഭാവികമായും, ഞാനും ഒരു ഇടതുപക്ഷ അനുഭാവിയായാണ് വളര്‍ന്നത്. എല്ലാത്തിനുമുപരി, കണ്ണൂര്‍ കേരളത്തിന്റെ കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാണ്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ചിന്ത കണ്ണൂരിലെ പിണറായി ഗ്രാമത്തിലാണ് മുളപൊട്ടിയത്. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ നിന്നാണ്.
മറ്റൊരു പ്രത്യയശാസ്ത്രവും കണ്ണൂരില്‍ വേരൂന്നരുത് എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമാണ്. മറ്റേതെങ്കിലും പ്രത്യയശാസ്ത്രത്തിലേക്ക് ആരെങ്കിലും ചായുന്നതായി തോന്നിയാല്‍, അവരെ അവര്‍ ലക്ഷ്യംവെക്കും. ആദ്യം സാമൂഹികവും രാഷ്ട്രീയവുമായ ബഹിഷ്‌കരണത്തിലൂടെയും, പിന്നീട് ഉപജീവനമാര്‍ഗ്ഗം അട്ടിമറിക്കുന്നതിലൂടെയും, ഒടുവില്‍, ക്രൂരവുമായ അക്രമത്തിലൂടെയും. ഈ പരിപാടി കണ്ണൂരില്‍ വ്യാപകമായിരുന്നു. എന്നിട്ടും സംഘം കണ്ണൂരില്‍ വേരുറച്ചു. കമ്മ്യൂണിസത്തിന്റെ കൊള്ളരുതായ്മകളിലും പൊള്ളയായ വാഗ്ദാനങ്ങളിലും നിരാശരായ എന്നെപ്പോലുള്ള യുവാക്കള്‍ സംഘത്തിലേക്ക് തിരിയാന്‍ തുടങ്ങി. എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് സ്ഥാപിക്കാന്‍ ശ്രമിച്ച ആദ്യ തലമുറയിലെ സ്വയംസേവകരുടെ അക്ഷീണ പരിശ്രമം ഞങ്ങള്‍ നേരിട്ട് കണ്ടിരുന്നു.
കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ എസ്എഫ്ഐയില്‍ സജീവമായിരുന്നു. പക്ഷേ അപ്പോഴേക്കും എനിക്ക് വ്യക്തമായിക്കഴിഞ്ഞിരുന്നു, ഭാരതത്തിന്റെ അടിയന്തിര പ്രശ്നങ്ങള്‍ക്ക് കമ്മ്യൂണിസത്തിന് ഉത്തരമില്ലെന്ന്. ഈ സമയത്ത്, എന്റെ ഗ്രാമത്തിലെ ചില ആര്‍എസ്എസ് പ്രവര്‍ത്തകരെ ഞാന്‍ കണ്ടുമുട്ടി. രാഷ്ട്രത്തോടുള്ള അവരുടെ സമര്‍പ്പണവും, നമ്മുടെ സ്വന്തം മണ്ണില്‍ വേരൂന്നിയ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളും എന്നെ ആഴത്തില്‍ സ്വാധീനിച്ചു. ക്രമേണ, ഞാന്‍ ശാഖ സന്ദര്‍ശിക്കാന്‍ തുടങ്ങി.
എന്റെ അച്ഛന്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷേ കമ്മ്യൂണിസ്റ്റുകാരോട് അദ്ദേഹത്തിന് മടുപ്പ് തോന്നിയിരുന്നു. എന്നിട്ടും എന്റെ സുരക്ഷയെക്കുറിച്ച് അദ്ദേഹം ഭയപ്പെട്ടു. എന്റെ മുന്‍ എസ്എഫ്ഐ സുഹൃത്തുക്കള്‍ രോഷാകുലരായിരുന്നു. അവര്‍ എന്നെ 'തിരിച്ചുകൊണ്ടുവരാന്‍' കഠിനമായി ശ്രമിച്ചു. പക്ഷേ, അവരില്‍ ഞാന്‍ കണ്ടത് അഹങ്കാരം, അക്രമത്തോടുള്ള ആകര്‍ഷണം, എതിര്‍ ചിന്തയോടുള്ള ക്രൂരമായ അസഹിഷ്ണുത എന്നിവയാണ്.
ഞങ്ങളുടെ ഗ്രാമത്തില്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വന്തം കൈകൊണ്ട് ഒരു ചെറിയ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരുന്നു. ആ എളിയ അഭയകേന്ദ്രം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പരാജയത്തിന്റെയും സംഘത്തിന്റെ ശക്തിയുടെയും പ്രതീകമായി മാറി. 1993 സെപ്റ്റംബറില്‍, കണ്ണൂരില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരു ബന്ദിന് ആഹ്വാനം ചെയ്തു. ആ ദിവസം, അവരുടെ ചില ഗുണ്ടകള്‍ ബസ് സ്റ്റോപ്പ് പൊളിക്കാന്‍ എത്തി. ഞങ്ങള്‍ വിവരം അറിഞ്ഞ് സ്ഥലത്തേക്ക് ഓടി. ഒരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. എന്നെ അവര്‍ കഠിനമായി മര്‍ദ്ദിച്ചു.
പക്ഷേ അവരുടെ ഗുണ്ടായിസത്തെ ചെറുക്കാന്‍ ഞങ്ങള്‍ ധൈര്യപ്പെട്ടുവെന്ന വസ്തുത അവരെ ഞെട്ടിച്ചു. അതുവരെ അവര്‍ ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വത്തിന് ശീലിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റിന്റെ മകനും ഇപ്പോള്‍ അഭിമാനിയായ സ്വയംസേവകനുമായ ഞാന്‍ അവരുടെ കണ്ണിലെ മുള്ളായിരുന്നു. ഇതോടെ എന്നെ ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം പഠിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു''.- സദാനന്ദന്‍ മാസ്റ്റര്‍ പറയുന്നു.
കാല്‍വെട്ടിയെടുത്ത് ചാണകം തേച്ചു
താന്‍ ആക്രമിക്കപ്പെട്ട ദിവസം സദാനന്ദന്‍ മാസ്്റ്റര്‍ ഇങ്ങനെയാണ് ഓര്‍ത്തെടുക്കുന്നത്. -''ആ ദിവസം ഞാന്‍ വ്യക്തതയോടെ ഓര്‍ക്കുന്നു. 1994 ജനുവരി 25. എനിക്ക് മുപ്പത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ സഹോദരിയുടെ വിവാഹം ദിവസങ്ങള്‍ക്കുള്ളില്‍ ആയിരുന്നു. എന്റെ വിവാഹനിശ്ചയവും അടുത്തിടെയായിരുന്നു. ബി.എഡിന് എന്റെ സഹപാഠിയായ വനിതാ റാണി എന്ന യുവതിയുമായി ഞാന്‍ പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയാക്കി, ഞങ്ങള്‍ രുമിച്ച് ഭാവി സ്വപ്നം കാണുകയായിരുന്നു. പക്ഷേ വിധി എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണയുമില്ലായിരുന്നു.
ആ വൈകുന്നേരം, രാത്രി ഏകദേശം 8 മണിയോടെ, ഞാന്‍ ബസ്സില്‍ എന്റെ ഗ്രാമത്തിലേക്ക് മടങ്ങി. വീടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍, അവര്‍ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. അവരില്‍ ചിലര്‍ എന്റെ സ്വന്തം അയല്‍ക്കാരായിരുന്നു. എനിക്ക് അവരെ നന്നായി അറിയാമായിരുന്നു. വ്യക്തിപരമായ ശത്രുത ഉണ്ടായിരുന്നില്ല. അന്ധമായ, പ്രത്യയശാസ്ത്രപരമായ വിദ്വേഷം മാത്രം. അവര്‍ എന്നെ വളഞ്ഞു. കാണുന്നവരെ ഭയപ്പെടുത്താന്‍ ചിലര്‍ നാടന്‍ ബോംബുകള്‍ എറിഞ്ഞു. തെരുവ് ശൂന്യമായി. പിന്നെ അവര്‍ എന്നെ ആക്രമിച്ചു. തുരുമ്പിച്ച ഒരു വലിയ ഈര്‍ച്ചവാള്‍ ഉപയോഗിച്ച് അവര്‍ എന്റെ രണ്ട് കാലുകളും വെട്ടി. ഇന്നും എനിക്ക് ആ അസഹനീയമായ വേദന മറക്കാന്‍ കഴിയില്ല.
പക്ഷേ അവര്‍ അവിടെ നിന്നില്ല. എന്റെ അറ്റുപോയ കൈകാലുകള്‍ അവര്‍ ചെളിയില്‍ എറിഞ്ഞു. രക്തം വാര്‍ന്നു പോകുന്ന കാല്‍മുട്ടുകളില്‍ ചാണകം പുരട്ടി സെപ്റ്റിക്ക് ആകുമെന്ന് ഉറപ്പാക്കാന്‍! അങ്ങനെ ഡോക്ടര്‍മാര്‍ക്ക് എന്റെ കാലുകള്‍ വീണ്ടും ഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. അവരുടെ ജോലി കഴിഞ്ഞു, അവര്‍ എന്നെ അവിടെ ഉപേക്ഷിച്ചു. സ്വന്തം രക്തത്തില്‍ കുളിച്ചു കിടന്നു. ഞാന്‍ ഉപേക്ഷിക്കപ്പെട്ട ഒരു മൃഗത്തെപ്പോലെ കിടന്നു. ഒറ്റയ്ക്ക്. രക്തം വാര്‍ന്നു. ദുര്‍ബലമായി. എനിക്ക് നിലവിളിക്കാന്‍ പോലും കഴിഞ്ഞില്ല.
അര മണിക്കൂര്‍ കഴിഞ്ഞാണ് സഹായമെത്തിയത്. പോലീസ് എത്തിയപ്പോഴേക്കും എനിക്ക് ബോധമൊന്നും ഉണ്ടായിരുന്നില്ല. അവരും ചില സ്വയംസേവകരും ചേര്‍ന്ന് എന്നെ നഗരത്തിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോ എന്റെ അറ്റുപോയ കാലുകള്‍ എടുത്തു ,വീണ്ടും ഘടിപ്പിക്കുമെന്ന പ്രതീക്ഷയോടെയല്ല, മറിച്ച് ഞാന്‍ നേരിട്ട ക്രൂരത ഡോക്ടര്‍മാര്‍ക്ക് കാണിച്ചുകൊടുക്കാനാണ്. പിറ്റേന്ന് ബോധം വീണ്ടെടുത്തപ്പോള്‍, എന്റെ കാല്‍മുട്ടുകള്‍ ബാന്‍ഡേജ് ചെയ്തിരിക്കുന്നതായി ഞാന്‍ കണ്ടു. അതിനു താഴെ ഒന്നുമില്ലായിരുന്നു. ''- സദാനന്ദന്‍ മാസ്റ്റര്‍ പറയുന്നു.
അതോടെ എല്ലാം തീര്‍ന്നു എന്നാണ് അദ്ദേഹം കരുതിയത്. പക്ഷേ വീണ്ടും ജീവതം തിളര്‍ത്തു. അതേക്കുറിച്ചും സദാനന്ദന്‍ മാസ്റ്റര്‍ ഇങ്ങനെ പറയുന്നു-''അതേ ദിവസം തന്നെ വനിത റാണി എന്നെ കാണാന്‍ വന്നു. അവളുടെ മുഖം ദുഃഖത്താല്‍ തകര്‍ന്നിരുന്നു. എന്റെ എല്ലാ ധൈര്യവും സംഭരിച്ച്, എന്നെപ്പോലെ ഒരു വികലാംഗനെ വിവാഹം കഴിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. അവളുടെ മാതാപിതാക്കളും അതുതന്നെ പറഞ്ഞിരുന്നു. പക്ഷേ അവള്‍ ഉറച്ചു തലയാട്ടി, ഇല്ല എന്ന് പറഞ്ഞു.
ആറുമാസത്തോളം ഞാന്‍ ആശുപത്രിയില്‍ ചെലവഴിച്ചു. ഏറ്റവും ഇരുണ്ട ദിവസങ്ങളായിരുന്നു അവ. ഞാന്‍ ഒരു തെറ്റും ചെയ്തിരുന്നില്ല. എന്തുകൊണ്ടാണ് എന്നെ ഇത്രയും വേദനിപ്പിച്ചതിന് ഒറ്റപ്പെടുത്തിയത്? വിഷാദം എന്നില്‍ അതിന്റെ മുനയുള്ള നഖങ്ങള്‍ താഴ്ത്തി. എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ആലോചിച്ചു. പക്ഷേ സംഘ് പ്രവര്‍ത്തകര്‍ ദിവസവും എന്നെ കാണാന്‍ വന്നു. അവര്‍ എന്നോട് സംസാരിച്ചു. എന്റെ മനസ്സിനെ സജീവമാക്കി. ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ശാഖാ ഗാനങ്ങള്‍ സ്വയം പാടി.
ഈ കഠിന പരീക്ഷണങ്ങളിലൂടെയെല്ലാം വനിത ഒരിക്കലും എന്റെ അരികില്‍ നിന്ന് പോയില്ല. ഒരിക്കല്‍ പോലും. അവരുടെ അചഞ്ചലമായ സ്‌നേഹം, എന്റെ കുടുംബത്തിന്റെ ശാന്തമായ ശക്തി, സംഘത്തിന്റെ നിരന്തരമായ പിന്തുണ എന്നിവയാണ് എന്നെ അഗാധഗര്‍ത്തത്തില്‍ നിന്ന് കരകയറ്റിയത്. ഒടുവില്‍ ഡോക്ടര്‍മാര്‍ എനിക്ക് ജയ്പൂര്‍ കാലുകള്‍ ഘടിപ്പിച്ചു.
പതുക്കെ ഞാന്‍ വീണ്ടും നടക്കാന്‍ പഠിച്ചു തുടങ്ങി. ഓരോ ചുവടും വേദനയുടെ കൊടുങ്കാറ്റായിരുന്നു. കൃത്രിമ കാല്‍ ഉരയുമ്പോള്‍ എന്റെ ചര്‍മ്മം അടര്‍ന്നു പോകും. എന്റെ പേശികള്‍ അലറും. പക്ഷേ ഞാന്‍ മുന്നോട്ട് നടന്നു. പിന്തുണയില്ലാതെ ഞാന്‍ സ്വന്തമായി നാല് ചുവടുകള്‍ വച്ച ദിവസം എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും, വനിതയ്ക്കും, എന്റെ കൂടെ നിന്ന ഓരോ സ്വയംസേവകനും ഒരു ആഘോഷമായിരുന്നു.
ഇരുപത് വര്‍ഷത്തിലേറെയായി. ഞാന്‍ എല്ലാ ദിവസവും പതിനെട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നു. മണിക്കൂറുകളോളം എഴുന്നേറ്റു നിന്ന് പഠിപ്പിക്കുന്നു. എനിക്ക് കഴിയുന്ന എല്ലാ വഴികളിലൂടെയും ഞാന്‍ സഞ്ചരിക്കുന്നു. എനിക്ക് യഥാര്‍ത്ഥ കാലുകളില്ലെന്ന് ഞാന്‍ മറന്നുപോയി. വനിതയും ഞാനും വിവാഹിതരായി. ഞങ്ങള്‍ ഒരു എളിമയുള്ള വീട് പണിതു. ഞങ്ങള്‍ക്ക് ഒരു മകളുണ്ട് - അവള്‍ ബി.ടെക് പഠിക്കുന്നു. . എന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ എനിക്കുണ്ട്.
ദേശീയവാദ ചിന്തയുടെ ആഴം ഇപ്പോള്‍ കേരളത്തിന് മനസ്സിലാവുന്നുണ്ട്. എന്നെ ആക്രമിച്ച ചില പുരുഷന്മാര്‍ പോലും സംഘത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അവരില്‍ ചിലര്‍ പിന്നീട് വന്ന് എന്നോട് ക്ഷമ ചോദിച്ചു. എനിക്ക് അവരോട് വെറുപ്പില്ല. തെറ്റ് അവരുടേതല്ല. അവരുടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് അവരെ വെറുപ്പ് കൊണ്ട് അന്ധരാക്കിയത്. ഇന്ന് ഞാന്‍ യുവ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. വെറുപ്പിന്റെ വിഷം പകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഘം പഠിപ്പിക്കുന്നത് ഏതെങ്കിലും വ്യക്തിയോടോ ഗ്രൂപ്പിനോടോ ഉള്ള വെറുപ്പല്ല, രാഷ്ട്രത്തോടുള്ള സ്‌നേഹമാണ്. ''- സദാനന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കുന്നു.
1999 മുതല്‍ തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലം ശ്രീ ദുര്‍ഗാവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു സദാനന്ദന്‍ മാസ്റ്റര്‍. ഇതേ സ്‌കുളില്‍നിന്നാണ് വിരമിച്ചതും. അദ്ദേഹത്തിന്റെ പത്‌നി വനിതാ റാണിയും അധ്യാപികയാണ്.
37 തുണ്ടമാക്കപ്പെട്ട കെ വി സുധീഷ്
ഇതുവരെ കേട്ടത് സംഘപരിവാര്‍ പറയുന്ന ഭാഷ്യമാണ്. എന്നാല്‍ ഇതിന് ഒരു മറുവശമുണ്ട്. സി സദാനന്ദന്‍ സമാധാനത്തിന്റെ ശുഭ്ര വസ്ത്രമണിഞ്ഞ മാലാഖയാണോ എന്നാണ് സിപിഎം ചോദിക്കുന്നത്. തൊട്ട് മുമ്പ് തന്റെ ബന്ധു കൂടിയായ സിപിഎമ്മുകാരനായ ഒരാളെ ക്രൂരമായി ആക്രമിച്ചതിലുള്ള പ്രതികാരമായിരുന്നു സിപിഎം നടത്തിയ കാല്‍വെട്ടല്‍ എന്നും പറയുന്നു. ഇനി സദാനന്ദന്റെ കാല്‍വെട്ടിയതിന് ആര്‍എസ്എസ് പ്രതികാരം നിറവേറ്റിയതാവട്ടെ കെ വി സുധീഷ് എന്ന എസ്എഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് 37 വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയാണ്. സദാനന്ദന്‍ മാസ്റ്റുടെ കാല്‍വെട്ട് കഴിഞ്ഞ് 24 മണിക്കുറിനുള്ളില്‍ തന്നെ അതിലും പൈശാചികമായി സംഘപരിവാര്‍ കണക്കുതീര്‍ത്തു.
1994 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ് സുധീഷ് കൊല്ലപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലുള്ള വീട്ടില്‍ രാത്രി ആര്‍എസ് എസുകാര്‍ അതിക്രമിച്ചുകയറി വെട്ടിക്കൊല്ലുകയായിരുന്നു. മഴു ഉപയോഗിച്ചായിരുന്നു ആക്രമണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു ശരീരത്തില്‍ ആഴത്തിലുള്ള 37 വെട്ടുകള്‍ ഉണ്ടായിരുന്നു.
വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയായിരുന്നു ആക്രമണം. മോട്ടോര്‍ മെക്കാനിക്കായ അച്ഛന്‍ നാണുവേട്ടന്റെയും അമ്മ നളിനിയുടെയും മുന്നിലിട്ടാണ് മകനെ തുണ്ടാമാക്കിയത്. 'നിങ്ങള്‍ എന്നെ കൊന്നുകൊള്ളു എന്റെ മോനെ ഒന്നും ചെയ്യരുതേ എന്ന്' സുധീഷേനെര്‍ അച്ഛന്‍ നാണുവേട്ടന്‍ നിലവിളിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ അക്രമികള്‍ അദ്ദേഹത്തെ ചവിട്ടി വീഴ്ത്തി. അമ്മയുടെയും സഹോദരിയുടെയും തടയുവാനുള്ള ശ്രമങ്ങള്‍ക്കിടയിലൂടെ തുടരെ തുടരെ ശരീരം വെട്ടി തുണ്ടമാക്കി. ഏകമകന്റെ ശരീരം തുണ്ടു തുണ്ടായി മാറുമ്പോള്‍ അവര്‍ക്കത് കണ്ടു നില്‍ക്കേണ്ടി വന്നു. മകന്റെ ചുടുചോര വീണതറയില്‍ ബോധരഹിതയായി അവര്‍ വീണു.
വെട്ടു കൊണ്ടശേഷം സുധീഷ് ഒരു നിമിഷം പോലും ജീവിച്ചിരക്കാന്‍ ഇടയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അത്രമാരകമായിരുന്നു മുറിവുകള്‍. ഫലത്തില്‍ ശരീരം 37 കഷ്ണമായിപ്പോയിരുന്നു. മഴു കൊണ്ടുള്ള വെട്ടേറ്റു കണങ്കാലുകള്‍ അറ്റ് വീണു. നെറുകയില്‍10 സെ.മീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു.മഴു കൊണ്ടുള്ള വെട്ടുതടുക്കാന്‍ ശ്രമിച്ച സുധീഷേിന്റെ ഇരു കൈകളും ഭീകരര്‍ വെട്ടിപ്പൊളിച്ചു. ഇടതു കണങ്കാലിന്മുകളില്‍ നിന്നും വലതു കാലും മഴു കൊണ്ട് വെട്ടി വീഴ്ത്തി. ഇടതു തോളില്‍ മഴു കൊണ്ട് വെട്ടി വലിച്ചു. മാംസം ചിതറി വീണു തോളില്‍ വലിയ കുഴിയായിരുന്നു. കൈകാലുകളുടെ എല്ലുകള്‍ മുഴുവന്‍ വെട്ടേറ്റു പിളര്‍ന്നു. അത്യന്തം പൈശാചികമായ അക്രമത്തില്‍ സുധീഷേട്ടന്‍ ഒരുമിനിട്ടിനകം തന്നെ മരണപ്പെട്ടിട്ടുണ്ടാവും എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും ഇന്ക്വസ്റ്റ് നടത്തിയ കൂത്തുപറമ്പ് എസ് ഐ സുബ്രമണ്യം പോലും ആദ്യ ഘട്ടത്തില്‍ പതറിപ്പോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍ ഒന്നും മിണ്ടാനാവാതെ ഏതാനും നിമിഷം നിശ്ചലനായി നിന്നുവൈന്ന് അന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. നാട്ടുകാരുടെയും ഏറെ പ്രിയപ്പെട്ടവനായിരുന്നു, ശാന്തനും സൗമനയുമായ സുധീഷ്. ആര്‍എസ്എസ് - ബിജെപി നേതാക്കള്‍ക്ക് വ്യക്തിപരമായ സുധീഷിനോട് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പക്ഷേ രാഷ്ട്രീയ കുടിപ്പക, ആ യുവാവിന് വിനയായി. കടലുപോലെ ഇരമ്പിയെത്തിയ ജനങ്ങളുടെ അന്ത്യാഭിവാദ്യത്തിനിടെയാണ് സുധീഷിന്റെ മൃതദേഹം സംസ്‌ക്കരിച്ചത്.
കെ.വി. സുധീഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. വിചാരണയില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ഇവര്‍ക്ക് ജീവപര്യന്ത്യം ശിക്ഷവിധിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആയിരുന്ന ബാബു, ഇ പി ജയരാജന്‍ വധശ്രമക്കേസ് പ്രതികൂടിയായ പേട്ട ദിനേശന്‍ എന്നിവര്‍ ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. കേസിലെ മറ്റൊരു പ്രതി വിചാരണയ്ക്കിടയില്‍ അന്തരിച്ചു.
ഗോത്രപ്പകപോലുള്ള ചോരക്കളികള്‍
സുധീഷിന്റെ പിന്നീട് ദിവസങ്ങളോളം കണ്ണൂര്‍ സംഘര്‍ഷഭരിതമായി തുടര്‍ന്നു. ഗോത്രപ്പകള്‍പോലുള്ള ചോരക്കളികളാണ് അക്കാലത്തുണ്ടായത്. എവിടെയെങ്കിലും ഒരു ആര്‍എസ്എസുകാരെ കൊന്നാല്‍ അതിന് മറുപടിയായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആ സംഭവുമായി ഒരു ബന്ധവുമില്ലാത്ത സിപിഎമ്മുകാരനെ കൊന്ന് തള്ളുന്ന കാലം. ഇത് തിരിച്ചും അവര്‍ത്തിക്കും. ഫുട്ബോള്‍ മാച്ചില്‍ ഗോളുകള്‍ വീഴുന്നതുപോലെ ഇരുഭാഗത്തും ജീവന്‍ പൊലിഞ്ഞ കാലം.
കണ്ണൂര്‍ സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍പേരുടെ ജീവന്‍ നഷ്ടമായത് സിപിഎമ്മിന് തന്നെയാണ്. അതിനുകാരണം സംഘര്‍ഷങ്ങളുടെ ഒരു തല അവര്‍ ആണെന്നതാണ്. മുന്‍കാലത്ത് ഇതൊക്കെ ചെയ്തിരുന്ന കോണ്‍ഗ്രസിന് 90കളില്‍
കായികമായി ഈ രണ്ട് കൂട്ടരെക്കാളും കുറച്ച് ക്ഷീണം സംഭവിച്ചിരിന്നു. മുസ്ലിം ലീഗ് അവരുടെ കോട്ടകളില്‍ ഉറച്ചു നിന്നു. സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്ന കോണ്‍ഗ്രസുകാര്‍ക്ക്, 1987 ലെ ചീമേനി സംഭവത്തോടെ കനത്ത തിരിച്ചടി നേരിട്ടതിനാല്‍ അവര്‍ പിന്നെ നേരിട്ട് രംഗത്ത് എത്തിയില്ല. കെ സുധാകരന്‍ മാത്രം അടിയും തിരിച്ചടിയും കേസുമായി വേറിട്ടുനിന്നു.
പഴയ പ്രതാപംപോയിട്ടും സിഎമ്മിനെതിരായ ഏതുനീക്കത്തെയും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. ഇതായിരുന്നു കണ്ണൂരിലെ അക്കാലത്തെ രാഷ്ട്രീയ സമവാക്യം. 1991- ല്‍ കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും രഹസ്യമായി കോലീബി സംഖ്യംപോലുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആര്‍എസ്എസ് - സിപിഎം സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനും ഭരണത്തിനുമുള്ള പങ്ക് സിപിഎം ആരോപിച്ചുകൊണ്ടേയിരുന്നു. സിപിഎമ്മും ആര്‍എസ്എസും എതിരാളികളുടെ സ്വാധീന പ്രദേശങ്ങളില്‍ കടന്നുകയറാനും തങ്ങളുടെ സ്വാധീന പ്രദേശങ്ങളില്‍ മറ്റുള്ളവരെ അടിച്ചമര്‍ത്താനുമുള്ള പ്രവണതയില്‍ ഒരുപോലെ ഫാസിസ്റ്റ് നിലപാട് സ്വീകരിച്ചിരുന്നവെന്നാണ് കെ എ ആന്റണിയെപ്പോലുള്ള നിഷ്പക്ഷരായ മാധ്യമ പ്രവര്‍ത്തകര്‍ എഴുതിയത്.
കണ്ണൂര്‍ ജില്ലയില്‍ 1994-ല്‍ ആര്‍എസ്എസും ബി ജെ പിയും ജനരക്ഷായാത്ര എന്ന പേരില്‍ സിപി എം അക്രമത്തിനെതിരെ പദയാത്ര നടത്തി. സി പി എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളിലും യാത്ര കടന്നു ചെന്നു. തിരിച്ച് സിപിഎമ്മും ആര്‍ എസ് എസ്സ്, ബി ജെപിക്ക് എതിരായുള്ള പ്രചാരണ പരിപാടി നടത്തിവരുകയായിരുന്നു. കണ്ണൂരിലെ പലഭാഗത്തും ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നടക്കുന്നുമുണ്ടായിരുന്നു. പദയാത്രയുമായി ബന്ധപ്പെട്ട് തങ്ങളുടെ കോട്ടയില്‍ കയറിയതിനോടുള്ള എതിര്‍പ്പാണ് സദാനന്ദന്‍ മാസ്റ്റര്‍ക്ക് വിനയായത് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതിന് 24 മണിക്കൂറിനകം അതി ക്രൂരമായ അവര്‍ തിരിച്ചടിക്കുകയും ചെയ്തു.
കെ വി സുധീഷിന്റെ മരണത്തിനുശേഷവും അതിക്രുരമായ കൊലകള്‍ ആവര്‍ത്തിച്ചു. വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവ് കെ ടി ജയകൃഷ്ണന്‍ മാസ്റ്ററും, നിരവധി വെട്ടുകളേറ്റ് കൈ നഷ്ടപ്പെട്ട പി ജയരാജനും, ട്രെയിനില്‍ വെടിയേറ്റ ഇ പി ജയരാനുമെല്ലാം കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായി. എത്രയോ ചെറുപ്പക്കാരാര്‍ക്കാണ് ഈ കൊലവെറിയില്‍ എണ്ണം തികയ്ക്കാന്‍ വേണ്ടി മാത്രം ജീവന്‍ പോയത്.ഇതിലൊന്നും ഒരു ബന്ധവുമില്ലാത്ത രാഷ്ട്രീയമെന്താണെന്ന് പോലും അറിയാത്ത പ്രായത്തില്‍ ബോംബേറില്‍ കാലു നഷ്ടമായ ആറ് വയസ്സുകാരി അസ്‌ന,( ഇന്ന് ഡോക്ടര്‍ അസ്‌ന) തമിഴ് നാട്ടില്‍ നിന്നുവന്ന നാടോടി ബാലനായിരുന്ന അമാവാസി ( ഇന്ന് പൂര്‍ണ്ണ ചന്ദ്രന്‍, തിരുവനന്തപുരം സംഗീത കോളജില്‍ ജോലി ചെയ്യുന്നു) എന്നിവരും അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്.
കില്ലര്‍ സ്വക്വാഡുകളുടെ കാലം
അന്ന് സിപിഎമ്മിനും ആര്‍എസ്എസിനും ഒരുപോലെ കൊല്ലാനായി പ്രത്യേക പരിശീലനം കിട്ടിയ കില്ലര്‍ സ്‌ക്വാഡുകള്‍ ഉണ്ടായിരുന്നു. അഥവാ രക്ഷപ്പെട്ടാല്‍, സെപ്്റ്റിക്കായി മരിക്കാനായി മുറവില്‍ മണ്ണു വാരിയിടുക, ചാണകം തേക്കുക തുടങ്ങിയ ഹീന കൃത്യങ്ങളും നടന്നു. തുരമ്പിച്ച വാളുകൊണ്ടുള്ള വെട്ടേറ്റ് പോയിസനായി പലര്‍ക്കും കാലുപോയി. അതുപോലെ തന്നെയായിരുന്നു ബോംബ് നിര്‍മ്മാണവും. സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും എന്തിന് മുസ്ലീം ലീഗിന്റെയും ശക്തികേന്ദ്രങ്ങളില്‍ 'ബോംബ് കൃഷി' ഒരു കുടില്‍ വ്യവസായം പോലെയായി. നിരവധി ചെറുപ്പക്കാര്‍ക്കാണ്, നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി കൈപ്പടം നഷ്ടമായത്. മൊത്തം കത്തിപ്പോവാതിരിക്കനായി, ഉപേക്ഷിക്കപ്പെട്ട വീടിന്റെ ചുമര് തുളച്ചോ, മരത്തിന് തുളയിട്ടോ രണ്ടു കൈപ്പടം മാത്രം അകത്തേക്കിട്ടാണ് നാടന്‍ ബോംബ് അസംബിള്‍ ചെയ്തിരുന്നത്. അഥവാ പിഴച്ചാല്‍ ശരീരം മൊത്തം കത്തില്ല. കൈപ്പടം മാത്രം പോവും!
ബോംബ് നിര്‍മ്മാണത്തിനായി സിപിഎമ്മില്‍ വിഗ്ധന്‍മ്മാര്‍ ഉണ്ടായിരുന്നു. അവര്‍ വന്ന് ക്ലാസ് എടുത്താണ്, നൂല്‍ബോംബ്, പെട്രോള്‍ ബോംബ്, ലഞ്ച് ബോക്സ് ബോംബ് തുടങ്ങിയ വിവിധ സാധനങ്ങള്‍ ഉണ്ടാക്കിയത്. കുപ്പിച്ചില്ലിന്റെയും ഗന്ധകത്തിന്റെയും കൂട്ട് അല്‍പ്പം തെറ്റിയാല്‍ പണി പാളും. ഇങ്ങനെ ഉണ്ടാക്കിവെച്ച ആയിരിക്കണക്കിന് ബോംബുകള്‍ പൊലീസ് പിടികൂടിയിട്ടുമുണ്ട്. എവിടെയും നാടന്‍ ബോംബ് എറിഞ്ഞ് ഭീതി പരത്തിയാണ് കൊലകള്‍ നടത്തുക. ഇനി ഡമ്മി പ്രതികളെ ഹാജരാക്കാനും, കേസ് നടത്താനുമൊക്കെ പാര്‍ട്ടികളുടെ സഹായവും കിട്ടും. ഗുണ്ടകളുടെ ഏകോപനം നടത്തുന്നത് ചില പ്രത്യേക നേതാക്കന്‍മ്മാരാണ്. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട പാനൂരിലെ സിപിഎം നേതാവ് കുഞ്ഞനന്തന്‍ അത്തരത്തില്‍ ഒരാളാണ്. കുഞ്ഞനന്തനെ തനിക്ക് പേടിയാണ്് എന്നാണ് കൊടി സുനിപോലും മൊഴി നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ പാനൂര്‍ അങ്ങാടിയില്‍വെച്ച്, കുഞ്ഞനന്തന്‍ കൊടി സുനിയെ തല്ലിയ കഥയുമുണ്ട്. കൊടി സുനി തിരിച്ച് തല്ലിയാല്‍ കുഞ്ഞനന്തന്‍ ചത്തുപോവും. പക്ഷേ പാര്‍ട്ടിയെപ്പേടിച്ച് സുനിയുടെ കൈ പൊങ്ങില്ല!
രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ സിപിഎമ്മിന് പ്രത്യേക കില്ലര്‍ സ്‌ക്വാഡുകള്‍ ഉണ്ടെന്ന് നേരത്തെയും ചര്‍ച്ചയായതാണ്. കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മനു തോമസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ 2024-ല്‍ ഇങ്ങനെ ഒരു ചര്‍ച്ചയുണ്ടായിരുന്നു. പാര്‍ട്ടി ടത്തിയ കൊലകള്‍ പ്രത്യേകിച്ച്, ഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലയും എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയും വിപ്ലവമായിരുന്നില്ല, മറിച്ച് വൈകൃതമായിരുന്നു എന്നാണ്, ദീര്‍ഘകാലം ഡിവൈഎഫ്ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായിരുന്ന മനു തുറന്നടിച്ചത്.
കയ്യൂര്‍ സമരനായകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.മാധവന്‍ 1996-ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന് എഴുതിയ കത്തില്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം തന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലം ചെയ്യാന്‍ നടത്തിയ കാര്യങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. കേരള ഗാന്ധി എന്നറിയപ്പെട്ട കേളപ്പനെ കൊല്ലാന്‍ പാര്‍ട്ടി കൊലപാതക സംഘത്തെ ചുമതലപ്പെടുത്തിയതായി കത്തില്‍ വിവരിച്ചിരുന്നു. ഇതും നേരത്തെ വിവാദമായതാണ്.
പക്ഷേ, എം വി രാഘവനാണ് സിപിഎമ്മില്‍ ശാസ്ത്രീയമായ കില്ലര്‍ സ്‌ക്വാഡ് ഉണ്ടാക്കിയത്. സിപിഎമ്മില്‍ നിന്ന് പുറത്തായ എം.വി.രാഘവനെ കൊല്ലാന്‍ പലവട്ടം അതേ കില്ലര്‍ സ്‌ക്വാഡുകളെ നിയോഗിച്ച കാര്യം അദ്ദേഹത്തിന്റെ 'ഒരു ജന്മം' എന്ന ആത്മകഥയില്‍ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊന്നത് പാര്‍ട്ടി നിയോഗിച്ച വാടക കൊലയാളികളെ ഉപയോഗിച്ചായിരുന്നു. ചന്ദ്രശേഖരനുമായി വ്യക്തി വൈരാഗ്യമോ വിരോധമോ ഇല്ലാത്ത കൊലയാളി സംഘമാണ് അദ്ദേഹത്തെ കൊന്നതെന്ന് വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇതിനെല്ലാം ശേഷം സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി രാഷ്ട്രീയ എതിരാളികളെ കൊലയാളികളെ ഉപയോഗിച്ചും അല്ലാതെയും കൊന്നൊടുക്കിയെന്ന് പ്രസംഗിച്ചത് രാജ്യാന്തര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് മണി വിവാദമായ വണ്‍, ടു, ത്രീ പ്രസംഗം നടത്തിയത്. 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് വച്ചായിരുന്നു ചരിത്രമായ ഈ പ്രസംഗം. ഇതിലുടെയും പുറത്തുവന്നത് പഴയ ഗോത്രപ്പക തന്നെയായിരുന്നു. ഇപ്പോള്‍ കാലം ഒരുപാട് മാറി. കണ്ണൂര്‍ അക്രമരാഷ്ട്രീയത്തില്‍നിന്ന് വിമുക്തമായി. പക്ഷേ എന്നിട്ടും കെ ശൈലജ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത്, സദാനന്ദന്‍ മാസ്റ്ററുടെ കാലുവെട്ടിയ പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കുമ്പോള്‍ അത് സമൂഹത്തിലേക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്?
വാല്‍ക്ക്ഷണം: ഇന്ന് പഴയതുപോലെ കില്ലര്‍ സ്‌ക്വാഡുകളെ വിട്ട് വെട്ടിക്കൊല്ലാന്‍ കഴിയില്ല. അതിന് പകരം, സൈബര്‍ വെട്ടുക്കിളിക്കൂട്ടങ്ങളെ വിട്ട് സോഷ്യല്‍ മീഡിയയില്‍ ചിത്രവധം നടത്തിക്കയാണ് പതിവ്.